അവര്‍ യസീദി മതം സ്വീകരിക്കാത്തതെന്ത്?

'അവസാനത്തെ പെണ്‍കുട്ടി' (ദ ലാസ്റ്റ് ഗേള്‍) നാദിയ മുറാദിന്റെ ആത്മകഥയുടെ ശീര്‍ഷകമാണത്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ കോംഗോയിലെ ഡോ. ഡെനിസ് മുക്വെഗെയോടൊപ്പം പങ്കിട്ടത് ഇറാഖുകാരിയായ നാദിയ മുറാദാണ്.
അവര്‍ യസീദി മതം സ്വീകരിക്കാത്തതെന്ത്?

'അവസാനത്തെ പെണ്‍കുട്ടി' (ദ ലാസ്റ്റ് ഗേള്‍) നാദിയ മുറാദിന്റെ ആത്മകഥയുടെ ശീര്‍ഷകമാണത്. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ കോംഗോയിലെ ഡോ. ഡെനിസ് മുക്വെഗെയോടൊപ്പം പങ്കിട്ടത് ഇറാഖുകാരിയായ നാദിയ മുറാദാണ്. യുദ്ധമേഖലകളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിനിഷ്ഠുര ലൈംഗിക ഹിംസയ്‌ക്കെതിരെ പൊരുതുന്നവര്‍ എന്ന നിലയിലാണ് മുറാദും മുക്വെഗെയും പുരസ്‌കാരത്തിന് അര്‍ഹരായത്.
ഡെനിസ് മുക്വെഗെയില്‍നിന്ന് ഇരുപത്തിയഞ്ചുകാരിയായ നാദിയ മുറാദിനെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഒരു ഘടകമുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ മതസമുദായത്തിലെ അംഗമാണ് ആ യുവതി എന്നതാണത്. നാദിയ ഉള്‍പ്പെടുന്ന യസീദി മതത്തിന്റെ മൊത്തം ജനസംഖ്യ പത്ത് ലക്ഷത്തില്‍ താഴെയേ വരൂ. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിലവില്‍ വന്ന യസീദി മതത്തിന് പ്രത്യേക വേദപുസ്തകമോ പ്രവാചകനോ ഇല്ല. ക്രിസ്തുവര്‍ഷം 1162-ല്‍ ചരമമടഞ്ഞ ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ എന്ന സൂഫി പ്രബോധകനെയാണ് തങ്ങളുടെ മതസ്ഥാപകനായി യസീദികള്‍ പരിഗണിക്കുന്നത്.  ഇറാഖില്‍ ജീവിച്ച മുസാഫിര്‍ സൊരാഷ്ട്രിയന്‍ മതം, ഇസ്ലാം മതം, നെസ്റ്റോറിയന്‍ ക്രിസ്തുമതം, പ്രാഗ് ഇസ്ലാമിക അസ്സീറിയന്‍ മതവീക്ഷണങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ട വ്യക്തിയായിരുന്നു. അതിനാല്‍ത്തന്നെ യസീദിമതം വ്യത്യസ്ത മതങ്ങളുടെ മേളനത്തില്‍നിന്നുണ്ടായ ഒരു സമന്വയിത (Syncretic) മതമത്രേ.

ഇറാഖിനു പുറമെ സിറിയ, ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലും ചുരുങ്ങിയ തോതില്‍ യസീദികളുണ്ട്. പ്രധാനമായും നാല് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന ഈ മതവിഭാഗത്തെ ഓരോ ദേശത്തേയും മുസ്ലിം ജനത ശൈത്താനെ (സാത്താനെ) ആരാധിക്കുന്നവര്‍ എന്നു വസ്തുതാവിരുദ്ധമായി മുദ്രകുത്തി പീഡിപ്പിച്ചു പോരുകയും പ്രാന്തീകരിച്ചുപോരുകയും ചെയ്തുപോന്നതാണ് ഇതഃപര്യന്തമുള്ള ചരിത്രം. ഏക ദൈവവിശ്വാസികളായ യസീദികള്‍ നരകം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നില്ല. നന്മയും തിന്മയും ഓരോ മനുഷ്യനകത്തുമുണ്ടെന്നും ആന്തര ശുദ്ധീകരണത്തിലൂടെ തിന്മയെ കീഴ്പെടുത്തുകയാണ് വേണ്ടതെന്നുമാണ് സൂഫി പാരമ്പര്യം പിന്തുടര്‍ന്ന ശെയ്ഖ് അദി ഇബ്ന്‍ മുസാഫിര്‍ അവരെ പഠിപ്പിച്ചത്.

ഇറാഖിലേയും മറ്റും സുന്നി മുസ്ലിങ്ങള്‍ 'കുഫാര്‍' (അവിശ്വാസികള്‍) എന്നു ചാപ്പകുത്തി തങ്ങളെ നിര്‍ദ്ദയം ആട്ടിയകറ്റുകയും പലമട്ടില്‍ ദ്രോഹിക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ സമ്പ്രദായം പിന്തുടര്‍ന്നത് കാരണം മലഞ്ചരിവുകളില്‍ തങ്ങളുടേതായ വാസസ്ഥലങ്ങളില്‍ ഒതുങ്ങി ജീവിച്ചുപോരുകയാണ് നാദിയ മുറാദിന്റെ സമുദായക്കാര്‍ ചെയ്തുപോന്നത്. ആരെയും ദ്രോഹിക്കാതെ, ആരുടേയും കാര്യങ്ങളില്‍ ഇടപെടാതെ തങ്ങളുടെ വിശ്വാസാചാരങ്ങളുമായി ഇടയ ജീവിതമോ കാര്‍ഷിക ജീവിതമോ നയിച്ച് മുന്നോട്ടുപോകുന്നതിലപ്പുറം മറ്റൊന്നും ആഗ്രഹിക്കാനുള്ള സാമൂഹിക സാഹചര്യങ്ങള്‍ ഇല്ലാത്തവരായിരുന്നു യസീദി മതക്കാര്‍.
എല്ലാ അര്‍ത്ഥത്തിലും ഹതഭാഗ്യര്‍ എന്നു വിശേഷിപ്പിക്കേണ്ട ആ ജനതയുടെ ജീവിതം അടിമുടി തകര്‍ക്കപ്പെട്ടു 2014-ല്‍. ആ വര്‍ഷം ഓഗസ്റ്റില്‍ ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) എന്ന ഇസ്ലാമിക ഭീകര പ്രസ്ഥാനത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത പടയാളികള്‍ യസീദികളുടെ ആവാസ കേന്ദ്രങ്ങളില്‍ സംഹാര താണ്ഡവമാടി. പുരുഷന്മാരേയും പ്രായം ചെന്ന സ്ത്രീകളേയും അവര്‍ കൊന്നുതള്ളി; ബാലികമാരേയും യുവതികളേയും പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കി മാറ്റി.

നാലുവര്‍ഷം മുന്‍പ് അവ്വിധം പിടിച്ചുകൊണ്ടു പോകപ്പെട്ട യസീദി പെണ്‍കുട്ടികളില്‍ ഒരാളാണ് നാദിയ മുറാദ്. അന്ന് അവള്‍ക്ക് 21 വയസ്സ്. നാദിയയുടെ കോചോ ഗ്രാമത്തില്‍ ഐ.എസ്. കാപാലികര്‍ കടന്നുവന്നു. അവളുടെ അമ്മയേയും സഹോദരന്മാരേയും  അവളുടെ കണ്‍മുന്‍പില്‍വെച്ച് ഭീകരര്‍ കൊലചെയ്തു. നാദിയയാകട്ടെ, ഒരു ഭീകരനില്‍നിന്നു മറ്റൊരു ഭീകരനിലേയ്ക്ക് ലൈംഗിക ഉപകരണം എന്ന നിലയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ക്രൂരപ്രക്രിയയ്ക്ക് വിധേയയായി.  അങ്ങനെ ഒട്ടേറെ നാദിയമാര്‍ ഐ.എസ്സുകാരുടെ ലൈംഗിക ദാസികളായി മാറ്റപ്പെട്ടു. അതിനവര്‍ ശരീഅത്ത് എന്നറിയപ്പെടുന്ന ഇസ്ലാമിക മതനിയമങ്ങളെ കൂട്ടുപിടിക്കുകയും ചെയ്തു. 'വേദഗ്രന്ഥമില്ലാത്ത, അവിശ്വാസികളായ' യസീദി സ്ത്രീകളെ അടിമകളാക്കുകയും അവരെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് ശരീഅത്ത് പ്രകാരം തെറ്റല്ല എന്നായിരുന്നു അവര്‍ ആമോദപൂര്‍വ്വം വിലയിരുത്തിയത്.
ആ കിരാതവാഴ്ചയില്‍ പരശതം യസീദി പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുക മാത്രമല്ല, ആടുമാടുകളെപ്പോലെ ലൈംഗിക ചന്തയില്‍ വില്‍ക്കപ്പെടുകയും ചെയ്തു. എണ്ണമറ്റ യസീദി പുരുഷന്മാരും വൃദ്ധകളും ഉത്തര ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റെയ്റ്റുകാരുടെ തോക്കുകള്‍ക്കും വാളുകള്‍ക്കും മുന്‍പില്‍ വിറങ്ങലിച്ചുനിന്നു. ജീവനോടെയിരിക്കണമെങ്കില്‍ ഇസ്ലാംമതം സ്വീകരിക്കണമെന്നതായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ് ഭീകരവാദികള്‍ അവരുടെ മുന്‍പില്‍ വെച്ച വ്യവസ്ഥ. തങ്ങളുടെ വിശ്വാസപരമായ ദാര്‍ഢ്യവും സ്വത്വവും അടിയറവെക്കാന്‍ തയ്യാറില്ലാത്ത യസീദികള്‍ നെറ്റിത്തടങ്ങളില്‍ വെടിയുണ്ടകളേറ്റുവാങ്ങി പിടഞ്ഞുവീണു.

സമകാലിക ലോകത്തില്‍ ഇത്രമേല്‍ പീഡിപ്പിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്ത മറ്റൊരു മതമോ സമുദായമോ ഇല്ല. പീഡിപ്പിക്കപ്പെടുന്ന മതസമുദായക്കാരോട് അനുഭാവവും  ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ കേരളത്തില്‍ ഒരു സുഹൃത്ത് സ്വമതം ഉപേക്ഷിച്ച് പീഡിതരുടെ മതത്തില്‍ ചേര്‍ന്നതായി ഒക്ടോബര്‍ ആറിന് വാര്‍ത്തയുണ്ടായിരുന്നു. കമല്‍ സി. ചവറ എന്ന പേരുള്ള ആ സുഹൃത്ത് ചേര്‍ന്നത് പക്ഷേ, യസീദി മതത്തിലല്ല, ഇസ്ലാം മതത്തിലാണ്. അതിനുള്ള അദ്ദേഹത്തിന്റെ അടിയന്തര പ്രകോപനമാകട്ടെ, ഇതേ രീതിയില്‍ നേരത്തെ മതം മാറിയ മറ്റൊരു സുഹൃത്തിന്റെ കാര്യത്തില്‍ മരണാനന്തരം വന്നുപെട്ട അനുഭവമാണ്. നാസ്തികനും നക്‌സലൈറ്റുമൊക്കെയായിരുന്ന ടി.എന്‍. ജോയിയാണ് ആ സുഹൃത്ത്. ജോയ് പേരുമാറി നജ്മല്‍ ബാബുവായി. അദ്ദേഹം മതം മാറുകയല്ല. പേര് മാറുകയാണ് വാസ്തവത്തില്‍ ചെയ്തത്. കാരണം, വിശ്വാസിയല്ലാത്ത അദ്ദേഹത്തിന് മാറാന്‍ (ഒഴിവാക്കാന്‍) ഒരു മതമുണ്ടായിരുന്നില്ല. പക്ഷേ, തന്റെ ജഡം ചേരമാന്‍ പള്ളിയോടനുബന്ധിച്ചുള്ള ശ്മശാനത്തില്‍ മറവുചെയ്യണമെന്ന് അദ്ദേഹം ഒരു മൗലവിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആ കത്തിലും താന്‍ വിശ്വാസിയല്ല എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നുവെച്ചാല്‍ ടി.എന്‍. ജോയ് ഒരുകാലത്തും ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അല്ലാഹു എന്ന ദൈവത്തിലും മുഹമ്മദ് എന്ന പ്രവാചകനിലും വിശ്വാസമില്ലെങ്കില്‍ പിന്നെയെന്ത് ഇസ്ലാം മതം?
അച്ഛനമ്മമാരിട്ട ജോയ് എന്ന പേര് മാറി നജ്മല്‍ ബാബു എന്ന പേര് സ്വീകരിച്ചു എന്നതിനപ്പുറം വിശ്വാസപരമായി യാതൊരു മാറ്റത്തിനും വിധേയനായിട്ടില്ലാത്ത സുഹൃത്തിന്റെ മൃതദേഹം പള്ളിശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ ജോയിയുടെ അടുത്ത ബന്ധുക്കള്‍ സമ്മതിച്ചില്ലെന്ന കാരണം പറഞ്ഞാണ് കമല്‍ സി. ചവറ 'ഹിന്ദുത്വബോധത്തിന്റെ വല്ല അവശേഷിപ്പും തന്നിലുണ്ടെങ്കില്‍ അത് കുടഞ്ഞെറിയുന്നതിനുവേണ്ടി' ഇസ്ലാം മതം സ്വീകരിച്ചത്. (തേജസ്, 06-10-2018). താനിപ്പോള്‍ സ്വീകരിച്ച ഇസ്ലാമിന്റെ പേരിലാണ് നാലു വര്‍ഷം മുന്‍പ് ഐ.എസ്സുകാര്‍ ഇറാഖില്‍ യസീദികളായ പുരുഷന്മാരെ നിഷ്‌കരുണം കൊന്നുതള്ളുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും ചെയ്തതെന്ന ഇരുണ്ട സത്യം കമല്‍ സിയുടെ മനസ്സിന്റെ അറകളിലൊന്നും മിന്നിമറയുകയുണ്ടായില്ല!

ആരാധനാലയത്തോട് ചേര്‍ന്നുള്ള ശ്മശാനത്തില്‍ മൃതദേഹം മറവുചെയ്യണമെന്ന ആഗ്രഹം താന്‍ പ്രകടിപ്പിച്ചപ്പോള്‍ പൊതുവെ മതേതര മാനവികതയുടെ വക്താവായിരുന്ന ടി.എന്‍. ജോയ് ഏറെയൊന്നും ചിന്തിച്ചുകാണില്ല എന്നത് സ്പഷ്ടമാണ്. ആരാധനാലയങ്ങള്‍ സത്തയില്‍ അധികാരാലയങ്ങളാണ്; പുരുഷാധികാരത്തിന്റെ  ആലയങ്ങള്‍; ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ വരേണ്യവര്‍ഗ്ഗത്തില്‍പ്പെടുന്ന പുരുഷന്മാരുടെ അധികാരത്തിന്റേയും മതസങ്കുചിതത്വത്തിന്റേയും ആലയങ്ങള്‍. അമ്മട്ടിലുള്ള ആരാധനാലയങ്ങളുടെ ഭാഗമായ ശവപ്പറമ്പില്‍ തന്റെ ജഡം മറവുചെയ്യണമെന്ന് മാര്‍ക്‌സിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടവരായി അറിയപ്പെടുന്ന വല്ലവരും ആവശ്യപ്പെട്ടാല്‍ അതിനര്‍ത്ഥം ഒന്നേയുള്ളൂ: മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ കാല്‍ക്കഴഞ്ചു പോലും സ്വാംശീകരിക്കാന്‍ അത്തരക്കാര്‍ക്ക് സാധിച്ചിട്ടില്ല എന്നതത്രേ അത്.

ജോയിയുടെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ജഡം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിച്ചതില്‍ പ്രതിഷേധിച്ച് ഇസ്ലാം സ്വീകരിച്ച കമല്‍ സി, ജഡം പള്ളിശ്മശാനത്തില്‍ അടക്കണമെന്ന യാതൊരു നിയമവും ഇസ്ലാമില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം മ നസ്സിലാക്കിയിട്ടില്ലെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ മൃതദേഹം മറവുചെയ്തത് അദ്ദേഹത്തിന്റെ ഭാര്യ അയിഷയുടെ വീട്ടിലാണ്. ഖലീഫമാരായ അബൂബക്കറിന്റേയും  ഉമറിന്റേയും മൃതദേഹങ്ങള്‍ മറവുചെയ്തതും അവിടെത്തന്നെ. പുതിയ കാലത്തേയ്ക്ക് വന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂദിയുടെ ജഡം അടക്കിയത് അദ്ദേഹത്തിന്റെ വീട്ടുവളപ്പിലാണെന്നു കാണാം.

ഇതെല്ലാം വസ്തുതകളായിരിക്കെ മുന്‍പ് കമലദാസ് (കമല സുരയ്യ) മരിച്ചപ്പോഴും ഇപ്പോള്‍ ജോയ് (നജ്മല്‍ ബാബു) മരിച്ചപ്പോഴും അവരുടെ മൃതദേഹങ്ങള്‍ പള്ളിശ്മശാനത്തില്‍ മറവുചെയ്യണമെന്ന വാശി ചില മുസ്ലിം മതമൗലിക, തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നാണ് പുറപ്പെട്ടതെന്ന കാര്യം നാം കാണേണ്ടതുണ്ട്. ഇസ്ലാമില്‍ ഇല്ലാത്ത ഒരു നിയമം (പള്ളിശ്മശാനത്തില്‍ മാത്രമേ ജഡം അടക്കാവൂ എന്ന നിയമം) ഇസ്ലാമിലുണ്ടെന്നു വരുത്തുകയും ആരാധനാലയങ്ങളുടെ അധികാര സ്വഭാവം അരക്കിട്ടുറപ്പിക്കുകയും ചെയ്യാനാണവര്‍ ശ്രമിക്കുന്നത്. കഥയറിയാതെ ആട്ടം കാണുന്ന കമല്‍ സിമാര്‍ അവര്‍ക്കുവേണ്ടി മദ്ദളം കൊട്ടുകയും ചെയ്യുന്നു.

ഇമ്മട്ടില്‍ ഇറങ്ങിപ്പുറപ്പെടുന്നവരോട് ഒന്നു ചോദിച്ചുകൊള്ളട്ടെ: ഹിന്ദുത്വവാദികള്‍ മുസ്ലിങ്ങള്‍ക്കു നേരെ നടത്തുന്ന അത്യാചാരങ്ങളില്‍ പ്രതിഷേധിച്ചാണല്ലോ നിങ്ങള്‍ സ്വമതം ഉപേക്ഷിച്ച് ഇസ്ലാംമതം വരിക്കുന്നത്. എങ്കില്‍, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ, ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതവിഭാഗം യസീദികളാണ്. എന്തുകൊണ്ട് നിങ്ങള്‍ ഐ.എസ് ഭീകരര്‍ യസീദികള്‍ക്ക് നേരെ നടത്തുന്ന കൊടുംക്രൂരതകളില്‍ പ്രതിഷേധിച്ച് യസീദിമതം സ്വീകരിക്കുന്നില്ല? കേരളത്തിലിരുന്നു ഇസ്ലാംമതം സ്വീകരിച്ചാല്‍ കിട്ടാവുന്ന 'സൗഭാഗ്യങ്ങള്‍' പരമദരിദ്രരായ യസീദികളുടെ മതം സ്വീകരിച്ചാല്‍ കിട്ടുകയില്ല എന്നതുകൊണ്ടാണോ നിങ്ങള്‍ ആ വഴിക്ക് ചിന്തിക്കുകപോലും ചെയ്യാത്തത്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com