ഹിന്ദി ദേശീയതയും ദ്രാവിഡ പ്രാദേശികതയും: സേതു എഴുതുന്നു

ഒരു പാട് വയസ്സായ, കാഴ്ചശക്തി കുറഞ്ഞ, പല്ലും നഖവും കൊഴിഞ്ഞ പഴയൊരു ഭൂതത്തെ പുറത്തെടുക്കാന്‍ പുതിയ ഭരണകൂടം കാട്ടിയ തിടുക്കം അവിശ്വസനീയമായിരുന്നു. 
ഹിന്ദി ദേശീയതയും ദ്രാവിഡ പ്രാദേശികതയും: സേതു എഴുതുന്നു

    
രു പാട് വയസ്സായ, കാഴ്ചശക്തി കുറഞ്ഞ, പല്ലും നഖവും കൊഴിഞ്ഞ പഴയൊരു ഭൂതത്തെ പുറത്തെടുക്കാന്‍ പുതിയ ഭരണകൂടം കാട്ടിയ തിടുക്കം അവിശ്വസനീയമായിരുന്നു. ഭരണമേറ്റ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍, ബന്ധപ്പെട്ട മന്ത്രിക്ക് കസേരയില്‍ ഒന്ന് അമര്‍ന്നിരിക്കാന്‍ കൂടി സമയം കിട്ടുന്നതിനു മുന്‍പ് കാട്ടിയ വെപ്രാളം അതിശയകരം തന്നെ. പക്ഷേ, പ്രതീക്ഷിക്കാതെ കിട്ടിയ മോചനത്തില്‍ പകച്ചുപോയ വടക്കന്‍ ഭൂതം കുടത്തില്‍നിന്ന് പുറത്തുകടന്നു, ഒന്ന് മൂരി നിവര്‍ന്ന് ആകാശത്തേക്കുയര്‍ന്ന് കൈകാലുകള്‍ വിടര്‍ത്തുന്നതിനു മുന്‍പു തന്നെ തിരിച്ചടി കിട്ടി, തെക്കുനിന്ന്. വെറുതെ കടന്നല്‍ക്കൂട്ടില്‍ കല്ലെറിയരുതെന്ന മുന്നറിയിപ്പുമായി തമിഴക നേതാവ് സ്റ്റാലിന്‍ രംഗത്തുവന്നതോടെ സംഗതി ചൂടുപിടിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിയായ എ.ഐ.ഡി.എം.കെയ്ക്കും തമിഴരുടെ പൊതുവികാരത്തോടൊപ്പം നില്‍ക്കേണ്ടിവന്നു. അങ്ങനെ ആവാഹനത്തിനായി, ട്വിറ്റര്‍ മന്ത്രങ്ങളുമായി രണ്ടു തെക്കന്‍ മന്ത്രിമാരെ തന്നെ രംഗത്തിറക്കി,  ഭൂതത്തെ വീണ്ടും കുടത്തിലടയ്ക്കേണ്ടിവന്നു. ചരിത്രത്തിലെ സാമാന്യ ചുമരെഴുത്തുകള്‍ വായിക്കാന്‍ മെനക്കെടാത്തതിന്റെ പിടിപ്പുകേട്. അല്ലെങ്കിലും ഇത്തരം സാധാരണ കാര്യങ്ങള്‍ മനസ്സിലാക്കാനായി ചരിത്രപുസ്തകങ്ങള്‍ തേടിപ്പോകേണ്ട കാര്യമില്ലല്ലോ. 'ഗൂഗിളിലൂടെ' ഇതൊക്കെ കണ്ടുപിടിക്കാന്‍ കൊച്ചുകുട്ടികള്‍ക്കു വരെ അറിയാം. എന്തായാലും ഭാവിയില്‍ വയസ്സായ ഇത്തരം ഭൂതത്താന്മാരെ കുടത്തിന്റെ വിശ്രാന്തിയില്‍ത്തന്നെ വിടുകയാവും എല്ലാവര്‍ക്കും നല്ലത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ 'ദേശീയ വിദ്യാഭ്യാസ നയം' തന്നെ വിഷയം. ഡോ. കസ്തൂരിരംഗന്റെ പേരിലുള്ള 'കരട് നയത്തിന്റെ' പേരില്‍ കാലാകാലങ്ങളായി നിലവിലുള്ള ത്രിഭാഷാ നയത്തില്‍ സര്‍ക്കാര്‍ തഞ്ചത്തിലൊരു മാറ്റം വരുത്തുമ്പോള്‍ അതിലെ ഒരു വ്യവസ്ഥയിലെ അപകടസൂചന കസ്തൂരിരംഗന്‍ തന്നെ തിരിച്ചറിഞ്ഞിരുന്നോയെന്ന് സംശയമാണ്. സ്‌കൂളുകളില്‍  ആറാംക്ലാസ്സില്‍ തൊട്ട് ഹിന്ദി പഠനം നിര്‍ബ്ബന്ധമാക്കുന്നതാണത്. തമിഴകത്തെ സംബന്ധിച്ചിടത്തോളം വെടിമരുന്നിന്റെ സ്വഭാവമുള്ള, എത്രയോ പഴയൊരു കീഴ്വഴക്കത്തില്‍ കൈവയ്ക്കുന്നതിന് മുന്‍പ് അതേക്കുറിച്ചു കാര്യമായി പഠിച്ചില്ലെന്നു വ്യക്തം. കാരണം, മറ്റു സംസ്ഥാനങ്ങള്‍ ത്രിഭാഷാ പദ്ധതി നടപ്പിലാക്കിയപ്പോള്‍, തമിഴകം മാത്രം പണ്ഡിറ്റ് നെഹ്‌റുവിന്റെ ഉറപ്പിന്റെ പേരില്‍ പതിറ്റാണ്ടുകളായി പിന്തുടരുന്നത് ദ്വിഭാഷാ പദ്ധതിയായിരുന്നു. അതായത്, അവിടത്തെ സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബ്ബന്ധമല്ലെന്നു തന്നെ. 
വളരെ പഴയൊരു ചരിത്രമുണ്ട് ഈ ഭാഷാ തര്‍ക്കത്തിനു പുറകില്‍. 
സ്വാതന്ത്യ്രം കിട്ടുന്നതിന് മുന്‍പ് 1937-ല്‍ രാജാജിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് ആദ്യമായി ത്രിഭാഷാ പദ്ധതി നടപ്പിലാക്കിയതും ഹിന്ദി പഠനം നിര്‍ബ്ബന്ധമാക്കിയതും. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയാക്കണമെന്നും എല്ലാവരും ഹിന്ദി പഠിക്കണമെന്നുമുള്ള മഹാത്മജിയുടെ ആഹ്വാനം അനുസരിച്ചായിരിക്കണം അന്നത് ചെയ്തത്. ഒരുപക്ഷേ, ബ്രിട്ടീഷുകാര്‍ക്കെതിരായി നമ്മുടെ ദേശീയതയുടെ പ്രതീകമായി, കൂടുതല്‍ പ്രദേശങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഒരു ഭാഷ പഠിക്കണമെന്നേ മഹാത്മജി ആഗ്രഹിച്ചു കാണുള്ളൂ.  പക്ഷേ, തമിഴ്നാട്ടില്‍ അന്നുണ്ടായ അലയിളക്കം ചെറുതായിരുന്നില്ല. പെരിയാര്‍ രാമസ്വാമി നായ്ക്കരുടേയും അണ്ണാദുരൈയുടേയും നേതൃത്വത്തില്‍  നടന്ന പ്രക്ഷോഭത്തില്‍ ആയിരത്തോളം പേര്‍ അറസ്റ്റിലായി. രണ്ടു വര്‍ഷങ്ങളോളം ഈ പ്രക്ഷോഭം നീണ്ടുനിന്നു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിന്റെ പേരില്‍ ഗവണ്‍മെന്റ് രാജിവച്ചപ്പോള്‍ 1940-ല്‍ ബ്രിട്ടീഷുകാരാണ് ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്നുള്ള നിയമം പിന്‍വലിച്ചത്. 

അതുകഴിഞ്ഞ് 1948-ല്‍, ഭരണഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ചേര്‍ന്നപ്പോള്‍, അതിലെ ഭാഷാസംബന്ധമായ ചര്‍ച്ചയില്‍ ടി.ടി. കൃഷ്ണമാചാരിയുടെ  പ്രസംഗം വളരെയേറെ വികാരഭരിതമായിരുന്നു. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍ ചുവടെ: 
''...പലതരം സാമ്രാജ്യത്വങ്ങളുണ്ട്. അതില്‍ ഭാഷകൊണ്ടുള്ള സാമ്രാജ്യത്വമാണ്, സാമ്രാജ്യത്വ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗ്ഗങ്ങളിലൊന്ന്... ഒരു ശക്തമായ കേന്ദ്രം നമുക്ക് വേണമെങ്കിലും, ഇത്തരത്തിലുള്ള അസഹിഷ്ണുത, അത് നിയമനിര്‍മ്മാണസഭയുടേയും കേന്ദ്രത്തിന്റേയും ഭാഷ സംസാരിക്കാത്ത ജനങ്ങളെ അടിമകളാക്കുമോയെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.... യു.പിയിലെ എന്റെ സുഹൃത്തുക്കള്‍ ചിന്തിക്കേണ്ടത് ഒരു 'മുഴുവന്‍ ഇന്ത്യ' (Whole India) വേണോ, അതോ ഒരു 'ഹിന്ദി ഇന്ത്യ' (Hindi India) വേണോ എന്നതാണ്. തീരുമാനം അവരുടേതു തന്നെ...''
ഈയിടെ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നയം വെറും കരട് രൂപം മാത്രമാണെന്നും ചര്‍ച്ചകള്‍ക്കു ശേഷമേ അത് പ്രാവര്‍ത്തികമാക്കൂ എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും,  അര നൂറ്റാണ്ടു മുന്‍പ്  ടി.ടി.കെ പറഞ്ഞുവച്ചതിന്റെ വ്യാപ്തി ഇന്ന് നമുക്ക് മനസ്സിലാകുന്നു. അതിലെ പ്രവചന സ്വഭാവം നാം തിരിച്ചറിയുകയും ചെയ്യുന്നു. എന്തായാലും, തല്‍ക്കാലത്തേക്കുള്ള ഒരു ഒത്തുതീര്‍പ്പു ഫോര്‍മുലയെന്ന നിലയില്‍ ഭരണഘടനയില്‍ ഒരു ദേശീയ ഭാഷയുണ്ടാകില്ലെന്നും 15 വര്‍ഷത്തേക്ക് ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷകളാകുമെന്നും അന്ന് നിശ്ചയിക്കപ്പെട്ടു.  പക്ഷേ, അടങ്ങിയിരിക്കാന്‍ തയ്യാറായിരുന്നില്ല തമിഴന്മാര്‍. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബോര്‍ഡുകളിലെ വരെ സംസ്‌കൃത/ഹിന്ദി പേരുകള്‍ മായ്ച്ച് അവയ്ക്കു പകരം ശുദ്ധ ദ്രാവിഡ പേരുകള്‍ അവര്‍ ചാര്‍ത്തിക്കൊടുത്തു. അങ്ങനെയാണ് ആകാശവാണി അവിടെ 'വാനൊലി' ആയത്. 

പിന്നീട് 1963-ല്‍ കൊണ്ടുവന്ന ഔദ്യോഗിക ഭാഷാ നിയമമനുസരിച്ച് ഇംഗ്ലീഷിനും ഔദ്യോഗിക ഭാഷയായി തുടരാമെന്ന വ്യവസ്ഥ കൊണ്ടുവന്നപ്പോള്‍, വേണമെങ്കില്‍ ആവാമെന്ന തരത്തിലുള്ള 'may' എന്ന സൗമനസ്യ പ്രയോഗത്തിന്റെ വിശാലമായ അര്‍ത്ഥം തമിഴകം മനസ്സിലാക്കി. പുറംവാതിലിലൂടെ ഹിന്ദിയെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് അതെന്നു തിരിച്ചറിഞ്ഞ അവര്‍ കഠിനമായി എതിര്‍ത്തു. അപകടം മണത്ത പണ്ഡിറ്റ് നെഹ്‌റു ഇംഗ്ലീഷ് തന്നെ ഔദ്യോഗിക ഭാഷയായി തുടരുമെന്ന് ഉറപ്പുകൊടുത്തെങ്കിലും, തൊട്ടടുത്ത വര്‍ഷത്തെ അദ്ദേഹത്തിന്റെ മരണത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. നെഹ്‌റുവിന്റെയത്ര സമഗ്രമായ ലോകവീക്ഷണവും ഹൃദയവിശാലതയും തുടര്‍ന്ന് വരുന്നവര്‍ക്കുണ്ടാകുമോയെന്ന ആശങ്ക തമിഴക നേതാക്കള്‍ക്കുണ്ടായിരുന്നു. അതിനിടയില്‍, ഭക്തവത്സലത്തിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ കോണ്‍ഗ്രസ് മന്ത്രിസഭ ത്രിഭാഷാ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചതോടെ തമിഴ്നാട് ശരിക്കും കത്താന്‍ തുടങ്ങി. അണ്ണാദുരൈ നയിച്ച കലാപകലുഷിതമായ പ്രക്ഷോഭത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ഡി.എം.കെ പ്രവര്‍ത്തകര്‍ തടവിലാകുകയും ചെയ്തു. അതിനോട് അനുഭാവം പ്രകടിപ്പിക്കാനായി കേന്ദ്രത്തിലെ രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാരായ സി. സുബ്രഹ്മണ്യവും ഒ.വി. അളഗേശനും രാജി സമര്‍പ്പിക്കുകയും ചെയ്തതോടെ, രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ ഇടപെട്ടു. ഒടുവില്‍ അന്നത്തെ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രിക്കുതന്നെ രംഗത്തുവന്ന് നെഹ്‌റു കൊടുത്ത ഉറപ്പു തുടരുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. 

അതോടെ തമിഴ്നാട്ടില്‍ മുഴങ്ങിയത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മരണമണി തന്നെയായിരുന്നു. അതിനുശേഷം പിന്നീടൊരിക്കലും അവിടെ കോണ്‍ഗ്രസ് പച്ചപിടിച്ചില്ല. ഭരണത്തിലെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ദ്രാവിഡ കക്ഷികളുടെ കരുത്തിനു മുന്‍പില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അവര്‍ ഒന്നുമല്ലാതായി. ചുരുക്കത്തില്‍ ദ്രാവിഡ കക്ഷികള്‍ കാത്തിരുന്ന സുവര്‍ണ്ണാവസരം ഒരുക്കിക്കൊടുക്കാന്‍ സഹായിച്ചത് വടക്കരുടെ ഭാഷാഭ്രാന്തായിരുന്നെന്നു ചുരുക്കം.

വാസ്തവത്തില്‍ ഈ ഹിന്ദി പ്രദേശക്കാര്‍ എന്തിനീ ഭാഷാഭ്രാന്ത് കാണിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഒരു പാഠ്യവിഷയമാക്കാതെ തന്നെ തമിഴകത്ത് ധാരാളം പേര്‍ സ്വന്തം താല്പര്യത്തില്‍ ഹിന്ദി പഠിക്കുന്നുണ്ടെന്നതാണ് സത്യം. കാരണം, പല കാര്യങ്ങള്‍ക്കും വേണ്ടി വടക്കുള്ളവരുമായി ഇടപെടേണ്ടി വരുന്നതുകൊണ്ട്, ഹിന്ദി പഠിക്കുന്നത് പ്രയോജനകരമാകുമെന്ന് അവര്‍ക്കു തന്നെയറിയാം. അതിജീവനത്തിന്റെ ഭാഗമായി പുറം രാജ്യങ്ങളില്‍ പോകേണ്ടിവരുന്ന ഒരാള്‍ അവിടത്തെ ഭാഷയായ അറബിയോ, ജര്‍മ്മനോ, ഫ്രെഞ്ചോ ഒക്കെ പഠിച്ചുവെന്നു വരാം. പക്ഷേ, സ്വന്തം തട്ടകത്തിനകത്ത് ഇഷ്ടമില്ലാത്തൊരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നോക്കിയാല്‍ അത് എതിര്‍ക്കപ്പെടുമെന്നു സംശയമില്ല, പ്രത്യേകിച്ചും തമിഴ്നാട്ടുകാരെപ്പോലെ തീവ്രമായ ഭാഷാഭിമാനമുള്ളവര്‍. ദ്രാവിഡകക്ഷികളെ ഒതുക്കി ഭാവിയില്‍ എന്നെങ്കിലുമൊരിക്കല്‍  അധികാരം പിടിച്ചെടുക്കാനാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നു ണ്ടെങ്കില്‍ അത് വെറുമൊരു വ്യാമോഹം മാത്രമാണ്. കാരണം, അത്ര ശക്തമാണ് തമിഴ് വികാരം. ഇവിടെ എന്റെ സുഹൃത്ത് പറയാറുള്ള ഒരു തമാശ ഓര്‍മ്മവരുന്നു. ''ഇടയില്‍ ചില മുല്ലപ്പെരിയാര്‍ ഉടക്കുകളൊക്കെ ഉണ്ടെങ്കിലും, സത്യത്തില്‍ ഈ തമിഴന്മാരോട് നമ്മള്‍ വല്ലാതെ കടപ്പെട്ടിരിക്കുന്നു. അവരില്ലായിരുന്നെങ്കില്‍ ഈ ഹിന്ദിക്കാര്‍ നമ്മെ പണ്ടേ വിഴുങ്ങുമായിരുന്നു.''
ഈ ഹിന്ദി പ്രചാരണത്തില്‍ മഹാത്മജിയുടെ ശ്രമങ്ങള്‍ കാണാതെ വയ്യ. അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ് ഹിന്ദി പ്രചരിപ്പിക്കാനായി മദ്രാസില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാര്‍ സഭക്ക് തുടക്കമിടുന്നത്. ദേവദാസ് ഗാന്ധിയായിരുന്നുവത്രെ ആദ്യത്തെ പ്രചാരകന്‍. എന്തായാലും, അന്നത്തെ സമ്പ്രദായമനുസരിച്ച് സ്‌കൂള്‍ഘട്ടത്തില്‍ തന്നെ ഞാനും ഹിന്ദി പഠിച്ച് സഭയുടെ പല തട്ടിലുള്ള പരീക്ഷകള്‍ പാസ്സായിക്കൊണ്ടിരുന്നു. അങ്ങനെ കോളേജില്‍ എത്തിയപ്പോഴേക്കും അവരുടെ ബിരുദ പരീക്ഷകളിലൊന്നായ രാഷ്ട്രഭാഷാ വിശാരദ് പാസ്സായിക്കഴിഞ്ഞിരുന്നു. അതില്‍ ഒരു വിഷയം ദേവനാഗരി ലിപിയിലുള്ള ഉറുദുവായിരുന്നുവെന്നതു ശ്രദ്ധേയമാണ്. അന്ന് വെറുമൊരു രസത്തിനുവേണ്ടി ഹിന്ദി പഠിച്ചതാണെങ്കിലും പിന്നീട് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്യേണ്ടിവന്നപ്പോള്‍ ഹിന്ദി എഴുതാനും വായിക്കാനും നന്നായി സംസാരിക്കാനുമറിയാമെന്നത് വലിയൊരു പ്രയോജനമായി. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടത് ഒടുവില്‍ എന്‍.ബി.ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്. കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ ചട്ടപ്രകാരം ഹിന്ദിയിലുള്ള ഒരു നോട്ട് വന്നാല്‍ അതില്‍ ഹിന്ദിയില്‍ തന്നെയുള്ള മറുപടിയോ തീരുമാനമോ എടുത്തേ പറ്റൂ. ഏത് സ്ഥാപനത്തിലും ഭാഷാഭ്രാന്തന്മാരായ ചിലര്‍ കണ്ടേക്കാമെന്നുള്ളതുകൊണ്ട് ഇത്തരം കടലാസുകളുണ്ടാകുന്നത് സാധാരണമാണ്. അവ ഹിന്ദി വിഭാഗത്തിലൂടെ പരിഭാഷപ്പെടുത്തി വാങ്ങാമെങ്കിലും അതൊരു മിനക്കെട്ട പരിപാടിയാണ്. എന്തായാലും, അത്തരം നോട്ടുകളും കത്തുകളും കൈകാര്യം ചെയ്യാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. മാത്രമല്ല, അവിടത്തെ ലോക പുസ്തകോത്സവവുമായി ബന്ധപ്പെട്ട ചില ചടങ്ങുകളിലും അഭിമുഖങ്ങളിലും ഹിന്ദിയില്‍ പ്രസംഗിക്കാതെ വയ്യ. ഒരിക്കല്‍ ഡല്‍ഹി ദൂരദര്‍ശനിലെ പ്രതിനിധിക്ക് ഒരു അഭിമുഖം കൊടുക്കേണ്ടിവന്നത് ഹിന്ദിയിലായിരുന്നു. എന്റെ ഹിന്ദി അത്ര വെടിപ്പുള്ളതല്ലെന്ന ക്ഷമാപണത്തോടെയാണ് ഞാന്‍ തുടങ്ങിയതെങ്കിലും അതു കഴിഞ്ഞപ്പോള്‍ ഇതുതന്നെ ധാരാളമാണെന്നും ഒരു തെന്നിന്ത്യക്കാരനില്‍നിന്ന് ഇത്രകൂടി പ്രതീക്ഷിച്ചില്ല എന്നുമാണ് അയാള്‍ പറഞ്ഞത്. അതുപോലെതന്നെ പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായിരുന്ന നാംവര്‍ സിങ്ങ് കൂടി പങ്കെടുത്ത ഒരു പുസ്തക പ്രകാശനവും ഓര്‍മ്മ വരുന്നു. ഒരു തെന്നിന്ത്യക്കാരന്‍ ഹിന്ദിയില്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ വലിയ താല്പര്യമാണവര്‍ക്ക്.

ചുരുക്കിപ്പറഞ്ഞാല്‍, മറ്റു ഭാഷകള്‍ പ്രചരിപ്പിക്കുകയാണ് വേണ്ടത്, അടിച്ചേല്‍പ്പിക്കുകയല്ല. ഏതു ഭാഷാപഠനത്തിലും ആ വ്യക്തിയുടെ ഇഷ്ടം കൂടി ചേര്‍ക്കാതെ വയ്യ. ഈ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാനായി ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ ഉത്സാഹത്തില്‍, വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന 'റോഷ്‌നി' പദ്ധതിയുടെ ശ്രദ്ധേയമായ നേട്ടത്തെപ്പറ്റി പറയാതെ വയ്യ. ഞങ്ങളുടെ പ്രദേശത്തും ചുറ്റുപാടുമായി ഒട്ടേറെ ഇതര സംസ്ഥാന തൊഴിലാളികളുള്ളതുകൊണ്ട് ഈ പദ്ധതിയുമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം ചെറിയ തോതില്‍ സഹകരിക്കാന്‍ കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ചകള്‍ വിസ്മയകരമായിരുന്നു. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമുള്ള ഒട്ടേറെ കുട്ടികള്‍ മലയാളം നന്നായി എഴുതാനും വായിക്കാനും പഠിച്ചുവെന്നു മാത്രമല്ല, കഴിഞ്ഞ എസ്.എസ്.എല്‍.സിയില്‍ മലയാളം മീഡിയത്തില്‍ പരീക്ഷയെഴുതിയ  ദില്‍ഷദ് എന്ന ബീഹാറുകാരന്‍ പയ്യന്‍ മൂന്ന് എ-പ്ലസ് നേടുകയും ചെയ്തു. മലയാളത്തില്‍ മാത്രം  എ പ്ലസ് കിട്ടിയ കുട്ടികള്‍ വേറെയുമുണ്ട്. 

ഡോ ഗണേഷ് ദേവിയോടൊപ്പം
ഡോ ഗണേഷ് ദേവിയോടൊപ്പം

രാജ്യത്തെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെന്ന അവകാശവാദം ശരിയല്ലെന്നു പറയുന്നത് ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും തനത് ഗോത്രമൊഴികളിലുമൊക്കെ ദീര്‍ഘകാലം ഗവേഷണം നടത്തിയിട്ടുള്ള ഡോക്ടര്‍ ഗണേഷ് ദേവിയാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ പക്കല്‍ ആധികാരികമായ രേഖകളൊന്നുമില്ലത്രെ.  2011-ലെ സെന്‍സസനുസരിച്ച്  52 കോടി ജനങ്ങളുടെ 'മാതൃഭാഷ' ഹിന്ദിയാണെന്ന  വാദം തന്നെ തെറ്റാണ്. ഇതില്‍ ഭോജ്പുരി സംസാരിക്കുന്ന 5 കോടിയും മറ്റു 61 ഭാഷകള്‍ സംസാരിക്കുന്ന 9 കോടിയും ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവര്‍ 30 ശതമാനത്തില്‍ കൂടാന്‍ സാദ്ധ്യതയില്ല. അതായത് ബാക്കിയുള്ള 70 ശതമാനവും സംസാരിക്കുന്നത് മറ്റു ഭാഷകള്‍ തന്നെ. ചെറുഭാഷകളുടെ നേര്‍ക്കു കാണിക്കുന്ന ഇത്തരം കടന്നു കയറ്റങ്ങള്‍ യുനെസ്‌കോവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വംശഹത്യ'ക്കു തുല്യം തന്നെയെന്ന് അദ്ദേഹം എടുത്തുപറയുന്നു. ഇതിനു പുറകില്‍ ഹിന്ദി സംസാരിക്കുന്നവരുടെ ആവേശമല്ല, മറിച്ച് ഭരണഘടന ഊന്നിപ്പറയുന്ന സാംസ്‌കാരിക നാനാത്വത്തില്‍ വിശ്വാസമില്ലാത്ത കപടദേശീയതയുടെ വക്താക്കളുടെ രാഷ്ട്രീയമാണെന്നും ഡോക്ടര്‍ ദേവി ചൂണ്ടിക്കാണിക്കുന്നു. 

ഡോക്ടര്‍ ദേവിയുടെ മുന്‍പത്തെ പ്രാമാണികമായ ഗവേഷണ റിപ്പോര്‍ട്ടനുസരിച്ച്, ഭരണഘടന അംഗീകരിച്ച ഭാഷകള്‍ 22 മാത്രമെ ഉള്ളുവെങ്കിലും, ഇന്ത്യയില്‍ 600 ലേറെ മൊഴികളുണ്ടത്രെ. പലതിനും ലിപികളില്ലെന്നു മാത്രം. പക്ഷേ, അവയൊക്കെ പ്രതിനിധാനം ചെയ്യുന്നത് തലമുറകളിലൂടെ നീണ്ടുപോകുന്ന സമ്പന്നമായ ചരിത്രവും സംസ്‌കാരവുമാണ്. ഈ പശ്ചാത്തലത്തില്‍ എന്റെയൊരു അനുഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ഡല്‍ഹിയില്‍വെച്ച് സന്താളി ഭാഷക്കാരുടെ ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എനിക്കു സംസാരിക്കേണ്ടിവന്നു- പതിവു പോലെ എന്റെ ദുര്‍ബ്ബലമായ ഹിന്ദിയില്‍ തന്നെ. ജാര്‍ഖണ്ഡ് തുടങ്ങിയ സമീപ സംസ്ഥാനങ്ങളിലും ചില അയല്‍രാജ്യങ്ങളിലും വരെയായി,  76 ലക്ഷത്തോളം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയാണത്. സ്വന്തം ഭാഷയെപ്പറ്റിയുള്ള അവരുടെ അഭിമാനം അന്നവിടെ നടന്ന എല്ലാ ചടങ്ങുകളിലും പ്രതിഫലിച്ചിരുന്നു. സന്താളിയില്‍ തന്നെ പഠിച്ചു പില്‍ക്കാലത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ഒട്ടേറെ പേര്‍ തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് അവര്‍ എടുത്തുപറഞ്ഞു. അന്നവര്‍ ഓര്‍മ്മയ്ക്കായി തന്ന വിലകുറഞ്ഞ, മേശപ്പുറത്ത് വയ്ക്കുന്ന തരത്തിലുള്ള ഒരു കൊച്ചു ക്ലോക്കിന്റെ സൂചികള്‍ ചലിച്ചിരുന്നത് 'ആന്റിക്ലോക്ക്വൈസ്' ദിശയിലായിരുന്നെന്നത് ശ്രദ്ധേയമാണ്. അതേപ്പറ്റി ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകളായ മറ്റു ക്ലോക്കുകളെ അനുകരിച്ചാല്‍ പൂര്‍വ്വികര്‍ തങ്ങള്‍ക്ക് മാപ്പ് തരില്ലെന്നായിരുന്നു! ഛത്തീസ്ഗഢിലെ ഗോത്രവര്‍ഗ്ഗങ്ങളും ഇത്തരം ക്ലോക്കുകള്‍ ഉപയോഗിക്കുന്നുണ്ടത്രെ. അവര്‍ സംസാരിക്കുന്നത് ഛത്തീസ്ഗഢിയിലാണ്. തങ്ങളുടെ മാതൃഭാഷ ഹിന്ദിയാണെന്ന് ഈ പ്രദേശങ്ങളില്‍ ഉള്ളവരാരും സമ്മതിച്ചു തരുമെന്നു തോന്നുന്നില്ല. ഇതുപോലെ തന്നെ, ഏറ്റവുമധികം ഭാഷകളുളള ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അങ്ങനെ ഓരോ ജനതയ്ക്കും അവരുടേതായ ഭാഷയും സംസ്‌കാരവുമുണ്ട്; അതേക്കുറിച്ചുള്ള പ്രകടമായ അഭിമാനവും.  
ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കയിലും പ്രമുഖ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങ ളിലും കുട്ടികള്‍ക്ക് പ്രൈമറിതലം വരെ ഒരു ഭാഷയും അതുകഴിഞ്ഞ് അവര്‍ക്കിഷ്ടമുള്ള ഒരു രണ്ടാം ഭാഷയും പഠിച്ചാല്‍ മതിയെന്നിരിക്കെ, ഇവിടെ മാത്രമെന്തിന് ഒരു ത്രിഭാഷാ പദ്ധതി എന്നാണ്  സ്വാഭാവികമായും ഉയരുന്ന ചോദ്യം. ഹിന്ദി വേണ്ടവര്‍ക്ക് അത് രണ്ടാം ഭാഷയായി തെരഞ്ഞെടുക്കാമെന്നിരിക്കെ, ഇതില്‍ നിര്‍ബ്ബന്ധമെന്തിന് എന്ന ചോദ്യത്തിനു ഭരണകൂടം മറുപടി പറഞ്ഞേ തീരൂ. 

എന്തായാലും, പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രഖ്യാപനത്തിനു ശേഷമുള്ള കനലുകള്‍ താല്‍ക്കാലികമായി കെട്ടടങ്ങിയെങ്കിലും ഭാവിയില്‍ അതു സംബന്ധമായ ഓരോ ചെറിയ നീക്കങ്ങളും മറുപക്ഷത്തിനു  സംശയത്തോടെ മാത്രമേ കാണാനാവൂ എന്നതില്‍ സംശയമില്ല. അതുണ്ടാക്കിയേക്കാവുന്ന  അലയിളക്കങ്ങളും ചെറുതാവില്ല. 

(അനുബന്ധം: വിഗ്രഹങ്ങള്‍ തകര്‍ക്കണമെന്നും മനുസ്മൃതി കത്തിച്ചുകളയണമെന്നുമൊക്കെ ആഹ്വാനം ചെയ്ത പെരിയോറുടെ പിന്മുറക്കാര്‍ ഇന്ന് അത്തരത്തിലൊന്നും ചിന്തിച്ചില്ലെങ്കിലും ഹിന്ദി ദേശീയതയെ ഹൈന്ദവ ദേശീയതയുടെ തലത്തിലേക്ക് ഉയര്‍ത്തിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചെറുതാവില്ല.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com