സൂക്ഷിക്കുക: നമ്മള്‍ കേരളീയ മനസ്സാക്ഷിയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്

എല്ലാ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പ്രഗല്‍ഭരും കേന്ദ്രസംസ്ഥാന ഭരണക്കാരും വിധിയെ ഒരുപോലെ സ്വാഗതം ചെയ്യുകയുമുണ്ടായി.
സൂക്ഷിക്കുക: നമ്മള്‍ കേരളീയ മനസ്സാക്ഷിയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്

'സ്വര്‍ഗ്ഗത്തിലേക്കുള്ള പാത പലപ്പോഴും സദുദ്ദേശ്യങ്ങളുടെ ഇഷ്ടിക പാകിയതാണ്.' എന്നൊരു പഴമൊഴിയുണ്ടല്ലോ. 'ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യാം' എന്നതിന്റെ പടിഞ്ഞാറന്‍ പരിഭാഷയാണിത്.
എല്ലാ കക്ഷികളുടേയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നല്ലതാണെന്നാലും എല്ലാംകൂടി മഹാമാരണത്തിലേയ്ക്ക് നയിക്കുന്നു എന്നതുതന്നെയാണല്ലോ ശബരിമലയിലേയും കഥ.
ഓരോരുത്തരുടേയും പരസ്യനിലപാടുകള്‍ നോക്കാം. സുപ്രീംകോടതി ഒരു തീര്‍പ്പു കല്പിച്ചിരിക്കുന്നു. ലിംഗസമത്വം മൗലികാവകാശമാണെന്നും നടപ്പിലാവണമെന്നുമേ ആര്‍ക്കും പറയാനാവൂ. എല്ലാ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും പ്രഗല്‍ഭരും കേന്ദ്രസംസ്ഥാന ഭരണക്കാരും വിധിയെ ഒരുപോലെ സ്വാഗതം ചെയ്യുകയുമുണ്ടായി.

പക്ഷേ, സഗുണാരാധനാക്രമങ്ങളുടെ ഭരണഘടനയായ തന്ത്രസമുച്ചയത്തിലെ ആചാരങ്ങള്‍ക്കനുസൃതമായേ വിധി നടപ്പിലാക്കാവൂ എന്ന് ഊരാളനും തന്ത്രിമാരും പറഞ്ഞു. തീര്‍ത്തും ന്യായമായ കാര്യം.
ഇന്ത്യന്‍ ഭരണഘടനയുടെ ബലത്തില്‍ വേരുറപ്പിച്ച സ്ഥാപനങ്ങളിലൊന്നായ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാദ്ധ്യസ്ഥമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അല്ലെന്ന് ആര്‍ക്കു പറയാം!
വിധി നടപ്പാക്കുന്നതിന് ചില പ്രായോഗികവിഷമങ്ങള്‍ വരാമെന്നും അതിനാല്‍ സുപ്രീംകോടതിയില്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  നിര്‍ദ്ദേശിച്ചു. അവര്‍ക്കാണല്ലോ ക്ഷേത്രം നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഇതോടെ, ഒരു കുഴപ്പവും കൂടാതെ എല്ലാം ഭംഗിയാവുമെന്ന് തീര്‍ച്ചയായി.
ഇനി, ഈ നിലപാടുകള്‍ ഫലത്തില്‍ എങ്ങോട്ടു നയിച്ചു എന്നു പരിശോധിച്ചാലോ?

പതിനെട്ടാം പടിയില്‍ യുവതീസാന്നിദ്ധ്യം ആചാരവിരുദ്ധമാണെന്നും ക്ഷേത്രത്തിലെ നിത്യനിദാനങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായം നോക്കിയേ വിധി ഉണ്ടാകാവൂ എന്നും കൂടി കേരളസര്‍ക്കാര്‍ നല്‍കിയ പത്രികയിലുണ്ടായിരുന്നെങ്കിലും കോടതി അതു പരിഗണിച്ചില്ല.
വിധി നടപ്പിലാക്കാന്‍ പുറപ്പെട്ട സര്‍ക്കാറാണെങ്കിലോ, ഇങ്ങനെയൊരു കാര്യം തങ്ങള്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നത്, വിധി നടത്തിപ്പിന്റെ ഭാഗമായി സ്വമേധയാ ഏറ്റെടുക്കാനൊന്നും മിനക്കെട്ടില്ല. മാത്രമല്ല, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതില്‍നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറുകയും ചെയ്തു.
പിന്നീടുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഒന്നുംതന്നെ കേരളമെന്ന പുണ്യഭൂമിയില്‍ നടക്കരുതായിരുന്നു. അക്രമവും പൊലീസിന്റെ സാന്നിദ്ധ്യവുംകൊണ്ട് കലുഷമാകാനുള്ളതല്ലല്ലോ ദേവാലയ പരിസരം. ശാന്തസുന്ദരമായ ആശ്രമദേശം അട്ടഹാസങ്ങളാലും ആര്‍ത്തനാദങ്ങളാലും അസുന്ദരമാകാനും പാടില്ലല്ലോ.
ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്തു പോംവഴിയാണ് കാണുന്നതെന്ന് പ്രിയപ്പെട്ട വായനക്കാരും മാധ്യമക്കാരും സ്‌നേഹിതരും എന്നോടു ചോദിക്കുന്നു. പറയുന്നതെന്തും എരിതീയില്‍ എണ്ണയായേക്കാമെന്ന ശങ്കയാല്‍ മൗനം പാലിച്ചു. അത് ഇനിയും തുടര്‍ന്നാല്‍ കൃത്യവിലോപമാകുമെന്നു തോന്നുന്നു.

ഞാനൊരു വേദാന്തവിദ്യാര്‍ത്ഥിയാണ്, സാംസ്‌കാരിക പ്രവര്‍ത്തകനോ മറ്റേതെങ്കിലും വേഷക്കാരനോ അല്ല. ഈശാവാസ്യ ഉപനിഷത്തിലെ ആദ്യശ്ലോകമാണ് എന്റെ മാര്‍ഗ്ഗവും ലക്ഷ്യവും. അതിന്റെ വെളിച്ചത്തിലാണ് മനുഷ്യസമത്വവും സാഹോദര്യവും കിനാവു കാണുന്നത്. ഇതു യാഥാര്‍ത്ഥ്യമാകാന്‍ 'അതു ഞാന്‍ തന്നെയാണ്' എന്ന ഈശ്വര താദാത്മ്യമല്ലാതെ വഴിയില്ല എന്നു തിരിച്ചറിയുകയും ചെയ്യുന്നു.


സര്‍വ്വം ഈശാവാസ്യമാണെന്നിരിക്കെ പ്രപഞ്ചത്തില്‍ ഒന്നിനും അശുദ്ധി എന്നൊന്നില്ല. എല്ലാം വിശുദ്ധമാണ്, (ജീവന്‍ പുലരാന്‍ വേണ്ടി മാത്രം ത്യാജ്യഗ്രാഹ്യഭേദം കല്പിക്കുന്നു.) വിസര്‍ജ്ജനത്തിന്റെ പേരില്‍ സ്ത്രീക്ക് പുരുഷനില്ലാത്ത കളങ്കമൊന്നും തന്നെ ഇല്ല. (ഒരു സ്വപ്നസ്ഖലനത്തില്‍ പുരുഷനില്‍നിന്നുണ്ടാകുന്നത് കോടിക്കണക്കിന് ജീവാങ്കുരങ്ങളുടെ മൃതദേഹങ്ങളാണ്.) ഋതുവാര്‍ന്ന പെണ്ണിനും ഇരപ്പനും ദാഹകനും എല്ലാം ഈശ്വരാരാധനയ്ക്കുള്ള അവകാശം തുല്യമാണെന്ന് രാമാനുജനെഴുത്തച്ഛന്‍ എന്ന ഋഷി പറഞ്ഞത് ഇതിനാലാണ്.
എല്ലാ ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങള്‍ വേദാന്തിക്ക് ഒരുപോലെയാണ്. മഴ പെയ്ത് എങ്ങും വെള്ളം നിറഞ്ഞ അവസ്ഥയില്‍ ഒരു പൊട്ടക്കിണറുകൊണ്ട് എന്തു പ്രയോജനമുണ്ടോ അത്രയേ വിവേകിയായ പരമജ്ഞാനിക്ക് എല്ലാ വേദശാസ്ത്രങ്ങളും കൊണ്ടുമുള്ളൂ എന്നും ഗീതാകാരന്‍ 'പ്രഹസന്‍ ഇവ' (നര്‍മ്മഭാവത്തോടെ) പറയുന്നു.

പക്ഷേ, ഗീത പഠിച്ചും വ്യാഖ്യാനിച്ചും മറ്റുചില കാര്യങ്ങള്‍കൂടി അറിഞ്ഞു. ഈ പ്രപഞ്ചത്തിലുള്ള ആരെയും ഒന്നിനേയും ബോധപൂര്‍വ്വം വേദനിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല; ഈശ്വരാരാധനയ്ക്ക് അനേകായിരം വഴികളും സമ്പ്രദായങ്ങളുമുണ്ട്. അതിലൊന്നാണ് സഗുണാരാധന. ഇതില്‍ ഭാവങ്ങളും നിഷ്ഠകളുമുള്ള സങ്കല്പങ്ങളെയാണ് ഭജിക്കുന്നത്. ആരാധ്യഭാവങ്ങള്‍ അനന്തങ്ങളാണ്; എതെങ്കിലുമൊന്നില്‍ വിശ്വസിക്കുന്ന ആരെയും ഉദ്വേഗം കൊള്ളിക്കാനോ വേദനിപ്പിക്കാനോ പാടില്ല. ('ഗീതാദര്‍ശമോ അതിന്റെ ഇംഗ്ലീഷ് പരിഭാഷയോ കാണുക.)

ശബരിമലയിലെ പ്രതിഷ്ഠാസങ്കല്പം നൈഷ്ഠിക ബ്രഹ്മചാരിയുടേതാണ്. അതില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാന്‍ ആര്‍ക്കും അധികാരവും അവകാശവും ഉണ്ട്. പക്ഷേ, ആ സങ്കല്പത്തെ അവഹേളിക്കാനോ അവിടെ ചെന്ന് ആ സങ്കല്പത്തിന്റേതായ അനുഷ്ഠാനങ്ങള്‍ക്ക് നിരക്കാതെ പെരുമാറാനോ വിശ്വാസമുള്ള ആരും തയ്യാറാവില്ല. വിശ്വാസമില്ലാത്തവര്‍, വിശ്വാസികളെ വേദനിപ്പിക്കാനും പ്രകോപിപ്പിക്കാനുമല്ലെങ്കില്‍പ്പിന്നെ, എന്തിനവിടെ പോകണം?
വിശ്വാസം പരീക്ഷിച്ചറിയാന്‍ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് ഇത് ഒരു കോടതിയുടേയും പരിധിയില്‍ വരുന്ന കാര്യമല്ല. സുപ്രീംകോടതി ഈ വസ്തുത കാണാതെ പോയതെന്തുകൊണ്ടെന്നറിയില്ല. സങ്കല്പവിരുദ്ധമായി കടന്നുവരുന്നവരുടെ വിശ്വാസം പരിശോധിക്കാന്‍ ഒരു മുറയുമില്ലാത്തതിനാല്‍ കോടതിവിധി എങ്ങനെ നീതിപൂര്‍വ്വം നടപ്പാക്കാനാണ് എന്ന ശങ്ക സര്‍ക്കാറിന് ഇല്ലാതെപോയത് അതിലേറെ കഷ്ടം. വീണ്ടുവിചാരം കൂടാതേയും കൂടിയാലോചനകള്‍ നടത്താതേയും ബദ്ധപ്പെട്ട് ബലപ്രയോഗത്തിനിറങ്ങിയത് അവിവേകവുമായി.
ഓര്‍ക്കുക: നാമെല്ലാവരും കേരളീയ മനസ്സാക്ഷി എന്ന ലോകോത്തര സി.സി.ടി.വിയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ലോകത്തിന്റെ നാനാഭാഗത്തുമുണ്ടായ എല്ലാ ജാതിമതങ്ങളും അറിവുകളും ആശയങ്ങളും ആചാരക്രമങ്ങളും സങ്കല്പങ്ങളും ആയിരത്താണ്ടുകളായി അതതുകാലത്ത് വിരുന്നുവരികയും ഇവിടെ പണ്ടേ, ഉള്ള ഉപനിഷദ്ദര്‍ശനത്താല്‍ സസന്തോഷം സ്വീകരിച്ചാദരിക്കപ്പെടുകയും ചെയ്തു. ആധുനിക ലോകത്ത് സാര്‍വ്വലൗകിക സാഹോദര്യത്തിനുള്ള ഏറ്റവും വലിയ മഹാക്ഷേത്രമാണ് കേരളം-ഭാവിലോക മനുഷ്യന് സ്വയം വാര്‍ത്തെടുക്കാന്‍ ഏറ്റവും അനുയോജ്യമായ മൂശ!
പൈതൃകമായി കിട്ടിയതിനെ കൂടുതല്‍ അമൂല്യമാക്കാന്‍ പറ്റിയില്ലെങ്കിലത് കഴിവുകേടായി മാത്രമേ അറിയപ്പെടൂ. ദൂരക്കാഴ്ചയില്ലായ്മകൊണ്ടതിന് നാശം വരുത്തുന്നത് അക്ഷന്തവ്യമായ അപരാധം തന്നെ ആയിപ്പോവും.
ലോകത്തിനു മുന്നില്‍ ഇനിയുമേറെ നാം നിന്ദ്യരാകുന്നതിനു മുന്‍പേ പ്രശ്‌നം രമ്യമായി പരിഹരിക്കുക. തോല്‍വി ആരുടെയായാലും മലയാണ്‍മ എന്ന സംസ്‌കൃതി വിജയിക്കണം; വിജയിച്ചേ തീരൂ; വിജയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com