മരിക്കാനും വേണം നിയമം

ഒരാള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട് എന്നതുപോലെ അയാള്‍ക്ക് മരിക്കാനും അവകാശമുണ്ട് എന്നത് ന്യായമാണ്. 
അരുണ ഷാന്‍ബാഗ്‌
അരുണ ഷാന്‍ബാഗ്‌

(ദയാവധത്തിന് സുപ്രിം കോടതി ഉപാധികളോടെ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ അതിനെ അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദങ്ങളെ വിശകലനം ചെയ്ത് 2014ല്‍ സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു)

'ഭയപ്പെട്ടില്ലെങ്കില്‍ കാണാം മരണമാണ് സത്യത്തിലുള്ള സുഖമെന്ന്. ഈ തകര്‍ന്ന ജര പിടിച്ച ദേഹം- ഇതുകൊണ്ട് എന്തുചെയ്യാന്‍? അത് മാറ്റൂ. അത് മാറ്റൂ...'താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനത്തില്‍ ജീവന്‍ മശായ് ദാന്തുഘോഷാലിനെ ആശ്വസിപ്പിക്കുന്നതിങ്ങനെ. സാധാരണ ഗതിയില്‍ ആരും ക്ഷണിക്കാതെയാണ് അവള്‍ കടന്നുവരുന്നത്. അമംഗളദര്‍ശനയും പഞ്ചേന്ദ്രിയങ്ങളെ കൊട്ടിയടച്ചവളും നിരുപമപിങ്ഗലകേശിനിയുമായവള്‍-മൃത്യു. ഇനി അവള്‍ വന്നോട്ടെ എന്ന് കരുതിയാല്‍പോലും നിമിഷങ്ങള്‍ അടുത്തെത്തുമ്പോള്‍, പ്രണയം അറിയിക്കാന്‍ ധൈര്യമില്ലാത്തവന്റെ സമീപം പ്രിയയെത്തുന്ന നേരത്ത് എന്നപോലെ, നെഞ്ചിടിപ്പ് കൂടും. ഇനി മരണത്തെ ബോധപൂര്‍വം വരിക്കുന്നവന്റെ കാര്യം. നിശ്ചയിച്ചുറപ്പിച്ച് മരിക്കുന്നവന്റെ മനോഘടന എന്തായിരിക്കുമെന്ന് ഊഹങ്ങള്‍ക്കപ്പുറമാണ്. വിചാരണയും ശിക്ഷയുമില്ലാത്ത, ആനന്ദകരമായ മറ്റൊരു ജീവിതത്തിലേക്കുള്ള വാതിലാണ് മരണമെന്നത് സങ്കല്പിച്ചുനോക്കൂ. ശരീരം പഞ്ഞിത്തുണ്ടുപോലെ കനം കുറഞ്ഞ ഒന്നാകുമ്പോള്‍, ശരീരമെന്ന ബോധമേ നഷ്ടപ്പെടുമ്പോള്‍, പരിതാപമില്ലാതെ അവളോടൊപ്പം മറ്റൊരു ലോകത്തിലേക്ക് യാത്ര തിരിക്കാം.

ഇതു കുറിക്കുന്നത് ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിഷ്‌ക്രിയ ദയാവധം എന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതിന്റെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച വിധിയുണ്ടായത്. എന്താണ് ദയാവധം?ചികിത്സിച്ചു ഭേദമാക്കാനാകാത്ത രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന രോഗികളെ അവരുടെ അനുവാദപ്രകാരം മരിക്കാനനുവദിക്കുന്നതാണ് ദയാവധമെന്ന പദം കൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. ദയാവധത്തിനെ കുറിക്കാന്‍ യൂത്തനേസ്യ എന്ന ഗ്രീക്ക് പദമാണ് ഇംഗ്‌ളിഷില്‍ ഉപയോഗിക്കുന്നത്. സുഖകരമായതും അനായാസേനയുള്ളതുമായ മരണം എന്നോ നല്ല മരണം എന്നോ ഈ പദത്തിന് മലയാളത്തില്‍ അര്‍ഥം കല്പിക്കാം. ചികത്സിച്ചു ഭേദമാക്കാനാകാത്ത രീതിയില്‍ രോഗം ബാധിച്ചവരെ  മരിക്കാന്‍ വിടുന്നതിനെ  എന്നാണ് വൈദ്യശാസ്ര്തം വിളിക്കുന്നത്. 

സ്വമേധയോ , സ്വമേധയല്ലാതെയോ , സക്രിയമായോ നിഷ്‌ക്രിയമായോ ഉള്ളവ എന്നിങ്ങനെ നാല് തരത്തിലാണ് ദയാവധം. നിഷ്‌ക്രിയ ദയാവധം പൊതുവേ കുറ്റകരമല്ല എന്നാണ് കരുതപ്പെടുന്നതെങ്കിലും ഇന്ത്യയില്‍ ദയാവധം സംബന്ധിച്ച് നിയമങ്ങളില്‍ വ്യക്തതയില്ലാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. അതുകൊണ്ടുതന്നെ നിഷ്‌ക്രിയ ദയാവധത്തെപ്പോലും കൊലക്കുറ്റമായോ ആത്മഹത്യക്ക് സഹായിക്കുന്നതിന് തുല്യമായോ നീതിപീഠത്തിന് കണക്കാക്കാവുന്നതാണ്. ഇന്ത്യയില്‍ ഇത് സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങളില്‍ വ്യക്തതയില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഈ വിഷയം ഭരണഘടനാബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവരുടെ കാര്യത്തില്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോമണ്‍കോസ് എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യുന്നത്. സാമൂഹികവും നിയമപരവും വൈദ്യശാസ്ര്തപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങള്‍ അന്തര്‍ഭവിച്ചിരിക്കുന്നതിനാല്‍ സദാശിവം ഉള്‍പ്പെടുന്ന ബെഞ്ചിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലായെന്നത് കൊണ്ടാണ് കോടതി ഇത്തരത്തില്‍ ഒരു നിലപാടെടുത്തത്. 

മൂന്നു വര്‍ഷത്തിനു മുമ്പ് ജീവച്ഛവാവസ്ഥയിലോ ചികിത്സിച്ചു ഭേദമാക്കാന്‍ വയ്യാത്ത അവസ്ഥയിലോ ഉള്ള രോഗികള്‍ക്ക് നിഷ്‌ക്രിയ മരണത്തിനുള്ള അവകാശം സുപ്രീംകോടതി അനുവദിച്ചിരുന്നു. രണ്ട് സുപ്രധാന കോടതിവിധികള്‍ ഇതുമായി ബന്ധപ്പെട്ട് മുന്‍പ് ഉണ്ടായിട്ടുണ്ട്. 1996-ല്‍ ഗ്യാന്‍ കൗര്‍ കേസില്‍ സുപ്രീംകോടതി പറഞ്ഞത് ജീവിക്കാനുള്ള അവകാശത്തില്‍ മരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നില്ലായെന്നാണ്. എന്നാല്‍ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തില്‍ അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉള്‍പ്പെടുന്നെന്ന് പരമോന്നത നീതിപീഠം കൂട്ടിച്ചേര്‍ത്തു. 2011-ല്‍ ഒരു മുംബൈ ആശുപത്രിയില്‍ നാലുദശകങ്ങളിലധികമായി ജീവച്ഛവമായി കഴിയുന്ന അരുണ ഷാന്‍ബോഗ് എന്ന നഴ്‌സിനെ മരിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി അവര്‍ക്ക് നിഷ്‌ക്രിയ ദയാവധത്തിന്  അനുമതി നല്‍കിയിരുന്നു. എന്നാല്‍, ആ സന്ദര്‍ഭത്തില്‍ സക്രിയ ദയാവധം  എന്ന ആശയം തള്ളിക്കളയുകയും ചെയ്തിരുന്നു. അന്ന് പുറപ്പെടുവിച്ച ഈ വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. 2011- ലെ വിധി ഗ്യാന്‍കൗര്‍ കേസിലെ വിധിയെ ആസ്പദമാക്കിയുള്ളതാണെന്നും അത് സക്രിയമോ നിഷ്‌ക്രിയമോ ആയ ദയാവധത്തെക്കുറിച്ച് അന്തിമതീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 2011-ലുണ്ടായ കോടതി വിധി ഗ്യാന്‍ കൗര്‍ കേസില്‍ ദയാവധത്തിന് അനുകൂലമായി തീര്‍പ്പു കല്പിച്ചു എന്ന തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും. 

പ്രസിദ്ധ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന എന്‍.ജി.ഒ. ആണ് ദയാവധം സംബന്ധിച്ച് ഗവണ്‍മെന്റ് സമഗ്രമായ ഒരു നയവും സംവിധാനവും ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വിധമുള്ള രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകഴിഞ്ഞാല്‍ ആ സ്ഥാപനത്തിന് സമര്‍പ്പിക്കുന്ന ലിവിങ്ങ് വില്‍ ആന്റ് അറ്റോര്‍ണി ഓഥറൈസേഷന്‍ അനുസരിച്ച് ആവശ്യമെങ്കില്‍ ദയാവധം നടപ്പാക്കിക്കിട്ടുന്നതിന് രോഗിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കോമണ്‍ കോസ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഡോക്ടര്‍മാരും സാമൂഹ്യശാസ്ര്തജ്ഞന്മാരും അഭിഭാഷകരും ഉള്‍പ്പെടുന്ന ഒരു വിദഗ്ദ്ധസമിതിയെ നിയോഗിക്കണമെന്നും കോമണ്‍കോസ് ആവശ്യപ്പെട്ടിരുന്നു. ഒരാള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട് എന്നതുപോലെ അയാള്‍ക്ക് മരിക്കാനും അവകാശമുണ്ട് എന്നത് ഒരു ന്യായമാണ്. 

ജനനവും മരണവും ജീവിതമെന്ന സാകല്യത്തിന്റെ ഭാഗമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും സമ്മതിച്ചുതരും. പുനര്‍ജന്മം, പരലോകം, മോക്ഷം എന്നൊക്കയുള്ളത് ഐഹിക ജീവിതത്തിനുമപ്പുറമുള്ള കേവല സങ്കല്പങ്ങളാണ്. മരണത്തെ മറ്റൊരു ലോകത്തിലേക്കുള്ള വാിലായി മതവിശ്വാസികളോ മതവിശ്വാസികള്‍ അല്ലാത്തവര്‍ക്കോ പോലും സങ്കലിക്കാം. എന്നാല്‍ മരണത്തെയും ജീവിതത്തെയും സ്പര്‍ശിക്കുമ്പോള്‍ നാം തൊടുന്നത് മനുഷ്യന്റെ നിലനില്പും അസ്തിത്വവും സംബന്ധിച്ച ചില ചോദ്യങ്ങളിലായതിനാല്‍ മതാധികാരം തീര്‍ച്ചയായും ഇടപെടും. 

മരണം അനിവാര്യമാകുന്ന ഒരു വൈദ്യശാസ്ര്ത സന്ദര്‍ഭത്തില്‍ ഒരാള്‍ സ്വേച്ഛാപൂര്‍വം മരണം വേണമെന്ന് തീരുമാനിക്കുന്നെങ്കില്‍ അത് നടപ്പാക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് അന്വേഷിക്കുമ്പോഴാണ് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്.  നിയമപരമായ പ്രശ്‌നമാണ് ഒന്നാമത്തേത്. ഇതു സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയാണ് സുപ്രധാനം. എന്നാല്‍, വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷാനടപടികള്‍ക്ക് നിയമമുള്ള നമ്മുടെ രാജ്യത്ത് ഇവയൊന്നും ദുരുപയോഗം ചെയ്യപ്പെടാതെ ഇരിക്കുന്നില്ലയെന്നും നിയമത്തിന്റെ പഴുതുകള്‍ അടയ്ക്കുന്നതില്‍ നമ്മുടെ ഭരണപരവും രാഷ്ട്രീയവുമായ സംവിധാനങ്ങളുടെ അപര്യാപ്തതയും പൊതുസമൂഹത്തിന്റെ ജാഗ്രതക്കുറവുമാണ് നിയമങ്ങളുടെ ദുരുപയോഗത്തിലേക്ക് നയിക്കുന്നതെന്നും നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ചികിത്സിച്ചു ഭേദമാക്കാനൊക്കാത്ത വിധം രോഗം ബാധിച്ചെന്ന് തിരിച്ചറിയുന്ന ഒരാള്‍ പുത്രകളത്രാദികളെ കഷ്ടപ്പെടുത്തിക്കൊണ്ട് അങ്ങനെ ജീവിച്ചിരിക്കേണ്ടതില്ലായെന്ന് സ്വബോധത്തില്‍ മരണപത്രത്തില്‍ എഴുതിവെച്ച് തന്നെ പ്രവേശിപ്പിക്കുന്ന ആശുപത്രിക്ക് കൈമാറുന്ന പക്ഷം അത് നടപ്പാക്കിയാല്‍ എന്താണ് കുഴപ്പം എന്ന് ഏത് സാമാന്യബുദ്ധിയുള്ളവനും ചോദിച്ചേക്കാം. പക്ഷേ, സര്‍ക്കാരിന് അങ്ങനെ തോന്നുന്നില്ല. ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമായിരിക്കും ദയാവധത്തിന് അനുമതി നല്‍കുന്ന നടപടിയെന്നാണ് കേന്ദ്ര ഗവണ്‍മെന്റിനുവേണ്ടി കോമണ്‍കോസ് നല്‍കിയ ഹര്‍ജിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലുത്ര വാദിച്ചത്. ഇന്ത്യന്‍ സമൂഹത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത നടപടിയാകും ദയാവധത്തിന് അനുമതി നല്‍കലെന്നും അത് ഇന്ത്യന്‍ നിയമങ്ങള്‍ക്കെതിരെയുള്ളതും വൈദ്യശാസ്ര്ത ധാര്‍മികതയ്ക്ക് നിരക്കാത്തതുമായ നീക്കമായിരിക്കുമെന്നും സിദ്ധാര്‍ഥ് ലുത്ര വാദിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍ പൗരാണിക കാലം തൊട്ട് നിലനില്‍ക്കുന്ന വിശ്വാസവും മൂല്യങ്ങളും മരണമെന്ന യാഥാര്‍ഥ്യത്തെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുന്ന ഒന്നാണ്. 

ദേഹമെന്ന കൂടുവിട്ട് പറന്നുപോകുന്ന ഒരു പക്ഷി മാത്രമാണ് ജീവന്‍ നമുക്ക്. ദേഹി അഴിച്ചുവെയ്ക്കുന്ന വസ്ര്തം മാത്രമാണ് ദേഹം. അത് പിന്നീട് പുതിയ വസ്ര്തമണിയും. നാളെ കിഴക്കുദിക്കാനാണ് ഇന്ന് പടിഞ്ഞാറ് അസ്തമയം. സൂര്യാസ്തമയത്തോടാണ് ഋഗ്വേദം മരണത്തെ താരതമ്യപ്പെടുത്തുന്നത്. പിതൃക്കള്‍ മരണത്തിനുശേഷം യമലോകത്ത് സസുഖം കഴിയുമെന്നാണ് അത് പറയുന്നത്. മാനം കാക്കാന്‍ മരണത്തെ വരിച്ച വീരാംഗനമാരുടെയും ധീരന്മാരുടെയും നാടാണ് നമ്മുടേത്. വസ്തുത ഇതായിരിക്കേ എങ്ങനെയാണ് അങ്ങേയറ്റം അന്യരുടെ ദയയെ ആശ്രയിച്ചുകഴിയേണ്ട അവസ്ഥ വരുന്നതിലും ഭേദം മരിക്കുകയാണെന്ന് ചിന്തിക്കുന്ന ഒരാള്‍ മരണം കാംക്ഷിക്കുന്നത് ഇന്ത്യയില്‍ തെറ്റാകുകയെന്ന് അധികാരികള്‍ ഇനിയും വിശദീകരിക്കേണ്ടതുണ്ട്. ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ദയാവധം കുറ്റമല്ല. എന്നാല്‍ കാത്തലിക് സ്വാധീനമുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ദയാവധം അനുവദനീയമല്ല. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള പതിനൊന്നംഗ സമിതി 2009-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. അന്ന് ശക്തമായ എതിര്‍പ്പാണ് മതമേധാവികളില്‍നിന്നുണ്ടായത്. സമൂഹത്തിന്റെകാഴ്ചാവൈകല്യംദയാവധം അനുവദിച്ചാലുണ്ടാകുന്ന സാമൂഹികമായ പ്രശ്‌നങ്ങള്‍ എന്തെല്ലാമായിരിക്കും? സ്വാര്‍ഥതയുടെയും ലാഭേച്ഛയുടെയും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മുതലാളിത്തത്തിന്റെ ഈ രതിമൂര്‍ച്ഛക്കാലത്ത് അംഗവൈകല്യം ബാധിച്ചവരോടും നിത്യരോഗികളായിത്തീര്‍ന്നവരോടും വൃദ്ധരോടുമുള്ള സമൂഹത്തിന്റെ മനോഭാവം എന്താണെന്ന് അത്തരമൊരു സമൂഹത്തില്‍ ജീവിക്കുന്ന നമ്മള്‍ക്ക് പറയാതെതന്നെ അറിയാം. 

സ്വത്തിനും പണത്തിനുംവേണ്ടി ഇത്തരത്തില്‍ അവശനിലയിലായവരെ കൊന്നുകളയാന്‍ ഈ നിയമം ദുരുപയോഗം ചെയേ്തക്കാമെന്ന ആശങ്ക അസ്ഥാനത്താണെന്ന് പറയുക വയ്യ. എന്നാല്‍ ജനനനിയന്ത്രണം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിലെന്നപോലെ അധികാരികള്‍ ഭയക്കുന്നത് സമൂഹത്തിന്റെ മനോഭാവത്തെയോ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന സാധ്യതയോ വൈദ്യശാസ്ര്ത ധാര്‍മികതയുടെ ലംഘനമോ ഒന്നുമല്ല. മറിച്ച് മതമേലദ്ധ്യക്ഷന്മാരില്‍നിന്നും യാഥാസ്ഥിതിക സമൂഹത്തില്‍നിന്നും ഉണ്ടാകാവുന്ന എതിര്‍പ്പാണ്. സ്വവര്‍ഗലൈംഗികതയുടെ കാര്യത്തിലും ജാതിവിവേചനം അവസാനിപ്പിക്കുന്ന കാര്യത്തിലും ഭരണകൂടം കാട്ടുന്ന ചങ്കുറപ്പില്ലായ്മ തന്നെയാണ് ഇവിടെ പ്രശ്‌നം. 

ദയാവധത്തിന് നിയമമുണ്ടാകുന്നത് സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ച ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്‌കരണ സമിതിക്ക് നേരെ കേരളത്തില്‍ കാത്തലിക് നേതൃത്വത്തിലുള്ള സംഘടനകള്‍ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്. 2011-ല്‍ അരുണാ ഷാന്‍ബോഗിന്റെ കേസില്‍ ദയാവധത്തിന് അനുകൂലമെന്ന് ആദ്യം വ്യാഖാനിക്കപ്പെട്ട രീതിയില്‍ ഒരു വിധിയുണ്ടായപ്പോള്‍ അന്ന് കേരളത്തില്‍തന്നെ മതപ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ചില മാധ്യമങ്ങള്‍ ഉത്കണ്ഠാപൂര്‍വം മുഖപ്രസംഗമെഴുതിയതും മറക്കാറായിട്ടില്ല. മരിക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും മറിച്ച് മരണത്തിന് ആണ് നമ്മളെ അവകാശപ്പെടാനാകുന്നതെന്നുമാണ് മതത്തിന്റെ നിലപാട്. 1980-ല്‍ പുറപ്പെടുവിച്ച വിശ്വാസപ്രഖ്യാപനത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെടുത്ത നിലപാടുകളെ ആസ്പദമാക്കി ഗര്‍ഭച്ഛിദ്രവും ദയാവധവുമടക്കമുള്ള നടപടികളെ ശക്തമായി എതിര്‍ത്തിരുന്നു. ഡോക്ടര്‍മാര്‍ കൈക്കൊള്ളുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയുടെ ലംഘനമാണ് ദയാവധമെന്ന പണ്ടുതന്നേയുള്ള ആരോപണമാണ് ഒന്നാമത്തേത്. വൈദ്യന്റെ കടമ ജീവന്‍ രക്ഷിക്കുകയാണെന്നും മരിക്കാന്‍ സഹായിക്കുകയല്ലെന്നുമുള്ള സന്ദേശമാണ് ഹിപ്പോക്രാറ്റിക് ഓത്ത് നല്‍കുന്നതെന്ന് ദയാവധത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ ഹിപ്പോക്രാറ്റിക് ഓത്തിന്റെ സാരാംശം വ്യക്തിയുടെ ശാരീരികവും മാനസികവുമായ സൗഖ്യം ഉറപ്പുവരുത്തുകയാണ്. ചില ഘട്ടങ്ങളില്‍ ചികിത്സ അവസാനിപ്പിക്കാന്‍ വൈദ്യന്‍ നിര്‍ബന്ധിതനാകാറുണ്ട്. യഥാര്‍ഥത്തില്‍ അത് മരണത്തോട് രോഗിയെ കൂടുതല്‍ അടുപ്പിക്കുന്ന പ്രവൃത്തിയല്ലേയെന്ന് ദയാവധത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നു.

പാലിയേറ്റീവ് കെയര്‍ പകരമാകും: കെ. അരവിന്ദാക്ഷന്‍


ചില രോഗികളുടെ അവസ്ഥ കാണുമ്പോള്‍ ദയാവധം ചില ഘട്ടങ്ങളിലെങ്കിലും അനിവാര്യമാണെന്ന് തോന്നിപ്പോകാറുണ്ട്. എങ്കിലും കഴിയുന്നിടത്തോളം ഒരാളെ ജീവിക്കാന്‍ പ്രേരിപ്പിക്കണമെന്നും അതിന് സഹായിക്കണമെന്നുമാണ് എന്റെ അഭിപ്രായം. പാലിയേറ്റീവ് കെയര്‍ കുറേയൊക്കെ ഇതിന് സഹായകമാണ്. വേദന ലഘൂകരിച്ച് മരണത്തോട് ഒരാള്‍ക്ക് ശാന്തമായി നടന്നടുക്കാന്‍ സാധ്യമാക്കുകയെന്നതല്ല പാലിയേറ്റീവ് കെയറിന്റെ ധര്‍മം. മറിച്ച് മാനസികമായും ശാരീരികമായും സാമൂഹ്യപരമായും കുടുംബപരമായുമൊക്കെ ഉള്ള അയാളുടെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സമഗ്രമായി കാണലാണ്. രോഗാവസ്ഥയിലുള്ളവരോട് സമൂഹം ഉയര്‍ന്ന ബോധത്തോടെ പെരുമാറുന്ന പക്ഷം പാലിയേറ്റീവ് കെയര്‍ ഫലവത്താകുകയും ദയാവധമെന്നത് വേണ്ടാതെയാകുകയും ചെയ്യും. ദയാവധത്തിന് നിയമമുണ്ടായാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭീതിക്ക് തീര്‍ച്ചയായും അടിസ്ഥാനമുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ വാണിജ്യസമൂഹത്തില്‍.


ദയാവധം അനുവദിക്കണം: സി. രവിചന്ദ്രന്‍

ദയാവധത്തിന്റെ കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍  മിക്കപ്പോഴും മതാധികാരത്തെ ഭയന്നുള്ളവയാണ്. അന്തസ്‌സായി ജീവിക്കാനുള്ള അവകാശം ഒരുവനുണ്ടെങ്കില്‍ അന്തസ്‌സായി മരിക്കാനുമുണ്ട്. ദൗ ഷാല്‍ നോട്ട് കില്‍ എന്ന് പഴയ നിയമത്തില്‍ പറയുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയൊക്കെ കാത്തലിക് മതം എതിര്‍ക്കുന്നത്. ജീവന്‍ ഉണ്ടാക്കുന്നതും എടുക്കുന്നതുമൊക്കെ ദൈവത്തിന്റെ പണിയാണെന്നാണ് അവര്‍ വാദിക്കുന്നത്. എങ്കില്‍പിന്നെ ബലാത്സംഗം ചെയ്യാന്‍ വരുന്ന കാമഭ്രാന്തനില്‍നിന്നും ഒരു സ്ര്തീയും ഓടിരക്ഷപ്പെടരുത്. ഒരു പുതിയ ജീവന്‍ ഉണ്ടാകാനുള്ള സാധ്യതയാണല്ലോ അതുവഴി ഇല്ലാതാകുന്നത്. എല്ലാ മതങ്ങളും കൊല്ലരുതെന്നും കൊല്ലണമെന്നും സന്ദര്‍ഭം നോക്കി പറയും. പക്ഷേ, ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചിലുണ്ടായിട്ടുള്ളത് മതങ്ങള്‍ മൂലമല്ലേ? മനുഷ്യന് അന്തസ്‌സായി ജീവിക്കാന്‍ പറ്റിയ സാഹചര്യമില്ലെങ്കില്‍ അന്തസ്‌സായി മരിക്കാനെങ്കിലും കഴിയണം.

കരുതലോടെയുള്ള സമീപനം വേണം: അഡ്വ. കാളീശ്വരം രാജ്

ദയാവധം മൊത്തത്തില്‍ ശരിയാണെന്നോ മൊത്തത്തില്‍ തെറ്റാണെന്ന് ഒറ്റയടിക്ക് പറയുക സാധ്യമല്ല. സാന്ദര്‍ഭികമായ പ്രസക്തിയാണ് ദയാവധം എന്ന സങ്കല്പത്തിനും നടപടിക്കും ഉള്ളത്. ചില കേസുകളില്‍ ദയാവധത്തിനുള്ള അവകാശം നിഷേധിക്കുന്നതായിരിക്കും തെറ്റ്. ഏതൊക്കെ സന്ദര്‍ഭത്തിലാണ് ദയാവധം അനുവദിക്കേണ്ടത് എന്ന് തീരുമാനിക്കുക സങ്കീര്‍ണമായ പ്രക്രിയയാണ്. ഇതിന് വേണ്ടത്ര ഗൃഹപാഠം ചെയ്ത് സമഗ്രനിയമമുണ്ടാകേണ്ടത് അനിവാര്യമാണ്. മരിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് സമ്മതിക്കുമ്പോള്‍തന്നെ അത് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ വയ്യ. ഒരാള്‍ ആത്മഹത്യ ചെയ്യുന്നത് മരിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ വിനിയോഗിക്കുന്നതിന്റെ ഭാഗമായിട്ടാകണമെന്നില്ല. ആത്മഹത്യ കുറ്റകരമാണ്. മരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ആത്മഹത്യ കുറ്റകരമല്ലാതെയാക്കിയാല്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും കുറ്റകരമല്ലാതെയാകും. മറ്റൊന്ന് ആത്മഹത്യ മിക്കപ്പോഴും സ്വാഭാവികമായ ചിന്തയുടെ പ്രതിഫലമെന്ന നിലയ്ക്കല്ല ഉണ്ടാകുന്നത്. ഒരാളുടെ സൈക്കോട്ടിക് പ്രശ്‌നങ്ങളുടെയോ ഇംപള്‍സീവ് ആയ തീരുമാനങ്ങളുടെയോ വ്യക്തിപരമായ അരക്ഷിതാവസ്ഥയുടെയോ ശരീരത്തിലെ രാസവ്യതിയാനങ്ങളുടെയോ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമോ ഒക്കെ ആയിട്ടായിരിക്കാം ആ തീരുമാനം. ഇപ്പറഞ്ഞ കാര്യങ്ങളധികവും ദയാവധത്തിന്റെ കാര്യത്തിലും ബാധകമാണ്. തന്നെ കൊല്ലണമെന്ന് ഒരാള്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിലും മേല്പറഞ്ഞ ഘടകങ്ങളും ഉണ്ടാകാം. ഈ രണ്ടു കാര്യങ്ങള്‍ക്കും പൊതുവായ ചില അടിസ്ഥാനഘടകങ്ങളുണ്ടെന്ന് അര്‍ഥം. എന്തായാലും മരിക്കാനുള്ള അവകാശം എന്നത് വ്യക്തിസ്വാതന്ത്ര്യം എന്നതിന്റെ ലളിതമായ സന്ദര്‍ഭമല്ല.
 

(2014 മാര്‍ച്ച് ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com