സമുദ്രശിലയുടെ രതിപൂർവ്വ ക്രീഡാനുഭവങ്ങൾ

വായനക്കാരൻ എന്ന നിലയിൽ ആ ഛർദ്ദിയുടെ അർഥം അറിയാൻ ആഗ്രഹമുണ്ടെങ്കിലും നോവലിസ്റ്റ് അത് പറയുന്നത് വരെ കാത്തിരിക്കുകയല്ലാതെ എന്താണ് നിവൃത്തി?
സമുദ്രശിലയുടെ രതിപൂർവ്വ ക്രീഡാനുഭവങ്ങൾ

'Reluctant' എന്നൊരു ഇംഗ്ലീഷ് വാക്കുണ്ട്. വിമുഖൻ എന്നാണർത്ഥം. Reluctance എന്നാകുമ്പോൾ അത് വൈമുഖ്യം എന്നാകും. എല്ലാ വായനക്കാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ reluctant റീഡേഴ്സ് ആണ്. ഇതിനെ വായനാ വൈമുഖ്യം എന്ന് വിവർത്തനം ചെയ്താൽ ശരിയാവില്ല; വായനയോടല്ല അവർക്കു വിമുഖത മറിച്ച് ഒരു സവിശേഷ സന്ദർഭത്തിൽ ഒരു സാഹിത്യ പാഠത്തോട് തോന്നുന്ന വിമുഖതയാണ് അത്. എന്നാൽ ആ വിമുഖത കൃതിയോടുള്ള ഇഷ്ടക്കേട് കൊണ്ടാകണമെന്നില്ല, നേരെ മറിച്ച് കൃതിയോടുള്ള അമിതമായ പ്രണയം കൊണ്ടുമാകാം. വായിച്ചാൽ തീർന്നു പോകുന്നു എന്നത് കൊണ്ടല്ല അത്. അതൊരു തരം ഫോർപ്ലേ ആണ്; സംഭോഗപൂർവ്വ ക്രീഡ. കണ്ടും, തൊട്ടും, മണത്തും, കണ്ടില്ലെന്നു നടിച്ചും, നീക്കി വെച്ചും, കിടക്കയിൽ അലക്ഷ്യമായിട്ടും, ബാഗിൽ കുറെ ദിനം കൊണ്ട് നടന്നും ഒരു രതീപൂർവ പരിചയം സൃഷ്ടിക്കലാണ് അത്. എന്നാൽ എല്ലാ എഴുത്തുകാരും അവരുടെ രചനാ ക്രിയയിൽ/ക്രീഡയിൽ ഈഗർ/eager ആണെന്നാണ് ഞാൻ കരുതുന്നത്. എഴുതുന്നത് തിരുത്താം, പക്ഷെ എഴുതുന്നത് മാറ്റിവെയ്ക്കാനാകില്ല. 'നവദ്വാരങ്ങളിലൂടെയുമുള്ള വിരേചനം' ആണ് എഴുത്ത്. അത് മരണവും ആത്മഹത്യയുമാണ്. അതൊരു വിഷം തീണ്ടലാണ്. രവി തന്റെ പെരുവിരൽ പാമ്പിന്റെ കുച്ചരിപല്ലുകൾക്ക് സമർപ്പിക്കുന്നത് പോലൊന്ന്.

സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന നോവൽ 2019 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിക്കുകയും ഒരു മാസത്തിനുള്ളിൽ രണ്ടാം പതിപ്പിറങ്ങുകയും ഒക്കെ ചെയ്തപ്പോൾ ആ കൃതിയുടെ പാരായണത്തിന്റെ കാര്യത്തിൽ ഒരുതരം വിമുഖത എന്നെ ഗ്രസിക്കുകയായിരുന്നു. ഓരോ പ്രാവശ്യവും പുസ്തകശാലകളിൽ ചെല്ലുമ്പോൾ അവിടെ ഈ പുസ്തകമുണ്ടാകും; തുറന്നു നോക്കും. 'സമയമായില്ല പോലും' എന്ന് സ്വയം പറഞ്ഞു ഞാൻ അത് മാറ്റി വെയ്ക്കും (പിന്നീട് പുസ്തകം വായിക്കുമ്പോൾ സുഭാഷ് ചന്ദ്രനും 'കരുണ'യിലെ ശ്മശാന സന്ദർഭം നോവലിൽ ഉപയോഗിക്കുന്നത് ഞാൻ കാണും). ഇതേ അവസ്ഥയാണ്  സക്കറിയയുടെ 'എ സീക്രെട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ' എന്ന ഇംഗ്ലീഷ് നോവലിന്റെ കാര്യത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒടുവിൽ തിരുവനന്തപുരത്ത് സുഭാഷ് ചന്ദ്രൻ, സമുദ്രശിലയുടെ 'റീഡിങ്ങും' ആയി ബന്ധപ്പെട്ടു വരികയും, അദ്ദേഹത്തിന്റെയും ഇതര വായനാപണ്ഡിതരുടെയും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കേൾക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ, ഡിസ്കൗണ്ട് ഉണ്ടായിരുന്നിട്ടു കൂടി അവിടെ നിന്ന് ആ പുസ്തകം ഞാൻ വാങ്ങിയില്ല. വാങ്ങിയിരുന്നെങ്കിൽ, നോവലിലെ അംബയെപ്പോലെ സുഭാഷ് ചന്ദ്രന്റെ കയ്യൊപ്പ് ചാർത്തി വാങ്ങാൻ കഴിയുമായിരുന്നു, അതും ചെറിയ മഴ പൊടിഞ്ഞ ഒരു സായാഹ്നത്തിൽ; പക്ഷെ ചെയ്തില്ല.  

ആ സെഷൻ കേട്ടിരിക്കെ എന്റെ മനസ്സിൽ തങ്ങിയത്, അംബ എന്ന കഥാപാത്രത്തെ ചന്ദ്രമതി ടീച്ചർ വ്യാഖ്യാനിച്ചതും, വെള്ളിയാങ്കല്ലിൽ വെച്ച് തന്റെ ആദ്യകാമുകനുമായുള്ള സംഭോഗത്തിൽ കരുവിൽ ഉരുവാകുന്ന കുഞ്ഞാണ് ഓട്ടിസവും സെറിബ്രൽ പാൽസിയുമുള്ള അനന്തപദ്മനാഭൻ എന്നതും അത് വേദവ്യാസനിൽ നിന്ന് സ്വേച്ഛകൂടാതെ കുഞ്ഞിനെ സ്വീകരിച്ചെങ്കിൽ മഹാഭാരതത്തിലെ അംബയ്ക്ക് ജനിയ്ക്കാൻ പോകുന്ന കുഞ്ഞിന് അന്ധതയും ശ്വേതകുഷ്ഠവുമല്ലാതെ ലഭിച്ചേയ്ക്കാവുന്ന വൈകല്യമാണ് (മഹർഷി നൽകുമ്പോൾ കൈവല്യം ആകുന്നത്- അത് പിന്നീട് സുപ്രഭാ പൈ  എന്ന കഥാപാത്രം ഉറപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ അടുക്കൽ ഏറെ നാളിരുന്ന സെറിബ്രൽ പാൽസിക്കാരായ കുട്ടികൾക്കായി ദൈവം ഉപാധികൾ ഇല്ലാതെ സ്നേഹിക്കാനറിയാവുന്ന സ്പെഷ്യൽ അമ്മമാരെ അന്വേഷിക്കുകയാണ്. അതിനാൽ അത്തരം കുട്ടികൾ ജനിയ്ക്കുന്ന അമ്മമാർ സ്പെഷ്യൽ അമ്മമാരാണ്, അല്ലാതെ സ്പെഷ്യൽ കുട്ടികളുടെ അമ്മമാർ അല്ല. കൂടാതെ മറ്റൊരിടത്ത്, അനന്തപദ്മനാഭനെ പെർപെച്വൽ ചൈൽഡ് എന്ന് വിശേഷിപ്പിക്കുന്ന- ബാല്യകാലം നീട്ടിക്കിട്ടിയവൻ. ഇത്തരം യൂഫമിസങ്ങളിലൂടെയും ചിരികളിലൂടെയുമാണല്ലോ നാം ദുരന്തങ്ങൾ മറക്കുന്നത്/ മറയ്ക്കുന്നത്) അനന്തപദ്മനാഭന്റെ സെറിബ്രൽ പാൽസിയും ഓട്ടിസവും എന്നതും, അതിനോട് സുഭാഷ് ചന്ദ്രൻ നടത്തിയ വിയോജനകുറിപ്പും ആയിരുന്നു.  

'ഉപാധികളില്ലാതെ സ്നേഹം', 'സ്ത്രീ പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നതെന്ത്?' (അവളുടെ ആത്മാവിലേക്കുള്ള വഴി കാതുകളിലൂടെയാണ് എന്ന് സുഭാഷ് ചന്ദ്രൻ നോവലിൽ എഴുതുമ്പോൾ 'ടോക്ക് റ്റു  മി' എന്ന ഏതൊരു പുരുഷനെയും ഈർഷ്യപ്പെടുത്താനുതകുന്ന സ്ത്രീസ്വരം ഞാൻ കേൾക്കുന്നു) തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ വന്നു. അംബയുടെ കാര്യത്തിൽ സുഭാഷ് ചന്ദ്രൻ പ്രതിഷേധിച്ചത്, വിവാഹപൂർവ ലൈംഗിക ബന്ധത്തിന് അംബയ്ക്കു പ്രകൃതി/സമൂഹം/സദാചാരം നൽകിയ 'ശിക്ഷ' ആയിരുന്നു അംഗവൈകല്യമുള്ള മകൻ എന്നത് തന്റെ പാഠമോ ഉപപാഠമോ ആയിരുന്നില്ല എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ടായിരുന്നു. വെള്ളിയാങ്കല്ലിലേയ്ക്ക് ആദ്യകാമുകനുമൊത്ത് അംബ നടത്തിയ ബോട്ടു യാത്രയും ആ പാറമേൽ ഒരു രാത്രി കഴിച്ചു കൂട്ടിയതും എല്ലാം അംബയുടെ 'പ്രോജെക്ഷൻ' ആയിരുന്നു എന്നാണ് സുഭാഷ് ചന്ദ്രൻ വാദിച്ചത് (പിന്നീട് ഞാൻ ഇങ്ങനെയൊരു വരി സമുദ്രശിലയിൽ വായിക്കും- "ഇരുപത്തിയൊന്ന് വർഷവും പത്തു മാസവും മുൻപ്, യാഥാർത്യത്തെക്കാൾ എട്ടു മടങ്ങെങ്കിലും യഥാർത്ഥമായി തോന്നിയ ഒരു സ്വപ്നമാണ് തന്റെയുള്ളിൽ അവനു വിത്തിട്ടത് -പേജ് 111"). പക്ഷെ ചന്ദ്രമതി ടീച്ചർ സുഭാഷ് ചന്ദ്രൻ പ്രഥമപീഢികയായി സൃഷ്ടിച്ചെടുത്ത അംബാ-വ്യാസ മുഖാമുഖത്തെ പൂർണ്ണമായും വിശ്വസിച്ചു പോയതാകാം അങ്ങിനെയൊരു വായനയ്ക്ക് കാരണം. എന്ന് മാത്രമല്ല യാഥാർഥ്യത്തെയും പ്രതീതികളെയും മായകളെയും പത്രവാർത്തകളെയും സുഹൃദ്സന്ദർശനങ്ങളെയും തൊഴിലിടത്തെ അനുഭവങ്ങളെയും പുസ്തക പ്രകാശനത്തെയും ഒക്കെ കൂട്ടിക്കുഴച്ച് യഥാർത്ഥത്തെക്കാൾ എട്ട് മടങ്ങ് യാഥാർത്ഥമായതിനെ സൃഷ്ടിക്കാൻ സുഭാഷ് ചന്ദ്രന് ഈ നോവലിൽ സാധിച്ചിട്ടുണ്ട്. ചന്ദ്രമതി ടീച്ചറെ കുറ്റപ്പെടുത്തുകയോ അവരുടെ വായനയെ റദ്ദു ചെയ്യുകയോ വേണ്ട; അവരുടെ വായന സമുദ്രശില വായിക്കപ്പെടുന്ന, വായിക്കപ്പെടുന്ന അനേകം തലങ്ങളിൽ ഒരു പ്രധാന തലത്തെ സൂചിപ്പിക്കുന്നു എന്ന് കരുതിയാൽ മാത്രം മതി.

ഒരു കാര്യംകൂടി ഞാൻ ശ്രദ്ധിച്ചു; സുഭാഷ് ചന്ദ്രന്റെ ഇളം കുങ്കുമ സെമി ജുബ്ബയും വെള്ളികൊണ്ടുള്ള ചെറിയൊരു അരുവിയെ കറുത്ത കരകൾക്കുള്ളിൽ പിടിച്ചു കെട്ടിയ ഏതോ ചാലിയ-ഭഗീരഥന്റെ കൈവിരുതിനെ സമ്പന്നമാം വിധം പ്രദർശിപ്പിക്കുന്ന വെളുത്ത മുണ്ടും. സുഭാഷ് ചന്ദ്രൻ ഒരു നോവലിസ്റ്റ് മാത്രമല്ല, മാതൃഭൂമി വാരികയുടെ പത്രാധിപർ കൂടിയാണ് (ഒരു നിമിഷം, 'ഡെസ്കിലെ കാവി' എന്ന പുസ്തകം എഴുതിയ കമൽ റാം സജീവ് ഭാരത് ഭവന്റെ ആ ഹാളിൽ കയറി വന്നു. ആ എഴുത്തുകാർ പരസ്പരം പുഞ്ചിരിച്ചു കൊണ്ട് ഹസ്തദാനം ചെയ്തു. സുഭാഷ് ചന്ദ്രൻ തന്റെ അരികിലെ കസേരയിൽ ഇരിക്കാൻ കമൽ റാമിനെ ക്ഷണിച്ചു. അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ച ശേഷം രണ്ടു നിരകൾക്കു പിന്നിൽ വലതു വശത്തായി ഇരുന്ന എന്റെ തൊട്ടടുത്ത് ഉള്ള കസേരയിൽ വന്നിരുന്നു. ഇങ്ങനെയൊന്നു നടന്നിട്ടില്ലെന്ന് സുഭാഷ് ചന്ദ്രനോ അവിടെയുണ്ടായിരുന്ന മറ്റാളുകൾക്കോ എങ്ങിനെ പറയാൻ കഴിയും? അവരുടെ സൗഹൃദവും പരസ്പര ബഹുമാനവും ഞാൻ കണ്ടതും അനുഭവിച്ചതുമാണ്). സ്വന്തം ജീവിതത്തെ സംക്ഷിപ്തമായി പറയുന്ന കൂട്ടത്തിൽ ഒരു കാര്യം സുഭാഷ് ചന്ദ്രൻ പറഞ്ഞത് ഞാൻ മനസ്സിൽ കുറിച്ചിട്ടു: "എന്റെ അടുക്കൽ കൊമ്പും കൊണ്ട് വന്നാൽ ഞാൻ തേറ്റയും കൂടി കാട്ടിയിട്ടേ അടങ്ങൂ." ആത്മവിശ്വാസം തുളുമ്പുന്ന സ്വരം. അതിൽ ഭീഷണിയുടെ നിഴൽ ഉണ്ടായിരുന്നോ? അതോ അത് ഒരു സ്വസംരക്ഷണത്തിനുള്ള ഉപാധിയായിരുന്നോ?

അംബ അങ്ങിനെ സ്വയം സംരക്ഷിച്ചവൾ ആയിരുന്നു. കൂട്ടക്ഷരങ്ങൾ അവളുടെ ജീവിതത്തെ തകർത്തപ്പോൾ (ഓട്ടിസം ആൻഡ് സെറിബ്രൽ പാൾസി എന്ന കൂട്ടക്ഷര രോഗം മകന്, പിന്നെ തൊട്ടു മുകളിലെ ഫ്ളാറ്റിലെ നിംഫോമാനിയാക്കായ ശകുന്തളാ സത്യപാലന്റെ വീട്ടിൽ നിന്ന് കയ്യോടെ പിടികൂടിയെ തന്റെ ഭർത്താവും ചരിത്ര പ്രൊഫെസറും ആയ സിദ്ധാർത്ഥൻ പറഞ്ഞ 'ഛെ' എന്ന കൂട്ടക്ഷരം. അയാളത് മുൻപും പറഞ്ഞിട്ടുണ്ട്) അംബ തന്റെ തേറ്റകൾ പുറത്തെടുത്ത് ജീവിതത്തെ നേരിട്ടു. റൂമി ജലാലുദ്ദീൻ എന്ന പുരാവസ്തു കച്ചവടക്കാരൻ, ഉപാധികൾ ഇല്ലാതെ തന്നെ സ്നേഹിക്കും എന്ന് അംബ ഉറച്ചു വിശ്വസിച്ച ആ മനുഷ്യൻ ഒരു ഹോട്ടൽ മുറിയിൽ വെച്ച് കന്നിമാസത്തിലെ പട്ടിയെപ്പോലെ തന്നെ ഭോഗിച്ച ശേഷം തന്നിലേക്ക് നീട്ടിയ നോട്ടുകെട്ടുകൾ തിരികെ എറിഞ്ഞു നടന്നു പോയ അവൾ സ്വസംരക്ഷണത്തിനുള്ള തേറ്റകൾ പുറത്തു കാട്ടുകയായിരുന്നു (തന്നെ  ബലാൽസംഗം ചെയ്ത ന്യൂബെയിൻ പ്രവർത്തകൻ അവൾക്കു നൂറു ഡോളർ കൊടുക്കുമ്പോൾ, അത് തിരികെ എറിഞ്ഞു കൊടുക്കുന്ന താരാ വിശ്വനാഥിനെ നമ്മൾ ടി ഡി രാമകൃഷ്ണന്റെ മാമാ ആഫ്രിക്കയിൽ കാണുന്നുണ്ട്).

മഴയുള്ള ഒരു സായാഹ്നത്തിലാണ് ഞാൻ തിരുവനന്തപുരത്ത് പുളിമൂട് ജങ്ഷനിലുള്ള മാതൃഭൂമി ബുക്സിൽ എത്തിയതും 'സമുദ്രശില' ആവശ്യപ്പെട്ടതും. ഒന്നാം നിലയിലെ പുസ്തകങ്ങൾക്കിടയിൽ ഒരു ചെറിയ ജലശേഖരവും ജലധാരയുമുണ്ട്. ഉരുളൻ വെള്ളാരങ്കല്ലുകളിൽ ആ വെള്ളം പതിയ്ക്കുന്ന ശബ്ദം ടെലിവിഷനിലിരുന്നു അലറുന്ന വേണുവിന്റെയും സംഘത്തിന്റെയും ശബ്ദത്തോട് കൂടിക്കലർന്ന് വെള്ളിയാങ്കല്ലിനു ചുറ്റും അലയടിക്കുന്ന കടൽത്തിരകളുടെ മുഴക്കം പോലൊന്ന് ആ ഹാളിൽ സൃഷ്ടിച്ചത് കൊണ്ടാകാം, സമുദ്രശില എവിടെ എന്ന ചോദ്യം അവിടെയിരുന്ന പയ്യൻ നേരെ കേൾക്കാതിരുന്നതും തുടർന്ന് അത്ര ബഹുമാനമില്ലാത്ത രീതിയിൽ 'എന്താ' എന്ന് ചോദിച്ചതും ഞാൻ എന്റെ തേറ്റകൾ പുറത്തെടുത്ത് വെടി പൊട്ടുന്ന ശബ്ദത്തിൽ 'സുഭാഷ് ചന്ദ്രന്റെ സമുദ്രശില' എന്ന് പറഞ്ഞതും. അപ്രതീക്ഷിതമായ ആ ശബ്ദമുയർത്തലിൽ യുവത്വത്തിന്റെ 'അവിവേകദന്തം' പറിഞ്ഞു താഴെ വീണ പയ്യൻ ചാടിയെഴുന്നേറ്റു 'സമുദ്രശില' എടുത്ത് എന്റെ കൈകളിൽ വെച്ച് തന്നു. കൗണ്ടറിൽ ഞാൻ ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. "ഇത് ഡിസ്കൗണ്ട് സീസൺ അല്ല സർ' എന്ന് അവൻ പറഞ്ഞതോടെ മുഴുവൻ തുകയും നൽകി ഞാൻ പുസ്തകം വാങ്ങി. പിന്നെ എന്റെ reluctance മെല്ലെ വഴിമാറി ഞാൻ സമുദ്രശിലയിലൂടെ പ്രയാണം ചെയ്യുമ്പോൾ, കന്നിമാസത്തിലെ പട്ടി എന്ന പ്രയോഗത്തിൽ എത്തുമ്പോൾ, കൗണ്ടറിൽ ഇരുന്ന പയ്യൻ 'ഇത് ഡിസ്കൗണ്ട് സീസൺ അല്ല സർ' എന്ന് പറഞ്ഞത് ഞാൻ ഓർക്കും. ഒപ്പം, കന്നി മാസം വന്നോ എന്നറിയാൻ പട്ടിയ്ക്ക് കലണ്ടർ നോക്കണ്ടല്ലോ എന്ന് നടൻ സലിംകുമാർ പറഞ്ഞതും.

പുസ്തകം വായിച്ചു. ഒറ്റയിരിപ്പിനു വായിച്ചു എന്ന് പറയില്ല; ആഗ്രഹമുളവാക്കുന്നതാണ് പുസ്തകമെങ്കിലും. എന്ത് കൊണ്ടാണ് അന്ന് ആഗ്നസ് പൊട്ടിപ്പൊളിഞ്ഞ കക്കൂസിൽ വായിൽ വിരലിട്ടു ഛർദ്ദിച്ചത്, ആ പത്ര വാർത്ത എന്തായിരുന്നു എന്ന് നിങ്ങൾ ചോദിച്ചില്ല. നിങ്ങൾക്കെങ്ങിനെയെങ്കിലും നോവൽ വായിച്ചു തീർത്ത് അഭിപ്രായം പറയുകയോ എഴുതുകയോ ചെയ്താൽ മതിയല്ലോ എന്ന് സുഭാഷ് ചന്ദ്രൻ നോവലിൽ പറയുന്ന ഇടം എത്തിയപ്പോൾ ഞാൻ അല്പം ഒന്ന് നിന്നു; നോവലിസ്റ്റ് പരകായപ്രവേശം ചെയ്യുന്നുണ്ട് ഇങ്ങനെ പലേടത്തും. പക്ഷെ ഒന്ന് കൂടി പറയേണ്ടതുണ്ട്; ഒരു വായനക്കാരൻ എന്ന നിലയിൽ ആ ഛർദ്ദിയുടെ അർഥം അറിയാൻ ആഗ്രഹമുണ്ടെങ്കിലും നോവലിസ്റ്റ് അത് പറയുന്നത് വരെ കാത്തിരിക്കുകയല്ലാതെ എന്താണ് നിവൃത്തി? അപ്പോൾ അറിഞ്ഞ സ്ഥിതിയ്ക്ക്, ആ പഴയ പേജിൽ പോയി ഒരു പെൻസിൽ കൊണ്ട് മാർജിനിൽ ആഗ്നസ് ഛർദ്ദിച്ചത് ഇന്ന കാരണം കൊണ്ടാണെന്ന് എഴുതിയിടാം എന്ന് തോന്നി. സ്വന്തം പുസ്തകമായതു കൊണ്ടും എന്നെകൂടാതെ അമ്മയും മാത്രമേ ഈ കോപ്പി വായിക്കൂ എന്നുള്ളത് കൊണ്ടും ഞാൻ ആ ആഗ്രഹം അടക്കി. അത്തരമൊരു തോന്നൽ ഉണ്ടായത് തന്നെ പി കെ രാജശേഖരൻ, ഡിക്റ്ററ്റീവ് നോവലുകളിൽ പരിണാമഗുപ്തിയെ നോവലിന്റെ പകുതി എത്തുമ്പോൾത്തന്നെ മാർജിനിൽ എഴുതിയിടുന്ന അജ്ഞാത നാമാക്കളായ  വായനക്കാരെ ബുക്സ്റ്റാൾജിയ എന്ന പുസ്തകത്തിൽ എഴുതിയത് ഓർത്തത് കൊണ്ടായിരുന്നു.

എന്താണ് സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയുടെ സവിശേഷത എന്ന് എന്നോട് ചോദിക്കൂ. ഓ..നിങ്ങൾ ചന്ദ്രമതി ടീച്ചറും സുഭാഷ് ചന്ദ്രനും മധുപാലും പ്രദീപ് പനങ്ങാടും ഒക്കെ ഒക്കെ ഭാരത് ഭവനിൽ ഇരുന്ന് പറഞ്ഞത് കേട്ടിരിക്കുന്നു. എന്നാൽ ഞാൻ പറയുന്നു, അതൊന്നുമല്ല സമുദ്രശിലയുടെ സവിശേഷത. ഈ നോവലിന്റെ സവിശേഷത എന്നത്, വെള്ളിയാങ്കൽ എന്ന കേന്ദ്രസ്ഥിതമായ ബിംബം നോവലിൽ മോബി ഡിക്കിനെപ്പോലെ കിഴവനെയും കടലിനെയും പോലെ ഒരു തിമിംഗലത്തിന്റെ മുതുകിനെ ഓർമ്മിപ്പിച്ചു കൊണ്ട് പലപ്രാവശ്യം വരുമ്പോഴും വായനക്കാരൻ ചോദിക്കും, ആ വെള്ളിയാങ്കല്ലിനെ മലയാളത്തിന് നൽകിയ ആ മയ്യഴിപ്പുഴയുടെ തീരങ്ങളും അതിന്റെ രചയിതാവായ എം മുകുന്ദനും എന്തെ ഒരിക്കലെങ്കിലും പരാമർശിക്കപ്പെടാത്തത്? അങ്ങിനെയിരിക്കെ, ആ പരാമർശം വരുന്നു. അതെ മരിച്ചവരുടെ ആത്മാക്കൾ തുമ്പികളായി പറന്നു നടക്കുന്ന വെള്ളിയാങ്കൽ. പക്ഷെ, വായനക്കാരൻ തീക്കൊള്ളി കൊണ്ട് അടികൊണ്ടത് പോലെ പിന്മാറുകയാണ്- ഈ പരാമർശം വേണ്ടായിരുന്നു. ആ വെള്ളിയാങ്കൽ അല്ല ഈ വെള്ളിയാങ്കൽ. മയ്യഴിയുടെ പരാമർശം കൂടാതെ ഈ വെള്ളിയാങ്കൽ നിൽക്കുന്നു. ഒരു നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ്; പൂർവ പരാമൃഷ്ടവവും പ്രഖ്യാതവുമായ ബിംബങ്ങളെ എടുത്തുപയോഗിക്കുമ്പോൾ അവയുടെ വിവക്ഷിതങ്ങളിൽ കുടുങ്ങിപ്പോകും എന്ന ഭീഷണി. എത്ര മനോഹരമായാണ് സുഭാഷ് ചന്ദ്രൻ ആ എടക്കൽ ഗുഹ നൂണ്ടിറങ്ങുന്നത്. വായനയിലുടനീളം മയ്യഴിയെയോ, മഹാഭാരതത്തിലെ അംബയെയോ ഓർക്കേണ്ടി വരുന്നില്ല എന്നതാണ്, താരതമ്യങ്ങളുടെ ഭാരം അനുഭവിക്കുന്നില്ല എന്നതാണ് സമുദ്രശിലയെ വ്യതിരിക്തമാക്കുന്നത്.
അംബ എന്ന സ്ത്രീയുടെ കഥ സമുദ്രശിലയുടെ കേന്ദ്രപ്രമേയമാണ്. സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരനും അംബയും തമ്മിലുള്ള ബന്ധം മറ്റേതു വായനക്കാരിയും എഴുത്തുകാരനും തമ്മിലുള്ള ബന്ധം പോലെ തന്നെ പ്ലേറ്റോണിക്ക് ആയും അഗാപ്പെ ആയും നിലകൊള്ളുന്നു. സുഭാഷ് ചന്ദ്രനിലെ സ്ത്രീയും അംബയിലെ പുരുഷനും അവർ പരസ്പരമാണെന്ന അവകാശവാദം പോലും ഒരു സന്ദർഭത്തിൽ ഉണ്ടാകുന്നു. ഉപാധികളില്ലാത്ത സ്നേഹം ഉണ്ടോ എന്നുള്ള അന്വേഷണമാണ് അംബയുടെ ജീവിതം; എഴുത്തിന്റെയും. എന്നാൽ, മഹാഭാരതം, ഉപാധികളില്ലാത്ത സ്നേഹം എന്നീ രണ്ടു ബാധ്യതകളെ മാറ്റി വെച്ചാലും സമുദ്രശില നിലനിൽക്കും. കാരണം സുഭാഷ് ചന്ദ്രൻ ഒരു പക്ഷെ നേരിട്ട് അഭിസംബോധന ചെയ്യാത്ത, എന്നാൽ സമുദ്രശിലയുടെ സബ്ഡ്യൂഡ് ടെക്സ്റ്റ് അല്ലെങ്കിൽ നിലീനമായ പാഠം എന്നത് അംബ എന്ന സ്ത്രീയുടെ ജീവിതം തന്നെയാണ്. അവർ അനുഭവിക്കുന്ന പ്രശ്നം താത്വികമേ അല്ല; തനിയ്ക്ക് കുട്ടിയുണ്ടായിരുന്നെങ്കിൽ, വ്യാസാ അവൻ എന്തായിരുന്നിരിക്കും എന്ന ചോദ്യം എത്ര പെട്ടന്നാണ് റദ്ദു ചെയ്യപ്പെടുകയും അതിന്റെ സ്ഥാനത്ത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സ്ത്രീയുടെ ജീവിതം എങ്ങിനെയെല്ലാം മാറ്റിമറിക്കപ്പെടുന്നു, പ്രത്യേകിച്ചും അവർക്കു ഓട്ടിസവും സെറിബ്രൽ പാൽസിയും ഉള്ള ഒരു കുട്ടിയുണ്ടാകുമ്പോൾ, അവൻ വളരുമ്പോൾ, അവനിൽ ലൈംഗിക കാമനകൾ ഉണ്ടാകുമ്പോൾ. മഹാഭാരതബന്ധം  റദ്ദു ചെയ്യപ്പെടുന്നു എന്ന് ഞാൻ വിശ്വസിക്കാൻ കാരണം അംബികയും അംബാലികയും പിൽക്കാല മഹാഭാരത ആഖ്യാനത്തിൽ യാതൊരു പങ്കും വഹിക്കുന്നില്ല എന്നത് കൊണ്ടാണ്. അംബയുടെ ശിഖണ്ഡിയായ അവതാരം നോവലിലെ അംബയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. നോവലിലെ അംബ ആധുനിക ലോകത്തെ ഒരു സ്ത്രീയാണ്; അവരുടെ തെരഞ്ഞെടുപ്പുകൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ കഥയാണ്. ആ മാറ്റങ്ങൾ ഭ്രമാത്മകമാകുന്നു എന്നിടത്താണ് യാഥാർഥ്യവും കല്പിതവും ആയവ തമ്മിൽ കലരുന്നത്. തമ്മിൽ കലരാതെ നിവൃത്തിയില്ലാതാകുന്നത്.

ചെകുത്താൻ മനുഷ്യനെ സൃഷ്ടിക്കുകയും മനുഷ്യൻ ദൈവത്തെ തന്റെ രൂപത്തിൽ സൃഷ്ടിക്കുകയും ചെയ്തു എന്നൊരു തിരിച്ചിടൽ സുഭാഷ് ചന്ദ്രൻ നടത്തുന്നു. അതോടെ കർമ്മത്തിന്റെ ഉത്പത്തി ചെകുത്താനിൽ ആണെന്ന് വരുന്നു; ചെകുത്താന് മാത്രമേ തിരുത്തലുകൾ വരുത്താൻ കഴിയൂ. എഴുത്തുകാരൻ ചെകുത്താന്റെ പ്രതിബിംബമാണ്. അതുകൊണ്ടാണ്, അംബയ്ക്കു തന്റെ പുത്രന്, മൃത്യു മൂർച്ഛയും രതിമൂർച്ഛയും ഒരേ സമയം നൽകാനുള്ള തീരുമാനം എടുക്കാൻ കഴിയുന്നത്. ദൈവമായിരുന്നു അംബയുടെ നിയന്താവെങ്കിൽ മൃത്യുവും രതിയും മാറി നിൽക്കുകയും കേവലമായ ആത്മഹത്യയിലും കൊലപാതകത്തിലും അത് ചെന്നെത്തുകയും ചെയ്യുമായിരുന്നു. ചെകുത്താനായ എഴുത്തുകാരന്റെ സ്വപ്നത്തിലേയ്ക്ക് പ്രവേശിച്ചു കൊണ്ട് ആദ്യമേ, ആ പുത്രഹത്യയുടെ ഉത്തരവാദിത്തം അംബ സുഭാഷ് ചന്ദ്രന് കൈമാറുകയാണ്. എഴുത്തുകാരൻ ദൈവമായിരുന്നെങ്കിൽ ധാർമ്മികവും നൈതികവുമായ പ്രശ്നങ്ങളിൽപ്പെട്ട് ആ കൊലപാതകം നടക്കാതിരിക്കുകയും പത്തുലക്ഷം രൂപയുടെ ചെക്കിന് പകരം അനന്തപദ്മനാഭന്റെ ശിഷ്ടജീവിതത്തിന്റെ ഉത്തരവാദിത്തം സുപ്രഭാ പൈയുടെ കൈകളിൽ ഏൽപ്പിച്ചു അംബആത്മഹത്യ ചെയ്തേനെ. അല്ലെങ്കിൽ, ശകുന്തളാ സത്യപാലനെപ്പോലുള്ള നിംഫോമാനിയാക്കുകളുടെ ചിറകുകളുള്ള ഡിൽഡോ ആയി മാറിയേനെ അവൻ (പോംപിയുടെ ചിഹ്നമായ പറക്കുന്ന ലിംഗം കാട്ടാമെന്നു റൂമി ജലാലുദ്ദീൻ പറയുമ്പോൾ എല്ലാ രാജ്യങ്ങളുടെയും ചിഹ്നം അതല്ലേ എന്ന് അംബ അതിശയിക്കുന്നുണ്ട്). ഇതിനൊന്നും വഴിവെയ്ക്കാതെ, സുഭാഷ് ചന്ദ്രൻ അതിന്റെ ഏജൻസി അംബയ്ക്ക് തന്നെ നൽകുകയാണ്. ആ ഏജൻസി ലഭിച്ച അംബയാകട്ടെ മഹാഭാരതത്തിലെ അംബ ഒരിക്കലും ആകുന്നില്ല.

ഓർമയിൽ താങ്ങി നിൽക്കുന്ന വാക്കുകളാലും പ്രത്യക്ഷങ്ങളാലും സമൃദ്ധമാണ് സമുദ്രശില. വെള്ളിയാങ്കല്ലിലെ പാതാള ഗർഭത്തിൽ ചേക്കേറാനെത്തുന്ന കിളികളെപ്പോലെ ലാലുവിന്റെ മീൻബോട്ടിൽ, വെളിച്ചമണച്ച രാത്രിയിൽ സുഭാഷ് ചന്ദ്രൻ ഉൾപ്പെടുന്ന യുവാക്കൾ കാണുന്ന സമുദ്ര ജീവികളുടെ ജീവജ്വലനം പോലെ പ്രയോഗങ്ങളും കഥകളും നോവലിലുടനീളം വായനക്കാരുടെ ഒപ്പം വരുന്നു. വായിച്ചു കഴിഞ്ഞിട്ടും പോകാതെ കൂടെക്കൂടുന്നു. സോഫിയ ആന്റണിയുടെ റഷ്യൻ കഥയും, അനീഷ് ബഷീറും കുടുംബവും വിരുന്നു വരുന്നതും, ദിനേശ് കുമാർ എന്ന ഫോറൻസിക് വിദഗ്ദൻ ദേവരാജൻ മാഷുടെ ആരാധകനായി എത്തുന്നതും, സിനിമാ നടിയുടെ പുസ്തക പ്രകാശനവും അവിടെ സുഭാഷ് ചന്ദ്രൻ നടത്തുന്ന പ്രസംഗവും, കരിമ്പ് എന്ന വാക്കിന്റെ ഉത്ഭവ കഥയും, വയനാട്ടിലെ വീട് വിൽക്കാനായി അംബ പോകുന്നതും തുടങ്ങി അനുഭവങ്ങളുടെ ഒരു പരമ്പര തന്നെയാണ് വായനക്കാർക്കൊപ്പം സമുദ്രശിലയിലേക്കും തിരിച്ചും വരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com