പട്ടിണിയുടെ മണം

ഒരു നേരത്തെ ഭക്ഷണം വൈകുമ്പോള്‍ നമ്മളെല്ലാം തമാശ പറയാറില്ലേ കുടലു കരിഞ്ഞ മണം വരണെന്ന്. അത് തമാശയല്ല
ഒരുപിടി അന്നത്തിന്റെ വില; പശ്ചിമ ബംഗാളിലെ പ്രളയകാലത്തെ ചിത്രം (ഫയല്‍)
ഒരുപിടി അന്നത്തിന്റെ വില; പശ്ചിമ ബംഗാളിലെ പ്രളയകാലത്തെ ചിത്രം (ഫയല്‍)

'എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?'

'എല്ലാം'

'അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?'

'ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല'

'എന്തുകൊണ്ടില്ല?'

'പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്'.

എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമേതാണെന്നു ചോദിച്ചാല്‍ ഞാന്‍ പറയും ഗ്രീക്ക് എഴുത്തുകാരന്‍ നികോസ് കസാന്ദ്‌സാകിസിന്റെ സോര്‍ബാ ദ് ഗ്രീക്ക് എന്ന നോവലാണെന്ന്. നിങ്ങള്‍ പുസ്തകങ്ങള്‍ വായിച്ച് ആര്‍ജിച്ച വിജ്ഞാനവും നിങ്ങടെ പുസ്തകങ്ങളും കൊണ്ട് തീയിടു ഹേ എന്നാണ് സോര്‍ബ പറയുന്നത്. അതുകൊണ്ടു കൂടി, എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം സോര്‍ബയാണെന്ന് പറഞ്ഞാല്‍ അത് വിരോധാഭാസമാകും. എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം.  അങ്ങനെ പറയാമോ? പുസ്തകം വായിക്കാനറിയാത്ത, പുസ്തകം വായിക്കാന്‍ കിട്ടാത്ത ഒരുപാട് മനുഷ്യരുള്ളപ്പോള്‍ അങ്ങനെ പറയാമോ? ഖസാക്കിലെ ചേച്ചി/അനിയത്തി ഖണ്ഡികയേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ് സോര്‍ബയിലെ മുകളില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്ന സംഭാഷണശകലം. അങ്ങനെ ഒരു സംഭാഷണശകലമുള്ളതുകൊണ്ട് സോര്‍ബയെപ്പറ്റി അങ്ങനെ പറയാം അല്ലേ?

അച്ഛന്റെ, ഒരു സെമി കൂട്ടുകുടുംബം എന്ന് വിളിക്കാമായിരുന്ന, വീട്ടിലായിരുന്നു കുട്ടിക്കാലം. അച്ഛനും അമ്മയും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. ഒന്നോ രണ്ടോ നായര്‍സ്ത്രീകള്‍ തന്നെ വീട്ടുവേലക്കാരികളായും ഉണ്ടായിരുന്നു. അങ്ങനെ അടിമുടി സവര്‍ണം. എങ്കിലും നാറുന്ന റേഷന്‍ പച്ചരിയായിരുന്നു ഊണിന്. അന്നുണ്ടായിരുന്ന ഏറ്റവും നല്ല ഷര്‍ട്ടിനും നിക്കറിനും ബട്ടന്‍സുകളില്ലായിരുന്നു. അതെല്ലാമെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ നിര്‍മിതദാരിദ്ര്യം എന്നു വേണമെങ്കില്‍ പറയാം. നിര്‍മിതമായ സ്‌നേഹപ്പട്ടിണി. അരിപ്പട്ടിണി. സന്തോഷപ്പട്ടിണി. അതെന്തായാലും ആ ദാരിദ്ര്യങ്ങളെപ്പറ്റി പായാരം പറയുകയില്ല. കാരണം സ്‌ക്കൂളില്‍പ്പോയിത്തുടങ്ങിയപ്പോള്‍ത്തന്നെ യഥാര്‍ത്ഥ ദാരിദ്ര്യമെന്താണെന്ന് കണ്ടിരുന്നു. കണ്ടിരുന്നു എന്നതിന് ഒരടിവര. (കണ്ടതേയുള്ളു, കൊണ്ടില്ല).

നാട്ടുമ്പുറത്തെ ഞങ്ങളുടെ സ്‌കൂളിലെ കുട്ടികളില്‍ പലരും ദിവസക്കൂലിപ്പണിക്കാരുടേയും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരുടേയും മക്കളായിരുന്നു. അധികവും ദളിതരുടേയും ഈഴവരുടേയും ദരിദ്രരായ ക്രിസ്ത്യാനികളുടേയും ദരിദ്രരായ അപൂര്‍വം നായമ്മാരുടേയും മക്കള്‍. അവര്‍ക്ക് പട്ടിണിയുടെ മണമുണ്ടായിരുന്നു. എങ്ങനെയാണോ ആവോ ആ മണം എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്? പക്ഷേ പില്‍ക്കാലത്ത്, ഏഴിലോ എട്ടിലോ പഠിക്കുമ്പോള്‍, അങ്ങനെ ഒരു മണത്തെപ്പറ്റി മറ്റൊരു സമകാലീന സവര്‍ണനായിരുന്ന പ്രദീപിനോട് പറഞ്ഞപ്പോള്‍ അവന്‍ പുച്ഛിച്ചതോര്‍ക്കുന്നു: അത് മാപ്ലാര് മീന്‍ കഴിച്ചട്ട് ശെരിക്കും കയ്യും വായേം കഴുകാത്തേന്റെ മണമാ. സാജന്റെ വീട്ടീപ്പോയപ്പൊ കുടിയ്ക്കാന്‍ വെള്ളം കൊണ്ടന്ന ഗ്ലാസിന്റെ അതേ മണം.

അപ്പോള്‍ മീനും ഇറച്ചിയും കൂട്ടാത്ത, അവനുണ്ടായിരുന്ന ഒരേ ഒരു മുണ്ടും ഷര്‍ട്ടും എന്നും അലക്കിയിട്ടിരുന്ന, തേച്ചുരച്ച് കഴുകിയിരുന്നതുകൊണ്ട് മിനുത്ത ഉപ്പൂറ്റികളുണ്ടായിരുന്ന, പഠിത്തത്തില്‍ ഏറ്റവും പിന്നിലായിരുന്നതുകൊണ്ട് തോറ്റ് തോറ്റ് അഞ്ചാറു വര്‍ഷം പിന്നിലായിരുന്നെങ്കിലും വെടിപ്പിലും വൃത്തിയിലും ഒന്നാമനായിരുന്ന, തെങ്ങുകയറ്റത്തിന്റെ തഴമ്പ് രണ്ടു കാലിലുമുണ്ടായിരുന്ന, ഏഴാം ക്ലാസില്‍ പൊക്കം കൊണ്ട് എന്റെ ലാസ്റ്റ് ബെഞ്ച് മേറ്റായിരുന്ന മീശയുള്ള വിജയന്‍... അവന്റെ ബാര്‍ സോപ്പുമണം ഭേദിച്ച് എന്നെ ഭയപ്പെടുത്തിയിരുന്ന ആ മറ്റേ മണമോ? പട്ടിണിയുടെ മണം?

മീന്‍ തിന്നുന്ന വൃത്തിയില്ലാത്തവരുടെ ഉളുമ്പുമണം എനിക്ക് തിരിച്ചറിയാം ചങ്ങാതീ. അതല്ല പട്ടിണിയുടെ മണം. ഇപ്പോള്‍ ഒരു നേരത്തെ ഭക്ഷണം വൈകുമ്പോള്‍ നമ്മളെല്ലാം തമാശ പറയാറില്ലേ കുടലു കരിഞ്ഞ മണം വരണെന്ന്. അത് തമാശയല്ല. ഒരു നേരത്തെ ഭക്ഷണം വൈകുമ്പോളുമല്ല അതുണ്ടാകുന്നത്. കുടലു കരിഞ്ഞ ഒരു മണമുണ്ട്. വിജയനും കറുത്ത കൃഷ്ണകുമാറിനും ചെവി പഴുത്ത കൃഷ്ണകുമാറിനും തടിയന്‍ സാജനും പ്രസാദിനും വെല്യ ജോസഫിനും കൊച്ചു ജോസഫിനും കാതുകുത്തിയ പ്രദീപിനും ലക്ഷ്മണനും അരവിന്ദനും ഉണ്ടായിരുന്ന മണം. ദുര്‍ഗയ്ക്കും സരളയ്ക്കും ഷീബയ്ക്കും വീണയ്ക്കുമൊക്കെ ആ മണമുണ്ടായിരുന്നോ ആവോ? ഉണ്ടാകുമായിരുന്നിരിയ്ക്കണമെന്ന് അവരുടെ അന്ന് അകന്ന് കണ്ട പ്രകൃതങ്ങള്‍ ഇപ്പോള്‍ ഓര്‍മിപ്പിയ്ക്കുന്നു. െ്രെപമറി കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ വേറെ ക്ലാസുകളിലായി. അല്ലെങ്കിലും ഒന്നാം ക്ലാസു മുതലേ വേറെ ബെഞ്ചുകളിലായിരുന്നു അവരുടെ ഇരിപ്പ്.

1946ല്‍ പുറത്തിറങ്ങിയ സോര്‍ബ 1964ല്‍ സിനിമയായപ്പോള്‍ സോര്‍ബയായി അഭിനയിച്ചത് ആന്റണി ക്വിന്‍. അറുപതുകളില്‍ ജനിച്ചവരായിരുന്നു ഞങ്ങള്‍ വിജയന്‍, റെജി, സുരേഷ്, സജി, വിനയന്‍, പത്മകുമാര്‍, അനുരാജ്, രവി, ശശീന്ദ്രന്‍, വേണു, ആനന്ദശിവറാം, ഷഗീര്‍, ശ്രീനി, കുമ്മായക്കാരന്‍ രഞ്ജിത്, വോളിബോള്‍ രഞ്ജിത്, അജയന്‍, അജിത് കുമാര്‍ പൈ, കമ്മത്ത് ഭാസ്‌കരന്‍, സോഡാക്കുപ്പി സുരേഷ്, അനില്‍കുമാര്‍, രഘു, ബാബു, കറുത്ത കൃഷ്ണകുമാര്‍, ചെവി പഴുത്ത കൃഷ്ണകുമാര്‍, തടിയന്‍ സാജന്‍, മെലിഞ്ഞ സാജന്‍, പ്രസാദ്, ജഗദീശ് ഭട്ട്, വെല്യ ജോസഫ്, കൊച്ചു ജോസഫ്, പ്രദീപ്, കാതുകുത്തിയ പ്രദീപ്, ലക്ഷ്മണന്‍, അരവിന്ദന്‍... അപ്പൂപ്പന്‍ താടികള്‍ പോലെ ഞങ്ങള്‍ എങ്ങോട്ടൊക്കെയോ പറന്നു പോയി. എങ്കിലും അവരില്‍ ചിലര്‍ അനുഭവിപ്പിച്ച പട്ടിണിയുടെ മണം സ്ഥലകാലങ്ങള്‍ കടന്ന് ഇപ്പോഴും എന്നെ പൊതിയുന്നു.

അതുകൊണ്ട് പലകാലങ്ങളിലായി ഞാനോ നിങ്ങളോ ശര്‍ദ്ദിച്ചതെല്ലാം 
(ബ്രെഡ് എനിയ്ക്കിഷ്ടമല്ല, ഞാന്‍ കടച്ചക്ക കൂട്ടാറില്ല, ചാളയുടെ മണം എനിക്ക് പറ്റില്ല, ഞാന്‍ വിസ്‌കി കുടിയ്ക്കില്ല ബ്രാന്‍ഡി മതി, അയ്യോ ഈ ചോറ് അധികം വെന്തു പോയല്ലൊ, ഈ അവിയലില്‍ ഉപ്പധികമായി, ഈ പാലടയ്ക്ക് അടീപ്പിടിച്ച സ്വാദ്, ഇത് പാവയ്ക്കയോ കാഞ്ഞിരമോ, ഈ ബീഫിന് മൂപ്പധികമായി, ഈ പഴത്തിലപ്പിടി കല്ല്, ഈന്തപ്പഴം ഒട്ടുന്നു, ചീരയോ പുഴുവുണ്ടാകില്ലേ, ഇത് ഇന്നലത്തെ ചപ്പാത്തിയല്ലേ, സാമ്പാറോ ആര്‍ക്കു വേണം, ച്ഛീ ഉപ്പും പുളിയുമില്ലാത്ത അയിലക്കറിയോ, എനിയ്ക്കിഷ്ടം പച്ചപ്പറങ്ക്യണ്ടി വറുത്തരച്ച കറിയാണ്, ഒണക്കച്ചെമ്മീന്‍ ചമ്മന്തീടെ അടുത്തുവരുമോ അമൃത്, പഴപ്രഥമനാണ് രാജാവ്, പുട്ടും കോഴിക്കറിയുമാണെന്റെ ഫേവറിറ്റ്, എനിക്ക് മുരിങ്ങയിലത്തോരനും ചൂടുള്ള പൊടിയരിക്കഞ്ഞിയും മതി, ഓ, എനിക്കിത്തിരി നെല്ലിക്കാക്കറി മതി...)  ഞാനിതാ നക്കിക്കുടിയ്ക്കുന്നു.

ആ വാര്‍ത്താലാപ് ഒരിയ്ക്കല്‍ക്കൂടി വായിക്കുന്നു:

'എന്താണ് നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവം?'

'എല്ലാം'
'അതെന്താ അങ്ങനെ? ഏറ്റവും പ്രിയപ്പെട്ടതില്ലേ?'

'ഇല്ല; അങ്ങനെ തെരഞ്ഞെടുക്കാന്‍ നമുക്കാര്‍ക്കും അവകാശമില്ല'

'എന്തുകൊണ്ടില്ല?'

'പട്ടിണി കിടക്കുന്ന ഒരുപാട് മനുഷ്യരുള്ളതുകൊണ്ട്'.

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com