എഴുത്തുകാരനും വായനക്കാരനുമിടയിലെ എഡിറ്റര്‍: സേതു എഴുതുന്നു 

അങ്ങനെയെങ്കില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ കടന്നുവരുന്ന ഒരു ശല്യക്കാരനാവില്ലേ എഡിറ്റര്‍? 
എഴുത്തുകാരനും വായനക്കാരനുമിടയിലെ എഡിറ്റര്‍: സേതു എഴുതുന്നു 

ലോകപുസ്തകദിനവും കേരളത്തിന്റെ വായനാദിനവും കടന്നുപോയിരിക്കുന്ന ഘട്ടത്തില്‍ പുസ്തക ങ്ങളുടെ പിറവിയേയും വളര്‍ച്ചയേയും പറ്റി അല്പം  ആലോചനയാവാം. 
പത്രത്തെയെന്നപോലെ പുസ്തകത്തിനും ഒരു എഡിറ്റര്‍ വേണ്ടേ? 
വിദേശത്ത് തന്റെ നോവലിന്റെ കൈയെഴുത്തുപ്രതിയുമായി പ്രസാധകനെ സമീപിച്ച ഒരു എഴുത്തുകാരന്റെ അനുഭവത്തെപ്പറ്റി എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞുകേട്ട ഒരു സംഭവം ഓര്‍മ്മയുണ്ട്. സ്വാഭാവികമായും, അവിടത്തെ സമ്പ്രദായമനുസരിച്ച് കൈയെഴുത്തുപ്രതി എഡിറ്ററുടെ മേശപ്പുറത്ത് എത്തിപ്പെട്ടപ്പോള്‍, അയാള്‍ അതില്‍നിന്ന് വിദഗ്ദ്ധമായ കത്രിക പ്രയോഗത്തിലൂടെ രണ്ടു നോവല്ലകളും മൂന്ന് ചെറുകഥകളും വെട്ടിയുണ്ടാക്കിയത്രെ. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ഒരു സമര്‍ത്ഥനായ എഡിറ്ററുടെ കൈയില്‍  തയ്യല്‍ക്കാരന്റെ  മുന്‍പിലെത്തിപ്പെടുന്ന ശീലയായി മാറുന്ന ചിത്രം. ഇത് നടന്നതാകാം, അല്ലെങ്കില്‍ കേട്ടുകേള്‍വിയാകാം. പക്ഷേ, അതിന് പുറകില്‍ വലിയൊരു സത്യമുണ്ട്.

അങ്ങനെയെങ്കില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ കടന്നുവരുന്ന ഒരു ശല്യക്കാരനാ വില്ലേ എഡിറ്റര്‍? 
ലോകത്തെ വായനാസമൂഹത്തില്‍  എന്നും മുഴങ്ങിക്കേള്‍ക്കുന്ന ഈ  തര്‍ക്കത്തിന്  നിരവധി വശങ്ങളുണ്ടെന്നത് സത്യമാണ്. അതുകൊണ്ടുതന്നെ പല സാഹിത്യസദസ്സുകളിലും ഇതൊരു സംവാദവിഷയമായി കടന്നുവരാറുമുണ്ട്. ഇക്കാര്യത്തില്‍ തങ്ങളുടെ വാദമുഖങ്ങളുമായി ഇരുവശത്തും പ്രമുഖരുമുണ്ടെന്നത് ശ്രദ്ധേയവും. ''ചില എഡിറ്റര്‍മാര്‍ എഴുതിത്തോറ്റവരാണ്; അതുപോലെതന്നെ പല എഴുത്തുകാരും'' എന്ന ടി.എസ്. എലിയറ്റിന്റെ പരാമര്‍ശത്തിന്റെ ഇരുവശങ്ങളിലും മുനകളുണ്ട്. അതുപോലെതന്നെ, മറ്റൊരാളുടെ  എഴുത്തിന്റെ കരട് വെട്ടിത്തിരുത്തുന്നതിലൂടെ കിട്ടുന്ന നിര്‍വൃതിയേക്കാള്‍ വലിയതൊന്നില്ലെന്ന എച്ച്.ജി. വെല്‍സിന്റെ പ്രസ്താവത്തിലുമുണ്ട് രസികത്തം. 

പക്ഷേ, തികച്ചും വ്യത്യസ്തമാണ് ഇന്ത്യയിലെ സ്ഥിതി. കാരണം, ഇവിടത്തെ ഭാഷാ സാഹിത്യത്തില്‍  എഡിറ്റര്‍ എന്നൊരു വര്‍ഗ്ഗമില്ല തന്നെ. ഭാരതീയ ഭാഷകളിലെ പല മുതിര്‍ന്ന എഴുത്തുകാര്‍ക്കും ഇങ്ങനെയൊരു കൂട്ടര്‍ തങ്ങളുടെ മൂര്‍ച്ചയുള്ള കത്രികകളുമായി എവിടെയെങ്കിലും കാത്തിരിപ്പുണ്ടോയെന്ന് തന്നെ അറിഞ്ഞുകൂടാ. ഈ സാന്നിദ്ധ്യം അറിയുന്നതാകട്ടെ, അവരുടെ രചനകള്‍ വല്ലപ്പോഴും ഇംഗ്ലീഷിലേക്കോ മറ്റു വിദേശഭാഷകളിലേക്കോ മൊഴിമാറ്റം ചെയ്യപ്പെടുമ്പോഴാണ്. ഇന്ത്യയിലെ പ്രസിദ്ധ നോവലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം തങ്ങള്‍ എല്ലാവിധ എഡിറ്റിങ്ങുകള്‍ക്കും മുകളിലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതായത് തങ്ങളുടെ കൈയെഴുത്തുപ്രതി നേരെ അച്ചടിശാലയിലെത്തിക്കേണ്ട ചുമതലയേ പ്രസാധകനുള്ളുവെന്ന അബദ്ധധാരണ തന്നെ. അങ്ങനെ പ്രസിദ്ധരുടെ (അതായത് വില്‍ക്കപ്പെടുന്നവരുടെ) കൈയെഴുത്തുപ്രതികള്‍ വായിച്ചു നോക്കാന്‍ കൂടി പല പ്രസാധകരും മിനക്കെടാറില്ലെന്നതാണ് സത്യം. പിന്നെ എഡിറ്റിങ്ങ് കൊണ്ടുണ്ടാകുന്ന കാലതാമസം, ചെലവ് അങ്ങനെ ചില  കടമ്പകള്‍... മലയാളത്തിന്റെ കാര്യത്തില്‍ ഒരു നല്ല വായനക്കാരന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ട്. എല്ലാവര്‍ക്കും തിരക്കാണ്, താന്താങ്ങളുടെ 'ഡെഡ്ലൈന്‍' സുരക്ഷിതമാക്കാന്‍. പല പ്രസിദ്ധരുടേയും നോവലുകള്‍ പ്രമുഖ വാരികകളില്‍ സീരിയലൈസ് ചെയ്യപ്പെടുന്നവയാണ്. അത്തരം സീരിയലൈസേഷന്‍ വര്‍ഷാവസാനത്തിനു മുന്‍പേ അവസാനിക്കണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധവുമുണ്ട്. കാരണം, പുസ്തകത്തിന്റെ പ്രസാധനം ഡിസംബറിലോ  അതിനു മുന്‍പോ നടന്നാലേ അടുത്ത കൊല്ലത്തെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടുകയുള്ളൂ. നല്ല കൃതിയാണെങ്കില്‍, ഇക്കാര്യത്തില്‍ എഴുത്തുകാരനേക്കാള്‍ തിരക്ക് പ്രസാധകനായിരിക്കും. ഈ വെപ്രാളത്തിനിടയില്‍  പുസ്തകത്തിന് ഒരു രണ്ടാം വായനയെന്നത് അസാദ്ധ്യം തന്നെ! 

സിനിമയുടെ കാര്യത്തിലും കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെ തന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ ചിത്രങ്ങള്‍ രാജ്യത്തേയും വിദേശങ്ങളിലേയും ഫെസ്റ്റിവലുകള്‍ക്കയക്കേണ്ട സമയമാണ് ഡെഡ്ലൈന്‍ നിര്‍ണ്ണയിക്കുന്നത്. പക്ഷേ, സിനിമയെന്നത് വലിയ പണമിറക്കി പലരുടേയും ഏറെ നാളത്തെ കൂട്ടായ ശ്രമത്തിലൂടെ പുറത്തു വരുന്ന ഉല്പന്നമായതുകൊണ്ട് അവര്‍ തങ്ങളുടെ ചിത്രങ്ങള്‍ വേണ്ടപ്പെട്ട ചിലരെയെങ്കിലും കാണിക്കാനായി ശ്രമിക്കാറുണ്ട്. പക്ഷേ, സാഹിത്യത്തിലാവുമ്പോള്‍ തങ്ങളുടെ  കൈയെഴുത്തുപ്രതികള്‍ മറ്റുള്ളവരെ കാണിക്കാന്‍ മടിക്കുന്നവരാണ് മിക്കവരും... 

ആ നല്ല വായനക്കാരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. കാരണം, ഇക്കാര്യത്തില്‍ ഞാനും വ്യത്യസ്തനല്ല എന്നത് തന്നെ. പക്ഷേ, മലയാളത്തിലെ നടപ്പുകാലത്തെ  പല രചനകളും (എന്റേതടക്കം) കര്‍ശനമായ എഡിറ്റിങ്ങിന് വിധേയമാക്കപ്പെടണമെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അതിലൂടെ മാത്രമേ വിദേശത്തുള്ളപോലെയുള്ള ഒരു 'എഡിറ്റിങ്ങ് സംസ്‌കാരം' ഇവിടെ പതിയെ  രൂപംകൊള്ളുകയുള്ളൂ. മാത്രമല്ല, തന്റെ കൃതി വേറൊരാളിന്റെ എഡിറ്റിങ്ങിന് വിധേയമാകുമെന്ന് വന്നാല്‍ എഴുത്തുകാരനും രചനയില്‍ കുറെക്കൂടി ജാഗ്രത കാട്ടാതിരിക്കില്ല. വിദേശങ്ങളില്‍ പ്രഗത്ഭരായ പരിഭാഷകര്‍ക്ക് പുറമെ വേണ്ടത്ര യോഗ്യതയുള്ള എഡിറ്റര്‍മാരുമുണ്ട്. ഇതൊരു മുഴുവന്‍സമയ തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുമുണ്ട്. പക്ഷേ, ഇത്തരമൊരു എഡിറ്ററുടെ ആവശ്യം കൃത്യമായി തിരിച്ചറിയേണ്ടത് ആദ്യം എഴുത്തുകാര്‍ തന്നെയാണ്; പിന്നെ പ്രസാധകരും. അതായത് തങ്ങളുടെ സൃഷ്ടികളുടെ ഗുണപരമായ നിലവാരം ഉയര്‍ത്താനായി ഒരു വിദഗ്ദ്ധന്റെ സഹായം തേടുന്നതില്‍ തെറ്റില്ലെന്നു തന്നെ. മിക്കവാറും എല്ലാ ഫിക്ഷന്‍ എഴുത്തുകാര്‍ക്കും ചില പ്രിയപ്പെട്ട വാക്കുകളും പ്രയോഗങ്ങളുമുണ്ടാകുമെന്നത് സത്യമാണ്. മറ്റൊരാളുടെ കണ്ണില്‍ അത് എളുപ്പത്തില്‍ പെടുമെങ്കിലും, തന്റെ രചനയുമായി അഗാധമായ പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എഴു ത്തുകാരനെ സംബന്ധിച്ചിടത്തോളം പ്രണയത്തില്‍ എല്ലാം ശരിയാണ് എന്ന ബോദ്ധ്യം കലശലാണ്. 

പ്രസാധനാനന്തര വായനകളില്‍, എന്റെ കൃതികളിലെ ചിലയിടങ്ങളിലെ ദുര്‍മ്മേദസ്സ് കുറച്ചൊക്കെ ഒഴിവാക്കാമായിരുന്നുവെന്ന് എനിക്കു തന്നെ തോന്നിയിട്ടുണ്ട്. ഇത്തരമൊരു തിരിച്ചറിവ്,  മറ്റൊരാളില്‍നിന്ന് വരുന്നതിന്  മുന്‍പ് എഴുത്തുകാരന്റെ ഉള്ളില്‍നിന്നുതന്നെ വന്നാല്‍ അതൊരു വലിയ നേട്ടമാവും. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം എന്റെ 'വിളയാട്ടം', 'കൈമുദ്രകള്‍', 'മറുപിറവി' എന്നീ മൂന്ന് നോവലുകള്‍ക്ക്  'പരിഷ്‌കരിച്ച പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.' മിക്കവാറും സാഹിത്യകാരന്മാര്‍ എഴുത്തിന് കംപ്യൂട്ടറിന്റെ സഹായമെടുക്കുന്ന ഇന്നത്തെ കാലത്ത് അത്തരമൊരു പുതുക്കിപ്പണിയല്‍ അസാദ്ധ്യമല്ല. ഇങ്ങനെയൊരു 'സ്വയം എഡിറ്റിങ്ങ്' സാദ്ധ്യമാണെങ്കിലും, എനിക്ക് പകരം മറ്റൊരാളാണ് ചെയ്തിരുന്നതെങ്കില്‍ അത് കുറേക്കൂടി നന്നായേക്കുമെന്നും തോന്നിയിട്ടുണ്ട്. ഖസാക്കടക്കം തന്റെ ചില നോവലുകള്‍ കുറച്ചൊന്ന് മാറ്റിയെഴുതിയാലോയെന്ന് ആലോചിച്ചിരുന്നതായി ഒ.വി. വിജയന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. രചനയിലെ പൂര്‍ണ്ണത എന്നൊന്ന് ഇല്ലെന്ന ബോദ്ധ്യമുള്ളപ്പോള്‍ത്തന്നെ അതിന് വേണ്ടിയുള്ള ശ്രമമാകും എഴുത്തുകാരന്റെ എക്കാലത്തേയും വലിയ സ്വപ്നവും. 

എഴുത്തെന്ന സര്‍ഗ്ഗപരമായ പ്രക്രിയയുമായി ഗാഢമായ ബന്ധമുള്ള മൂന്ന് കക്ഷികളായ എഴുത്തു കാരന്‍, പ്രസാധകന്‍, വായനക്കാരന്‍ എന്നിവരുടെ താല്പര്യങ്ങള്‍ ഇതില്‍ ഒരുപോലെ കടന്നുവരു ന്നുണ്ട്. തന്റെ പുസ്തകം നന്നായി പ്രസാധനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും വില്‍ക്കപ്പെടുക യും ചെയ്യണമെന്ന് എഴുത്തുകാരന്‍ മോഹിക്കുന്നത് സ്വാഭാവികമാണ്.  അതുപോലെ, അത്  നന്നായി പ്രചരിപ്പിക്കപ്പെടണമെന്നും വില്‍ക്കപ്പെടണമെന്നും പ്രസാധകനും ആഗ്രഹിക്കുന്നു. അതേസമയം പുസ്തകക്കടയിലെ ഷെല്‍ഫിലെ അനേകം പുസ്തകങ്ങളില്‍നിന്ന് താന്‍ വലിയ താല്പര്യത്തോടെ തെരഞ്ഞെടുത്ത്, പണം കൊടുത്ത് വാങ്ങിയ പുസ്തകത്തിന്റെ മൂല്യത്തെപ്പറ്റി വായനക്കാരനും ചില കണക്കുകൂട്ടലുകളുണ്ടാകും. മാത്രമല്ല, ആ ഗ്രന്ഥകാരന്‍ അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ കൂടിയായാല്‍ അയാള്‍ തന്നെ നിരാശപ്പെടുത്തുകയില്ലെന്ന ഉത്തമബോധ്യവും അതിനു പുറകില്‍ കാണും. എന്തായാലും, ഈ കണ്ണികളില്‍ ഒന്നുപോലും പൊട്ടിപ്പോകരുതെന്ന താല്പര്യം തല്‍പ്പരകക്ഷികളായ ഈ മൂന്നു പേരിലും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ഇവിടെയാണ് എഡിറ്റര്‍ എന്ന കഥാപാത്രം കടന്നുവരുന്നത്. താന്‍ എഴുതിവയ്ക്കുന്നതെല്ലാം വിശ്വസാഹിത്യമാണെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനെ  സംബന്ധിച്ചിടത്തോളം തന്റെ കഥയിലെ ചില കഥയില്ലായ്മകളെ സ്വയം വെട്ടിമാറ്റുകയെന്നത് അത്ര എളുപ്പമാവില്ല. നിങ്ങള്‍ ഒരു കഥയെഴുതുമ്പോള്‍ തുടര്‍ച്ചയായ വെട്ടിത്തിരുത്തലുകളിലൂടെ, ദുര്‍മേദസ്സിന്റെ ഓരോ ഔണ്‍സും ഒഴിവാക്കി, കഥാപാത്രത്തിന്റെ എല്ലിന്‍കൂട് വരെയെത്തിയേ തീരൂവെന്ന് പറഞ്ഞത് പ്രസിദ്ധ അമേരിക്കന്‍ സാഹിത്യകാരനായ സ്റ്റീഫന്‍ കിങ്ങാണ്. സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിന് സമാനമാണെങ്കിലും ഇത് ചെയ്യാതെ വഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ''ഞാന്‍ എപ്പോഴും കത്രികകളുടെ വശത്താണ്. പെന്‍സിലിനേക്കാള്‍ എനിക്ക് വിശ്വാസം കത്രികകളിലാണ്'' എന്നു പറഞ്ഞ നോവലിസ്റ്റ് ട്രൂമാന്‍ കപ്പോട്ടിയുടെ  പരാമര്‍ശത്തിന് പ്രസക്തിയേറുന്നത്. പത്രങ്ങളിലെ എഡിറ്റര്‍മാര്‍ കുറച്ചുകൂടി മാര്‍ദ്ദവമുള്ള നീലപ്പെന്‍സില്‍ ഉപയോഗിക്കുമ്പോള്‍, സാഹിത്യ കൃതികള്‍ക്ക്, പ്രത്യേകിച്ചും നോവലുകള്‍ക്ക് കത്രികകള്‍ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കൂടിയേ തീരൂ. ചുരുക്കത്തില്‍, ചിലപ്പോഴെങ്കിലും നിര്‍ദ്ദാക്ഷിണ്യമായ വെട്ടിമുറിക്കലുകള്‍ വേണ്ടിവരുമെന്ന് തന്നെ. ചിലയിടങ്ങളില്‍, 'ബോധം കെടുത്താതെയുള്ള ശസ്ത്രക്രിയ'യും വേണ്ടിവന്നേക്കാം! കാരണം, എഡിറ്ററെ സംബന്ധിച്ചിടത്തോളം താന്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളതുകൊണ്ട് അയാളുടെ നോട്ടം പ്രധാനമായും തന്നെ ഈ വലിയ ഉത്തരവാദിത്വം ഏല്പിച്ച പ്രസാധകന്റേയും തന്നില്‍നിന്ന്  നല്ലതു മാത്രം  പ്രതീക്ഷിക്കുന്ന വായനക്കാരന്റേയും  താല്പര്യം സംരക്ഷിക്കുക എന്നതു മാത്രമായിരിക്കും. അതുകൊണ്ടുതന്നെ എഡിറ്റിങ്ങില്‍ അങ്ങേയറ്റം ശ്രദ്ധ വേണ്ടിവരുന്ന പരിഭാഷകളുടെ കാര്യത്തില്‍, എഴുത്തുകാരനും എഡിറ്ററും തമ്മില്‍ പലപ്പോഴായി ഒട്ടേറെ സംവാദങ്ങള്‍ വേണ്ടി വരാറുണ്ട്. സാങ്കേതികത ഇത്രയേറെ പുരോഗമിച്ച കാലത്ത് ഇ-മെയില്‍ വഴിയുള്ള കത്തിടപാടുകള്‍ വളരെ എളുപ്പമാണ് താനും.

നോവലുകളും കഥകളുമായി പത്തോളം കൃതികള്‍ ഇംഗ്ലീഷില്‍ വന്നിട്ടുള്ളതുകൊണ്ട് ഇക്കാര്യ ത്തില്‍ എന്റെ ചില അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. സാധാരണയായി ഇ-മെയില്‍ വഴിയുള്ള ഇടപെടലുകള്‍ എഡിറ്ററും പരിഭാഷകനും തമ്മിലാണെങ്കിലും, മാറ്റങ്ങള്‍ക്കായി എഡിറ്റര്‍ അടയാളപ്പെടുത്തിയ ചില ഭാഗങ്ങളുടെ കോപ്പികള്‍ എഴുത്തുകാരനും കിട്ടാറുണ്ട്. ചില വാക്കുകളുടേയും പ്രയോഗങ്ങളുടേയും കാര്യത്തില്‍ ഇവര്‍ തമ്മില്‍  അഭിപ്രായവ്യത്യാസവും തര്‍ക്കവുമൊക്കെ ഉണ്ടാകുക സാധാരണമാണ്. എഴുത്തുകാരന്‍ ആ ഭാഷയില്‍ സാമാന്യം പരിജ്ഞാനമുള്ളയാളാണെങ്കില്‍ അയാള്‍ക്ക് ഇക്കാര്യത്തില്‍ കുറേക്കൂടി ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞേക്കും. എന്തായാലും, ഒരു പങ്കാളിത്ത മനോഭാവത്തോടെ, അല്പം വിട്ടുവീഴ്ചകളിലൂടെ മാത്രമേ ഇക്കാര്യത്തില്‍ മുന്നേറാനാകൂ. എന്റെ 'പാണ്ഡവപുരം' ജര്‍മ്മനും, ഫ്രെഞ്ചും ടര്‍ക്കിഷുമടക്കം പത്തോളം ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.  മിക്കതും എനിക്ക് തീരെ പരിചിതമല്ലാത്ത ഭാഷകള്‍. അങ്ങനെ വരുമ്പോള്‍, ആ പരിഭാഷ എങ്ങനെയുണ്ടെന്ന് ആ ഭാഷയില്‍ പരിജ്ഞാനമുള്ള ഏതെങ്കിലും സുഹൃത്തിനോട് ചോദിക്കുകയേ വഴിയുള്ളൂ. മലയാളത്തിലെ മൂലകൃതിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷയാണെങ്കില്‍ കുറച്ചുകൂടി സൗകര്യമുണ്ട്. അങ്ങനെ മലയാളത്തിലും ജര്‍മനിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള  ഒരു സ്ത്രീയാണ് മലയാളത്തില്‍നിന്ന്  ആ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. പിന്നീട് അതേപ്പറ്റി രണ്ടു ഭാഷകളും നല്ല പരിചയമുള്ള ഒരു സുഹൃത്തിനോട് അഭിപ്രായം ചോദിക്കാനുമായി. പക്ഷേ, ഒറിയ പോലെയുള്ള ഭാഷയാകുമ്പോള്‍ ഏതെങ്കിലുമൊരു മൂന്നാം ഭാഷയിലൂടെ മാത്രമേ ഇത് സാദ്ധ്യമാവൂ. 

ഒരു വാക്കിന്റെ കൃത്യമായ ധ്വനി പരിഭാഷയിലൂടെ പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  അത് നോവലിലെ ഭാവപ്രപഞ്ചത്തെത്തന്നെ അവതാളത്തിലാക്കുന്ന ഒരനുഭവമുണ്ടായി. പാണ്ഡവപുരത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ പേര് 'ജാരന്‍' എന്നാണ്. അയാളുടെ സവിശേഷമായ സ്വഭാവത്തെ അത് പ്രതിഫലിപ്പിക്കുന്നുമുണ്ട്. ഹിന്ദിയില്‍ നല്ല തഴക്കമുള്ള എഴുത്തുകാരിയും പരിചയസമ്പന്നയായ അദ്ധ്യാപികയുമായ പരിഭാഷക അതിന് തുല്യമായി കണ്ടെത്തിയതു 'ജാര്‍' എന്ന സംസ്‌കൃതപദമായിരുന്നു. നിഘണ്ടു പ്രകാരം തികച്ചും ശരിയായ  വാക്ക്. പക്ഷേ, ഡല്‍ഹിയില്‍വച്ചു നടന്ന ചടങ്ങില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്ത, ഒരു വടക്കേ ഇന്ത്യന്‍ സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സിലര്‍ ആ വാക്ക് അവിടെ മുഴച്ചുനില്‍ക്കുന്നുവെന്ന് സൂചിപ്പിച്ചു. പിന്നീട്, മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും ഹിന്ദിയിലും മലയാളത്തിലും എഴുതിയിട്ടുമുള്ള, പരേതനായ യു.കെ.എസ്. ചൗഹാന്‍ അതിനു പകരംവയ്ക്കാവുന്ന ഏതെങ്കിലും നാടന്‍ വാക്ക് ഉപയോഗിക്കുകയായിരുന്നു കൂടുതല്‍ ഉചിതമെന്ന് പറഞ്ഞു. അത്തരം ചില വാക്കുകള്‍ അദ്ദേഹം പറഞ്ഞുതരികയും ചെയ്തു. പക്ഷേ, അവയുടെ ഒക്കെ അര്‍ത്ഥം 'കള്ളക്കാമുകന്‍' 'ഒളിസേവക്കാരന്‍' എന്നൊക്കെ മാത്രമേ വരൂ.  ജാരന്‍ എന്ന പദം കുറേക്കൂടി വിശാലമായ അര്‍ത്ഥത്തിലാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്.  ആ വാക്കിന്റെ ശരിയായ ധ്വനി ഈ നാടന്‍ വാക്കുകളില്‍നിന്ന് കിട്ടുമോയെന്നുതന്നെ സംശയമാണ്. ചുരുക്കത്തില്‍ ഒരു കൃതിയുടെ ശക്തിതന്നെ ഒരു വാക്കിനെ ആശ്രയിച്ചു നിന്നേക്കാമെന്ന് സൂചിപ്പിക്കുകയായിരുന്നു. 

കൂട്ടത്തില്‍ മറ്റൊരു അനുഭവവും കൂടി. 'കിളിക്കൂട്' എന്ന എന്റെ ഏറ്റവും ഒടുവിലത്തെ നോവല്‍ ഞാന്‍ ആദ്യമായി എഴുതിയത് ഇംഗ്ലീഷിലായിരുന്നു. ഇംഗ്ലീഷ് ഒരു ഐച്ഛികവിഷയമായി, ക്ലാസ്സുമുറികളില്‍ പഠിച്ചിട്ടില്ലാത്തതുകൊണ്ട്  കൈവശമുള്ള ഭാഷ ഉപയോഗിച്ചുള്ള ഒരു ശ്രമമായിരുന്നു അത്. എന്തായാലും, എഴുതാന്‍ രസമായിരുന്നു. നോവലിന്റെ ഭാഷ പ്രസാധകനും എഡിറ്റര്‍ക്കും ഇഷ്ടമായെങ്കിലും, അതിലെ ചില പദങ്ങളും പ്രയോഗങ്ങളും കുറച്ച് 'ന്യൂജെന്‍' ആക്കിയാല്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് എഡിറ്റര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അത് പ്രതീക്ഷിച്ചത് തന്നെയായിരുന്നു. കാരണം, ഒരു ഭാരതീയ ഭാഷയില്‍ സങ്കല്പിച്ച്  യൂറോപ്യന്‍ ഭാഷയില്‍ എഴുതുന്നവര്‍ നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണത്. ദ്രാവിഡഭാഷകളില്‍ എഴുതുന്നവരുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. (രണ്ടു ഭാഷകളും ഒരുപോലെ സുഗമമായി കൈകാര്യം ചെയ്യുന്ന പ്രഗത്ഭരെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല.) അങ്ങനെ ചില വാക്കുകളിലും വാചകങ്ങളുടെ ഘടനയിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ഓള്‍ഡ്‌ജെന്നും ന്യൂജെന്നുമല്ലാത്ത പരുവത്തിലാക്കിയപ്പോള്‍ അവര്‍ക്ക് തൃപ്തിയായി. സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി. അങ്ങനെ ഞാന്‍ ആദ്യമായി ഇംഗ്ലീഷില്‍ എഴുതിയ The Cuckoo's Nest എന്ന നോവല്‍ നിയോഗി ബുക്ക്‌സ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുന്നു. ഇതില്‍നിന്നു കിട്ടിയ ആത്മവിശ്വാസം കൊണ്ട് ഞാന്‍ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ  'ആറാമത്തെ പെണ്‍കുട്ടിയെന്ന' ചെറുനോവല്‍ മറ്റൊരു പ്രസാധകനും പ്രസിദ്ധീകരിക്കുന്നു. 

(അനുബന്ധം:     തന്റെ വായനക്കാരനെ  നിഘണ്ടുവിലേക്ക് നയിക്കുന്ന ഒരു വാക്ക് ഉപയോഗിച്ചുവെന്ന പേര്  ഒരിക്കലും കേള്‍പ്പിച്ചിട്ടില്ലാത്ത ഒരാള്‍ - 
- വില്ല്യം ഫോക്നര്‍ ഏണസ്റ്റ് ഹെമിങ്ങ്വെയെപ്പറ്റി. 
പാവം ഫോക്നര്‍! വലിയ വികാരങ്ങള്‍ വലിയ വാക്കുകളിലൂടെയാണ് വരുന്നതെന്ന് അയാള്‍ വിശ്വസിക്കുന്നുവോ?  
- ഏണസ്റ്റ് ഹെമിങ്ങ്വെ വില്ല്യം ഫോക്നറെപ്പറ്റി. 
ഒരേ കാലത്ത്  എഴുതിയിരുന്ന രണ്ടു മഹാരഥന്മാര്‍ തമ്മിലുള്ള വാക്‌പോര്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com