മാധ്യമങ്ങളേ, ഈ ചരിത്രത്തിലേക്കു നോക്കുമ്പോള്‍ തൃശൂരില്‍ നിങ്ങള്‍ക്കു നിരാശയുണ്ടാവുക തന്നെ ചെയ്യും

സിപിഎം സമ്മേളനങ്ങളിലെ അജന്‍ഡ നിശ്ചയിക്കുന്നതില്‍ വരെ സ്വാധീനം ചെലുത്തിയ ആ സുവര്‍ണ നാളുകളുടെ മങ്ങിയ,  വറുതിക്കാഴ്ചയാണ് തൃശൂര്‍ സമ്മേളനം
മാധ്യമങ്ങളേ, ഈ ചരിത്രത്തിലേക്കു നോക്കുമ്പോള്‍ തൃശൂരില്‍ നിങ്ങള്‍ക്കു നിരാശയുണ്ടാവുക തന്നെ ചെയ്യും

സിപിഎമ്മിന്റെ സമ്മേളന കാലങ്ങള്‍ മാധ്യമങ്ങളെ സംബന്ധിച്ച് എക്കാലവും ചാകരയായിരുന്നു. എത്തിനോക്കിയും ഒളിഞ്ഞുനോക്കിയും കേട്ടറിഞ്ഞും കണ്ടറിഞ്ഞും വാര്‍ത്തകള്‍ സൃഷ്ടിക്കുക മാത്രമല്ല, ഒരു ഘട്ടത്തില്‍ വിഭാഗീയതയുടെ ഭാഗം ചേര്‍ന്ന് ഭാവിയെ സ്വാധീനിക്കാന്‍ വരെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സാധിച്ചിരുന്നു; അഥവാ സിപിഎം സമ്മേളനങ്ങളിലെ അജന്‍ഡ നിശ്ചയിക്കുന്നതില്‍ വരെ സ്വാധീനം ചെലുത്തിയ ആ സുവര്‍ണ നാളുകളുടെ മങ്ങിയ,  വറുതിക്കാഴ്ചയാണ് തൃശൂര്‍ സമ്മേളനം; വിഭാഗീയതയുടെ വെടിക്കെട്ടുകളില്ലാതെ ഒരു തൃശൂര്‍പൂരം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് നിരാശ സ്വാഭാവികം. 

പുറമെ ശാന്തമെങ്കിലും ഇളകിമറിയുന്ന, ചുഴിമലരികളാല്‍ സമൃദ്ധമായ ആഴക്കടലിന്റെ പ്രതീതിയാണ് സിപിഎമ്മിന്റെ ഈ സമ്മേളനം സമ്മാനിക്കുന്നത്. ഏതു നിമിഷവും ക്ഷോഭിക്കാവുന്ന ഈ ശാന്തതയുടെ ആഴം അളക്കണമെങ്കില്‍ തീര്‍ച്ചയായും അല്പകാലം പിറകോട്ടു സഞ്ചരിക്കുക തന്നെവേണം. 
പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ എപ്രകാരം വിഭാഗീയ താത്പര്യങ്ങള്‍ സംരക്ഷിച്ചുവെന്നതിന് ചരിത്രത്തില്‍ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തി രണ്ടാം കോണ്‍ഗ്രസില്‍ ക്രൂഷ്‌ച്ചേവിന്റെ അതിഥിയായി എത്തിയ ലസൂര്‍ക്കിന പാര്‍ട്ടിയിലെ വിഭാഗീയത ആളിക്കത്തിച്ചത് എപ്രകാരമായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും. പ്രേതം എന്ന സങ്കല്പത്തെയാണ് അദ്ദേഹം എടുത്ത് പ്രയോഗിച്ചത്. 

'റെഡ്‌സ്‌ക്വയറിലെ മുസോളിയത്തില്‍ സൂക്ഷിച്ച സ്റ്റാലിന്റെ പ്രേതത്തിനടുത്ത് കിടക്കാന്‍ തനിക്കിഷ്ടമില്ലെന്ന് ലെനിന്റെ പ്രേതം കഴിഞ്ഞ ദിവസം എന്റെ അടുത്തുവന്നറിയിച്ചതാണ്!'' ഈ വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതില്‍ പിന്നെയാണ് സ്റ്റാലിന്റെ മൃതദേഹം കോണ്‍ക്രീറ്റ് കുഴിയിലേക്ക് തള്ളിമാറ്റപ്പെട്ടത്. സ്റ്റാലിനിസത്തെ സ്റ്റാലിന്‍ കാണിച്ച മാര്‍ഗത്തിലൂടെ ഇല്ലാതാക്കാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അന്ന് ശ്രമിച്ചത്. 1964ലെ പിളര്‍പ്പ് ഒഴിച്ചാല്‍ അത്രത്തോളം ആശയപരമായ പോരാട്ടത്തിന്റെ സിന്ദൂരരേണുക്കളൊന്നും ഇന്ത്യയിലെ പാര്‍ട്ടികളെ സംബന്ധിച്ച് കണ്ടെടുക്കുക സാധ്യമല്ല. എങ്കിലും കേരള ഘടകം വ്യക്തികേന്ദ്രീകൃത വിഭാഗീയതയുടെ പൊട്ടാസുകളും ന്യൂട്രോണ്‍ ബോംബുകളും ഒളിപ്പിച്ചുവെച്ചാണ് സമ്മേളനങ്ങള്‍ കൊണ്ടാടിയത്. അതിന്റെ ഏറ്റവും വലിയ വക്താവും പ്രയോക്താവും ഗുണഭോക്താവും വി എസ് അച്യുതാനന്ദന്‍ തന്നെയാണെന്ന് പറയാം. 

'കേരള രാഷ്ട്രീയം 1987നു ശേഷം' എന്ന ലേഖനത്തില്‍ ഭാവിയിലെ ആപത്തുകള്‍ എന്നു പറഞ്ഞ് 'പാര്‍ട്ടിക്കകത്ത് തലപൊക്കിയ ഗ്രൂപ്പിസ'ത്തെക്കുറിച്ച് സാക്ഷാല്‍ ഇഎംഎസ് തന്നെ പരാമര്‍ശിച്ചിട്ടുണ്ട്. മുന്‍ സമ്മേളന കാലയളവില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച വിഭാഗീയ വെടിക്കെട്ടുകള്‍ മാത്രം സ്പര്‍ശിക്കുമ്പോള്‍ അവയെ മാധ്യമ സൃഷ്ടി എന്ന് പറഞ്ഞ് അവഗണിക്കാന്‍ എളുപ്പമല്ല. തൊണ്ണൂറുകളുടെ ആദ്യമാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ വലിയ അട്ടിമറിയുണ്ടായത്. 1980മുതല്‍ തുടര്‍ച്ഛയായി മൂന്നു ടേം സംസ്ഥാന സെക്രട്ടറി പദം വഹിച്ചത് വി എസ് അച്യുതാനന്ദനായിരുന്നല്ലോ. ഇഎംഎസിന്റെ ആശിര്‍വാദത്തോടെയാണ് അദ്ദേഹം സെക്രട്ടറിയായത്. എന്നാല്‍ ഇക്കാലയളവില്‍ ഇരുവരും അകന്നിരുന്നു. 'പാര്‍ലമെന്ററി രംഗത്തുള്ളവര്‍ സംഘടനാ രംഗത്തേക്കും സംഘടനാ രംഗത്തുള്ളവര്‍ പാര്‍ലമെന്ററി രംഗത്തേക്കും മടങ്ങുക' എന്ന തീരുമാനം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ചത് വി എസ് തന്നെയാണ്. ഇകെ നായനാര്‍ സെക്രട്ടറിയും വിഎസ് മുഖ്യമന്ത്രിയുമാകുക എന്നതായിരുന്നു അതിന്റെ കാതല്‍. അന്ന് മുഖ്യമന്ത്രിയായ നായനാര്‍ ഈ തീരുമാനം അംഗീകരിച്ചു; എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ മാത്രമേ സെക്രട്ടറിയാവാനുള്ളൂ എന്ന നിബന്ധന മുന്നോട്ടുവെച്ചു. ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിച്ചതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെപ്പോലെ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും. നാലു വര്‍ഷം മാത്രമായ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കരുനീക്കിയത് വി എസ് ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രിയാകുക എന്ന ആഗ്രഹം സഫലമാകാതെ അച്യുതാനന്ദന്‍ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിനെത്തിയത് ഒരു വട്ടം കൂടി സെക്രട്ടറിയാവാന്‍ തന്നെയായിരുന്നു. 

64 അംഗ സംസ്ഥാന കമ്മിറ്റിയില്‍ അച്യുതാനന്ദനെ മാറ്റുക എളുപ്പമല്ല എന്ന് ഇ എം എസ് മനസ്സിലാക്കി. അങ്ങനെ കമ്മിറ്റിയുടെ അംഗസംഖ്യ വര്‍ധിപ്പിക്കുകയെന്ന തന്ത്രം പുറത്തെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റിയോഗം 1991 ഡിസംബര്‍ 15ന് ടാഗോര്‍ സെന്റനറി ഹാളില്‍ നടന്നു. പുതിയ സെക്രട്ടറിയായി പോളിറ്റ്ബ്യൂറോ ആരേയും നിര്‍ദ്ദേശിക്കുന്നില്ലെന്ന അഭിപ്രായം എം ബാസവ പുന്നയ്യ മുന്നോട്ടുവെച്ചു. ഇതോടെ മത്സരത്തിന് കളമൊരുങ്ങി. വിഎസിനെ ഞെട്ടിച്ച് സിഐടിയു നേതാവ് കെഎം സുധാകരന്‍ ഇകെ നായനാരുടെ പേര് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചു. വി എസിന്റെ വിശ്വസ്തനായ എം കണാരന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അച്യുതാനന്ദന്റെ പേരും നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ നാല് വോട്ടിന് നായനാരോട് തോറ്റു. 
ആ അട്ടിമറി വിഎസിനെ സംബന്ധിച്ച് വലിയ ആഘാതമായിരുന്നു. തീരാത്ത വിഭാഗീയ കുടിപ്പകയുടെ തുടക്കം അവിടെ നിന്നാണ്. അതിന്റെ പ്രതിഫലനം പിന്നീട് കൊല്ലം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍, മലപ്പുറം സംസ്ഥാന സമ്മേളനങ്ങളില്‍ പ്രകടമായപ്പോള്‍ മാധ്യമങ്ങളാണ് ശരിക്കും ആഘോഷിച്ചത്.


 
1995 ലെ കൊല്ലം സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ ആയുധങ്ങളാണ് വിഎസ് പ്രയോഗിച്ചത്. ഒരു വിഭാഗം മാധ്യമങ്ങളും അദ്ദേഹത്തെ സഹായിക്കാനെത്തി. ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സംവിധായകന്‍ കൂടിയായ പിടി കുഞ്ഞുമുഹമ്മദിന്റെ വിജയത്തിന് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെയും ഐഎന്‍എല്ലിന്റെയും സഹായം സ്വീകരിച്ചതാണ് വിഎസിന്റെ അതൃപ്തിക്ക് കാരണമായത്. മഅ്ദനിയേയും സേട്ടിനേയും ഗാന്ധിജിയേയും താരതമ്യം ചെയ്ത് ദേശാഭിമാനിയില്‍ ഇഎംഎസ് എഴുതിയ ലേഖനമുള്‍പ്പെടെ ബ്രാഞ്ച് സമ്മേളനം മുതല്‍ ചര്‍ച്ചയാക്കി. 1995 ഫെബ്രുവരി 27ന് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു. കമ്മിറ്റിയിലേക്ക് പുതുതായി ആറുപേരെ നിര്‍ദ്ദേശിച്ചു. പാനലിന് അനുകൂലമായി ആദ്യം കൈപൊക്കിയ വിഎസ്, സിഐടിയു പക്ഷത്തെ ആശയക്കുഴപ്പത്തിലാക്കി. പാനല്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ സമ്മേളന പ്രതിനിധികളുടെ മുമ്പില്‍ അത് ചോദ്യം ചെയ്യില്ലെന്നായിരുന്നു സിഐടിയു വിഭാഗത്തിന്റെ വിശ്വാസം. എന്നാല്‍ ഔദ്യോഗിക വിഭാഗത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഫെബ്രുവരി 28ന് മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത വന്നു: കൊല്ലം സമ്മേളനത്തില്‍ വിഎസ് പക്ഷത്തിന് വേറിട്ടൊരു പാനലുണ്ടെന്നായിരുന്നു അത്. ആ വാര്‍ത്ത ശരിയായിരുന്നുവെന്ന് സമ്മേളനം സാക്ഷ്യപ്പെടുത്തി. സമ്മേളനത്തില്‍ ഇകെ നായനാര്‍ ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചപ്പോള്‍ പകരമായി 17 പേരുകള്‍ പ്രതിനിധികള്‍ക്കിടയില്‍ നിന്നുയര്‍ന്നു വന്നു. തിരഞ്ഞെടുപ്പു നടന്നെങ്കിലും വിഎസിന് പാര്‍ട്ടി പിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ വാര്‍ത്താ ലേഖകര്‍ക്കുവേണ്ടത് അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു. ഇ ബാലാനന്ദന്റെ മകന്റെ പഠന വിവാദം പോലും വിഎസ് പക്ഷം അന്ന് ആഘോഷിച്ചു!

1998 ലെ പാലക്കാട് സംസ്ഥാന സമ്മേളനമായപ്പോഴേക്കും മാധ്യമങ്ങള്‍ക്ക് വിഎസ് ഏറ്റവും വലിയ വാര്‍ത്താ ഉറവിടവും ഉത്സവവുമായി. 96ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് പരാജയപ്പെട്ട വിഎസ് പക ഉള്ളില്‍ സൂക്ഷിച്ചു. സിഐടിയു സഹായത്തോടെ സുശീലാ ഗോപാലനെ കേവലം ഒരു വോട്ടിന് തോല്‍പിച്ച് ഇകെ നായനാര്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി നോമിനിയായി. എന്തുവില കൊടുത്തും പാര്‍ട്ടി പിടിക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത് അങ്ങനെയാണ്. പാലക്കാട് സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനു പുറമെ ഏഴ് പിബി അംഗങ്ങളാണ് സംബന്ധിച്ചത്. സെക്രട്ടറിയേറ്റും നിലവിലെ സംസ്ഥാന കമ്മിറ്റിയും പാനലിന് രൂപം നല്‍കിയപ്പോള്‍ തന്നെ എതിര്‍പ്പുയര്‍ന്നു. പത്തുപേരെ പല കാരണങ്ങളാല്‍ നേരത്തെ തന്നെ ഒഴിവാക്കി. ഇങ്ങനെ മുന്നോട്ടു വെച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികള്‍ ഒമ്പതു പേരുകള്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ എട്ടു പേരുകളും പാനലിലുള്ള ചിലരെ തോല്‍പ്പിക്കാനായി ഉയര്‍ന്നുവന്നതാണ്. അങ്ങനെ മത്സരം നടന്നു. പാനലിലുള്ള ഏഴു പേര്‍ തോല്‍പ്പിക്കപ്പെട്ടു. അന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെഎന്‍ രവീന്ദ്രന്‍നാഥും എംഎം ലോറന്‍സും പരാജിതരില്‍ പെടുന്നു. സമ്മേളനത്തില്‍ അച്യുതാനന്ദന്‍ ഗ്രൂപ്പ് നിര്‍ത്തിയ പതിനഞ്ചില്‍ പതിനാലു പേരും ജയിച്ചു. വലിയ ഭൂരിപക്ഷം നേടിയ വിഎസ് ഗ്രൂപ്പിന്റെ നോമിനിയായി പിണറായി വിജയന്‍ സമ്മേളനത്തിലൂടെ സംസ്ഥാന സെക്രട്ടറിയാകുന്നു! പാലക്കാട് സമ്മേളനത്തില്‍ അച്യുതാനന്ദന്റെ വലം കൈയായി പ്രവര്‍ത്തിച്ചവര്‍ പിണറായി, എംഎ ബേബി, ജി സുധാകരന്‍, ടി ശിവദാസമേനോന്‍ എന്നിവരായിരുന്നു. പാര്‍ട്ടിയിലെ വടക്കന്‍  ഘടകം പിടിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പിണറായിയെ അവരോധിച്ചതെങ്കിലും വി എസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് പില്ക്കാലത്ത് കണ്ടത്. 

1998ലെ പാലക്കാട് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ' സേവ് സി പി (ഐ) എം ഫോറം' എന്ന പേരിലറിയപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പുറത്തിറങ്ങി. മാധ്യമങ്ങള്‍ക്ക് ആനന്ദലബ്ധിക്കിനി എന്തുവേണം! അതിന്റെ കോപ്പികള്‍ അക്കാലത്തെ പത്രങ്ങള്‍ ശരിക്കും ആഘോഷിച്ച് പ്രസിദ്ധം ചെയ്തു. സേവ് സി പി (ഐ) എം ഫോറത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് വിബി ചെറിയാന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്നിവരെ അച്യുതാനന്ദന്‍ വിഭാഗം ഇടപെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുന്‍ ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ എംഎം ലോറന്‍സ്, സിഐടിയു നേതാവ് കെഎന്‍ രവീന്ദ്രനാഥ് എന്നിവരെ സമാന കാരണത്താല്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുവാനും അന്ന് വി എസ് പക്ഷത്തിന് സാധിച്ചു. കേന്ദ്ര കമ്മിറ്റി അംഗമായ ലോറന്‍സിനെ എറണാകുളം ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കോടിയേരി ബാലകൃഷ്ണന്‍ കണ്‍വീനറും എം കേളപ്പന്‍, ടി ശിവദാസമേനോന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷനായിരുന്നു സേവ് സി പി (ഐ) എം ഫോറത്തെപ്പറ്റി അന്വേഷിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് 'മലയാള മനോരമ'യില്‍ ചോര്‍ന്നു വന്നു. കമ്മിഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി വേറൊരു കമ്മീഷനെ നിയമിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറിയായതോടെ പിണറായിയെ കല്‍ക്കത്താ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും ഉള്‍പ്പെടുത്തി. അച്യുതാനന്ദന്‍ ഗ്രൂപ്പിനകത്ത് അച്യുതാനന്ദ വിരുദ്ധ പിണറായി ഗ്രൂപ്പ് ഉദയം ചെയ്യുന്നത് ഇക്കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന ഇകെ നായനാര്‍ പുതിയ ഗ്രൂപ്പിന്റെ സംരക്ഷകനായി മാറി. പാലക്കാട് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായ ജില്ലാ സമ്മേളനങ്ങള്‍ വി എസിന്റെ പടയോട്ടമായിരുന്നെങ്കില്‍ 2002ലെ കണ്ണൂര്‍ സമ്മേളനത്തിനു മുമ്പുള്ള ജില്ലാ സമ്മേളനങ്ങള്‍ തിരിച്ചടിയാണ് നല്‍കിയത്.  തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലാകമ്മിറ്റികള്‍ മുന്‍ സമ്മേളനത്തില്‍ അച്യുതാനന്ദനോടൊപ്പം നിന്നവയായിരുന്നു. എന്നാല്‍ എറണാകുളം, തിരുവനന്തപുരം ജില്ലകളൊഴികെ ബാക്കിയെല്ലാം ഇത്തവണ കൈവിട്ടു. ആലപ്പുഴയില്‍ അച്യുതാനന്ദന്‍ പക്ഷം പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടു. പിണറായി പക്ഷത്തേക്ക് ചുവടു മാറിയ ജി സുധാകരനുള്‍പ്പെടെ ജില്ലാ സെക്രട്ടറിമാരായത് അക്കാലത്താണ്. 
2002 ഫെബ്രുവരി 15ന് ആരംഭിച്ച കണ്ണൂര്‍ സംസ്ഥാന സമ്മേളനം, നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. തോല്‍വിക്കു 'കാരണമായ' കൈരളി ചാനലും അതിനുള്ള പണപ്പിരിവും എംഎ ബേബിയുടെ 'സ്വരലയയും' 'മാനവീയവും' മലപ്പുറത്തെ അടവു നയവും കല്ലുവാതുക്കല്‍ മദ്യദുരന്തവും പാര്‍ട്ടിക്കുണ്ടായ അവമതിപ്പ് വലുതായിരുന്നു. ആ കളങ്കം മാറ്റാന്‍ നേതാക്കള്‍ ഐക്യകാഹളം മുഴക്കി. അതിനാല്‍ തന്നെ കണ്ണൂര്‍ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആരും ഒഴിവാക്കപ്പെട്ടില്ല. പിണറായി തന്നെ സംസ്ഥാ സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നു. എന്നാല്‍ ഈ ഐക്യം പുറമേ മാത്രമായിരുന്നു. ജില്ലാ സമ്മേളന വേദികളില്‍ ഉണ്ടായ ശക്തമായ വിഭാഗീയത ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ, തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടു. ജി സുധാകരന്‍, വി കേശവന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. സിഒ പൗലോസിനെ വിഭാഗീയതയുടെ പേരില്‍ നേതൃത്വം ശാസിച്ചു. പികെ ചന്ദ്രാനന്ദന്‍, കെകെ മാമക്കുട്ടി, കെപി അരവിന്ദാക്ഷന്‍ എന്നിവര്‍ക്കും താക്കീത് കിട്ടി. ഇതോടെ അന്ത:സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. മാധ്യമങ്ങള്‍ അത്യുക്തിയും അതിശയോക്തിയും കലര്‍ത്തി സിപിഎം വാര്‍ത്തകളെ കൈകാര്യം ചെയ്തു. 

തിരുന്നാവായ മണല്‍പ്പുറത്തെ മാമാങ്കത്തിന്റെ രുധിരസ്മൃതികള്‍ ഇരമ്പുന്ന മലപ്പുറത്ത് 2005ലെ സംസ്ഥാന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തലകൊയ്യല്‍ തന്നെയായിരുന്നു. ഫെബ്രുവരി 19 മുതല്‍ 22 വരെ നടന്ന സമ്മേളനം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റു നോക്കി. 2004 സെപ്തംബര്‍ 24ന് ബ്രാഞ്ച് സമ്മേളനങ്ങളാരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് ഉടനീളം വിഎസിന് അനുകൂല സാഹചര്യമായിരുന്നു. വനനശീകരണത്തിനും വൃക്കവാണിഭത്തിനും സ്ത്രീ പീഡനത്തിനുമെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന, അഴിമതിക്കെതിരെ കുരിശുയുദ്ധം നയിക്കുന്ന പ്രതിപക്ഷ നേതാവ് ഒരു ഭാഗത്ത്. ഇതിനെല്ലാം വിരുദ്ധമെന്ന തരത്തില്‍ മാധ്യമങ്ങളാല്‍ വില്ലന്‍കഥാപാത്രമായി ചിത്രീകരിക്കപ്പെട്ട പിണറായി മറുപക്ഷത്ത്. സമ്മേളനകാലം മാധ്യമങ്ങള്‍ വിഎസിനെ വാര്‍ത്തകളാല്‍ ആശിര്‍വദിച്ചു. 
ജില്ലാ സമ്മേളനങ്ങള്‍ അവസാനിക്കുമ്പോള്‍ വിഎസ് പക്ഷം വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ വിഎസ് പക്ഷവും കണ്ണൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളില്‍ പിണറായി പക്ഷവും ആധിപത്യം ഉറപ്പിച്ചു. മറ്റ് ജില്ലകള്‍ ഏറിയും കുറഞ്ഞും തുല്യത പാലിച്ചു. സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ വിഎസിനായിരുന്നു പ്രാമുഖ്യം. സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നേതൃനിരയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. രണ്ടു ദിവസങ്ങളിലായി ഒമ്പതു മണിക്കൂര്‍ 55 മിനുട്ടാണ് പൊതുചര്‍ച്ചയ്ക്കായി നീക്കിവെച്ചത്. 59 പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ ഔദ്യോഗിക നേതൃത്വത്തെ വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത് 37 പേരായിരുന്നു. ഫെബ്രുവരി 19ന് ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജീത്തിന്റെ ഉദ്ഘാടന പ്രസംഗത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി പിണറായി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. '' മാതൃകാപരമായി ജില്ലാ സമ്മേളനം നടത്തിയത് കണ്ണൂരാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലാ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായി.'' ഇതിനിടയില്‍ ഡിവൈഎഫ്‌ഐയുടെ മുന്‍ തൃശൂര്‍ ജില്ലാ ഭാരവാഹിയായ ഒരു പ്രതിനിധി അച്യുതാനന്ദനെ 'വര്‍ഗ്ഗ വഞ്ചക'നെന്നു വിളിച്ചത് സമ്മേളനത്തില്‍ ഒച്ചപ്പാടുണ്ടാക്കിയെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പ്രസീഡിയത്തിന്റെ ഭാഗത്തു നിന്ന് പക്ഷപാതപരമായ നിലപാടാണത്രെ ഉണ്ടായത്. വിഎസിന് 'നൃപന്‍ ചക്രവര്‍ത്തിയുടെ ഗതി' വരുമെന്ന് പ്രവചിക്കാന്‍ പിണറായി പക്ഷത്തെ പ്രമുഖനായ ജോര്‍ജ് എം തോമസ് തയ്യാറായി. 

സമ്മേളനത്തിന്റെ സമാപന ദിവസം മലപ്പുറത്തുണ്ടായിരുന്ന പാര്‍ട്ടി പി ബി അംഗങ്ങളുടെ യോഗം ചേര്‍ന്നു. നിലവിലുള്ള സംസ്ഥാന കമ്മിറ്റി അതേപടി തുടരണമെന്നായിരുന്നു പിണറായിയുടെ അഭിപ്രായം. ഒഴിവുള്ള സീറ്റുകളിലേക്ക് എംഎം ലോറന്‍സ്, സിഎസ് സുജാത, ജി സുധാകരന്‍, കെജെ തോമസ്, പിആര്‍ രാജന്‍, പി രാജീവ്, ബി രാഘവന്‍, സിപി ബാലന്‍വൈദ്യര്‍, എളമരം കരീം, പി ഉമ്മര്‍ മാസ്റ്റര്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. ഒടുവിലത്തെ നാലുപേരുകളില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ആ സ്ഥാനങ്ങള്‍ ഒഴിച്ചിടുവാന്‍ തീരുമാനിച്ചു. പിബി ഐക്യകണ്‌ഠേന അംഗീകരിച്ച പാനല്‍ സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും അതേപോലെ അംഗീകരിച്ചു. പ്രകാശ് കാരാട്ടിന്റെ കാര്‍മ്മികത്വത്തില്‍ കേന്ദ്ര നേതൃത്വം പിണറായിയുടെ പാനലിനെ പിന്തുണച്ചതിനാല്‍, വിഎസിന്റെ ഒപ്പമുള്ള നല്ലൊരു പങ്ക് പ്രതിനിധികളും 'ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ' വിജയിപ്പിച്ചു. ഔദ്യോഗിക പാനലിനെതിരെ വിഎസ് പക്ഷത്തു നിന്നു മത്സരിച്ച 12 പേരും തോറ്റു. ഗ്രൂപ്പിസത്തിന്റെ കലങ്ങിമറിയലിനിടയില്‍ വിഎസ് അച്യുതാനന്ദന് 342 വോട്ടും പിണറായി വിജയന് 452 വോട്ടുമാണ് കിട്ടിയത്. അതുവരെ വിഎസിനൊപ്പം നിന്ന മാധ്യമങ്ങള്‍ പിണറായിയെ ഇന്ദ്രനും ചന്ദ്രനും തുല്യനെന്ന് വാഴ്ത്തി.  'വിജയന്‍ മിന്നല്‍ പിണറായി' ഫെബ്രുവരി 23 ന്റെ 'മലയാളമനോരമ നല്‍കിയ തലക്കെട്ട് മറ്റെല്ലാ വാര്‍ത്തകളെയും നിഷ്പ്രഭമാക്കി. 

സമ്മേളനം നടന്ന 'ഇ കെ നായനാര്‍ നഗറി'നടുത്തുള്ള മീഡിയാ സെന്ററില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ ചോര്‍ന്നു കിട്ടി. അന്ന് ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റമില്ലായിരുന്നു. ന്യൂസ് ചാനലില്‍ പ്രമുഖരായ 'ഇന്ത്യാവിഷന്‍' പ്രതിനിധികളായ രണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ ഒരു മുതിര്‍ന്ന ഗ്രൂപ്പു നേതാവില്‍ നിന്നും എസ്എംഎസ് സ്വീകരിച്ച് സമ്മേളന നടപടിയും വോട്ടെടുപ്പും അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടും പ്രതിനിധികള്‍ ഈ ആവശ്യത്തിന് അത് ഉപയോഗിച്ചു. തിരുവനന്തപുരത്തു നിന്നുള്ള മുന്‍ എംഎല്‍എ മൊബൈലില്‍ രഹസ്യം ചോര്‍ത്തുന്നത് പ്രതിനിധികള്‍ കണ്ടെത്തുകയും പിടിയിലാവുകയും ചെയ്തു. ഇതേ കാരണം പറഞ്ഞ്  സമ്മേളനനാന്തരം എസ് ശര്‍മ്മയും എം ചന്ദ്രനും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കപ്പെട്ടു. 

2005 ഫെബ്രുവരി 28ന് സംസ്ഥാന കമ്മിറ്റിയില്‍ ഒഴിവുണ്ടായിരുന്ന അഞ്ച് സ്ഥാനങ്ങള്‍ നികത്തിയപ്പോള്‍ വിഎസ് പക്ഷത്തു നിന്ന് ഒരാളേയും ഉള്‍പ്പെടുത്തിയില്ല. വിഭാഗീയതയും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ന്നതും അന്വേഷിക്കാന്‍ ജൂണ്‍ 12ന് അന്വേഷണ കമ്മീഷനുകളെ നിയമിച്ചു. വിഭാഗീയതയെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയാണ് നിയോഗിച്ചത്. മലപ്പുറത്ത് വാര്‍ത്ത ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കാന്‍ രണ്ടംഗ കമ്മീഷനെയാണ് സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്. പി കരുണാകരന്‍ നേതൃത്വം നല്‍കുന്ന കമ്മീഷനില്‍ എകെ ബാലനായിരുന്നു മറ്റൊരംഗം. മലപ്പുറം സംസ്ഥാന സമ്മേളനത്തോടെ മാധ്യമങ്ങള്‍ സിപിഎം സമ്മേളനങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്ന് പാര്‍ട്ടി വിശ്വസിച്ചു. 
സമ്മേളന വാര്‍ത്തകള്‍ എപ്രകാര്യം സമര്‍ത്ഥമായ് ചോര്‍ത്താമെന്ന് പഠിപ്പിച്ചത് മലപ്പുറം സമ്മേളനമായിരുന്നു. മലപ്പുറം മുതലുള്ള പത്ത് വര്‍ഷക്കാലം വിഎസും പിണറായിയും തമ്മിലുള്ള പോരായിരുന്നു മാധ്യമങ്ങളുടെ ഇഷ്ടവിഷയം. വിഎസിനോട് മാധ്യമങ്ങള്‍ അമിത വിധേയത്വം പുലര്‍ത്തിയെന്നത് പരമ യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടി താത്പര്യത്തിന് ഉപരിയായി ജനകീയ വിഷയത്തില്‍ ഇടപെടുന്ന നേതാവെന്ന പരിവേഷത്തിലാവാം അത്.  ലാവ്‌ലിന്‍ കേസുള്‍പ്പെടെ പിന്നീടുള്ള സമ്മേളനങ്ങളില്‍ ചര്‍ച്ചയായി; എടോ ഗോപാലകൃഷ്ണ, മാധ്യമ സിന്‍ഡിക്കേറ്റ് പ്രയോഗമുള്‍പ്പെടെ പിണറായിയുടെ ക്രൗര്യം മാധ്യമങ്ങള്‍ അനുഭവിച്ചറിഞ്ഞു. പോരിനൊടുവില്‍ വിഎസും പിണറായിയും പി ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിണറായി വീണ്ടും പിബി അംഗമായിട്ടും വിഎസ് വെളിയില്‍ തന്നെയായി. മലപ്പുറത്തിന് ശേഷമുള്ള സംസ്ഥാന സമ്മേളനങ്ങളിലൊന്നും കാര്യമായ അട്ടിമറി ശ്രമങ്ങള്‍ ദൃശ്യമായില്ല. വിഎസ് ക്രൗഡ്പുള്ളറും ഭരണാധികാരിയുമായിട്ടും പാര്‍ട്ടിയിലെ പിടി അഴയാതെ 2015 വരെ പിണറായി നയിച്ചു. ഇതിനിടെ അണികളുടെ ആവേശം ദൃശ്യവത്കരിച്ചാണ് പാര്‍ട്ടിയിലെ തന്റെ സ്വാധീനം  വിഎസ് ഇടയ്ക്കിടെ വിളിച്ചോതിയത്. കോട്ടയത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോള്‍ വിഎസിന് ജയ്‌വിളിച്ച പ്രവര്‍ത്തകരോട് പിണറായി പറഞ്ഞത് ഇപ്രകാരമാണ്: ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല, പാര്‍ട്ടി സമ്മേളനമാണിത്. 

വിഎസ് വിഭാഗം എന്നത് പുതിയ തലമുറയ്ക്ക് മുമ്പില്‍ ഒരു കെട്ടുകഥപോലെയായി; തൃശൂര്‍ സമ്മേളനത്തില്‍ നിഴലിക്കുന്ന യാഥാര്‍ത്ഥ്യവും അതാണ്. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ കാലം അവസാനിച്ചെന്ന് നേതാക്കള്‍ അടിവരയിടുന്നു. മാധ്യമങ്ങളെ തൃശൂര്‍ നിരാശരാക്കുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല. 1939 ഡിസംബറില്‍ പിണറായിയിലെ പാറപ്പുറത്ത് നാമ്പിട്ട പ്രസ്ഥാനത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പിണറായി വിജയന്‍ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കും ചെറുതല്ലാത്ത പങ്കാണുണ്ടാവുക. ഇനി മാധ്യമങ്ങള്‍ അജണ്ട നിശ്ചയിച്ചു എന്ന് പറയാനാവാത്ത വിധം 'സിന്‍ഡക്കേറ്റ് മാധ്യമങ്ങ'ള്‍ നിരാശരായ സമ്മേളന കാലയളവില്‍ പ്രത്യേകിച്ചും.

(അഭിപ്രായങ്ങള്‍ വ്യക്തിപരം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com