മൂന്നു വിധിന്യായങ്ങള്‍, ഭിന്ന പ്രതികരണങ്ങള്‍

സെപ്റ്റംബര്‍ 27, 28 തീയതികളിലായി മൂന്നു സുപ്രധാന വിധിപ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തുകയുണ്ടായി.
മൂന്നു വിധിന്യായങ്ങള്‍, ഭിന്ന പ്രതികരണങ്ങള്‍

സെപ്റ്റംബര്‍ 27, 28 തീയതികളിലായി മൂന്നു സുപ്രധാന വിധിപ്രസ്താവങ്ങള്‍ സുപ്രീംകോടതി നടത്തുകയുണ്ടായി. അവയില്‍ രണ്ടെണ്ണം 'ചരിത്രവിധി' എന്നു സാമൂഹിക നിരീക്ഷകരാലും മാധ്യമങ്ങളാലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള വിധിയാണ് ഈ രണ്ടെണ്ണത്തില്‍ ഒന്ന്. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് രണ്ടാമത്തെ വിധി. മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് മസ്ജിദ് അനിവാര്യഘടകമല്ലെന്ന 1994-ലെ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം പുനഃപരിശോധിക്കേണ്ടതില്ലെന്നു വ്യക്തമാക്കുന്ന വിധിന്യായമാണ് മൂന്നാമത്തേത്.

ഇവയില്‍ ആദ്യം പരാമര്‍ശിച്ച രണ്ടു വിധിപ്രസ്താവങ്ങള്‍ ഒരര്‍ത്ഥത്തില്‍ പരമോന്നത ന്യായാസനം നേരത്തെ പുറപ്പെടുവിച്ച രണ്ടു വിധികളുടെ തുടര്‍ച്ചയായി കാണാവുന്നതാണ്. മുത്തലാഖിന്റെ നിയമസാധുത എടുത്തുകളഞ്ഞ വിധിയും ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയുമാണിവിടെ ഉദ്ദേശിക്കുന്നത്. ആധുനിക സാമൂഹിക വീക്ഷണങ്ങളോട് ആരോഗ്യകരമയി ഇണങ്ങുന്ന വിധിന്യായങ്ങളായിരുന്നു അവ രണ്ടും. പൂര്‍വ്വകാല ആചാരങ്ങളില്‍നിന്നോ മൂല്യങ്ങളില്‍നിന്നോ ഉള്ള വിച്ഛേദമായിരുന്നു ആ വിധികള്‍. 158 വര്‍ഷം മുന്‍പ്, ബ്രിട്ടീഷ് അധിനിവേശകാലത്ത് നിലവില്‍ വന്ന 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദു ചെയ്യുമ്പോള്‍ സംഭവിക്കുന്നതും അത്തരം ഒരു വിച്ഛേദമാണ്.

കൊളോണിയല്‍ ഭരണാധികാരികള്‍ വിക്ടോറിയന്‍ ധാര്‍മ്മിക, സദാചാര സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി ആവിഷ്‌കരിച്ച 497-ാം വകുപ്പിന്റെ പ്രധാനപ്പെട്ട ന്യൂനത അതിലടങ്ങിയ സ്ത്രീവിരുദ്ധതയായിരുന്നു. ആണിന്റെ സ്വകാര്യസ്വത്ത് എന്ന നിലയില്‍ പെണ്ണ് പരിഗണിക്കപ്പെട്ടു. ഭര്‍ത്താവ് എന്ന യജമാനനു കീഴിലുള്ള ദാസിയാണ് ഭാര്യ എന്ന സങ്കല്‍പ്പത്തില്‍നിന്നാണ് ഭര്‍ത്താവിന്റെ അനുവാദത്തോടെ ഭാര്യയ്ക്ക് വിവാഹേതരബന്ധമാകാമെന്നും പരസ്ത്രീഗമനം നടത്തുന്ന ഭര്‍ത്താവിനെതിരെ സ്ത്രീക്ക് ക്രിമിനല്‍ കേസ് നല്‍കാനാവില്ലെന്നും വ്യവസ്ഥ ചെയ്യുന്ന ഈ വകുപ്പുണ്ടായത്. ഭര്‍ത്താവായ പുരുഷന്റെ ലൈംഗിക സ്വാതന്ത്ര്യവും ആധിപത്യവും ഉറപ്പുവരുത്തുകയും സ്ത്രീക്ക് സ്വാതന്ത്ര്യവും കര്‍ത്തൃത്വവും നിഷേധിക്കുകയും ചെയ്യുന്നതായിരുന്നു ഐ.പി.സി. 497.
വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലാതായിത്തീരുമെങ്കിലും അത് ഒരു സിവില്‍ തെറ്റായി തുടരുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിവാഹമോചനത്തിനുള്ള ന്യായമായി അത്തരം ബന്ധം പരിഗണിക്കപ്പെടാമെന്നും ഇണയുടെ ആത്മഹത്യയിലേക്ക് നയിച്ചാല്‍ പ്രേരണാകികുറ്റമായി അത് കണക്കാക്കപ്പെടാമെന്നും വിശദീകരിക്കുക കൂടു ചെയ്തിട്ടുണ്ട് നീതിപീഠം. വിവാഹ ബാഹ്യബന്ധത്തിലേര്‍പ്പെടുന്ന പങ്കാളിയുമായി  വേര്‍പെടാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെയുണ്ടാവും. പൗരന്മാരുടെമേല്‍ ഭരണകൂടം സദാചാര നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടത്രേ കോടതി സ്വീകരിച്ചിരിക്കുന്നത്.
വിവാഹബന്ധം, ലൈംഗികത എന്നിവ സംബന്ധിച്ച പരമ്പരാഗത കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുന്ന ഈ വിധിയെ പുരോഗമനപക്ഷത്ത് നില്‍ക്കുന്നവര്‍ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും യാഥാസ്ഥിതിക വിഭാഗങ്ങള്‍ അതിനോട് പ്രതികൂല ഭാവമാണ് പ്രകടിപ്പിച്ചത്. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാമിക സംഘടനകളെല്ലാം വിധിയെ വിമര്‍ശിക്കുന്നതില്‍ ഏറെക്കുറെ ഒറ്റക്കെട്ടാണ്. വിവാഹേതര ലൈംഗികത കുറ്റമല്ലാതാകുന്നത് കുടുംബജീവിതത്തിന്റെ ശൈഥില്യത്തിനും ലൈംഗിക അരാജകത്വത്തിനും വഴിവെക്കുമെന്ന ആശങ്ക മത യാഥാസ്ഥിതിക കൂട്ടായ്മകള്‍ പങ്കുവെയ്ക്കുന്നു. അവരുടെ വാദങ്ങള്‍ കേട്ടാല്‍ തോന്നുക ഒന്നര നൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ നടപ്പാക്കിയ ഒരു വകുപ്പിന്റെ ബലത്തിലാണ് ഇന്ത്യക്കാരുടെ കുടുംബ ഭദ്രത നിന്നുപോന്നതെന്നാണ്. സമൂഹവും രാജ്യവും ഏതുതന്നെയായാലും സദാചാര നിയമങ്ങളല്ല, മറിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്‌നേഹാദരവുകളാണ് കുടുംബ ഭദ്രതയുടെ ആണിക്കല്ലേ എന്നതാണ് യാഥാര്‍ത്ഥ്യം.

മതം ഊട്ടിയുറപ്പിച്ച ധാര്‍മ്മിക-സദാചാര മൂല്യങ്ങളാണ് വൈവാഹിക-കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനും ലൈംഗിക അവ്യവസ്ഥ ഇല്ലാതാക്കുന്നതിനും നിദാനമായി വര്‍ത്തിക്കുന്നത് എന്നു ചില മതസംഘടനകള്‍ അവകാശപ്പെടുന്നുണ്ട്. അനുഭവൈക യാഥാര്‍ത്ഥ്യങ്ങളുമായി അതൊട്ടും പൊരുത്തപ്പെടുന്നില്ല. മതം ഉദ്‌ഘോഷിക്കുന്ന ധാര്‍മ്മിക ചട്ടങ്ങളും സദാചാര നിയമങ്ങളും കര്‍ശനമായി നടപ്പില്‍ വരുത്തിയ സൗദി അറേബ്യയും പാകിസ്താനുമടക്കമുള്ള രാജ്യങ്ങളിലൊന്നും വിവാഹേതര ലൈംഗികബന്ധം ഇല്ലാതാവുകയോ 'സദാചാര സംശുദ്ധി'യിലേയ്ക്ക് സമൂഹം ഉയരുകയോ ചെയ്തിട്ടില്ല.

ഐ.പി.സി 497-ാം വകുപ്പും ക്രിമിനല്‍ നടപടിക്രമത്തിലെ 198(2)-ാം വകുപ്പും സുപ്രീംകോടതി അസാധുവാക്കിയപ്പോള്‍ മറ്റൊരു വസ്തുത കൂടി മറനീക്കി പുറത്തുവന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ന്യൂനപക്ഷ മൗലികവാദികളും മോദി ഭരണകൂടവും തമ്മില്‍ ലൈംഗികതയുടേയും കുടുംബ സങ്കല്‍പ്പത്തിന്റേയും വിഷയങ്ങളില്‍ ആശയപരമോ നിലപാടുപരമോ ആയ യാതൊരു വ്യത്യാസവുമില്ല എന്നതാണത്. കോടതിവിധി മുന്‍നിര്‍ത്തി പോപ്പുലര്‍ ഫ്രന്റുകാരുടെ മുഖപത്രമായ 'തേജസ്' എഴുതിയ മുഖപ്രസംഗം അതിന്റെ തെളിവാണ്.
''കുടുംബ ബന്ധങ്ങളും കോടതി നിലപാടുകളും' എന്ന തലക്കെട്ടില്‍ പ്രസ്തുത പത്രം സെപ്റ്റംബര്‍ 28-ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ''വിവാഹബന്ധത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ നിയമം നിലനില്‍ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം നീതിപീഠം മുഖവിലയ്‌ക്കെടുത്തില്ല'' എന്ന വിലാപം കാണാം. 497-ാം വകുപ്പ് എടുത്തുകളഞ്ഞുകൂടാ എന്നും വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമം വിവാഹത്തിന്റെ പവിത്രതാ സംരക്ഷണത്തിന് അനുപേക്ഷ്യമാണെന്നുമുള്ള ബി.ജെ.പി  സര്‍ക്കാരിന്റെ വാദത്തോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചേര്‍ന്നുനില്‍ക്കുകയാണ് ഇവിടെ പി.എഫ്.ഐയുടെ പത്രം ചെയ്യുന്നത്.

ജമാഅത്തെ ഇസ്ലാമിക്കാരുടെ പത്രമായ 'മാധ്യമ'വും കേന്ദ്രസര്‍ക്കാരിനോടൊപ്പമാണ് നില്‍പ്പ്. 'സദാചാരം നിയമത്തിന് പുറത്ത്' എന്ന ശീര്‍ഷകത്തില്‍ സെപ്റ്റംബര്‍ 29-ന് മാധ്യമം എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ വായിക്കാം: ''വിവാഹേതരബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ പുരുഷനെ മാത്രമല്ല, സ്ത്രീയേയും ശിക്ഷിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. വിവാഹബന്ധത്തിന്റെ പ്രാധാന്യവും പവിത്രതയും സര്‍ക്കാര്‍ എടുത്തുപറഞ്ഞു. അതിനാല്‍ വിവാഹത്തിന്റെ വിശുദ്ധി നിലനിര്‍ത്തുന്ന ശിക്ഷ നിലനിര്‍ത്തുകയും ഒപ്പം ആ ശിക്ഷ ലിംഗനിരപേക്ഷമാക്കുകയും ചെയ്യാമെന്നായിരുന്നു വാദം.'' തേജസിനെപ്പോലെ മാധ്യമവും മോദി സര്‍ക്കാരിനുവേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നതാണ് മേല്‍വരികളില്‍ നാം കാണുന്നത്.

ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശന സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള വിധിയുടെ കാര്യത്തിലും ഭിന്ന പ്രതികരണങ്ങളുണ്ടായി. ലിംഗ സമത്വവാദികള്‍ വിധിയെ പൂര്‍ണ്ണമായി സ്വാഗതം ചെയ്തപ്പോള്‍ പാരമ്പര്യവാദികള്‍ എതിര്‍സ്വരങ്ങളുമായി രംഗത്തുവന്നു. 67 വര്‍ഷം മുന്‍പ് 1951-ല്‍ ബോംബെ ഹൈക്കോടതി നരാസു അപ്പ മാലി കേസില്‍ പുറപ്പെടുവിച്ച വിധിയുടെ ഉള്ളടക്കമാണ് ശബരിമല വിധിയോടെ അസാധുവായത്. വ്യക്തിനിയമങ്ങളും മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും തുല്യത, ജീവിതം, അന്തസ്സ് എന്നീ മൗലികാവകാശങ്ങളുടെ പരിധിക്കു പുറത്താണെന്നായിരുന്നു ബോംബെ ഹൈക്കോടതി വിധിച്ചിരുന്നത്. ഇപ്പോള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത് മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളുമുള്‍പ്പെടെ എല്ലാ 'നിയമ'ങ്ങളും മൗലികാവകാശങ്ങള്‍ക്ക് വിധേയമാണെന്നും ശബരിമലയിലെ പെണ്‍വിലക്ക് ലിംഗതുല്യതയ്‌ക്കെതിരായതിനാല്‍ അത് മൗലികാവകാശ വിരുദ്ധമാണെന്നുമാണ്.

തലമുറകളായി നിലനിന്നുപോരുന്ന മതാചാരങ്ങള്‍ വിശ്വാസിസമൂഹത്തെ സംബന്ധിച്ചിടത്തോളം മതവിശ്വാസത്തിന്റെ അവിഭക്ത ഭാഗമാണെന്ന വാദമാണ് പതിവുപോലെ എതിര്‍പക്ഷം ഉയര്‍ത്തിയത്. മതസംബന്ധമായ കാര്യങ്ങളില്‍ മതേതര കോടതികള്‍ കടന്നുകയറുന്നത് ആശാസ്യമല്ലെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. ഇത്തരം വാദമുഖങ്ങള്‍ക്കുള്ള മറുപടി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളിലുണ്ട്: ഒരു വിഭാഗം പൗരന്മാരെ ഒഴിച്ചുനിര്‍ത്തുന്ന മതാചാരങ്ങളുമായി മുന്നോട്ടുപോവാന്‍ മതത്തിനോ മതസംഘടനകള്‍ക്കോ ഭരണഘടന അനുവാദം നല്‍കുന്നില്ല. ഭരണഘടനയുടെ 26-ാം വകുപ്പ് ഉറപ്പുനല്‍കുന്ന മതാവകാശങ്ങളില്‍ സംഘാവകാശങ്ങള്‍ (group rights) ഉള്‍പ്പെടുമെങ്കിലും അവയൊന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയോ അന്തസ്സിനെയോ തുല്യതയെയോ ബാധിക്കാന്‍ പാടില്ല. മതസംഘടനകളുടെ അവകാശങ്ങള്‍ വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുംവിധമായിക്കൂടെന്നു ചന്ദ്രചൂഡ് വിശദീകരിക്കുന്നു.

മൂന്നാമത്തെ കോടതിവിധിയുടെ പശ്ചാത്തലം 1994-ല്‍ ഭരണഘടനാ ബെഞ്ച് നല്‍കിയ ഒരു വിധിയുടെ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ്. 24 വര്‍ഷം മുന്‍പ് ഇസ്മായില്‍ ഫാറൂഖി കേസില്‍, ഏറ്റെടുക്കല്‍ നിയമത്തില്‍നിന്ന മുസ്ലിങ്ങള്‍ ഉള്‍പ്പെടെ ഒരു സമുദായത്തിന്റേയും ആരാധനാകേന്ദ്രങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിലെ പ്രാര്‍ത്ഥനയ്ക്ക് പള്ളി അനിവാര്യമല്ല എന്നും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഈ വിഷയം വിശാല ബെഞ്ചിനു വിടണമെന്ന അപേക്ഷയാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയത്.

മുസ്ലിങ്ങളുടെ നമസ്‌കാരത്തിന് പള്ളി കൂടിയേ തീരൂ എന്നില്ല എന്ന കോടതി നിരീക്ഷണം തെറ്റാണെന്ന വാദവുമായി മുസ്ലിം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മുസ്ലിങ്ങളുടെ നമസ്‌കാരം വീട്ടിലോ പള്ളിയിലോ വെളിയിലോ എവിടെവെച്ചുമാകാമെന്നു പറയുന്നത് കോടതിയല്ല. നൂറ്റാണ്ടുകളായി മുസ്ലിം പണ്ഡിതര്‍ ആവര്‍ത്തിച്ചുപോരുന്ന കാര്യമാണത്. ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥന (congregation) ഇസ്ലാമിന്റെ അവിഭാജ്യഭാഗമാണെന്നു ചില സംഘടനകള്‍ എടുത്തുകാട്ടുന്നു. സമുദായത്തിലെ പാതിവരുന്ന സ്ത്രീകള്‍ക്ക് പള്ളി പ്രവേശനം അനുവദിക്കാത്തവര്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് സംസാരിക്കുന്നതിലേറെ കാപട്യം വെറെന്തുണ്ട്?
ശ്രദ്ധേയമായ കാര്യം ഹിന്ദു സംഘടനകളെപ്പോലെ മുസ്ലിം സംഘടനകളും മതവിഷയങ്ങളില്‍ മതേതര കോടതി ഇടപെടരുതെന്നു പറഞ്ഞുവെക്കുന്നുണ്ട്. യാഥാസ്ഥിതികതയില്‍ ഇരുകൂട്ടരും ഒരേ തൂവല്‍പക്ഷികള്‍ തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com