ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''

ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''
ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''

ക്രൊയേഷ്യയ്‌ക്കെതിരെ അര്‍ജന്റീന തോറ്റമ്പിയപ്പോള്‍ പ്രാണവേദനയോടെ നെഞ്ചുപിടഞ്ഞ് ശ്വാസം മുട്ടി ആത്മാഹൂതി നടത്തിയ കോട്ടയംകാരനെ ലയണല്‍ മെസ്സിക്കറിയണമെന്നില്ല. മെസ്സിയെ നെഞ്ചിന്‍കൂടില്‍ ആവാഹിച്ച് ജീവിതം ഹോമിച്ച ഈ ചെറുപ്പക്കാരനെ ഫൗള്‍ ചെയ്തു വീഴ്ത്തിയ ക്രൊയേഷ്യയുടെ ആന്റെ റെബിച്ചും, ലൂക്കാ മോഡ്രിച്ചും, ഇവാന്‍ റാക്കിട്ടിച്ചും ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍, മലവെള്ളത്തിന്റെ തണുപ്പില്‍, മീനച്ചിലാറ്റിന്റെ ആഴക്കയങ്ങളില്‍ ഒരിറ്റ് ശ്വാസത്തിനു പിടഞ്ഞ ആ ചെറുപ്പക്കാരന്റെ കുടുംബത്തിനു നഷ്ടപ്പെട്ടത് സ്വന്തം മകനെയാണ്. കാല്‍പ്പന്തുകളി കാര്യമായപ്പോള്‍, വാര്‍ദ്ധക്യകാലത്ത് തുണയാകേണ്ട കച്ചിത്തുരുമ്പാണ് അവര്‍ക്ക് ഇല്ലാതായത്. വീരേതിഹാസമെഴുതുമെന്നു വീമ്പു പറഞ്ഞിറങ്ങിയിട്ടും നിഷ്നിയിലെ മണ്ണില്‍ തലതാഴ്ത്തി മെസ്സി നടന്നുകയറിയപ്പോള്‍ ഇനി ജീവിച്ചിട്ടു കാര്യമില്ലെന്നു വിധിയെഴുതിയ ആരാധകന്റെ ആത്മാവ് മന്ത്രിക്കുന്നത് വിവാ വിവാ അര്‍ജന്റീന എന്നുതന്നെയാവണം. 

സ്വന്തം നാടുപോലും ഇത്രമേല്‍ ഹൃദയം പൊട്ടി, ഒരു ടീമിന്റെ വിജയത്തിനായി ആര്‍ത്തുവിളിച്ചിട്ടുണ്ടാവില്ലെന്നുറപ്പ്. ലാറ്റിനമേരിക്കന്‍ രാജ്യത്തിനുവേണ്ടി കേരളത്തില്‍നിന്നൊരാള്‍ ജീവന്‍ നഷ്ടപ്പെടുത്തിയത്, അങ്ങു ദൂരെ, സാംപോളിയുടെ കുട്ടികള്‍ കേട്ടിട്ടുണ്ടാവില്ല. 1958-നു ശേഷം ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. അന്ന് ചെക്കോസ്ലോവാക്യയോട് 6-1 ന് ലാറ്റിന്‍പട തോറ്റിരുന്നു. വിജയിക്കാതെ ആദ്യ രണ്ടു ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത് 1974-നു ശേഷം ഇതാദ്യവും. അപ്പോള്‍ പിന്നെ, ഇതെങ്ങനെ അര്‍ജന്റീനിയന്‍ ആരാധകര്‍ സഹിക്കും. 

ഡിനുവിനായി നടത്തിയ തെരച്ചില്‍

ലോകമാകെയുള്ള ഫുട്ബോള്‍ പ്രേമികള്‍ക്ക് അര്‍ജന്റീന ഒരു വികാരമാണ്. മറഡോണയും കെമ്പെസും പസറെല്ലയും ബാറ്റിസ്റ്റ്യൂട്ടയും കനീജിയയും വല്‍ദാനോയും ഒര്‍ട്ടേഗയും ക്രെസ്പോയും അയാളയും റിക്വല്‍മെയും സമ്മാനിച്ച ഒരു ആവേശം. അതിപ്പോള്‍ ലയണല്‍ മെസ്സി എന്ന അഞ്ചടി ഏഴിഞ്ചുകാരനിലൂടെ കത്തിപ്പടരുന്നു. റഷ്യന്‍ ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് മത്സരങ്ങള്‍ കഴിയുമ്പോള്‍ വലിയ തിളക്കമുള്ളതല്ല നീലപ്പടയുടെ പ്രകടനം. എന്നിട്ടും ആരാധക പിന്തുണയ്ക്ക് തെല്ലും കുറവില്ല. മൂന്ന് പതിറ്റാണ്ടായി ലോകകപ്പും രണ്ടര പതിറ്റാണ്ടായി കോപ്പ അമേരിക്കാ കപ്പുമില്ലാത്ത ഒരു ടീം ഇന്നും ലോകമാകെയുള്ള ആരാധകരുടെ ഇഷ്ടമെന്നു പറയുമ്പോള്‍ അതിലെ ലാറ്റിനമേരിക്കന്‍ മാജിക്ക് അനുഭവിക്കുക തന്നെ വേണം. അതിന് ലോകത്തിന്റെ ഒരു മൂലയില്‍നിന്നും ജീവനെടുക്കാനും മാത്രം ത്രാണിയുണ്ടെന്നും തിരിച്ചറിയണം. ഫുട്ബോളിന്റെ മുഴുവന്‍ മാസ്മരികതയും പോരാട്ടവീര്യവും കാല്‍പ്പനിക സൗന്ദര്യവുമാണ് അര്‍ജന്റീനയും അവരുടെ സ്വന്തം മിശിഹാ എന്ന ചെല്ലപ്പേരുള്ള മെസ്സിയും.

ജൂണ്‍ 21-ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലായിരുന്നു അര്‍ജന്റൈന്‍ ദുരന്തം. ആദ്യ മത്സരത്തില്‍ ശോഭിക്കാതിരുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് രണ്ടാം തവണയും എതിരാളിയുടെ വല അനക്കാനായില്ല. അതിനു നല്‍കേണ്ടിവന്ന വിലയോ, മധ്യതിരുവിതാംകൂറില്‍ ഒരു അര്‍ജന്റൈന്‍ ആരാധകന്റെ ജീവനും. കോട്ടയം അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന്‍ ഡിനു അലക്സ് എന്ന മുപ്പതുകാരനാണ് ഇഷ്ട ടീമിനുവേണ്ടി ജീവിതം ഹോമിച്ച ഹതഭാഗ്യന്‍. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നു. 

പിതാവ്‌
 

എന്തു സംശയങ്ങള്‍ക്കും മറുപടി നല്‍കുന്ന ആപ്പിള്‍ ഐഫോണിലെ വെര്‍ച്വല്‍ അസിസ്റ്റന്റായ സിരിക്കുപോലും സംശയമില്ലായിരുന്നു. ലോകകപ്പ് ഫുട്ബോളിലെ മൂന്നാം മല്‍സരമായ അര്‍ജന്റീന-ക്രൊയേഷ്യ മല്‍സരത്തില്‍ ആരു ജയിക്കുമെന്ന് സിരിയോടു ചോദിച്ചപ്പോള്‍ മെസ്സിയുടെ ടീം ജയിക്കുമെന്നായിരുന്നു പ്രവചനം. അക്കാര്യത്തില്‍ ക്രൊയേഷ്യന്‍ ആരാധകര്‍ പോലും മറിച്ചു ചിന്തിച്ചിട്ടുണ്ടാവില്ല. തന്റെ ആരാധന ടീം വെറും കടലാസുപുലികളായി മാറുന്നത് കണ്ടാല്‍ കടുത്ത അര്‍ജന്റീനിയന്‍ പക്ഷക്കാരന്റെ ഇടനെഞ്ചുപോലും പൊട്ടിപ്പോവും. അറിയാതെ കണ്ണുനീര്‍ തൂവിപ്പോകും. ഡിനു അലക്സ് എന്ന ചെറുപ്പക്കാരന്‍ ചെയ്തതും അതു തന്നെയായിരിക്കണം. 

കാണാതായപ്പോള്‍ത്തന്നെ, ആറ്റില്‍ ചാടിയതെന്ന നിഗമനത്തില്‍ അഗ്‌നിരക്ഷാസേനയും പൊലീസും മീനച്ചിലാറ്റില്‍ ഡിനുവിനായി തെരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ മൂന്നാം പക്കം രാവിലെ ഇല്ലിക്കല്‍ പാലത്തോട് ചേര്‍ന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഫുട്ബോള്‍ ഭ്രാന്തന്മാരുപോലും ഒരു നിമിഷം സ്തംഭിച്ചുനിന്നിട്ടുണ്ടാവണം. ഇയാളുടെ കഴുത്തിലെ മാലയില്‍നിന്നാണ് മൃതദേഹം ഡിനുവിന്റേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. 

കടുത്ത മെസ്സി ആരാധകനായ ഡിനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസ്സിയെക്കുറിച്ചുമുള്ള കുറിപ്പുകള്‍ ഉടനീളം കാണാം. ആത്മഹത്യക്കുറിപ്പിലും ഇതു കാണാം. പ്രിയപ്പെട്ട ടീം തോറ്റതിന്റെ മനോദുഃഖമാണ് സംഭവത്തിനു പിന്നിലെന്നും മറ്റു കാരണങ്ങളില്ലെന്നും ബന്ധുക്കള്‍ പറയുന്നു. അര്‍ജന്റീന തോറ്റാല്‍ പിന്നെ പുറത്തിറങ്ങി നടക്കാനാകില്ലെന്ന് ഡിനു പറഞ്ഞിരുന്നതായി പിതാവ് അലക്സാണ്ടര്‍ പറഞ്ഞു. മെസ്സിയുടെ ചിത്രമുള്ള മൊബൈല്‍ ഫോണിന്റെ കവറും ജേഴ്സിയും മുറിയിലുണ്ടായിരുന്നു. ബി.എസ്സി ബിരുദധാരിയായ ഡിനു എല്‍.ഡി.സി റാങ്ക് ലിസ്റ്റിലുണ്ട്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ഫുട്ബോളിനെ സ്‌നേഹിച്ച സ്വന്തം മകന്‍ ഇനിയില്ലെന്നറിയുമ്പോള്‍ ഡിനുവിന്റെ അച്ഛനും അമ്മയും ഒഴുക്കുന്ന കണ്ണീരിന് കോടാനുകോടി സൂര്യപ്രകാശത്തിന്റെ വിലയുണ്ട്. ആരവങ്ങളും ആര്‍പ്പുവിളികളും നഷ്ടപ്പെട്ട വീട്ടിലിരുന്ന് അവര്‍  വിങ്ങുമ്പോള്‍ പ്രിയ മെസ്സി, നീയൊന്നറിയുക. കളിക്കളത്തിലെ നിന്റെ രുദ്രതാളം ഇനി കേരളത്തിലെ ഡിനുവിന്റെ പ്രാണന്റെ വിലയാണ്.

നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്റിന അവസാന പതിനാറിലേക്കു മുന്നേറുമ്പോള്‍ ഡിനുവിന്റെ ആത്മാവ് മന്ത്രിക്കുന്നുണ്ടാവണം, ''വിവാ വിവാ അര്‍ജന്റീന''.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com