മരുപ്പച്ചകളിലെ കുളിര്- സി. രാധാകൃഷ്ണന്‍ എഴുതുന്നു

'ഇനിയും മരിച്ചിട്ടില്ലാത്ത' നമ്മള്‍ ഇവരോട് ആയുസ്സിനായി കടപ്പെട്ടിരിക്കുന്നു.
മരുപ്പച്ചകളിലെ കുളിര്- സി. രാധാകൃഷ്ണന്‍ എഴുതുന്നു

ങ്കടപ്പെടുത്തുന്ന നിരവധി കാര്യങ്ങളുടെ കൂടെ മനസ്സ് കുളിര്‍പ്പിക്കുന്ന ചിലതുമുള്ളതിനാലാണല്ലോ നമുക്കു ജീവിതം സഹ്യമായിത്തീരുന്നത്. അത്തരത്തില്‍ ചിലതിനെക്കുറിച്ചാകട്ടെ ഇത്തവണ.
മോഹന്‍ എന്നൊരാള്‍ കോഴിക്കോട്ടുനിന്ന് ഫോണില്‍ വിളിക്കാന്‍ തുടങ്ങിയതു കൃത്യമായി എന്നാണ് എന്ന് തിട്ടമില്ല. ഞാന്‍ എവിടെയെങ്കിലുമൊക്കെ എഴുതാറുള്ള കുറിപ്പുകളേയും ലേഖനങ്ങളേയും കുറിച്ച് പറയും. ഇത്തരം സന്ദേശങ്ങള്‍ അന്യഥാ പതിവായതുകൊണ്ട് പലരിലൊരാള്‍ എന്നേ കരുതിയുള്ളൂ.
നേരില്‍ പരിചയപ്പെടാന്‍ ഇട കിട്ടിയത് കോഴിക്കോട്ട് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ്. കാഴ്ച ഇല്ലാത്ത ഒരാളാണെന്ന് അപ്പോഴേ മനസ്സിലായുള്ളൂ. ഈ വെല്ലുവിളിയെ നേരിട്ട് മറ്റുള്ളവരെപ്പോലെ അദ്ദേഹം ജോലിചെയ്തു ജീവിക്കുന്നു. ഏറെ ആദരവ് തോന്നി.
പത്രവാരികകളും സാഹിത്യകൃതികളുമൊക്കെ അദ്ദേഹം എങ്ങനെ വായിക്കുന്നു എന്ന വിസ്മയം ബാക്കിയായി. പക്ഷേ, മറ്റാരും വായിച്ചുകൊടുത്തല്ല സ്വയം കേട്ടാണ് എന്ന അറിവ് കുറച്ചുകൂടി വലിയ വിസ്മയവുമായി.
ഇതിനേക്കാള്‍ അദ്ഭുതകരമായ ഒന്നുകൂടി ഈ വിഷയത്തിലുണ്ടെന്നറിയാന്‍ പിന്നേയും അല്പം വൈകി; ഇന്റര്‍നെറ്റ് വഴിയാണ് കൃതികള്‍ കേള്‍ക്കുന്നത്. കാഴ്ചക്കുറവുള്ള അനേകരുണ്ട് ഈ കേഴ്വിക്കാരില്‍.
'ശ്രവ്യം' എന്നൊരു പ്രസ്ഥാനമാണ് ഇതിനു നിദാനം. തങ്ങള്‍ക്ക് നല്ലതെന്നു തോന്നുന്ന രചനകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ വായിച്ചു റെക്കോഡ് ചെയ്യുന്നു, നെറ്റിലിടുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെമിസ്ട്രി അദ്ധ്യാപകന്‍ പ്രൊഫ. റോബിന്‍സണ്‍ തുടക്കമിട്ട പ്രസ്ഥാനമാണ്. ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന് മറ്റു പലരും എത്തി. ബാങ്ക് ഓഫീസര്‍മാര്‍, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിങ്ങനെ നാനാതുറകളിലുമുള്ള ആളുകളാണ് ഇപ്പോള്‍ സംഘത്തിലുള്ളത്. അന്യനാടുകളിലുള്ള മഹാമനസ്‌കരായ മലയാളികളുമുണ്ട് ഈ വായനാസാരഥികളില്‍. ഉദാഹരണം, അമേരിക്കയില്‍ അലബാമ സര്‍വ്വകലാശാലയില്‍ മനശ്ശാസ്ത്രജ്ഞനായ ഡോ. രാജേഷ്. 'ഓട്ടിസം' (autism) മുതലായ നാഡീവ്യൂഹ വെല്ലുവിളികളാണ് ഇദ്ദേഹത്തിന്റെ പ്രത്യേക പഠനവിഷയം.
തിരക്കുപിടിച്ച ജീവിതത്തിനിടയിലും മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമവും സമയവും മാറ്റിവെക്കാന്‍ തയ്യാറുള്ളവര്‍ ഉണ്ടെന്ന അറിവ് എത്ര ആശ്വാസകരം!
ഏറ്റവും സമാദരണീയമായ വസ്തുത, ഒരു തരിമ്പും പ്രതിഫലേച്ഛ ഇല്ലാതെയാണ് ഈ യജ്ഞം എന്നതാണ്. തങ്ങളുടെ സഹായം ആരെല്ലാം സ്വീകരിക്കുന്നു എന്ന അറിവുപോലും ഇവര്‍ തേടുന്നില്ല! തിരികെ ഒരു ഉപകാരവും ചെയ്യുമെന്നു കരുതാന്‍ ഒരു ന്യായവും ഇല്ലാത്ത ആര്‍ക്കോ വേണ്ടി പ്രയത്‌നം! ഒരു കൈ ചെയ്യുന്നത് മറുകൈ പോലും അറിയുന്നില്ല.
ഇങ്ങനെയൊരു കാര്യത്തെപ്പറ്റി ഒരു പത്രവാര്‍ത്തയും ആരും ഇന്നോളം കണ്ടിരിക്കില്ല. തങ്ങള്‍ ചെയ്യുന്ന സഹായം ആരെങ്കിലും അറിയണമെന്ന് ഇവര്‍ കരുതാത്തതു തന്നെ കാരണം.
ഞാനിത്രയുമൊക്കെ അറിഞ്ഞതുതന്നെ മോഹന്‍ എന്ന സുഹൃത്തിനെ ചോദ്യം ചെയ്ത് കഷ്ടപ്പെടുത്തിയാണ്.
ആധുനിക സാങ്കേതികവിദ്യ സാഹിത്യത്തെ അനുഗ്രഹിക്കുന്ന രീതി ആശ്ചര്യകരം തന്നെ. കഥയോ കവിതയോ ലേഖനമോ ഒക്കെ 'അശരീരി'യായി ഒഴുകിവരുന്നു. ഈ പ്രവാഹത്തിന്റെ കരയിലിരിക്കുന്ന ആര്‍ക്കും കോരിക്കുടിക്കാം!
കാഴ്ചയൊക്കെ ശരിയായി ഉള്ളവര്‍ക്കും 'പുസ്തകമില്ലാതെ' വായിക്കാംവാഹനമോടിക്കുമ്പോഴും ഉറങ്ങാന്‍ കിടക്കുമ്പോഴും വെളിച്ചമില്ലെന്നാലും കടയില്‍ പോയി വാങ്ങാതേയും...!
'സംസാരിക്കുന്ന പുസ്തകം' (talking book) ഒരു വാണിജ്യ ഉല്പന്നമായി നിലവിലുണ്ട്. അതുപക്ഷേ, ലാഭം മുന്‍നിര്‍ത്തിയുള്ള ഏര്‍പ്പാടാണ്. അല്ലാതെ മൂല്യവത്തായ അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്‍കാര്യം നോക്കാതെയുള്ള തെരഞ്ഞെടുപ്പിന്റെ ഫലമല്ല.
ഈ ദാനശീലരായ  അഭിജ്ഞരുടെ വര്‍ഗ്ഗം പെരുകട്ടെ!
പെരുകേണ്ടിയിരിക്കുന്ന മറ്റൊരു കൂട്ടരെക്കുറിച്ചുകൂടി ഈയിടെ നമുക്ക് അറിവു കിട്ടി. നിപ്പ വൈറസ്സിന്റെ വകയാണ്  ഈ വകതിരിവ്. രോഗം ബാധിച്ചവരെ ശുശ്രൂഷിക്കെ രോഗം പകര്‍ന്നുകിട്ടി, അകാലത്തു മരിച്ച രണ്ടു പിഞ്ചോമനകളുടെ അമ്മയായ ലിനി എന്ന നഴ്സ് മനുഷ്യനന്മയില്‍ പുതിയ വിശ്വാസവേരോട്ടങ്ങള്‍ക്കു വഴിതെളിയിക്കുന്നു. ഒരു സേവനസ്ഥിരതയുള്ള സ്റ്റാഫ് നഴ്സ് പോലുമായിരുന്നില്ല അവര്‍. വെറുമൊരു കരാര്‍ത്തൊഴിലാളി, ദിവസക്കൂലിക്കാരി.
''എനിക്ക് വയ്യ ഈ പണി'' എന്നു പറയാന്‍ അവര്‍ക്കു പ്രയാസമില്ലായിരുന്നു, പറഞ്ഞില്ല. ആ ദിവസങ്ങളിലെ കൂലിക്കുവേണ്ടി മാത്രമായിരുന്നില്ല അവര്‍ ഈ രോഗികളെ പരിചരിച്ചത്. ഗള്‍ഫിലൊരു ജോലിക്കാരനായ ഭര്‍ത്താവുള്ളതിനാല്‍ നിത്യക്കൂലി അത്യന്താപേക്ഷിതമല്ലായിരുന്നു. നഴ്സായ തന്റെ ദൗത്യം ആതുരസേവനമാണെന്ന അര്‍പ്പണബോധമാണ് അവരെ നയിച്ചത് എന്ന് നൂറു ശതമാനവും ഉറപ്പ്. ഈ ഒരു മഹാമനസ്‌കത മതി ഈ ഭൂമിയെ കൊടിയ ദുരന്തങ്ങളില്‍നിന്നു രക്ഷിക്കാന്‍.
എന്തു മഹാരോഗമായാലും ശരി ഞാന്‍ വന്ന് സൗജന്യമായി സഹായിക്കാം അതു നിവാരണം ചെയ്യാന്‍ എന്നു പുറപ്പെട്ട ഉത്തരേന്ത്യക്കാരനായ ഡോക്ടറുടെ കാര്യവും വ്യത്യസ്തമല്ല. 'കുട്ടികളെ കൊന്ന' കേസില്‍ അദ്ദേഹം തടങ്കലിലായിരുന്നു. ജാമ്യത്തിലിറങ്ങിയതാണ്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മരിച്ച കുട്ടികളെയാണ് ഇദ്ദേഹം കൊന്നതായി കേസുണ്ടായത്. ഓക്‌സിജന്‍ കമ്പനിക്ക് ബില്‍ കുടിശ്ശിക വന്നതാണ് ഓക്‌സിജന്‍ കിട്ടാതാക്കിയത്. കമ്പനി സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിന് പതിവു 'ലഞ്ചം' കൊടുക്കാത്തതാണ് കുടിശ്ശികയുടെ കാരണം. പക്ഷേ, ശിശുക്കളുടെ കൂട്ടമരണത്തിനുത്തരവാദിയായത് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ല, ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടറാണ്. അതാണല്ലോ നമ്മുടെയൊരു സമ്പ്രദായം! കാത്തിരുന്ന ഓക്‌സിജന്‍ കിട്ടാഞ്ഞ് പിടഞ്ഞു മരിച്ച കുട്ടികളുടെ ഓര്‍മ്മ ആ ഡോക്ടറെ എവിടെയെങ്കിലും ആരുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ പ്രചോദിപ്പിക്കുന്നു. പശുവിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ വ്യഗ്രത കാട്ടുന്ന സംസ്ഥാന ഭരണകൂടം മനുഷ്യശിശുക്കളുടെ ദാരുണ മരണത്തിനു വഴിവെച്ചാല്‍ ഭരണാധികാരികളുടെ പേരില്‍ കൊലപാതകക്കുറ്റം ചുമത്താന്‍ 'ഭാരതീയ ശിക്ഷാ നിയമാവലി'യില്‍ വ്യവസ്ഥയില്ല!
നിപ്പ വൈറസ്സിനെ തിരിച്ചറിഞ്ഞതും അതിനെത്തുടര്‍ന്ന് മരുന്നന്വേഷിക്കാനും ഫലപ്രദമായി ചികിത്സയും പ്രതിരോധവും ഒരുക്കി രോഗത്തെ 'നിലക്കുനിര്‍ത്താ'നും വഴിതെളിയിച്ചതും മൂന്ന് യുവഡോക്ടര്‍മാരാണല്ലോ. ബംഗ്ലാദേശില്‍ മൂന്നു വര്‍ഷമെടുത്തു നിപ്പയെ തിരിച്ചറിയാന്‍. ഇവിടെ രണ്ടാമത്തെ മരണമുണ്ടായി രണ്ടു ദിവസത്തിനകം പേരാമ്പ്രയിലെ വൈറസ്സിനെ തിരിച്ചറിയാന്‍ സാധിച്ചു. രോഗലക്ഷണങ്ങള്‍ അപൂര്‍വ്വവും നിയന്ത്രണാതീതവുമായി കണ്ടതോടെ ഈ യുവപ്രതിഭകളുടെ അന്വേഷണബുദ്ധിയും വകതിരിവും പ്രവര്‍ത്തിച്ചു. പിഴക്കാത്ത അസ്ത്രമായി അത് ലക്ഷ്യത്തില്‍ തറച്ചു.
പണം കൊടുത്തു സീറ്റു 'വാങ്ങി' പഠിക്കുകയും പണം വാങ്ങാന്‍ വേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന ആര്‍ത്തിപ്പണ്ടാരങ്ങളായി പലപ്പോഴും ചിത്രീകരിക്കപ്പെടാറുള്ള ഡോക്ടര്‍മാര്‍ കഴിവും ബുദ്ധിയും ജാഗ്രതയുമുള്ളവരാണെന്നു  തിരിച്ചറിയപ്പെടുന്നു. പെട്ടെന്ന് രോഗാണുവിനെ കണ്ടെത്തുകയും രോഗം പകരാതിരിക്കാനുള്ള മുറകള്‍ തീരുമാനിച്ച് നടപ്പിലാക്കുകയും ചെയ്തിട്ടും ഇതിനകം ഇത്രയും പേര്‍ മരിച്ചെങ്കില്‍, വൈദ്യശാസ്ത്രലോകം ഇപ്പോഴും ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുകയായിരുന്നപക്ഷം എത്ര ദാരുണമായേനെ അനന്തരഫലം എന്ന് ആര്‍ക്കും കണക്കാക്കാവുന്നതേയുള്ളൂ. 'ഇനിയും മരിച്ചിട്ടില്ലാത്ത' നമ്മള്‍ ഇവരോട് ആയുസ്സിനായി കടപ്പെട്ടിരിക്കുന്നു.
ഉവ്വ്, രോഗത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനു പകരം ഭൂതപ്രേതാദികളെ നേരിടുന്ന മനോഭാവത്തോടെ സ്വീകരിച്ചവരും നമുക്കിടയിലുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ വീട്ടിലുള്ളവര്‍, അവര്‍ 'രോഗവാഹകരാ'യിട്ടുണ്ടെങ്കില്‍ (carriers) രോഗപ്രസരത്തിന് വഴിവെക്കാതിരിക്കാന്‍ ധരിക്കേണ്ട മാസ്‌ക്കുകളും കൈയുറകളും ആരോഗ്യ വകുപ്പുകാര്‍ കൊണ്ടുചെന്ന് വീട്ടിലേയ്ക്കുള്ള ഇടവഴിയില്‍ ഇട്ടേച്ചുപോയ വാര്‍ത്തയും വന്നല്ലോ!
പനിപിടിച്ചു മരിച്ചവരുടെ വീടുകളിലെ ശേഷിക്കുന്നവരെ, അവര്‍ അനാഥരും അശരണരും ആണെങ്കില്‍പ്പോലും മിണ്ടാപ്പാടകലെയോ തീണ്ടാപ്പാടകലെപ്പോലുമോ അല്ല വിളിപ്പാടില്‍നിന്നുപോലും മാറ്റനിര്‍ത്തുന്ന ചിത്രങ്ങളും കണ്ടു!
അരികില്‍ ചെന്ന് വകതിരിവില്ലാതെ പെരുമാറി രോഗം പകര്‍ന്നുവാങ്ങി വെറുതെ ധൈര്യം കാട്ടണം എന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും പറയാനാവില്ല, തീര്‍ച്ച. പക്ഷേ, ജനാരോഗ്യത്തിന്റെ കാവല്‍ക്കാരായ അധികാരികള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളോടെ രംഗത്തെത്താന്‍ ബാദ്ധ്യതയുണ്ടെന്ന കാര്യം അത്രതന്നെ തീര്‍ച്ചയല്ലേ? ഓ, ശരിയാണ്: ഏതു മാരക വൈറസ്സിനും ഇന്നല്ലെങ്കില്‍ നാളെ മരുന്നുണ്ടാക്കാം; പേടിക്കു പറ്റില്ല!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com