ശാസ്ത്രം വേറെ മിത്ത് വേറെ: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ശാസ്ത്രം വേറെ മിത്ത് വേറെ: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ന്‍പത് വര്‍ഷത്തോളം മുന്‍പ്, 1969 ജൂലൈ 20-നാണ് നീല്‍ ആംസ്‌ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തിയത്. അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ആംസ്‌ട്രോങ്ങ് രണ്ടരമണിക്കൂര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ചെലവഴിച്ചു. അതുവരെ അസാധ്യം എന്നു കരുതിയത് സുസാധ്യമായിത്തീര്‍ന്ന സുദിനമായിരുന്നു അത്. തന്റെയും കൂടെയുണ്ടായിരുന്ന രണ്ട് സഹസഞ്ചാരികളുടേയും യത്‌നവിജയത്തെക്കുറിച്ച് നീല്‍ പറഞ്ഞതിങ്ങനെ: ''ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാല്‍വെപ്പാകാം; പക്ഷേ, മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കുതിച്ചുചാട്ടമാണിത്.''
മനുഷ്യന്റേയും ശാസ്ത്രത്തിന്റേയും ചരിത്രത്തില്‍ സംഭവിച്ച ഈ വന്‍കുതിച്ചുചാട്ടം ചില മതവാദികളിലുണ്ടാക്കിയ പ്രതികരണം ഒരേ സമയം ബാലിശവും കൗതുകകരവുമായിരുന്നു. ആംസ്‌ട്രോങ്ങിന്റെ നേട്ടത്തില്‍ പുതുമയൊന്നുമില്ലെന്ന തരത്തിലാണ് മുസ്ലിം യാഥാസ്ഥിതിക ലോബിയില്‍പ്പെട്ട ചിലര്‍ അന്നു പ്രതികരിച്ചത്. 14 നൂറ്റാണ്ടോളം മുന്‍പ് മുഹമ്മദ് നബി നടത്തിയ 'മിഅ്‌റാജ്' എന്ന ആകാശയാത്രയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികന്റെ ചാന്ദ്രയാത്ര തുലോം നിസ്സാരമെന്നവര്‍ വിധിയെഴുതി. ഇസ്ലാമിക പുരാണമനുസരിച്ച് പ്രവാചകന്‍ 'ഏഴാം ആകാശ'ത്തില്‍ പോയ സംഭവമാണ് 'മിഅ്‌റാജ്'. അതുമായി തട്ടിച്ചുനോക്കുമ്പോള്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ ചാന്ദ്രയാത്രയില്‍ എന്തിരിക്കുന്നു എന്നായിരുന്നു അവരുടെ പരിഹാസം.

ഭാഗ്യമെന്നു പറയണം, അതായത് നമ്മുടെ നാട്ടിലെ ഹൈന്ദവ മതവാദികളാരും തങ്ങളുടെ പുണ്യപുരുഷന്മാരോ ഋഷികളോ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഗോളാന്തര യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന വീരവാദവുമായി രംഗത്തു വന്നില്ല. 1960-കളിലോ 1970-കളിലോ ഒന്നും മിത്തുകളെ ശാസ്ത്രസത്യമായി അവതരിപ്പിക്കാന്‍ അവര്‍ ഔത്സുക്യം പ്രകടിപ്പിച്ചിരുന്നില്ല എന്നു സാരം. പക്ഷേ, സമീപകാലത്തായി സ്ഥിതി പ്രകടമാംവിധം മാറിയിരിക്കുന്നു. ആധുനിക ശാസ്ത്രം കൈവരിച്ച സകല നേട്ടങ്ങളും പ്രാചീന ഭാരതത്തിലെ 'മനീഷി'കള്‍ നേരത്തേ സ്വായത്തമാക്കിയിട്ടുണ്ടെന്നത്രേ ഹൈന്ദവ മത വലതുപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ആവേശപൂര്‍വ്വം അവകാശപ്പെടുന്നത്.
ഈ ദുഷ്പ്രവണതയ്ക്ക് തുടക്കം കുറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. 2014 ഒക്ടോബര്‍ മുംബൈയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പ്രാചീന ഇന്ത്യ ശാസ്ത്രരംഗത്ത് കൈവരിച്ച ഔന്നത്യം ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം മിത്തുകള്‍ക്ക് ശാസ്ത്രപരിവേഷം നല്‍കി. കര്‍ണ്ണന്റെ ജനനത്തിനു പിന്നില്‍ കാണുന്നത് ജനിതകശാസ്ത്രത്തില്‍ ഭാരതം ആ നാളുകളില്‍ സ്വായത്തമാക്കിയ മികവാണെന്നും ഗണപതിയുടെ ആകാരസവിശേഷത പ്ലാസ്റ്റിക് സര്‍ജറി പ്രാചീന ഇന്ത്യയില്‍ വികസിച്ചിരുന്നു എന്നതിന്റെ തെളിവാണെന്നും മോദി അന്നു പ്രസംഗിക്കുകയുണ്ടായി. ഭൂതകാല ഭാവനയെ ശാസ്ത്രമായി അതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.
മോദിയുടെ പാത പിന്തുടര്‍ന്നിട്ടായാലും അല്ലെങ്കിലും ഏറെ താമസിയാതെ മറ്റു പലരും പ്രാചീന ഇന്ത്യയുടെ ശാസ്ത്രമഹത്വഘോഷണവുമായി രംഗത്ത് വന്നു. 2015-ല്‍ 102-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയനേതാക്കള്‍ മാത്രമല്ല, പ്രബന്ധങ്ങള്‍ അവതരിപ്പിച്ച ചില ശാസ്ത്രജ്ഞരും പ്രാചീനകാല ജ്ഞാനങ്ങളെ ശാസ്ത്രസത്യങ്ങളുടെ വിതാനത്തിലേക്കുയര്‍ത്തി. അമേയ യാദവിനേയും ആനന്ദ് ബോഡാസിനേയും പോലുള്ള പ്രബന്ധകാരന്മാര്‍ അന്നവകാശപ്പെട്ടത് ഏഴ് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ ഇന്ത്യയില്‍ ഗ്രഹാന്തര വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. ശാസ്ത്ര കോണ്‍ഗ്രസ്സിനു പുറത്ത് ദീനനാഥ് ബത്രയെപ്പോലുള്ള പാഠപുസ്തക നിര്‍മ്മാതാക്കളാകട്ടെ, പ്രാചീന ഭാരതത്തില്‍ മോട്ടോര്‍ കാറും ടെലിവിഷനുമുണ്ടായിരുന്നു എന്ന അവകാശവാദവുമായി രംഗത്തു വരികയും ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി 3-7 തീയതികളില്‍ പഞ്ചാബിലെ ജലന്ധറില്‍ നടന്ന 106-ാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിലും ചില 'ശാസ്ത്രജ്ഞര്‍' തെളിവുകളുടെ യാതൊരു പിന്‍ബലവുമില്ലാത്ത അവകാശവാദങ്ങളുമായി വേദിയിലെത്തി. സ്റ്റെം സെല്‍ സാങ്കേതികവിദ്യയും ടെസ്റ്റ് ട്യൂബ് ശിശുക്കളും വിമാനപ്പടയും ബാഹ്യനിയന്ത്രിത മിസൈലുകളുമെല്ലാം ആയിരത്താണ്ടുകള്‍ക്കു മുന്‍പ് ഇന്ത്യയിലുണ്ടായിരുന്നു എന്നാണവര്‍ പ്രസംഗിച്ചത്. ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യ വഴി പിറന്നവരാണ് കൗരവര്‍ എന്നിടം വരെ പോയി അവകാശവാദങ്ങള്‍.
ഉപോദ്ബലക തെളിവുകളില്ലാത്ത ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവരുടെ കൂട്ടത്തില്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ പോലുമുണ്ടെന്നത് വിസ്മയകരമാണ്. ആന്ധ്ര യൂണിവേഴ്‌സിറ്റിയുടെ വി.സിയായ ജി. നാഗേശ്വര റാവു ഉദാഹരണമാണ്. ജീവശാസ്ത്രജ്ഞന്‍ കൂടിയായ റാവുവത്രേ മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കൗരവര്‍ ജനിച്ചത് സ്റ്റെം സെല്‍-ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യയിലൂടെയാണെന്ന് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രസംഗിച്ചത്.
പ്രാചീന ഭാരതീയര്‍ ശാസ്ത്രരംഗത്ത് ആര്‍ജ്ജിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുക എന്നത് തെറ്റല്ല എന്നു മാത്രമല്ല, അത് ആവശ്യമാണ് താനും. പക്ഷേ, ശാസ്ത്രത്തില്‍ ഊന്നലുകള്‍ക്കോ ഐതിഹ്യങ്ങള്‍ക്കോ ഭാവനയ്‌ക്കോ സ്ഥാനമില്ല എന്നത് അംഗീകരിക്കപ്പെടണം. ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യ പ്രാവര്‍ത്തികമാകണമെങ്കില്‍ അതിനുള്ള പശ്ചാത്തല സൗകര്യം കൂടിയേ തീരൂ. ഗര്‍ഭാശയത്തില്‍ ശിശുവിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ ജ്ഞാനത്തിനു പുറമെ അണുവിമുക്ത മുറികള്‍പോലുള്ള സൗകര്യങ്ങളും അതിനാവശ്യമാണ്. പ്രാചീന ഇന്ത്യയില്‍ വൈദ്യുതിയുണ്ടായിരുന്നു എന്നതിനുപോലും തെളിവില്ലെന്നിരിക്കെ, ടെസ്റ്റ് ട്യൂബ് സാങ്കേതികവിദ്യ മഹാഭാരതകാലത്തുണ്ടായിരുന്നു എന്നു ഘോഷിക്കുന്നതില്‍പ്പരം മണ്ടത്തരം മറ്റെന്തുണ്ട്?
ശാസ്ത്രമുള്‍പ്പെടെയുള്ള വിജ്ഞാനശാഖകള്‍ക്ക് ദേശാതിര്‍ത്തികളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിജ്ഞാനത്തിന്റെ ആദാനപ്രദാനങ്ങളും സമ്പുഷ്ടീകരണവും കാലദേശങ്ങളിലൂടെ സംഭവിക്കുകയാണ് ചെയ്യുന്നത്. പ്രാചീന ഗ്രീക്ക് വിജ്ഞാനവും പശ്ചിമേഷ്യന്‍ വിജ്ഞാനവും ദക്ഷിണേഷ്യന്‍ വിജ്ഞാനവുമെല്ലാം ചേര്‍ന്നാണ് ആധുനിക യൂറോപ്യന്‍ വിജ്ഞാനമുണ്ടായത്. വിജ്ഞാന വിഷയത്തില്‍ അതിദേശീയതയ്ക്കിടം നല്‍കുക എന്ന ഭോഷത്ത ചെയ്യാത്ത യൂറോപ്യരും അമേരിക്കക്കാരും ശാസ്ത്രമടക്കമുള്ള മേഖലകളില്‍ കഴിഞ്ഞ മൂന്നു നാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ വന്‍കുതിപ്പു നടത്തി. ഗതകാല മഹത്വത്തില്‍ അഭിരമിക്കുന്നതിനു പകരം അറിവിന്റെ പുതിയ ചക്രവാളങ്ങള്‍ തേടുകയും നേടുകയും ചെയ്യുന്നതില്‍ അതിനിഷ്ഠയോടെ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് ആ നേട്ടം അവര്‍ക്ക് സ്വന്തമാക്കാനായത്.
1914-ല്‍ നിലവില്‍ വന്ന 'ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് അസോസിയേഷ'ന്റെ ലക്ഷ്യം രാജ്യത്തിന്റെ ശാസ്ത്രബോധ വികാസവും ശാസ്ത്രഗവേഷണ മുന്നേറ്റവുമാണ്. കപട ശാസ്ത്രത്തിനെന്നപോലെ വിജ്ഞാന ദുരഹങ്കാരത്തിനും അവിടെ ഒട്ടും സ്ഥാനമില്ല. ശാസ്ത്രം വേറെ, മിത്ത് വേറെ എന്ന തിരിച്ചറിവാണ് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകേണ്ട പ്രഥമ യോഗ്യത. നിരീക്ഷണ പരീക്ഷണങ്ങള്‍ വഴി സത്യമെന്നു തെളിയാത്ത യാതൊന്നിനും ശാസ്ത്രത്തില്‍ ഇടമില്ല. അതേ സമയം 'പരമസത്യം' എന്ന സങ്കല്പം ശാസ്ത്രത്തിനു അന്യവുമാണ്. മതങ്ങള്‍ എക്കാലത്തേക്കും ബാധകമായ പരമസത്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ടാവാം. പക്ഷേ, സര്‍വ്വകാലത്തേക്കും ബാധകമായതും മാറ്റത്തിനു വിധേയമല്ലാത്തതുമായ സത്യങ്ങള്‍ എന്ന ആശയം ശാസ്ത്രം അംഗീകരിക്കുന്നില്ല.
സയന്‍സിന്റെ ഇച്ചൊന്ന സവിശേഷതയും മിഥോളജി സയന്‍സിനു പകരമാവില്ല എന്ന യാഥാര്‍ത്ഥ്യവും അംഗീകരിക്കുന്നവര്‍ വേണം ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രസംഗിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യാന്‍. ഈ തത്ത്വം ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പാലിക്കപ്പെടുന്നില്ല. നൊബേല്‍ പുരസ്‌കാരജേതാവായ പ്രൊഫ. വെങ്കട്ടരാമന്‍ രാമകൃഷ്ണന്, ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സ് 'ഇന്ത്യന്‍ ശാസ്ത്ര സര്‍ക്കസ്' ആണെന്നും പറയേണ്ടി വന്നത് അതുകൊണ്ടാണ്. 2015-ല്‍ മുംബൈയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്തപ്പോഴാണ് ഇമ്മട്ടില്‍ അഭിപ്രായ പ്രകടനം നടത്താന്‍ രാമകൃഷ്ണന്‍ നിര്‍ബന്ധിതനായത്. ശാസ്ത്ര കോണ്‍ഗ്രസ്സിനെ കക്ഷിരാഷ്ട്രീയവല്‍ക്കരിക്കുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും പങ്കെടുക്കുന്നവരുടെ എണ്ണത്തെക്കാളേറെ അവരുടെ ശാസ്‌ത്രോന്മുഖതയാണ് പ്രധാനമെന്നും നിരീക്ഷിച്ച അദ്ദേഹം ഒരു കാര്യം തറപ്പിച്ചു പറഞ്ഞു: ''ശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങള്‍ വിദഗ്ദ്ധസമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് മുന്‍കൂര്‍ വിധേയമാക്കപ്പെടണം.''
തെല്ലുകൂടി നിശിതമായ വിമര്‍ശനമത്രേ ഇന്ത്യയുടെ മുഖ്യശാസ്ത്ര ഉദേഷ്ടാവായ കെ. വിജയരാഘവനില്‍ നിന്നുണ്ടായത്. യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധമില്ലാത്ത അവകാശവാദങ്ങള്‍ നിരത്തിയ വൈസ് ചാന്‍സലര്‍ നാഗേശ്വര റാവുവിനെതിരെ ശാസ്ത്രരംഗത്തുള്ള അക്കാദമിക്കുകള്‍ പരാതി നല്‍കണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. മതത്തേയും പുരാണങ്ങളേയും സംസ്‌കാരത്തേയും ശാസ്ത്രവുമായി കൂട്ടിക്കുഴച്ച് സംസാരിക്കുന്ന ശാസ്ത്രകാരന്മാരും രാഷ്ട്രീയനേതാക്കന്മാരും മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടുന്ന വിജയരാഘവന്‍ ദക്ഷിണാഫ്രിക്കന്‍ അനുഭവം നമ്മെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ മുന്‍ പ്രസിഡന്റു് താബോ എംബെകി എച്ച്.ഐ.വി എയ്ഡ്‌സുണ്ടാക്കുന്നില്ല എന്ന ശാസ്ത്രവിരുദ്ധ നിലപാട് സ്വീകരിച്ചത് ഒട്ടേറെ മനുഷ്യരെ മരണത്തിലേക്ക് തള്ളിവിട്ടു.
രാജ്യം ഭരിക്കുന്നവര്‍ ശാസ്ത്രത്തിനു പകരം കപടശാസ്ത്രത്തിനു പിന്നാലെ പോയാല്‍ ശാസ്ത്രബോധം പരിക്ഷീണമാവുകയും ഭൂതകാല മഹത്വ ദുരഭിമാനം രംഗം കീഴടക്കുകയും ചെയ്യും. പലതരത്തില്‍ രാജ്യത്തിന്റെ പുരോഗതിയെ പിറകോട്ടടിപ്പിക്കുന്നതിലാണ് ഈ വ്യാജശാസ്ത്രസേവന നമ്മെ കൊണ്ടെത്തിക്കുക. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനെ ഇന്ത്യന്‍ കപട ശാസ്ത്ര കോണ്‍ഗ്രസ്സാക്കാതിരിക്കാന്‍ നമ്മുടെ ശാസ്ത്രസമൂഹം സടകുടഞ്ഞെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com