ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു

ഇതേവരെ കണ്ടതൊന്നുമല്ല ചുറ്റുമുള്ള ലോകമെന്നും ഇനിയുള്ള ജീവിതത്തില്‍ പലതും കാണാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള സൂചനകള്‍ കിട്ടി.
ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇന്നും അടിയന്തരാവസ്ഥ: സേതു എഴുതുന്നു

ന്‍പതുകളുടെ തുടക്കത്തില്‍ തന്നെ ഞങ്ങളുടെ കൊച്ചു നാട്ടിന്‍പുറത്ത് പത്രങ്ങള്‍ എത്തിയിരുന്നു. വൈദ്യുതി ചിലയിടങ്ങളില്‍ മാത്രം ഉണ്ടായിരുന്ന കാലം. പത്രം ഏജന്‍സി ആദ്യമായി എടുത്തയാള്‍ എന്റെ ബന്ധുവായിരുന്നതുകൊണ്ട് ഞങ്ങളുടെ വീട്ടിലും ആദ്യം തന്നെ പത്രമെത്തി. രാവിലെ തന്നെ തൃശൂരില്‍നിന്ന് എക്സ്പ്രസ്സ്, കുറച്ചു വൈകി കോഴിക്കോട്ട് നിന്നെത്തിയിരുന്ന മാതൃഭൂമി. പത്രങ്ങളോടൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും ആര്‍ട്ടിസ്റ്റ് രാഘവന്‍ നായരുടെ നര്‍മ്മദ എന്ന വിനോദ മാസികയും വീട്ടിലെത്തി. ടാബ്ലോയിഡ് വലിപ്പത്തിലുള്ള പഴയ മാതൃഭൂമി ആഴ്ചപ്പതിപ്പ്. അങ്ങനെ നര്‍മ്മദയിലാണ് ആദ്യമായി ഒരു കാര്‍ട്ടൂണ്‍ കാണുന്നത്. രാഘവന്‍ നായരേയും സരസന്‍ നടത്തിയിരുന്ന കെ.എസ്. പിള്ളയേയും കൂടാതെയുള്ള അന്നത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളെക്കുറിച്ച് ഓര്‍മ്മയില്ല. പക്ഷേ, രാഘവന്‍ നായരുടെ സുഹൃത്തായിരുന്ന,  അന്ന് എറണാകുളത്തുണ്ടായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ നര്‍മ്മദയില്‍ എഴുതിയിരുന്നത് ഓര്‍ക്കുന്നു. അതുകഴിഞ്ഞ് ആലുവയില്‍നിന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഇറക്കിയിരുന്ന കാര്‍ട്ടൂണ്‍ മാസികയും കാണാനായി. പിന്നീട് വളരെ കഴിഞ്ഞ് ആലുവ കോളേജിലെത്തിയപ്പോഴാണ്  അവിടത്തെ ലൈബ്രറിയില്‍ കാര്‍ട്ടൂണുകളുടെ മഹാപ്രപഞ്ചം തുറന്നുകിട്ടിയത്. അവിടെ വച്ചാണ് 'ശങ്കേഴ്‌സ് വീക്ക്ലി' കാണുന്നത്. പിന്നെ ഈ രംഗത്തെ മുതുമുത്തച്ഛനായ, ഒരു നൂറ്റാണ്ടിലെ ലോകം കണ്ട, ലണ്ടനില്‍നിന്ന് വന്നിരുന്ന 'പഞ്ച്' എന്ന കാര്‍ട്ടൂണ്‍ മാസികയുടെ ചില പഴയ ലക്കങ്ങളും.

പഞ്ചിലെ കാര്‍ട്ടൂണുകളിലെ, ലേഖനങ്ങളിലെ രാഷ്ട്രീയ സാമൂഹിക വിശകലനങ്ങളും വിമര്‍ശനങ്ങളും ധ്വനികളും മറ്റും അന്നത്തെ എന്റെ അറിവിന്റെ മേഖലയ്ക്കപ്പുറമായിരുന്നെങ്കിലും, ഇതേവരെ കണ്ടതൊന്നുമല്ല ചുറ്റുമുള്ള ലോകമെന്നും ഇനിയുള്ള ജീവിതത്തില്‍ പലതും കാണാനിരിക്കുന്നതേയുള്ളൂവെന്നുമുള്ള സൂചനകള്‍ കിട്ടി. ഒരു കാലഘട്ടത്തെ മുഴുവന്‍ സ്വാധീനിക്കാനുള്ള കരുത്തുണ്ടായിരുന്ന പഞ്ചിന്റെ സ്വാധീനത്തെപ്പറ്റി പിന്നീട് കുറച്ചൊക്കെ മനസ്സിലാക്കാനായത് 150 വയസ്സില്‍ അത് നിന്നുപോയ ശേഷമാണ്. അക്കാലത്തെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ക്കു പുറമെ പ്രശസ്തരായ സാമൂഹിക, രാഷ്ട്രീയ വിമര്‍ശകരും ആക്ഷേപഹാസ്യകാരന്മാരും  അതില്‍ എഴുതിയിരുന്നു. അന്നതില്‍ എഴുതിയിരുന്ന പ്രമുഖരില്‍ വില്ല്യം താക്കറേയും പി.ജി. വുഡ്ഹൗസും ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് ആ മാസിക ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്ക് വരുത്താന്‍ തീരുമാനിച്ചയാളെ നമിക്കണമെന്നു തോന്നി. പിന്നീട് ദശകങ്ങള്‍ക്കുശേഷം ദില്ലിയിലെ ബ്രിട്ടീഷ് ലൈബ്രറിയിലാണ് പഞ്ചിന്റെ ചില പഴയ ലക്കങ്ങള്‍ കാണാനായത്. 

എന്തായാലും, 'ശങ്കേഴ്സ് വീക്ക്ലിയുമായുള്ള ചങ്ങാത്തം ആ കാലഘട്ടം തൊട്ട് തുടങ്ങുന്നു. കുട്ടിക്കാലത്ത് നര്‍മ്മദയിലെ വരകളില്‍നിന്ന് തുടങ്ങിയ കാര്‍ട്ടൂണുകളോടുള്ള ആഭിമുഖ്യം പിന്നീട് കാര്‍ട്ടൂണിസ്റ്റുകളോടുള്ള ആദരമായി മാറി. ബോംബെയിലെത്തിയപ്പോള്‍ ആദ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ടൈംസ് ഓഫ് ഇന്ത്യയില്‍ പോക്കറ്റ് കാര്‍ട്ടൂണുകളായി നിത്യവും വന്നുകൊണ്ടിരുന്ന ആര്‍.കെ. ലക്ഷ്മണിന്റെ രചനകളാണ്. ലക്ഷ്മണിന്റെ കള്ളിക്കുപ്പായമിട്ട 'കോമണ്‍മാന്‍' നാഗരികനായ ഒരു സാധാരണ ഇന്ത്യക്കാരന്റെ പ്രതീകമായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അയാളുടെ രൂപം പഴയ തലമുറയുടെ മനസ്സില്‍ ഇന്നും തറഞ്ഞുനില്‍ക്കുന്നുവെന്ന് മാത്രമല്ല, അന്നദ്ദേഹം വരച്ചിട്ട യാഥാര്‍ത്ഥ്യങ്ങളിലെ കയ്പ് ഇന്ന് ഇരട്ടിയായെന്നു മാത്രം. ബോംബെ നഗരത്തിലെ കുണ്ടും കുഴിയും നിറഞ്ഞ, പലവിധ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന തിരക്കുപിടിച്ച ചില റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി അന്നദ്ദേഹം വരച്ചിട്ടത് ഈയിടെ വീണ്ടും കണ്ടപ്പോള്‍, ക്രാന്തദര്‍ശിയായ കലാകാരന്റെ കണ്ണുകള്‍ കാലത്തെ കടന്നുപോകുന്നത് കാണാനായി; അതുപോലെതന്നെ അദ്ദേഹത്തിന്റെ ഒട്ടേറെ രാഷ്ട്രീയ കാര്‍ട്ടൂണുകളും. പെട്ടെന്ന് ഓര്‍മ്മവരുന്നത് മഹാത്മജിയുടെ ഒരു പ്രതിമയുടെ മുന്‍പില്‍ കുനിഞ്ഞുനിന്നു താഴെയെഴുതിയ പേര് വായിക്കാന്‍ നോക്കുന്ന വെള്ളത്തൊപ്പി വച്ച രാഷ്ട്രീയക്കാരന്റെ ചിത്രം. ചെറിയ വരകളിലൂടെ എത്ര വലിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുവച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനു മുന്‍പാണ് ഇത് വന്നതെങ്കിലും, ഗാന്ധിയെ മറന്ന, അല്ലെങ്കില്‍ മറക്കാന്‍ ശ്രമിക്കുന്ന പുതിയ തലമുറ നേതാക്കന്മാര്‍ക്ക് അത് കൂടുതല്‍ പ്രസക്തമാവില്ലേ? അങ്ങനെ എത്രയോ ലക്ഷ്മണ്‍ കാര്‍ട്ടൂണുകള്‍! വളരെ കഴിഞ്ഞ്,  സ്റ്റേറ്റ് ബാങ്ക്  അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളുടെ താളുകളുമായി ഒരു വാര്‍ഷിക കലണ്ടര്‍ ഇറക്കിയത് ഓര്‍മ്മയുണ്ട്. അതിലൊരു ചിത്രത്തില്‍ തന്റെ നേര്‍ക്ക് തോക്ക് നീട്ടി നില്‍ക്കുന്ന കവര്‍ച്ചക്കാരന്റെ മുന്‍പില്‍ തെല്ലുപോലും കുലുങ്ങാതെ, തമാശ രൂപത്തില്‍ കാഷ്യര്‍ പറയുന്ന വാചകം ഇങ്ങനെയാണ്: ''ഒരുപക്ഷേ, ഞങ്ങളുടെ ഉദാരമായ വായ്പാപദ്ധതികളെപ്പറ്റി താങ്കള്‍ക്ക് അറിയില്ലായിരിക്കും...'' അതൊക്കെ ഒരു കാലം. ഇന്നാണെങ്കില്‍ അത്തരമൊരു കാര്‍ട്ടൂണ്‍ തങ്ങളുടെ കലണ്ടറില്‍ ചേര്‍ക്കാന്‍ ഒരു പൊതുമേഖലാ ബാങ്കും ധൈര്യപ്പെടില്ലെന്ന് ഉറപ്പാണ്. 

ഒവി വിജയന്‍
ഒവി വിജയന്‍

ബോംബെയില്‍ വച്ച് ഞാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന മറ്റൊരു കാര്‍ട്ടൂണിസ്റ്റായിരുന്നു മരിയോ എന്ന മരിയോ മിറാന്‍ഡ. ഏറെക്കുറെ പരമ്പരാഗതമായ ശൈലിയില്‍, ലളിതമായ വരകളായിരുന്നു ലക്ഷ്മണിന്റേതെങ്കില്‍ (അദ്ദേഹം സഹോദരന്‍ ആര്‍.കെ. നാരായണന്റെ ലളിതമായ, വശ്യമായ, ഭാഷപോലെ). നേരെമറിച്ച് ഏങ്കോണിപ്പുള്ള പുതിയ കാലശൈലിയിലുള്ള വരകളും ഗോവന്‍ നര്‍മ്മവുമായി മരിയോ വായനക്കാരെ എളുപ്പത്തില്‍ കീഴടക്കിയിരുന്നു. ലക്ഷ്മണ്‍ പ്രധാനമായും ടൈംസ് ഓഫ് ഇന്ത്യയിലും മരിയോ ഇക്കണോമിക് ടൈംസിലും ഫിലിം ഫെയറിലുമാണ് പോക്കറ്റ് കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. കൂടാതെ,  ഇല്ലസ്ട്രേറ്റഡ് വീക്ക്ലി തുടങ്ങിയ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളിലും രണ്ടു പേരും വരച്ചുകൊണ്ടിരുന്നു... രണ്ടു പേര്‍ക്കും അവരുടേതായ സ്‌റ്റൈലുകളുണ്ടായിരുന്നു... മരിയോ തൊപ്പിക്കാരായ രാഷ്ട്രീയ നേതാക്കളെ വരയ്ക്കുമ്പോള്‍ അവരുടെ കീശയില്‍നിന്ന് 'സ്പീച്ച്' എന്നെഴുതിയ കടലാസുകള്‍ തള്ളിനില്‍ക്കുന്നത് കാണാം. പ്രസംഗങ്ങളില്ലാതെ ഇക്കൂട്ടര്‍ക്ക് എങ്ങനെ ദിവസങ്ങള്‍ തള്ളിനീക്കാനാവും? അതുപോലെതന്നെ കനത്ത മേക്കപ്പിട്ട ടിപ്പിക്കല്‍ സിനിമാതാരങ്ങളെ വരയ്ക്കാന്‍ ഒരു പ്രത്യേക വിരുതുണ്ടായിരുന്നു മരിയോവിന്. രജനി നിമ്പുപാനി (നാരങ്ങാവെള്ളം) എന്ന നായിക നടിയേയും മിസ് ഫോണ്‍സേക്ക എന്ന സെക്രട്ടറിയേയും എങ്ങനെ മറക്കാനാകും? (എന്‍.ബി.ടിയുടെ ഒരു വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മരിയോവിന്റെ കാര്‍ട്ടൂണുകളുടെ ഒരു പ്രദര്‍ശനം ഞങ്ങള്‍ക്ക് സംഘടിപ്പിക്കാനായി.) 

അക്കാലത്ത് ബാല്‍ താക്കറെ മാര്‍മ്മിക് എന്ന പേരില്‍ മറാഠിയില്‍ ഒരു കാര്‍ട്ടൂണ്‍ മാസിക നടത്തിയിരുന്നു. ആ ഭാഷ വായിക്കാനറിയാത്തതുകൊണ്ടു ചില  കാര്‍ട്ടൂണുകളിലെ ധ്വനി സുഹൃത്തുക്കളോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രദ്ധിച്ചിരുന്നു. ആ കാര്‍ട്ടൂണുകളില്‍ ഭാവിയില്‍ അദ്ദേഹം എടുത്തേക്കാവുന്ന നിലപാടുകളെപ്പറ്റി ചില സൂചനകളുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്ത് രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളെ ആകെ തെറ്റിക്കാന്‍ കെല്‍പ്പുള്ള ഒരു പാര്‍ട്ടിക്ക് രൂപം കൊടുക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് ആരും കരുതിക്കാണില്ല.  

ആര്‍കെ ലക്ഷ്മണ്‍
ആര്‍കെ ലക്ഷ്മണ്‍

പക്ഷേ, ഒടുവില്‍ 1966-ല്‍ ദില്ലിയിലെത്തിയ ശേഷമാണ് രാജ്യത്തെ പല പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളേയും കാണുന്നതും പരിചയപ്പെടുന്നതും. കാര്‍ട്ടൂണിസ്റ്റ് ശങ്കറെ പരിചയപ്പെടുത്തിത്തന്നത് ഒ.വി. വിജയനായിരുന്നു. പിന്നീട് അദ്ദേഹത്തെ കേരളാക്ലബ്ബിലെ രണ്ടു പരിപാടികളിലും വച്ച് കണ്ടു. അദ്ദേഹത്തെ ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകളുടെ കുലപതിയായാണ് പലരും കണ്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വരയിലെ പരമ്പരാഗത രീതികളോടും വീക്കിലിയില്‍ വരച്ചിരുന്നവരോട് കാട്ടിയിരുന്ന കാരണവര്‍ സ്വഭാവത്തോടും വലിയ എതിര്‍പ്പായിരുന്നു വിജയന്. പക്ഷേ, ഇന്ത്യയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു ഇടം ഉണ്ടാക്കി ക്കൊടുത്തതില്‍ ശങ്കറിന് വലിയൊരു പങ്കുണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. നെഹ്‌റുവിനോടുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും സ്‌നേഹബന്ധവും ഇതില്‍ ശങ്കറെ വളരെയേറെ സഹായിച്ചിരിക്കാം. കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍, തന്നെ ഒരിക്കലും ഒഴിവാക്കരുതെന്ന പ്രസിദ്ധമായ പരാമര്‍ശം പണ്ഡിറ്റ്ജിയുടെ ഹൃദയവിശാലതയും ലോകവീക്ഷണവും വെളിവാക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഒരു വിവാദ കാര്‍ട്ടൂണ്‍ പണ്ടുതന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മൂന്ന് വര്‍ഷമെടുത്തിട്ടും നമ്മുടെ ഭരണഘടനയ്ക്ക് ഒരു അന്തിമരൂപം കൊടുക്കാന്‍ അതിന്റെ പ്രധാന ശില്പിയായ അബേദ്ക്കര്‍ക്ക് കഴിയാതിരുന്നതിനെ വിമര്‍ശിച്ചുകൊണ്ട്  ശങ്കര്‍ വരച്ച കാര്‍ട്ടൂണില്‍ ഒരു ഒച്ചിന്റെ പുറത്തിരുന്ന് ഇഴയുന്ന അംബേദ്ക്കറുടെ വേഗം കൂട്ടാനായി നെഹ്‌റു ചാട്ടവാര്‍കൊണ്ട് അടിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. ഏതു നിലയ്ക്കും പ്രതിഷേധാര്‍ഹവും മോശമായൊരു കാര്‍ട്ടൂണുമായിരുന്നു അത്. കാരണം, പുതുതായി റിപ്പബ്ലിക്കാവുന്ന ഇന്ത്യയെപ്പോലത്തെ സങ്കീര്‍ണ്ണമായൊരു സാമൂഹ്യഘടനയുള്ള രാജ്യത്തിന്റെ ഭരണഘടന കുറ്റമറ്റ രീതിയില്‍ തയ്യാറാക്കുകയെന്നത് എളുപ്പമായിരുന്നില്ല. മാത്രമല്ല, ആ ഭാരിച്ച ദൗത്യം ഏറ്റെടുത്ത അംബേദ്ക്കറുടെ സേവനം എല്ലാവരും അംഗീകരിച്ചതുമാണ്.  എന്തായാലും, അന്നത്തെ വിവാദം പിന്നീട് കെട്ടടങ്ങിയെ ങ്കിലും, കാര്യങ്ങള്‍ ഒന്നുകൂടി വഷളാക്കിയത് പതിറ്റാണ്ടുകള്‍ക്കു ശേഷം NCERT എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം ആ കാര്‍ട്ടൂണ്‍ തീരെ ഔചിത്യബോധമില്ലാതെ ഒരു പാഠപുസ്തകത്തില്‍ ചേര്‍ത്തപ്പോഴാണ്. സ്വാഭാവികമായും ദളിത് സംഘടനകള്‍ കഠിനമായ പ്രതിഷേധവുമായി രംഗത്തുവന്നെന്ന് മാത്രമല്ല, പാര്‍ലമെന്റ് ഇളകിമറിഞ്ഞപ്പോള്‍ അന്നത്തെ മാനവശേഷി വികസന മന്ത്രിയായിരുന്ന കപില്‍ സിബലിന് മാപ്പ് പറയേണ്ടിയും വന്നു. 
27 വര്‍ഷങ്ങള്‍ക്കു ശേഷം 1975-ലാണ് ശങ്കര്‍ തന്റെ വീക്കിലി നിറുത്തിയത്. തനിക്കിത് ഇനിയും തുടര്‍ന്നുപോകാനുള്ള ശേഷിയില്ലെന്നും അതിനുള്ള കാരണം, അടിയന്തരാവസ്ഥയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആ വാരികയുടെ ഒടുവിലത്തെ ലക്കം ഞാന്‍ ഏറെക്കാലം സൂക്ഷിച്ചുവച്ചിരുന്നെങ്കിലും, തുടര്‍ച്ചയായ കൂടുമാറ്റങ്ങള്‍ക്കിടയില്‍ അത് എവിടെയോ വച്ചു നഷ്ടപ്പെട്ടിരുന്നു. 

എന്തായാലും, അക്കാലത്ത് ദില്ലിയിലെ പല കാര്‍ട്ടൂണിസ്റ്റുകളും മലയാളികളായിരുന്നു. വിജയന്‍, കുട്ടി, കേരളവര്‍മ്മ, യേശുദാസന്‍... മുന്‍നിര പത്രപ്രവര്‍ത്തകരുടെ കാര്യത്തിലാണെങ്കില്‍ മൃഗീയ ഭൂരിപക്ഷവും! കുഞ്ചന്‍ നമ്പ്യാരുടേയും സഞ്ജയന്റേയും പിന്‍മുറക്കാരായ മലയാളികളില്‍ നൈസര്‍ഗ്ഗികമായ സിനിസിസവും മറ്റുള്ളവരെ കളിയാക്കാനുമുള്ള പ്രവണതയും കൂടുതലായിരുന്നുവെന്ന് പറയാതെ വയ്യ. മാത്രമല്ല, മലയാളികളുടെ വായനാശീലത്തിലും ആസ്വാദന രീതികളിലും എന്നും നര്‍മ്മത്തിനും പരിഹാസത്തിനും  വ്യക്തമായ സ്ഥാനമുണ്ടായിരുന്നു. അധികാര സ്ഥാനത്തിലുള്ളവരെ കൂസലില്ലാതെ കളിയാക്കാനുള്ള പ്രവണത തുള്ളല്‍ കൃതികളിലും ചാക്യാര്‍ കൂത്തിലുമെല്ലാം കടന്നുവന്നിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിലെ അമ്പലപ്പറമ്പില്‍ നാല്പത്തൊന്ന് ദിവസം തുടര്‍ച്ചയായി അരങ്ങേറാറുണ്ടായിരുന്ന  ചാക്യാര്‍ക്കൂത്തിലെ നര്‍മ്മം കലര്‍ന്ന കഥ പറച്ചില്‍ രീതി എന്നിലുണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല.  രാജഭരണകാലത്തും ഫ്യൂഡല്‍ സാമൂഹ്യഘടനയിലും അധികാരസ്ഥാനങ്ങളിലുള്ളവരെ നിശിതമായി കളിയാക്കാനും വിമര്‍ശിക്കാനും അവര്‍ മടിച്ചിരുന്നില്ല. പ്രമുഖ മലയാളപത്രങ്ങളാകട്ടെ, ആദ്യകാലം തൊട്ടേ കാര്‍ട്ടൂണുകള്‍ മുന്‍പേജിലും ഉള്‍പ്പേജിലുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു.

മാതൃഭൂമിയുടേയും മനോരമയുടേയും ആഴ്ചപ്പതിപ്പുകള്‍ അവസാനത്തെ പുറത്തില്‍നിന്ന് മുന്നോട്ടു വായിച്ചുപോയിരുന്ന ഒരു കാലമുണ്ടായിരുന്നു. അരവിന്ദന്റെ 'ചെറിയ മനുഷ്യനും വലിയ ലോകവും' റ്റോംസിന്റെ 'ബോബനും മോളിയും' നമ്മുടെ വായനാസമൂഹത്തില്‍ നിറഞ്ഞുനിന്നിരുന്ന കാലം. കുസൃതിക്കാരായ ബോബനും മോളിയും എല്ലാ തട്ടുകളിലുമുള്ള വായനക്കാരെ രസിപ്പിച്ചിരുന്നുവെങ്കില്‍, അരവിന്ദന്റെ രാമുവും കൂട്ടരുടേയും ആസ്വാദകര്‍ പ്രധാനമായും മറ്റൊരു തരത്തില്‍പ്പെട്ടവരായിരുന്നു. സമകാലീന ജീവിതത്തെ കുറേക്കൂടി ഉയര്‍ന്ന തലത്തില്‍, വിമര്‍ശനാത്മകമായി അവതരിപ്പിക്കാനാണ്  അരവിന്ദന്‍ ശ്രമിച്ചിരുന്നതെങ്കില്‍, ശുദ്ധമായ നര്‍മ്മമായിരുന്നു റ്റോംസിന്റെ കൈമുതല്‍. ആ നിലയ്ക്ക് പ്രിയങ്കരരായിരുന്ന രണ്ടു പേരും തങ്ങളുടെ പംക്തികള്‍ ഓരോ കാരണങ്ങളാല്‍ നിറുത്തിയത് നമ്മുടെ വായനാ സമൂഹത്തില്‍ ഒരു ശൂന്യത സൃഷ്ടിച്ചുവെന്ന് പറയാതെ വയ്യ. അരവിന്ദന്റെ കാര്‍ട്ടൂണുകളെ ആദ്യകാല ഗ്രാഫിക് നോവലുകളുടെ കൂട്ടത്തില്‍ കാണാമെന്നു തോന്നുന്നു. എന്തായാലും, റ്റോംസ് തന്റെ സന്തതികളുമായി  കുറേക്കൂടി മുന്നോട്ടുപോയെങ്കിലും അരവിന്ദന്‍ അതിനു മുതിര്‍ന്നില്ല. മറ്റൊരു പ്രധാന പ്രസിദ്ധീകരണം അത് തങ്ങളുടെ അവസാന പേജിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. അവരുമായുള്ള ചര്‍ച്ചകള്‍ക്ക്  ഞാനും സാക്ഷിയായിരുന്നു. ആദ്യം അല്പം ഇടയിളക്കങ്ങളൊക്കെ തോന്നിയിരുന്നെങ്കിലും പല കാരണങ്ങള്‍കൊണ്ടും അരവിന്ദന്‍ അതിനു മുതിര്‍ന്നില്ല. എല്ലാറ്റിനും ഒരുകാലവും ആയുസ്സുമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആഴ്ചതോറും വരച്ചുകൊടുക്കുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം എന്നും വലിയ ഭാരമായിരുന്നെന്നും പലപ്പോഴും നിറുത്താന്‍ ആലോചിച്ചിരുന്നെന്നും അരവിന്ദന്‍ സൂചിപ്പിച്ചു.    

എഴുത്തില്‍ കാണിച്ചിരുന്ന ധീരത, വിഗ്രഹങ്ങളെ തച്ചുടയ്ക്കാനുള്ള ചങ്കൂറ്റം ഒ.വി. വിജയന്‍ കൂടുതലായി കാണിച്ചിരുന്നത് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളിലായിരുന്നുവെന്ന് തോന്നുന്നു. ഡേവിഡ് ലോവിന്റെ വരകള്‍ നന്നെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം പടിപടിയായി തന്റെ വരകളിലും ഒരു പുതുക്കിപ്പണിയലിനു ശ്രമിച്ചിരിക്കണം. ''ഒന്നോര്‍ത്തു നോക്കിയാല്‍ നാമൊക്കെ ഹാസ്യചിത്രങ്ങളാണ്'' എന്നൊരിക്കല്‍ വിജയന്‍ പറഞ്ഞത് വേറൊരു അര്‍ത്ഥത്തില്‍ ശരിയായിരുന്നു. തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം ചൊവ്വല്ലെന്ന ബോദ്ധ്യമാണ്, ഉടഞ്ഞ കുപ്പിച്ചില്ലുകളിലൂടെ ലോകത്തെ നോക്കിക്കാണാന്‍ ഒരു കാര്‍ട്ടൂണിസ്റ്റിനെ പ്രേരിപ്പിക്കുന്നത്. ഇതിനായി ചിലപ്പോള്‍ അവര്‍ക്ക് കടുത്ത നിറമുള്ള കുപ്പിക്കഷണങ്ങളും തേടിപ്പോകേണ്ടി വന്നേയ്ക്കും. അങ്ങനെ സ്വയം ഒരു ഹാസ്യചിത്രമായി കാണുന്ന അയാള്‍ക്ക് 'ക്രുദ്ധനായ ഒരു കോമാളി'യുടെ രൂപം പോലും എടുക്കേണ്ടിവരാറുണ്ട്. എനിക്ക് നമ്മുടെ രാഷ്ട്രീയക്കാരോട് നന്ദിയുണ്ട്. രാജ്യത്തിന്റെ കാര്യം അവര്‍ നോക്കാത്തതുകൊണ്ട്, എനിക്കത് ചെയ്യേണ്ടിവരുന്നു എന്നര്‍ത്ഥത്തില്‍ ആര്‍.കെ. ലക്ഷ്മണ്‍ എഴുതിയിട്ടുണ്ട്. നിരുപദ്രവകരമായ കാര്‍ട്ടൂണ്‍ എന്നൊന്നില്ലെന്നും ആ രൂപം തന്നെ അനാദരം ആവശ്യപ്പെടുന്നെന്നും നമ്മുടെ സ്വാതന്ത്യ്രത്തിനു കൊടുക്കേണ്ടിവരുന്ന വിലയെന്ന രീതിയില്‍ കാര്‍ട്ടൂണുകളേയും ആക്ഷേപഹാസ്യത്തേയും സ്വീകരിക്കാതെ വയ്യെന്നും പറഞ്ഞത് സാല്‍മന്‍ റഷ്ദിയാണ്.  

കാര്‍ട്ടൂണിസ്റ്റും കാര്‍ട്ടൂണും ഒന്നാകുന്നതുപോലെയൊരു സമന്വയം എഴുത്തിന്റെ കാര്യത്തിലും വിജയനുണ്ടായിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അസാമാന്യമായ ധിഷണയും നര്‍മ്മബോധവുമുണ്ടായിരുന്ന വിജയന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിനിടയില്‍ സാഹിത്യകാരനായ വിജയനും കാര്‍ട്ടൂണിസ്റ്റായ വിജയനും തമ്മില്‍ മേധാവിത്വത്തിനായി ഒരു മത്സരം തന്നെ നടന്നിരുന്നുവെന്നു  തോന്നിയേക്കാം. കാര്‍ട്ടൂണുകളിലെ 'നരേഷനില്‍' ഒരു എഴുത്തുകാരന്റെ കൈവിരുത് കാണാവുന്നതുപോലെ, വിജയന്റെ ചില കഥകളിലും നോവലുകളിലും മികച്ച നര്‍മ്മബോധമുള്ള ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ഇടപെടലുകളും കടന്നുവരുന്നുണ്ട്. അങ്ങനെ ഭാവനാസമ്പന്നനായ ഒരു സാഹിത്യകാരന് തന്റെ ഉള്ളിലെ കാര്‍ട്ടൂണിസ്റ്റിനെ നിയന്ത്രിക്കാനാവാത്തതിന്റെ എത്രയോ ഉദാഹരണങ്ങള്‍.

ഖസാക്ക് എഴുതിക്കൊണ്ടിരുന്ന കാലത്ത് വിജയനോടൊപ്പം കൊണാട്ട്‌പ്ലേസിലൂടെ പലപ്പോഴും അലഞ്ഞുതിരിഞ്ഞിരുന്ന എനിക്ക്  അന്ന് അദ്ദേഹത്തിന്റെ മനസ്സ് സഞ്ചരിച്ചിരുന്ന രീതിയെപ്പറ്റി ചില സൂചനകള്‍ കിട്ടിയിരുന്നു. നോവലില്‍ അന്ന് മിനുക്കുപണികള്‍ ചെയ്തുകൊണ്ടിരുന്നത് അപ്പുക്കിളിയുടെ ഭാഗമായിരുന്നതുകൊണ്ടാകാം, സംസാരത്തിനിടയില്‍ വിജയന്‍ ഇടയ്‌ക്കൊക്കെ അപ്പുക്കിളിയുടെ കൊഞ്ഞപ്പുള്ള ഭാഷയിലേക്ക് വഴുതിവീഴാറുണ്ട്. 'കതല മുതുക്ക് വാങ്ങിത്താതാ മാതവേട്ടാ' 'തൊത്തില് കെത്തിത്താതാ മാതവേതാ' എന്നൊക്കെയുള്ള മട്ട്. മാത്രമല്ല, ഭാവനയുടെ ഉയര്‍ന്ന തലങ്ങളില്‍ വ്യാപരിച്ചുകൊണ്ടിരുന്നപ്പോള്‍ താന്‍ പ്രിന്‍സ്റ്റണ്‍  യൂണിവേഴ്സിറ്റി കാമ്പസിലൂടെ ചുറ്റിനടന്ന അനുഭവത്തെപ്പറ്റിയൊക്കെ വിജയന്‍ വിശദമായി പറയും. എന്റെ അറിവനുസരിച്ച് പ്രിന്‍സ്റ്റണ്‍ പോയിട്ട് അന്ന് വിജയന്‍ ഇന്ത്യയ്ക്കു വെളിയില്‍ത്തന്നെ പോയിരുന്നോയെന്നതുതന്നെ സംശയമാണ്! (പ്രിന്‍സ്റ്റണില്‍ പോയി പഠിച്ചത് നോവലിലെ രവിയായിരുന്നല്ലോ). 
ഞാന്‍ എക്കാലത്തും ആരാധനയോടെ മാത്രം കണ്ടിരുന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു മലയാളിയായ അബു ഏബ്രഹാമെന്ന അബു. എഴുപതുകളിലെ ഏറ്റവും മികച്ച ചില കാര്‍ട്ടൂണുകള്‍ നമുക്ക് കിട്ടിയത് അബുവില്‍നിന്നായിരുന്നു. ലക്ഷ്മണിന്റെ കോമണ്‍മാനെപ്പോലെ പ്രശസ്തരായിരുന്നു അബുവിന്റെ ശരാശരി രാഷ്ട്രീയക്കാരെന്നു തോന്നിക്കുന്ന രണ്ടു പേരും. നല്ല ഉയരമുള്ള മെലിഞ്ഞ ഒരാളും അല്പം തടിച്ച, കുറിയ ഒരാളും. ഒരു എ.ഐ.സി.സി. സമ്മേളനവേദിയില്‍ വച്ചാണ് ഹിന്ദി മേഖലയില്‍നിന്നു വന്ന പ്രവര്‍ത്തകരായ ഈ രണ്ടുപേരെ കണ്ടുമുട്ടിയതെന്ന് അബു തന്നെ എഴുതിയിട്ടുണ്ട്. ബാത്ത് ടബ്ബില്‍  കിടന്നുകൊണ്ട് ഇനിയും വല്ല ഓര്‍ഡിനന്‍സുമുണ്ടോ ഒപ്പിടാനായി എന്നു ചോദിക്കുന്ന, പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ചിത്രം അടിയന്തരാവസ്ഥയെപ്പറ്റിയുള്ള കാര്‍ട്ടൂണുകളുടെ കൂട്ടത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു. അതുപോലെ 'മാഡത്തിന്' മുന്‍പില്‍ കൈകൂപ്പി നില്‍ക്കുന്ന സേവകരുടെ മറ്റൊരു ചിത്രവും.
വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടപ്പെട്ട പല കാര്‍ട്ടൂണിസ്റ്റുകളുമുണ്ടെങ്കിലും, (അവരുടെയൊക്കെ  പേരുകള്‍ പറയുക അസാദ്ധ്യം. അബുവിനും വിജയനും ശേഷം അന്താരാഷ്ട്ര നിലവാരത്തില്‍ വരയ്ക്കുന്നത് നമ്മുടെ ഇ.പി. ഉണ്ണി തന്നെയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സമകാലീന വിഷയങ്ങളെ അവിശ്വസനീയമായൊരു മൗലികതയോടെ, അനായാസമായി വരയ്ക്കുന്ന അദ്ദേഹത്തെ ഏതര്‍ത്ഥത്തിലും ഒരു മഹാപ്രതിഭയെന്നു  മാത്രമേ വിശേഷിപ്പിക്കാനാകൂ. മറ്റൊരു ശ്രദ്ധേയന്‍ മാതൃഭൂമിയില്‍ വരയ്ക്കുന്ന ഗോപീകൃഷ്ണനാണ്. 

കാര്‍ട്ടൂണിസ്റ്റുകളുടെ ദുരന്തകാലമായി എന്നും ചിത്രീകരിക്കപ്പെട്ടിരുന്നത് ഇന്ത്യയിലെ അടിയന്തരാവസ്ഥയായിരുന്നെങ്കില്‍ ഇന്നത് നിരന്തരമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയായി മാറിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരി അക്കാലത്തെ ഏറ്റവും പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റിനോട് പടം വരയ്ക്കുമ്പോള്‍ എന്നെ ഒഴിവാക്കരുത് എന്നു പറയുന്ന കാലമൊക്കെ എന്നേ കഴിഞ്ഞുപോയി. വിമര്‍ശനങ്ങളേയും പരിഹാസങ്ങളേയും സഹിഷ്ണുതയോടെ കാണുന്ന, ജനാധിപത്യബോധമുള്ള ഭരണാധികാരികള്‍ ഇന്ന് ഇല്ലെന്നുതന്നെ പറയാം. മാധ്യമസ്വാതന്ത്യ്രമെന്നത് വലിയൊരു മിഥ്യയായി കഴിഞ്ഞിട്ട് നാളുകളേറെയായി, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും. ഏബ്രഹാം ലിങ്കന്റെ കാലം തൊട്ട് ലോകത്തെ 'ഏറ്റവും തുറന്ന' ജനാധിപത്യമെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്കയിലെ ശ്രദ്ധേയമായൊരു വാര്‍ഷിക ചടങ്ങായിരുന്നു പ്രസിഡന്റിന്റെ വിരുന്ന്. അതില്‍ രാജ്യത്തെ പ്രമുഖ ഹാസ്യനടന്മാരും കാര്‍ട്ടൂണിസ്റ്റുകളും ഹാസ്യ സാഹിത്യകാരന്മാരുമെല്ലാം പങ്കെടുക്കാറുണ്ട്. ആ വേദിയില്‍വച്ച് ആര്‍ക്കും പ്രസിഡന്റിനെ കളിയാക്കാം, എന്തുവേണമെങ്കിലും പറയാം. അതെല്ലാം അതേ 'സ്പിരിറ്റില്‍' എടുക്കാനും തിരിച്ചു കളിയാക്കാനും പ്രസിഡന്റുമാരും മടിക്കാറില്ല. എല്ലാ പ്രധാന ടെലിവിഷന്‍ ചാനലുകളും ഇത് ലൈവായി കാണിക്കാറുമുണ്ട്. ഒരു അമേരിക്കന്‍ സന്ദര്‍ശനവേളയില്‍, ഒബാമയുടെ ഭരണകാലത്ത്, ഈ പരിപാടി ഞാന്‍ രസിച്ചുകണ്ടതാണ്. തികഞ്ഞ ജനാധിപത്യ വിശ്വാസവും മികച്ച നര്‍മ്മബോധവുമുള്ള ആ മുന്‍ പ്രൊഫസര്‍ ആ പരിപാടി പൊലിപ്പിച്ചത് വലിയൊരു അനുഭവമായിരുന്നു. പക്ഷേ, ജനാധിപത്യത്തിന്റെ ആഘോഷം പോലെ വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ആ ചടങ്ങ്, പ്രതീക്ഷിച്ചതുപോലെ തന്നെ, ഡൊണാള്‍ഡ് ട്രംപ് വന്നപ്പോള്‍ നിറുത്തിവയ്ക്കുകയാണുണ്ടായത്. ഇന്നത്തെ ഭരണകൂടങ്ങള്‍ക്ക് തുറന്ന സംവാദങ്ങളോടും മാധ്യമ വിമര്‍ശനങ്ങളോടുമുള്ള മനോഭാവം എന്താണെന്ന് ഇത് കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടല്ലോ. 

മിക്ക മാധ്യമ സ്ഥാപനങ്ങളും നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ ഭരണകൂടങ്ങളുടെ പാര്‍ശ്വവര്‍ത്തികളാകുന്നത് ഒരു സാധാരണ കാഴ്ചയാണ്.  പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ  അസഹിഷ്ണുത നമ്മെ കാര്യമായി അലട്ടുന്നത് സ്വാഭാവികമാണ്. ഹാസ്യചിത്രങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട കാര്‍ട്ടൂണിസ്റ്റുകളായ അസീം ത്രിവേദി, ബാല എന്നിവരുടെ കാര്യം തന്നെയെടുക്കാം. ഇക്കൂട്ടത്തില്‍ ഏറ്റവും വിചിത്രമായത് അസഹിഷ്ണുതയുടെ പേരില്‍ കേന്ദ്രഭരണകൂടത്തിന്റെ ഏറ്റവും ശക്തയായ വിമര്‍ശകയായ മമതാ ബാനര്‍ജിയുടെ നടപടികളാണ്. തങ്ങളെ വിമര്‍ശിക്കുന്ന ചില കാര്‍ട്ടൂണുകള്‍ പങ്കുവെച്ചതിന്റെ പേരില്‍ ഐ.ടി. ആക്റ്റിലെ വകുപ്പുകളനുസരിച്ച് ഒരു പ്രൊഫസറേയും അയല്‍ക്കാരനേയും തടവിലാക്കുകയെന്ന ക്രൂരതയാണ് ദീദി കാട്ടിയത്. ചുരുക്കത്തില്‍, മാധ്യമ വിമര്‍ശനങ്ങള്‍ക്കെതിരായ അസഹിഷ്ണുതയുടെ കാര്യത്തില്‍ ആരും പരിശുദ്ധരല്ല എന്നുതന്നെ. വ്യത്യാസം, ഒരുപക്ഷേ, അളവില്‍ മാത്രം. 
എന്തായാലും, ഇന്നത്തെ ലോകക്രമത്തില്‍, അസഹിഷ്ണുത ഭീഷണമായി പെരുകിവരുന്ന കാലത്ത് ഇക്കാര്യത്തില്‍ ഭാവിയിലും വലിയ പ്രതീക്ഷകളൊന്നും വച്ചുപുലര്‍ത്തേണ്ടെന്ന് തോന്നിപ്പോകാറുണ്ട്. 

(അനുബന്ധം: ചെറുപ്പകാലത്തെ മോഹങ്ങള്‍ നിരവധിയായിരുന്നു. പക്ഷേ, പടംവര വഴങ്ങാത്തതുകൊണ്ട് കാര്‍ട്ടൂണ്‍ വരയ്ക്കാനായില്ല. പത്തൊന്‍പതാം വയസ്സില്‍ പണിക്കായി വടക്കോട്ട് പോകേണ്ടിവന്നതുകൊണ്ട്   ചെണ്ട പഠിക്കാനുമായില്ല. ആ സ്‌നേഹാദരങ്ങള്‍ ഇന്നും കാത്തുവയ്ക്കുന്നുണ്ട് കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയോടും പെരുവനം കുട്ടന്‍ മാരാരോടും. ഇക്കാര്യം രണ്ടു പേരോടും തുറന്നു പറഞ്ഞിട്ടുമുണ്ട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com