വലിയ കസേരയും മുന്തിയ ഭക്ഷണവും ചെലവുള്ള മുറിയും ആണ്‍താരത്തിനുള്ളതാണ്; സി രാധാകൃഷ്ണന്‍ എഴുതുന്നു

വലിയ കസേരയും മുന്തിയ ഭക്ഷണവും ചെലവുള്ള മുറിയും ആണ്‍താരത്തിനുള്ളതാണ്; സി രാധാകൃഷ്ണന്‍ എഴുതുന്നു
വലിയ കസേരയും മുന്തിയ ഭക്ഷണവും ചെലവുള്ള മുറിയും ആണ്‍താരത്തിനുള്ളതാണ്; സി രാധാകൃഷ്ണന്‍ എഴുതുന്നു

രൊക്കെ എന്തൊക്കെ മറിച്ചും തിരിച്ചും പറഞ്ഞാലും ദൈവത്തിന്റെ സ്വന്തം നാട്ടിലും ആണ്‍വാഴ്ചതന്നെ ഇപ്പോഴും, സംശയമില്ല. മഹത്വവല്‍ക്കരിച്ചും മിനുക്കിയും ചുട്ടി കുത്തിയും പ്രശംസിച്ചും പെണ്ണിനെ മേനികേറ്റുമെങ്കിലും സമത്വം മറ്റൊരു കാര്യം. തുല്യജോലിക്ക് തുല്യവേതനം പോലും ഇല്ല. എനിക്ക് ഓര്‍മ്മവെക്കുന്ന കാലത്ത് എങ്ങനെയോ അങ്ങനെ തന്നെ. വയലില്‍ ഒരേ ചുടുവെയിലത്ത് ഒരേ അളവു സമയം വേല ചെയ്താല്‍ ആണിന് ഇടങ്ങഴിയും പെണ്ണിന് നാഴൂരിയുമായിരുന്നു കൂലി. ഇന്നും ഗൃഹനിര്‍മ്മാണമേഖലയിലും മറ്റും ആണിനു കിട്ടുന്നതിന്റെ മുക്കാല്‍പ്പങ്കിലേറെ പെണ്ണിനില്ല.
കലയുടെ വേദികളിലും സ്ഥിതി വ്യത്യസ്തമല്ല. സിനിമയിലായാലും നാടകത്തിലായാലും ആണിനാണ് സ്ഥാനവും മാനവും മണിയും. പെണ്ണിന് എച്ചിലും വറ്റുമായി കഷ്ടിമുഷ്ടി വല്ലതും! കഥകളിയരങ്ങില്‍ ഒപ്പമാടുന്ന സ്ത്രീവേഷക്കാര്‍ക്ക്, അവരെത്ര പ്രഗല്‍ഭരായാലും വീരശൂരവേഷങ്ങളണിയുന്നവര്‍ക്കുള്ള അരങ്ങുകൂലി ഇല്ല! വേഷം കെട്ടുന്നത് പുരുഷന്മാര്‍തന്നെ എന്നുകൂടി ഓര്‍ക്കുക. നോക്കണേ മാറ്റിത്തം!
മരുമക്കത്തായക്കാലത്ത് അതു നടപ്പുള്ള വീടുകളില്‍ സ്ത്രീകള്‍ക്കായിരുന്നു മുഴുവന്‍ അവകാശവും അധികാരവും. കുട്ടികളുടെ അച്ഛന്‍ ആരായിരിക്കണമെന്നു തീരുമാനിക്കുന്നത് അമ്മമാരാകാന്‍ പോകുന്നവര്‍തന്നെ ആയിരുന്നു. കുടുംബസ്വത്തവകാശവും മുഖ്യമായും അവര്‍ക്കുതന്നെ. വിദേശാധിപത്യത്തോടൊപ്പം വന്ന പുരുഷായത്തവുമായി മത്സരിക്കാന്‍ കഴിയാതെ അതു ചീഞ്ഞുപോയി.
യാജ്ഞവല്‍ക്യനോടൊപ്പം കടന്നിരിക്കാന്‍ പ്രാപ്തരായ മൈത്രേയിയെപ്പോലുള്ള വിദുഷികള്‍ വേദകാലത്ത് ഉണ്ടായിരുന്നതായി ഉപനിഷത്തുകള്‍ പറയുന്നു. പക്ഷേ, ചാതുര്‍വര്‍ണ്യം അരങ്ങുവാഴാന്‍ തുടങ്ങിയതോടെ വര്‍ണ്ണസങ്കരം പേടിസ്വപ്നമാവുകയും സ്ത്രീക്ക് പരപുരുഷനിരോധന കവചങ്ങള്‍ ആവശ്യമാവുകയും ചെയ്തു. പെണ്ണിനെ തനിക്കുവേണ്ടി അല്ലാതെയും പിടിച്ചുകെട്ടി കൊണ്ടുപോകാനും തനിക്കിഷ്ടപ്പടി കാട്ടില്‍ കളയാനും പണയംവെച്ച് ചൂതുകളിക്കാനും രാജാധിരാജന്മാര്‍ക്കും പരമയോഗ്യരായവര്‍ക്കും ഉളുപ്പില്ലാതായെന്നല്ല, ഊറ്റവുമായി. ഇതൊക്ക ധര്‍മ്മം തന്നെയും ആയി! പുരുഷാധിപത്യം പരമ്പരയാ കൊടികുത്തി വാണ വിദേശരാജ്യങ്ങളില്‍പ്പോലും ഒരുപാട് മഹാറാണിമാര്‍ ഉണ്ടായപ്പോള്‍ മഹാഭാരതത്തില്‍ പേരിനു മാത്രം ഒന്നോ രണ്ടോ.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകാലത്ത് ഇവിടെ ഉണ്ടായ ഏറ്റവും വലിയ വിപ്ലവം ദൃശ്യശ്രാവ്യ മാധ്യമരംഗത്താണെന്നു തോന്നുന്നു, അതിന്റെ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് എന്ന വലയിലൂടെയും. ഈ തുറകളിലാണ് ഏറ്റവും ഗുരുതരമായ പെണ്‍വിവേചനം നിലവിലുള്ളത്. താരങ്ങളെല്ലാം പുരുഷന്മാരാണ്. പ്രശസ്തിയുടേയും പ്രതിഫലത്തിന്റേയും മൂപ്പനോഹരി ആണുങ്ങള്‍ക്ക് സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
സിനിമയിലെ കഥ എനിക്കു നേരിട്ടറിയാം. എഴുപതെണ്‍പതുകളില്‍ നാലു സിനിമകള്‍ ഞാന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു. വേറെ ചിലതിന് കഥയോ തിരക്കഥയോ രണ്ടുമോ എഴുതി. സംവിധാനം ചെയ്തതില്‍ രണ്ടു ചിത്രങ്ങളുടെ നിര്‍മ്മാതാവ് വിദേശത്തായിരുന്നതിനാല്‍ ആ ചുമതലകൂടി എനിക്ക് ഏറ്റെടുക്കേണ്ടിവന്നു. അഭിനേതാക്കളേയും സാങ്കേതികപ്രവര്‍ത്തകരേയും ചെന്നുകണ്ട് കരാറെഴുതിക്കെയാണ് ആണ്‍കോയ്മ ആദ്യമായി അറിയുന്നത്. പുരുഷന്മാര്‍ക്കുള്ളതിന്റെ നാലിലൊന്നുപോലും പ്രതിഫലം സ്ത്രീകള്‍ക്കില്ല. എന്നാലോ, നായകനും നായികയ്ക്കും പണി ഒപ്പമാണ്, മിക്കവാറും. അതു വേറെ, ഇതു വേറെ.
ആദ്യം വാങ്ങേണ്ടത് നായകന്റെ ഡേറ്റാണ്. ഇത് അറിയാത്തതിനാല്‍ അബദ്ധവും പറ്റി. നായകനായി ഒരാള്‍തന്നെ വേണമെന്ന് നിര്‍മ്മാതാവിന് താല്പര്യമുണ്ടായിരുന്നു. അദ്ദേഹം മദിരാശിപ്പട്ടണത്തില്‍ തല്‍ക്കാലം ഇല്ലാത്തതിനാല്‍ നായികയെ കണ്ട് കരാറുണ്ടാക്കി. അവരുടെ ഇഷ്ടത്തിനല്ല. ഞങ്ങള്‍ ചോദിച്ച ദിവസങ്ങള്‍ തരികയായിരുന്നു. പിന്നീട് നായകനെ കാണാന്‍ ചെന്നപ്പോള്‍ അഭിനയിക്കാമെന്ന് അദ്ദേഹം സസന്തോഷം സമ്മതിച്ചു. പക്ഷേ, നായികയെ നേരത്തെ ബുക്കു ചെയ്ത വിവരം അറിഞ്ഞതോടെ മട്ടുമാറി. മുഖം കറുത്തു. പറഞ്ഞ തീയതികളിലൊന്നും യാതൊരു ഒഴിവുമില്ല എന്നായി!
എനിക്കുവേണ്ടി ശുപാര്‍ശ പറയാന്‍ ഞാന്‍ ഏല്‍പ്പിച്ച പത്രപ്രവര്‍ത്തക സുഹൃത്ത് തിരികെ കൊണ്ടുവന്നത് കാര്യം ഒരിക്കലും നടക്കില്ലെന്ന അറിയിപ്പു മാത്രമല്ല, സിനിമയുടെ കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കിയേ ഈ രംഗത്തേയ്ക്കു വരാവൂ എന്ന് എനിക്കൊരു ഉപദേശം കൂടിയാണ്. സിനിമയുടെ കാര്യങ്ങള്‍ മനസ്സിലായിട്ടില്ലെന്നാലും താങ്കളെ നന്നായി മനസ്സിലായി എന്ന്, ചെറുപ്പത്തിന്റെ അവിവേകം കൊണ്ടു കൂടിയാണെങ്കിലും ഞാനദ്ദേഹത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
സെറ്റിലെ ഏറ്റവും വലിയ കസേരയും ഏറ്റവും മുന്തിയ ഭക്ഷണവും താമസിക്കുന്ന ഹോട്ടലിലെ ഏറ്റവും ചെലവുള്ള മുറിയും ആണ്‍താരത്തിന് അവകാശപ്പെട്ടതാണ്. നായിക ഉള്‍പ്പെടെ സ്ത്രീകള്‍ കിട്ടിയതുകൊണ്ട് തൃപ്തിയടയണം. നായകനടനോട് വിധേയത്വം കാണിക്കണം എന്നാണ് സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സിനിമയിലെ സ്ഥിരക്കാരായ സാങ്കേതിക ജോലിക്കാര്‍ നല്‍കുന്ന സ്‌നേഹോപദേശം. ഡയലോഗ് അല്പം തെറ്റിയാലും തിരുത്താന്‍ മെനക്കെടരുത്, റീടേക്ക് ഒഴിവാക്കുകയാണ് വേണ്ടത്, ഡ്യൂപ്പിനെ വെച്ചേ ഷോട്ട് പ്ലാന്‍ ചെയ്യാവൂ. അതിന് നായകനെ വിളിച്ചു നിര്‍ത്തരുത്. ഷോട്ട് റെഡിയായാല്‍ അദ്ദേഹത്തെ ഉണര്‍ത്തിക്കാം.
നേരെ മറിച്ചാണ് സ്ത്രീകളോടുള്ള മുറ. വെറും വരാന്‍ പറ എന്ന രണ്ടു വാക്കാണ് പ്രൊഡക്ഷന്‍ മാനേജര്‍ അനുചരന് നല്‍കുന്ന കല്‍പ്പന. വരാന്‍ ഒരു നിമിഷം വൈകിയാല്‍ നായകന് മുഷിയും. അസ്സെ, ഇതെന്തൊരു ബോറേര്‍പ്പാട് എന്ന് ഉറക്കെത്തന്നെ പറഞ്ഞ് ചിറി കോട്ടും. ഉപ്പര്‍ മൂഡോഫായാല്‍ കുഴയും എന്നു നിശ്ചയം.
ഷീല, ശാരദ, ജയഭാരതി, സീമ, വിധുബാല തുടങ്ങിയ ചെറുപ്പക്കാരോടെന്നല്ല, പൊന്നമ്മ, ഭവാനിയമ്മ തുടങ്ങിയ മുതിര്‍ന്ന പ്രായക്കാരോടും മിക്ക നായകന്മാരും ഇതേ രീതിയിലാണ് പെരുമാറുക. ഇന്ത്യയിലെ എല്ലാ സിനിമാനിര്‍മ്മാണ കേന്ദ്രങ്ങളിലും അരങ്ങേറുന്ന നാടകങ്ങള്‍ ഇതുതന്നെയെന്നാണ് അറിവ്. പ്രതിഫലത്തുകയിലുള്ള ഭീമമായ വ്യത്യാസവും നിലനില്‍ക്കുന്നു.
അരനൂറ്റാണ്ടോളം മുന്‍പ് മദിരാശിയിലെ ഒരു സ്റ്റുഡിയോയില്‍ ഒരു ദിവസം കണ്ട കാഴ്ച മറക്കാവതല്ല. അന്നൊക്കെ, ഏതെങ്കിലും തമിഴ്-തെലുങ്ക് മഹാപടത്തിന്റെ പൊളിക്കാന്‍ വെച്ച സെറ്റ് ചുളുവില്‍ നിസ്സാര വാടകയ്‌ക്കെടുത്താണ് മലയാളിയുടെ പടംപിടുത്തം. അത്രക്കേ ബജറ്റുള്ളൂ. 
രാവിലെ ഏഴു മണിക്ക് ഞാന്‍ കാഴ്ചക്കാരനായി ചെല്ലുമ്പോഴേ ഷോട്ടെടുക്കാന്‍ എല്ലാം തയ്യാറാണ്. എം.ജി.ആര്‍ നായകനായ തമിഴ് സിനിമ. ഒരു വലിയ രാജധാനിയുടെ സെറ്റ്. നിരവധി ജോലിക്കാര്‍ തട്ടിന്‍പുറത്തെ ലൈറ്റുകളുടേയും ഫില്‍റ്ററുകളുടേയും കട്ടറുകളുടേയും കൂടെയും മറ്റും കാവല്‍. സാമാന്യം നീണ്ട ഷോട്ട് സംവിധായകന്‍ ഡ്യൂപ്പിനെ വെച്ച് വീണ്ടും വീണ്ടും ചെയ്തു നോക്കുന്നു. ഭാരിച്ച ക്യാമറ ട്രോളിയില്‍ തള്ളണം. മൈക്ക് അതിനൊത്തും പക്ഷേ, ഫീല്‍ഡാകാതെയും നീങ്ങണം. നായിക ഉള്‍പ്പെടെ മറ്റെല്ലാ അഭിനേതാക്കളും എത്തിയിരിക്കുന്നു. അണ്ണന്‍ ഏതു നിമിഷവും വരും. റണ്ണിങ്ങ് കമന്ററിപോലെ അദ്ദേഹത്തിന്റെ ദിനചര്യ സെറ്റില്‍ വാര്‍ത്തയായി പരക്കുന്നു. അവര്‍ കുളിക്കറാര്‍, അവര്‍ പൂജാ റൂമില്‍, അവര്‍ ശാപ്പടുകിറാര്‍, അവര്‍ ഡ്രെസ് പോട്ടുകിട്ടിരിക്കിറാര്‍, മേക്കപ്പ് പണ്ണറാര്‍...
പതിനൊന്നു മണി കഴിഞ്ഞാണ് എത്തുന്നത്. അതൊരു വരവുതന്നെ! എല്ലാരും മുട്ടിലിഴഞ്ഞ് എതിരേല്‍ക്കുന്നു, സംവിധായകന്‍ ഉള്‍പ്പെടെ. അയാളോട് അണ്ണന്റെ ചോദ്യം, അപ്പൊ ഇന്നക്ക് എന്ന തമ്പി?
സംവിധായകന്‍ താന്‍ പ്ലാന്‍ ചെയ്ത ഷോട്ട് വിസ്തരിക്കുന്നു. അതൊന്നും ചെവിയില്‍ വീഴുന്ന ലക്ഷണമില്ല. അവസാനം അണ്ണന്‍ തീരുമാനിക്കുന്നു. ദേ പാര്, നാന്‍ ഇപ്പടി പോയി അപ്പടി ശുറ്റി തിരുപ്പി ഇപ്പടി വന്ത് അപ്പടിയേ പോവേന്‍, പോതുമാ? 
പ്രമാദം, പ്രമാദം, അയ്യാ എന്ന് എല്ലാരും കോറസ്സ്. ഇപ്പറഞ്ഞ ശുറ്റല്‍ അഞ്ചു മിനിറ്റിനകം തീര്‍ത്ത് അന്നത്തെ ഷൂട്ടിങ് മതിയാക്കി അണ്ണന്‍ പോകുന്നു. മേയ്ക്കപ്പിട്ട് കാത്തിരുന്ന നായിക ചായമിളക്കാന്‍ ഗ്രീന്റൂമിലേക്കു പോകുമ്പോഴും മുഖത്ത് യാതൊരതൃപ്തിയും കാണിക്കാതെ കഴിച്ചുകൂട്ടുന്നു.
അപ്പുറത്തെ സ്റ്റുഡിയോവില്‍ എന്‍.ടി രാമറാവു തെലുങ്കു സെറ്റിലും ഇതുതന്നെയാണ് ചെയ്യുന്നതെന്ന് എന്റെ മാര്‍ഗ്ഗദര്‍ശിയായ സുഹൃത്ത് പറഞ്ഞു. എന്‍.ടി.ആര്‍ ദൈവമായി വേഷമിട്ട് വീട്ടിന്റെ മട്ടുപ്പാവില്‍ വന്നു തന്റെ മുറ്റത്ത് തലേന്നാളേ എത്തിയവര്‍ക്ക് ദര്‍ശനസൗഭാഗ്യം നല്‍കി ദക്ഷിണ സ്വീകരിച്ച് പന്ത്രണ്ടു മണിക്കേ എത്തൂ എന്ന വ്യത്യാസമേ ഉള്ളൂപോലും.
വന്‍താരങ്ങളായ പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങളെ ചെറുക്കുന്നവര്‍ക്ക് സിനിമയില്‍ ഇപ്പോഴും നില്‍ക്കക്കള്ളി ഇല്ല എന്നാണ് ഡബ്ലിയു.സി.സിയുടെ നിലപാടുകളില്‍നിന്നു മനസ്സിലാവുന്നത്. ഇതിനു പരിഹാരം ഒരു പ്രത്യേക സെല്‍ ഉണ്ടാക്കുക എന്നതാണോ? സംശയമുണ്ട്. അതു മറ്റൊരു ആധിപത്യ വ്യവസ്ഥയായല്ലെ തീരൂ?
കേരളീയ സമൂഹം പുരുഷമേധാവിത്വത്തോട് അറിഞ്ഞും അറിയാതെയും പുലര്‍ത്തുന്ന ആഭിമുഖ്യമാണ് ഈ സ്ഥിതി ഉരുത്തിരിയാന്‍ കാരണം. നവോത്ഥാനത്തെ പിടിച്ച് ആണയിടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍പോലും ഒന്നിനു പിറകെ ഒന്നായി തങ്ങള്‍ക്കന്വേഷിക്കാന്‍ അവസരം ലഭിക്കുന്ന സ്ത്രീപീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോള്‍ ഈ രോഗം എത്ര ആഴത്തിലാണ് വേരോടിയിരിക്കുന്നതെന്നു വ്യക്തമാണല്ലോ.
മഹാത്മാ ഗാന്ധി തന്റെ ബ്രഹ്മചര്യം അന്യൂനമായൊ എന്നു പരീക്ഷിക്കാന്‍ തനിക്കിരുവശവും രണ്ടു പെണ്‍കുട്ടികളെ ശയിപ്പിച്ചതായി കേട്ടിട്ടുണ്ട്. പരീക്ഷണം വിജയിച്ചോ എന്തോ! ആ രണ്ടു സ്ത്രീകളും പില്‍ക്കാലത്ത് മാനസികമായി അസന്തുലിതാവസ്ഥയിലായി എന്നു മാത്രമേ തീര്‍ച്ചയുള്ളൂ. ദൈവസിദ്ധിയായ ബ്രഹ്മചര്യം ബ്രാഹ്മണന്റെ ജന്മസ്വഭാവവും കുത്തകയും ആണെന്ന ധാരണ നിലനിര്‍ത്താനുള്ള ഉപാധികള്‍ മാത്രമാണ് സ്ത്രീകള്‍ ഉള്‍പ്പെടെ സമൂഹത്തിലെ മറ്റെല്ലാരും. ചാതുര്‍വര്‍ണ്ണ്യം അവസാനിച്ചല്ലാതെ സ്ത്രീസമത്വം നിലവില്‍ വരുത്താന്‍ ഒരു നിയമംകൊണ്ടും ആവില്ല. അസാമാന്യ സിദ്ധികളുള്ള രേവതി എന്ന നടി എന്നല്ല ആര്‍ വിചാരിച്ചാലും നടക്കില്ല. എതിര്‍ക്കുന്നതിനെ വിഴുങ്ങി തടിച്ചുകൊഴുക്കുന്ന സ്വഭാവമാണ് ചാതുര്‍വര്‍ണ്യത്തിനുള്ള സവിശേഷത.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com