എന്റെ പ്രിയപ്പെട്ട ദത്ത് മാഷ്...

വീട് വെയ്ക്കുന്നതില്‍ സ്ത്രീകള്‍ മുന്‍ കൈ എടുക്കേണ്ടതുണ്ടെന്നും വീട് എന്നും സ്ത്രീയുടേതായിരിക്കണമെന്നും മാഷ് പറയാതിരുന്നില്ല
എന്റെ പ്രിയപ്പെട്ട ദത്ത് മാഷ്...

മാഷ് പോയി. പരിഹാരമില്ലാത്ത പ്രശ്‌നങ്ങളൊന്നുമില്ല എന്ന് എപ്പോഴും എന്നെ സമാശ്വസിപ്പിച്ചിരുന്ന മാഷ് പ്രശ്‌നങ്ങളും വേദനകളും പരിഹാരങ്ങളും ഒന്നുമില്ലാത്തിടത്തേക്ക് യാത്രയായി.

എനിക്ക് നഷ്ടപ്പെട്ടത് കോസ്റ്റ്‌ഫോര്‍ഡിന്റെ ദത്ത് മാഷിനെ മാത്രമല്ല. എപ്പോഴും ഏതു നിമിഷത്തിലും ഓടിച്ചെന്ന് ആവലാതിപ്പെടാനും എന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു വഴി കണ്ടുപിടിച്ചു തരൂ എന്ന് പൊട്ടിക്കരയാനുമുള്ള ഒരു ദൈവികസാന്നിധ്യത്തെ കൂടിയാണ്. മാഷെപ്പോലെ ഒരാള്‍ ഇനി ഈ ജീവിതത്തില്‍ കടന്നുവരില്ല. അദ്ദേഹം ഒഴിച്ചിട്ടു പോയ ആ സിംഹാസനം നിത്യശൂന്യമായിരിക്കും.

ബദല്‍ ജീവിതമാതൃകകളോടും മണ്‍വീട്, മരവീട്, മണ്‍പാത്രങ്ങള്‍, മരപ്പാത്രങ്ങള്‍, കല്‍ച്ചട്ടീകള്‍, ധാരാളം മരങ്ങള്‍, നീര്‍ത്തടങ്ങള്‍, ആട്, കോഴി , പശു, നായ് , പൂച്ച, പലതരം പക്ഷികള്‍, ചിത്രശലഭങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാറ്റിനോടും ചെറുപ്പന്നേ ഒത്തിരി കൌതുകം നിറഞ്ഞ താല്‍പര്യമുണ്ടായിരുന്ന ഞങ്ങളോട് കുട്ടികളായിരിക്കുമ്പോള്‍ ഒരു ദിവസം അച്ഛനാണ് ലാറി ബേക്കര്‍ എന്ന് ആദ്യമായി പറഞ്ഞു കേള്‍പ്പിച്ചത്. തിരുവനന്തപുരത്ത് ബ്രിട്ടീഷുകാരനായ ഒരു ആര്‍ക്കിടെക്ട് സായിപ്പുണ്ടെന്നും വിചിത്രമായ ചില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയാണ് അദ്ദേഹത്തിന്റെ ജോലിയെന്നും അച്ഛന്‍ പറഞ്ഞു. സായിപ്പുണ്ടാക്കുന്ന വീടുകള്‍ പാട്ടു പാടുകയും പല്ലു കാട്ടി ചിരിക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി. നല്ല കാറ്റും വെളിച്ചവുമുള്ള വീടുകളാണ് അവയെന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. അത്തരം കെട്ടിടങ്ങളില്‍ സമൃദ്ധമായുണ്ടായിരുന്ന വിവിധ തരം ജാലി വര്‍ക്കുകളായിരുന്നു അച്ഛന്‍ ചൂണ്ടിക്കാട്ടിയ ചിരിക്കുന്ന പല്ലുകള്‍. അച്ഛന്റെ ഒരു സുഹൃത്ത് അതുമാതിരിയൊരു വീട്ടിലാണ് താമസിക്കുന്നതെന്നും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ ആ വീട് കാണിച്ചു തരാമെന്നും അച്ഛന്‍ വാഗ്ദാനം ചെയ്തു. പിന്നീട് പലവട്ടം അച്ഛനൊപ്പം തിരുവനന്തപുരത്ത് പോയെങ്കിലും ആ വീട് ഞാനൊരിക്കലും കാണുകയുണ്ടായില്ല.

നല്ലവണ്ണം മുതിര്‍ന്നതിനു ശേഷമാണ് ഒരിക്കല്‍, ഈ ആര്‍ക്കിടെക്ട് സായിപ്പിന്റെ ക്ലാസ് കേള്‍ക്കാന്‍ അവസരമുണ്ടായത്. ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച എനിക്ക്, ശുദ്ധമായ ബ്രിട്ടീഷ് ശൈലിയില്‍ സായിപ്പ് പറഞ്ഞതൊന്നും തന്നെ കാര്യമായി മനസ്സിലായില്ല. മനുഷ്യര്‍ കടം വാങ്ങി വീടു വെക്കുന്നുവെന്നും പിന്നീട് ആജീവനാന്തകാലം ആ കടം അടച്ച് സ്വന്തം എന്നു കരുതപ്പെടുന്ന വീട്ടില്‍ വാടകക്കാരനായി കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആകെപ്പാടെ അതു മാത്രമാണ് എന്റെ തലയില്‍ കയറിയത് . എങ്കിലും സദസ്സിലുണ്ടായിരുന്ന മഹാന്മാരും മറ്റു വിവരമുള്ളവരും ചിരിക്കുമ്പോഴും തല കുലുക്കുമ്പോഴും എല്ലാം മനസ്സിലായ മട്ടില്‍ ഞാനും അവരെപ്പോലെ ചിരിക്കുവാനും തല കുലുക്കുവാനും പണിപ്പെട്ടു.

സായിപ്പുണ്ടാക്കുന്ന പോലെയുള്ള വീടുകള്‍ തൃപ്രയാറില്‍ കോസ്റ്റ്‌ഫോര്‍ഡ് എന്നൊരു സംഘടനയുടെ ഉത്തരവാദിത്തത്തില്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ പോയ ദിവസമാണ് ഞാന്‍ ദത്ത് മാഷെ ആദ്യമായി പരിചയപ്പെടുന്നത്. ഭൂമിയെ വേദനിപ്പിക്കാതെ കെട്ടിടങ്ങളുണ്ടാക്കുക എന്നതിന്റെ ആവശ്യകതയെക്കുറിച്ച് മാഷ് ആവേശപൂര്‍വം ക്ലാസ്സെടുത്തു. ദീര്‍ഘചതുരാകൃതിയില്‍ എന്റെ ആവശ്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു പ്ലാന്‍ ഞാന്‍ വരച്ചുകൊണ്ടു പോയിരുന്നു. മാഷ് അതു നോക്കി ചിരിച്ചു... എന്നിട്ട് പറഞ്ഞു. വീടിനു വേറെയും ആകൃതിയാവാം.. ഇങ്ങനെ പെട്ടിയാവണമെന്നില്ല.

ലാറി ബേക്കര്‍ ഡിസൈന്‍ ചെയ്ത സ്വന്തം വീട് കാണിക്കാന്‍ അദ്ദേഹം കൂട്ടിക്കൊണ്ടു പോയതങ്ങനെയാണ്. ആ വീട് കണ്ട് ഞാന്‍ അന്തം വിട്ടു നിന്നു. വീട് വെയ്ക്കുന്നതില്‍ സ്ത്രീകള്‍ മുന്‍ കൈ എടുക്കേണ്ടതുണ്ടെന്നും വീട് എന്നും സ്ത്രീയുടേതായിരിക്കണമെന്നും മാഷ് പറയാതിരുന്നില്ല. കാരണം സ്ത്രീകളാണല്ലോ വീടുകളില്‍ അധികം സമയം ചെലവാക്കുന്നത്. അത്തരം വീടു തന്നെയാണ് ബദല്‍ മാതൃക എന്ന് എനിക്ക് മനസ്സിലായി. അച്ഛന്‍ പറഞ്ഞു തന്ന പോലെ പാട്ടു പാടുകയും പല്ലു കാട്ടി ചിരിക്കുകയും ചെയ്യുന്ന കെട്ടിടം.

എങ്കിലും അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലെ ഒരു കെട്ടിട നിര്‍മ്മാണത്തിനിടയിലാണ് ഞാന്‍ പിന്നീട് ലാറി ബേക്കര്‍ സായിപ്പിനെയും ദത്ത് മാഷെയും കണ്ടിരുന്നത്. ചില കെട്ടിടങ്ങള്‍ അങ്ങനെയുമാവാറുണ്ടല്ലോ, ആഗ്രഹിച്ചു പണിയുമ്പോഴും നമ്മെ അടിമുടി തകര്‍ത്തു കളയുന്നവ, ആശിച്ചും മോഹിച്ചും ഒന്നിക്കുമ്പോഴും നമ്മെ നുറുങ്ങുകളായി ചിതറിച്ചു കളയുന്ന ചില ജീവിതങ്ങളെ പോലെ... അത്തരമൊരു തീവ്രനൊമ്പരമായിരുന്നു ആ കെട്ടിട നിര്‍മ്മാണം. അതീവ ബുദ്ധിമാനെന്നും കഴിവുറ്റവനെന്നും പറഞ്ഞ് ദത്ത് മാഷ് പരിചയപ്പെടുത്തിയ ആര്‍ക്കിടെക്ടിനു അത്ര വിവരമൊന്നുമില്ല എന്ന ബോധ്യത്തില്‍ ഞാന്‍ വേഗം എത്തിച്ചേര്‍ന്നു. ക്ലയന്റ് നയിക്കുന്നുവെന്നവകാശപ്പെടുന്ന ജീവിതം സത്യമോ മിഥ്യയോ എന്നു പോലും തിരിച്ചറിയാന്‍ പറ്റാത്ത ആര്‍ക്കിടെക്ട് വെക്കുന്ന വീട് എങ്ങനെ ശരിയാകും? അയാളെ മിടുക്കനെന്ന് പരിചയപ്പെടുത്തിയ ദത്ത് മാഷ് എത്ര കഴിവുള്ളവനാണ്?

അക്കാലങ്ങളില്‍ അന്നത്തെ ഏതൊരു ഇടതുപക്ഷക്കാരനേയും പോലെ മാഷും എന്റെ സ്ത്രീവാദങ്ങളെ പരിഹസിച്ചിട്ടുണ്ട്. ആ തെറ്റിദ്ധാരണകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എന്റെ നീറുന്ന വേദനകളെ അറിയാതെ പോയിട്ടുണ്ട്. മാഷുടെ അത്തരം ഇടപെടലുകള്‍ എനിക്ക് ഭീകരമായ ഗാര്‍ഹിക മര്‍ദ്ദനങ്ങളും സാമൂഹികമായ ഒറ്റപ്പെടലുകളും നല്‍കിയിട്ടുണ്ട്.

എന്നോട് സത്യം പറയണമെന്നില്ല പക്ഷെ, കള്ളം പറയരുതെന്ന ഒറ്റ വാചകത്തില്‍ എന്റെ ജീവിത മേനിനടിക്കലിനെ നിലം പരിശാക്കിയ ആര്‍ക്കിടെക്ടിനു ബുദ്ധിയുണ്ടെന്ന് എനിക്ക് സമ്മതിക്കേണ്ടി വന്നതും അയാള്‍ എന്റെ കൂട്ടുകാരനായി മാറിയതും അക്കാലത്തു തന്നെയായിരുന്നു.

കാര്യങ്ങള്‍ മനസ്സിലാക്കിയ അന്ന് മുതല്‍ ദത്ത് മാഷ് മറ്റൊ രാളായി മാറുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഏറ്റു പറഞ്ഞ് എന്നോട് മാപ്പിരക്കാനുള്ള സന്മനസ്സ് അദ്ദേഹത്തിന്റെ പോലെ മറ്റാര്‍ക്കും ഉണ്ടാവുകയില്ല. സ്വകാര്യസദസ്സില്‍ മാത്രമല്ല പൊതുസദസ്സിലും എന്റെ ജീവിതത്തില്‍ നെഗറ്റീവായി ഇടപെട്ടുവെന്ന് സമ്മതിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. ആ മനസ്ഥിതി എന്റെ കണ്ണ് നിറച്ചിട്ടുണ്ട്.   

ഞാനും എന്റെ കൂട്ടൂകാരനും ജീവിതമാരംഭിക്കുന്നത് ഗുരുവായൂരമ്പലത്തില്‍ നിന്നായിരിക്കുമെന്ന് കിട്ടിയ ഒരു തെറ്റായ അറിയിപ്പ് വിശ്വസിച്ച് ഒരു പകല്‍ മുഴുവന്‍ തികഞ്ഞ ഇടതുപക്ഷക്കാരനായ അദ്ദേഹം അമ്പലത്തില്‍ ചെലവാക്കി. ഞങ്ങള്‍ അതറിഞ്ഞത് വളരെക്കഴിഞ്ഞാണ്. 'അങ്ങനെ ഞങ്ങള്‍ക്കായി കാത്തിരിക്കുമെന്ന് അറിഞ്ഞില്ല മാഷെ' എന്നൊരു മാപ്പപേക്ഷ മാത്രമേ അന്നേരം ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ.

ആദ്യത്തെ ക്യാന്‍സര്‍ സര്‍ജറി കഴിഞ്ഞ് വളരെയേറെ രൂപഭേദം വന്ന മുഖഭാവവുമായി ദില്ലിയില്‍ വന്നപ്പോളാണ് പിന്നെ ഞാന്‍ മാഷെ കാണുന്നത്. ഒരു അച്ഛന്റെ സ്‌നേഹത്തോടെ മാഷ് അന്ന് എന്നെ ചേര്‍ത്തു പിടിച്ചു. മാഷുടെ സംഭാഷണം കുറെയേറെ അവ്യക്തമായിരുന്നു. ' കൂട്ടക്ഷരങ്ങള്‍ കൂടുതലായതുകൊണ്ട് മലയാളം പറഞ്ഞാല്‍ മനസ്സിലാവാന്‍ പ്രയാസമാണ്. ഇംഗ്ലീഷാണെങ്കില്‍ വേഗം മനസ്സിലാവും. ഇംഗ്ലീഷില്‍ കൂട്ടക്ഷരങ്ങള്‍ ഇല്ലല്ലോ' എന്നായിരുന്നു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ശസ്ത്രക്രിയയ്ക്കു ശേഷം വന്ന മാറ്റത്തെപ്പറ്റി മാഷ് പറഞ്ഞത്. അങ്ങനെ തമാശയൊക്കെ പറഞ്ഞെങ്കിലും നമുക്ക് പെട്ടെന്ന് മനസ്സിലാവുന്നില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതിക്കാണിക്കാന്‍ അദ്ദേഹത്തിനു ഒട്ടും തന്നെ മടിയുണ്ടായിരുന്നില്ല. മാഷിനോട് പൊരുതി ക്യാന്‍സര്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് തുടര്‍ന്നുള്ള കാലങ്ങള്‍ തെളിയിക്കുകയായിരുന്നു.

അധ്യാപികയാകണമെന്ന് ശഠിച്ച മകളെക്കുറിച്ചുള്ള എന്റെ വേവലാതി പങ്കുവെച്ചപ്പോള്‍ ദത്ത് മാഷ് മനോഹരമായി ചിരിച്ചു. കുട്ടികള്‍ അച്ഛാ എന്നു വിളിക്കുന്നതിലും അധികം നിര്‍വൃതി മാഷെ എന്ന് വിളിക്കുമ്പോള്‍ കിട്ടുമെന്നും ആ അനുഭവമുള്ള അദ്ദേഹത്തിനു അധ്യാപനം എന്ന കലയെക്കുറിച്ച് നല്ലതു മാത്രമേ പറയാനാവൂ എന്നും പറഞ്ഞു. നല്ല അധ്യാപകരില്ലാതാകുമ്പോള്‍ രാജ്യം നശിക്കുമെന്നും മാഷ് പറയാതിരുന്നില്ല. എന്റെ വേവലാതി അവിടെ അവസാനിക്കുകയും ചെയ്തു.

ദില്ലി ബേസ് ആക്കിക്കൊണ്ട് ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളില്‍ ഞാനും എന്റെ കൂട്ടുകാരനും ഒട്ടനവധി ആര്‍ക്കിടെക്ടുമാരും സിവില്‍ എന്‍ജിനീയര്‍മാരും ഒരുമിച്ചു ചേര്‍ന്ന് ബദല്‍ വീടുവെപ്പുമാതൃകയായ ബേക്കര്‍ ടൈപ്പ് വീടുകള്‍ പണിതു. ഇന്‍സ്റ്റിറ്റിയൂഷണല്‍ ബില്‍ഡിംഗുകള്‍ ഉണ്ടാക്കി. നാലുലക്ഷത്തിലധികം സ്‌ക്വയര്‍ഫീറ്റ് ഏരിയ ഒരു സൈറ്റില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിഞ്ഞ, ഉത്തരപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ അജയ് കുമാര്‍ ഗര്‍ഗ് എന്‍ ജിനീയറിംഗ് കോളജും പ്രധാന ആര്‍ക്കിടെക്ടായ ശ്രീ സിദ്ധാര്‍ഥാ മിത്രയും ബദല്‍ കെട്ടിട നിര്‍മ്മാണത്തിന്റെ വടക്കന്‍ മേഖലയില്‍ തീര്‍ച്ചയായും ഓര്‍ക്കപ്പെടേണ്ട പേരുകളാണ്.

ഉത്തരേന്ത്യയിലെ ഒട്ടനേകം ആര്‍ക്കിടെക്ടുമാരേയും സിവില്‍ എന്‍ജിനീയര്‍മാരേയും സാധാരണ കെട്ടിടനിര്‍മ്മാണത്തൊഴിലാളികളേയും ഈ മേഖലയിലേക്ക് സജീവമായി അടുപ്പിക്കാന്‍ സാധിച്ചത് ലാറിബേക്കറിന്റെയും അദ്ദേഹത്തിനു ശേഷം ദത്ത് മാഷുടേയും നിരന്തരമായ പ്രേരണകൊണ്ടു തന്നെയായിരുന്നു. ഓരോ തവണ കാണുമ്പോഴും പുനരുജ്ജീവനത്തിന്റെ ഊര്‍ജ്ജക്കൂട്ടുകള്‍ കൊണ്ട് ദത്ത് മാഷ് ഞങ്ങള്‍ എല്ലാവരേയും ഉന്മേഷഭരിതരാക്കുമായിരുന്നു. അത്രയ്ക്കും ഉറച്ച ബോധ്യം അദ്ദേഹത്തിനു ബദല്‍ ജീവിത മാതൃകകളില്‍ ഉണ്ടായിരുന്നു.

എന്റെ എഴുത്തെല്ലാം മാഷിനിഷ്ടമായിരുന്നു. ഞാനും മുല്ലയും കൂടി നടത്തിയ കുടജാദ്രി യാത്ര സമകാലിക മലയാളത്തില്‍ അച്ചടിച്ച് വന്നത് വായിച്ച് 'ഇനി എനിക്ക് അങ്ങോട്ട് പോകണമെന്നില്ല., അത്രമാത്രം ഞാന്‍ നിനക്കൊപ്പം യാത്ര ചെയ്തുകഴിഞ്ഞു'വെന്ന് അദ്ദേഹം എനിക്ക് മെസ്സേജയച്ചു. എന്റെ ആദ്യപുസ്തകമായ 'അമ്മീമ്മക്കഥകള്‍' മാഷാണ് പ്രകാശിപ്പിച്ചത്. കാണുമ്പോഴെല്ലാം ' ഇനിയും എഴുതണം മലയാളഭാഷയ്ക്ക് നിന്നെ ആവശ്യമുണ്ട് 'എന്ന് അദ്ദേഹം പ്രോല്‍സാഹിപ്പിക്കുമായിരുന്നു.

കോസ്റ്റ്‌ഫോര്‍ഡില്‍ എപ്പോള്‍ ചെന്നാലും ' നീയെന്തെങ്കിലും കഴിച്ചോ ഇല്ലെങ്കില്‍ ക്യാന്റീനില്‍ പോയി ആഹാരം കഴിയ്ക്കു' എന്ന് ഒരമ്മയെപ്പോലെയുള്ള വാല്‍സല്യത്തൊടെ അദ്ദേഹം പറയുമായിരുന്നു. കൈയില്‍ കാശില്ല എന്ന് പറഞ്ഞാല്‍ മാഷ് എങ്ങനെയായാലും ഒരു ആയിരം രൂപ ഒപ്പിച്ചു തരും. അങ്ങനെയൊന്നും ചെയ്യാന്‍ മറ്റാരുമുണ്ടായിട്ടില്ല ജീവിതത്തില്‍... അത്രമാത്രം സ്വാതന്ത്ര്യത്തോടെ അവകാശത്തോടെ ചോദിക്കാനും ആരുമുണ്ടായിട്ടില്ല.

എന്റെ കൂട്ടുകാരന്‍ സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിക്കുമ്പോള്‍ മാഷ് വിലക്കി. മറ്റൊന്നുമല്ല പറഞ്ഞത് 'അവളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യരുത് ' എന്നു മാത്രമാണ് . എനിക്കു വേണ്ടി അങ്ങനൊരു ശുപാര്‍ശ പറയാന്‍ ഈ ലോകത്തില്‍ മാഷു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ അനിയത്തിയുടെ ജീവിതം തകര്‍ന്നു തരിപ്പണമാവുന്ന നീറുന്ന കാലത്തില്‍ മാഷ് ആര്‍ക്കും സാധിക്കാത്തവിധം ഒരു ശക്തിദുര്‍ഗ്ഗമായി അവള്‍ക്കൊപ്പം നിന്നു. നിയമസഹായത്തിനും പലപ്പോഴും ഭക്ഷണത്തിനും പണത്തിനും വൈകാരികമായ പിന്തുണയ്ക്കും എല്ലാം അവള്‍ മാഷെ ആശ്രയിച്ചിരുന്നു. ഒരുപാധിയുമില്ലാത്ത പിന്തുണയാണ് മാഷ് അനിയത്തിക്ക് നല്‍കിയത്. ഞങ്ങള്‍ മൂന്നു പെണ്‍കുട്ടികളെ അദ്ദേഹം ദത്തെടുക്കുകയായിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ ഒരു തെറ്റുമില്ല. മകളുടെ ഭര്‍ത്താവിനെ ഭയന്ന് ഞങ്ങളുടെ അമ്മ സമനില തെറ്റിയ പോലെ പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ഞാനോടിച്ചെന്നത് മാഷുടെ നെഞ്ചിലേക്കാണ്. 'അമ്മയ്‌ക്കെന്തു പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നി'ല്ലെന്ന് ഞാന്‍ മാഷെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരഞ്ഞു. അന്നും മാഷ് സമാധാനിപ്പിച്ചു. 'നീ ധൈര്യമായിരിക്ക്, എല്ലാം പരിഹരിക്കാം. പരിഹാരമില്ലാത്ത പ്രശ്‌നമൊന്നുമില്ല.'

ക്യാന്‍സര്‍ പിന്നെയും പിടിമുറുക്കുന്നുവെന്ന് അറിഞ്ഞത് ഈയിടെയാണ്. എന്നിട്ടും മാര്‍ച്ച് ആദ്യവാരം നടന്ന ലാറിബേക്കര്‍ ജന്മശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം ഉടനീളം പങ്കെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് 'ഞാന്‍ കൂടുതല്‍ മിടുക്കനായി തിരിച്ചു വരും' എന്ന് ഞങ്ങളോട് പറഞ്ഞു. 'വേറിട്ട് മാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍' എന്ന എന്റെ ആദ്യ നോവല്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമവേളയില്‍ വായിക്കാമെന്ന് അദ്ദേഹം വാക്കു തന്നു. ഞങ്ങള്‍ എന്നെങ്കിലും സ്വന്തമായി പണിയിക്കുന്ന വീട്ടില്‍ വന്നു താമസിക്കാന്‍ വലിയ ആഗ്രഹമുണ്ടെന്ന് പറഞ്ഞു... ഒപ്പം ഉണ്ടായിരുന്ന എല്ലാം കൊണ്ടും മാഷുടെ പകുതി ഭാഗമായ ടീച്ചറും അപ്പോള്‍ അതു ശരിവെച്ച് തലകുലുക്കി.

എന്നിട്ട്.. എന്നിട്ട്.. ആ ക്യാന്‍സര്‍ ശസ്ത്രക്രിയയേയും അതിജീവിച്ച് , വെറും ഒരു കാര്‍ഡിയാക് അറസ്റ്റിന്റെ കൈയും പിടിച്ച് മാഷ് പോയിരിക്കുന്നു ..വിളിച്ചാല്‍ കേള്‍ക്കാത്ത ദൂരത്തേയ്ക്ക്... കാണാന്‍ പറ്റാത്ത അകലത്തേയ്ക്ക്.. ഞങ്ങള്‍ക്ക് ആര്‍ക്കും പ്രവേശനമില്ലാത്ത സ്ഥലത്തേയ്ക്ക്..

ഞാന്‍ കരയാന്‍ പോലും ആവാതെ ശ്വാസം മുട്ടിയിരിക്കുന്നു. എന്റെ കണ്ണുകള്‍ വേവുകയാണ്. ഹൃദയം വെന്തു പിളരുകയും...

എന്നാലും ദത്ത് മാഷ് ഇല്ലാത്ത ഈ ലോകത്ത് ഇനിയും ജീവിക്കേണ്ടിയിരിക്കുന്നുവല്ലോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com