മതിലുകള്‍...മതിലുകള്‍!: സേതു എഴുതുന്നു

മതിലുകള്‍...മതിലുകള്‍!: സേതു എഴുതുന്നു

ലോകചരിത്രത്തില്‍ ചിതറിക്കിടക്കുന്ന മതിലുകളെക്കുറിച്ച്

ത് മതിലുകളുടെ കാലമാണ്. പലതരം മതിലുകള്‍. സിമന്റ് മതില്‍, ഉരുക്കു മതില്‍, മനുഷ്യമതില്‍. ചിലത് പൊളിഞ്ഞുവീഴുമ്പോള്‍ പുതിയവ രൂപം കൊള്ളുന്നു. 
മതിലുകളും മുള്‍വേലികളും സുരക്ഷയുടെ, അതിരുകളുടെ അടയാളമെന്നാണ് കരുതിയിരുന്നത്. ഉദാഹരണങ്ങള്‍ നിരവധി. അങ്ങനെ നോക്കുമ്പോള്‍ കൂട്ടായ്മകള്‍ക്ക് മതിലുകളെക്കാള്‍ ഭേദം പഴയ ചങ്ങലകളാകുമെന്നു തോന്നിപ്പോകാറുണ്ട്. കൈ കോര്‍ത്തുള്ള ആ നില്പിന് ഒരു പവറുണ്ട്. പിന്നെ, ഇത്രയും കാറ്റും മഴയും കടന്നുപോയിട്ടും വലിയ തുരുമ്പൊന്നും കയറിയിട്ടില്ലല്ലോ ആ ചങ്ങലകളില്‍.

പലതും ചിതറിക്കിടപ്പുണ്ട് ലോകചരിത്രത്തില്‍. ചുമരുകള്‍ക്ക് കാതുകളുണ്ടെന്നു പറയാറുണ്ട്. പക്ഷേ, അവയ്ക്ക് കണ്ണുകളുമുണ്ടെന്ന് പറയുന്നുണ്ട് 1984 എന്ന ക്ലാസ്സിക് നോവലില്‍ ജോര്‍ജ്ജ് ഓര്‍വെല്‍. 'നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണ്' എന്ന് ഏകാധിപത്യം സൂചിപ്പിക്കുന്നത് ചുമരില്‍ പതിച്ചുവെച്ചിരിക്കുന്ന ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ്. ആ ചുമരുകളില്‍ പതിഞ്ഞിരിക്കുന്ന കണ്ണുകളും കാണാതിരിക്കില്ലല്ലോ പലതും. അതിന് പുറകിലുണ്ട് ചിന്തകളെ വരെ പിടിച്ചെടുക്കുന്ന, സ്വാധീനിക്കുന്ന 'ചിന്ത പൊലീസ്' (Thought Police). 1949-ല്‍ എഴുതിയ നോവലില്‍ പറഞ്ഞ പലതും ഇന്ന് ജനാധിപത്യ രാജ്യങ്ങളിലേക്കും പടരുന്നതിന്റെ സൂചനകളാണ് വ്യക്തിവിവരങ്ങള്‍ തേടിപ്പിടിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍. ഏതു ഫോണിലും ഏതു കംപ്യൂട്ടറുകളിലും ഏതു യന്ത്രങ്ങളിലും  അധികാരികള്‍ക്ക് കടന്നു കയറാം. 
'നിങ്ങള്‍ എപ്പോഴും നിരീക്ഷണത്തിലാണ്!'  

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം, ശീതയുദ്ധം ജര്‍മനിയെ രണ്ടാക്കിയതിനു ശേഷം 1961-ല്‍ ബര്‍ലിന്‍ നഗരത്തെ പിളര്‍ന്നുകൊണ്ട് മതില്‍ ഉയര്‍ന്നത് കിഴക്കന്‍ ജര്‍മനിയിലുള്ളവര്‍ മറുകണ്ടം ചാടാതിരിക്കാനായിരുന്നു. അത് മതിലുകളുടെ വിധിയാണ്. തങ്ങള്‍ക്ക് കാണാനാവാത്ത അപ്പുറത്തെ ലോകം എപ്പോഴും പറുദീസയാണ്. ശരിയോ തെറ്റോ ആകാം, പക്ഷേ, അതൊരു സ്വപ്നലോകമാണ്. പടിഞ്ഞാറന്‍ ജര്‍മനിയിലെ പടിഞ്ഞാറന്‍ പകിട്ട് രാഷ്ട്രീയ പ്രബുദ്ധതയെക്കുറിച്ചുള്ള ആഹ്വാനങ്ങള്‍ കേട്ടു മടുത്ത തൊട്ടപ്പുറത്തെ സാമാന്യ ജനത്തെ അങ്ങോട്ട് ആകര്‍ഷിച്ചതില്‍ തെറ്റില്ല. ഇല്ലായ്മകളാണ് അവിടെ കൂടുതല്‍. അങ്ങനെ രാപ്പകല്‍ സായുധ പട്ടാളം കാവല്‍ നിന്നിട്ടും സ്വപ്നഭൂമിയിലേക്കുള്ള നുഴഞ്ഞുകയറ്റം നടന്നുകൊണ്ടേയിരുന്നു.  എന്തായാലും, ഒടുവില്‍ 1989-ല്‍ ആ മതില്‍ തകര്‍ന്നത് ഒരു ചരിത്രനിയോഗം തന്നെയായിരുന്നു. വിഘടിച്ചു നിന്ന ജനതയ്ക്ക് ഒന്നാകാനുള്ള അവസരം.

ഏതാണ്ട് സമാനമായിരുന്നു കൊറിയകളിലെ സ്ഥിതിയും. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സമ്മേളനത്തിനായി തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സോളില്‍ പോയപ്പോള്‍ തിളച്ചു തൂവി നില്‍ക്കുകയായിരുന്നു അവിടത്തെ അന്തരീക്ഷം.  നീണ്ട നാളുകളായി പരസ്പരം കൊമ്പുകോര്‍ത്ത്, കണ്ണുകള്‍ ചുവപ്പിച്ച് മുഖത്തോടു മുഖം നോക്കിനില്‍ക്കുകയായിരുന്നുവല്ലോ വടക്കന്‍ കൊറിയയും  തെക്കന്‍ കൊറിയയും. തങ്ങളുടെ പക്കലുള്ള വിനാശകരമായ ആണവായുധങ്ങളുടെ പ്രഹരശക്തിയെപ്പറ്റി വീമ്പിളക്കുന്നുമുണ്ട് രണ്ടു പേരും. വിടുവായനായ വടക്കന്‍ നേതാവാണെങ്കില്‍ ആണവായുധം തൊടുത്തുവിടേണ്ട ബട്ടണും തന്റെ വിരലും തമ്മില്‍ ഒരു ചാണ്‍ ദൂരമേയുള്ളുവെന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട് തെക്കന്മാരെ. അതായത് അവരുടെ തലസ്ഥാനമായ സോള്‍ നഗരം കത്തിയെരിയാന്‍ മിനിറ്റുകള്‍ മതിയെന്നര്‍ത്ഥം. പക്ഷേ, അതുകേട്ട് പരിഹാസ സ്വരത്തില്‍ 'ഊശ്...' എന്നു പറഞ്ഞു തള്ളിക്കളയുകയാണ് മറ്റേ കൂട്ടര്‍. വടക്കന് ചീനയുടേയും റഷ്യയുടേയും കൈത്താങ്ങുണ്ടെങ്കില്‍ പടിഞ്ഞാറന്‍ ശക്തികള്‍ തെക്കന്റെ കൂടെയാണ്. അതുകൊണ്ട് ഇടയ്ക്കിടെ ഒരു പടികൂടി കടന്ന് അമേരിക്കയുടെ ഏതു മഹാനഗരവും തനിക്ക് ഉന്നംവെക്കാനാവുമെന്ന് ഡൊണാള്‍ഡ് ട്രംപിനേയും ഭീഷണിപ്പെടുത്തുന്നുണ്ട്  ഉത്തരനേതാവ് കിംജോങ്ങ് ഉന്‍. അങ്ങനെ ഭീഷണികള്‍ മുറുകിവന്നിരുന്ന  കാലമായതു കൊണ്ട് ഞങ്ങളുടെ യാത്ര മുടങ്ങുമോയെന്ന ബലമായ സംശയമുണ്ടായിരുന്നു. സമ്മേളനത്തിനു കഷ്ടിച്ച് ഒരു മാസം മുന്‍പാണ് പച്ചവെളിച്ചം തെളിഞ്ഞുകിട്ടിയത്. 

അവിടെയും ഉണ്ടായിരുന്നു വേര്‍തിരിവിന്റെ വന്‍മതില്‍. ശീതയുദ്ധത്തിന്റെ മറെറാരു ശേഷിപ്പ്. സാമ്പത്തികനിലയും ജീവിതനിലവാരവും പൊതുവെ മോശമായിരുന്ന വടക്കന്‍ കൊറിയക്കാര്‍ക്കും ആശയ ഗീര്‍വാണങ്ങള്‍ മടുത്തിരുന്നു. അങ്ങനെ തക്കം നോക്കി മതിലിനടിയില്‍ക്കൂടി തുരങ്കങ്ങളുണ്ടാക്കി, കൂട്ടം കൂട്ടമായി അപ്പുറത്തേക്ക് കടക്കാന്‍ തക്കം നോക്കിയിരിക്കുകയായിരുന്നു അവര്‍. തങ്ങളുടെ നേര്‍ക്ക് നീണ്ടേക്കാവുന്ന തോക്കുകളെ അവര്‍ക്ക് പേടിയില്ലായിരുന്നു. കാരണം, ഒരുമ്പെട്ടിറങ്ങിയ കുടിയേറ്റക്കാരുടെ മുന്‍പില്‍ പീരങ്കികള്‍ക്കും ബോംബുകള്‍ക്കും വിലയില്ലാതായിരുന്നു.  നിയമപരമായ അഭയം അസാദ്ധ്യമാകുമ്പോള്‍ ഏതു വഴികള്‍ തേടാനും   മടിക്കാത്തവര്‍. 

മതിലിന്റെ തെക്കുവശം മൈലുകളോളം നീണ്ട 'ഡീമിലിറ്ററൈസ്ഡ് സോണില്‍'  കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമായി മതിലിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. സര്‍ക്കാര്‍ അതിഥികളായിരുന്നതുകൊണ്ട് ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ക്ക് അങ്ങോട്ട് പോകാനായി. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക വാഹനത്തിലായിരുന്നു യാത്ര.  സ്‌പെഷല്‍ പാസ്സുകളുണ്ടായിരുന്നതുകൊണ്ട് അതിര്‍ത്തിയിലെ ചില ഉയരമുള്ള ഒബ്‌സര്‍വേഷന്‍ ടവറുകളില്‍ കയറിനിന്ന് അപ്പുറം നിരീക്ഷിക്കാനുമായി. അങ്ങനെ മറുവശത്ത് തോക്കുകളുമായി പാറാവ് നില്‍ക്കുന്ന ഒട്ടേറെ പട്ടാളക്കാരെ കണ്ടു. പക്ഷേ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഇത്രയേറെ സാങ്കേതിക മികവുള്ള തെക്കന്‍ കൊറിയക്കാരുടെ കണ്ണ് വെട്ടിച്ച് അവരുടെ അതിര്‍ത്തിയിലൂടെ വടക്കര്‍ നിര്‍മ്മിച്ച തുരങ്കമാണ്. ഏതാണ്ട് മൂന്ന് മൈലോളം നീളമുള്ള ആ ടണലിലൂടെ ഒരു അപ്രതീക്ഷിത ആക്രമണത്തിനായി 30,000 പട്ടാളക്കാരെ വരെ കടത്തി വിടാമെന്നായിരുന്നുവത്രെ അവരുടെ കണക്കുകൂട്ടല്‍. ഒടുവില്‍ അത് കണ്ടെത്തി പ്രവേശന ദ്വാരം അടച്ചുകഴിഞ്ഞിരുന്നു. അങ്ങനെ ഇപ്പോള്‍ അതൊരു സന്ദര്‍ശക കേന്ദ്രം കൂടിയാണ്. കഷ്ടിച്ച് മൂന്നടിയോളം ഉയരം മാത്രമുള്ള ആ ടണലിലൂടെ ഞങ്ങള്‍ കുറേ ദൂരം നടന്നു നോക്കി. പക്ഷേ, കുനിഞ്ഞുള്ള നടപ്പ് ക്ലേശകരമായതുകൊണ്ട് അധികം ദൂരം പോകാനായില്ല. മുന്‍പും ഇത്തരം ടണലുകള്‍ പലയിടത്തും കണ്ടെത്തുകയും അടയ്ക്കുകയും ചെയ്തിട്ടുണ്ടത്രെ. അത്രയ്ക്കുണ്ടായിരുന്നു വടക്കന്‍ കൊറിയയുടെ പോരാട്ട വീര്യം.

ഇപ്പോള്‍ കാറ്റ് മാറിവീശാന്‍ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് രണ്ടു കൊറിയകളും കെട്ടിപ്പിടിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് മാത്രമല്ല, പല കാര്യങ്ങളിലും ഡൊണാള്‍ഡ് ട്രംപും കിംജോങ്ങ് ഉന്നും തമ്മില്‍ മിണ്ടാട്ടവും തുടങ്ങിയിരിക്കുന്നു. അങ്ങനെ എന്നെങ്കിലും, ആ വന്‍മതില്‍ പൊളിഞ്ഞു വീഴുമെന്നോ, അല്ലെങ്കില്‍ രണ്ടിനുമിടയില്‍ക്കൂടി നിര്‍ബാധമായ പോക്കുവരത്തുകള്‍ നടക്കുമെന്നോ ഒക്കെ വിശ്വസിക്കുന്ന ശുഭാപ്തിവിശ്വാസികളുണ്ട്. പക്ഷേ, എനിക്കെന്തോ വലിയ വിശ്വാസമില്ല ഈ കൊറിയന്‍ മൂപ്പന്മാരെ. മാത്രമല്ല, അന്ന് മാര്‍ഗരറ്റ് താച്ചറായി തെക്കന്‍ കൊറിയ വാണിരുന്ന, ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ മാഡം പ്രസിഡന്റ് ഇപ്പോള്‍ അഴിമതിയുടെ പേരില്‍ ജയിലിലാണ്! 

അതിര്‍ത്തികളിലെ
വേര്‍തിരിവുകള്‍

എന്തായാലും, തല്‍ക്കാലത്തേക്കെങ്കിലും ലോകം ഈ കൊറിയന്‍ മതിലിനെ മറന്നു തുടങ്ങിയ കാലത്ത്, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ഡൊണാള്‍ഡ് ട്രംപിനും കെട്ടണം ഒരു വന്‍മതില്‍, അമേരിക്കയ്ക്കും  മെക്സിക്കോയ്ക്കുമിടയില്‍. ഇവിടെയും പ്രശ്‌നം അനധികൃത കുടിയേറ്റക്കാര്‍ തന്നെ. കര വഴിയും കടല്‍ വഴിയും വന്നുകയറുന്ന മെക്സിക്കോക്കാര്‍ എന്നും  വലിയൊരു തലവേദനയാ ണവര്‍ക്ക്.  തങ്ങളുടെ വിഭവങ്ങളില്‍ പങ്കുപറ്റാന്‍ വരുന്നുവെന്നത് മാത്രമല്ല, അമേരിക്കയിലേക്കുള്ള ലഹരിവസ്തുക്കളുടെ ഒഴുക്കില്‍ നല്ലൊരു ശതമാനവും ഈ വഴിയാണത്രെ. തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം എങ്ങനെയും നടപ്പിലാക്കുമെന്ന വാശിയിലാണ് അദ്ദേഹം. ആയിരത്തോളം മൈല്‍ നീളമുള്ള (?) മുപ്പതടിയോളം ഉയരമുള്ള ഈ മതില്‍ ഭീമമായ ചെലവില്‍ പണിയുന്നതിന് 5 ബില്ല്യന്‍ ഡോളറോളം വേണ്ടിവരുമത്രെ. സെനറ്റില്‍ അത് ഡെമോക്രാറ്റുകളുടെ മതിലില്‍ തട്ടിത്തകര്‍ന്നുവെന്ന് മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരില്‍ ചിലരുടേയും എതിര്‍പ്പുണ്ട് പ്രസിഡന്റിന്. കാരണം, ലോകത്തെ ഏറ്റവും വലിയ  കടക്കാരന്‍ രാജ്യമായ അമേരിക്കയ്ക്ക് ഇത്തരമാരു പാഴ്ച്ചെലവ് ആവശ്യമാണോ? എന്തായാലും, പതിനഞ്ചു ലക്ഷം ഓരോരുത്തന്റേയും പെട്ടിയില്‍ വീഴ്ത്തുമെന്ന്  ബഡായി പറഞ്ഞ നമ്മുടെ മൂപ്പരെ പോലെയല്ല, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെന്ന വാശിയിലാണ് സായ്വ്. നടക്കുമോയെന്നത് വേറൊരു കാര്യം. എന്തായാലും സംഗതി മൂത്ത്  അവിടത്തെ ട്രഷറി പൂട്ടിക്കുമെന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.

ടെല്‍അവീവിലെ 'പടിഞ്ഞാറന്‍ മതിലിനടുത്ത്' നിന്ന് പ്രാര്‍ത്ഥിച്ചാല്‍ മോക്ഷം കിട്ടുമെന്ന് വിശ്വസിച്ചിരുന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നമ്മുടെ പടിഞ്ഞാറന്‍ തീരത്തു നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ ജൂതന്മാര്‍.  അതേസമയം, പണ്ടൊരു സിമന്റ് മതിലില്‍ വരി വരിയായി ചാരിനിറുത്തിയാണ്  ഹിറ്റ്‌ലര്‍ ജൂതന്മാരെ വെടിവച്ചു കൊന്നതെന്ന് ചരിത്രം പറയുന്നു. 
ലോകാത്ഭുതങ്ങളിലൊന്നായ ചീനയിലെ വന്‍മതിലും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ടത് ആക്രമണകാരികളുടെ കടന്നുകയറ്റത്തിന് തടയിടാനായിരുന്നു. എന്നിട്ടും അവിടെയും ആക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും നടന്നു. 

പഞ്ചാബില്‍ അമൃത്സറിനടുത്തുള്ള വാഗ ബോര്‍ഡറിലെ അതിര്‍ത്തി കണ്ടിട്ടുള്ളവര്‍ക്ക് അറിയാം അവിടെ മതില്‍ കുറച്ചേയുള്ളുവെന്ന്. ബാക്കി കുറേയിടങ്ങളില്‍ മുള്‍വേലികളുമുണ്ട്. ഇത് രണ്ടുമില്ലാത്ത മറ്റു ഭാഗങ്ങളുമുണ്ടെന്ന് ചിലര്‍ പറയുന്നു. ആട് മേച്ചുനടക്കുന്നവര്‍ അങ്ങനെ അറിയാതെ അതിരുകടന്നു പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായിട്ടുമുണ്ട്. അതുകൊണ്ടാവാം, വാഗ അതിര്‍ത്തിയിലെ വൈകിട്ടത്തെ 'റിട്രീറ്റ്' കാണാന്‍ പോയ എനിക്ക് കൂട്ടായി വന്ന അതിര്‍ത്തിസേനയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അതിര്‍ത്തിയിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണമെന്നു പറഞ്ഞത്. അബദ്ധത്തില്‍ ഒരു കാല് അപ്പുറത്ത് വെച്ചു അവരുടെ പിടിയിലായാല്‍ പിന്നെ കാര്യങ്ങള്‍ തന്റെ വരുതിയില്‍ നില്‍ക്കില്ലെന്നാണ് അദ്ദേഹം തമാശയായി പറഞ്ഞത്. 
എന്തായാലും, ഇത് അനധികൃത കുടിയേറ്റങ്ങളുടെ യുഗമാണ്. മ്യാന്‍മറില്‍ കാലങ്ങളായി പീഡിപ്പിക്കപ്പെടുന്ന റോഹിംഗ്യന്‍ ജനത അഭയാര്‍ത്ഥികളായി കുടിയേറാന്‍ നോക്കുമ്പോള്‍ ബംഗ്ലാദേശ് തടയുന്നു. അങ്ങനെ അവരില്‍ ഒരു വിഭാഗം ഇന്ത്യയിലുമെത്തുന്നു.  പക്ഷേ, ഇങ്ങോട്ട് കടന്നുകൂടിയ  നാല്പതിനായിരത്തോളം പേരെ മടക്കി അയക്കാന്‍ നോക്കുകയാണ് ഇന്ത്യ. ഇതില്‍ മതവും കടന്നുവരുന്നതുകൊണ്ട് എതിര്‍ക്കാന്‍ ബംഗാളിലെ മമത ബാനര്‍ജിയുണ്ട്. പക്ഷേ, ആര്‍ക്കും വേണ്ടാത്ത ഈ മനുഷ്യജീവികള്‍ എങ്ങോട്ട് പോകും? ഇന്ത്യക്ക് വേണ്ട, ബംഗ്ലാദേശിനും മ്യാന്‍മറിനും. വേണ്ടിവന്നാല്‍ അവരെ താന്‍ കൈക്കൊള്ളുമെന്ന് മമത പറയുന്നുണ്ടെങ്കിലും പക്ഷേ, നല്ലൊരു ശതമാനം ബംഗാളികള്‍ കഴിഞ്ഞുകൂടുന്നത് കേരളത്തിലാണെന്നത്  മറ്റൊരു വശം. അവരില്‍ അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശികളും കാണാതിരിക്കില്ല. ആകെക്കൂടി സിറിയന്‍ പ്രശ്‌നത്തിന്റെ മറ്റൊരു വശമാകുന്നു ഈ റോഹിംഗ്യന്‍ പലായനം.  അവിടെ മാഗോഗ് നദിയില്‍ മുങ്ങിമരിച്ച സന ഐഡി എന്ന എട്ടു വയസ്സുകാരി സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടി ഇന്ന് ലോക മനസ്സാക്ഷിയുടെ തന്നെ മുറിവായി മാറിയിരിക്കുന്നു. 

ഈ അതിരുകളിലെല്ലാം ഓരോ മതിലുകളുണ്ടായിരുന്നെങ്കിലെന്ന് രഹസ്യമായി മോഹിക്കുന്ന എത്രയോ പേരുണ്ട്. ഇന്ത്യയുടേയും പാകിസ്താന്റേയും അതിര്‍ത്തി മുഴുവനും മതില്‍ കെട്ടണമെന്ന് വാദിക്കുന്നവരില്‍ ഉത്തരവാദപ്പെട്ട ചില സീനിയര്‍ രാഷ്ട്രീയ നേതാക്കള്‍ വരെയുണ്ട്. കോണ്‍ക്രീറ്റ് മതിലിനു പകരം 'ലേസര്‍ മതില്‍' ആയാലും മതിയെന്നു പറയുന്നവരും ധാരാളം. പക്ഷേ, നുഴഞ്ഞു കയറ്റക്കാരേയും ആക്രമണകാരികളേയും തടയാന്‍ ഇത്തരം ചുവരുകള്‍ അശക്തമാണെന്ന് പറയുന്നുണ്ട് ജര്‍മനിയിലെ ബെര്‍ലിന്‍ മതിലിന്റേയും ചീനയിലെ വന്‍മതിലിന്റേയും ചരിത്രം. മതിലിനടിയിലെ തുരങ്കത്തിലൂടെ ഒരു കൊച്ചു പാകിസ്താനി  പെണ്‍കുട്ടിയുമായി അപ്പുറത്തേക്ക് കടക്കുന്ന ഒരു നിഷ്‌കളങ്കനായ ചെറുപ്പക്കാരന്റെ ചിത്രം വരച്ചിടുന്നുണ്ട് സല്‍മാന്‍ ഖാന്‍ ഒരു ശ്രദ്ധേയമായ ഹിന്ദി ചിത്രത്തില്‍. 

മതിലുകളെ ചുറ്റിപ്പറ്റി മനോഹരമായൊരു പ്രേമകഥ പറയുന്നുണ്ട് വൈക്കം മുഹമ്മദ് ബഷീര്‍. തങ്ങളെ അനാവശ്യമായി വേര്‍തിരിക്കുന്ന ജയിലിലെ മതിലിന് ഇരുവശത്തും നിന്ന് സ്‌നേഹം പങ്കിടുന്ന ബഷീറും നാരായണിയും. 
എന്തായാലും തകരാനുള്ളവയാണ് മതിലുകള്‍ എന്ന് ചരിത്രം പറയുന്നു. 
ഈയിടത്തെ മഹാപ്രളയത്തില്‍, അതിശക്തമായ കുത്തൊഴുക്കില്‍പ്പെട്ട്  ഞങ്ങളുടെ പ്രദേശത്തെ മിക്ക മതിലുകളും തകര്‍ന്നുപോയിരുന്നു. കാരണം, അവ കെട്ടിയത് അകം പൊള്ളയായ സിമന്റ് കട്ടകള്‍ കൊണ്ടായിരുന്നു. അതുകൊണ്ട് അവ വീണ്ടും കെട്ടിയപ്പോള്‍ പൊള്ളയാകാത്ത കട്ടകള്‍ ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

(ഗുണപാഠം: അകം പൊള്ളയായ കട്ടകളുടെ മതിലിന് ആയുസ്സ് കുറവാണ്. ശക്തമായ കുത്തൊഴുക്കില്‍ തകര്‍ന്നുപോകാനുള്ളതേയുള്ളൂ.)    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com