ജസ്റ്റിസ് കട്ജുവിനെ മുസ്ലിങ്ങള്‍ കേള്‍ക്കണം: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

ജസ്റ്റിസ് കട്ജു
ജസ്റ്റിസ് കട്ജു


ബിജെപി പോലും പ്രതീക്ഷിക്കാത്ത വന്‍വിജയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടി നേടിയപ്പോള്‍ രണ്ടു മിഥ്യാധാരണകളാണ്  നിലംപൊത്തിയത്. നൂറുകണക്കില്‍ ജാതികളും ഉപജാതികളുമായി പിരിഞ്ഞുനില്‍ക്കുന്ന ഒന്നാണ് ഹിന്ദുസമൂഹം എന്നതിനാല്‍ ഹൈന്ദവ വികാരത്തിന്റെ പേരില്‍ ബി.ജെ.പിക്കു സഞ്ചരിക്കാവുന്ന ദൂരത്തിനും കൈവരിക്കാവുന്ന ഉയരത്തിനും ഏറെ പരിമിതികളുണ്ട് എന്നതാണ് അവയിലൊന്ന്. ആ ധാരണയത്രേ മോദിയുടെ പാര്‍ട്ടി ഇക്കുറി തനിച്ച് 303 സീറ്റ് കരസ്ഥമാക്കിയപ്പോള്‍ പൊളിഞ്ഞുവീണത്. മധ്യേന്ത്യയടക്കമുള്ള മേഖലയില്‍ പല സീറ്റുകളിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് പോള്‍ ചെയ്ത വോട്ടിന്റെ 50 ശതമാനമോ അതിലേറെയോ ലഭിച്ചു എന്നതും ജാതിവിഭജനം സംഘപരിവാറിനു ക്ഷീണമുണ്ടാക്കിയില്ലെന്നതിന്റെ തെളിവാണ്.

നിലംപൊത്തിയ രണ്ടാമത്തെ മിഥ്യാധാരണ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതാണ്. സാമ്പ്രദായിക മുസ്ലിം മത, രാഷ്ട്രീയ സംഘടനകളുടെ കടിഞ്ഞാണ്‍ പിടിക്കുന്നവര്‍ കരുതിപ്പോന്നത്  മുസ്ലിം വോട്ടര്‍മാരുടെ പിന്തുണയില്ലാതെ ഒരു പാര്‍ട്ടിക്കും കേന്ദ്രത്തില്‍ വന്‍മുന്നേറ്റം നടത്തുക സാധ്യമല്ല എന്നായിരുന്നു. നെഹ്‌റുവിന്റേയും ഇന്ദിരയുടേയും രാജീവിന്റേയും കാലത്തു മാത്രമല്ല, നരസിംഹറാവുവിന്റേയും മന്‍മോഹന്‍ സിങ്ങിന്റേയും കാലത്തും ആ ധാരണ മുസ്ലിം സംഘടനകള്‍ കൊണ്ടുനടക്കുകയുണ്ടായി. ഡല്‍ഹിയിലെ പഴയ ഇമാം ബുഖാരി തൊട്ട് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗത്തിലുള്ള മുസ്ലിം സമുദായ, രാഷ്ട്രീയ നേതാക്കള്‍ വരെ കരുതിപ്പോന്നത് കേന്ദ്രങ്ങളിലെ രാഷ്ട്രീയവിധി തീരുമാനിക്കുന്നതില്‍ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്കു നിര്‍ണ്ണായക പങ്കുണ്ടെന്നായിരുന്നു. ആ ധാരണയുടെ അടിക്കല്ലില്‍ 2014-ല്‍ത്തന്നെ നേരിയ തോതില്‍ ആഘാതമേല്‍ക്കുകയുണ്ടായി. ഇപ്പോള്‍ 17-ാം ലോക്സഭാ തെരഞ്ഞെടുപ്പോടെ പ്രസ്തുത ആഘാതം പൂര്‍ണ്ണമായിരിക്കുന്നു.
സാമ്പ്രദായിക മുസ്ലിം സംഘടനാ സാരഥികള്‍ 1950-കള്‍ തൊട്ട് അനുവര്‍ത്തിച്ചു പോന്നത് മുസ്ലിം വോട്ട് ബാങ്കിന്റെ കനവും തൂക്കവും കാണിച്ച് മുഖ്യധാരാ സെക്യുലര്‍ പാര്‍ട്ടികളോട് വിലപേശി സ്വാര്‍ത്ഥലാഭം കൊയ്യുന്ന നയമാണ്.  ആ ദുഷിച്ച രീതി ഒരേസമയം മുസ്ലിം സമുദായത്തിനും മതേതര പാര്‍ട്ടികള്‍ക്കും വരുത്തിവെച്ചത് നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളത്രേ. കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള സെക്യുലര്‍ പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷ വര്‍ഗ്ഗീയതയില്‍ അഭിരമിക്കുന്ന ബി.ജെ.പിക്കു വന്‍തുണയായി. ആ പാര്‍ട്ടി അടിക്കടി വളര്‍ന്നു. കോണ്‍ഗ്രസ്സാകട്ടെ, ദേശീയതലത്തില്‍ അനുക്രമം ക്ഷയിക്കുകയും ചെയ്തു.

ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപനും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇയ്യിടെ എഴുതിയ ഒരു ലേഖനത്തില്‍ (ദ ഹിന്ദു, 27-6-2019) പ്രതിപാദിച്ച കാര്യങ്ങള്‍ മുസ്ലിം മത, രാഷ്ട്രീയ സംഘടനകളുടെ തലപ്പത്തിരിക്കുന്നവരുടേയും അനുയായികളുടേയും ഗൗരവപൂര്‍വ്വ ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. മുസ്ലിങ്ങളെ വോട്ട് ബാങ്കായി മാത്രം പരിഗണിച്ച് രാഷ്ട്രീയം കയ്യാളിപ്പോന്ന കോണ്‍ഗ്രസ്സ്‌പോലുള്ള മതേതര കക്ഷികളേയും ഇന്ത്യന്‍ മുസ്ലിങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെട്ടു പോരുന്ന രാഷ്ട്രീയ, മത നേതാക്കളേയും ജസ്റ്റിസ് കട്ജു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഫ്യൂഡല്‍-പ്രതിലോമ ചിന്താഗതികളാല്‍ ഭരിക്കപ്പെടുന്ന സാമ്പ്രദായിക മുസ്ലിം നേതൃത്വം പുരോഗമനപരമായ പന്ഥാവില്‍ സഞ്ചരിക്കുന്നതില്‍നിന്നു മുസ്ലിം സമുദായാംഗങ്ങളെ വിലക്കി. മതേതര പാര്‍ട്ടികളാവട്ടെ, മുസ്ലിം പ്രതിലോമ നേതൃത്വത്തെ വഴിവിട്ടു പ്രോത്സാഹിപ്പിക്കുകയും വീക്ഷണതലത്തിലും വികസനതലത്തിലും മുസ്ലിങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍ അധിക്ഷേപകരമാംവിധം പങ്കുവഹിക്കുകയും ചെയ്തു.

കട്ജുവിന്റെ നിര്‍ദേശങ്ങള്‍
ഈ ചുറ്റുപാടില്‍, തങ്ങള്‍ അകപ്പെട്ട പിന്നാക്കാവസ്ഥയെ മറികടക്കാന്‍ വിപ്ലവകരമായ മൂന്നു കാല്‍വെയ്പുകള്‍ മുസ്ലിംപക്ഷത്ത്‌നിന്നുണ്ടാകണമെന്ന്  ജസ്റ്റിസ് കട്ജു നിര്‍ദ്ദേശിക്കുന്നു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ പൊതു സിവില്‍ക്കോഡ് എന്ന ആവശ്യം മുസ്ലിങ്ങള്‍ ഉയര്‍ത്തണമെന്നതാണ് ഒന്നാമത്തെ നിര്‍ദ്ദേശം. ഭരണഘടനാ രൂപവല്‍ക്കരണ കാലംതൊട്ട് മുസ്ലിം യാഥാസ്ഥിതികര്‍ എതിര്‍ത്തുപോന്ന ആശയമത്രേ പൊതു സിവില്‍ കോഡ്. ഇപ്പോഴും ഏകീകൃത പൗരനിയമത്തോട് അന്ധമായ എതിര്‍പ്പ് അവര്‍ തുടരുന്നു. ശരീഅത്ത് ഉപേക്ഷിച്ച് പൊതുപൗര നിയമം നടപ്പാക്കണമെന്ന നിര്‍ദ്ദേശം എന്തുവില കൊടുത്തും ചെറുക്കാനുള്ള ആഹ്വാനം പുറപ്പെടുവിക്കുന്ന പ്രതിലോമശക്തികള്‍ മുസ്ലിം സമുദായത്തിനകത്ത് ഇപ്പോഴും സജീവമാണ്. അവരോട് മാര്‍ക്കണ്ഡേയ കട്ജു പറയുന്നത് ശ്രദ്ധിക്കുക: പൊതു സിവില്‍ക്കോഡ് സ്വീകരിക്കുക എന്നതിനര്‍ത്ഥം കാലഹരണം സംഭവിച്ചതും ഫ്യൂഡല്‍ സ്വഭാവമുള്ളതുമായ നിയമങ്ങള്‍ (ശരീഅത്ത്) ഉപേക്ഷിക്കുക എന്നാണ്. അതത് സമൂഹങ്ങളുടെ വികാസത്തിന്റെ സവിശേഷ ചരിത്രസന്ധികളിലെ സാമൂഹികാവസ്ഥയുടെ പ്രതിഫലനങ്ങളാണ് നിയമങ്ങള്‍. സമൂഹം മാറുന്നതിനനുസരിച്ച് നിയമങ്ങളും മാറിയേ തീരൂ. മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന നിയമങ്ങള്‍ക്ക് ഇരുപത്തിയൊന്നാം ശതകത്തില്‍ എന്തു പ്രസക്തിയാണുള്ളത്? മധ്യകാല സാമൂഹികാവസ്ഥയല്ല ആധുനിക കാല സാമൂഹികാവസ്ഥ. ശരീഅത്ത് എന്നറിയപ്പെടുന്ന മുസ്ലിം മതനിയമങ്ങള്‍ നിരാകരിക്കുക എന്നതിന് ഇസ്ലാം നിരാകരിക്കുക എന്നര്‍ത്ഥമില്ല. സ്റ്റാറ്റിയൂട്ടറി നിയമങ്ങളല്ലാത്ത എല്ലാ ഹിന്ദുമതനിയമങ്ങളും 1955-ല്‍ ഹിന്ദുവിവാഹനിയമം വഴിയും 1956-ല്‍ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം വഴിയും തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. എന്നുവെച്ച് ഹിന്ദുമതം ഇല്ലാതാവുകയോ അതിനെന്തെങ്കിലും ക്ഷതം സംഭവിക്കുകയോ ചെയ്തിട്ടില്ല.

ശരീഅത്ത് സ്ത്രീകളെ തരംതാഴ്ന്നവരായി കാണുന്നു എന്നു ചൂണ്ടിക്കാട്ടിയശേഷം കട്ജു എഴുതുന്നു: ശരീഅത്ത് പ്രകാരം വാക്കാലുള്ള വിവാഹ മോചനത്തിനുള്ള (verbal talaq) അവകാശം പുരുഷനു മാത്രമേയുള്ളൂ, സ്ത്രീക്കില്ല. അതിനാല്‍ത്തന്നെ മുസ്ലിം സ്ത്രീകളുടെ ശിരസ്സിനു മുകളില്‍ തൂങ്ങിനില്‍ക്കുന്ന വാളാണത്. അവിടെ അവസാനിക്കുന്നില്ല ശരീഅത്തിലടങ്ങിയ സ്ത്രീവിരുദ്ധത. അനന്തരസ്വത്തില്‍ ആണ്‍മക്കള്‍ക്കു ലഭിക്കുന്നതിന്റെ പാതി അവകാശം മാത്രമേ പെണ്‍മക്കള്‍ക്ക് അതു നല്‍കുന്നുള്ളൂ. 'നിക്കാഹ് ഹലാല' (ചടങ്ങു വിവാഹം) എന്ന അത്യന്തം ഹീനവും പെണ്‍വിരുദ്ധവുമായ സമ്പ്രദായത്തെ ശരീഅത്ത് അംഗീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ പാതിവരുന്ന സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമങ്ങളും ആചാരങ്ങളും മുസ്ലിം സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതില്‍  ഒട്ടും നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.

കട്ജു മുസ്ലിങ്ങളോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ കാര്യം ബുര്‍ഖ (പര്‍ദ്ദ)യുടെ നിരാകരണമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യഹനനമാണ് ബുര്‍ഖ എന്ന വേഷവിധാനം. ബുര്‍ഖ വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണെന്നു പലരും പറയാറുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ 'നിഷേധാത്മക' സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയാണ് ചെയ്യുന്നതെന്നു ജസ്റ്റിസ് മാര്‍ക്കണ്ഡേയ നിരീക്ഷിക്കുന്നു. ഫ്യൂഡല്‍, പിന്തിരിപ്പന്‍ ആചാരങ്ങളും രീതികളും പിന്തുടരാനുള്ള സ്വാതന്ത്ര്യം പുരോഗമനേച്ഛയേയും ഉല്‍പ്പതിഷ്ണുത്വത്തേയും തുറുങ്കിലിടുന്നതിനു തുല്യമാണ്. തുര്‍ക്കിയിലെ മുസ്തഫ കമാല്‍ അറ്റാതുര്‍ക്ക് തന്റെ രാജ്യത്ത് 1920-കളില്‍ ബുര്‍ഖ നിരോധിച്ചതും പല പാശ്ചാത്യ രാഷ്ട്രങ്ങളും ആ വേഷവിധാനത്തിനു  നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ശ്രദ്ധിക്കപ്പെടണം. സ്ത്രീജനങ്ങളെ അടിച്ചമര്‍ത്തുന്നത് സമുദായ പുരോഗതിയെ സംബന്ധിച്ചിടത്തോളം തീരെ ആശാസ്യമല്ല.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളെ ആപാദമസ്തകം വസ്ത്രത്തില്‍ പൊതിയുന്ന ബുര്‍ഖയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഹൈന്ദവ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന സതി നിരോധിക്കപ്പെട്ട കാര്യം ഓര്‍മ്മിക്കേണ്ടതാണ്. സ്ത്രീകളുടെ 'സ്വതന്ത്ര ഇച്ഛ'യുടെ പേരില്‍ സതി പോലുള്ള മധ്യകാല, ഫ്യൂഡല്‍, പിതൃമേധാവിത്വ ആചാരങ്ങളെ ന്യായീകരിക്കുന്നതു പോലെത്തന്നെ അധിക്ഷേപകരമാണ്  ബുര്‍ഖയ്ക്ക് വേണ്ടിയുള്ള ന്യായവാദങ്ങള്‍. അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടണമെന്നു കരുതുന്നവര്‍ ഭൂതകാല മതാചാരങ്ങള്‍ വഴി സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അടിമത്തത്തിന്റെ നിര്‍മ്മാര്‍ജ്ജനവും ആവശ്യപ്പെടേണ്ടതുണ്ട്.

മുസ്ലിങ്ങള്‍ നടത്തേണ്ട വിപ്ലവകരമായ മൂന്നാമത്തെ കാല്‍വെയ്പ് അഖിലേന്ത്യ  മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഉച്ചാടനം ആവശ്യപ്പെടുക എന്നതാണ്. മുസ്ലിം വോട്ട് ബാങ്കില്‍ കണ്ണുണ്ടായിരുന്ന ഇന്ദിരാഗാന്ധിയുടെ ആശീര്‍വ്വാദത്തോടെ 1973-ല്‍  നിലവില്‍ വന്ന സംവിധാനമത്രേ വ്യക്തിനിയമ ബോര്‍ഡ്. മധ്യകാല മനോഘടനയുള്ള പുരോഹിതന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ബോര്‍ഡ് സ്ത്രീവിരുദ്ധ നിയമങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ജോലിയാണ് ഇത:പര്യന്തം നിര്‍വ്വഹിച്ചു പോന്നതെന്ന് ജസ്റ്റിസ് കട്ജു എടുത്തുകാട്ടുന്നു. 1985-ല്‍ ഷാബാനു ബീഗം കേസിലെ പെണ്ണനുകൂല ചരിത്രവിധിക്കെതിരെ അങ്കംവെട്ടിയ നാറിയ ചരിത്രമാണതിനുള്ളത്. മുത്തലാഖ് എന്ന പ്രാകൃത വിവാഹമോചന സമ്പ്രദായത്തെപ്പോലും മതവിശ്വാസങ്ങളുടെ മറവില്‍ വെള്ളപൂശുന്നതും വ്യക്തിനിയമ ബോര്‍ഡ് തന്നെ.
മുകളില്‍ പറഞ്ഞ മൂന്നു ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ മുസ്ലിങ്ങളോട് ആവശ്യപ്പെടുന്ന ജസ്റ്റിസ് കട്ജു മുസ്ലിങ്ങള്‍ നേരിടുന്ന ആള്‍ക്കൂട്ട ഹിംസ, കള്ളക്കേസ്, മറ്റുവിധത്തിലുള്ള ദ്രോഹനടപടികള്‍ എന്നിവയൊന്നും കാണാതിരിക്കുന്നില്ല. അവ അധിക്ഷേപിക്കപ്പെടണമെന്നു അദ്ദേഹം എഴുതുന്നുണ്ട്. അതേസമയം ജനങ്ങളെ പിറകോട്ടു വലിക്കാന്‍ മാത്രമുതകുന്ന ദുര്‍നിയമങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും വേണ്ടി നിലകൊള്ളാതിരിക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറാവണമെന്നതില്‍ അദ്ദേഹം അടിവരയിടുന്നു.
സംശയമില്ല, മുസ്ലിം ജനസാമാന്യത്തിന്റെ അടിയന്തരാവശ്യം സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യപരിപാലനം എന്നിവയാണ്. ഇപ്പറഞ്ഞ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുസ്ലിങ്ങള്‍ സജ്ജരും പ്രാപ്തരുമാകണമെങ്കില്‍, മതപരമായ വേറിട്ടുനില്‍പ്പ് എന്ന സങ്കുചിതത്വം ഉറപ്പിക്കാന്‍ മാത്രം പര്യാപ്തമായ പഴഞ്ചന്‍ നിയമങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും അവര്‍ വിമോചിതരാകേണ്ടതുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോള്‍ ജസ്റ്റിസ് കട്ജുവിന് മുസ്ലിങ്ങള്‍ ചെവി കൊടുക്കുകതന്നെ വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com