സ്‌നേഹത്തിനു മുന്‍പില്‍ നിരായുധനാകുന്ന കവി

'നിങ്ങളോര്‍മ്മയില്‍ തുന്നുമീ സ്‌നേഹഭംഗികൊണ്ടു ഞാനൊപ്പട്ടെ കണ്‍കള്‍' എന്ന് എഴുതിയ പഴവിള രമേശന്റെ സ്‌നേഹ ദുഃഖങ്ങളും കലാപവും നിറഞ്ഞ ഓര്‍മ്മകള്‍
സ്‌നേഹത്തിനു മുന്‍പില്‍ നിരായുധനാകുന്ന കവി

''രാമു കാര്യാട്ട് ഞാനുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേയാണ് മരണത്തിലേക്ക് വീണത്. ജീവിക്കാന്‍ വളരെ കൊതിയായിരുന്നു അദ്ദേഹത്തിന്.'' - അന്തരിച്ച കവി പഴവിള രമേശന്റെ പഴയ അഭിമുഖം. 2011 സെപ്തംബര്‍ ലക്കം സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്
 

ഭാഗം പിരിഞ്ഞു
പിരിഞ്ഞുപോകും ബന്ധ-
ഭാഗ്യങ്ങളിലെന്തു ബാക്കി?
ചുമ്മാതിരുന്നോര്‍ത്തുപ്പു തേട്ടുന്ന 
വാര്‍ദ്ധക്യമിപ്പുരത്തിണ്ണയി-
ലിങ്ങിരിക്കേ വഴിക്കണ്ണുകളാരെ-
ത്തിരയുന്നു?


ര്‍മ്മകള്‍ അടുക്കും ചിട്ടയുമില്ലാതെയാണ് പ്രവഹിക്കുന്നത്. ഭ്രാന്തന്‍ വല്ല്യച്ഛനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ക്കിടയിലേക്ക് അമ്മവരും. അമ്മയെ അഷ്ടമുടിക്കായലിന്റെ തീരത്ത് തണുത്ത കാറ്റത്ത് നിര്‍ത്തിയിട്ട്, തന്നെ പന്ത്രണ്ടാം വയസ്സില്‍ മകനേ എന്നു വിളിച്ച അച്ഛനെക്കൊണ്ടുവരും. അച്ഛന്‍ മൃത്യുവിനെ സ്വയം വരിച്ച കഥ പറഞ്ഞു തീരുമ്പോഴേക്കും ജ്യേഷ്ഠ വാത്സല്യത്തിന്റെ കുളിരുമായി കെ. ബാലകൃഷ്ണന്‍ തലകാണിക്കും. ബാലകൃഷ്ണന്‍ മടങ്ങുന്നതിനുമുന്‍പ് വി.എന്‍. സത്യമൂര്‍ത്തിയുടെ ദാരുണാന്ത്യം നൊമ്പരമായി എത്തും. ഇതിനിടയില്‍ വീണ്ടും അഷ്ടമുടിയുടെ തീരത്തേക്ക് മടങ്ങും. അവിടെ കാക്കനാടന്മാരും വൈക്കവും തിരുനെല്ലൂരും. എമ്മെനും കൊടാകുളങ്ങരയും. കൗമുദിയിലെ രാത്രിസദിരുകളും ജനയുഗത്തിലെ അടക്കിപ്പിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും കവിതാചര്‍ച്ചകളും സിനിമാലോകവും. ഓര്‍മ്മകള്‍ അങ്ങിനെ ഒഴുകുകയാണ്. 

കവി പഴവിള രമേശന് ഇപ്പോള്‍ പ്രായം എഴുപത്തിമൂന്നു കഴിഞ്ഞു. ഏഴ് പതിറ്റാണ്ട് നീണ്ട ജീവിതം ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ചതിക്കപ്പെടലുകളുടേതുമാണെന്ന് ഈ കവി വീണ്ടും വീണ്ടും പറയുന്നു. സ്‌നേഹത്തിന്റെ മാത്രം ഭാഷയില്‍ സംസാരിക്കാനാറിയാവുന്ന തനിക്ക് സ്‌നേഹരാഹിത്യത്തിന്റെ കയ്പ്പുനീരാണ് സമൂഹം  പകരം നല്‍കിയതെന്നു അദ്ദേഹം വിഷാദിക്കുന്നു. കര്‍ക്കിടക മഴക്കാറ് മാനത്ത് പെയ്യാനാഞ്ഞുനിന്ന ഒരു പകലില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു നടത്തിയ മടക്കയാത്ര ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, പത്രപ്രവര്‍ത്തന ലേകത്തിന്റെ നേര്‍ച്ചിത്രമാണ് കാട്ടി തന്നത്. ''ഇന്നും ഒരു കവിയാണ് ഞാന്‍ എന്നു മൂഢമായി വിശ്വസിച്ചുകൊണ്ടു ജീവിക്കുന്ന ഒരാളാണ് ഞാന്‍. പത്തുവയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് എന്റെ ഈ വിശ്വാസം. ഭക്തിയില്‍ ഭ്രാന്ത് പിടിപെട്ട എന്റെ വല്ല്യച്ഛന്റെ കൂടെ പത്ത് വയസ്സുള്ളപ്പോള്‍ ശ്രീ പദ്മനാഭന്റെ നടയ്ക്കല്‍ നിന്നു കൊണ്ട്, 'എടാ നീ ഒരു ഈശ്വരസ്തവം ചൊല്ല്' എന്നു പറയുന്ന  വല്ല്യച്ഛനു മുന്നില്‍നിന്നു കൈകൂപ്പി എന്റെ മനസ്സില്‍ അന്നേരം തോന്നിയ സ്തവം ഞാന്‍ ഉണ്ടാക്കി പാടിയിരുന്നു. 'ചീറും സര്‍പ്പത്തിന്നുമേലേറ്റം ജഡമുടിക്കിടയില്‍ വെട്ടിത്തിളങ്ങി പള്ളിക്കൊള്ളും തിങ്കള്‍' ഇങ്ങനെ എത്രവേണമെങ്കിലും ഞാന്‍ ഭക്തി കാവ്യങ്ങള്‍ സൃഷ്ടിക്കും. ഞാന്‍ തോന്നുംപടി ചെല്ലുന്നത് എന്തോ വലിയ കാവ്യത്തിലെയാണെന്നു പറഞ്ഞ് അഭിമാനത്തോടെ വല്ല്യച്ഛന്‍ കൈകള്‍ കൂപ്പി നില്‍ക്കും. സപ്താഹനാളുകളില്‍ എന്നെക്കൊണ്ട് വായിപ്പിക്കും. എന്റെ അമ്മയുടെ മൂന്ന് അച്ഛന്മാരുടെ സ്‌നേഹത്തണലിലായിരുന്നു എന്റെ ബാല്യം''. പഴവിള രമേശന്‍ പറഞ്ഞു തുടങ്ങുകയാണ്

പാരമ്പര്യത്തിന്റെ നാള്‍വഴികള്‍

കൊല്ലം ജില്ലയിലെ പെരിനാട് ചരിത്രത്തില്‍ ആദ്യം അറിയപ്പെട്ടത് പുലയരും നായന്മാരും തമ്മില്‍ നടന്ന കലാപത്തിലൂടെയാണ്. നിരവധിപേര്‍ കൊല്ലപ്പെട്ട ആ കലാപത്തില്‍ പുലയര്‍ ആ നാട്ടില്‍ നിന്നും പലായനം ചെയ്തു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലേക്ക് അഞ്ചുരൂപാ ശമ്പളത്തില്‍ ജോലിയ്ക്കായി അവര്‍ പോയപ്പോള്‍ നായന്മാരാകട്ടെ കലാപത്തില്‍ കൊല്ലപ്പെട്ട പുലയരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്ത പുരയിടങ്ങള്‍ ഉപേക്ഷിച്ച് മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ടതും വിലകുറച്ചു കിട്ടിയതുമായ ആ മൃതഭൂമികളിലേക്കാണ് ഈഴവര്‍ എത്തിയത്. അങ്ങിനെയെത്തി വളര്‍ന്നതാണ് പഴവിള വീട്ടുകാര്‍. പില്ക്കാലത്ത് കൊല്ലം ജില്ലയിലെ സമ്പന്നമായ ഈഴവകുടുംബമായി വളര്‍ന്ന പഴവിള വീട്. വലിയ നാലുകെട്ടുകള്‍. ഓരോ വീട്ടിലേക്ക് പോകാനും ഇടവഴികളും അതിനെ പൊതിഞ്ഞുനില്‍ക്കുന്ന കുറ്റിക്കാടുകളും. കലാപത്തില്‍ കൊല്ലപ്പെട്ട പുലയരുടെ പ്രേതങ്ങള്‍ ഭയപ്പെടുത്തുന്ന ഓര്‍മ്മകളായി. വലിയവരുടെ ദുഃഖം മനസ്സിനെപ്പോലും കീഴ്‌പെടുത്തിയിരിക്കുന്ന കാലം. ''ഞാന്‍ ജനിക്കുമ്പോള്‍ എന്റെ അമ്മ എന്റെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അന്നു ഞങ്ങളുടെ തറവാട്ടില്‍ ആണുങ്ങളായ സഹോദരങ്ങള്‍ ഒരു പെണ്ണിനെകെട്ടി സ്വത്തു സംരക്ഷിക്കാന്‍ ശ്രമിക്കുകയും സാമ്പത്തികമായി താഴ്ന്നവര്‍ ഒരാള്‍ തന്നെ ഒരു പാടു പെണ്ണുങ്ങളെ വിവാഹം ചെയ്തു സ്വത്തു വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്ന കാലത്തിന്റെ അവസാനദശയിലായിരുന്നു ഞാന്‍ ജനിച്ചത്. എന്നു പറഞ്ഞാല്‍ എന്റെ അമ്മയ്ക്ക് മൂന്ന് അച്ഛന്മാരുണ്ടായിരുന്നു. അമ്മയുടെ അമ്മ മണമേല്‍ എന്ന കുടുംബത്തില്‍ നിന്നു വന്നതാണ്. മലബാറില്‍ നിന്നും ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തെക്ക്  തിരുവിതാംകൂറില്‍ എത്തിയ മണമേല്‍ക്കാര്‍ കളരിയും കൂടെ കൂട്ടിയിരുന്നു. ആറ്റുംമണമേല്‍ ഉണ്ണിയാര്‍ച്ചയുടെ രക്തബന്ധുക്കള്‍. ആ വീടും എനിക്ക് മറ്റൊരു ലോകമായിരുന്നു''. പഴവിള രമേശന്‍ ഓര്‍ക്കുന്നു. 

ശ്രീമൂലം തിരുനാളിന്റെ സര്‍വ്വാധികാര്യക്കാരിലൊരാളായിരുന്ന അഴകത്തുകുറുപ്പന്മാരില്‍പ്പെട്ട, ശങ്കരമംഗലം ശങ്കരന്‍ തമ്പിയുമായി യുദ്ധം പ്രഖ്യാപിച്ചയാളായിരുന്നു പഴവിള രമേശന്റെ അമ്മയുടെ അമ്മാവന്മാരിലൊരാളായ ശേഖരന്‍ ചാന്നാന്‍. കുതിരപ്പുറത്തുമാത്രം സഞ്ചരിച്ചിരുന്ന ശേഖരന്‍ ചാന്നാരുടെ കുതിരയെ നേരിട്ടു കൊണ്ടു ചെന്നു കാണിക്കണമെന്ന ശങ്കരന്‍ തമ്പിയുടെ നിര്‍ദ്ദേശത്തെ വകവെയ്ക്കാതിരുന്ന ശേഖരന്‍ ചാന്നാരുടെ ഒരു കൈ തമ്പിയുടെ അനന്തിരവന്മാര്‍ വെട്ടിയതാണ് വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനു കാരണമായത്. ഇങ്ങനെ പ്രതാപത്തിന്റെയും അധികാരത്തിന്റെയും കേന്ദ്രമായിരുന്നു മണമേല്‍ വീട്.

വൃശ്ചിക ഭ്രാന്തന്‍

പെരിനാട്ടെ വീട്ടില്‍ വല്ല്യച്ഛന്‍ പടുത്തുയര്‍ത്തിയ വ്യവസായ സാമ്രാജ്യം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ വരെ പ്രശംസയ്ക്കു പാത്രമായിരുന്നു. എംപയര്‍ ടൈല്‍സ് എന്ന കമ്പനിയായിരുന്നു വല്ല്യച്ഛന്‍ നോക്കി നടത്തിയതെങ്കില്‍ കൊച്ചച്ഛന്‍ കൃഷി കാര്യങ്ങള്‍ നേക്കി. ചെറിയച്ഛന്‍ വീട്ടുകാര്യങ്ങളും. നീലകണ്ഠന്‍ എന്നു പേരുള്ള വല്യച്ഛനു ഭക്തി ഭ്രാന്തായിരുന്നു. വൃശ്ചികമായാല്‍ അത് അധികരിക്കും. പന്തളം രാജാവിന്റെ ഉറ്റമിത്രം. എല്ലാവര്‍ഷവും വ്രതം നോറ്റു കരിമല കയറും. വൃശ്ചികമെത്തിയാല്‍ നെയ്‌വിളക്കിന്റെ മണം വീട്ടില്‍ നിറയും. കൊല്ലത്തുനിന്നും ബോട്ടില്‍ കോട്ടയത്തെത്തി അവിടെനിന്നാണ് ശബരിമലയ്ക്ക് പോകുന്നത്. ഒരിക്കല്‍ ശബരിമലയ്ക്ക് പോകാന്‍ ബോട്ടില്‍ കയറിയപ്പോള്‍ അറിയാതെ ആരുടെയോ ഇരുമുടിക്കെട്ടില്‍ ചവുട്ടി. ചവുട്ടിയത് ഇരുമുടിക്കെട്ടിലാണന്നെറിഞ്ഞപ്പോള്‍ നീലകണ്ഠന്‍ വല്ല്യച്ഛന്റെ മനസ്സില്‍ ശാപചിന്ത ഇടിവെട്ടി. ബോട്ടില്‍ കയറിയ അദ്ദേഹം കോട്ടയം വരെ നിശ്ശബ്ദനായിരുന്നത് സഹസഞ്ചാരികള്‍ ശ്രദ്ധിച്ചു. കടുത്ത ഭ്രാന്തിന്റെ തുടക്കമായിരുന്നു. മൗനിയായ വല്യച്ഛനെയും കൊണ്ട് അവര്‍ പമ്പയില്‍ എത്തി. അന്നു രാത്രി വല്ല്യച്ഛന്‍ അപ്രത്യക്ഷനായി. പിന്നീട് അന്വേഷിച്ചു ചെന്നവര്‍ കണ്ടത് വല്ല്യച്ഛനെ കരിമലവാസന്റെ കാനനച്ഛായയില്‍ ഒരിടത്ത് കെട്ടിയിട്ടിരിക്കുന്ന കാഴ്ചയാണ്്. ഇതുകണ്ട് ദു:ഖാര്‍ത്തനായ ഒരു പണിക്കാരന്‍ നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിനടുത്തേക്ക് പാഞ്ഞു. വല്ല്യച്ഛന്‍ അയാളെ ആഞ്ഞൊരു തൊഴി. ആ തൊഴിയില്‍ ആ വാല്യക്കാരന്‍സ്വാമി അവിടെ മരിച്ചു. അത് മറ്റൊരു ദുരന്തമായി. ഭക്തസംഘം നാട്ടിലേക്കു മടങ്ങിയെങ്കിലും പാപ-ശാപ ചിന്തകള്‍ പഴവിളവീടിനു മുകളില്‍ കരിനിഴല്‍ വിരിച്ചു. 

ഒടുവില്‍ കൊല്ലപ്പെട്ട വാല്യക്കാരന്റെ കുടുംബത്തിന്റെ സംരക്ഷണയും ആ വീടിന്റെ ചുമലിലായി. ''വല്ല്യച്ഛന്റെ സഹചാരിയായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ഭക്തി ജീവിതം എന്റെയും കൂടിയായി. കൊല്ലത്ത് അന്നുണ്ടായിരുന്ന മൂന്നു ഓട്ടു കമ്പനികളില്‍ ഒന്ന് എന്റെ വല്ല്യച്ഛന്റേതായിരുന്നു. മറ്റൊന്ന് തോമസ് സ്റ്റീഫന്‍ കമ്പനിയുടേതും മൂന്നാമത്തേത് കുമാരനാശന്‍ സ്ഥാപിച്ചതും. ഞങ്ങളുടെ കമ്പനി പട്ടത്തുവിള കരുണാകരന്റെ കൂടി കുടുംബത്തിനു പങ്കുണ്ടായിരുന്നതാണ്. അന്ന് സമ്പന്നന്മാര്‍ തമ്മില്‍ ഇത്തരം വ്യാവസായിക ബന്ധങ്ങള്‍ പതിവായിരുന്നു. രണ്ടാ ലോകമഹായുദ്ധകാലത്ത് ഓടിനു നല്ല ഡിമാന്റായി. യുദ്ധകാലത്തു ബോംബുവീണാല്‍ ഓലയിട്ട വീടുകള്‍ കത്തി നശിക്കുമെന്നും ഓടിട്ട വീടുകള്‍ കത്തില്ലെന്നുമുള്ള ഓട്ടു കമ്പനിക്കാര്‍ നടത്തിയ പ്രചരണം ഓടിനു നല്ല പ്രചാരമുണ്ടാക്കിയിരുന്നു. അന്ന് പണം വീട്ടില്‍ കുമിഞ്ഞു കൂടുമായിരുന്നു.

ഉണക്കാന്‍ പണം നിരത്തിയിട്ട കാലം

നാഗര്‍ കോവിലില്‍ നിന്നും കൊണ്ടുവരുന്ന എട്ടുവീതി തഴപ്പായയില്‍ പണം നിരത്തി ഉണക്കാന്‍ വയ്ക്കുന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. പണം കുമിഞ്ഞുകൂടിയതിനൊപ്പം വല്യച്ഛന് ഭക്തിപ്രാന്തും കൂടി. തെക്കന്‍ തിരുവിതാംകൂറിലെയും നാഞ്ചിനാട്ടിലെയും അമ്പലങ്ങളില്‍ നിത്യസന്ദര്‍ശകനായി. എന്നെയും കൂടെ കൂട്ടും. ചെറുപ്പം മുതല്‍ എന്റെ സംരക്ഷകനും വല്ല്യച്ഛനായിരുന്നു. എന്നെ കുളിപ്പിക്കുന്നതും എനിക്ക് ഭക്ഷണം തരുന്നതും ഉടുപ്പ് ഇടുവിക്കുന്നതും എല്ലാം എന്റെ വല്ല്യച്ഛന്‍. ഉറങ്ങുന്നതും അദ്ദേഹത്തിനൊപ്പം. വീട്ടില്‍ അമ്മയൊഴിച്ച് എല്ലാവര്‍ക്കും ഇതിലൊക്കെ അതൃപ്തിയായിരുന്നു. അദ്ദേഹത്തിനൊപ്പം അമ്പലങ്ങളില്‍ തീര്‍ത്ഥയാത്രകള്‍ക്കായി പോകുമ്പോള്‍ കൂടെ ഒരു പരിവാരവും ഉണ്ടാകും. അന്ന് വല്ല്യച്ഛന് ഒരു പോണ്ടിയാക് കാര്‍ ഉണ്ടായിരുന്നു. അതിലാണ് യാത്ര. കൂടുതലാളുണ്ടെങ്കില്‍ വല്ല്യച്ഛന്റെ ബന്ധുക്കള്‍ നടത്തിയിരുന്ന ബസ്സില്‍ ഏതെങ്കിലും ഒന്ന് ഈ യാത്രകള്‍ക്കായി ഉപയോഗിക്കും. കരിഗ്യാസ് വണ്ടി. വലിയ വീപ്പകളില്‍ കരിനിറച്ച് അത് കത്തിച്ചാണ് ആ ബസ് പോകുന്നത്. യുദ്ധകാലമായിരുന്നതുകൊണ്ട് അന്ന് എണ്ണ അനുവദിച്ചിരുന്നില്ല. രാവിലെ ആറുമണിയ്ക്ക് പെരിനാട്ടില്‍ നിന്നും യാത്ര തിരിച്ചാല്‍ വൈകിട്ട് ആറുമണിക്ക് സംഘം തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെത്തും. ഓരോ അമ്പലത്തിലും വഴിപാടുകള്‍ നേര്‍ന്നു കൊണ്ടാണ് യാത്ര. ശുചീന്ദ്രത്തും കന്യാകുമാരിയിലുമൊക്കെ പരിചയക്കാര്‍ ഉള്ളതിനാല്‍ താമസവും ക്ഷേത്ര ദര്‍ശനവുമൊക്കെ എളുപ്പമായിരുന്നു. 

വഴിപാടുകളുടെ കാര്യം ഞാന്‍ പറഞ്ഞില്ലേ? വിലപിടിപ്പുള്ള വഴിപാടുകളായിരുന്നു വല്ല്യച്ഛന്‍ നേര്‍ന്നിരുന്നത്. ഒരിക്കല്‍ കാശിയില്‍പോയപ്പോള്‍ നീലകണ്ഠമണി നേര്‍ന്നതും കാഴ്ചനല്‍കിയതും ഞാന്‍ ഓര്‍ക്കുന്നു. അന്നത്തെ കാലത്ത് പതിനായിരം രൂപ വിലവരുന്ന വഴിപാടായിരുന്നു അത്. അദ്ദേഹം തിരുവിതാംകൂറിനും പുറത്തുമുള്ള ഭക്തകവികളെ വീട്ടില്‍ കൊണ്ടുവന്നു ദിവസങ്ങള്‍ നീണ്ട കാവ്യാലാപനം നടത്തിയിരുന്നു. ഈശ്വര സേവാമൃതം എഴുതിയ ഭക്തന്‍ പരമേശ്വരന്‍പിള്ളയാണ് അവരില്‍ ഒരാള്‍. ഭാഗവതവും രാമായണവും വായിച്ചും വിശകലനം ചെയ്തും പകലുകള്‍ നീങ്ങി. പറച്ചിപെറ്റകഥയും വിക്രമാദിത്യന്‍ കഥകളും കമ്പരാമായണവും നൂറാവര്‍ത്തി വല്യച്ഛന്റെ മടിയില്‍ ഇരുന്നു ഞാന്‍ കേട്ടു. ആയിരത്തിനാനൂറ് പേജുകള്‍ വരുന്ന കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഗവതം മുഴുവനായി എന്നെക്കൊണ്ട് വായിപ്പിച്ചു. കടുത്ത ഈശ്വരഭക്തനായിരുന്ന അദ്ദേഹത്തിന്റെ മരണം ദാരുണമായിരുന്നു. വര്‍ഷങ്ങളോളം കിടന്നാണ് മരിച്ചത്. 

നല്ല തടിയും ആറടിപ്പെക്കവും വെളുത്തനിറവുമുണ്ടായിരുന്ന വല്യച്ഛന്‍ മരിക്കുമ്പോള്‍ മറ്റൊരാളെപ്പോലെയായി.സമ്പാദിച്ചതൊക്കെ ഒടുവില്‍ അന്യാധീനപ്പെട്ടു.'' വല്യച്ഛനെ ഭക്തിയുടെ വഴിയില്‍ ബഹുദൂരം നടത്തിയ മറ്റൊരാളുണ്ടായിരുന്നു. വേലു സ്വാമി എന്ന വല്യച്ഛന്റെ അനന്തിരവന്‍. അദ്ദേഹത്തിനു വ്യവസായം നടത്താനായി വല്ല്യച്ഛന്മാര്‍ ആരംഭിച്ചതാണ് കുണ്ടറയിലെ സിറാമിക്‌സ് ഫാക്ടറി. വേലുസ്വാമിയുടെ മനസ്സില്‍ നിറയെ വേദാന്തവും കലാപവുമായിരുന്നു. ശിഷ്ട ജീവിതത്തില്‍ ശിവഗിരിക്കുന്നില്‍ ആറേക്കര്‍ സ്ഥലം വാങ്ങി അവിടെ ആശ്രമം സ്ഥാപിച്ച് ശ്രീനാരായണഗുരുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വെല്ലുവിളിച്ചു കഴിയുകയായിരുന്നു. 

അമ്മ എന്ന ദു:ഖം

ഒരിക്കല്‍ പഴവിള രമേശന്‍ ഇങ്ങനെയെഴുതി:
ചരമക്കുറിപ്പെഴുതി 
സ്വന്തം അസ്തിത്വത്തിന് 
അത്താണികാണാന്‍
ഓര്‍മ്മയില്‍ ജീവിക്കാന്‍
എനിയ്‌ക്കൊരമ്മയുണ്ടായിരുന്നില്ല
പക്ഷേ, 
അതുകൊണ്ടുമാത്രം
ചവിട്ടേറ്റു തറയില്‍ വീണപ്പോഴൊന്നും
എനിയ്ക്കു പശ്ചാത്തപിക്കേണ്ടിവന്നിട്ടില്ല. 
എന്റെ ഉള്ളിന്റെയുള്ളില്‍ തേങ്ങാന്‍ ഒരമ്മയില്ലല്ലോ

''കറുപ്പുനിറം, ചുരുണ്ട തലമുടി, അഴകുള്ള കണ്ണുകള്‍. ഇതായിരുന്നു അമ്മ. അച്ഛന്‍ ഫസ്റ്റ് കഌസ് മജിസ്േ്രടറ്റ് കോടതിയിലെ ഹെഡ് ക്ലാര്‍ക്ക്. മലയാളി മെമ്മോറിയലിനു ശേഷവും ഈഴവര്‍ ജോലിക്കാരായിരുന്നത് ചുരുക്കം. അവരിലൊരാളായിരുന്നു അച്ഛന്‍. അമ്മയും അച്ഛനും പ്രായത്തില്‍ വളരെ വ്യത്യാസമുള്ളവര്‍. അമ്മയ്ക്ക് ഏതാണ്ട് പതിമൂന്ന് വയസ്സുള്ളപ്പോഴാകണം വിവാഹം നടന്നത്. ചെങ്ങന്നൂരില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹെഡ് ക്ലാര്‍ക്കായി ഇരിക്കുമ്പോഴാണ് അമ്മയുമായി ബന്ധം വിച്ഛേദിക്കുന്നത്. അമ്മയ്ക്കന്ന് ഏഴുവയസ്സുള്ള മകളുണ്ട്. എട്ടു മാസം പ്രായമായി ഞാന്‍ അമ്മയുടെ വയറ്റിലും. അന്ന് തൂക്കികൊലയ്ക്ക് വരെ കൈക്കൂലി നല്‍കിയാല്‍ രക്ഷപ്പെടാവുന്ന കാലമായിരുന്നു. ആയിരം വെള്ളിനാണയം മജിസ്‌ട്രേറ്റിനു നല്‍കിയാല്‍ തൂക്കികൊലയില്‍ നിന്ന് ഇളവുനേടാം. മജിസ്‌ട്രേറ്റിനു കൈക്കൂലി സംഭരിച്ചുനല്‍കലായിരുന്നു എന്റെ അച്ഛന്റെ പ്രധാനപരിപാടി. ആയിരം വെള്ളി നാണയം കിട്ടിയാല്‍ അതില്‍ എഴുന്നൂറ് നാണയം മജിസ്‌ട്രേറ്റിനു നല്‍കി മുന്നൂറ് നാണയം അച്ഛനെടുക്കും. രസകരമായ സംഭവം കൈക്കൂലി കിട്ടുന്ന പണമൊക്കെ അച്ഛന്‍ ക്വയ്‌ലോണ്‍ ബാങ്കിലും പാലാ സെന്‍ട്രല്‍ ബാങ്കിലും നിക്ഷേപിക്കുമായിരുന്നു. പില്ക്കാലത്ത് രണ്ടു ബാങ്കും തകര്‍ന്നു. എങ്കിലും കണ്ടമാനം ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ട് അച്ഛന്‍ പിടിച്ചുനിന്നു. ചെങ്ങന്നൂരില്‍ ജോലിയുള്ളപ്പോഴാണ് അച്ഛന്‍ അമ്മയെ ഉപേക്ഷിക്കുന്നത്. അതിനു കാരണം നിസ്സാരവും. അമ്മയുടെ അമ്മ അന്ന് എന്തോ അസുഖബാധിതയായി. വീട്ടില്‍ വിശ്വസിക്കാവുന്ന സ്ത്രീകളാരും അടുത്തില്ല. അതിന് എന്റെ അമ്മ അടുത്തുവേണം. നാട്ടില്‍ നിന്നു ഒരു വല്ല്യച്ഛനടക്കം മൂന്നുപേര്‍ വന്ന് അമ്മയെ കൂട്ടിക്കൊണ്ടുപോയി. പോകുമ്പോള്‍ അച്ഛന്‍ വീട്ടിലുണ്ടായിരുന്നതുമില്ല. എന്റെ മൂത്ത സഹോദരിയെയും കൂടെ കൂട്ടി. വൈകിട്ട് അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മ പോയ വിവരം അറിഞ്ഞത്. അച്ഛന്‍ ക്ഷുഭിതനായി. അമ്മയെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അച്ഛനോടു പറയാമായിരുന്നു. അതിനുകാരണമായി അമ്മ പിന്നീടുപറഞ്ഞത് അച്ഛന്‍ പലപ്പോഴും വൈകിയാണ് വീട്ടില്‍ എത്തുന്നതെന്നും അതുകൊണ്ടാണ് വീട്ടിലെ ജോലിക്കാരോട് പറഞ്ഞിട്ട് അവിടെനിന്നും ഉടന്‍ യാത്ര തിരിച്ചതെന്നുമാണ്. ഉദ്യോഗസ്ഥനായ അച്ഛന്റെ മുന്നില്‍ അമ്മയുടെ വീട്ടുകാര്‍ക്കന്ന് നേരെനിന്നു സംസാരിക്കാന്‍ പോലും ഭയമായിരുന്നുവത്രെ. ആ ഭയമാണ് അന്ന് അങ്ങിനെയൊരു കടും കൈചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. ഏതായാലും അച്ഛന്‍ കൊല്ലത്തേക്ക് സ്ഥലം മാറ്റം വാങ്ങി. സ്വന്തം വീട്ടിലും താമസിക്കാന്‍ ചെന്നില്ല. അഷ്ടമുടിയുടെ പടിഞ്ഞാറ് തേവള്ളിയില്‍ അഞ്ചാറുകുട്ടികളുള്ള ഒരു സ്ര്തീയ്‌ക്കൊപ്പം അച്ഛന്‍ താമസം തുടങ്ങി. അമ്മ സ്വന്തം വീട്ടില്‍ മകള്‍ക്കൊപ്പം താമസം. വൈകാതെ ഞാന്‍ ജനിച്ചു. അമ്മയുടെ ജീവിതത്തിലെ ദുരന്തത്തിനുകാരണം ഞാനായിരുന്നു എന്നാണ് അമ്മ കരുതിയിരുന്നത്. അതുകൊണ്ട് അമ്മയ്ക്ക് എന്നോട് വലിയ വെറുപ്പ്. ഒട്ടും സ്‌നേഹമില്ല. ഒരുപാട് അംഗങ്ങളുള്ള ഒരു കൂട്ടു കുടുംബത്തില്‍ ആ മുറിവ് ആഴത്തില്‍ അനുഭവപ്പെട്ടില്ല. സത്യം പറയാമല്ലോ 

ഞാന്‍ ഒരു മന്ദബുദ്ധിയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചതുകൊണ്ട് വല്ല്യച്ഛന്റെ പേരാണ് എന്റെ പേരിനൊപ്പം. നീലകണ്ഠന്‍ രമേശന്‍. പിന്നെ ഞാന്‍ എന്റെ അച്ഛനെകാണുന്നത് എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ്''. 

കവിയുടെ മനസ്സിനെ അച്ഛന്‍ ഒരു കാലത്തും പിന്തുടര്‍ന്നിരുന്നില്ല. വല്ല്യച്ഛനും അദ്ദേഹത്തിന്റെ ഭക്തി ആഘോഷങ്ങള്‍ക്കൊപ്പവുമായിരുന്നു മനസ്സ്് എപ്പോഴും. അമ്മയുടെ തോഴിയായിരുന്ന ഗൗരിയാണ് ഒരു ദിവസം അച്ഛനു മകനെ കാണണമെന്നു പറഞ്ഞത്. അതിനു മുന്‍പ് സ്‌കൂളില്‍ നിത്യവും നടന്നു പോയിവരുമായിരുന്ന സഹോദരി ആരോടും പറയാതെ ഒരു ദിവസം അച്ഛനൊപ്പം താമസം തുടങ്ങിയിരുന്നു. വീട്ടില്‍ വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. സഹോദരി പിന്നീട് തിരികെ വന്നെങ്കിലും അമ്മയ്ക്കത് മനസ്സിനെ തളര്‍ത്തുന്ന അനുഭവമായി. യഥാര്‍ത്ഥത്തില്‍ മഞ്ഞുരുകല്‍ അവിടെ ആരംഭിക്കുകയായിരുന്നു. ''ഒരു ദിവസം ഗൗരിയമ്മ അച്ഛന്റെ അടുത്തേക്ക് എന്നെ കൊണ്ടുപോയി. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ചെന്നപാടെ അച്ഛന്‍ എന്നെ പുണര്‍ന്നു. എന്റെ നിക്കറിന്റെ രണ്ട് പോക്കറ്റിലുമായി വെള്ളിനാണയങ്ങള്‍ നിറച്ചു തന്നു, ബാക്കി രണ്ട് കൈകളിലും. ഇതുമായി ഞാന്‍ വീട്ടിലെത്തി സന്തോഷത്തോടെ ഞാന്‍ അമ്മയെ കാണിച്ചു. അമ്മ ഒറ്റത്തട്ട്. എന്റെ കൈകളിലിരുന്ന പണം ചിതറിത്തെറിച്ചുവീണു. ഞാന്‍ കരഞ്ഞു. എന്റെ കരച്ചില്‍ കേട്ട് അമ്മാവന്മാരിലൊരാള്‍ ഓടിയെത്തി. കാര്യം തിരക്കി. എന്നിട്ടെന്നോടു പണം കൊണ്ടുവരാന്‍ പറഞ്ഞു. ' അച്ഛന്മാര്‍ തരുന്ന പണം കളയാനുള്ളതല്ല. സൂക്ഷിച്ചുവയ്ക്കണം' ഇതുപറഞ്ഞിട്ട് ഒരലമാരി ചൂണ്ടിക്കാണിച്ചു. 'ഇവിടെയാണ് പണം സൂക്ഷിക്കേണ്ടത്'. ആ സംഭവത്തോടെ അമ്മയുടെ മനസ്സിനും മാറ്റം വന്നു തുടങ്ങി. പിന്നടെപ്പഴോ അച്ഛനൊപ്പം ഞങ്ങള്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി. അച്ഛന്റെ വീടായ ചവറയിലാണ് താമസം. ഞാന്‍ ചവറയിലും പെരിനാട്ടിലുമായി കഴിഞ്ഞു. എന്റെ ജീവിതത്തില്‍ കവിതയ്ക്കുപുറമെ രാഷ്ട്രീയവും കടന്നുവരുന്നത് ഇക്കാലത്താണ്. എന്റെ ജീവിതത്തെ മാറ്റിമറിച്ച കാലം''. പഴവിള രമേശന്‍ പറയുന്നു.

ഹൃദയത്തിലേക്കു കടന്ന കമ്മ്യൂണിസം

മുപ്പതുകളുടെ അവസാനം തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഒളിവിടങ്ങള്‍ തേടുന്ന കാലം. പഴവിള രമേശന്‍ അന്നു പത്തുവയസ്സുള്ള കുട്ടി. അഷ്ടമുടിയുടെ തീരങ്ങള്‍ അന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള ഒളിയിടങ്ങളായിരുന്നു. പെരിനാട്ടെ ജന്മികുടുംബമായ പഴവിളയില്‍ മത്സ്യവും മാംസവും നിത്യ ഭക്ഷണത്തിന്റെ ഭാഗമാണ്. മാംസം ആഴ്ചയില്‍ ഒരു ദിവസം. അത് വാങ്ങിക്കാന്‍ പോകുന്നത് പത്തു വയസ്സുകാരന്‍ രമേശനും. ഒരിക്കല്‍ ഇറച്ചി വാങ്ങാനായി പോകുമ്പോള്‍ കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനായ രാഘവന്‍പിള്ള അദ്ദേഹത്തിനും ഇറച്ചി വാങ്ങിത്തരാമോ എന്നു ചോദിച്ചു. പരസഹായത്തിനു മടിയില്ലാത്ത മനസ്സ്് ഒന്നും ആലോചിച്ചില്ല. ഒന്നും രണ്ടും തവണ ഇതാവര്‍ത്തിച്ചപ്പോള്‍ വീട്ടിലെ ഒരമ്മാവന്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങി. അമ്മാവന് എവിടെനിന്നൊക്കെയോ ആ വിവരം കിട്ടിയിരുന്നു. അമ്മാവന്‍ കുട്ടിയായ രമേശനെ കൈയ്യോടെ പിടിച്ചു. ചോദ്യങ്ങളായി. ആര്‍ക്കാണ് ഇറച്ചി. അറിയില്ല. ഒരുദിവസം ഇറച്ചി വാങ്ങിക്കൊണ്ടുതരാന്‍ ആവശ്യപ്പെട്ട രാഘവന്‍പിള്ളയോടു തന്നെ ചോദിച്ചു. ''സഖാക്കള്‍ക്കായിരുന്നു'' രാഘവന്‍പിള്ളയുടെ മറുപടി. ''സഖാക്കളോ?'' പുതിയ ഏതോ വാക്കുകേട്ട അത്ഭുതത്തോടെ ''അതേ, ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലാവരും സഖാക്കളാണ്. കുഞ്ഞേ, നീയും ഇന്നു മുതല്‍ സഖാവാണ്''. ആ കുട്ടിയുടെ മനസ്സില്‍ ഇടിവെട്ടി. അന്നു വീട്ടില്‍ പറയുന്നതും നാട്ടില്‍ പഠിപ്പിക്കുന്നതും കമ്മ്യൂണിസ്റ്റുകാര്‍ കുഴപ്പക്കാരെന്നാണ്. കുടുംബത്തിനും  മാറ്റം വന്നത് എമ്മെന്റെ വരവോടെയാണ്.

എം. എന്‍. ഗോവിന്ദന്‍ നായര്‍ തന്റെ ഒളിവുകാല ജീവിതത്തിനു തെരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നായിരുന്നു പഴവിള വീട്. ''പൊലീസ് കസ്റ്റഡിയിലിരിക്കേ എമ്മെന് ക്ഷയരോഗമുണ്ടെന്ന സംശയത്തില്‍ നാഗര്‍കോവിലിലെ ക്ഷയരോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൊച്ചുരാമന്‍പിള്ളയാണ് ചികിത്സകന്‍. അക്കാലത്ത് പേരുകേട്ട ക്ഷയരോഗ ചികിത്സകനായിരുന്നു ഡോക്ടര്‍ കൊച്ചുരാമന്‍പിള്ള. ഇരുപത്തിയൊന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എന്റെ ഒരമ്മാവന്‍- പഴവിള ശ്രീധരന്‍- ചികിത്സയ്ക്കായി എമ്മെനു മുന്‍പെ അവിടെ എത്തിയിരുന്നു. അവര്‍ സൗഹൃദത്തിലാകാന്‍ അധികദിവസമെടുത്തില്ല. ഒരു ദിവസം പൊലീസുകാരുടേയും ആശുപത്രിക്കാരുടേയും കണ്ണു വെട്ടിച്ച് എമ്മെന്‍ അമ്മാവന്റെ പോണ്ടിയാക് കാറില്‍ രക്ഷപെട്ടു. രക്ഷപെട്ടെത്തിയത് തേവള്ളിയിലെ ഞങ്ങളുടെ വീട്ടില്‍. അടുത്ത ദിവസം എമ്മെന്‍ പൊലീസിനെ വെട്ടിച്ചുകടന്നതായി വാര്‍ത്ത പ്രചരിച്ചു. എമ്മെന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ തേവള്ളിയിലെ വീട്ടിലെത്തി. ഒരുലോറിയില്‍ കൊള്ളാനുള്ള പുസ്തകങ്ങള്‍. റഷ്യന്‍ പുസ്തകങ്ങളായിരുന്നു മിക്കതും. എമ്മെനു പിറകെ മറ്റു നേതാക്കളും എത്തിത്തുടങ്ങി. ഞാന്‍ കൂടെക്കൂടെ കണ്ടച്ചിറയില്‍ നിന്നും തേവള്ളിയില്‍ ചെല്ലും. ഒരു പറമ്പില്‍ത്തന്നെ മൂന്നു വീടുകള്‍. അതിലൊന്നിലാണ് എമ്മെനും എന്റെ അമ്മാവനും താമസിക്കുന്നത്. ഞാന്‍ ഇടയ്ക്കു ചെല്ലുന്നത് എമ്മെനു സന്തോഷമായിരുന്നു. അത്തരത്തില്‍ ഒരു സന്ദര്‍ശന സന്ദര്‍ഭത്തിലാണ് ഞാന്‍ മുന്‍പ് ഇറച്ചി വാങ്ങിക്കൊടുത്തത് ജോര്‍ജ് ചടയംമുറിയ്ക്കാണെന്നു മനസ്സിലായത്. ഒളിവില്‍ താമസിച്ചിരുന്ന ചടയംമുറിയ്ക്ക് മീനോ ഇറച്ചിയോ ഇല്ലാതെ ഭക്ഷണം പൂര്‍ണ്ണമാകുകില്ല. എമ്മെന്റെ താമസത്തിനിടയില്‍ രസകരമായ സംഭവം കൂടി നടന്നു. ഒരു ദിവസം ദേവകിപ്പണിക്കര്‍ കൊല്ലത്തുവന്നു. സര്‍ദാര്‍ കെ. എം. പണിക്കരുടെ മകള്‍. അവര്‍വന്നു താമസിച്ചതും ഞങ്ങളുടെ വീട്ടില്‍. വീട്ടിലെത്തി കുറച്ചു ദിവസം കഴിഞ്ഞശേഷം അമ്മാവന്റെ കാറില്‍ കേരളമൊട്ടുക്ക് ഒരു പര്യടനം നടത്തി. ഈ യാത്ര കഴിഞ്ഞപ്പോഴാണ് എമ്മെന്‍ ദേവകി പണിക്കരെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വിവരം പുറത്തറഞ്ഞത്''.

പത്രോസും കൃഷ്ണപിള്ളയും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘാടകനായ എമ്മെനെ അന്വേഷിച്ച് തേവള്ളിയില്‍ എത്തിയിരുന്ന നേതാക്കള്‍ നിരവധിപേര്‍. പ്രത്യേകിച്ച് തിരുവിതാംകൂര്‍ നേതാക്കന്മാര്‍. അവര്‍ക്കെല്ലാം സുരക്ഷിതമായി പാര്‍ട്ടി പ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാനും കമ്മിറ്റികള്‍ നടത്താനും യോജ്യമായ കേന്ദ്രം. 'ടെക്' ചുമതലയുള്ള പല സഖാക്കളും അവിടെയെത്തും. നേതാക്കന്മാരെ കൂട്ടികൊണ്ടു പോകുന്നതും വരുന്നതുമൊക്കെ അവരാണ്. ആരൊക്കെ വരുന്നു പോകുന്നു. ആര്‍ക്കറിയാം. ഇതിനെല്ലാം പുറമെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും വീട്ടില്‍ എത്താന്‍ തുടങ്ങി. വീട്ടുകാര്‍ക്കും പതുക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള വിരോധം അലിഞ്ഞു തുടങ്ങിയിരുന്നു. ആലപ്പുഴയില്‍ നിന്നും എത്തിയിരുന്ന കെ.വി. പത്രോസാണ് അക്കാലത്ത് വീട്ടിലെത്തിയിരുന്ന ഒരാള്‍. ആരെയും കൂസാത്ത പ്രകൃതം. മറ്റൊരാള്‍ കൃഷ്ണപിള്ള. ടി.വി. തോമസും പി.ടി. പുന്നൂസും നിത്യ സന്ദര്‍ശകര്‍. മനസ്‌സ് പതിയെ കമ്മ്യൂണിസ്റ്റ് ആശയത്തിലേക്കടുത്തു.

സ്‌കൂള്‍ വിദ്യാര്‍ത്ഥി കാലം കഴിയുമ്പോഴേക്കും മനസ്സില്‍ കമ്മ്യൂണിസമായി. കൊല്ലം എസ്.എന്‍. കോളേജില്‍ പഠിക്കാനായി ചേര്‍ന്നപ്പോള്‍ രാഷ്ട്രീയം ഉച്ഛ്വാസ വായുവില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു. കൊല്ലത്തെ ജനയുഗമായിരുന്നു പ്രധാന കേന്ദ്രം. കാമ്പിശേ്ശരിയും വൈക്കം ചന്ദ്രശേഖരന്‍ നായരും തെങ്ങമം ബാലകൃഷ്ണനുമൊക്കെ ജനയുഗത്തില്‍ മിക്കപ്പോഴും കാണും. അവരുമൊക്കെയായുള്ള സംസര്‍ഗം പഴവിള രമേശനെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. കോളേജില്‍ എസ്.എഫിന്റെ പ്രവര്‍ത്തകന്‍. അന്നേ കവിതകള്‍ എഴുതിയിരുന്നതുകൊണ്ട് പ്രശസ്തന്‍. 1953- 54 കാലത്താണ് അദ്ദേഹം ആദ്യം എസ്.എന്‍. കോളേജില്‍ ചേര്‍ന്നു പഠിക്കുന്നത്. പഠനത്തിനിടയില്‍ മാനവിക വിഷയത്തില്‍ നിന്നും ശാസ്ത്ര വിഷയത്തിലേക്ക് മാറിയത് പഠനത്തെ ബാധിച്ചു. അത് ജനയുഗത്തിലെ വൈകുന്നേരങ്ങളില്‍ ചര്‍ച്ചയായപ്പോഴാണ് അവിടെയുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ എം.എസ്. ദേവദാസ് തിരുവനന്തപുരത്തെ തന്റെ ട്യൂട്ടോറിയല്‍ കോളേജിലേക്ക് പഠിപ്പിക്കാനായി കൊണ്ടു പോയത്. അതിനു മുന്‍പ് ആദ്യമായി തിരുവനന്തപുരത്ത് പോയത് വല്യച്ഛനൊപ്പം ക്ഷേത്ര ദര്‍ശനങ്ങള്‍ക്കും. എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോള്‍തന്നെ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സമ്മേളനത്തിനുമായിട്ടായിരുന്നു. 

എസ്.എഫിന്റെ സിറ്റി സെക്രട്ടറിയും എസ്.എന്‍. കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന പഴവിള രമേശന് വലിയൊരുനിര വിദ്യാര്‍ത്ഥി നേതാക്കളായിരുന്നു അക്കാലത്ത് സൗഹൃദം. തമ്പി കാക്കനാടനും വെളിയം ദാമോദരനും നാഗപ്പനും കുരീപ്പുഴ നടരാജനുമൊക്കെ അന്ന് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ നേതാക്കന്മാര്‍.  ആ നിരയെ ഉപേക്ഷിച്ചുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. തിരുവനന്തപുരത്ത് മാസ്‌ക്കോട്ട് ഹോട്ടലിലും അരിസ്‌റ്റോ ഹോട്ടലിലും താമസം. തിരുവനന്തപുരത്തെ ഏറ്റവും മുന്തിയ ഈ ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ പഠന- താമസ ചെലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത് അമ്മാവന്മാരായിരുന്നു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളേജില്‍ അദ്ധ്യാപകനായിരിക്കേ പുരോഗമനകാരിയെന്നു മുദ്രകുത്തി പുറത്താക്കപ്പെട്ട എം. എസ് ദേവദാസ് തിരുവനന്തപുരത്ത് സ്വന്തമായി ആരംഭിച്ച കോളേജായിരുന്നു ഡ്യുവല്‍കോളേജ്. അവിടുത്തെ പഠനം അവസാനിപ്പിച്ചു വീണ്ടും കൊല്ലത്തേക്ക് മടങ്ങി. എസ്.എന്‍ കോളേജില്‍ ബിരുദത്തിനു ചേര്‍ന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പല പ്രവര്‍ത്തകരും കോളേജില്‍നിന്നും പടിയിറങ്ങുന്ന കാലമായിരുന്നു അത്. കവി ഒ.എന്‍.വി കുറുപ്പും കാഥികന്‍ വി. സാംബശിവനുമൊക്കെ അക്കൂട്ടത്തില്‍പ്പെടും. ഇതേകാലത്താണ് ജീവിതത്തെ പിടിച്ചുകുലുക്കിയ സംഭവങ്ങള്‍ നടക്കുന്നതും.  എസ്.എന്‍. കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കേ കടുത്ത രാഷ്ട്രീയ പ്രവര്‍ത്തന ലോകത്തേക്കാണ് കവി എത്തിപ്പെട്ടത്. സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍നിന്നും രൂപം കൊണ്ട ആര്‍.എസ്.പി കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുമായി രാഷ്ട്രീയ യുദ്ധത്തിലായിരുന്ന കാലമായിരുന്നു അത്. കൊടാകുളങ്ങര വാസുപിള്ളയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരു വശത്ത്. ബേബി ജോണിന്റെയും ടി.കെ. ദിവാകരന്റെയും നേതൃത്വത്തില്‍ ആര്‍.എസ്. പിക്കാര്‍ മറുവശത്ത്. കായികമായ ആക്രമണത്തിലൂടെ സ്വന്തം നിലനില്‍പ്പിനായി പോരടിക്കുന്നവര്‍. അവരില്‍ രണ്ടിടത്തും ചോരത്തിളപ്പുള്ള ഒരു സംഘം ചെറുപ്പക്കാര്‍. ''എന്റെ അച്ഛനും അമ്മയും ഓരോ ദിവസവും എന്റെ മരണവും സ്വപ്‌നം കണ്ടാണ് ഉണരുന്നത്. ഓച്ചിറ പടനിലത്ത് എന്നെ ആര്‍.എസ്. പിക്കാര്‍ കൊന്നിട്ടിരിക്കുന്നതായിട്ടൊക്കെ അവര്‍ സ്വപ്‌നം കാണും. അച്ഛനും അമ്മയ്ക്കും എന്നെ പ്രതി ആധിയായി. പില്‍ക്കാലത്ത് ഞാന്‍ തിരുവനന്തപുരത്ത് പഠിക്കാന്‍ പോകുമ്പോള്‍ മുപ്പത്തിയഞ്ച് കേസുകളായിരുന്നു എന്റെ പേരിലുണ്ടായിരുന്നത്. അത്രകണ്ട് രാഷ്ട്രീയ സംഘട്ടനങ്ങളാണ് അന്ന് നടന്നത്. 
അന്ന് ഗൗരവമേറിയതും ഇന്നോര്‍ക്കുമ്പോള്‍ രസകരമായതുമായ ഒരു സംഭവം നടന്നു. അത് പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയായിരുന്നു. അന്ന് ആര്‍.എസ്.പിയുടെ നട്ടെല്ലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ മുഖ്യ ശത്രുവുമായിരുന്ന ബേബി ജോണിനെ കൊലപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. രണ്ടു പേരെയാണ് പാര്‍ട്ടി അതിനായി നിയോഗിച്ചത്. അവരില്‍ ഒരാള്‍ ഞാനായിരുന്നു. ഞങ്ങള്‍ ആയുധവുമായി ബേബി ജോണിന്റെ വീടിനു സമീപം ഒരു രാത്രി മുഴുവന്‍ കാത്തിരുന്നു. ഒരു പാടു നേരം കാത്തിരുന്നിട്ടും കാണാതെവന്നപ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ മൂടും തട്ടി പോയി. ഞാന്‍ എന്തും വരട്ടെ എന്നു പറഞ്ഞ് കാത്തിരുന്നു. ഞാന്‍ അവിടിരുന്ന് ഉറങ്ങിപ്പോയി എന്നതാണ് സത്യം. വെളുപ്പിനെപ്പൊഴോ എന്റെ തോളത്തൊരു കൈ. എന്തടാ രമേശാ നീ ഇവിടിരിക്കുന്നതെന്നൊരു ചോദ്യവും. തിരിഞ്ഞു നോക്കുമ്പോള്‍ ബേബിജോണ്‍. ഞാന്‍ അവിടെനിന്നും തടിതപ്പി. മറ്റൊന്ന് അമ്പതുകളുടെ പകുതിയില്‍ അഷ്ടമുടി വേലപ്പന്‍ എന്ന പാര്‍ട്ടിക്കാരന്‍ എന്നെ ഹിന്ദുമഹാമണ്ഡലത്തിനു ബോംബെറിയാന്‍ വിളിച്ചുകൊണ്ടു പോയി. കുറെ നേരം കാത്തിരുന്നെങ്കിലും അതു നടന്നില്ല. ഇങ്ങനെയെക്കെയായിരുന്നു എന്റെ രാഷ്ട്രീയം. ഇതൊക്കയാണ് എന്റെ അച്ഛനും അമ്മയ്ക്കും എന്നെപറ്റി ആധി തോന്നാനുള്ള കാരണവും. തിരുവനന്തപുരത്തേക്ക് ദേവദാസ് മാഷിനൊപ്പം പറഞ്ഞുവിടുമ്പോള്‍ ഇതില്‍ നിന്നൊക്കെ രക്ഷപെടുമെന്നായിരുന്നു അവരുടെ ആശ്വാസം''

അച്ഛന്റെ ജലസമാധി

1956-ലാണ് കവിയുടെ അച്ഛന്‍ ഒരു സ്വത്തു തര്‍ക്കത്തിന്റെ പേരിലുണ്ടായ മാനഹാനിയില്‍ മനം നൊന്ത് മരണം വരിച്ചത്. അയല്‍പ്പക്കത്തുകാരന്റെ വെല്ലുവിളിയും തുടര്‍ന്നു നടന്ന സംഭവവികാസങ്ങളും കവിയുടെ അച്ഛനെ വളരെ വേദനിപ്പിച്ചു. നാട്ടുകാരുടെ പരിഹാസവും കുറ്റപ്പെടുത്തലുകളും അദ്ദേഹത്തിലുണ്ടാക്കിയ മുറിവായിരുന്നു ആ മരണം. അഷ്ടമുടിക്കായലിന്റെ അഗാധതയില്‍ ഒരു പാതിരാത്രിയിലാണ് അദ്ദേഹം മരണത്തെ പുല്‍കിയത്. അമ്മയുടെ രണ്ടാം ജീവിത സ്വപ്‌നങ്ങള്‍ കൂടിയായിരുന്നു അച്ഛന്റെ മരണത്തോടൊപ്പം മുങ്ങിപ്പോയത്. രണ്ടാമതായി കവിയെ പിടിച്ചുലച്ച സംഭവം സി. ജെ തോമസിന്റെ മരണമായിരുന്നു. 

''ജനയുഗത്തില്‍ വച്ചാണ് ഞാന്‍ സി.ജെ. തോമസിനെ ആദ്യം പരിചയപ്പെടുന്നത്. ഒരുപക്ഷേ, ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ക്രാന്തദര്‍ശിയായ ഏറ്റവും ഉയര്‍ന്ന ചിന്തകന്‍ അദ്ദേഹമായിരുന്നു. ഒരു തരത്തില്‍ എം. ഗോവിന്ദനെക്കാള്‍ മുകളിലായിരുന്നു അദ്ദേഹം. ജനയുഗത്തില്‍ ജോലിയ്ക്കായി വന്ന നാളില്‍ ചവറയിലെ ഞങ്ങളുടെ വീട്ടിലാണ് അദ്ദേഹം കഴിഞ്ഞത്. ഇടയ്ക്ക് വരുന്ന സുഹൃത്തുക്കള്‍, അവരുയര്‍ത്തുന്ന സംവാദങ്ങള്‍, അതില്‍ സി.ജെയുടെ ബൗദ്ധികമായ ഇടപെടലുകള്‍ ഇതൊക്കെയും എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ പില്‍ക്കാലത്തു നിറഞ്ഞുനിന്ന നാഞ്ചില്‍ മനോഹരനൊക്കെ അന്ന് വീട്ടിലെത്തി സി.ജെയെ സന്ദര്‍ശിച്ചവരായിരുന്നു. എം. ഗോവിന്ദനെയും പരിചയപ്പെടുന്നത് സി.ജെയ്‌ക്കൊപ്പമായിരുന്നു. ഞങ്ങളുടെ സൗഹൃദത്തില്‍ കടുത്ത അകല്‍ച്ചയും കൂടിച്ചേരലുമുണ്ടായിട്ടുണ്ട്. അദ്ദേഹം വിമോചനസമരത്തിനു പിന്നിലുണ്ടായിരുന്ന എം.ആര്‍.എ. അനുഭാവിയായിരുന്നുവെന്ന അറിവ് എനിക്ക് ഷോക്കായിരുന്നു. അന്ന് എന്റെ കവിതകള്‍ക്ക് അദ്ദേഹം അവതാരിക എഴുതിയത് ഞാന്‍ നിരസിച്ചു. പിന്നീട് അടുത്തപ്പോഴെക്കും ആ അവതാരിക നഷ്ടപ്പെട്ടു പോയി. അദ്ദേഹത്തിന്റെ മരണം എന്നില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. കൊല്ലത്ത് എത്തുമ്പോഴൊക്കെ അദ്ദേഹത്തിന് ആഘോഷമായിരുന്നു. 'കൊല്ലത്തുകാരന്‍ കൊച്ചന്റെ കൂടെ കള്ളും കുടിച്ചു നടക്കുന്നു' എന്നൊക്കെ റോസി പലരോടും പരിഭവം പറഞ്ഞിട്ടുമുണ്ട്'' കവി പറയുന്നു. അച്ഛന്റെ മരണവും രാഷ്ട്രീയമായ ചില അസ്വാരസ്യങ്ങളും കൊല്ലത്ത് നില്‍ക്കാന്‍ കഴിയാത്ത അത്ര മടുപ്പു കവിയില്‍ സൃഷ്ടിച്ചു. എസ്.എന്‍. കോളേജില്‍ വച്ച് ആര്‍ട്‌സ് ക്ലബ്ബ്് സെക്രട്ടറിയായിരിക്കേ കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണന്‍ യാദൃച്ഛികമായി പഴവിള രമേശന്റെ പ്രസംഗം കേള്‍ക്കാന്‍ ഇടവന്നു. അന്നദ്ദേഹം കൗമുദിയിലേക്ക് രമേശനെ ക്ഷണിച്ചിരുന്നു. ആ ഹൃദയംഗമമായ ക്ഷണത്തിന്റെ ഓര്‍മ്മകളാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ആനയിച്ചത്. ഒപ്പം ജനയുഗത്തിലും മലയാളരാജ്യത്തിലുമായി പരിചയപ്പെട്ട ഒരു സംഘം തിരുവനന്തപുരത്തുകാരായ പത്രപ്രവര്‍ത്തകരുമായുള്ള പരിചയവും. ശ്രീവരാഹം ബാലകൃഷ്ണന്‍, എസ്. ജയചന്ദ്രന്‍ നായര്‍, ആര്‍ട്ടിസ്റ്റ് സത്യമൂര്‍ത്തി തുടങ്ങിയവരായിരുന്നു അത്. ജനയുഗം പോലെ പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ വീട്ടുകാര്‍ക്കുള്ള അതൃപ്തിയും കൗമുദിപോലെ പ്രചുരപ്രചാരം ലഭിച്ചിരിക്കുന്ന പ്രസിദ്ധീകരണത്തിലേക്കുള്ള പ്രോത്സാഹനവും ആ യാത്രയ്ക്ക് ആക്കം കൂട്ടി. 

കെ. ബാലകൃഷ്ണന്‍

1961-ല്‍ കൗമുദിയില്‍ അംഗമായി. കെ. ബാലകൃഷ്ണന്‍ എന്ന മഹാമേരുവിന്റെ തണലില്‍ ജീവിതം. കാര്യമായ ശമ്പളമൊന്നും കിട്ടില്ലെങ്കിലും അതൊരു ആഘോഷമായിരുന്നു. രാഷ്ട്രീയ തലസ്ഥാനമായ തിരുവനന്തപുരം അടക്കിവാണിരുന്ന ബാലകൃഷ്ണന്റെ വ്യക്തി പ്രഭാവം രാഷ്ട്രീയ തീരുമാനങ്ങളില്‍പോലും നിര്‍ണ്ണായകമായി തീര്‍ന്നിരുന്നു. പത്രാധിപര്‍ എന്ന നിലയില്‍ അസാധാരണമായ കരുത്ത് കാണിച്ചിരുന്ന ആള്‍. സൗഹൃദങ്ങള്‍ അദ്ദേഹത്തിന് ദൗര്‍ബല്യമായിരുന്നു. കൗമുദി ആഫീസിലെ രാത്രികള്‍ സുഹൃദ് സംഗമങ്ങളുടെ നിലയ്ക്കാത്ത വേദികളായി. ഇപ്പോള്‍ ആര്‍.എസ്.പി നേതാവായ ടി.ജെ. ചന്ദ്രചൂഢന്‍ സഹപത്രാധിപര്‍. 

''ഞാന്‍ എന്റെ ജീവിതത്തില്‍ ഒരേസമയം കഠിനമായ ഭക്തിയോടെയും അതേസമയം നിരാശയോടെയും നോക്കിക്കാണുന്ന വ്യക്തിയാണ് ബാലയണ്ണന്‍ എന്ന് ഞങ്ങളൊക്കെ വിളിച്ചിരുന്ന കെ. ബാലകൃഷ്ണന്‍. പത്രപ്രവര്‍ത്തനത്തില്‍ അസാധാരാണമായ അനുഭവപാഠമാണ് അദ്ദേഹത്തില്‍നിന്നും അന്ന് ഞങ്ങളെപ്പോലെ ചെറിയ പ്രായത്തിലുള്ള പത്രപ്രവ്രര്‍ത്തകര്‍ക്കു പഠിക്കാനുണ്ടായിരുന്നത്. അന്നൊക്കെ ഓണപ്പതിപ്പിനായി തിരുവനന്തപുരത്തുനിന്നു കാറുമെടുത്ത് കേരളത്തിന്റെ വടക്കേയറ്റം വരെ ഒരു യാത്രയുണ്ട്. സൗഹൃദങ്ങളുടെ കണ്ണികള്‍ക്ക് ദൃഢത ചേര്‍ക്കുന്ന യാത്രകളായിരുന്നു അതെല്ലാം. ആ യാത്രയില്‍ കഥകളും കവിതകളും വാരിക്കൊണ്ടാണ് തിരികെയെത്തുന്നത്. അതേസമയം ഓഫീസില്‍ എത്തിയാല്‍ കര്‍ശനക്കാരനായ പത്രാധിപരുമായിരിക്കും. എനിക്ക് അദ്ദേഹമുണ്ടാക്കിയ നിരാശ എന്റെ ജീവിതത്തില്‍ വളരെ വലുതായിരുന്നു. പത്താം വയസ്സുമുതല്‍ പഴവിള രമേശന്‍ എന്ന പേരില്‍ കവിതകളെഴുതി അല്പസ്വല്പം പ്രശസ്തനായിരുന്ന എന്നെ എന്‍. രമേശന്‍ എന്ന പേരിലായിരുന്നു അദ്ദേഹം വായനക്കാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ആദ്യം കൗമുദിയില്‍ എന്റെ പേര്‍ അത്തരത്തില്‍ അടിച്ചു വന്നപ്പോള്‍ ഭൂമി പിളര്‍ന്ന് അതിലേക്ക് വീണുപോകുന്ന മാനസികാവസ്ഥയായിരുന്നു എനിക്ക്. ഇതൊന്നും പോരാഞ്ഞിട്ട് കഠിനമായ ജോലിയായിരുന്നു എന്നെക്കൊണ്ട് ചെയ്യിച്ചത്. ഡിക്ടറ്റീവ് നോവല്‍ എഴുത്താണ് ആദ്യത്തെ ജോലി. കഥയ്ക്ക് കുറവുണ്ടെങ്കില്‍, കവിത ഒരു ലക്കം കിട്ടിയില്ലെങ്കില്‍ അതുരണ്ടും എഴുതി എന്റേതല്ലാത്ത പേരില്‍ നല്‍കണം. ഇതെല്ലാം ആദ്യം തന്നെ മടുപ്പുളവാക്കിയെങ്കിലും ഞാന്‍ അതെല്ലാം സഹിച്ചു. കൗമുദിയിലായിരുന്നു ജോലി എന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരായ പല സുഹൃത്തുക്കളും ഞാന്‍ ആര്‍.എസ്.പിക്കാരനെന്നു തെറ്റിദ്ധരിച്ച് മുഖം തിരിച്ചു. ഇതൊക്കെ എന്നില്‍ മാനസികമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുമ്പോഴും ഏന്തോ ഒന്ന് കെ. ബാലകൃഷ്ണനിലേക്ക് എന്നെ ശക്തമായി അടുപ്പിച്ചിരുന്നു. കാന്തത്തെപ്പോലെ'' കവി പറയുന്നു. കൗമുദിയില്‍ ജോലിചെയ്യുന്ന കാലത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എയ്ക്ക് പഠിക്കാന്‍ ചേര്‍ന്നു. കൗമുദിയില്‍നിന്നും കാറെടുത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തും. കുറച്ചുനേരം ക്ലാസ്സിസില്‍ ഇരുന്ന ശേഷം കൗമുദിയിലേക്കുതന്നെ മടങ്ങും. ഒ.എന്‍.വി. കുറുപ്പും വിഷ്ണുനാരായണന്‍ നമ്പൂതിരിയുമൊക്കെ അന്ന് അദ്ധ്യാപകര്‍.

എട്ടു വര്‍ഷത്തെ കൗമുദിക്കാലം സൗഹൃദങ്ങളുടെ പൂക്കാലമായിരുന്നു. ഒപ്പം ചില വേര്‍പാടുകളുടെ ദു:ഖകാലവും. പി.കെ. ബാലകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന്‍ നായരും കൗമുദിയില്‍ ഉടലെടുത്ത ബന്ധങ്ങള്‍. പ്രൊഫസര്‍ എം. കൃഷ്ണന്‍ നായരും കൗമുദിയിലെത്തിയപ്പോഴാണ് കൂടുതലായി അടുത്തത്. പി.കെ. ബാലകൃഷ്ണനും കൃഷ്ണന്‍നായരും തമ്മില്‍ ഉടലെടുത്ത നിശ്ശബ്ദയുദ്ധത്തിനു കവി സാക്ഷിയായി. ''പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ എന്ന പി.കെ.ബിയുടെ നോവലിനെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൗമുദിയില്‍ എഴുതി. വലിയഭൂകമ്പമായിരുന്നു കൗമുദിയില്‍. പത്രാധിപരുടെ കരുത്താണ് ആ പ്രശ്‌നത്തില്‍ ഞാന്‍ കണ്ടത്. രോഷാകുലനായ കൃഷ്ണന്‍ നായര്‍ സാറിനെ കഥാപാത്രമാക്കി പി.കെ.ബി. ഒരു നോവല്‍ എഴുതി കൗമുദിയില്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു. രണ്ടു ലക്കം ഇറങ്ങിയപ്പോഴേക്കും കെ. ബാലകൃഷ്ണന്‍ നോവല്‍ നിര്‍ത്തി. പിന്നീടുണ്ടായ ഭൂകമ്പം പറയേണ്ടതില്ല. സംഭവങ്ങള്‍ കൗമുദിയ്ക്കുണ്ടാക്കിയ ക്ഷീണം നിസ്‌സാരമായിരുന്നില്ല'' പഴവിള രമേശന്‍ പറയുന്നു. പ്രൊഫസര്‍ ജോസഫ് മുണ്ടശേ്ശരിയുമായി ഏറെ അടുക്കുന്നത് കൗമുദിയില്‍വച്ചാണ്. മിക്കവാറും വൈകുന്നേരങ്ങളില്‍ എഴുതാനായിമാത്രം കൗമുദിയില്‍ എത്തിയിരുന്ന മുണ്ടശ്ശേരി മാസ്റ്റര്‍ക്ക് ടൈംസ് ലിറ്റററി സപ്ലിമെന്റും ടൈമുമൊക്കെ നിര്‍ബന്ധം. വരുമ്പോള്‍ത്തന്നെ രമേശനെ വിളിക്കും. ചില വിവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വിവര്‍ത്തനം ചെയ്യേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിക്കൊടുക്കും രമേശന്‍ അത് വിവര്‍ത്തനം ചെയ്തു നല്‍കും. എല്ലാം കഴിഞ്ഞാല്‍ ചെറിയൊരു മദ്യപാനം. അതിനും കവി സഹയാത്രികന്‍. മുണ്ടശ്ശേരി മാസ്റ്ററുടെ ഷഷ്ഠി പൂര്‍ത്തിവേളയില്‍ (1962) പഴവിള ഒരു കവിതയെഴുതി 'ഒരു ശതാബ്ദത്തിന്റെ ഷഷ്്ഠിപൂര്‍ത്തി' എന്നായിരുന്നു കവിതയുടെ പേര്. ' ഈ ശതാബ്ദത്തിന്റെ ഷഷ്്ഠി പൂര്‍ത്തിയ്ക്കു നാമാശയോല്‍ഫുല്ലമാശംസ നേരുക' എന്നവസാനിക്കുന്ന ഒരു കവിത.  
തകഴിയും എന്‍.പി. മുഹമ്മദും വൈക്കം മുഹമ്മദ് ബഷീറുമൊക്കെ കവിയുടെ ജീവിതത്തിലേക്ക് കയറിവന്നത് കൗമുദിക്കാലത്താണ്. പില്‍ക്കാലത്ത് എന്‍.പി. മുഹമ്മദുമായി കയര്‍ ബിസിനസില്‍ ഏര്‍പ്പെടുന്നതുവരെ ആ ബന്ധം വളര്‍ന്നു. കൗമുദിക്കാലത്താണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി രണ്ടായി പിളര്‍ന്നത്. പാര്‍ട്ടിയിലെ പിളര്‍പ്പ് കവിയില്‍ സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. ''രണ്ടു തെണ്ടികള്‍ കുത്തിവീഴ്ത്തിയ ജഡം വീണ്ടും തുണ്ടാക്കി മാറ്റീ പോസ്റ്റു മാര്‍ട്ടത്തിന്‍ നെടുംകത്തി'' എന്ന് രോഷത്തോടെയാണ് ഈ പിളര്‍പ്പിനോട് പ്രതികരിച്ചത്. 'ചോര പുരണ്ട ദു:ഖം' എന്ന പേരില്‍ അദ്ദേഹം എഴുതിയ ഈ കവിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായി വളരെ വാത്സല്യം കാട്ടിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ഒരിക്കല്‍ പൊതുവേദിയില്‍ കവിയെയും ഈ കവിതയെയും വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു. റൊമാന്റിക് കമ്മ്യൂണിസ്റ്റാണ് പഴവിള രമേശന്‍ എന്നൊരു പട്ടവും അദ്ദേഹം നല്‍കി. 

കൗമുദിക്കാലത്താണ് ചലച്ചിത്രം എന്ന മോഹിപ്പിക്കുന്ന ലോകത്തെത്തെിയത്. ഹരിപോത്തനിലൂടെയായിരുന്നു ആ ബന്ധം വളര്‍ന്നത്. ഇടയ്ക്കിടയ്ക്ക് മദിരാശിയിലും കോടാമ്പാക്കത്തേക്കുമുള്ള യാത്രകള്‍. രാമു കാര്യാട്ടും പദ്മരാജനും അടൂരുമൊക്കെയായിട്ടുള്ള സൗഹൃദങ്ങള്‍ വളര്‍ന്നത് അന്നാണ്. ''രാമു ഞാനുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കേയാണ് മരണത്തിലേക്ക് വീണത്. ജീവിക്കാന്‍ വളരെ കൊതിയായിരുന്നു അദ്ദേഹത്തിന്. സൗഹൃദങ്ങള്‍ക്ക് വലിയ വിലയും അദ്ദേഹം കല്പിച്ചിരുന്നു'' പഴവിള പറയുന്നു. 

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

കൗമുദിക്കാലത്ത് കേരളത്തിലാകെ അലഞ്ഞു നടന്ന കാലം കൂടിയുണ്ടായിരുന്നു പഴവിള രമേശന്. ഓരോ സ്ഥലത്തെത്തുമ്പോഴും സൗഹൃദങ്ങളുടെ വലിയ നിരയുണ്ടാകും അദ്ദേഹത്തിനു കൂട്ടായി. കോഴിക്കോട്ട് എന്‍.പി. മുഹമ്മദും കൊച്ചിയില്‍ പോഞ്ഞിക്കര റാഫിയും പെരുന്ന തോമസും ടാറ്റാപുരം സുകുമാരനും അങ്ങിനെപ്പോകുന്നു നിര1968-ലാണ് പഴവിള രമേശന്‍ കേരളാ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തുന്നത്. എന്‍.വി. കൃഷ്ണവാര്യര്‍ ഡയറക്ടറായിരുന്ന ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഴവിളയെത്തുമ്പോള്‍ വലിയൊരുനിര അക്കാദമിക് വിദഗ്ദ്ധരും അറിയപ്പെടുന്ന എഴുത്തുകാരുമായിരുന്നു അവിടെയുണ്ടായിരുന്നത്. ''അന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിമിതമായ സ്ഥല സൗകര്യത്തില്‍ ഒതുങ്ങികഴിഞ്ഞ് പണിയെടുത്തവരെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ രസം തോന്നാറുണ്ട്. ഡോക്ടര്‍ കെ.പി. കരുണാകരന്‍, എം.പി. പരമേശ്വരന്‍, ഡോ. ഉമ്മര്‍കുട്ടി, പ്രൊഫസര്‍ സി.കെ. മൂസത്, പി.എ. വാര്യര്‍, എം.ആര്‍. ചന്ദ്രശേഖരന്‍, പുനലൂര്‍ ബാലന്‍, ഗോപീമണി, സി.പി. നാരായണന്‍ തുടങ്ങിയവരായിരുന്നു ആദ്യകാലത്ത് കൂടെയുണ്ടായിരുന്നുവെങ്കില്‍ നളന്ദയിലേക്ക് ഓഫീസ് മാറ്റിയപ്പോള്‍ ഗുപ്തന്‍ നായര്‍ സാറും വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം. അച്യുതനും ഡോ. വി.കെ.എന്‍. ശ്രീനിവാസനും കൂടി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായി. ഡോ. വേലായുധന്‍ നായരെ ഇവിടെ പ്രത്യേകം ഓര്‍മ്മിക്കുന്നു. നിഷ്‌കാമകര്‍മിയായി ജോലി ചെയ്ത അദ്ദേഹം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പടിയിറങ്ങുമ്പോള്‍ ഒരുപാട് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു'' പഴവിള ഇന്‍സ്റ്റിറ്റിയൂട്ട് കാലം ഓര്‍ക്കുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് കാലത്ത് തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരുമായി പുലര്‍ത്തി പോന്നിരുന്ന ബന്ധം പലഘട്ടത്തിലും അദ്ദേഹത്തിന്റെ ജീവിതത്തെ അപകടത്തിന്റെ വക്കിലെത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് രഹസ്യപ്പോലീസിന്റെ കണ്ണില്‍ പ്രധാനപ്പെട്ട നോട്ടപ്പുള്ളികൂടിയായി അദ്ദേഹം.   
''ഇന്‍സ്റ്റിറ്റിയൂട്ട് കാലത്താണ് ഞാന്‍ കടമ്മനിട്ട രാമകൃഷ്ണനെ പരിചയപ്പെടുന്നത്. എം. ഗോവിന്ദന്‍ മദിരാശിയില്‍ നിന്നും കൊടുത്തുവിട്ട കത്തിലൂടെയാണ് ഞാന്‍ പരിചയപ്പെടുന്നത്. മരണംവരെ പിരിയാത്ത കൂട്ടായിരുന്നു കടമ്മന്‍ എനിക്ക്. തിമിര്‍ത്തു ജീവിച്ചകാലം എന്നാണ് വിശേഷിപ്പിക്കേണ്ടത്. കടമ്മനും ഞാനും അടൂരും കൂടി ആറുമാസത്തെ അഖിലേന്ത്യാ പര്യടനം നടത്തി. മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച ആ യാത്രയുടെ അവസാനം നാട്ടിലെത്തിയപ്പോഴാണ് സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ മരണത്തിനടുത്താണെന്നറിഞ്ഞത്. അദ്ദേഹത്തിന്റെ മറപറ്റിനിന്ന പലരും സാമ്പത്തികമായി തകര്‍ന്ന് മരണത്തിന്റെ വക്കിലെത്തിയപ്പോള്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്ന ദു:ഖം എനിയ്ക്കുണ്ടായിരുന്നു. അവരിലൊരാള്‍ സി.എന്നിന്റെ മരണശേഷം 'സി.എന്നിന്റെ പതാക ഇതാ ഞാന്‍ ഏറ്റെടുക്കുന്നു എന്നു' പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് സങ്കടവും രോഷവും വന്നു. ഞാന്‍ കുറെ തെറിപറഞ്ഞു. അതോടെ തിരുവനന്തപുരത്തെ എന്റെ വലിയൊരു സൗഹൃദം തകരുകയും ചെയ്തു. അതിനുശേഷം ഞാന്‍ എന്നിലേക്ക് തന്നെ ചുരുങ്ങി. എന്താണെന്നറിയില്ല, ചിലതൊക്കെ കാണുമ്പോള്‍ ഞാന്‍ അറിയാതെ രോഷാകുലനാകും'' തന്റെ അമ്പതു ലക്ഷം രൂപാ വിലമതിക്കുന്ന പുസ്തകശേഖരം ചൂണ്ടിക്കാട്ടി പഴവിള തുടരുന്നു. ''ഇപ്പോള്‍ വായനയിലാണ് എന്റെ ലോകം. ഇവിടെ ഒരുപാടാള്‍ക്കാര്‍ വന്നു താമസിക്കാറുണ്ടായിരുന്നു. ഇപ്പോഴും പലരും വരും. എമ്മെനാണ് (പ്രൊഫസര്‍ എം.എന്‍. വിജയന്‍) അവരില്‍ എനിക്ക് പ്രിയപ്പെട്ട ഒരാള്‍. എപ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോഴും അദ്ദേഹം ഇവിടെ താമസിക്കും. അദ്ദേഹത്തിനായി നിരവധി മന:ശാസ്ത്ര പുസ്തകങ്ങള്‍ ഞന്‍ വിദേശത്തുനിന്നു വരുത്തി നല്‍കുമായിരുന്നു. സി. ജെയ്ക്കും എം. ഗോവിന്ദനും ശേഷം ഞാന്‍ കണ്ടതും അറിഞ്ഞതുമായ ജീനിയസായിരുന്നു അദ്ദേഹം'' പഴവിള പറയുന്നു.  
പഴവിള പത്താമത്തെ വയസ്സില്‍ കവിത എഴുതിത്തുടങ്ങി.  പതിനാലാമത്തെ വയസ്സില്‍ മലയാളരാജ്യത്തില്‍ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു. തുടര്‍ന്നിങ്ങോട്ട് കല്ലേറും പൂച്ചെണ്ടും മാറിമാറി ലഭിച്ചു. ''കൊല്ലം എസ്.എന്‍. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ അദ്ധ്യാപകനായിരുന്ന എം.പി. ബാലകൃഷ്ണന്‍ നായരെ ഞാന്‍ എഴുതിയ ഒരു കവിത കാണിച്ചു. അദ്ദേഹം എന്റെ പെടലിക്കിട്ടൊരടി തന്നിട്ട് ആ കവിത കീറിക്കളഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് 'ജനയുഗ'ത്തില്‍ കവിതകളെഴുതിയ പഴവിള രമേശനാണ് ഞാനെന്നറിഞ്ഞത്. സാറിന് വലിയ സങ്കടമായി. സാര്‍ കരുതിയത് ഞാന്‍ ആരുടേയോ കവിത കോപ്പിയടിച്ച് കൊണ്ടുവന്നു കാട്ടിയതാകുമെന്നാണ്. അന്നൊക്കെ കവിതയെഴുതുമായിരുന്ന എനിക്ക് നിരവധി കാമുകിമാര്‍ ഉണ്ടായിരുന്നു. എന്റെ തോന്ന്യാസങ്ങള്‍ക്കെല്ലാം കൂട്ട് തമ്പി കാക്കനാടനായിരുന്നു. അടുത്തനാളില്‍ അവനും മരിച്ചു. കൊല്ലത്തുനിന്നും അറുപതുകളില്‍ യാത്ര പറഞ്ഞ ഞാന്‍ പിന്നീട് അധികമൊന്നും അങ്ങോട്ടേക്ക് പോയില്ല. ഒരുപാട് സ്വത്തുക്കള്‍ എന്റെ ബന്ധുക്കള്‍തന്നെ അപഹരിച്ചെടുത്തു. 
ബന്ധങ്ങളെയൊക്കെ വലിയ സ്വത്തായി കണ്ടിരുന്ന എനിക്ക് കിട്ടിയത് ചതിയുടെ വലിയ കുഴികളാണ്. മുപ്പതുവര്‍ഷത്തിനുശേഷം നാട്ടില്‍നിന്നും ഒരു സംഘം സുഹൃത്തുക്കള്‍ സഖാക്കള്‍, എന്നെക്കാണാന്‍ ഈ നഗരത്തിലെത്തി. 'മറന്നില്ല' എന്നൊരുകവിത ഞാന്‍ അവരുടെ വരവിനെപ്പറ്റി എഴുതിയിരുന്നു. 'നാട്ടില്‍നിന്നീ നഗരത്തിലെത്തും കൂട്ടുകാരേ അടുത്തിരുന്നാലും. നാട്ടുവാര്‍ത്തകളെന്തൊക്കെ എന്റെ നാടതെങ്ങിനെ നാട്ടിലിന്നെങ്ങിനെ?'' എന്നു ഞാന്‍ എഴുതി. അത്രകണ്ട് എനിയ്ക്കിഷ്ടമായിരുന്നു ആ നാട്. ഇന്ന് ബന്ധങ്ങള്‍ എവിടെ?. 

ഒന്നില്‍നിന്നു തുടങ്ങി മറ്റൊന്നില്‍
ചെന്നു പിന്നെയുമാദ്യത്തെയൊന്നില്‍
വന്നുചേരുമീ ജീവിത ചക്രം
നന്നൊടുക്കം തുടക്കത്തിലല്ലോ
നിങ്ങളോര്‍മ്മയില്‍  തുന്നുമീ സ്‌നേഹ-
ഭംഗികൊണ്ടു ഞാനൊപ്പട്ടെ കണ്‍കള്‍.

(2011 സെപ്തംബര്‍ ലക്കം സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com