അഭിമന്യുവില്‍നിന്ന് അഖിലിലേക്കുള്ള ദൂരം

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത് കോളേജിനകത്ത് എസ്.എഫ്.ഐ അനുവര്‍ത്തിക്കുന്ന സ്വേച്ഛാധിപത്യ രീതികളാണെന്ന വസ്തുത തള്ളിക്കളയാനാവില്ല.
അഭിമന്യുവില്‍നിന്ന് അഖിലിലേക്കുള്ള ദൂരം

രിത്രത്തില്‍ 'എങ്കിലു'കള്‍ക്ക് പ്രസക്തിയില്ല എന്നു പൊതുവെ പറയാറുണ്ട്. പക്ഷേ, ചില എങ്കിലുകള്‍ സംഭവിച്ചിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതിതന്നെ മാറുമായിരുന്നു എന്നു കരുതാന്‍ ഇഷ്ടപ്പെടുന്നവനാണിവന്‍. ഷാജഹാനു ശേഷം മുറപ്രകാരം മുഗള്‍ ചക്രവര്‍ത്തിയാകേണ്ടിയിരുന്നത് അദ്ദേഹത്തിന്റെ മൂത്തമകന്‍ ദാരാ ഷിക്കോ ആയിരുന്നു. പക്ഷേ, സര്‍വ്വമത സത്യവാദിയും ദാര്‍ശനികതലത്തില്‍ ഹിന്ദുമതവും ഇസ്ലാം മതവും പങ്കിടുന്ന ഐക്യത്തിന്റെ പ്രഘോഷകനുമായിരുന്ന ആ സൂഫിചിന്തകനെ ഷാജഹാന്റെ മൂന്നാമത്തെ മകനും മതയാഥാസ്ഥിതികനും അധികാരദുര്‍മോഹിയുമായിരുന്ന ഔറംഗസീബ് തൂക്കിലേറ്റി. അങ്ങനെ ദാരാ ഷിക്കോ എന്ന ഉദാരവാദിക്കു പകരം ഔറംഗസീബ് എന്ന അനുദാരവാദി മുഗള്‍ സിംഹാസനമേറി. 

ആലോചിച്ചു നോക്കൂ, ഔറംഗസീബിനു പകരം ദാരാ ഷിക്കോയാണ് മുഗള്‍ ഭരണാധികാരിയായിരുന്നതെങ്കില്‍ മുഗള്‍ ചരിത്രത്തിന്റേയും അനന്തരകാല ഇന്ത്യാചരിത്രത്തിന്റേയും ഗതി വ്യത്യസ്തമാകുമായിരുന്നില്ലേ? ഇസ്ലാമിക സങ്കുചിതത്വവും സ്വമതഗര്‍വ്വും നെഞ്ചേറ്റിയ ഭരണാധികാരിയുടെ സ്ഥാനത്ത് ഇസ്ലാം ഉള്‍പ്പെടെയുള്ള സര്‍വ്വ മതങ്ങളുടേയും സാരാംശങ്ങളിലടങ്ങിയ ഏകത്വം ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരിയാണ് അധികാരമേറ്റതെങ്കില്‍ മതസ്പര്‍ദ്ധയുടെ കാര്‍മേഘങ്ങളുടെ സ്ഥാനത്ത് മതസ്‌നിഗ്ദ്ധതയുടെ മഴവില്ലാകുമായിരുന്നു ഇടംപിടിക്കുക. ചുരുങ്ങിയ പക്ഷം ജനങ്ങള്‍ക്കിടയില്‍ മതങ്ങളുടെ പേരില്‍ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കാനുള്ള പ്രവണതയെങ്കിലും അതുമൂലം മങ്ങിയേനെ. 

ഇതുപോലുള്ള അനേകം എങ്കിലുകള്‍ക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ശീതസമരകാലത്ത്, 1962 ഒക്ടോബറില്‍ ലോകം ആണവയുദ്ധത്തിന്റെ മുനമ്പിലെത്തുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ സ്ഥാപിച്ച ആണവ മിസൈലുകള്‍ നീക്കം ചെയ്യണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യു.എസ്. പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയും യു.എസ്.എസ്.ആര്‍ പ്രധാനമന്ത്രി നികിത ക്രൂഷ്‌ചേവും മുഖാമുഖം നിന്ന ഭീതിദമായ പതിമൂന്നു നാളുകളായിരുന്നു 1962 ഒക്ടോബര്‍ 16 തൊട്ട് 28 വരെയുള്ള തിയ്യതികള്‍. ഇരു ഭരണകര്‍ത്താക്കളും വാശി തുടര്‍ന്നാല്‍ ലോകം ശവപ്പറമ്പാകുന്ന ആണവയുദ്ധം നടക്കും. ക്രൂഷ്‌ചേവ് ക്യൂബയില്‍നിന്നു മിസൈലുകള്‍ നീക്കംചെയ്യാന്‍ സമ്മതിക്കുന്നു. പകരം തുര്‍ക്കിയില്‍ അമേരിക്ക സ്ഥാപിച്ച ജൂപ്പിറ്റര്‍ മിസൈലുകള്‍ നീക്കംചെയ്യാന്‍ കെന്നഡിയും തയ്യാറായി. ക്രൂഷ്‌ചേവില്‍നിന്നു വിട്ടുവീഴ്ചയുടെ ആദ്യസ്വരം പുറപ്പെട്ടിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നോര്‍ത്തു നോക്കൂ. സര്‍വ്വ വിനാശക ആണവയുദ്ധത്തിനു ലോകം ഇരയായേനെ. 
ചരിത്രത്തിലെ മുകളില്‍ പരാമര്‍ശിച്ച രണ്ടു സുപ്രധാന 'എങ്കിലു'കളില്‍നിന്നു നമുക്ക് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് എപ്പിസോഡിലേക്ക് വരാം. കൂട്ടത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന എറണാകുളം മഹാരാജാസ് കോളേജ് എപ്പിസോഡിലേക്കും. അവിടങ്ങളിലുമുണ്ട് എങ്കിലുകള്‍. രണ്ടു കലാലയങ്ങളിലും നടന്നത് പൊരിഞ്ഞ വിദ്യാര്‍ത്ഥി സംഘര്‍ഷമാണ്. പക്ഷേ, ആ സംഘര്‍ഷങ്ങളില്‍ മൗലികമായ ഒരു വ്യത്യാസമുണ്ട്. മഹാരാജാസ് കോളേജില്‍ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വധത്തില്‍ കലാശിച്ച സംഘര്‍ഷം വിദ്യാര്‍ത്ഥി സംഘടനാന്തര സംഘര്‍ഷം (Inter Students Union Conflict) ആയിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ അഖില്‍ ചന്ദ്രന്റെ വധശ്രമത്തില്‍ കലാശിച്ച സംഘര്‍ഷം അന്തര്‍ വിദ്യാര്‍ത്ഥി സംഘടനാ സംഘര്‍ഷം (Intra Students Union Conflict) ആണ്. 

ഒന്നുകൂടി തെളിച്ചുപറഞ്ഞാല്‍ രണ്ടു വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുള്ള പോരിന്റെ ബലിയാടായിരുന്നു അഭിമന്യു. അഖിലാകട്ടെ, ഒരേ വിദ്യാര്‍ത്ഥി സംഘടനയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്റെ ഇരയാണ്. ഈ വ്യത്യാസം നിലനില്‍ക്കുമ്പോഴും ഇരു സംഭവങ്ങളും അപകടകരമായ ചില സാമ്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അവയില്‍ പരമപ്രധാനം രണ്ടു അനിഷ്ട സംഭവങ്ങള്‍ക്കും ഹേതുവായത് ചിലരുടെ സമഗ്രാധിപത്യ മനോഭാവമാണ് എന്നതത്രേ. യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ അഖില്‍ ചന്ദ്രനും കൂട്ടുകാരും അതേ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ തലപ്പത്തിരിക്കുന്നവരുടെ സമഗ്രാധിപത്യ നിലപാടുകളേയും അടിച്ചമര്‍ത്തലുകളേയും ചോദ്യം ചെയ്തതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും കുത്താന്‍ പാകത്തില്‍ പിടിച്ചുവെച്ച നസീമും തങ്ങളുടെ ഹിതത്തിനും തീട്ടൂരങ്ങള്‍ക്കുമപ്പുറം മറ്റൊന്നും കോളേജില്‍ നടന്നുകൂടെന്ന ഫാസിസ്റ്റ് മനോഭാവത്തിന്റെ വാഹകരാണ്. തങ്ങളോട് ദാസ്യ മനഃസ്ഥിതി പുലര്‍ത്താത്ത അപര വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ മാത്രമല്ല, സ്വസംഘടനാ പ്രവര്‍ത്തകരെപ്പോലും വെച്ചുപൊറുപ്പിക്കാന്‍ തയ്യാറല്ലാത്തവരാണവര്‍. 

അഭിമന്യു കൊലചെയ്യപ്പെട്ട മഹാരാജാസ് കോളേജ് സംഭവത്തിലും വിദ്യാര്‍ത്ഥി യൂണിയനുകളില്‍പ്പെട്ടവരുടെ സമഗ്രാധിപത്യം, ഫാസിസ്റ്റ് മനസ്സ് പ്രതിസ്ഥാനത്തുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെന്നപോലെ ഇവിടെയും തങ്ങളുടെ ഹിതത്തിനപ്പുറം പോകുന്നവരെ ബലപ്രയോഗത്തിലൂടെ കടിഞ്ഞാണിടുന്ന വിദ്യാര്‍ത്ഥി നേതാക്കളും അത്തരക്കാരെ സഹായിക്കുന്ന അദ്ധ്യാപകരുമുണ്ടായിരുന്നു. നേരത്തേ കോളേജ് പ്രിന്‍സിപ്പലുടെ കസേര കത്തിച്ചവര്‍ ആ ഗണത്തില്‍പ്പെട്ടവരാണ്. മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുക എന്ന ജനാധിപത്യവിരുദ്ധതയും അവര്‍ പ്രകടിപ്പിച്ചു പോന്നിട്ടുണ്ട്. അതിനെതിരെ നിലപാടെടുത്ത, എന്നാല്‍ സ്വയം സമഗ്രാധിപത്യപരതയില്‍നിന്നു തീരെ മുക്തരല്ലാത്ത, കാമ്പസ് ഫ്രണ്ടിന്റേയും അവരുടെ രക്ഷാകര്‍ത്തൃസംഘടനയുടേയും പ്രവര്‍ത്തകരാണ് അഭിമന്യു വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. 

ഈ ഘട്ടത്തില്‍ ചില എങ്കിലുകള്‍ പ്രസക്തി കൈവരിക്കുന്നു. എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ജനാധിപത്യ മര്യാദകള്‍ പാലിക്കുകയും സഹിഷ്ണുത, വിയോജന സ്വാതന്ത്ര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങള്‍ രാഷ്ട്രീയ ജീവിതത്തില്‍ നിഷ്ഠയോടെ പകര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ യൂണിവേഴ്സിറ്റി കോളേജിലും മഹാരാജാസ് കോളേജിലും അരങ്ങേറിയതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നോ? അഭിമന്യുവിനെ കൊലപ്പെടുത്തിയത് മതതീവ്രവാദാശയങ്ങളാല്‍ പ്രചോദിതമായ വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ടവരാണെന്നത് ശരി തന്നെ. പക്ഷേ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത് കോളേജിനകത്ത് എസ്.എഫ്.ഐ അനുവര്‍ത്തിക്കുന്ന സ്വേച്ഛാധിപത്യ രീതികളാണെന്ന വസ്തുത തള്ളിക്കളയാനാവില്ല.

സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ പോറ്റി വളര്‍ത്തുന്ന പാര്‍ട്ടിയും അതിന്റെ നേതാക്കളും ജനാധിപത്യ - ബഹുസ്വര മൂല്യങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുകയും അവയുമായി പൊരുത്തപ്പെടാത്ത രാഷ്ട്രീയ പ്രയോഗങ്ങള്‍ സ്വന്തം തട്ടകങ്ങളില്‍നിന്നുണ്ടാവുമ്പോള്‍ അവയെ നിര്‍ദാക്ഷിണ്യം പ്രതിരോധിക്കുകയും ചെയ്യുന്ന പാരമ്പര്യം പിന്തുടര്‍ന്നിരുന്നുവെങ്കില്‍, യൂണിവേഴ്സിറ്റി കോളേജിലെ ഗ്രീന്‍ റൂം ഇടിമുറിയാക്കുകയും സര്‍വ്വകലാശാലാ  ഉത്തരക്കടലാസുകള്‍ ദുരുപയോഗിക്കുകയും കുമാര്‍ഗ്ഗത്തിലൂടെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ മുകള്‍ത്തട്ടില്‍ ഇടിച്ചുകയറുകയും ചെയ്യുന്ന ഗുണ്ടാക്കൂട്ടമായി എസ്.എഫ്.ഐയുടെ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ അധഃപതിക്കുമായിരുന്നോ എന്ന ചോദ്യവും കൂട്ടത്തില്‍ കടന്നുവരുന്നു. മൂന്നു വര്‍ഷം മുന്‍പ് പാലക്കാട്ടെ ഗവ. വിക്ടോറിയ കോളേജിലെ വനിതാ പ്രിന്‍സിപ്പല്‍ ജോലിയില്‍നിന്നു വിരമിക്കുന്ന ദിവസം അവര്‍ക്ക് കലാലയമുറ്റത്ത് ശവകുടീരം തീര്‍ക്കുകയെന്ന കശ്മല കൃത്യം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകരെ 'കലാപരമായി' ന്യായീകരിക്കാന്‍ മുതിരുന്നതിനു പകരം ആ പൈശാചികത്വത്തിലേര്‍പ്പെട്ടവരെ പടിയടച്ച് പിണ്ഡംവെക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നുവെങ്കില്‍, താന്തോന്നിത്തത്തിന്റെ പേരല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന ബോധം എസ്.എഫ്.ഐ കേഡറുകളില്‍ അങ്കുരിപ്പിക്കാന്‍ സാധിക്കുമായിരുന്നു എന്നത് നിസ്തര്‍ക്കമാണ്. 
ഇന്നത്തെ എസ്.എഫ്.ഐക്കാര്‍ ജനിക്കുന്നതിനു മുന്‍പ് സംഭവിച്ച ഒരു മഹാവിസ്‌ഫോടനമുണ്ട് - ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്റെ വിസ്‌ഫോടനം. ഏഴു ദശാബ്ദക്കാലത്തെ നിലനില്‍പ്പിനു ശേഷം, ലോകത്തിലെ രണ്ടു വന്‍ശക്തികളില്‍ ഒന്നായി അറിയപ്പെട്ട യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് (യു.എസ്.എസ്.ആര്‍) 1991 ഡിസംബറില്‍ നാമാവശേഷമായി. കിഴക്കന്‍ യൂറോപ്പില്‍ സോവിയറ്റ് യൂണിയന്റെ ഉപഗ്രഹ രാഷ്ട്രങ്ങളായി നാലു പതിറ്റാണ്ടുകാലം നിലവിലിരുന്ന ഹംഗറി, ചെക്കോസ്ലോവാക്യ, പോളണ്ട്, റുമേനിയ, ബള്‍ഗേറിയ, അല്‍ബേനിയ, പൂര്‍വ്വ ജര്‍മനി തുടങ്ങിയ കമ്യൂണിസ്റ്റ് (സോഷ്യലിസ്റ്റ്) രാഷ്ട്രങ്ങളും ഏതാണ്ട് അതേ കാലയളവില്‍ നിലംപൊത്തി. അവയുടെയെല്ലാം തകര്‍ച്ചയുടെ മൂലകാരണം അതത് രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് ഭരണാധികാരികളുടേയും പാര്‍ട്ടിക്കാരുടേയും സമഗ്രാധിപത്യവാഴ്ചയും അഹന്തയും അടിച്ചമര്‍ത്തലുകളും കടുത്ത ജനാധിപത്യ വിരുദ്ധതയുമായിരുന്നു. മേല്‍പ്പറഞ്ഞ രാഷ്ട്രങ്ങളിലെ ജനസാമാന്യം എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെറുത്തു എന്ന് തൊണ്ണൂറുകളുടെ തുടക്കം തൊട്ടെങ്കിലും പഠിക്കാനും പരിശോധിക്കാനും ഇന്ത്യയിലെ മാര്‍ക്സിസ്റ്റ് നേതൃത്വവും എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പോഷക സംഘടനകളും ശ്രമിച്ചിരുന്നെങ്കില്‍ മാര്‍ക്സിസത്തില്‍ അഹന്തയ്ക്കും മുഷ്‌ക്കിനും സ്ഥാനമില്ലെന്നും അപരജനാദരവും മാനവസ്‌നേഹവുമാണ് അതിന്റെ ഹൃദയതന്തു എന്നും ഗ്രഹിക്കാന്‍ അവര്‍ക്ക് സാധിച്ചേനെ. അത് ചെയ്തിട്ടില്ലാത്തതുകൊണ്ടാണ് അഭിമന്യുവില്‍ രക്തസാക്ഷിത്വമൂല്യം കണ്ടെത്തുകയും അത് രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന അവര്‍ക്ക് അര്‍ധപ്രാണനാക്കപ്പെട്ട അഖില്‍ ചന്ദ്രനില്‍ ഒരു മൂല്യവും കണ്ടെത്താന്‍ കഴിയാതെ പോകുന്നത്. ഗുരുതരമായ ഈ വീഴ്ച വര്‍ത്തമാന കേരളത്തിലെ സി.പി.എം പരിവാര്‍ നേരിടുന്ന കനത്ത വിശ്വാസ്യതാ ചോര്‍ച്ചയ്ക്ക് നേരെയുള്ള ചൂണ്ടുപലകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com