ആചാരത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്

ആചാരത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്

ബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്‍ കോപിക്കുമെന്നോ തീ മഴ പെയ്യുമെന്നോ കരുതുന്നില്ല. പക്ഷേ, ശബരിമലയില്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് എത്താമെന്നും ആര്‍ത്തവകാലത്തും അമ്പലത്തില്‍ പോകാമെന്നുമുള്ള സുപ്രീംകോടതി വിധിയോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. സമത്വം; മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ മാത്രം അധിഷ്ഠിതമായി ചിന്തിക്കുമ്പോള്‍ സുപ്രീംകോടതി വിധി തീര്‍ത്തും സ്വാഗതാര്‍ഹമാണ്. പക്ഷേ, ശബരിമല പ്രശ്‌നത്തില്‍ അതിനോടൊപ്പം വിശ്വാസം, ആചാരം, സംസ്‌കാരം എന്നിവ കൂടി പരിഗണിക്കപ്പെടണമായിരുന്നു. ശബരിമലയില്‍ കയറി അയ്യപ്പസ്വാമിയെ വണങ്ങണമെന്നു ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും ആഗ്രഹിക്കുന്നില്ല. അതിന്റെ പ്രത്യക്ഷ തെളിവാണ് കേരളത്തിന്റെ മുക്കിലും മൂലയിലും ശരണം വിളികളുമായി തെരുവിലിറങ്ങുന്ന സ്ത്രീകളുടെ വന്‍നിര. എന്നിരിക്കെ സമത്വത്തിന്റെ പേരില്‍ കേവലം ഒരു ന്യൂനപക്ഷത്തിനായി ആചാരങ്ങളും ക്ഷേത്രവിശുദ്ധിയും കീഴ്മേല്‍ മറിക്കാനാണ് സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 
ആര്‍ത്തവാവസ്ഥയില്‍ അമ്പലങ്ങളില്‍ കയറുമെന്നും മല കയറി അയ്യപ്പനെ ദര്‍ശിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നവരില്‍ നല്ലൊരു പങ്കും ഹിന്ദു മതത്തിലോ ആചാരങ്ങളിലോ സംസ്‌കാരങ്ങളിലോ വിശ്വസിക്കാത്തവരാണ്. ലിംഗ സമത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തിലും ആചാരങ്ങളിലുമുള്ള ഈ കടന്നുകയറ്റം ഇനിയും കൈകെട്ടി നോക്കിനില്‍ക്കാനാകില്ലെന്നു തന്നെയാണ് ഹൈന്ദവസംസ്‌കാരത്തില്‍ വിശ്വസിക്കുന്ന, ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരോ സ്ത്രീക്കും പറയാനുള്ളത്. ഇവിടെ ആചാരം അറിയാത്തവരാണ് അനാചാരത്തെക്കുറിച്ച് സംസാരിക്കുന്നത്. വിശ്വാസത്തിന്റെ ശക്തിയും പവിത്രതയും അറിയാത്തവരാണ് വിശ്വാസത്തിനായി നിലകൊള്ളുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ശരണം വിളികളുമായി അണിനിരക്കുന്ന അമ്മമാരെ ശ്രദ്ധിച്ചാല്‍ കാണാം കണ്ണുനീരോടെ കൈകള്‍ കൂപ്പിയാണ് അവര്‍ പ്രതിഷേധിക്കുന്നത്. നിക്ഷിപ്ത താല്‍പ്പര്യങ്ങളോ സ്വാര്‍ത്ഥതയോ അണുവിട തീണ്ടാതെ വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടത്തിനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നാളിതുവരെ കൊണ്ടുനടന്ന വിശ്വാസങ്ങളൊന്നും ആരെയും നോവിക്കുന്നതോ അപമാനിക്കുന്നതോ അല്ലെന്ന ഉറച്ച വിശ്വാസമുണ്ട് പ്രതിഷേധത്തിന്റെ ഭാഗമാകുന്ന ഓരോ സ്ത്രീക്കും. 
ഒരു വീട്ടിലേക്ക് സന്ദര്‍ശനത്തിനു ചെന്നാല്‍ അവിടെയുള്ളവര്‍ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറണം എന്നു ശഠിക്കുന്നതുപോലെ തന്നെയാണ് ദേവാലയങ്ങളിലെ സ്ഥിതിയും. ദേവന്റെ ആ ആലയത്തിന് അതിന് അനുസൃതമായ ചില രീതികളും ആചാരങ്ങളുമുണ്ട്. ഓരോ ദേവനും ഓരോ ഭാവമാണ് സങ്കല്‍പ്പിച്ചു നല്‍കുന്നത്. ഉഗ്രമൂര്‍ത്തി സങ്കല്‍പ്പത്തിലുള്ള ക്ഷേത്രങ്ങളില്‍ മന്ത്രവും പൂക്കളും നിവേദ്യവും അതിന് അനുസരിച്ച് മാറും. ദേവന്റെ സാത്വിക ഭാവത്തിന് അനുസൃതമായാവും അര്‍ച്ചിക്കാനുള്ള പൂക്കള്‍ കൂടി ചില ക്ഷേത്രങ്ങളില്‍ തെരഞ്ഞെടുക്കുന്നത്. അതുതന്നെയാണ് ശബരിമലയിലും അനുവര്‍ത്തിക്കപ്പെടുന്നത്. ശബരിമലയില്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തെളിയിക്കുന്ന മന്ത്രങ്ങളോ പൂജകളോ ആചാരങ്ങളോ ഉണ്ടെന്നു കണ്ടെത്താനായില്ലെങ്കില്‍ത്തന്നെ കോടിക്കണക്കിനു വരുന്ന ഭക്തര്‍ അയ്യപ്പനു നല്‍കുന്ന ബ്രഹ്മചര്യഭാവം എങ്ങനെ തെറ്റാണെന്നു വാദിക്കാനാകും. 
ഏതു മന്ത്രംകൊണ്ട് അര്‍ച്ചന ചെയ്താലും ഏതു നിവേദ്യം സമര്‍പ്പിച്ചാലും കാലങ്ങളായി അയ്യപ്പനെ പൂജിക്കുന്ന തന്ത്രിമാര്‍ക്കും മേല്‍ശാന്തിമാര്‍ക്കും അയ്യപ്പന്‍ ബ്രഹ്മചാരിയായ കലിയുഗവരദനാണ്. ആ ഭാവത്തില്‍ സങ്കല്‍പ്പിച്ചാണ് ഓരോ അര്‍ച്ചനയും നടക്കുന്നത്. പോരാത്തതിനു മാലയിട്ട അന്നു മുതല്‍ പരസ്പരം അയ്യപ്പാ എന്നു സംബോധന ചെയ്തു വ്രതമെടുത്തുവരുന്ന കോടിക്കണക്കിനു ഭക്തര്‍ക്കും അതേ സങ്കല്‍പ്പം തന്നെയാണ്. എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അപ്പുറമാണ് സങ്കല്‍പ്പത്തിന്റെ ശക്തി. ആധുനിക മനഃശാസ്ത്രത്തെപ്പോലും വിസ്മയിപ്പിക്കുന്ന മനസ്സിന്റെ കരുത്താണത്. ''യത് ഭാവം തത് ഭവതി'' എന്നാണ്. എങ്ങനെ സങ്കല്‍പ്പിക്കുന്നോ അങ്ങനെ ഭവിക്കുന്നു. ശബരിമലയില്‍ സ്വമേധയാ പോകാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ആ സങ്കല്‍പ്പത്തെ ആദരിക്കുന്നവരാണ്. പക്ഷേ, പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ അതിനെ നിന്ദിക്കുന്നവരും. അങ്ങനെ അവിടെ എത്തുന്നവരെ നോട്ടപ്പുള്ളികളാക്കി പ്രതികാരം ചെയ്യുന്ന ഒരു ദൈവവും അവിടെ ഉണ്ടാകുകയുമില്ല. എങ്കിലും ശബരിമല ശബരിമലയായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമത്വത്തിന്റെ പേരിലുള്ള പുതിയ രീതികളെ അംഗീകരിക്കാന്‍ തയ്യാറാകുകയില്ല. 
പതിറ്റാണ്ടുകളായി തുടരുന്ന ഒരു ആചാരത്തിന്റെ പിന്‍ബലത്തിലാണ് ശബരിമല ലോകമെങ്ങും അറിയപ്പെടുന്നത്. നിര്‍ദോഷവും മനോഹരവുമായ ഒരു സങ്കല്‍പ്പമുണ്ട് ശബരിമല അയ്യപ്പന്റെ പേരില്‍. അതിന്റെ തെറ്റും ശരിയും ചോദ്യം ചെയ്തു മറ്റേതൊരു ക്ഷേത്രം പോലെയും അതിനേയും ആക്കിത്തീര്‍ക്കുന്നതോടെ അവസാനിക്കുന്നതാണ് ശബരിമലയുടെ വിശുദ്ധി. പുരോഗമനവാദം നല്ലതുതന്നെയാണ്. പക്ഷേ, അതിന്റെ പേരില്‍ ഒരു ജനതയുടെ സങ്കല്‍പ്പവും സംസ്‌കാരവും തകര്‍ക്കപ്പെടുകയാണെങ്കില്‍ സൂക്ഷിക്കണം. ഹൈന്ദവാചാരങ്ങളിലും വിശ്വാസങ്ങളിലും മാത്രമേ അഭിപ്രായങ്ങളും തള്ളിക്കയറ്റങ്ങളും ഉണ്ടാകുന്നുള്ളു എന്നിരിക്കെ ആ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്നു എന്നതുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന മുസ്ലിം ദേവാലയങ്ങളിലെ ആരാധനാരീതിയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വരാന്‍ പുരോഗമന സാംസ്‌കാരിക നേതാക്കള്‍ മടിക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെട്ടാല്‍ കുറ്റം പറയാനാകില്ല. ക്രൈസ്തവ മതത്തില്‍ പുരോഹിതസ്ഥാനം എന്തുകൊണ്ട് സ്ത്രീകള്‍ക്കു നല്‍കുന്നില്ല എന്നതും സമത്വവാദികള്‍ക്കു ചോദ്യം ചെയ്യാനുള്ള വിഷയമാണ്. 
ദൗര്‍ഭാഗ്യവശാല്‍ ഫെമിനിസവും സ്ത്രീശാക്തീകരണവും പാരമ്പര്യത്തെ എതിര്‍ത്തുകൊണ്ടായിരിക്കണം എന്നൊരു കാഴ്ചപ്പാട് പുതിയ തലമുറയില്‍ ഉറച്ചിട്ടുണ്ട്. ''എല്ലാം എനിക്കെന്നും'' ''ഞാന്‍ ആദ്യം'' എന്നും ശീലിച്ചു വളരുമ്പോള്‍ വിട്ടുവീഴ്ചയും ത്യാഗവും മനസ്സിലാകാതെ പോകും. ശബരിമലയില്‍ സ്ത്രീസമത്വം പാലിക്കപ്പെടുന്നില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ, ലിംഗസമത്വത്തിനല്ല അവിടെ പ്രസക്തിയെന്നും അതിലുമുപരി ആ പുണ്യസങ്കേതത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്ന ഘടകങ്ങള്‍ മറ്റു പലതുമാണെന്നും തിരിച്ചറിയണം. അയ്യപ്പനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. അവരില്‍ ഒരു ശതമാനംപോലും ശബരിമലയില്‍ നേരിട്ടെത്തി ദര്‍ശനം വേണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ, ക്ഷേത്രങ്ങളേയും ആചാരങ്ങളേയും ചോദ്യം ചെയ്യുന്ന സമത്വവാദികള്‍ക്ക് അവിടെ എത്തിയേ തീരൂ. 
ചോദ്യം ചെയ്യപ്പെടേണ്ട ചില വിശ്വാസങ്ങള്‍ എല്ലാ മതത്തിലുമുണ്ടാകും. കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. പ്രാകൃതമെന്നോ അപമാനകരമെന്നോ ചൂണ്ടിക്കാണിക്കാന്‍ മാത്രം നീചമായ ആചാരങ്ങളോ വിശ്വാസങ്ങളോ പൊതുവേ കേരളത്തിലെ ക്ഷേത്രങ്ങളിലില്ല. ചില വ്യക്തികളേയോ പ്രദേശത്തേയോ കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായേക്കും. പക്ഷേ, അതല്ല പൊതുസ്വഭാവം എന്നിരിക്കെ ഹൈന്ദവവിരുദ്ധമായ പ്രസ്താവനകളും തീരുമാനങ്ങളും ഉണ്ടാകുകയും മതേതര പുരോഗമനവാദികളെന്ന പേരില്‍ കുറച്ചുപേര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് ശുഭലക്ഷണമല്ല. സമത്വവും സാഹോദര്യവും എന്ന സങ്കല്‍പ്പം തന്നെയാകും സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമാകുന്നത്. 
വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ളതുപോലെ വിശ്വസിക്കാനും അവകാശമുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശത്തിലും ഈ പക്വത ഉണ്ടാകണം. 
ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍ കോപിക്കുമെന്നും വിഷമിക്കുമെന്നുമുള്ള വിഡ്ഢിവാദം നിര്‍ത്തിയിട്ട് സങ്കല്‍പ്പവും ആചാരവും നശിക്കുന്നതും ക്ഷേത്രപരിശുദ്ധി ഇല്ലാതാകുന്നതും പരിസ്ഥിതി തകര്‍ക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടണം. അയ്യപ്പനെ വെറുതെ വിട്ടാല്‍പോലും ഹിന്ദു ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റം ചോദ്യം ചെയ്യപ്പെടണം. സ്ത്രീകള്‍ വന്നാലും പുരുഷന്മാര്‍ വന്നാലും കൊലപാതകികള്‍ വന്നാലും ഈശ്വരനു തുല്യമനസ്സായിരിക്കും. അതു ബ്രഹ്മാണ്ഡവും ജീവാണ്ഡവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ്. അതു മനസ്സിലാക്കാന്‍ മാത്രം നാം വളര്‍ന്നിട്ടില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രസങ്കല്‍പ്പങ്ങളെ വിശ്വസിച്ച് അതിന്റെ നന്മ തകര്‍ക്കപ്പെടാതെ കാക്കണം, അതാണ് ഹിന്ദുസംസ്‌കാരത്തില്‍ വിശ്വസിക്കുന്നവരുടെ ധര്‍മ്മം.
അമ്മയാണ് കുഞ്ഞിനെ വളര്‍ത്തുന്നത്. അമ്മയുടെ വിരള്‍ത്തുമ്പില്‍ പിടിച്ചാണ് അവന്‍ ലോകം കാണുന്നത്. നന്മയുടേയും സ്‌നേഹത്തിന്റേയും വിട്ടുവീഴ്ചയുടേയും കഥകള്‍ക്കൊപ്പം വിശ്വാസത്തിന്റേയും ആചാരത്തിന്റേയും കഥകള്‍ കൂടി കുഞ്ഞു കേട്ടുവളരുന്നു. കാണാമറയത്തൊരു ഈശ്വരനുണ്ടെന്നും തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അവന്‍ സാക്ഷിയാണെന്നും ശിക്ഷിക്കപ്പെടുമെന്നും അമ്മയോ മുത്തശ്ശിയോ പറഞ്ഞാണ് കുഞ്ഞ് കേള്‍ക്കുന്നത്. ധര്‍മ്മാധര്‍മ്മബോധത്തിന്റെ ആദ്യപാഠങ്ങളാണത്. പകരം ലിംഗസമത്വവും സ്വാതന്ത്ര്യവുമാണ് വലുതെന്നും തന്റെ വിശ്വാസങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അമ്മ പറയുമ്പോള്‍ ആരോടും വിധേയത്വമില്ലാതെ ആരെയും മാനിക്കാതെ കുഞ്ഞ് വളരും. അരാജകത്വത്തിന്റെ ഒരു ലോകം അവനെ കാത്തിരിക്കും. അതുകൊണ്ട് സമത്വവാദികളേ, നിര്‍ദോഷങ്ങളായ കുറച്ചു നുണകളിലൂടെ, ഭാവനകളിലൂടെ, ആചാരങ്ങളിലൂടെ അവനെ വളര്‍ത്തൂ, അവന്‍ അന്ധവിശ്വാസിയോ പാരമ്പര്യവാദിയോ ആയിപ്പോകില്ല. മറിച്ച് കാണാമറയത്തെ ആ ശക്തിയെ വിശ്വസിച്ച്, അവനെ ഭയന്നു തെറ്റുകളില്‍നിന്ന് അകന്നു ജീവിക്കാന്‍ ശീലിക്കട്ടെ. അതുകൊണ്ട് നിങ്ങള്‍ക്കെന്ത് നഷ്ടം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com