ജീവിതം മൂലധനമാക്കിയവര്‍: സി രാധാകൃഷ്ണന്‍ എഴുതുന്നു

ജീവിതം മൂലധനമാക്കിയവര്‍: സി രാധാകൃഷ്ണന്‍ എഴുതുന്നു

ഭൂഗോള ഉപരിതലത്തിന്റെ അഞ്ചില്‍ മൂന്നു ഭാഗവും കടലാണ്. ശേഷിക്കുന്നതിന്റെ പാതി മരുഭൂമിയും പിന്നെയും ബാക്കിയുള്ളതില്‍ പാതി അതിശൈത്യമേഖലയും അതും കഴിഞ്ഞാല്‍ വീണ്ടും പാതി ചതുപ്പുമാണ്. ഇതെല്ലാം പോകെ അവശേഷിക്കുന്ന ഇത്തിരി ഇടത്താണ് മനുഷ്യരുള്‍പ്പെടെ മൊത്തം കരജീവികള്‍ അള്ളിപ്പിടിച്ചും കൊത്തിപ്പെറുക്കിയും കഴിഞ്ഞുകൂടുന്നത്.

കാടനായ മനുഷ്യന്‍ നാടനായത് സമൂഹജീവിതവും അതിലെ പെരുമാറ്റച്ചട്ടങ്ങളും ഉരുത്തിരിഞ്ഞതിന്റെ കാരണവും ഫലവും രണ്ടുമായാണ്. ഗോത്രവും ഊരും പതുക്കെപ്പതുക്കെ ദേശവും നാടും രാജ്യവും സാമ്രാജ്യവുമായതിന്റെ പിന്നിലെ പോരുകളുടെ നാരായവേര് പ്രകൃതിവിഭവങ്ങളുടെ മേലുള്ള അവകാശ വ്യാപനത്വരയായിരുന്നു.

മറ്റു ജീവികള്‍ക്കുമുണ്ട് അവകാശഭൂമിബോധം. പക്ഷേ, അതിന് ജന്മനിശ്ചിതമായ പരിമിതിയുണ്ട്. മനുഷ്യര്‍ക്കില്ല. അവകാശഭൂമിയിലെ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനും മനുഷ്യന് ജന്മസിദ്ധമായ പരിധിയോ പരാഭവമോ ഇല്ല. സയന്‍സ് പിറന്നതോടെ ഒരു പരിമിതിയും ഇല്ലാതെയുമായി. ചൂഷണമെന്നതിന് സ്വസമൂഹത്തിലെ മനുഷ്യവിഭവം വരെ പരോക്ഷമായോ പ്രത്യക്ഷമായിത്തന്നെയോ ഇരയാകാമെന്നും വന്നു.

ഇതോടെ സ്വകാര്യസ്വത്ത് എന്ന പഴയ ആശയത്തിന് പുതിയ മാനങ്ങള്‍ കൈവന്നു. തന്റെ സ്വത്ത് തന്റേതുതന്നെയായ സന്തതികള്‍ക്കേ കിട്ടാവൂ എന്ന കര്‍ക്കശ പുരുഷശാഠ്യം സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് അലങ്കാരസ്വഭാവമുള്ള കൂച്ചുവിലങ്ങുകള്‍ നവീനമായി പണിതു. കുലമഹിമയും മേലാളസ്ഥാനവും ജന്മാര്‍ജ്ജിതമായി പുനരവതരിക്കാനുതകുന്ന പരിതോവസ്ഥ നിലവില്‍ വന്നു.

ചരിത്രാതീതകാലം മുതല്‍ ഇതിനെല്ലാമെതിരെ അന്നന്നുയിര്‍ത്തു തളിര്‍ത്ത് പൂത്തു കായ്ച ശാന്തിദൂതുകളെ ഇതേ ആര്‍ത്തികള്‍ അനുഷ്ഠാനാചാരച്ചട്ടക്കൂടുകളും ചൂഷണോപാധികളുമാക്കി ദുരുപയോഗപ്പെടുത്തി.

പൊറുതിമുട്ടിയപ്പോള്‍, കാറല്‍ മാര്‍ക്‌സ് എന്ന ചിന്തകന്‍ മൂലധനമെന്ന ആശയത്തെ സമൂലമായ പുനരാലോചനയ്ക്കു വിധേയമാക്കി. അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും സ്വര്‍ഗ്ഗരാജ്യം തന്നെ വേണമെന്നു ന്യായമായി ശഠിച്ചു. പക്ഷേ, അതിനു നിര്‍ദ്ദേശിച്ച പോംവഴി ശാശ്വതപരിഹാരമായില്ല. നിലവിലുള്ള കൊള്ളക്കാരെ കൊന്നതുകൊണ്ടു മാത്രം ഭൂമിയിലെ കൊള്ള അവസാനിക്കില്ലല്ലോ. വിപ്ലവസിദ്ധാന്തം ഉടുത്ത ഭ്രാന്തിന് ഉടുക്കാത്ത ഭ്രാന്ത് പരിഹാരം എന്നപോലെ ആയിപ്പോയി. ജനായത്ത സോഷ്യലിസം എന്ന മോഹമോ, ആകാശകുസുമവുമായി.

നമ്മുടെ കഥതന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. ഇന്ത്യ ഇന്നും ഒരു ദരിദ്രരാജ്യമാണ്. ഇവിടെ ജന്മജാതിയുടെ അടിസ്ഥാനത്തിലുള്ള ഉച്ചനീചത്വങ്ങള്‍ തുടരുന്നു, പോഷകാഹാരക്കുറവ് മനുഷ്യവിഭവശേഷി വികസനം അവതാളത്തിലാക്കുന്നു, ഇവിടെ തൊഴിലില്ലായ്മ ലോകത്ത് പൊതുവില്‍ ഉള്ളതിന്റെ അനേകമിരട്ടിയാണ്, മനുഷ്യാദ്ധ്വാനം വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു, നീതിനിഷേധവും അഴിമതിയും ലോകനിലവാരത്തിന്റെ വളരെ മുകളിലുമാണ്. എന്നിട്ടുമെന്തേ, ഇതിനെല്ലാം ഇന്നു ലോകത്ത് അറിയപ്പെടുന്ന ഏക പരിഹാരമാര്‍ഗ്ഗമായ ജനായത്ത സോഷ്യലിസം ഇവിടെ മുളച്ചിട്ട് ഇതിനകം ഏറെ പതിറ്റാണ്ടായിട്ടും അത് പൊതുജീവിതത്തില്‍ ഇപ്പോഴും വളര്‍ച്ച മുട്ടി വെറുമൊരു ചെറുചീളായി അഗണ്യകോടിയില്‍ ഒതുങ്ങിനില്‍ക്കുന്നു?

ഈ ചോദ്യം ഞാന്‍ രണ്ടുമൂന്നു പതിറ്റാണ്ടു മുന്‍പേതന്നെ എനിക്കു പരിചയമുള്ള ഇടതുപക്ഷ നേതാക്കളോട് ചോദിച്ചു. പലരും പല മറുപടികള്‍ തന്നു. അതില്‍ മിക്കതും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ സാങ്കേതിക ജടിലതയാല്‍ എന്റെ ഗ്രഹണശേഷിയെ തോല്‍പ്പിച്ചു. പക്ഷേ, രണ്ടുമൂന്നുപേര്‍ എനിക്കു മനസ്സിലാകുന്നതും ബോദ്ധ്യമാകുന്നതുമായ ഭാഷയില്‍ സംസാരിച്ചു - കെ. ദാമോദരന്‍, എന്‍.ഇ. ബാലറാം, സി. ഉണ്ണിരാജ.

ഇന്ത്യയിലെ സവിശേഷ സാംസ്‌കാരിക സാഹചര്യത്തില്‍ ഇടതുപക്ഷ ചിന്താഗതിക്ക് പുതിയ മാനങ്ങള്‍ വേണമെന്ന് കെ. ദാമോദരന്‍ ചൂണ്ടിക്കാണിച്ചു. ഉപേക്ഷ എന്ന തത്ത്വശാസ്ത്രം മുതലാളിത്തത്തെ മൂപ്പെത്താന്‍ അനുവദിക്കാത്തതിനാലാണ് എതിര്‍ശക്തികള്‍ക്ക് ബലക്ഷയമെന്നായിരുന്നു ഉണ്ണിരാജ പറഞ്ഞത്. ബാലറാമാകട്ടെ, മൂലധനമോ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ അല്ല, മാര്‍ക്‌സിന്റെ ഫിലോസഫിക്കല്‍ മാനുസ്‌ക്രിപ്റ്റ്‌സാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന പാഠമാകേണ്ടതെന്നാണ് ശഠിച്ചത്.

തെളിഞ്ഞ ചിന്തയായിരുന്നു ബാലറാമിന്റെ കൈമുതല്‍. സമത്വസുന്ദരവും നീതിപൂര്‍വ്വവുമായ ഒരു ജനായത്ത വ്യവസ്ഥിതി നടപ്പില്‍ വരുത്താന്‍ ഒന്നേ വേണ്ടൂ - പ്രപഞ്ചത്തിലുള്ളതെല്ലാം, ശരീരത്തോട് നേരിട്ടു ബന്ധപ്പെട്ടതല്ലെന്നാലും നമ്മുടെ അവയവങ്ങളാണ് എന്ന അടിസ്ഥാന വിശ്വാസം ഊട്ടുറക്കണം.

അതിന് ഈശാവാസ്യ ഉപനിഷത്തിലെ ആദ്യശ്ലോകം ധാരാളം മതി - പ്രപഞ്ചത്തില്‍ എങ്ങുമെവിടെയുമുള്ള എല്ലാത്തിലും തുല്യപ്രാഭവത്തോടെ ഈശം ഇരിക്കുന്നു. അതിനാല്‍ ആരും ആര്‍ക്കും മേലെയോ താഴെയോ അല്ല, ഇവിടെയുള്ള വിഭവങ്ങള്‍ ആര്‍ക്കും മാത്രമുള്ളതല്ല, എല്ലാം പങ്കിട്ടേ അനുഭവിക്കാവൂ, ഒന്നും വലിച്ചുവാരി സ്വന്തമാക്കരുത്.

ഇവിടെ പറയുന്ന ഈശം മയക്കുമരുന്നെന്ന് മാര്‍ക്‌സ് നിഷേധിച്ച ഈശ്വരനല്ല. അത് ഒരു സ്വേച്ഛാധികാരിയുടെ കോലത്തിലുള്ള ഈശ്വരനായിരുന്നു, പേടിക്കുകയും അനുസരിക്കുകയും മാത്രം ചെയ്തുകൊള്ളണം എന്നു ശാസിക്കുന്ന പരമാധികാരി. തന്റെ ശിങ്കിടികള്‍ പറയുന്ന പടി മറ്റു മനുഷ്യര്‍ക്കെല്ലാം അപ്പീലില്ലാതെ സ്വര്‍ഗ്ഗനരകങ്ങള്‍ വിധിക്കുന്നവന്‍. ഈ ഈശം അതല്ല, പ്രപഞ്ചത്തിന്റെ അടിസ്ഥാന സത്തയാണ്, അതിനാല്‍ പ്രപഞ്ചത്തിന്റെ മൊത്തം ഹിതത്തിന്റെ ചുമതല വഹിക്കുന്നു. മനുഷ്യരെ മാത്രം സംബന്ധിക്കുന്നതല്ല ആ ഹിതം. അതിനാല്‍, പരിസ്ഥിതി സമതുലന വ്യഗ്രതയുടെ പര്യായം മാത്രമാണ് സമത്വനിദര്‍ശനം.

എന്‍ഇ ബാലറാം
എന്‍ഇ ബാലറാം


ചുരുക്കത്തില്‍, മൂലധനം ആരുടേതായിത്തീരണമെന്നതല്ല കാതലായ ചോദ്യം, ആ ചോദ്യത്തിനുള്ള ഉത്തരം ഫലത്തില്‍ വരുത്താനുള്ള പദ്ധതിയല്ല ചിന്താവിഷയം. മൂലധനം എന്ന ഒന്ന് തീര്‍ത്തും ഇല്ലാതെയാകണമെന്നതാണ്. അതായത്, പ്രശ്‌നം കൈവശാധികാരമോ വീതംവെക്കലോ അല്ല, അടിസ്ഥാനപരമായ ലോകവീക്ഷണത്തിലെ മാറ്റമാണ്.

സ്വകാര്യസ്വത്ത് എന്ന മാരകവിഷമാണ് അടിസ്ഥാന വിന. അത് എന്റെ സ്വത്ത് എന്റെ കുട്ടികള്‍ക്കേ കിട്ടാവൂ എന്ന ശാഠ്യമാവുന്നു. എന്റെ ഭാര്യക്കുണ്ടാകുന്ന കുട്ടികള്‍ എന്റെ തന്നെ ആയിരിക്കണം എന്ന നിഷ്‌കര്‍ഷ സ്ത്രീസ്വാതന്ത്ര്യത്തിന് കണ്ഠകോടാലിയാവുന്നു. ഞാന്‍ കൈപ്പിടിയിലാക്കിയ അധികാരവും മേല്‍ക്കോയ്മയും എന്റെ വംശത്തിനു കിട്ടാന്‍ പാകത്തില്‍ ജാതിവ്യവസ്ഥയും പൂജ്യപൂജാക്രമങ്ങളും ഞാന്‍ വ്യവസ്ഥ ചെയ്യുന്നു. അസംബന്ധ ആചാരങ്ങള്‍ നിലവില്‍ വരുത്തുന്നു.

പ്രകൃതിയെ ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യത്തില്‍ അധിഷ്ഠിതമാണ് പുരോഗതി എന്നു വന്നാല്‍ ആ മിച്ചമൂല്യം ആരുടെ കൈവശമായാലും ഫലം മുതലാളിത്തവും പ്രകൃതിയുടെ തുടര്‍ന്നുള്ള ചൂഷണവും സാര്‍വ്വത്രിക മലിനീകരണവും സംഘര്‍ഷവും തന്നെയാണ്.

സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന മനുഷ്യരുടെ സമൂഹം മാത്രമേ നന്മയുള്ളതാവൂ. ഞാന്‍ ഒരു സാറിനെ കൊന്ന് അദ്ദേഹത്തിന്റെ കൊട്ടാരം പിടിച്ചടക്കി ആ സിംഹാസനത്തില്‍ ഇരുന്നാല്‍ മറ്റൊരു സാര്‍ ഉണ്ടാകുന്നു എന്നല്ലാതെ ഗുണപരമായ ഒരു മാറ്റവും വരുന്നില്ല. ദൈവത്തിനുകൂടി പകരം ഞാന്‍ മതി എന്നു കരുതുന്ന ഒരു പുതിയ സാറായിരിക്കുമിത് എന്ന അധികദോഷവും ഉണ്ട്. തുടര്‍വിപ്ലവമേ സംഭവിക്കാനുള്ളൂ, പിന്നെ അതിന്റെ തനിയാവര്‍ത്തനങ്ങളും.
മറിച്ച്, ഞാന്‍ ഒരിക്കലും എത്ര അവസരമുണ്ടായാലും ആരെയും ഒരു വിധത്തിലും ചൂഷണം ചെയ്യില്ല എന്നും എന്തു പ്രലോഭനവും ഭീഷണിയും പ്രകോപനവും ഉണ്ടായാലും ആരുടെ ചൂഷണത്തിനും വഴിപ്പെട്ടു നില്‍ക്കുകയില്ലെന്നും പ്രപഞ്ചഹിതമാണ് എന്റെ ജീവിതലക്ഷ്യമെന്നും കരുതുന്ന മനുഷ്യന്റെ സമൂഹത്തില്‍ സുസ്ഥിതി കൈവരാന്‍ വിശേഷിച്ചൊരു വിപ്ലവവും ആവശ്യമില്ലതാനും!

ഇന്ത്യയില്‍ അക്ഷരശൂന്യരില്‍പ്പോലും അടയിരിക്കുന്ന അടിസ്ഥാന ലോകവീക്ഷണം വലിയ ഒരളവോളം ഈശാവാസ്യധാരണയാണ്. അതിനാല്‍, അതു വികസിപ്പിച്ച് വ്യവസ്ഥിതി മാറ്റാന്‍ എളുപ്പമാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഒന്നു സവിശേഷമാണ് എന്ന് മാര്‍ക്‌സ് പറഞ്ഞിരിക്കുന്നത് ഇതിനാലാണ്.

നിഹിതമായ ഈശ്വരവിശ്വാസത്തെ തട്ടിയുണര്‍ത്തിയാണ് മഹാത്മജി നാടുണര്‍ത്തിയത്. അതു പക്ഷേ, സ്വാതന്ത്ര്യാനന്തരം പ്രകൃതിചൂഷണ വികസനം എന്ന പടിഞ്ഞാറന്‍ വഴിയിലേയ്ക്കു തെന്നി. അടിസ്ഥാനവര്‍ഗ്ഗം നരകത്തിലായി. ജനായത്ത നിഴല്‍നാടകം കളിക്കാന്‍ പിന്നെ ഇവിടെ ഒട്ടുമിക്ക കക്ഷികളും ഉപയോഗിച്ചത് ഇതേ ഈശ്വര വിശ്വാസത്തെത്തന്നെ! അതിനെ അക്രമാസക്തിയായി വികസിപ്പിച്ചുപോലും സര്‍ക്കസ്സുകളി അരങ്ങേറുന്നു!

പഴയ റെയിലില്‍നിന്നു മാറാത്ത ഇടതുപക്ഷമോ ഇതിനെതിരെ നില്‍ക്കാനുള്ള ശ്രമത്തില്‍ ആദ്യം നിഷേധിക്കുന്നത് ഈശത്തെയാണ്. നിസ്വനായ ഗ്രാമീണന് അവന്റെ അസ്തിത്വത്തില്‍ ആകെ ശേഷിക്കുന്നത് ഈ ഈശാവാസ്യബോധമാണ്. അവന്‍ പാര്‍ട്ടിയെ ഭയക്കുന്നു, വിട്ടുനില്‍ക്കുന്നു. കാലം വെറുതെ പോകുന്നു എന്നാണ് ബാലറാം പറഞ്ഞത്.
തന്റെ കാലത്തിന്റേയും ഉത്തരവാദിത്വങ്ങളുടേയും അപ്പുറം കടന്നു ചിന്തിക്കുകയും വേവലാതിപ്പെടുകയും എഴുതുകയും ചെയ്ത, നമ്മുടെ ആശയഗവേഷകര്‍ മിക്കവാറും അവഗണിച്ച മനീഷിയായിരുന്നു എന്‍.ഇ. ബാലറാം.

ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹം നല്‍കിയ ദിശാബോധം നിര്‍ണ്ണായകമായി. എഴുതുന്ന കൃതികളെല്ലാം വായിച്ച് അപ്പപ്പോള്‍ രഹസ്യമായും പത്രവാരികകളിലൂടെ പരസ്യമായും പ്രതികരിച്ചു. ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ ഏതെല്ലാമോ തലങ്ങളില്‍ അലനീളപ്പൊരുത്തങ്ങളുണ്ടായിരുന്നു.
1919 നവംബര്‍ 19 ബാലറാമിന്റെ ജന്മദിവസമാണ്. 2018 നവംബര്‍ 19-നാണ് ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങുന്നത്. ആ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com