ഇത് ഇസ്ലാമിന്റെ നിയമമാവാന്‍ വഴിയില്ല

പര്‍ദ്ദ ധാരണ സ്വാതന്ത്ര്യത്തെ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കുന്നവര്‍ പര്‍ദ്ദ നിരാകരണ സ്വാതന്ത്ര്യത്തേയും അതേ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കേണ്ടതല്ലേ?
ഇത് ഇസ്ലാമിന്റെ നിയമമാവാന്‍ വഴിയില്ല

മുംബൈയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന എഴുത്തുകാരിയാണ് അസ്‌റ ക്യു. നൊമാനി. 'ഇസ്ലാമിന്റെ ഹൃദയത്തിലേക്ക് ഒരു തീര്‍ത്ഥാടനം' എന്ന നിലയില്‍ അവര്‍ രചിച്ച 'മെക്കയില്‍ തനിച്ച് നില്‍ക്കുമ്പോള്‍' (Standing Alone in Mecca) എന്ന പുസ്തകത്തില്‍ നൊമാനി ഒരനുഭവം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഉമ്മയുടെ മാതൃഗ്രാമമായ ജെയ്ഗാഹനില്‍ അവര്‍ സ്വതന്ത്രയായി നടക്കുന്നു. തലയില്‍ സ്‌കാര്‍ഫ് ധരിച്ചിട്ടുണ്ട്. പക്ഷേ, മുഖവസ്ത്രമില്ല. അതുകണ്ട നൊമാനിയുടെ കസിന്‍ (മച്ചുനച്ചി) അവരോട് ചോദിച്ചു: ''മുഖത്ത് കാറ്റ് തട്ടുമ്പോഴുള്ള അവസ്ഥയെന്താണ്?''
മുടി മാത്രമല്ല, മുഖവും കൂടി പൊതിയുന്ന വസ്ത്രം ധരിച്ചു നടക്കാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു യുവതിയുടെ ചോദ്യമായിരുന്നു അത്. മുഖത്ത് കാറ്റിന്റെ തലോടലേല്‍ക്കാന്‍ അനുവാദമില്ലാത്ത ഒരു ചെറുപ്പക്കാരിയുടെ ചോദ്യം. അമേരിക്കയില്‍ ജീവിക്കുന്ന അസ്‌റ നൊമാനിയും ഇന്ത്യന്‍ ഗ്രാമമായ ജെയ്ഗാഹനില്‍ ജീവിക്കുന്ന നൊമാനിയുടെ മച്ചുനച്ചിയും മുസ്ലിങ്ങളാണ്. പക്ഷേ, മച്ചുനച്ചി കുട്ടിക്കാലത്തേ അനുശീലിപ്പിക്കപ്പെട്ടത്  വദനമടക്കം ആവൃതമാക്കുന്ന വസ്ത്രം ധരിക്കാനാണ്. അത് മതത്തിന്റെ അലംഘനീയ ശാസനയാണെന്നു മുതിര്‍ന്നവര്‍ ആ യുവതിയെ ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
മതവിശ്വാസത്തിന്റേയും പരമ്പരാഗത ആചാരങ്ങളുടേയും പേരില്‍ സ്ത്രീകളുടേമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന കടുത്ത നിയന്ത്രണങ്ങള്‍ മതങ്ങളില്‍നിന്നു എന്നതിലേറെ പുരുഷ മേധാവിത്വപരതയില്‍നിന്നു ഉരുവം കൊണ്ടവയാണ്. കണ്ണുകളൊഴികെയുള്ള മറ്റെല്ലാ ശരീരഭാഗങ്ങളും സ്ത്രീകള്‍ മറച്ചു കൊള്ളണം എന്നത് ഇസ്ലാമിന്റെ നിയമമാകാന്‍ വഴിയില്ല. കാരണം പ്രവാചകന്റെ കാലത്ത് യുദ്ധങ്ങളില്‍ വരെ സ്ത്രീകള്‍ പങ്കെടുത്തതായി ചരിത്രം പറയുന്നു. പടക്കളത്തിലിറങ്ങുന്നവര്‍ക്ക്  യോജ്യമല്ല ദേഹമാസകലം പൊതിയുന്ന വസ്ത്രം. സ്ത്രീകളുടെ സാമൂഹിക ചലനങ്ങള്‍ തീരെ ഇഷ്ടപ്പെടാത്ത പുരുഷ പുരോഹിതന്മാര്‍ പില്‍ക്കാലത്തുണ്ടാക്കിയ ചട്ടങ്ങളില്‍നിന്നാകണം പര്‍ദ്ദയും നിഖാബുമൊക്കെ ഇസ്ലാമിക വസ്ത്രധാരണരീതിയുടെ ഭാഗമായത്.
അതെന്തായാലും ആധുനിക സമൂഹത്തില്‍ സമ്പൂര്‍ണ്ണ പര്‍ദ്ദ എന്ന ചട്ടത്തിനു നിലനില്‍ക്കാന്‍ സാധിക്കാതെ വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. തിരിച്ചറിയല്‍ രേഖയുടെ നിര്‍മ്മാണം അത്തരം സന്ദര്‍ഭങ്ങളിലൊന്നാണ്. നേത്രങ്ങളൊഴികെ  മുഖത്തിന്റെ മറ്റെല്ലാ ഭാഗങ്ങളും ആവൃതമാക്കിയുള്ള ഫോട്ടോ തിരിച്ചറിയല്‍ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ട് കാര്യമില്ല. മുഖം മുഴുവന്‍ അനാവൃതമായാലേ ഐഡന്റിറ്റി കാര്‍ഡിന്റെ ലക്ഷ്യമെന്തോ അത് നിറവേറ്റപ്പെടൂ. അവിടെ മതവിശ്വാസത്തിനല്ല, തിരിച്ചറിയല്‍ രേഖ എന്ന മതേതരാവശ്യത്തിനാണ്  പ്രാമുഖ്യം നല്‍കേണ്ടിവരിക.
എട്ടുവര്‍ഷം മുന്‍പ്, 2010-ല്‍ ഇത്തരമൊരു പ്രശ്‌നം ഇന്ത്യയിലുണ്ടായി. മുഖാവരണം നീക്കി ഫോട്ടോ എടുക്കാത്ത സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാവില്ലെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഈ തീരുമാനം ചോദ്യം ചെയ്ത്  ചിലര്‍ കോടതിയെ സമീപിച്ചു. പതിവുപോലെ മതവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ് ഇലക്ഷന്‍ കമ്മിഷന്റെ നടപടിയെ ബന്ധപ്പെട്ടവര്‍ ചോദ്യം ചെയ്തത്. മതവിശ്വാസമോ ആചാരമര്യാദകളോ മറ്റെന്തെങ്കിലുമോ ആയാലും ആവൃത മുഖവുമായി വോട്ട് ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നു അന്നു സുപ്രീംകോടതി വ്യക്തമാക്കി.
അതിനുശേഷം കേരളം ഉള്‍പ്പെടെ ചിലയിടങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകളില്‍ പങ്കെടുക്കുന്ന ചില വിദ്യാര്‍ത്ഥിനികള്‍, പരീക്ഷാ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട വസ്ത്രധാരണ നിബന്ധനകള്‍ക്ക്  വിപരീതമായി പര്‍ദ്ദയണിഞ്ഞു ചെന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായി. പരീക്ഷാവേളകളിലെ 'മാല്‍ പ്രാക്ടീസ്' തടയുന്നതിന്റെ ഭാഗമായി മാത്രമേ പര്‍ദ്ദ നിരോധനത്തെ കാണേണ്ടതുള്ളുവെങ്കിലും ചിലര്‍ അവിടെയും മതവിശ്വാസവും മതസ്വാതന്ത്ര്യവുമൊക്കെ കെട്ടഴിച്ചു. അന്യഥാ നിഷിദ്ധമായതുപോലും അനിവാര്യ ഘട്ടങ്ങളില്‍ അനുവദനീയമാകുമെന്നു മതം വ്യക്തമായി പറയുന്നുണ്ടെങ്കിലും പരീക്ഷാ സംവിധാനത്തിലെ വസ്ത്രധാരണ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നു അംഗീകരിക്കാനല്ല, അതിനെതിരെ കലഹിക്കാനും കോടതി കയറാനുമാണ്  തല്‍പ്പരകക്ഷികള്‍ പുറപ്പെട്ടത്.
ഇന്ത്യ വിട്ട് ഇതര രാജ്യങ്ങളിലേക്ക് നോക്കിയാല്‍ അവിടങ്ങളിലും വസ്ത്ര സ്വാതന്ത്ര്യത്തില്‍ മതപരമായ കടുംപിടുത്തങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിന്റെ (സൃഷ്ടിക്കുന്നതിന്റെ) തെളിവുകള്‍ നിരവധി കാണാം. ഒന്നാന്തരം ഉദാഹരണമാണ് ഫ്രാന്‍സ്. മതേതരത്വത്തിന്റെ ഈറ്റില്ലമായ ഫ്രാന്‍സില്‍ പൊതുജീവിതത്തില്‍ മതചിഹ്നങ്ങള്‍ അരുതെന്ന നിലപാട് നേരത്തേയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മതചിഹ്നങ്ങള്‍ അണിയുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതിനോട് പ്രതികൂല നിലപാടാണ് ആ രാജ്യം സ്വീകരിച്ചു പോരുന്നത്. ഏതാനും വര്‍ഷം മുന്‍പ് ഈ ചട്ടം കര്‍ശനമാക്കാന്‍ ഫ്രെഞ്ച് ഭരണകൂടം ശ്രമിച്ചപ്പോള്‍ അതിനെതിരെ മുസ്ലിം സ്ത്രീകളില്‍ ചിലര്‍ പര്‍ദ്ദ ധരിച്ചുകൊണ്ട് പ്രതിഷേധിക്കുകയുണ്ടായി.
വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള പൊതു ഇടങ്ങളില്‍ മതവിശ്വാസത്തിന്റെ ഭാഗമായി പര്‍ദ്ദയണിയാന്‍ സ്വാതന്ത്ര്യം വേണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. അത് അംഗീകൃത മതസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുമെന്ന ന്യായവും അവര്‍ നിരത്തി. ബഹുസ്വരതയാണ് ജനാധിപത്യത്തിന്റെ  ജീവവായു എന്ന് അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. വസ്ത്രധാരണ രീതി വൈയക്തിക സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതില്‍ ഭരണകൂടം കൈകടത്തുന്നത് പ്ലൂരലിസത്തിന്റെ നിഷേധമാണെന്നും ആ യുവതികള്‍ എടുത്തോതി. അവരുടെ വാദമുഖങ്ങളോട് ഇന്ത്യയുള്‍പ്പെടെ പല രാഷ്ട്രങ്ങളിലുമുള്ള മുസ്ലിം സംഘടനകളില്‍ മിക്കതും പൂര്‍ണ്ണമായി യോജിക്കുകയും ചെയ്തു.
സംശയമില്ല, ഫ്രാന്‍സിലെ മുസ്ലിം സ്ത്രീകളില്‍ ഒരു വിഭാഗം പര്‍ദ്ദ ധാരണാവകാശത്തിനു വേണ്ടി നടത്തിയ ഭരണകൂട വിരുദ്ധ പ്രതിഷേധ പ്രകടനം തികച്ചും ന്യായമായിരുന്നു. കാരണം, ഇഷ്ടമുള്ളവര്‍ക്ക് പര്‍ദ്ദയിടാനും മറ്റു മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യമൂല്യങ്ങളിലൊന്നായ  ബഹുസ്വരതയുടെ അവിഭക്താംശമാണ്. രാഷ്ട്രത്തിന്റേയും പൊതു സമൂഹത്തിന്റേയും ഉത്തമ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലാത്തിടത്തോളം മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. അനാരോഗ്യകരമല്ലാത്ത മതചിഹ്നങ്ങള്‍ക്ക് സെക്യുലറിസത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്നത്  ഹൈപ്പര്‍ സെക്യുലറിസത്തിലേക്കാണ് നയിക്കുക. ഹൈപ്പര്‍ റിലീജന്‍ (അതിമതം) പോലെ ഹൈപ്പര്‍ സെക്യുലറിസം (അതിമതേതരത്വം) എന്ന പ്രതിഭാസവും ഒട്ടും അഭിലഷണീയമല്ല.
ഹൈപ്പര്‍ സെക്യുലറിസത്തെ എതിര്‍ക്കുമ്പോള്‍ത്തന്നെ  ബഹുസ്വരത എന്ന മതേതരമൂല്യത്തിന്റെ പേരില്‍ പര്‍ദ്ദയുള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ സ്വയം ആ മൂല്യത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇക്കഴിഞ്ഞ ജനുവരി 30-ന് നടന്ന രണ്ടു സംഭവങ്ങളുടെ വെളിച്ചത്തിലാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇറാനും ഇന്‍ഡോനേഷ്യയുമാണ് വേദികള്‍. ഇറാനില്‍ നര്‍ഗീസ് ഹുസൈനി എന്ന മുസ്ലിം സ്ത്രീ അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യത്തുകയായി ആവശ്യപ്പെട്ടത് അഞ്ച് ബില്യന്‍ റിയാല്‍ (ഒരു ലക്ഷത്തിലേറെ ഡോളര്‍). തലമുടി മറച്ചില്ല എന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. ഹുസൈനിക്ക് പുറമെ 2017 ഡിസംബര്‍ 27-ന് വിദ മൊവാഹെദി എന്ന മറ്റൊരു സ്ത്രീ കൂടി ഇതേ 'കുറ്റ'ത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. (ദ ഹിന്ദു, 31-1-2018).
ഇന്‍ഡോനേഷ്യയില്‍ ഇസ്ലാമിക നിയമവ്യവസ്ഥയായ ശരീഅത്ത് നിലവിലുള്ള ഒരു പ്രവിശ്യയുണ്ട്. അസെഹ് എന്ന ആ പ്രവിശ്യയില്‍ മുസ്ലിം സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചു മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ജനുവരി 30-ന് മറ്റൊരു ഉത്തരവ് കൂടി വന്നു. അസെഹില്‍ വരുന്ന വിമാനങ്ങളില്‍ ജോലി ചെയ്യുന്ന അന്യരാഷ്ട്രക്കാരായവര്‍ ഉള്‍പ്പെടെയുള്ള എല്ലാ മുസ്ലിം സ്ത്രീകളും നിര്‍ബന്ധമായി പര്‍ദ്ദ (ഹിജാബ്) ധരിച്ചിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നു വ്യക്തമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (New Indian Express, 30-01-2018).
ഇറാനിയിലും ഇന്‍ഡോനേഷ്യയിലും യഥാക്രമം ശിരോവസ്ത്രം, പര്‍ദ്ദ എന്നിവ സ്ത്രീകള്‍ക്കുമേല്‍ നിയമദണ്ഡിന്റെ പിന്‍ബലത്തില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണ്. ആ നിയമം ലംഘിക്കുന്നവര്‍ തടവറയില്‍ കിടക്കേണ്ട സ്ഥിതിവിശേഷമുണ്ടുതാനും. ഇന്ത്യയിലും ഫ്രാന്‍സിലും മറ്റിടങ്ങളിലും പര്‍ദ്ദ ധരിക്കാനുള്ള അവകാശത്തെ ബഹുസ്വരതയുടെ പേരില്‍ ഉയര്‍ത്തിപ്പിടിക്കുകയും അതിനുവേണ്ടി ന്യായാസനങ്ങളെ സമീപിക്കുകയും ചെയ്തവര്‍ ഇറാന്‍-ഇന്‍ഡോനേഷ്യ സംഭവങ്ങളില്‍ പ്രതികരിച്ചതേയില്ല. പര്‍ദ്ദ ധാരണ സ്വാതന്ത്ര്യത്തെ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കുന്നവര്‍ പര്‍ദ്ദ നിരാകരണ സ്വാതന്ത്ര്യത്തേയും അതേ ബഹുസ്വരതയുടെ പേരില്‍ പൊക്കിപ്പിടിക്കേണ്ടതല്ലേ?
ആ സമീപനം എവിടെയും കാണുന്നില്ല. ശിരോവസ്ത്രമണിയാത്തതിന്റെ പേരില്‍ ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടി ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ ഉള്ള മുഖ്യധാര മുസ്ലിം സംഘടനകളേ പുരോഹിതക്കൂട്ടങ്ങളോ ഇതുവരെ നാവനക്കിയിട്ടില്ല. ഇന്തോനേഷ്യയിലെ അസെഹിലെത്തുന്ന വിമാനങ്ങളിലെ മുസ്ലിം വനിതാ ജീവനക്കാര്‍ക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കിയ ശരീഅത്ത് വാദികള്‍ക്കെതിരേയും മൗലാനമാരോ മുസ്ലിം മതമൗലിക സ്ത്രീ സംഘടനകളോ അരയക്ഷരം ഉരിയാടിയിട്ടില്ല.
ഇതിനര്‍ത്ഥം ബഹുസ്വരതയുടെ കണക്കില്‍ പര്‍ദ്ദയ്ക്കുവേണ്ടി ഉച്ചത്തില്‍ ശബ്ദിക്കുകയും കോടതികളെ സമീപിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ബഹുസ്വരത ഏകദിശാപാതയാണെന്നത്രേ. സ്വയം പര്‍ദ്ദ ധരിക്കാനും മറ്റുള്ളവരെ ധരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തില്‍ അവരുടെ ബഹുസ്വരത ഒതുങ്ങുന്നു. ഇഷ്ടമില്ലാത്തവര്‍ക്ക് പര്‍ദ്ദ അണിയാതിരിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ ദൃഷ്ടിയില്‍ ബഹുസ്വരതയുടെ ഭാഗമല്ല. പര്‍ദ്ദധാരണ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ ജനാധിപത്യ വാദികളാണെങ്കില്‍, തുല്യശക്തിയില്‍ പര്‍ദ്ദ നിരാസവാദികളുടെ  സ്വാതന്ത്ര്യത്തിനുവേണ്ടിക്കൂടി അവര്‍ മുറവിളി കൂട്ടണം. അപ്പോള്‍ മാത്രമേ വസ്ത്രധാരണ സ്വാതന്ത്ര്യത്തില്‍ ബഹുസ്വരത നിലനില്‍ക്കൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com