പിണറായി വിജയന്റെ വിധിവൈപരീത്യങ്ങള്‍

മതം, ജാതി, ഈശ്വരന്‍, വിധി തുടങ്ങിയ സവര്‍ണ്ണ ഹൈന്ദവ, ഫ്യൂഡല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരായി തിരക്കഥാകൃത്തുക്കള്‍ വിഭാവനം ചെയ്യുന്ന വൃദ്ധ കഥാപാത്രങ്ങള്‍ ഇങ്ങനെ ആത്മഗതം നടത്തുന്നത് സ്വാഭാവികം.
പിണറായി വിജയന്റെ വിധിവൈപരീത്യങ്ങള്‍

''അടിയന്തരാവസ്ഥയുടെ വാര്‍ഷികത്തില്‍ത്തന്നെ പൊലീസ് കസ്റ്റഡി മര്‍ദ്ദനത്തിനു മറുപടി പറയേണ്ടിവന്നത് വിധിവൈപരീത്യമാണ്.''
അധികവും എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥകളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പഴയ മലയാള സിനിമകളില്‍, പ്രേംജി എന്ന നടന്‍ അഭിനയിച്ചു ഫലിപ്പിച്ച സവര്‍ണ്ണ തറവാട്ടുകാരണവര്‍ കഥാപാത്രങ്ങള്‍ പറഞ്ഞാണ്  'സുകൃതക്ഷയം', 'കലികാല വൈഭവം', 'വിധിവൈപരീത്യം' തുടങ്ങിയ വാക്കുകള്‍ മുന്‍പു കേട്ടിട്ടുള്ളത്. പുതിയ രാഷ്ട്രീയ-സാമൂഹ്യ-സാഹചര്യത്തില്‍ തറവാട്ടിന്റെ സമ്പത്തും അധികാരവും പേരും പ്രശസ്തിയും ക്ഷയിച്ചില്ലാതാകുന്നതിനും മക്കളും മരുമക്കളും വഴിയാധാരമാകുന്നതിനും സാക്ഷിയാകേണ്ടിവന്ന വൃദ്ധനായിരിക്കും അവയിലെല്ലാം പ്രേംജി കഥാപാത്രം. പ്രതാപശാലികളായിരുന്ന കാരണവന്മാരെപ്പറ്റിയുള്ള ഓര്‍മ്മകളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും വിറയ്ക്കുന്ന ശബ്ദത്തിലുള്ള ആ ആത്മഗതങ്ങള്‍.

മതം, ജാതി, ഈശ്വരന്‍, വിധി തുടങ്ങിയ സവര്‍ണ്ണ ഹൈന്ദവ, ഫ്യൂഡല്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരായി തിരക്കഥാകൃത്തുക്കള്‍ വിഭാവനം ചെയ്യുന്ന വൃദ്ധ കഥാപാത്രങ്ങള്‍ ഇങ്ങനെ ആത്മഗതം നടത്തുന്നത് സ്വാഭാവികം. അവരുടെ നിസ്സഹായതയുടെ സത്യസന്ധമായ പ്രകാശനം! പക്ഷേ, ഒരു സാങ്കല്പിക ഫ്യൂഡല്‍ കഥാപാത്രത്തിന്റേതല്ല  മുകളില്‍ ഉദ്ധരിച്ച വാക്കുകള്‍. അത് അടിതെറ്റാത്ത ഒരു കമ്യൂണിസ്റ്റിന്റേതാണ്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടക്കുകയും മര്‍ദ്ദനത്തിനു വിധേയനാകുകയും ചെയ്ത, നിവര്‍ത്തിപ്പിടിച്ച കഠാരകള്‍ക്കിടയിലൂടെ നിര്‍ഭയനായി നടന്നതിന്റെ ഓര്‍മ്മകളുള്ള, മാധ്യമങ്ങളും സമൂഹവും എന്തുപറയുന്നു എന്നു ശ്രദ്ധിക്കാതെ വാക്കിലും പ്രവൃത്തിയാലും ഉറച്ചുനില്‍ക്കുന്ന, അതുകൊണ്ടുതന്നെ 'ധാര്‍ഷ്ട്യക്കാരന്‍' എന്നു വിളിപ്പേരുള്ള മുഖ്യമന്ത്രി, പിണറായി വിജയന്‍ പറഞ്ഞതാണ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഈയിടെ, വിജയകുമാര്‍ എന്നൊരാള്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവം നിയമസഭയില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചില സമയങ്ങളില്‍ മനുഷ്യര്‍ പറയുന്ന വാക്കുകളില്‍ അഗാധമായ ഉള്‍ക്കാഴ്ചകളും വര്‍ത്തമാന നിരീക്ഷണങ്ങളും ഭാവിയെപ്പറ്റിയുള്ള ദര്‍ശനങ്ങളും അവര്‍ അറിയാതെ തന്നെ വന്നുചേരാറുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ്  പലപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളത്. സാധാരണ മനുഷ്യര്‍പോലും ദാര്‍ശനികരായിപ്പോകുന്ന ക്ലേശമുഹൂര്‍ത്തങ്ങളില്‍. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നു പറയുന്നതുപോലെ ഗതികിട്ടാതാകുമ്പോള്‍ കമ്യൂണിസ്റ്റുകാരനും വിധിവിശ്വാസിയാകുന്നു എന്നാകുമോ പുതിയ കാലത്തെ ചൊല്ല്.

ഒരു  കസ്റ്റഡിമരണത്തെപ്പറ്റിയുള്ള നിയമസഭാ ചര്‍ച്ചയില്‍ പെട്ടെന്ന് കടന്നുവന്നതാവില്ല പിണറായി വിജയന്റെ നാവിന്‍തുമ്പില്‍ 'വിധിവൈപരീത്യം' എന്ന പദം. അങ്ങനെയൊരു വാക്കും ഒഴുകിയെത്താറില്ല ആരുടെ നാവിലും. ഉച്ചരിക്കുന്നതും എഴുതുന്നതുമായ ഓരോ വാക്കിനു പിന്നിലും സമൂഹത്തിന്റേയും ചരിത്രത്തിന്റേതുമായ നീണ്ട ഭൗതിക പ്രക്രിയകളുണ്ട് എന്നാണല്ലോ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര-സൗന്ദര്യശാസ്ത്ര വിശാരദന്മാര്‍ തന്നെ പറയുന്നത്. ഈ അര്‍ത്ഥത്തില്‍ വിലയിരുത്തുമ്പോഴാണ് ഏത് ഭൗതിക സാഹചര്യത്തിലാണ്  മുഖ്യമന്ത്രി ആ വാക്ക് ഉപയോഗിച്ചത് എന്നു മനസ്സിലാകുന്നത്. അതായത്, കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളായി കേരളീയ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഏറ്റവും ഉചിതമായ വാക്കാണ് അത്. ഇതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെട്ട ചില വിധി വൈപരീത്യങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കാം.

സംസ്ഥാനത്തിന്റെ കാര്യത്തില്‍ താറുമാറായിക്കിടക്കുന്നവയെല്ലാം 'ശരിയാക്കാം' എന്ന വാഗ്ദാനത്തിലും ഉറച്ച വിശ്വാസത്തിലുമാണ് സി.പി.ഐ.(എം) പോളിറ്റ്ബ്യൂറോ അംഗവും ഇതുവരെയുള്ളവരില്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നയാള്‍ എന്ന ഖ്യാതിയുമുള്ള പിണറായി വിജയന്‍ 2016, മെയ് 25-ന് തന്റെ 71-ാമത്തെ വയസ്സില്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതൊരു വിധിവൈപരീത്യമായിരുന്നില്ല. 1945 മെയ് 24-നു ജനിച്ച അദ്ദേഹത്തിനു വിധിയുടെ ഒരു പിറന്നാള്‍ അനുഗ്രഹമായിരുന്നു. തൂണിലും തുരുമ്പിലും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ശ്രീഗുരുവായൂരപ്പനേയും ഇ.കെ. നയനാര്‍ തമാശയും ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ്സിലെ ഗ്രൂപ്പും കണ്ടപ്പോള്‍ പിണറായി ഓരോ ഓഫീസ് ഫയലിലും അന്വേഷിച്ചത് ഓരോ മനുഷ്യജീവിതമാണ്. മുഖ്യമന്ത്രിയായ ശേഷം സര്‍ക്കാര്‍ ജീവനക്കാരോടു നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ ദര്‍ശനം വെളിപ്പെടുത്തിയത്.

പക്ഷേ, സംഭവിച്ചതോ? സംഭവിച്ചവര്‍ക്ക് അദ്ദേഹത്തിനു മറുപടി പറയേണ്ടി വന്നതോ? ''പേടിക്കേണ്ട, സര്‍ക്കാര്‍ കൂടെയുണ്ട്'' എന്നായിരുന്നു പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വിശ്വാസവും ധൈര്യവും.
പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടി  അനുഭാവികളായ അച്ഛനമ്മമാര്‍ക്കു ജനിച്ച്, പാര്‍ട്ടി  ആശയങ്ങളില്‍ വളര്‍ന്ന ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജില്‍ അനുഭവിച്ച പീഡനത്തെത്തുടര്‍ന്നു ജീവിതം അവസാനിപ്പിക്കേണ്ടിവന്നപ്പോള്‍, ദുഃഖിതയായ ആ അമ്മയെ ഒന്നു കാണാനോ സമാധാനിപ്പിക്കാനോ കഴിയാതെപോയത് ആരുടെ വിധിവൈപരീത്യം? ആ അമ്മയുടേയോ കൂടെയുണ്ട് എന്നു പറഞ്ഞ മുഖ്യമന്ത്രിയുടേയോ? പാര്‍ട്ടിപ്രവര്‍ത്തകകളായ യുവതികള്‍ പാര്‍ട്ടി ഓഫീസുകളില്‍ പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളുമായ പുരുഷന്മാരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നടപടിയെടുക്കാന്‍ കഴിയാതെപോയതും ഒരു വിധിവൈപരീത്യമല്ലേ?

വിധിവൈപരീത്യമല്ലേ, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഉദ്യോഗസ്ഥവൃന്ദവുമായി ലോകം ചുറ്റുന്നതിനിടെ മന്ത്രിമാര്‍ പറയുന്ന വാക്കുകളില്‍ വിശ്വസിച്ച്, ആന്തൂരില്‍ മുതല്‍മുടക്കിയ, പാര്‍ട്ടി കുടുംബാംഗമായ സാജന്റെ ആത്മഹത്യ? വിധിവൈപരീത്യമല്ലേ, ഭര്‍ത്താവിന്റെ മരണപാത താനും മക്കളും പിന്‍തുടരുമെന്ന് അയാളുടെ വിധവയെക്കൊണ്ട് നിലവിളിച്ചു പറയിപ്പിക്കുന്ന, പൊലീസും പാര്‍ട്ടി പത്രവും ഉള്‍പ്പെടെ ദുഷ്പ്രചാരണത്തിന്റെ  അപവാദ വ്യവസായം?

'ഒറ്റപ്പെട്ട സംഭവങ്ങള്‍', 'വ്യക്തിപരമായ അപഭ്രംശങ്ങള്‍' എന്ന ശീര്‍ഷകങ്ങള്‍ക്കു കീഴെ ഈ സംഭവങ്ങളെല്ലാം നമുക്ക് ഒതുക്കിത്തീര്‍ക്കാം. ഇപ്പോഴത്തെ നാട്ടുഭാഷയില്‍ മറുപടിയില്ലാത്ത ഗോളുകള്‍ ഉതിര്‍ത്തു വിജയിക്കാം. അതേസമയം, പ്രകൃതിയും ചരിത്രവും തിരിഞ്ഞുകുത്തുന്ന വിധിവൈപരീത്യങ്ങളെ നാം ഏതു ശീര്‍ഷകത്തിനു കീഴില്‍ അക്കമിട്ടു നിരത്തും? യോഗം വിളിച്ചു വിശദീകരിക്കും?

കേരള സംസ്ഥാനം ഒരു വ്യക്തിയാണെങ്കില്‍, അഥവാ ഒരു വീടാണെങ്കില്‍ ഒരു സ്വര്‍ണ്ണപ്രശ്‌നം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിധിയിലും അതുവഴി വിധിവൈപരീത്യത്തിലും വിശ്വസിക്കുന്നവര്‍ കാലാകാലങ്ങളായി ചെയ്തുവരുന്നതാണ് അത്. അതായത്, വ്യക്തിജീവിതത്തില്‍, കുടുംബത്തില്‍, നാട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയും ശാസ്ത്രീയമായ പരിഹാരങ്ങള്‍ ഫലിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഗ്രഹനില പരിശോധിച്ചു പരിഹാരക്രിയ ചെയ്യുക എന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കേരളത്തില്‍ സംഭവിക്കുന്ന മഹാദുരന്തങ്ങള്‍ നോക്കൂ: നിപ, ഡെങ്കി, കുരങ്ങു മുതല്‍ എല്ലാ ജീവികളുടേയും പേരിലുള്ള പനികള്‍; പ്രതീക്ഷിക്കാത്ത മഹാമാരിയും അതിമഹാപ്രളയവും; കേട്ടുകേള്‍വിയില്ലാത്ത വരള്‍ച്ച ജലക്ഷാമം... ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാം. ഒരു വ്യക്തിക്കോ വീട്ടിലോ ആയിരുന്നു ഇതെല്ലാം സംഭവിച്ചതെങ്കില്‍ തീര്‍ച്ചയായും അയാളുടെ ഗൃഹനാഥന്റെ ജാതകം പരിശോധിക്കുമായിരുന്നു 'വിധിവൈപരീത്യ'ത്തില്‍ വിശ്വസിച്ചിരുന്ന പൂര്‍വ്വികര്‍, 'യഥ പ്രജ, തഥാ രാജ' എന്നാണല്ലോ ചൊല്ല്. അതനുസരിച്ച്, പ്രജകളുടെ വിധി, രാജാവിന്റെ വിധി.

വിധിവൈപരീത്യങ്ങളുടെ ഈ പരമ്പരയില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ 'എസ്.എഫ്.ഐ'ക്കാരനെ എസ്.എഫ്.ഐക്കാര്‍ കുത്തിവീഴ്ത്തിയ സംഭവം. ഈ സംഭവത്തിന്റെ പേരില്‍, നിയമസഭാ സ്പീക്കര്‍ ലജ്ജിച്ചു താഴ്ത്തി, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് മലയാളികളോട് ക്ഷമ ചോദിച്ചു, അപവാദം എന്നു സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. തോമസ് ഐസക്കും എം.എ. ബേബിയും പറഞ്ഞു, 'കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ല' എന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിലെ വിധിവൈപരീത്യം വ്യക്തമാകണമെങ്കില്‍, എ.കെ.ജി. സെന്ററും യൂണിവേഴ്സിറ്റി കോളേജും തമ്മിലുള്ള അകലം കൂടി മനസ്സിലാക്കണം. പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ സാമീപ്യത്തില്‍ അവരെക്കണ്ട് വളര്‍ന്നവരാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐക്കാര്‍. അതായത്, പാര്‍ട്ടി അടുത്തും മടിയിലുമിരുത്തി വളര്‍ത്തി വലുതാക്കിയവര്‍. കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം മക്കളെ വളര്‍ത്തി വലുതാക്കിയതുപോലെ. കോടിയേരിയുടെ മക്കള്‍ക്കു വീഴ്ചപറ്റിയെങ്കില്‍, അതു കുടുംബപരം, വ്യക്തിപരം, പാര്‍ട്ടിവിഷയമല്ല എന്നെല്ലാം പറഞ്ഞു വിശദീകരിക്കാം. പക്ഷേ, പാര്‍ട്ടിയുടെ മക്കള്‍ ക്രിമിനലുകളായാലോ? വിധിവൈപരീത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com