തിരുവനന്തപുരം പ്രസ് ക്ലബ്ബും ചില തെരഞ്ഞെടുപ്പുചിന്തകളും

ആയിരത്തഞ്ഞൂറു രൂപ മുടക്കി ഒരാള്‍ പത്രസമ്മേളനം നടത്തിയാല്‍ അയാള്‍ക്ക് എന്താണു പ്രയോജനം. ഉറങ്ങാന്‍ കള്ളു വേറെ കുടിക്കണം എന്നു പറഞ്ഞതുപോലെ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ അവര്‍ വേറെ പണിയെടുക്കണം
തിരുവനന്തപുരം പ്രസ് ക്ലബ്ബും ചില തെരഞ്ഞെടുപ്പുചിന്തകളും

രാജ്യത്തെ തന്നെ പ്രധാന പ്രസ് ക്ലബ്ബുകളിലൊന്നായ തിരുവനന്തപുരം പ്രസ് ക്ലബ്ബ് സുവര്‍ണ്ണജൂബിലി ആഘോഷിച്ചത് അടുത്തനാളുകളിലാണ്. അതു ക്ലബ്ബിന്റെ പ്രൗഢിയ്‌ക്കൊത്തതായില്ല എന്നു വിമര്‍ശം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിലേക്കു പോകുകയാണ്. ഈ സാഹചര്യത്തില്‍, തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് ദീര്‍ഘകാലം ആ ക്ലബ്ബില്‍ അംഗമായിരുന്ന ലേഖകന്‍.

സ്വദേശാഭിമാനിയുടെയും കേസരിയുടെയുമൊക്കെ കാലത്തിനുശേഷം അടുത്ത തലമുറയായി വന്ന മഹാരഥരായ ഒരുപിടി പത്രപ്രവര്‍ത്തകര്‍ അവരുടെ ജീവത്‌കേന്ദ്രമായി രൂപം നല്കിയ മഹാസ്ഥാപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്. ഒട്ടും സൗകര്യങ്ങളില്ലാത്ത ചെറുകെട്ടിടത്തില്‍നിന്ന് സ്വന്തം കെട്ടിടത്തിലേക്ക് അതു വളര്‍ന്നപ്പോള്‍ അതിനു തറക്കല്ലിട്ടത് അന്നു മുഖ്യമന്ത്രി ആയിരുന്ന സാക്ഷാല്‍ ഇ.എം.എസും അതു പണിതീര്‍ന്നപ്പോള്‍ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയും ആണ്. സ്ഥാപകരായ മഹത്തുക്കള്‍ പ്രതാപികളായി വിരാജിച്ചിരുന്ന അക്കാലത്ത് അവരെ കാണാന്‍ മന്ത്രിമാര്‍ അടക്കം കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരായ നേതാക്കളും എഴുത്തുകാരുമൊക്കെ ഈ സ്ഥാപനത്തിലേക്ക് നിത്യസന്ദര്‍ശകരെന്നോണം വന്നിരുന്ന കഥ ആ തലമുറയിലെ കാരണവന്മാര്‍ പറയുന്നതു കേട്ട് അഭിമാനിച്ചിട്ടുണ്ട്.

ആ പ്രതാപകാലത്തിനുശേഷവും ഉത്പതിഷ്ണുക്കളായ പത്രപ്രവര്‍ത്തകര്‍ ഈ പ്രസ് ക്ലബ്ബിന്റെ സാരത്ഥ്യം വഹിച്ചു. സ്ഥാപനം വളര്‍ന്നു. ക്ലബ്ബിന്റെ കീഴില്‍ ആരംഭിച്ച ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടും വളര്‍ന്നു. ഒറ്റമുറിയില്‍നിന്ന് അഞ്ചു ഹാളുകളുള്ള ബഹുനിലമന്ദിരമായി. ഇന്‍സ്റ്റിറ്റിയൂട്ടിനു പ്രത്യേകം ബ്ലോക്കുണ്ടായി. അതില്‍ കോഴ്‌സുകളും വിദ്യാര്‍ത്ഥികളും പെരുകി. ആ ജൈത്രയാത്ര അങ്ങനെ തുടരുന്നു. 

ഈ സാഹചര്യത്തിലാണ് വിമര്‍ശനങ്ങളുയര്‍ത്തിയ സുവര്‍ണ്ണജൂബിലിയാഘോഷം കടന്നുപോയത്. മുന്‍പറഞ്ഞ പാരമ്പര്യത്തിനിണങ്ങുന്ന ഒന്നായിരുന്നില്ല ആഘോഷം എന്ന വിമര്‍ശം ഉയര്‍ന്നതില്‍ വസ്തുത ഇല്ലാതില്ല.രാഷ്ട്രപതിയെയൊക്കെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിക്കുകയും രാജ്യത്തെ പ്രാമാണികരായ മാദ്ധ്യമപ്രവര്‍ത്തകരെയൊക്കെ പങ്കെടുപ്പിച്ചു വിപുലമായ അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കുകയും ഒക്കെ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, വളരെ നിറംകെട്ട ഒന്നായി അത് അവസാനിക്കുകയായിരുന്നു. അനുബന്ധപരിപാടികളും കലാപരിപാടികളും പ്രചാരണവുമെല്ലാം വളരെ മോശം നിലവാരത്തിലായിരുന്നു എന്ന് എനിക്കും തോന്നി.
പക്ഷേ, അത് ഒരു ഒറ്റപ്പെട്ട വിഷയമായല്ല കാണേണ്ടത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇന്നത്തെ നിലയുമായി ബന്ധപ്പെടുത്തി നോക്കിയാല്‍ അതു തികച്ചും സ്വാഭാവികമായ ഒന്നാണെന്നു കാണാം. ആ പരിണാമമാണു ക്ലബ്ബിനെ സ്‌നേഹിക്കുന്ന നാം പരിശോധിക്കേണ്ടത്.
യഥാര്‍ത്ഥത്തില്‍, ക്ലബ്ബും ഇന്‍സ്റ്റിറ്റിയൂട്ടും ഒക്കെ വിഭാവനം ചെയ്തവര്‍ കണ്ട നിലവാരവും ഉദ്ദേശ്യലക്ഷ്യങ്ങളും അതേ നിലയില്‍ പില്‍ക്കാലത്തു നിലനിര്‍ത്താനായിട്ടുണ്ടോ? വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കു ക്ലബ്ബ് നീങ്ങുമ്പോള്‍ എന്റെ സുഹൃത്തുക്കളായ വോട്ടര്‍മാര്‍ ആലോചിക്കേണ്ട പ്രധാനകാര്യമാണത്.

ദില്ലി, കോല്‍ക്കത്ത, മുംബൈ പ്രസ് ക്ലബ്ബുകള്‍ കഴിഞ്ഞാല്‍ രാജ്യത്തെ പ്രാധാന്യമേറിയതും വലുതും പഴയതുമായ പ്രസ് ക്ലബ്ബാണു തിരുവനന്തപുരത്തേത്. നിങ്ങള്‍ ഈ വായന ഇവിടെ തല്ക്കാലം നിര്‍ത്തിയിട്ട് ദില്ലി പ്രസ് ക്ലബ്, കോല്‍ക്കത്ത പ്രസ് ക്ലബ്, മുംബൈ പ്രസ് ക്ലബ്, തിരുവനന്തപുരം പ്രസ് ക്ലബ് എന്നിവ ഗൂഗിളില്‍ ഒന്നു തെരഞ്ഞുനോക്കൂ. ട്രിവാന്‍ഡ്രത്തിന്റെ ഒഴികെ മറ്റുള്ളവയുടെയെല്ലാം വെബ് സൈറ്റാണ് വിക്കിപീഡിയയ്‌ക്കൊപ്പം ആദ്യഫലമായി വരുന്നത്. ആ സൈറ്റുകളെല്ലാം വളരെ സജീവമാണെന്നും കാണാം. ആ ക്ലബ്ബുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളൊക്കെ അവയില്‍ ചിത്രങ്ങള്‍ സഹിതം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കോല്‍ക്കത്ത ക്ലബ്ബിലെ ബാറിലെ ഭീമമായ കുടിശിക തീര്‍ക്കാന്‍ പണമടയ്ക്കാനുള്ള POS മെഷീന്‍ സ്ഥാപിച്ച കാര്യം അംഗങ്ങളെ അറിയിക്കാനുള്ള സ്‌ക്രോള്‍ പോലും അവരുടെ സൈറ്റിന്റെ ഹോം പേജില്‍ കാണാം. നമ്മുടെ ക്ലബ്ബിന്റെ സൈറ്റാകട്ടെ സേര്‍ച്ചില്‍ കാണാന്‍തന്നെ ഇല്ല! ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിവരങ്ങളും മറ്റും മറ്റു വാണിജ്യസൈറ്റുകള്‍ ഇട്ടിട്ടുള്ളതാണ് ആകെ കാണുന്നത്. ഈ ഒറ്റക്കാര്യത്തിലുണ്ട് നമ്മുടെ ക്ലബ്ബിന്റെ നിലവാരവും പ്രൊഫഷണലിസവും.

1967ല്‍ അന്നത്തെ ഗവര്‍ണ്‍നര്‍ ഭഗവാന്‍ സഹായിയുടെ മീറ്റ് ദ പ്രസ്സോടെ തുടങ്ങിയ മീറ്റ് ദ പ്രസ് സംസ്‌ക്കാരം ഇന്ന് എവിടെ എത്തിനില്ക്കുന്നു? സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കള്‍ ആവശ്യമുള്ളപ്പൊഴൊക്കെ പത്രക്കാരെ കാണുന്നവരാണ്. അവരെ വിളിച്ചു മീറ്റ് ദ പ്രസ് നടത്തിയാല്‍ വിശേഷിച്ചു ഗുണമൊന്നും ഉണ്ടാവില്ല. അതേസമയം ഓരോ വര്‍ഷവും വിവിധ രംഗങ്ങളിലുള്ള എത്രയോ പ്രഗത്ഭമതികളും പ്രതിഭാശാലികളും ദേശീയതലത്തിലുള്ള രാഷ്ട്രീയനേതാക്കളുമൊക്കെ തിരുവനന്തപുരത്തു വന്നുപോകുന്നു. അവരുടെയൊക്കെ മീറ്റ് ദ പ്രസ്സുകള്‍ വച്ചാല്‍ വ്യത്യസ്തവിഷയങ്ങളിലുള്ള വാര്‍ത്തകള്‍ ലഭിക്കുന്നതിനപ്പുറം നമ്മുടെ സഹപ്രവര്‍ത്തകര്‍ക്ക് അവരെ പരിചയപ്പെടാനും അവരുടെ കര്‍മ്മമേഖലകളെപ്പറ്റി അറിയാനും പഠിക്കാനുമൊക്കെ അത് ഉപകരിക്കും; ഒപ്പം അവരുടെ തൊഴില്‍മികവ് ഉയരാനും.

പക്ഷേ, ഇപ്രകാരം മീറ്റ് ദ പ്രസ്സുകള്‍ സംഘടിപ്പിക്കണമെങ്കില്‍ അത്തരം വ്യക്തികള്‍ തലസ്ഥാനത്തു വന്നുപോകുന്നതു മുന്‍കൂട്ടി അറിയണം. അവരെപ്പറ്റി അറിയണം. അവരെ ബന്ധപെട്ടു മീറ്റ് ദ പ്രസ്സിനു ക്ഷണിക്കാനുള്ള വൈഭവം വേണം. അത്തരം വ്യക്തികളെ ഭാരവാഹിത്വത്തില്‍ കൊണ്ടുവരണം. രാഷ്ട്രീയവും മറ്റു താല്പര്യങ്ങളും തെരഞ്ഞെടുപ്പിന് ആധാരമാകുമ്പോള്‍ അതു കഴിയില്ല. അതിനു കഴിയുന്നവര്‍ എന്നു സ്വയം ബോദ്ധ്യമുള്ളവര്‍ മാത്രം മത്സരിക്കുന്ന സംസ്‌ക്കാരം ഉണ്ടാകണം. അങ്ങനെയുള്ളവരെ മാത്രമേ തെരഞ്ഞെടുക്കൂ എന്ന ഇച്ഛാശക്തിയും ഉയര്‍ന്നബോധവും വോട്ടര്‍മാരായ അംഗങ്ങള്‍ക്കും ഉണ്ടാകണം. വാളെടുത്ത് എല്ലാവരും വെളിച്ചപ്പാടാകുന്ന സ്ഥിതി ഇതുപോലുള്ള സ്ഥാപനങ്ങള്‍ക്ക് അഭികാമ്യമല്ല. പത്രപ്രവര്‍ത്തകരുടെ അക്കാദമികവും പ്രൊഫഷണലുമായ കഴിവുകള്‍ നിരന്തരം വികസിപ്പിക്കുന്നതില്‍ ശുഷ്‌ക്കാന്തി പുലര്‍ത്തേണ്ട ഈ സ്ഥാപനം എത്ര വര്‍ഷമായി ആ നിലയില്‍ എന്തെങ്കിലും ചെയ്തിട്ട്! ഇവിടെയും കാരണം അത്തരം ഉന്നതമായ കാഴ്ചപ്പാടുള്ളവര്‍ ഭാരവാഹികളായി ഉണ്ടാകുന്നില്ല എന്നതുതന്നെ.


വാസ്തവത്തില്‍ മാദ്ധ്യമപ്രവര്‍ത്തനത്തില്‍ എന്തെല്ലാം പുതിയ സങ്കേതങ്ങളും സമ്പ്രദായങ്ങളും പ്രവണതകളും കടന്നുവരുന്നു! എന്തല്ലാം പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നു! സത്യാനന്തരകാലത്തെ പത്രപ്രവര്‍ത്തനംതന്നെ ധാരാളം അധികശേഷികള്‍ ആവശ്യപ്പെടുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന മത്സരം ഓരോ ആളുടെയും ശേഷികള്‍ അനുദിനം വിപിലപ്പെടുത്തേണ്ടത് അനിവാര്യമാക്കുന്നു. മാദ്ധ്യമരംഗത്തു കോര്‍പ്പറേറ്റുവത്ക്കരണം അപകടകരമാംവിധം വര്‍ദ്ധിച്ചുവരുമ്പോള്‍ സാമൂഹികോത്തരവാദിത്തത്തില്‍ ഊന്നുന്ന വികസനോന്മുഖവും ജനപക്ഷവുമായ പത്രപ്രവര്‍ത്തനത്തിലേക്കു പ്രൊഫഷണലുകളെ ഉറപ്പിച്ചുനിര്‍ത്താനുള്ള നിരന്തരബോധനവും അതിപ്രധാനമാണ്. അങ്ങനെ പലതും. 

എന്നാല്‍ ഇതൊന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ വിഷയമേ ആകുന്നില്ല എന്നതാണു ദുരന്തം. മുംബൈ പ്രസ് ക്ലബ്ബിന്റെയും മറ്റും വെബ്‌സൈറ്റ് ഒന്നു പരിശോധിച്ചാല്‍ അവയും നമ്മുടെ ക്ലബ്ബും തമ്മില്‍ ഇക്കാര്യങ്ങളിലുള്ള അന്തരം വ്യക്തമാകും.
ശ്രദ്ധിക്കേണ്ട മറ്റൊരു രംഗം തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സുപ്രധാനപ്രവര്‍ത്തനങ്ങളില്‍ ഒന്നും പ്രധാന വരുമാനസ്രോതസുമായ പത്രസമ്മേളനങ്ങളാണ്. ദിവസവും നാലും അഞ്ചുംവീതം നടക്കുന്നുണ്ട്. ഇവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ന് എത്ര പത്രമാദ്ധ്യമങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ വരുന്നുണ്ട്? അഞ്ചുകൊല്ലം മുമ്പു ഞാന്‍ കണ്ടിട്ടുള്ളത് അഞ്ചും ആറും പേരെയാണ്. അതുതന്നെയും വല്ല ഇന്റേര്‍ണ്‍ഷിപ്പുകാരെയും പറഞ്ഞുവിടുന്നതാണ്. ഇപ്പോള്‍ സ്ഥിതി അതിലും മോശമായിട്ടുണ്ടാകും. 

ആയിരത്തഞ്ഞൂറു രൂപ മുടക്കി ഒരാള്‍ പത്രസമ്മേളനം നടത്തിയാല്‍ അയാള്‍ക്ക് എന്താണു പ്രയോജനം. ഉറങ്ങാന്‍ കള്ളു വേറെ കുടിക്കണം എന്നു പറഞ്ഞതുപോലെ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ അവര്‍ വേറെ പണിയെടുക്കണം. എത്രനാള്‍ ആളുകളെ ഇങ്ങനെ പറ്റിക്കാനാകും? ആളുകള്‍ ഇതു മനസിലാക്കുന്നതോടെ ക്ലബ്ബിന്റെ ഒരു വലിയ വരുമാനം എന്നത്തേക്കുമായി അടയും. ഞാന്‍ ഉള്ളപ്പോള്‍ത്തന്നെ ഇക്കാര്യം അറിയുന്നവര്‍ അവിടെക്കൊണ്ടുവന്നു പണം തുലയ്ക്കുന്നില്ലായിരുന്നു. അതറിയാത്ത പാവങ്ങളാണ് അന്നും പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തുന്നത്. ഇന്നും അത്രയൊക്കെയേ ഉള്ളൂ എന്നാണ് ഈ ലേഖനം എഴുതാന്‍വേണ്ടി ചില സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ മനസിലായത്.
ആ നില മാറണം. കാരണം, അതൊരു സംസ്‌ക്കാരമാണ്. ഇമെയിലും വാട്ട്‌സാപ്പുമൊക്കെ വന്നാലും പത്രക്കാരോടു നേരിട്ടു കാര്യങ്ങള്‍ സംസാരിക്കണമെന്ന ചിന്ത കുറേക്കാലംകൂടി എന്തായാലും നിലനില്ക്കും. അതുകൊണ്ട്, ക്ലബ്ബ് ഭരണസമിതി പ്രധാനപ്പെട്ട മാദ്ധ്യമസ്ഥാപനങ്ങളുടെ തിരുവനന്തപുരത്തെ മേധാവികളുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണം. അവരുമായി നിരന്തരബന്ധം പുലര്‍ത്തി പത്രസമ്മേളനങ്ങളില്‍, അവ എത്ര ചെറുതും നിസ്സാരവും ആയാലും, എല്ലാ പ്രധാനസ്ഥാപനങ്ങളുടെയും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു എന്ന് ഉറപ്പാക്കണം. അവര്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നുവെന്നും. ഇത്തരം കാര്യങ്ങള്‍ക്കു സ്ഥാപനമേധാവികളെ വിളിച്ചുകൂട്ടാന്‍ തക്ക ശേഷി ക്ലബ് ഭരണസമിതിക്ക് ഉണ്ടാകണം.

ഞാന്‍ തിരുവനന്തപുരം വിടുന്നതിനു മുമ്പുതന്നെ, 2013ലൊക്കെ, പത്രക്കുറിപ്പുമായി പത്രമോഫീസില്‍ വരുന്ന പലരും പറയാറുണ്ടായിരുന്ന ഒരു പരാതി, മുമ്പൊക്കെ വാര്‍ത്ത പ്രസ് ക്ലബ്ബില്‍ എത്തിച്ചാല്‍ മതിയായിരുന്നു, എല്ലാ പത്രക്കാരും വന്ന് എടുക്കുമായിരുന്നു, ഇപ്പോള്‍ ആ രീതിയൊക്കെ പോയി, എന്നതായിരുന്നു. വാസ്തവത്തില്‍ ഇതിനും പ്രസ് ക്ലബ് ഒരു സംവിധാനം ഉണ്ടാക്കേണ്ടതുണ്ട്. അവര്‍ കൊണ്ടുവരുന്ന വാര്‍ത്താക്കുറിപ്പു വാങ്ങി സ്‌ക്യാന്‍ ചെയ്ത് മാദ്ധ്യമങ്ങളുടെ പേര്‍ക്ക് ഒന്ന് ഇമെയില്‍ ചെയ്തുകൂടെ? അതൊക്കെയല്ലേ പ്രൊഫഷണല്‍ സപ്പോര്‍ട്ട്? അങ്ങനെയൊക്കെ ആയാലല്ലേ ആളുകള്‍ക്കു പ്രസ് ക്ലബ്ബുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടെന്നു തോന്നൂ? 
പത്രസമ്മേളനത്തോടു മാദ്ധ്യമങ്ങള്‍ കാ!ട്ടുന്ന അവഗണന മാറ്റാന്‍ എന്തെങ്കിലും ചെയ്യുന്നതിനെപ്പറ്റി ആറേഴുകൊല്ലം മുമ്പു സൂചിപ്പിച്ചപ്പോള്‍ പ്രസ് ക്ലബ്ബിന്റെ ഒരു ഭാരവാഹി പ്രതികരിച്ചത്, പത്രസമ്മേളനത്തിന്റെ വരുമാനം നിലച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല, പണമുണ്ടാക്കാന്‍ ഞങ്ങള്‍ക്കു വേറെ വഴിയറിയാം എന്നാണ്. ഈ അഹന്തയാണു പലകാലത്തെയും ഭാരവാഹികള്‍ പുലര്‍ത്തിയിട്ടുള്ളത്.

അറിയാമെന്നു പറഞ്ഞ ആ വഴി പക്ഷേ, സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് അനുഗുണമല്ല. മുതലാളിമാരുടെ ഔദാര്യത്തിനു കൈനീട്ടി ഭീമമായ തുകകള്‍ വാങ്ങുന്നത് പത്രസ്വാതന്ത്ര്യം അടിയറവയ്ക്കുന്ന നടപടിയാണ്. അതുപോലെതന്നെ അവരുടെ ആതിത്ഥ്യവും സല്‍ക്കാരവും സ്വീകരിക്കുന്നതും. ദൗര്‍ഭാഗ്യവശാല്‍ ഇതൊക്കെയാണു സമീപകാലങ്ങളില്‍ പലപ്പോഴും അരങ്ങേറുന്നത്. യൂണിയന്‍ സമ്മേളനത്തിനു വന്ന ഒരു തിരുവനന്തപുരം പ്രതിനിധി പറഞ്ഞ കഥ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു. പത്രപ്രവര്‍ത്തകര്‍ക്കു വീടുവയ്ക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അമൃതാനന്ദമയിക്കും അദാനിക്കും അംബാനിക്കുംവരെ കത്തയച്ചത്രേ! ഏതായാലും ഞാനതു വിശ്വസിക്കുന്നില്ല. 

പ്രസ് ക്ലബ് എന്നത് പത്രപ്രവര്‍ത്തകയൂണിയന്‍ പോലെ ട്രേഡ് യൂണിയനല്ല. അതു പ്രൊഫഷണല്‍ ബോഡിയാണ്. പത്രപ്രവര്‍ത്തകരുടെ അവകാശസംരക്ഷണവും ക്ഷേമവും ഒക്കെ യൂണിയനുകളുടെ ചുമതലയാണ്. അത് അവര്‍ നോക്കിക്കൊള്ളും. മറിച്ച് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്കും വിനോദത്തിനും ഒക്കെയുള്ളതാണു ക്ലബ്. ഈ ചുമതലകളൊക്കെ ഭംഗിയായി നിറവേറ്റിയിട്ട് മെഡിക്കല്‍ ക്യാമ്പും ഓണത്തിനു പച്ചക്കറിക്കിറ്റു വിതരണവും ഒക്കെ നടത്തിയാല്‍ തെറ്റില്ല. പക്ഷേ, കിറ്റും ക്യാമ്പുമാണു ക്ലബ്ബിന്റെ അടിസ്ഥാനധര്‍മ്മം എന്നിടത്തേക്കു കാര്യങ്ങള്‍ ചുരുക്കുന്നത് ആശാസ്യമല്ല. കേവലം ഈവന്റ് മാനേജ്‌മെന്റ് കമ്പനിയല്ല പ്രസ് ക്ലബ്ബ്. അത്തരം കാര്യങ്ങളില്‍ മാത്രം വൈദഗ്ദ്ധ്യവും താല്പര്യവും ഉള്ളവര്‍ ഭാരവാഹിത്വത്തില്‍ വരുന്നതിന്റെ അപകടങ്ങളാണ് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ കൊണ്ടെത്തിച്ചത്.

ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യംകൂടി പറഞ്ഞ് ഉപസംഹരിക്കാം. കൊച്ചിയിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമി, കേരള, എംജി സര്‍വ്വകലാശാലകളിലെ ജേര്‍ണലിസം വകുപ്പ് എന്നിവയിലെ കോഴ്‌സുകള്‍ക്കൊപ്പം മെച്ചപ്പെട്ട ഇടം നേടിയ ഒന്നായിരുന്നു തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ഡിപ്ലോമ കോഴ്‌സ്. എന്നാല്‍ ഇന്ന് അതിന്റെ സ്ഥിതി എന്താണ്?
മുമ്പ് ടൈംസ് ഓഫ് ഇന്‍ഡ്യയിലെ ജോണ്‍ സാറൊക്കെ തുടര്‍ച്ചയായി എത്രയോവര്‍ഷം ചുമതലവഹിച്ച സ്ഥാപനമാണ്! ഇന്ന് അടിക്കടി ഡയറക്റ്റര്‍മാരെ മാറ്റിക്കളിക്കുകയാണ്. ഇപ്പോഴത്തെ ഫാക്കല്‍റ്റിയില്‍ വ്യാജമായ പ്രവൃത്തിപരിചയത്തിന്റെ പേരില്‍ ഉള്‍പ്പെടുത്തിയവര്‍പോലും ഉണ്ടത്രേ! തൊഴിലില്ലാത്തവരെ സഹായിക്കാനുള്ള കേന്ദ്രമാകരുത് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ട്.
ഓരോ ഭരണസമിതിയുടെയും ഇഷ്ടത്തിനനുസരിച്ചു മാറേണ്ട ഒന്നല്ല പത്രപ്രവര്‍ത്തകപരിശീലനം. അതിനു തുടര്‍ച്ച വേണം. നിലവാരമുള്ള, അക്കാദമികമികവുള്ള പ്രൊഫഷണലുകളുടെ സാരത്ഥ്യം വേണം. അംഗീകൃത സിലബസ് വേണം. അവ പഠിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് അക്കാദമികമികവുള്ളവരുടെ സമിതി (ഒരു വ്യക്തിയല്ല) നിശ്ചയിക്കുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്ന ഫാക്കല്‍റ്റി വേണം. പരീക്ഷയ്ക്കു മാനദണ്ഡവും നിശ്ചിത നിലവാരവും വേണം. (സംസ്ഥാനത്തെ മാദ്ധ്യമപ്രവര്‍ത്തകപരിശീലനസ്ഥാപനങ്ങളിലെ സിലബസിനു നിലവാരം ഉറപ്പാക്കാന്‍ എന്തോ പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നതായി ഇടയ്ക്കു കേട്ടിരുന്നു. പിന്നീട് ആവഴിക്കു നീക്കമൊന്നും നടന്നതായി അറിവില്ല).
എന്റെ ഒരു സുഹൃത്തിന്റെ മകള്‍ അവിടെ ഇക്കൊല്ലം പഠിച്ചിരുന്നു. ഒരാഴ്ചമുമ്പു കണ്ടപ്പോള്‍ ആ സുഹൃത്തു രോഷത്തോടെ പറഞ്ഞത്, സിലബസുപോലും തീര്‍ക്കാതെയാണ് ഇക്കുറി പരീക്ഷ നടത്തിയതെന്ന്. ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്യാമറ അടിച്ചുമാറ്റിയതടക്കം പല കഥയും കേട്ടൂ ഇതെഴുതാന്‍വേണ്ടി നടത്തിയ അന്വേഷണത്തിനിടെ. വല്ലാത്ത നിരാശ തോന്നി.

ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്റ്റര്‍, ഫാക്കല്‍റ്റി, സിലബസ് എന്നിവ നിശ്ചയിക്കാനും നവീകരിക്കാനും അതിനു കഴിവുള്ള പ്രഗത്ഭരുടെ സ്ഥിരം സംവിധാനം വേണം. അല്ലാതെ, നാ കണ്ട കഞ്ഞിപോലെ ആക്കേണ്ട ഒന്നല്ല ഏതുതരം വിദ്യാഭ്യാസവും. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ദൈനംദിനഭരണവും പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭരണസമിതിയുടെ നിയന്ത്രണത്തില്‍നിന്നു മാറ്റി സ്വയംഭരണസ്വാതന്ത്ര്യത്തോടെ ആക്കണം. പുതിയ കാലത്തെ ആശയങ്ങളും ചിന്താരീതികളും മനസിലാക്കി ഇക്കാര്യത്തിലൊക്കെ മാറ്റം വരുത്താന്‍ കഴിയുന്ന വിഷനറിമാര്‍ ആകണം ക്ലബ്ബിന്റെ ഭരണം കയ്യാളേണ്ടത്. അക്കാര്യത്തില്‍ രാഷ്ട്രീയവും മറ്റു കാര്യങ്ങളുമെല്ലാം മാറ്റിവയ്ക്കണം. ഇതൊരു പ്രൊഫഷണല്‍ ബോഡിയാണെന്ന് അംഗീകരിക്കണം. (ആ ആശയം മനസിലാകാത്തവരുണ്ടെങ്കില്‍ തിരുവനതപുരത്തു വെള്ളയമ്പലത്തുള്ള ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് എന്ന സംഘടനയെപ്പറ്റി അറിയാന്‍ ശ്രമിക്കുക.)

ഇന്നത്തെ ഒരു പ്രധാന പ്രശ്‌നം, മുന്നൂറ്റമ്പതില്‍പ്പരം അംഗങ്ങളുണ്ടെങ്കിലും അവരെയെല്ലാം ബന്ധിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബിനില്ല എന്നതാണ്. ആ മുന്നൂറ്റമ്പതുപേരില്‍ ഒരു അമ്പതുപേരെങ്കിലും കേരളത്തിലെ പ്രാമാണികരാണ്. പലനിലയിലും അറിവും കഴിവും ഉയര്‍ന്ന ചിന്തയും ഉള്ളവര്‍. ക്ലബ്ബിനെ അത്യുന്നതമായ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിവുള്ളവര്‍. അവരാരും ഈ സ്ഥാപനത്തിന്റെ ഭരണസാരഥികളാകാന്‍ ആഗ്രഹിക്കുന്നുപോലുമില്ല. ആ നിലയില്‍ എത്തിയിരിക്കുന്നൂ ക്ലബ്ബ്. അവരെയൊന്നും ഉപയോഗപ്പെടുത്താന്‍ തക്ക വിശാലമായ കാഴ്ചപ്പാട് ആ സ്ഥാപനം ഭരിക്കുന്നവര്‍ക്കു പലപ്പോഴും ഇല്ല. അവരെയൊക്കെ ഇടയ്‌ക്കൊക്കെ ഈ സ്ഥാപനത്തിലേക്ക് ഒന്നു വിളിച്ചുവരുത്താനും അവരുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ തേടാനുംപോലും ഒരു ഭരണസമിതിയും മെനക്കെടുന്നില്ല.

ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നകാലം മുഴുവന്‍ ക്ലബ്ബില്‍ അംഗമായിരുന്നു. അന്നെല്ലാം എന്നെപ്പോലെ മഹാഭൂരിപക്ഷവും മേല്പറഞ്ഞ സംഘത്തിനു പുറത്തായിരുന്നു. ഇന്നും ആ സ്ഥിതിക്കു മാറ്റമൊന്നുമില്ല. പക്ഷേ, ഇക്കാര്യം ചുമതലക്കാര്‍ ഓര്‍ക്കുന്നില്ല; അംഗങ്ങളും. അംഗങ്ങള്‍ക്കാര്‍ക്കും ക്ലബ്ബുമായി ഒരു ആത്മബന്ധമില്ല. മഹാഭൂരിപക്ഷത്തിനും അഗത്വം പുതുക്കുന്നതല്ലാതെ ക്ലബ്ബുമായി ഒരു ബന്ധവുമില്ല. പിന്നല്ലേ ആത്മബന്ധം! കുറെയേറെപ്പേര്‍ പങ്കെടുക്കുന്ന ക്രിക്കറ്റ്, കായിക മത്സരങ്ങളും മെഡിക്കല്‍ ക്യാമ്പും ഏതാണ്ടെല്ലാ അംഗങ്ങളും പങ്കെടുക്കുന്ന കുടുംബമേളയുമൊക്കെ ആണ്ടിലൊരിക്കല്‍ മാത്രമുള്ള കാര്യങ്ങളാണ്.

ഇതുമായി ബന്ധപ്പെട്ടു കാണേണ്ട മറ്റൊരു പ്രധാനകാര്യം, തിരുവനന്തപുരം പ്രസ് ക്ലബ് പൂര്‍ണ്ണമായും ഒരു പുരുഷക്കോയ്മയാണ് എന്നതാണ്. വനിതാക്കമ്മിറ്റിയൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും അവിടത്തെ വിനോദസൗകര്യങ്ങളോ ജിമ്‌നേഷ്യമോ ഒന്നും സ്ത്രീസൗഹൃദമല്ല. സ്ത്രീകള്‍ അവയില്‍നിന്നെല്ലാം അകലം പാലിക്കുന്നു. അതിനവര്‍ നിര്‍ബ്ബന്ധിതരാകുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കായികമേളകള്‍ പോലും പുരുഷകേന്ദ്രിതമാണ്. ദൃശ്യമാദ്ധ്യമങ്ങളുടെയൊക്കെ വളര്‍ച്ചയും ജേര്‍ണലിസത്തിലേക്കുള്ള സ്ത്രീകളുടെ വലിയതോതിലുള്ള കടന്നുവരവുമൊക്കെ അംഗത്വത്തില്‍ നല്ലൊരു ശതമാനം സ്ത്രീപങ്കാളിത്തം കൊണ്ടുവന്നെങ്കിലും ആ പങ്കാളിത്തം അംഗത്വത്തിലും പേരിനൊരു വനിതാക്കമ്മിറ്റിയിലും ഒതുങ്ങുന്നു. ഇവരുടെയെല്ലാം പങ്കാളിത്തമുള്ള ഒരു ചൈതന്യകേന്ദ്രമായി ക്ലബ് എന്നു മാറും!
ഇന്നു പ്രസ് ക്ലബ്ബ് എന്നാല്‍ മുഖ്യമായും കാരംസും ചീട്ടും മറ്റും കളിക്കാന്‍ പതിവായി അവിടെ പോകുന്ന പത്തോ മുപ്പതോപേരുടെ സംവിധാനം പോലെയാണ്. അങ്ങനെയല്ലെങ്കിലും അവരെങ്കിലും കരുതുന്നത് അങ്ങനെയാണ്. അവര്‍ ചര്‍ച്ചകള്‍ നടത്തിയും കൂടിയാലോചിച്ചും ചില പാനലുകള്‍ ഉണ്ടാക്കുന്നു, അവര്‍ ധാരണകള്‍ ഉണ്ടാക്കി ചില സ്ഥാനങ്ങളിലേക്കു മത്സരങ്ങള്‍ ഒഴിവാക്കുന്നു. ചിലര്‍ ചില സ്ഥാനങ്ങളില്‍ വരാന്‍ പാകത്തില്‍ പാനലുകള്‍ ക്രമപ്പെടുത്തുന്നു. അങ്ങനെ അവരില്‍ ചിലര്‍ മാറിമാറി ഭരണസാരഥികളാകുന്നു. ഇതാണ് ഇന്നു സംഭവിക്കുന്നത്. ഈ രീതി മാറി കൂടുതല്‍ ഇന്‍ക്ലൂസീവായ പ്രക്രിയയായി തെരഞ്ഞെടുപ്പു മാറണം. പ്രൊഫഷണല്‍ മികവിനുതകുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പിനെ കാണണം.

വേറെയും പലതും പറയാനുണ്ട്. പക്ഷേ എല്ലാം വിവരിക്കുന്നില്ല. എല്ലാം നന്നാക്കാന്‍ വേണ്ടത് എല്ലാറ്റിനെയും പറ്റി എഴുതുക എന്നതല്ല, എപ്പോഴും. അതിനു വേണ്ടത്, എല്ലാം നന്നാക്കാന്‍ പറ്റുന്ന, ദേശീയനിലവാരം പുലര്‍ത്താനും ഉയര്‍ന്നു ചിന്തിക്കാനും കഴിയുന്ന പത്രപ്രവര്‍ത്തകപ്രൊഫഷണലുകളെ ക്ലബ്ബിന്റെ ചുക്കാന്‍ ഏല്പിക്കുക എന്നതാണ്. അതിനു കഴിയുന്ന ആളുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു മത്സരിപ്പിക്കുക എന്നതാണ്. മറ്റുള്ളവര്‍ അവര്‍ക്കു പിന്തുണ നല്കണം.
അങ്ങനെ തുടര്‍ച്ചയായി മികവുള്ള ഭരണസമിതികള്‍ വരുമ്പോള്‍ ക്ലബ്ബും ഇന്‍സ്റ്റിറ്റിയൂട്ടും എല്ലാം ക്രമത്തില്‍ നന്നായിക്കൊള്ളും. ആദ്യം ക്ലബ്ബംഗങ്ങളായ വോട്ടര്‍മാര്‍ ആ സംസ്‌ക്കാരം ഉള്‍ക്കൊള്ളണം. അവര്‍ മാറ്റത്തിന്റെ പതാകവാഹകരാകണം. എങ്കിലേ ഈ മഹാസ്ഥാപനത്തെയും പത്രപ്രവര്‍ത്തകസംസ്‌ക്കാരത്തെയും സംരക്ഷിക്കാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com