'അമ്മ'യില്‍ നുരയുന്നത് സാംസ്‌കാരിക ഫോര്‍മാലിന്‍

അമ്മദൈവം (മദര്‍ ഗോഡസ്) എന്ന സങ്കല്‍പ്പം നിലനിന്ന നാടാണ് ഇന്ത്യ എന്ന ഭാരതം.  
'അമ്മ'യില്‍ നുരയുന്നത് സാംസ്‌കാരിക ഫോര്‍മാലിന്‍

മ്മദൈവം (മദര്‍ ഗോഡസ്) എന്ന സങ്കല്‍പ്പം നിലനിന്ന നാടാണ് ഇന്ത്യ എന്ന ഭാരതം.  ആഫ്രോഡൈറ്റ് ഉള്‍പ്പെടെ ഒട്ടേറെ അമ്മദൈവങ്ങള്‍ ആരാധിക്കപ്പെട്ട പ്രാചീന ഗ്രീസിലെന്നപോലെ പ്രാചീന ഇന്ത്യയിലും നിരവധി അമ്മദൈവങ്ങള്‍ മനുഷ്യരുടെ ആരാധനാമൂര്‍ത്തികളായിരുന്നു. 'ശാസ്ത്രീയ ഇന്ത്യന്‍ ചരിത്രത്തിന്റെ പിതാവ്' എന്ന അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകനായ ദെയില്‍ റൈപിനാല്‍ വിശേഷിപ്പിക്കപ്പെട്ട ഡി.ഡി. കൊസാംബി ഇന്ത്യയിലെ അമ്മദൈവ സങ്കല്‍പ്പം വിശകലന വിധേയമാക്കിയിട്ടുണ്ട്. പിതൃദായ വ്യവസ്ഥയ്ക്കു പകരം മാതൃദായ വ്യവസ്ഥ ശക്തമായി നിലനിന്ന കാലഘട്ടത്തിന്റെ ഉല്‍പ്പന്നങ്ങളാണ് അമ്മ ദൈവങ്ങള്‍ എന്നത്രേ കൊസാംബി നിരീക്ഷിക്കുന്നത്.

പ്രാഗ് ചരിത്രഘട്ടത്തിലെ മിത്തുകളെ മാര്‍ക്‌സിയന്‍ വിശ്ലേഷണോപാധികള്‍ ഉപയോഗിച്ച് വിശദീകരിക്കാന്‍ ശ്രമിച്ച കൊസാംബിയുടെ അഭിപ്രായത്തില്‍ കൃഷ്ണന്റെ രാധ മാത്രമല്ല, അങ്ങോരുടെ മറ്റനേകം ഭാര്യമാരും സ്വന്തമായ സ്ഥാനപദവികളുണ്ടായിരുന്ന അമ്മ ദൈവങ്ങളായിരുന്നു. പ്രസ്തുത ദേവീസങ്കല്‍പ്പത്തിന്റെ സാന്നിധ്യം തന്നെയാണ് ശിവപാര്‍വ്വതിമാരുടെ വിവാഹത്തിലും കാണുന്നത്. ശിവന്റേയും പാര്‍വ്വതിയുടേയും വേര്‍പിരിയല്‍ തടയുന്നതിന്റെ ഭാഗമായി പിറവികൊണ്ടതാണ് അര്‍ധനാരീശ്വരന്‍ (പാതി ശിവനും പാതി പാര്‍വ്വതിയും ചേര്‍ന്ന ദ്വിലിംഗന്‍) എന്ന ആശയം.

പുരുഷനോളം തന്നെ സ്ത്രീക്കും പ്രാമുഖ്യം നല്‍കപ്പെട്ട ഒരു സാമൂഹിക വ്യവസ്ഥയുടെ ഉല്‍പ്പന്നങ്ങളായി വേണം അമ്മദൈവ സങ്കല്‍പ്പത്തേയും അര്‍ധനാരീശ്വര സങ്കല്‍പ്പത്തേയും കാണാന്‍. ആണ്‍-പെണ്‍ സമത്വബോധത്തിന്റെ അത്തരമൊരു സുവര്‍ണ്ണ ഭൂതകാലം ആയിരത്താണ്ടുകള്‍ക്കു മുന്‍പ് നിലനിന്ന ഒരു ദേശത്തിന്റെ ഭാഗമായ കേരളത്തിലാണ് അമ്മ (AMMA) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഒരു ചലച്ചിത്ര താരസംഘടനയുടെ അമരത്തിരിക്കുന്ന ആണ്‍പട ആധുനിക മാനവികതാബോധത്തെ അതിനികൃഷ്ടമായി മാനഭംഗപ്പെടുത്തും വിധമുള്ള പെണ്‍വിരുദ്ധതയില്‍ അഭിരമിക്കുന്നത്. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടും മര്‍ദ്ദനങ്ങള്‍ക്ക് വിധേയയായ നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം കോടതി മുന്‍പാകെ വേട്ടക്കാരന്റെ റോളില്‍ നില്‍ക്കുന്ന നടനോട് ഐക്യപ്പെടാനും അയാളെ വല്ല വിധേനയും പൂര്‍വ്വ പ്രതിച്ഛായയിലേക്ക് തിരിച്ചുകൊണ്ടുവരാനും മനസ്സാക്ഷിക്കുത്തൊട്ടുമില്ലാതെ മുന്നോട്ടു വന്നിരിക്കുന്നു 'അമ്മ'യുടെ സാരഥികള്‍. അവര്‍, ചുരുങ്ങിയത് തങ്ങള്‍ അനര്‍ഹമായി കയ്യടക്കിവെച്ചിരിക്കുന്ന സംഘടനയുടെ പേരൊന്നു ഭേദഗതി ചെയ്യുകയെങ്കിലും വേണം. 'അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ്' എന്നല്ല, 'അസോസിയേഷന്‍ ഓഫ് മലയാളം മെയ്ല്‍ ആര്‍ട്ടിസ്റ്റ്‌സ്' എന്ന പേരേ ഇപ്പോള്‍ ആ കൂട്ടായ്മക്ക് ചേരൂ.

ഇതു പറയുമ്പോള്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ചില നടന്മാരുടെ അഭിനന്ദനീയവും മാതൃകാപരവുമായ സമീപനം വിസ്മരിക്കുന്നില്ല. അത്തരം നടന്മാരും പുരുഷന്മാരായ മറ്റു ചലച്ചിത്ര പ്രവര്‍ത്തകരുമുണ്ടെങ്കിലും അമ്മയുടെ താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന നടന്മാര്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുക വഴി ആ സംഘടനയുടെത്തന്നെ അംഗമായ നടി കടന്നുപോയ ദുരിതപര്‍വ്വത്തിനു നേരെ അശേഷം കരുണയില്ലാതെ കണ്ണടയ്ക്കുകയാണ് ചെയ്തത്. അക്കൂട്ടത്തില്‍ 'മഹാനടന്മാര്‍' എന്നു പരസ്യക്കമ്പനികളും ഫാന്‍സ് അസോസിയേഷനുകളും വൃഥാ വിശേഷിപ്പിക്കുന്ന മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ അത്ര മഹാനടന്മാരല്ലാത്ത ഇന്നസെന്റും മുകേഷും ഗണേശ് കുമാറുമുണ്ട്. 'താരത്തിളക്ക'ത്തില്‍ അവര്‍ക്കെല്ലാം ഏറെ താഴെ മാത്രം സ്ഥാനമുള്ള മറ്റു പല നടന്മാരും വേട്ടക്കാരനുവേണ്ടി കണ്ഠക്ഷോഭം നടത്തുകയും ചിലരെല്ലാം ചാനലുകള്‍ വഴി ആരോപണവിധേയനായ അഭിനേതാവിനുവേണ്ടി 'അഭിഭാഷകവൃത്തി'യില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ടുതാനും. കെ.പി.എ.സി. ലളിതയെപ്പോലുള്ള നടികളാകട്ടെ, മഹാനടന്മാരുടെ ഓരം ചേര്‍ന്നാണ് നില്‍ക്കുന്നത്.

പുരുഷമേധാവിത്വമൂല്യങ്ങളുടെ ഇരകളായിരിക്കുമ്പോള്‍ത്തന്നെ സ്ത്രീകളില്‍ പലരും ആ മൂല്യങ്ങളുടെ പുനരുല്‍പ്പാദകരായി മാറാറുണ്ട് എന്നത് പൊതുവില്‍ കണ്ടുവരുന്ന പ്രവണതയാണ്. ലളിത തൊട്ട് പൊന്നമ്മ വരെയുള്ള സീനിയര്‍ നടികള്‍ മാത്രമല്ല, പല ജൂനിയര്‍ നടികളും ഈ പ്രവണതയ്ക്ക് വിധേയരാണ്. സൂപ്പര്‍ സ്റ്റാര്‍, മെഗാസ്റ്റാര്‍ തുടങ്ങിയ പൊള്ളയായ വിശേഷണങ്ങളുടെ പേരില്‍ അഹങ്കരിക്കുന്ന, ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ചില സീനിയര്‍ നായക നടന്മാരുടെ നിഴലില്‍ ചുരുണ്ടുകൂടി നില്‍ക്കാനാണ് ഈ ഗണത്തില്‍പ്പെടുന്ന സീനിയര്‍-ജൂനിയര്‍ അഭിനേത്രികളില്‍ പലരും ഇഷ്ടപ്പെടുന്നത്.

സിപിഎമ്മിന്റെ വിചിത്രവാദങ്ങള്‍

പുരുഷമേധാവിത്വപരമായ നിലപാടുകളേയും ദുരാധിപത്യ പ്രവണതകളേയും ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പ് കാട്ടിയത് അപമാനിക്കപ്പെട്ട നടിക്ക് പുറമെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വ്വതി, രേവതി, പത്മപ്രിയ തുടങ്ങി ഏതാനും നടികള്‍ മാത്രമാണ്. അവരോടൊപ്പം നില്‍ക്കാന്‍ ഇടത്തും വലത്തുമുള്ള ചില രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്നത് നല്ല കാര്യം. വി.എസ്സും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ജി. സുധാകരനും പി.ടി. തോമസും ബിനോയ് വിശ്വവും മേഴ്‌സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും തോമസ് ഐസക്കും എം.എ. ബേബിയും എം.സി. ജോസഫൈനും വൃന്ദാ കാരാട്ടുമൊക്കെ ആ വകുപ്പില്‍പ്പെടും. വളരെ വൈകിയാണെങ്കിലും സി.പി.എം. എന്ന പാര്‍ട്ടി തന്നെ ദിലീപിനെ തിരിച്ചെടുക്കാനുള്ള 'അമ്മ'യുടെ തീരുമാനം തെറ്റായിപ്പോയി എന്നു വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.

പക്ഷേ, അപ്പോഴും ഇടതുമുന്നണിയുടെ ബാനറില്‍ മത്സരിച്ച് എം.പിയായ ഇന്നസെന്റിനേയോ എം.എല്‍.എമാരായ മുകേഷിനേയോ ഗണേശ് കുമാറിനേയോ ഇരയെ കൈവിട്ട് വേട്ടക്കാരന്റെ സംരക്ഷകരായതിന്റെ പേരില്‍ ചെറുതായൊന്നു വിമര്‍ശിക്കാന്‍പോലും പാര്‍ട്ടി തയ്യാറായിട്ടില്ല. എന്നുതന്നെയല്ല, അവര്‍ക്കെതിരെ മറ്റുള്ളവര്‍ നടത്തുന്ന വിമര്‍ശനം ദുരുദ്ദേശ്യപരമാണെന്ന വിചിത്രവാദം പാര്‍ട്ടി ഉന്നയിച്ചിട്ടുമുണ്ട്. തങ്ങളെ വോട്ടു നല്‍കി ജയിപ്പിച്ച ജനങ്ങളുടെ ഉത്തമ വികാരവിചാരങ്ങളുടെ പ്രതിനിധികളായിരിക്കണം ജനപ്രതിനിധികള്‍. അങ്ങനെയല്ലാതെ വരുമ്പോള്‍ ജനപ്രതിനിധികള്‍ എന്ന വിശേഷണത്തിന് അവര്‍ അര്‍ഹരല്ലാതായിത്തീരുന്നു. ദിലീപ് വിഷയത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ ജനവികാരത്തിന്റെ എതിര്‍ചേരിയിലാണ് എന്നതിനാല്‍ അവര്‍ക്കെതിരെയുള്ള വിമര്‍ശനം നൂറു ശതമാനം സോദ്ദേശ്യപരമാണെന്നേ വിവേകമതികള്‍ പറയൂ.

ഇടതുപക്ഷത്തിന്റെ ജനപ്രതിനിധികള്‍ മാത്രമല്ല, കുറ്റാരോപിതനായ നടനെ പൂര്‍വ്വ പ്രൗഢിയിലേക്ക് പുനരാനയിക്കാനുള്ള കുത്സിതശ്രമത്തില്‍ ഭാഗഭാക്കായത്. സി.പി.എമ്മിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കൈരളി ടി.വിയുടെ അധ്യക്ഷപദവിയിലിരിക്കുന്ന മമ്മൂട്ടിയുമുണ്ട് ആ ലിസ്റ്റില്‍. കേസില്‍ വിധിവരുന്നത് വരെ ദിലീപ് 'അമ്മ'യ്ക്ക് വെളിയില്‍ നില്‍ക്കട്ടെ എന്നു ആ നടന്‍  പറഞ്ഞില്ല. ദീര്‍ഘകാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന ലിംഗസമത്വം, ലിംഗനീതി എന്നീ മൂല്യങ്ങളോട് പാര്‍ട്ടി നേതൃത്വത്തിന് കാല്‍ക്കഴഞ്ച് പ്രതിബദ്ധതയുണ്ടെങ്കില്‍, അത്തരമൊരാള്‍ കൈരളിയുടെ ചെയര്‍മാന്‍ പദവിയില്‍ തുടരുന്നത് ഉചിതമാണോ എന്നവര്‍ ആലോചിക്കേണ്ടതല്ലേ?

അതിനൊന്നും സി.പി.എം. തയ്യാറല്ല എന്നത്രേ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളില്‍നിന്നു ലഭിക്കുന്ന സൂചന. 'അമ്മ' എന്ന താരസംഘടനയുടെ ഇരയെ തള്ളി വേട്ടക്കാരന്റെ (കുറ്റാരോപിതന്റെ) പക്ഷം ചേര്‍ന്നത് ആ സംഘടനയുടെ ആഭ്യന്തരപ്രശ്‌നമാണെന്നാണ് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ വാദം അംഗീകരിച്ചാല്‍ അത് എവിടെയെല്ലാം ചെന്നു തട്ടുമെന്നു മന്ത്രി ആലോചിച്ചതായി തോന്നുന്നില്ല. ഹിന്ദു സമുദായത്തില്‍പ്പെട്ട പരിഷ്‌ക്കരണവാദികളായ ദബോല്‍ക്കറും കല്‍ബുര്‍ഗിയും പന്‍സരേയും അതേ സമുദായത്തില്‍പ്പെട്ട മതതീവ്രവാദികളുടെ വെടിയുണ്ടയ്ക്കിരയായി. ആ ക്രൂരകൃത്യങ്ങളെല്ലാം ഹിന്ദു സമുദായത്തിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നു വിലയിരുത്തി സി.പി.എം. മിണ്ടാതിരിക്കുമോ? മുസ്ലിം സമുദായാംഗമായ ഫാറൂഖ് എന്ന യുക്തിവാദിയെ മുസ്ലിം മതോന്മാദികള്‍ കൊലപ്പെടുത്തി. അത് ഇസ്ലാമിക സമൂഹത്തിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നു പറഞ്ഞു ഇടതുപക്ഷം ഒഴിഞ്ഞുമാറുമോ? ക്രൈസ്തവ സമുദായാംഗമായ സനല്‍ ഇടമറുകിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ ആ സമുദായ നേതൃത്വം അങ്ങേയറ്റം ശത്രുതാപരമായ നിലപാടെടുത്തു. അത് ക്രൈസ്തവ സമുദായത്തിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം മാറി നില്‍ക്കുമോ? രാജസ്ഥാനില്‍ രൂപ്കന്‍വര്‍ എന്ന ഹിന്ദു യുവതിയെ നിര്‍ബന്ധിച്ച് സതി അനുഷ്ഠിപ്പിച്ചതും ഉത്തരാഖണ്ഡിലെ ശയറാ ബാനുവെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി വഴിയാധാരമാക്കിയതും ബന്ധപ്പെട്ട സമുദായങ്ങളുടെ ആഭ്യന്തരപ്രശ്‌നങ്ങളായി വിശദീകരിച്ച് സി.പി.എം. തൃപ്തിയടയുമോ?

ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി 'ഇല്ല' എന്നാണെങ്കില്‍, 'അവളോടൊപ്പം' നില്‍ക്കുന്നതിനു പകരം 'അവനോടൊപ്പം' നിന്ന 'അമ്മ'യുടെ മാടമ്പി മനസ്സുള്ള നടന്മാരുടെ മാപ്പര്‍ഹിക്കാത്ത പുരുഷാധിപത്യ മനോഭാവത്തിനും ഇരയ്‌ക്കെതിരെ അവര്‍ സ്വീകരിച്ച അക്ഷന്തവ്യമായ നീച നിലപാടുകള്‍ക്കുമെതിരെ കടകംപള്ളിയുടെ പാര്‍ട്ടി കലവറയില്ലാതെ രംഗത്ത് വരേണ്ടതുണ്ട്. ഇത് ഏതെങ്കിലും വ്യക്തികളുടേയോ സംഘടനകളുടേയോ ആഭ്യന്തര പ്രശ്‌നമല്ല. മലയാള ചലച്ചിത്രലോകത്തെ ഗ്രസിച്ച പുരുഷ ദുഷ്പ്രഭുത്വത്തിനെതിരെ പൊറുതിമുട്ടിയ വനിതാ ആര്‍ട്ടിസ്റ്റുകള്‍ നടത്തുന്ന ന്യായമായ സമരത്തിന്റെ പ്രശ്‌നമാണിത്. 'അമ്മ'യില്‍ നുരഞ്ഞു പൊന്തുന്ന സാംസ്‌ക്കാരിക ഫോര്‍മാലിനെതിരെയാണ് ഏതാനും ചലച്ചിത്ര നടികള്‍ അടരാടുന്നത്. ഫോര്‍മാലിന്‍ എന്ന മാരകവിഷം മത്സ്യങ്ങളില്‍ മാത്രമല്ല, കാട്ടുമാടമ്പികളുടെ കരാള ദംഷ്ട്രയില്‍ അമര്‍ന്ന മലയാള സിനിമാരംഗത്തുമുണ്ടെന്ന്  ഇടത്തും വലത്തുമുള്ള രാഷ്ട്രീയക്കാര്‍ തിരിച്ചറിയണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com