തെരഞ്ഞെടുപ്പ് - നമ്മുടേയും അവരുടേയും: സേതു എഴുതുന്നു

അന്ന് സ്‌കൂള്‍ മുറ്റത്ത് ഹെഡ്മാസ്റ്റര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ വലിയ ആഘോഷമായിരുന്നെന്ന് ഒരു മങ്ങിയ ഓര്‍മ്മയുണ്ട്.
തെരഞ്ഞെടുപ്പ് - നമ്മുടേയും അവരുടേയും: സേതു എഴുതുന്നു



ണ്ടു മാസത്തിലേറെയായി നടന്നു വന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒടുവില്‍ അവസാന മായിരിക്കുന്നു. ഇപ്പോള്‍ തന്നെ വിഷമയമായ അന്തരീക്ഷത്തെ ഒന്നുകൂടി ദുഷിപ്പിച്ചു കടന്നുപോയ പ്രചാരണ കോലാഹലം. സ്വാതന്ത്യ്രം കിട്ടുന്നതിനു മുന്‍പു ജനിച്ച ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം, ഏറ്റവും വഷളായ പ്രചാരണ പോരാട്ടം തന്നെയായിരുന്നു ഇത്തവണത്തേത്. അവസാനം, മുന്‍പില്ലാത്ത ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരം നിലനിറുത്തിയിരിക്കുന്നു. ഇരുട്ടുകൊണ്ട്  നിരവധി ഓട്ടകള്‍ അടച്ചിട്ടാണെങ്കിലും, മികച്ച സംഘടനാ വൈഭവത്തിലൂടെ നേടിയ ഈ വിജയം വിജയം തന്നെ. കൂട്ടത്തില്‍, ഈ കാറ്റില്‍ കുലുങ്ങാതെ നിന്നതില്‍ കേരളജനതയ്ക്കും അഭിമാനിക്കാം.

എന്റെ സ്‌കൂള്‍ ജീവിതത്തിന്റെ തുടക്കക്കാലത്താണ് ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം കിട്ടുന്നത്. അന്ന് സ്‌കൂള്‍ മുറ്റത്ത് ഹെഡ്മാസ്റ്റര്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ വലിയ ആഘോഷമായിരുന്നെന്ന് ഒരു മങ്ങിയ ഓര്‍മ്മയുണ്ട്. അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് കൈ നിറയെ മിഠായികളും കിട്ടി. മധുരവും പുളിയുമുള്ള നാരങ്ങമിഠായി. രാജ്യത്തിനു സ്വാതന്ത്യ്രം കിട്ടുകയെന്നാല്‍ ശരിക്കും എന്താണെന്നു മനസ്സിലാക്കാനാവാത്ത പ്രായം. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി. അന്നും സ്‌കൂള്‍മുറ്റത്ത് കൊടി ഉയര്‍ത്തി, ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചുവെങ്കിലും അപ്പോഴും ഈ 'റിപ്പബ്ലിക്ക്' എന്താണെന്ന്  ഞങ്ങള്‍ക്ക് മനസ്സിലായില്ല. പക്ഷേ, മധുരവും പുളിയുമുള്ള പഴയ നാരങ്ങമിഠായിക്കു പകരം അക്കുറി വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഏതോ വില കുറഞ്ഞ ചോക്ക്‌ലേറ്റാണ് ഞങ്ങള്‍ക്കു കിട്ടിയത്. അതോടെ ഇതേപ്പറ്റി ഏതാണ്ടൊരു ധാരണ കിട്ടി. സ്വാതന്ത്യ്രമെന്നു പറയുന്നത് അല്പം  പുളി കലര്‍ന്ന നാരങ്ങമിഠായിയാണെങ്കില്‍ റിപ്പബ്ലിക്ക് ഒരു മധുരമുള്ള ചോക്ലേറ്റാണ്. ചുരുക്കത്തില്‍, ഈ റിപ്പബ്ലിക്കു തന്നെ മുന്തിയത്!

ഈ സന്ദര്‍ഭത്തില്‍ ബറാക്ക് ഒബാമയുടെ ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്തിന്റെ (2008) അവസാന ഘട്ടത്തില്‍ ഏതാണ്ട് മൂന്ന് മാസത്തോളം അമേരിക്കയില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിനെപ്പറ്റി ഓര്‍ത്തുപോയി. ആ തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടങ്ങള്‍ ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയെപ്പോലെ പത്രത്തിലും ടെലിവിഷനിലും പിന്തുടരാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ലോകത്തെ ഏറ്റവും ശക്തമെന്നു കരുതാവുന്ന ഒരു ഡെമോക്രസിയില്‍, ഏറെക്കുറെ സുതാര്യമെന്നു പറയാവുന്ന രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ്. ഉദാഹരണത്തിന്, 2020 നവംബര്‍ 3-ന് നടക്കാന്‍ പോകുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിവിധ ഷെഡ്യൂളുകള്‍ ഇപ്പോഴേ പ്രഖ്യാപിച്ചു കഴിഞ്ഞു. ആദ്യ ഘട്ട സ്ഥാനമോഹികളുടെ പേരുകളും പുറത്തായിട്ടുണ്ട്. സാമാന്യം നീണ്ടതും  സങ്കീര്‍ണ്ണമായതുമാണ് അവിടത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ. അതില്‍ ആദ്യത്തേതാണ് പാര്‍ട്ടികള്‍ക്ക് അവരുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനായി സ്റ്റേറ്റ് തലത്തില്‍ നടക്കുന്ന 'പ്രൈമറികള്‍'. ഇതിലാണ് പ്രധാന പാര്‍ട്ടികള്‍, ഫെഡറല്‍ മുതല്‍  പ്രാദേശിക തലങ്ങള്‍ വരെയുള്ള മത്സരങ്ങള്‍ക്കായുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. അവയിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ നിശ്ചിത തിയതികളില്‍ തുറന്ന സംവാദങ്ങള്‍ നടക്കും. മിക്കതിന്റേയും ലൈവ് ടെലികാസ്റ്റുകളുമുണ്ടാവും. അതിന്റെ അടിസ്ഥാനത്തില്‍ അവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാം. ഇങ്ങനെ അടുത്ത നവംബറിലെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി വടക്കേ അറ്റത്തുള്ള ന്യൂ ഹാംബ് ഷയര്‍ സ്റ്റേറ്റിലെ പ്രൈമറി നടക്കാന്‍ പോകുന്നത് ഇക്കൊല്ലം ജൂണിലാണെന്നത് കൗതുകകരമാണ്.  അങ്ങനെ പ്രസിഡന്റ് സ്ഥാനത്തേക്ക്  മത്സരിക്കുന്ന നിരവധി പേരില്‍ മുന്‍നിരക്കാരനെന്നു കരുതപ്പെടുന്ന ഒബാമയുടെ വൈസ് പ്രഡിന്റായിരുന്ന ജോ ബൈഡനു പോലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ടിക്കറ്റ് കിട്ടാന്‍ വേണ്ടി ഈ കടമ്പകളെല്ലാം കടന്നു മുന്നേറേണ്ടിയിരിക്കുന്നു!

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഈ തുറന്ന സംവാദങ്ങള്‍ തന്നെയാണ്. ചൂടുപിടിച്ച ഈ ടെലിവിഷന്‍ സംവാദങ്ങള്‍ ഒന്നും വിടാതെ കേള്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചിരുന്നു. നമ്മുടെ നാട്ടിലേതുപോലെ ഒരുപാട് ആരോപണ പ്രത്യാരോപണങ്ങളും നടപ്പിലാക്കാനാവാത്ത പൊള്ളയായ വാഗ്ദാനങ്ങളും അവിടെയും ഉണ്ടായിരുന്നെങ്കിലും അവയിലെല്ലാം പൊതുവെ ഒരു പരസ്പര ബഹുമാനം കാണാന്‍ കഴിഞ്ഞു. വാസ്തവത്തില്‍, യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ ആണിക്കല്ല് തന്നെ എതിരാളികള്‍ തമ്മിലുള്ള ഇത്തരം സുതാര്യമായ സംവാദങ്ങളല്ലേ? 

ഇതിനോട് ചേര്‍ത്ത്, തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പു കാലത്തെ ഒരു സംഭവം കൂടി പറയാ തെ വയ്യ. 2004-ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് വീണ്ടും തെരഞ്ഞെടുക്കപ്പെടാനായി പണിപ്പെട്ടു കൊണ്ടിരുന്ന കാലം. അന്നാണ്, ബുഷിന്റെ നയങ്ങളെ വല്ലാതെ എതിര്‍ത്തിരുന്ന പ്രസിദ്ധ ഡോക്യുമെന്ററി സംവിധായകനായ മൈക്കല്‍ മൂറിന്റെ ശ്രദ്ധേയമായ ചിത്രം 'ഫാറന്‍ഹീറ്റ് 9/11' പുറത്തുവരുന്നത്. പ്രസിഡന്റ് ബുഷിന്റെ യുദ്ധക്കൊതി എടുത്തുകാട്ടിയിരുന്ന ആ പടത്തില്‍, ബുഷിന്റേയും ഒരു കുരങ്ങന്റേയും മുഖം ക്ലോസപ്പില്‍ പല തവണ മാറിമാറി കാണിച്ചത്  അത്യപൂര്‍വ്വമായ ധീരതയായിരുന്നു. ബുഷിനെതിരെ നിരവധി ആരോപണങ്ങള്‍ നിരത്തുന്ന മൂര്‍ ചൂണ്ടിക്കാണിക്കുന്നത് വേള്‍ഡ് ട്രേഡ് ടവര്‍ തകരുമ്പോള്‍ ബുഷ് ദൂരെയെവിടെയോ ഒരു സ്‌കൂളില്‍ കുട്ടികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ്. ഞെട്ടിപ്പിക്കുന്ന ആ വിവരമറിഞ്ഞിട്ടും അദ്ദേഹം സ്ഥലത്തെത്താന്‍ വൈകിപോലും... എന്തായാലും, അമേരിക്കയിലെ ഒരു തിയേറ്ററില്‍ ഈ ചിത്രം കണ്ടെഴുന്നേല്‍ക്കുന്ന കാണികള്‍ എഴുന്നേറ്റുനിന്ന് ഏറെ നേരം കൈയടിച്ചത് ഓര്‍മ്മവരുന്നു. 

ഇതുപോലെ തന്നെ അവിടത്തെ മറ്റൊരു വാര്‍ഷികച്ചടങ്ങും ശ്രദ്ധേയമാണ്.  ഏതാണ്ട് രണ്ട് മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന ആ ചടങ്ങ് പ്രസിഡന്റിന്റെ വിരുന്നാണ്. അതില്‍ രാജ്യത്തെ പ്രമുഖ കൊമേഡിയന്‍മാരും കാര്‍ട്ടൂണിസ്റ്റുകളും ഹാസ്യസാഹിത്യകാരന്മാരുമെല്ലാം പങ്കെടുക്കാറുണ്ട്. ആ വേദിയില്‍വച്ച് ആര്‍ക്കും പ്രസിഡന്റിനെ കളിയാക്കാം, എന്തു വേണമെങ്കിലും പറയാം. അതെല്ലാം അതേ 'സ്പിരിറ്റില്‍' എടുക്കാനും തിരിച്ചു കളിയാക്കാന്‍ പ്രസിഡന്റുമാരും മടിക്കാറില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ, വര്‍ഷങ്ങളായി ജനാധിപത്യത്തിന്റെ ആഘോഷം പോലെ പരമ്പരാഗതമായി നടന്നുവന്നിരുന്ന ഈ ചടങ്ങ്, ഡൊണാള്‍ഡ് ട്രംപ് വന്നപ്പോള്‍ നിറുത്തിവയ്ക്കുകയാണുണ്ടായത്. നമ്മുടെ മോദിജിയെപ്പോലെ ട്രംപിനും സംവാദങ്ങളില്‍ താല്പര്യമില്ലല്ലോ. അല്ലെങ്കിലും, പല കാര്യങ്ങളിലും അവര്‍ തമ്മില്‍ വലിയ സാമ്യമുണ്ടല്ലോ. 
ബറാക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്രിക്കന്‍ അമേരിക്കന്റെ അത്ഭുതകരമെന്നു പറയാവുന്ന ചരിത്രവിജയത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക്   സാക്ഷിയാകുക എന്നതും വലിയൊരു കാര്യമാ യിരുന്നു. അതേപ്പറ്റി അന്നത്തെ നമ്മുടെ രണ്ടു പ്രധാന പത്രങ്ങളില്‍ കുറച്ചൊക്കെ എഴുതാനും കഴിഞ്ഞു. പ്രത്യേകിച്ചും ആ ക്ലൈമാക്സ് രംഗം. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെ, അവിടത്തെ സമയം ഏതാണ്ട് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോഴേക്കും ഒബാമ അനിഷേധ്യമായ ലീഡ് നേടിക്കഴിഞ്ഞിരുന്നു. അങ്ങനെ അതേപ്പറ്റി  ഒരു റിപ്പോര്‍ട്ട് പെട്ടെന്നു തയ്യാറാക്കി നാട്ടിലെ ഒരു പ്രമുഖ  പത്രത്തിന് അയച്ചുകൊടുത്തു. പിറ്റേന്ന് രാവിലെ കംപ്യൂട്ടറില്‍ പത്രത്തിന്റെ ഇ-പതിപ്പ് നോക്കിയപ്പോള്‍ ആ പ്രത്യേക റിപ്പോര്‍ട്ട് ന്യൂസ് ഏജന്‍സികളുടെ റിപ്പോര്‍ട്ടിനോടൊപ്പം വളരെ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നത് കണ്ടത് വിസ്മയകരമായൊരു അനുഭവമായിരുന്നു.
അമേരിക്കയിലെ വോട്ടര്‍മാരേയും അതിലൂടെ അമേരിക്കന്‍ ജനതയെ തന്നെയും ബാഹ്യ ലോകത്തിനു മുന്നില്‍ മറ്റൊരു വെളിച്ചത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നതാണ് ആ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. വംശീയമായ എല്ലാ ചേരിതിരിവുകള്‍ക്കുമപ്പുറമായി അവര്‍ക്കു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിഞ്ഞുവെന്നത് ചെറിയൊരു കാര്യമല്ല. മാത്രമല്ല, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വലിയ തോതില്‍ വെള്ളക്കാരായ വോട്ടര്‍മാര്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചുവെന്നത് അമേരിക്കന്‍ ജനാധിപത്യത്തിന്റെ തന്നെ വിജയമായി കാണാവുന്നതാണ്. ജനപ്രിയതയുടെ കാര്യത്തില്‍ ഒബാമയെ മാധ്യമങ്ങള്‍ ജോണ്‍ കെന്നഡിയുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങിയതും ഇതേ കാരണംകൊണ്ടു തന്നെ. 

എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറമായി ഒബാമയ്ക്ക് ഇത്രയും വമ്പിച്ചൊരു വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം. ഡമോക്രാറ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി തന്നെ ഹിലരി ക്ലിന്റനുമായി ഒരു നീണ്ട  പോരാട്ടം തന്നെ വേണ്ടിവന്നു ഒബാമയ്ക്ക്. എന്തായാലും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിനുമായുള്ള അവസാന മത്സരം എല്ലാ അര്‍ത്ഥത്തിലും ചരിത്രപ്രാധാന്യമുള്ളതും അതേസമയം ഏറ്റവും വിഷമയവുമായിരുന്നുവെന്നാണ്  ഈ രംഗത്തെ ദീര്‍ഘകാല നിരീക്ഷകര്‍ വിലയിരുത്തിയത്. അതിന്റെ പല കാരണങ്ങളില്‍ ഏറ്റവും പ്രധാനം ബറാക്ക് ഒബാമ എന്ന ആഫ്രോ അമേരിക്കന്‍ വംശജന്റെ രംഗപ്രവേശം തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും എക്സിറ്റ് പോളുകളിലും മുന്നിട്ടുനിന്നിരുന്നത് ഒബാമ തന്നെയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ചില കാതലായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ അമേരിക്കന്‍  രാജ്യത്തിന്റെ പരമോന്നത പദവിയിലേക്കു മത്സരിക്കുന്നുവെന്നതു മാത്രമായിരു ന്നില്ല പ്രധാന വിഷയം. ലോകമാകെ വമ്പിച്ചൊരു സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലായിരിക്കെ ഇക്കാര്യത്തില്‍ ഏതു തരത്തിലുള്ള ആഗോള നേതൃത്വമാണ് പുതിയ പ്രസിഡന്റിനു നല്‍കാനാകുക? പഴയ വിയറ്റ്‌നാമിനെക്കാള്‍ വലിയ കീറാമുട്ടിയായി മുന്‍പില്‍ കിടക്കുന്ന ഇറാഖ് പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും? അക്കാദമിക, ബുദ്ധിജീവി പരിവേഷവും സൗമ്യശീലവുമുള്ള ഒബാമയെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ തയ്യാറാകുമോ പൊതുവെ കടുപ്പക്കാരനായ, ആക്രമണസ്വഭാവമുള്ള പ്രസിഡന്റിനെ ഇഷ്ടപ്പെടുന്ന അമേരിക്കന്‍ ജനത? പൊതുവെ പൗരുഷമുള്ള ഒരു പ്രസിഡന്റിനെയാണ് അവര്‍ക്ക് എപ്പോഴും വേണ്ടത്. ഈ കളി തന്നെയല്ലേ ഇവിടെയും സമര്‍ത്ഥമായി കളിക്കാന്‍ മോദിയും ശ്രമിച്ചത്?

പിന്നെ ഒബാമയുടെ രണ്ടാംപേരായ ഹുസൈന്‍ എന്നത് എത്രകണ്ട് പഥ്യമാകും യാഥാ സ്ഥിതികര്‍ക്ക്? കാല്‍നൂറ്റാണ്ടിനു മുന്‍പ് കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ കറുത്ത വര്‍ഗ്ഗക്കാരന്‍ ടോം ബ്രാഡ്ലി എക്സിറ്റ് പോളില്‍ വളരെ മുന്നിലായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ പരാജയപ്പെട്ടത് ഒരു ലക്ഷം വോട്ടിനായിരുന്നു. അതായത് എക്സിറ്റ് പോളില്‍ പറഞ്ഞതില്‍നിന്നു നേരെ എതിരായി വോട്ട് ചെയ്യുകയായിരുന്നു വെള്ളക്കാരായ ബഹുഭൂരിപക്ഷം വോട്ടര്‍മാരും എന്നര്‍ത്ഥം.
അതേസമയം എതിരാളിയായിരുന്ന പഴയ സൈനികന്‍ മക്കെയിന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പരിചയസമ്പന്നനായിരുന്നു. വിയറ്റ്‌നാം യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട  മക്കെയിന്‍ ദീര്‍ഘകാലം അവരുടെ തടവറയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയുണ്ടായി. അന്ന് മുപ്പതുകാരനായിരുന്ന അദ്ദേഹത്തിന്റെ പീഡനകാലത്തെ ചില ചിത്രങ്ങള്‍ ടെലിവിഷനിലൂടെ ഒഴുകിനടന്നിരുന്നു. അങ്ങനെ എത്രകണ്ട് പീഡിപ്പിക്കപ്പെട്ടിട്ടും രാജ്യത്തെ തള്ളിപ്പറയാതിരുന്ന മക്കെയിന് അതുകൊണ്ടു തന്നെ നിരവധി  ആരാധകരുണ്ടായിരുന്നു. മാത്രമല്ല, പ്രചാരണത്തിന്റെ പല ഘട്ടങ്ങളിലും  ഒബാമയെ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റ് അനുഭാവിയുമൊക്കെയായി ചിത്രീകരിക്കാനുള്ള തീവ്രമായ ശ്രമവും നടന്നു. പൊതുവെ അമേരിക്കക്കാരനു രുചിക്കാത്ത ഈ വിഷയം മക്കെയിന്‍ പക്ഷത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു. വീറും വാശിയുമുള്ള ടെലിവിഷന്‍ അഭിമുഖങ്ങളില്‍ ഒബാമയുടെ നാവില്‍നിന്നു വീഴുന്ന ഒരോ വാക്കുകളും ഇഴകീറി പരിശോധിക്കാന്‍ കാത്തു നില്‍ക്കുകയായിരുന്നു എതിരാളികള്‍.
എന്തായാലും, ഒബാമയുടെ പ്രാരണം തന്നെ 'മാറ്റത്തിനു' വേണ്ടിയായിരുന്നു. എട്ടു വര്‍ഷത്തെ ബുഷ് ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ വരുത്തിവെച്ച കെടുതികള്‍ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനം വാള്‍സ്ട്രീറ്റും ഇറാക്കും തന്നെയായിരുന്നു. വാള്‍സ്ട്രീറ്റിലെ പിടിപ്പുകേടിന്റെയും, കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ദുഷ്ഫലങ്ങള്‍ ലോകമാകെ അനുഭവിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. മാത്രമല്ല,  അന്ന് ഇറാക്കില്‍ ആഴ്ച തോറും തുലച്ചു കൊണ്ടിരുന്നത് 2.5 ബില്ല്യന്‍ ഡോളറോളം വരുമെന്നു പറയപ്പെട്ടിരുന്നു. അത്തരമൊരു ഭീമമായ ചെലവ് മാത്രമല്ല, അവിടെ കൊല്ലപ്പെട്ട പാവപ്പെട്ട അമേരിക്കന്‍ ഭടന്മാരുടെ കാര്യം തുടങ്ങിയ എല്ലാ പിഴവുകളുടേയും പാപഭാരം സ്വാഭാവികമായും മക്കെയിന് ഏറ്റെടുക്കേണ്ടിവന്നുവെന്നത് നേരാണ്. 

പക്ഷേ, എഴുപത്തിരണ്ടുകാരനായ മക്കെയിനെക്കാള്‍ തെളിഞ്ഞ കാഴ്ചപ്പാടുകളോടെ ലോകത്തെ കാണാനായി നാല്‍പ്പത്തിരണ്ടുകാരനായ ഒബാമക്ക്. ഹാര്‍വാര്‍ഡ് നിയമസ്‌കൂളില്‍നിന്നു ബിരുദമെടുത്ത്, ഷിക്കാഗൊ സര്‍വ്വകലാശാലയില്‍ നിയമം പഠിപ്പിച്ചിരുന്ന ഒബാമ വിദേശകാര്യമടക്കം തന്ത്രപ്രധാനമായ പല വിഷയങ്ങളിലും അമേരിക്കയ്ക്ക് പുതിയൊരു മുഖം കൊടുക്കാന്‍ കഴിവുള്ളയാളായിരുന്നു. അതുകൊണ്ടാവാം, മെച്ചപ്പെട്ട വിദ്യാഭ്യാസവും തിരിച്ചറിവുമായി രൂപംകൊണ്ട പുതിയ തലമുറ വോട്ടര്‍മാരും, പ്രത്യേകിച്ച് ആദ്യമായി വോട്ട് ചെയ്യുന്നവരും വലിയ തോതില്‍ ഒബാമയെ പിന്താങ്ങിയെന്നത് വ്യക്തമാണ്. കൂടാതെ, അമേരിക്കയിലെ ജനസംഖ്യയില്‍ വലിയൊരു ശതമാനം വരുന്ന ഹിസ്പാനിക് വംശജരും  ലാറ്റിന്‍ അമേരിക്കക്കാരും ആഫ്രിക്കന്‍ വംശജരുമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ വലിയൊരു ശക്തിയാണ്. വെള്ളക്കാരെ അപേക്ഷിച്ച്, വര്‍ഷം തോറും വല്ലാതെ പെരുകുന്ന ഒരു കൂട്ടം. ഇവരെ മൊത്തത്തിലുള്ള വോട്ട് ബാങ്കായി കാണാനാവില്ലെങ്കിലും ഒബാമയുടെ ആഫ്രിക്കന്‍ പിതൃത്വം കുറേ പേരെയെങ്കിലും സ്വാധീനിച്ചുവെന്നതു നേരാണ്.  അമേരിക്കയിലെ തന്നെ കറുത്ത വര്‍ഗ്ഗക്കാരുടെ വലിയ പിന്തുണയും സ്വാഭാവികമായി അദ്ദേഹത്തിനു കിട്ടിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിലെ പ്രധാന വിഷയം സമ്പദ്വ്യവസ്ഥയിലെ തളര്‍ച്ചയോടൊപ്പം ഇറാക്കും അഫ്ഗാനിസ്ഥാനും ഭീകരവാദവുമൊക്കെയായിരുന്നെങ്കിലും ഈ ചിത്രത്തിന് ഒരു നാടകീയ സ്വഭാവം കൈവന്നത് സെപ്റ്റംബറിന്റെ ആദ്യവാരത്തില്‍ വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ഓരോന്നായി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴാന്‍ തുടങ്ങിയതോടെയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ വീണപ്പോള്‍ തോന്നിയ അതേ അവിശ്വസനീയത തന്നെയായിരുന്നു, ഈ പടുകൂറ്റന്‍ സ്ഥാപനങ്ങളുടെ വീഴ്ചയിലും കാണാനായത്. അതേത്തുടര്‍ന്ന് ഓഹരിക്കമ്പോളത്തിലും ഇന്‍വെസ്റ്റ് കമ്പനികളിലുമുണ്ടായിരുന്ന നിക്ഷേപങ്ങളുടെ മൂല്യം കുത്തനെ താഴാന്‍ തുടങ്ങിയതോടെ ശരാശരി അമേരിക്കക്കാരന്‍ പരിഭ്രാന്തനാകാന്‍ തുടങ്ങി. വിപണിയില്‍ മാത്രം അധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം താങ്ങാനാവുന്നതായിരുന്നില്ല ഈ വിശ്വാസത്തകര്‍ച്ച. ഇത് സാധാരണക്കാരനെ കുഴപ്പത്തിലാക്കിയത് പ്രധാനമായും രണ്ടു വിധത്തിലാണ്. ലക്ഷക്കണക്കിനു ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, യുവതലമുറയെ സംബന്ധിച്ചിടത്തോളം പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. കമ്പോളങ്ങളുടെ തകര്‍ച്ചയോടെ ജീവനക്കാരുടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുടെ 41കെ എന്ന പദ്ധതിയനുസരിച്ചുള്ള നിക്ഷേപങ്ങളുടെ മൂല്യവും കുത്തനെ താഴോട്ടു പോയി. ചുരുക്കത്തില്‍ വയസ്സായവര്‍ അപ്പോള്‍ ജോലിയില്‍നിന്നു പിരിയുകയാണെങ്കില്‍ കിട്ടേണ്ട തുകയുടെ പാതിയും വെള്ളത്തിലായെന്നു സാരം.

പൊടുന്നനെയുണ്ടായ ഈ സംഭവങ്ങളും റിപ്പബ്ലിക്കന്മാര്‍ പൊതുവെ കോര്‍പ്പറേറ്റുകളുടെ വക്താക്കളാണെന്ന വിശ്വാസവും ഒബാമ ക്യാമ്പ് സമര്‍ത്ഥമായി ഉപയോഗിച്ചുവെന്നതു മാത്രമല്ല, വാള്‍സ്ട്രീറ്റ്  തകര്‍ച്ചയുടെ ഉത്തരവാദിത്വം പ്രസിഡന്റ് ബുഷിനോടൊപ്പം മക്കെയിനിനും ഏറ്റെടുക്കേണ്ടിവന്നു. സാമ്പത്തികമാന്ദ്യം ഗുരുതരമാകുന്നതിനു മുന്‍പ് അഭിപ്രായ സര്‍വ്വേകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നിരുന്ന മക്കെയിന്‍ അങ്ങനെ പതുക്കെ പുറന്തള്ളപ്പെടുകയായിരുന്നു.

അമേരിക്കയാകെ ഈ വിജയം ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒബാമയുടെ സ്ഥലമായ ഷിക്കാഗൊയിലെ ഗ്രാന്റ് പാര്‍ക്കില്‍ പാതിരാത്രിയില്‍ തടിച്ചുകൂടിയത് പതിനായിരങ്ങളായിരുന്നു. മറക്കാനാവാത്തൊരു ടെലിവിഷന്‍ കാഴ്ചയായിരുന്നു അതെനിക്ക്. ക്ലോസ്സപ്പുകളില്‍ കണ്ട ചില കറുത്ത വര്‍ഗ്ഗക്കാരുടെ കണ്ണുനീര്‍ അവരുടെ മുന്‍തലമുറ കടന്നുപോന്ന ചില ഇരുണ്ട കാലഘട്ട ങ്ങളുടെ കഥ ഓര്‍മ്മിപ്പിച്ചിരുന്നു. അങ്ങനെ അവരെ സംബന്ധിച്ചിടത്തോളം അത് വലിയൊരു തിരിച്ചുപിടിക്കലായി മാറി.
ഒന്നര വര്‍ഷത്തോളം നീളുന്ന ഈ പ്രക്രിയയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണെന്ന് അഭിമാനിക്കുന്ന, ഏറ്റവുമധികം വോട്ടര്‍മാരുള്ള ഇന്ത്യയിലെ നടപടിക്രമങ്ങളുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കൂ. ഒരു പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ  ഇത്രയേറെ ആരോപണങ്ങള്‍ മുന്‍പുണ്ടായിട്ടുണ്ടോയെന്നു സംശയമാണ്.  ഭരിക്കുന്ന കക്ഷിയുടെ സൗകര്യമനുസരിച്ചുള്ള തിയതികളിലാണ് പലപ്പോഴും തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുകയെന്നത് സത്യമാണ്. ഇക്കുറിയാണെങ്കില്‍ എല്ലാ ജനാധിപത്യ മര്യാദകളേയും മറി കടന്ന്, ഭരിക്കുന്ന കക്ഷിയുടെ താല്പര്യമനുസരിച്ചു മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മിക്കപ്പോഴും പ്രവര്‍ത്തിച്ചതെന്ന ആരോപണം ശക്തമാണ്. അവര്‍  തങ്ങളുടെ ചില പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചതിനു ശേഷമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  കൂടാതെ, ഒട്ടേറെ അവസരങ്ങളില്‍ ഭരണകക്ഷി നേതാക്കളുടെ ചട്ടലംഘനങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും മറുപക്ഷത്തിനു നോട്ടീസയക്കുകയും ചെയ്തിട്ടുണ്ട്. അതിലും ഗുരുതരമെന്നു പറയാവുന്ന,  പ്രധാനമന്ത്രിക്കും പാര്‍ട്ടി പ്രസിഡന്റിനും സര്‍വ്വതന്ത്ര സ്വാതന്ത്യ്രം  അനുവദിക്കുന്ന 'ക്ലീന്‍ ചിറ്റ്' സംസ്‌കാരത്തിലും വലിയ പുതുമയുണ്ട്. അതിന്റെ പേരില്‍ കമ്മിഷനിലെ ഒരംഗം എതിര്‍പ്പ് ഉന്നയിച്ചുവെന്ന് മാത്രമല്ല, അതേപ്പറ്റി 66 മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്മാര്‍ പ്രസിഡന്റിനു കത്തെഴുതിയെന്ന വാര്‍ത്തയുമുണ്ടായിരുന്നു.

ഈ ഘട്ടത്തില്‍ സ്വാഭാവികമായും ഓര്‍ത്തുപോകുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വലിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ ടി.എന്‍. ശേഷനെയാണ് (199096). ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്നു തന്നെ ജനത്തിനു ബോദ്ധ്യമായതു തന്നെ അദ്ദേഹത്തിന്റെ ഭരണകാലത്താണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ക്രമീകരിക്കാനും ഈ രംഗത്തെ ഒട്ടേറെ പോരായ്മകള്‍ ഒഴിവാക്കാനുമായി അദ്ദേഹത്തിനു നീണ്ട നാളത്തെ നിയമയുദ്ധങ്ങള്‍വരെ നടത്തേണ്ടി വന്നപ്പോള്‍, സുപ്രീംകോടതി ഇടപെട്ട് കമ്മിഷനില്‍ രണ്ടംഗങ്ങളെക്കൂടി നിയമിക്കുകയാണ് ചെയ്തത്. ഇവിടെ രസകരമായൊരു സംഭവം ഓര്‍മ്മവരുന്നു. 2000-ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടം. ജോര്‍ജ്ജ് ബുഷും അല്‍ഗോറുമായുള്ള വാശിയേറിയ മത്സരത്തിനൊടുവില്‍ ഒടുവിലത്തെ സംസ്ഥാനമായ ഫ്‌ലോറിഡയില്‍ നടക്കുന്ന വോട്ടെണ്ണലില്‍ ആര് ജയിക്കുന്നുവോ അദ്ദേഹം പ്രസിഡന്റാകുമെന്ന നിലയിലെത്തി. അവിടത്തെ ആദ്യത്തെ എണ്ണലിലെ മാര്‍ജിന്‍ കുറവായപ്പോള്‍ വീണ്ടും എണ്ണേണ്ടിവന്നു. അതിനിടയില്‍ ചാനലുകളിലൂടെ പല തരം ഫലങ്ങളും പുറത്തുവന്നതോടെ  സംഗതികളാകെ കുഴഞ്ഞു. ഒടുവില്‍ നീണ്ട നിയമയുദ്ധത്തിനു ശേഷം ബുഷിനെ വിജയിയായി പ്രഖ്യാപിച്ചത് സുപ്രീംകോടതിയാണ്. ആ തെരഞ്ഞെടുപ്പ് ഫലം ബുഷും ഫോക്സ്ന്യൂസെന്ന ടി.വി ചാനലും ചേര്‍ന്നു തട്ടിയെടുക്കുകയായിരു ന്നെന്ന ആക്ഷേപമുയര്‍ന്നു. നേരത്തെ ചൂണ്ടിക്കാട്ടിയ മൈക്കല്‍മൂറിന്റെ ചിത്രം തുടങ്ങുന്നതു തന്നെ  ഇത്തരം പരാമര്‍ശങ്ങളോടെയാണ്. അങ്ങനെ പ്രസിദ്ധമായ അമേരിക്കന്‍ തെരഞ്ഞടുപ്പ് പ്രക്രിയ തന്നെ ലോകത്തിനു മുന്‍പില്‍ നാണംകെട്ടുവെന്നു മാത്രം. അപ്പോള്‍ ഭാവിയില്‍ അമേരിക്കയ്ക്കും ഒരു ടി.എന്‍. ശേഷനെ വേണ്ടിവന്നേക്കുമെന്ന പരാമര്‍ശം ഇന്ത്യന്‍ മാധ്യമങ്ങളില്‍ പരന്നത് ഓര്‍മ്മയുണ്ട്. ഒരുപക്ഷേ, അന്നത് അവിടത്തെ ചില മാധ്യമങ്ങളും ശ്രദ്ധിച്ചിരിക്കാം.

പക്ഷേ, എന്തൊക്കെയായാലും, അമേരിക്കയെ ഏതൊക്കെ തരത്തില്‍ വിമര്‍ശിച്ചാലും, തങ്ങളുടെ  ജനാധിപത്യത്തെ സംരക്ഷിക്കാനായി അവര്‍ കാണിക്കുന്ന ജാഗ്രത മാനിക്കാതെ വയ്യ. കാലമിത്ര കഴിഞ്ഞിട്ടും ഒരു ന്യൂനപക്ഷക്കാരനെ, പ്രത്യേകിച്ചും മുസ്ലിമിനെ തെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിയാക്കാന്‍ എന്നെങ്കിലും നമുക്ക് കഴിയുമോ? തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരോടെല്ലാം പാകിസ്താനിലേക്കു പൊയ്‌ക്കൊള്ളാന്‍ പറയാനും രാഷ്ട്രപിതാവിനെ വധിച്ചയാളെ ഹീറോയാക്കാനും മടിയില്ലാത്തവരുടെ കാലത്ത് പലതരം വിഭാഗീയ ചിന്തകള്‍ക്ക് ആക്കം കൂടാനാണ് സാദ്ധ്യത. മുകളില്‍ പ്രധാനമന്ത്രി എന്തൊക്കെ നിലപാടുകളെടുത്താലും, അണികളില്‍ പെട്ട കടുപ്പക്കാരും വിടുവായന്മാരുമായ ചിലരെ  നിലയ്ക്ക് നിറുത്താന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. അല്ലെങ്കിലും കഴിവിനേക്കാള്‍ ജാതിമത പ്രാദേശിക സമവാക്യങ്ങളാണല്ലോ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പില്‍ എപ്പോഴും കടന്നുവരുന്നത്. സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ പൊതുവേദിയില്‍ സാര്‍ത്ഥകമായ സംവാദങ്ങള്‍ നടക്കുന്നോയെന്നതു തന്നെ സംശയമാണ്. 
വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലേറുന്ന നരേന്ദ്ര മോദിക്ക് അടുത്ത അഞ്ച് വര്‍ഷങ്ങ ള്‍ വെല്ലുവിളികളുടെ കാലമാകുമെന്ന് പറയാതെ വയ്യ. സാധാരണക്കാരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന  കാതലായ പ്രശ്‌നങ്ങളെ വൈകാരികമായ ദേശീയതകൊണ്ടും വാഗ്‌ധോരണികൊണ്ടും മാത്രം എക്കാലവും നേരിടാനാവില്ല. അവയ്‌ക്കൊക്കെ ഓരോന്നായി, എന്നെങ്കിലുമൊരിക്കല്‍ പുറത്തു വരാതെ വയ്യല്ലോ. ഇന്ത്യയുടെ സാമ്പത്തികരംഗം തന്നെ ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നീണ്ടകാലം മൂടിവച്ച പല സൂചകങ്ങളും  പതിയെ പുറത്തു വന്നേ പറ്റൂ. പിന്നെ, മതന്യൂനപക്ഷങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കാതെ ഒപ്പം കൊണ്ടു പോകാനാകുമോയെന്നതു തന്നെ വലിയൊരു പ്രശ്‌നമാണ്. ഇന്നു കാണുന്നതുപോലെയുള്ള അസഹിഷ്ണുതയുടേയും വിഭാഗീയതയുടേയും നയം പിന്തുടര്‍ന്നുകൊണ്ട് ഇന്ത്യ പോലെ സങ്കീര്‍ണ്ണ ഘടനയുള്ള ഒരു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ എക്കാലവും കഴിഞ്ഞേക്കില്ല. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് അവഗണനയോടെ പെരുമാറുന്നതും രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ തന്നെ ബാധിച്ചേക്കും. എന്തായാലും, ഈ തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്ര പോലെയായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അതും പതിവുള്ള വാചകമടികളില്‍ ഒന്നല്ലെങ്കില്‍ നന്ന്. 
എന്തായാലും, തുറന്ന സംവാദം ഭാവിയിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. അത് 'മന്‍ കീ ബാത്തില്‍' തന്നെ ഒതുങ്ങിയേക്കും.

(അനുബന്ധം: താല്‍ക്കാലിക വിജയത്തെ ശാശ്വത വിജയമായി തെറ്റിദ്ധരിച്ചു, കണ്ണു കെട്ടിയ കുതിരയെപ്പോലെ മുന്നോട്ടു പോയ, ഏകാധിപത്യ സ്വഭാവം കാട്ടിയ പല നേതാക്കന്മാരും ഒടുവില്‍ എവിടെയെത്തിയെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട് ചരിത്രത്തില്‍). 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com