വിധി പറയുന്നവരെ വിധിക്കാന്‍.... സി രാധാകൃഷ്ണന്‍ എഴുതുന്നു

വിധി പറയുന്നവരെ വിധിക്കാന്‍ ആരുണ്ട് എന്നതൊരു ചിരപുരാതനമായ ചോദ്യമാണ്
വിധി പറയുന്നവരെ വിധിക്കാന്‍.... സി രാധാകൃഷ്ണന്‍ എഴുതുന്നു

ഉടനെ എന്നെ ആരോ പുറകില്‍നിന്നു പിടിച്ചു ബലമായി വലിച്ചു, കോടതിയില്‍ ചിരിക്കാന്‍ പാടില്ലെന്നറിയില്ലേ? സത്യസന്ധമായാണ് ഞാന്‍ പറഞ്ഞത്: ഇല്ല, അറിയില്ല- സി. രാധാകൃഷ്ണന്‍ എഴുതുന്നു

സുപ്രീംകോടതിയിലെ ന്യായാധിപന്മാര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തീര്‍ക്കാന്‍ എന്തു ചെയ്യണമെന്നു വിധിപറയാന്‍ ആളില്ലാത്ത കുഴപ്പം വാര്‍ത്തയായിരിക്കുന്നല്ലോ. മുകളില്‍ ആരുമില്ലാത്തതു തന്നെയാണ് പ്രയാസം. അഥവാ ഉണ്ടായാലും അതിനും മീതെയും ആരെങ്കിലും വേണ്ടിവന്നുകൂടായ്കയും ഇല്ലല്ലോ! പിന്നെ, അതിനും മീതെയും..!
വിധി പറയുന്നവരെ വിധിക്കാന്‍ ആരുണ്ട് എന്നതൊരു ചിരപുരാതനമായ ചോദ്യമാണ്. ഇന്നും നമുക്കതിന് ശരിയായ ഉത്തരമില്ല. ദൈവം എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നു. പക്ഷേ, ദൈവം ഉണ്ടെന്ന കാര്യം സര്‍വ്വസമ്മതമല്ലാതിരിക്കെ ഇക്കാലത്ത് ആ പഴമൊഴിക്കു വിലയില്ലാതായി. പല വിധികളും വിധിന്യായങ്ങളും ഈ വിലയിടിവ് വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.
കോടതികളെ സംബന്ധിച്ച് നേരിട്ടനുഭവമുള്ള രണ്ടു കാര്യങ്ങളും പറഞ്ഞുകേട്ട രണ്ടു കാര്യങ്ങളും ഓര്‍ത്തുപോകുന്നു. ആദ്യത്തേതുതന്നെ ആദ്യമാകട്ടെ. കഴിഞ്ഞ നൂറ്റാണ്ടിലെ നാല്പതുകളുടെ അവസാനകാലം. തിരൂരില്‍ ഒരു മുന്‍സിഫ് കം മജിസ്‌ട്രേറ്റ് കോടതിയാണ് അന്നുണ്ടായിരുന്നത്. ഒരു പരദേശി ബ്രാഹ്മണനായിരുന്നു അദ്ധ്യക്ഷന്‍. മിടുക്കനായ നിയമജ്ഞനായിരുന്നു അദ്ദേഹം. എല്ലാ വകുപ്പുകളും കടുകട്ടി. ഒരു വക്കീലിനും മൂപ്പരെ പറ്റിക്കാനാവില്ല. പക്ഷേ, ഒരു ദോഷമുണ്ടായിരുന്നു; കൈക്കൂലി വാങ്ങും! അതിനൊരു സൂത്രം അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു. വിചാരണയും വാദിയുടേയും പ്രതിയുടേയും വക്കീല്‍മാരുടെ വാദങ്ങളും കഴിഞ്ഞ് കേസ് വിധി പറയാന്‍ മാറ്റിയാല്‍ അദ്ദേഹം നിയമേന സാധുവായ വിധി രൂപപ്പെടുത്തും. എന്നിട്ട്, അതിന്‍പടി ആരാണോ ജയിക്കാന്‍ പോകുന്നത് ആ കക്ഷിയുടെ അരികിലേക്ക് ദൂതനെ അയക്കും. കേസ് ജയിക്കണോ, ഇത്ര കിട്ടണം എന്നാവും ദൂത്. അതു ഫലിക്കും. വിധി അനുകൂലവുമാകും. മാത്രമല്ല, മറുപക്ഷം ഏതു മേല്‍ക്കോടതിവരെ അപ്പീല്‍ പോയാലും വിധി തിരുത്തപ്പെടുകയില്ല! കാരണം, അത് അത്രയും ന്യായയുക്തമായതുതന്നെ. വിധിന്യായത്തിന്റെ ബലത്താലാണ് മേല്‍ക്കോടതിയിലും ജയം ഉറപ്പാകുന്നതെന്നു യശസ്സും!
ഇങ്ങനെ കുറേ കാലം പോകെ ഒരു ദിവസം അദ്ദേഹം റിക്ഷാവണ്ടി പിന്നോക്കം മറിഞ്ഞ് തലകുത്തി വീണ് കാലൊടിഞ്ഞു കിടപ്പിലായി. കോടതിയിലേക്കു പോകുന്ന നിരത്തിലെ ഒരു കയറ്റത്തില്‍ വെച്ചായിരുന്നു അപകടം. റിക്ഷാക്കാരന്‍ മനഃപൂര്‍വ്വം വണ്ടിത്തണ്ട് തന്റെ തലക്കു മുകളിലൂടെ പൊക്കി കൈവിട്ടതാണ് എന്ന് ആക്ഷേപമുണ്ടായി. അതു ശരിയുമായിരുന്നു. കാരണം, അവസാനം വിധി അനുകൂലമാക്കാന്‍ കൈക്കൂലിക്കു ദൂതു കിട്ടിയത് ആ പാവം റിക്ഷാക്കാരന്റെ ഭാര്യക്കായിരുന്നു! വീട്ടുകാരെ ധിക്കരിച്ച് അന്യജാതിക്കാരനായ അയാളുടെ കൂടെ പോന്ന ഭാര്യയുടെ ആങ്ങളമാര്‍ തടഞ്ഞുവെച്ച സ്വത്തുവിഹിതം കിട്ടാന്‍ സ്ഥാനികളും മാനികളുമായ അവര്‍ക്കെതിരെ നല്‍കിയ അന്യായമായിരുന്നു വിഷയം. ദൂതന്‍ ആവശ്യപ്പെട്ട പണം കൊടുക്കാനെന്നല്ല നിത്യച്ചെലവിനുപോലും ന്യായാധിപന്റെ റിക്ഷ വലിക്കുന്ന പണിക്കു കിട്ടുന്ന കൂലി തികയുമായിരുന്നില്ല.
ഈ സംഭവം ദൈവവിധിയാണെന്ന്  നാട്ടുകാരുടെ സര്‍വ്വസമ്മതമായ വിധിയുമുണ്ടായി.
നീതിന്യായനിര്‍വ്വഹണവുമായി ബന്ധപ്പെട്ട അടുത്ത അനുഭവം 1950-കളുടെ അവസാനത്തിലാണ്. പൊന്നാനിയില്‍ എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലം. ഒരു ദിവസം അച്ഛന്‍ ഒരു കവര്‍ തന്നു പറഞ്ഞു, അത് പൊന്നാനിക്കോടതിയില്‍ ഒരു വക്കീലിനു കൊണ്ടുചെന്നു കൊടുക്കാന്‍. ആളെ എനിക്കു പരിചയമില്ല. കവറിന്റെ പുറത്ത് വക്കീലിന്റെ പേരെഴുതിയിരുന്നു. രാവിലെ സ്‌കൂളില്‍ എത്തിയ ഉടനെ സാറിനെ ചെന്നു കണ്ട് ഒരു പീരിയേഡ് ഒഴിവു ചോദിച്ചു. അറ്റന്‍ഡന്‍സ് എടുത്തതില്‍പ്പിന്നെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു. സ്‌കൂളില്‍നിന്ന് രണ്ടു കിലോമീറ്റര്‍ പൊരിവെയിലില്‍ നടന്ന് ഞാന്‍ ചെല്ലുമ്പോള്‍ കോടതി കൂടിക്കഴിഞ്ഞിരുന്നു.
അലസം ആടുന്ന പങ്കയുടെ കീഴെ മജിസ്‌ട്രേറ്റ് ഉപവിഷ്ഠനാണ്. കൂട്ടില്‍ ഒരു സാക്ഷിയോ പ്രതിയോ നില്‍ക്കുന്നു. വക്കീല്‍മാര്‍ മുന്നില്‍ നിരന്നിരിപ്പുണ്ട്. അവര്‍ക്കും പിന്നില്‍ തിക്കിയും തിരക്കിയും കക്ഷികളും കാഴ്ചക്കാരും. കാണേണ്ട ആള്‍ ആരെന്ന് അറിയാന്‍ കൈയിലെ കവര്‍ ഞാന്‍ ഏതോ ഒരു വക്കീലിനെ കാണിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്ന ഒരാള്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഞാന്‍ അദ്ദേഹത്തിന്റെ പിന്നില്‍ ചെന്നു. അവിടെ എനിക്കു പുറമെ വേറൊരാളും നേരത്തെ എത്തിയിരുന്നു. അവശനും വിവശനുമായ ആ വയോധികന്‍ ആ വക്കീലിനോട് ആവര്‍ത്തിച്ച് അപേക്ഷിച്ചത് യജമാനനെ, ഈ കേസ് ഇന്നെങ്കിലും ഒന്ന് അവസാനിപ്പിച്ചുതരണേ എന്നാണ്. പക്ഷേ, കേസുകെട്ട് നിവര്‍ത്തി പരിശോധിക്കുകയായിരുന്ന ന്യായാധിപന്‍ മുഖമുയര്‍ത്തിയപ്പോള്‍ വക്കീല്‍ പറഞ്ഞത്, യുവര്‍ ഓണര്‍, മൈ ക്ലയന്റ് പ്ലീഡ്സ് ഫോര്‍ എ പോസ്റ്റ്പോണ്‍മെന്റ് എന്നും!
ഇംഗ്ലീഷിന്റെ അര്‍ത്ഥം കഷ്ടി തിരിച്ചറിയാറായ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. അതു കേട്ടാവണം, മറ്റു ചിലരും ചിരിച്ചു. ഉടനെ എന്നെ ആരോ പുറകില്‍നിന്നു പിടിച്ചു ബലമായി വലിച്ചു, കോടതിയില്‍ ചിരിക്കാന്‍ പാടില്ലെന്നറിയില്ലേ?
സത്യസന്ധമായാണ് ഞാന്‍ പറഞ്ഞത്: ഇല്ല, അറിയില്ല.
എന്നാല്‍ അറിയണം, കോടതിയലക്ഷ്യത്തിന്  ജയിലാണ് ശിക്ഷ, അയാള്‍ പറഞ്ഞു.
പഴയ തറവാടുകളെപ്പറ്റി അക്കാലങ്ങളില്‍ പറഞ്ഞുകേട്ട ഒരു കാര്യം, എന്തു ചെയ്യാന്‍, കേസ് നടത്തി മുച്ചൂടും മുടിഞ്ഞു എന്നാണ്. ഒരേ ഒരു കേസുമായി പതിറ്റാണ്ടുകളോളം കോടതിക്കു നടന്നവരുണ്ട്. അതു ശീലമായതുകൊണ്ട് വയസ്സു തൊണ്ണൂറായിട്ടും എന്നും രാവിലെ വേച്ചുനടന്ന് വെറുതെ കോടതിവരാന്തയില്‍ എത്തുന്നവരുമുണ്ടായിരുന്നു.
പറഞ്ഞുകേട്ടതാണ് ഓയ്ക്കന്‍തിരുമേനിയുടെ കേസ്. മഹാപണ്ഡിതനും വൈദ്യനും ഒക്കെ ആയിരുന്നു അദ്ദേഹം. ഞാന്‍ കാണുംകാലം വയോവൃദ്ധനും ആയിരുന്നു. മത്സ്യമായാലും മാംസമായാലും ആരെന്തു ഭക്ഷണം കൊടുത്താലും കഴിക്കും, ഏതു വീടിന്റെ ഉമ്മറത്തും കയറിക്കിടന്ന് അന്തിയുറങ്ങും. തന്റെ ഇല്ലത്തെ അവസാനത്തെ സന്തതി. വേറെ അവകാശികള്‍ ഇല്ലാത്ത ഇല്ലം ദേശാടനക്കാരനായ ഇദ്ദേഹം വില്‍ക്കാന്‍ നിശ്ചയിച്ചു. അയ്യായിരം ഉറുപ്പിക നല്‍കാമെന്നു പറഞ്ഞ ആള്‍ക്ക് വില്‍പ്പനക്കരാറെഴുതിക്കൊടുത്തപ്പോള്‍  കിട്ടിയ 1000 ഉറുപ്പിക അമ്പലത്തിലെ ഭണ്ഡാരത്തിലിടുകയും ചെയ്തു. അപ്പോഴാണ് വേറെ ആരോ പറഞ്ഞത്, കച്ചവടം നഷ്ടമാണെന്നും തിരുമേനിയെ പറ്റിച്ചതാണ് എന്നും താന്‍ 10000 തന്നേനെ എന്നും. ഓ, ശരി, എന്നാല്‍, തനിക്കു തരാം ഭൂമി എന്ന് അദ്ദേഹം ആധാരം റജിസ്റ്റര്‍ ചെയ്തു കൊടുത്തു, 10000 കിട്ടിയതും അമ്പലത്തിലെ ഭണ്ഡാരത്തില്‍ ഇട്ടു. പക്ഷേ, നേരത്തെ കരാറെഴുതി വാങ്ങിയ ആള്‍ വിശ്വാസവഞ്ചനയ്ക്കു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സമന്‍സ് വന്നപ്പോള്‍ നാട്ടുകാര്‍ പാവം വിചാരിച്ച് പണം പിരിച്ച് ഒരു വക്കീലിനെ വെച്ചുകൊടുത്തു. ആ വക്കീല്‍ തിരുമേനിയെ പതിവുപടി കേസ് പഠിപ്പിച്ചു.
വിചാരണ വന്നു. തിരുമേനി പ്രതിക്കൂട്ടില്‍ കയറി പ്രതിജ്ഞയെടുത്തു, സത്യമേ പറയൂ, ഈശ്വരന്‍ സാക്ഷി.
അപ്പോഴാണ് വാദിഭാഗം വക്കീല്‍ തിരുമേനി ഒപ്പിട്ട കരാര്‍ പൊക്കിക്കാണിച്ച് ചോദിച്ചത്, ഇതു തിരുമേനിയുടെ ഒപ്പുതന്നെ ആണല്ലോ, അല്ലേ?
തിരുമേനി ചിരിച്ചു, അതിപ്പോ രണ്ടഭിപ്രായം വേണ്ടിവന്നിരിക്ക്ണു! സത്യം പറഞ്ഞാല്‍ അത് എന്റെ ഒപ്പന്ന്യാ. പക്ഷേ, എന്റെ വക്കീലിന്റെ പക്ഷം അതെന്റെ ഒപ്പല്ലാന്നാണ്. എങ്ങന്യാ വേണ്ട് ച്ചാല്‍ അങ്ങന്യാവാം!
അന്ന് പൊന്നാനിയിലെ മുന്‍സിഫ് കം മജിസ്‌ട്രേറ്റ് ദയാലുവായ ഒരാളായിരുന്നു. അദ്ദേഹം രണ്ടു വക്കീല്‍മാരേയും ചേംബറിലേക്കു വിളിച്ചു ചോദിച്ചു, ഇത്രയും നിര്‍ദ്ദോഷിയായ ഒരു മനുഷ്യനെതിരെ ഒരു കേസോ! വാദി പ്രതിയാകേണ്ടെങ്കില്‍ പോയി അത് കോടതിക്കു പുറത്ത് തീര്‍പ്പാക്കി വരൂ.
ഇതിലെ ഓയ്ക്കന്‍തിരുമേനിയെ ഞാന്‍ കണ്ടിട്ടുണ്ട്, കഥ സത്യമാണെന്ന് തീര്‍ച്ചയുമാണ്.
കുറിയേടത്തു താത്രിയുടെ കഥ പക്ഷേ, കേട്ടുകേള്‍വിയേ ഉള്ളൂ. സ്മാര്‍ത്തവിചാരം അതിന്റെ പരിസമാപ്തിയിലേക്കു നീങ്ങുന്നു. പണ്ഡിതര്‍ ചോദ്യം ചോദിക്കുന്നു. സാധനം എന്ന പേരിലറിയപ്പെടുന്ന കുറ്റാരോപിത മണിമണിപോലെ നിസ്സങ്കോചം മറുപടി പറയുന്നു.
അദ്ധ്യക്ഷന്‍ സാക്ഷാല്‍ നാടുവാഴുന്ന പൊന്നുതമ്പുരാന്‍.
താന്‍ കിടക്ക പങ്കിട്ട 63 പേര്‍ ആരെല്ലാമെന്ന് താത്രിക്കുട്ടി വെളിപ്പെടുത്തി.
പിന്നെയും പ്രധാന കാര്‍മ്മികന്‍ തിരക്കി, ഇനിയും ആരെങ്കിലും ഉണ്ടോ?
കുറ്റാരോപിത പരമോന്നത ന്യായാധിപന്റെ മുഖത്തു നോക്കി ആരാഞ്ഞു: വേണോ, ഇനിയും ഞാന്‍ പറയണോ?
ഉടനെ പരമോന്നത ന്യായാസനത്തില്‍നിന്നും വിധി വന്നു: വേണ്ട, അത്ര മതി.
64-ാമത്തെ നാമം തന്റേതായിരിക്കുമെന്ന്  അദ്ദേഹത്തിനറിയാമായിരുന്നു!
മാനുഷികാവസ്ഥയുടെ അനിവാര്യ ചാപല്യങ്ങള്‍ക്ക് വിധേയമായല്ലാതെ ഒരു വിധിയും സാധ്യമല്ല എന്നു നിശ്ചയം. പക്ഷേ, രാജാവിനെ മറികടക്കുന്ന പൗരോഹിത്യംപോലും അനുവദിക്കാന്‍ അധികാരസ്ഥര്‍ കൂട്ടാക്കിയിട്ടില്ല! ദൈവവും തനിക്കു താഴെ മതി എന്നുതന്നെ!
യഥാര്‍ത്ഥത്തില്‍ സത്യസന്ധമായ വിചാരണ ഒരു കോടതിയിലേ നടക്കൂ - വാദിയും പ്രതിയും ന്യായാധിപനും ഒരാള്‍തന്നെയായ വക്കീലില്ലാക്കോടതിയില്‍. അതായത്, മനസ്സാക്ഷിയുടെ കോടതിയില്‍. തന്റെ കോടതി അത്തരമൊരു കോടതിയാണ് ആയിരിക്കേണ്ടത് എന്നു നിഷ്‌കര്‍ഷിച്ച ന്യായാധിപന്മാരും നമുക്കുണ്ടായിരുന്നു. അതു മാത്രമേ പോംവഴി ഉള്ളൂ. പൊന്നാനിക്കോടതിയില്‍ ഉണ്ടായ അനുഭവം അറിയിച്ചപ്പോള്‍ മുത്തച്ഛന്‍ എനിക്കു പറഞ്ഞുതന്ന വിശദീകരണം ഇതായിരുന്നു: നമുക്കിപ്പോള്‍ ന്യായക്കോടതിയേ ഉള്ളൂ, സത്യക്കോടതി ഇല്ല! അതുണ്ടാകുംവരെ അനീതി ശേഷിക്കും. വല്ല നിവൃത്തിയുമുണ്ടെങ്കില്‍ ഒരു കോടതിയിലും പോകരുത്.
എന്നിട്ടും പോകേണ്ടിവന്നു. ആ കഥ വേറെ, അതു പിന്നീടാവട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com