കോച്ചുകള്‍, കളി, കളിക്കാര്‍, കാണികള്‍...: സേതു എഴുതുന്നു

ഇത് പുതുമയൊന്നുമില്ലാത്ത  പഴയ തിരക്കഥ തന്നെ. ലോകത്തെ ഏതു ഭാഗത്തും ഏതു കളിയിലും ആടിക്കൊണ്ടിരിക്കുന്ന അതേ പൊറാട്ട് നാടകം.
കോച്ചുകള്‍, കളി, കളിക്കാര്‍, കാണികള്‍...: സേതു എഴുതുന്നു

ളിയില്‍ തോറ്റാല്‍ പഴി എപ്പോഴും കോച്ചിന്. തന്ത്രങ്ങള്‍ പിശക്, ടീം തെരഞ്ഞെടുപ്പില്‍ പിഴവുകള്‍. മികച്ചവരെ മാറ്റിനിറുത്തി, ഇഷ്ടപ്പെട്ടവരെ കളിപ്പിക്കുന്നു. സംഘത്തെ  ഒന്നിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കാതെ വെള്ളക്കാരന്റെ പഴയ തന്ത്രം പോലെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ നോക്കുന്നു... അങ്ങനെ പോകുന്നു പരാതികള്‍. 'ഇതിനിടയില്‍ ഞാന്‍ ഭരിച്ചാലും ഭരുമോയെന്ന്' നോക്കാമെന്ന് അടക്കം പറഞ്ഞു തക്കം പാര്‍ത്തിരിക്കുന്നുണ്ടാകും ചില സഹായികളും...

ഇത് പുതുമയൊന്നുമില്ലാത്ത  പഴയ തിരക്കഥ തന്നെ. ലോകത്തെ ഏതു ഭാഗത്തും ഏതു കളിയിലും ആടിക്കൊണ്ടിരിക്കുന്ന അതേ പൊറാട്ട് നാടകം. കളങ്ങളും നടന്മാരും മാറിക്കൊണ്ടിരിക്കുമെന്നു മാത്രം. ലോക കപ്പുകള്‍ കഴിയുമ്പോള്‍ പല തലകളും ഉരുളാറുണ്ട്. വമ്പന്‍ ടീമുകള്‍ കളിക്കുന്ന മേജര്‍ ടൂര്‍ണ്ണമെന്റുകളാണെങ്കില്‍ സംഗതി കൂടുതല്‍ ഗുരുതരം. വലിയ തുകയ്ക്ക് അങ്ങാടിയില്‍നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കോച്ചുകളും കളിക്കാരും റിസല്‍റ്റ് കൊണ്ടു വന്നില്ലെങ്കില്‍ കളി മുതലാളിമാര്‍ ഇടയുന്നത് സ്വാഭാവികം. ഓരോ സീസണിന്റേയും തുടക്കത്തില്‍ മുന്തിയ കളിക്കാര്‍ക്കായി പോരുകളും വിലപേശലും തുടങ്ങുന്നു. അതാണ് കളിയേക്കാള്‍ വലിയ കളി. കാരണം, ബോക്സിങ്ങും ഫുട്‌ബോളും  ക്രിക്കറ്റും തൊട്ട് ഒട്ടുമിക്ക പ്രൊഫഷണല്‍ കളികളുടേയും പുറകില്‍ ഒഴുകുന്നത് അതിരില്ലാത്ത പണമാണ്.  കൂട്ടത്തില്‍  നിയമപരവും അല്ലാത്തതുമായ വാതുവെപ്പും. 

അര നൂറ്റാണ്ടു മുന്‍പ് ടെന്നീസില്‍ പ്രൊഫഷണലിസം വന്നപ്പോള്‍ വലിയ എതിര്‍പ്പായിരുന്നു പലര്‍ക്കും. വിമ്പിള്‍ഡണില്‍ ഏറെക്കാലമായി അമേച്ച്വറുകളെ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്ന് വാശിപിടിച്ച ഭാരവാഹികള്‍ക്ക് ഒടുവില്‍ അയഞ്ഞുകൊടുക്കേണ്ടിവന്നു. കാരണം, ടെന്നീസ് ലോകപ്രിയ കളികളിലൊന്നായി മാറിയപ്പോള്‍ അതിലേക്ക് കണ്ടമാനം പണമൊഴുകി. എല്ലാവര്‍ക്കും കിട്ടണം പണം, കളിക്കാര്‍ക്കും സംഘാടകര്‍ക്കും.

കളിരംഗത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായ ക്രിക്കറ്റിലെ ഐ.പി.എല്‍ കൊണ്ടുവന്ന മാറ്റങ്ങളും ചെറുതല്ല. അതു കണ്ടുപിടിച്ച, അമേരിക്കയില്‍ പഠിച്ച ഭാരതീയ ശാസ്ത്രജ്ഞന്‍ ലളിത് മോദി ഇന്ന് അനഭിമതനായി വിദേശത്ത് അഭയം തേടിയിരിക്കുന്നുവെന്നത് വലിയൊരു ദുരന്തം. പക്ഷേ, ഇത്തരം ദുര്‍വിധികള്‍ നേരിടേണ്ടിവന്നിട്ടുണ്ട് ലോകത്തെ പല വലിയ ശാസ്ത്രജ്ഞന്മാര്‍ക്കും. പക്ഷേ, ഈ കണ്ടുപിടിത്തം നമ്മുടെ കളിരംഗത്തിനു കൊടുത്ത മൊത്തം സംഭാവന നമുക്ക് തള്ളിക്കളയാനാവില്ല. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വന്‍തോതില്‍ പണമൊഴുകാന്‍ തുടങ്ങിയത് അതിനു ശേഷമാണ്. അതിന്റെ നടത്തിപ്പു രീതികളെക്കുറിച്ച് പരാതികള്‍ ഏറെയാണെങ്കിലും ഈ കളിയെ കൂടുതല്‍ ജനകീയമാക്കാനും അതിലൂടെ കളിക്കാര്‍ക്ക് വലിയ വരുമാനമുണ്ടാക്കാനും കഴിഞ്ഞു. ഇന്ന് ഫുട്‌ബോള്‍, ബാഡ്മിന്റന്‍, വോളിബോള്‍ തുടങ്ങിയവ തൊട്ട്  കബഡി വരെ ഇത്തരം പ്രൊഫഷണല്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്തുന്നുണ്ട്. അതിലൂടെ നമ്മുടെ പാവം കളിക്കാര്‍ക്ക് നാല് ചക്രം കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ. അങ്ങാടിയിലെ പണം മുഴുവനും ക്രിക്കറ്റര്‍മാര്‍ വാരിക്കൊണ്ടു പോയാല്‍ പോരല്ലോ. പക്ഷേ, ഇക്കൂട്ടത്തില്‍ ഏറ്റവും കഷ്ടത്തിലുള്ള അത്ലറ്റുകളുടെ കാര്യത്തിലും എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു ഇന്ത്യയില്‍.  

ഈയിടെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഡേവിഡ് ജെയിംസ് പുറത്തുപോയത്. അങ്ങോരുടെ കൂടെ സഹായികളായ ചില വെള്ളക്കാരും സ്ഥലം വിട്ടുവെന്നു കേട്ടു. മലപ്പുറത്തു നിന്നും മറ്റുമുള്ള  മഞ്ഞക്കുപ്പായക്കാര്‍ ആരാധിച്ചു വഷളാക്കിയ, ഗോളടിക്കാന്‍ മറന്നുപോയ ബ്ലാസ്റ്റേഴ്സ്! മുന്നേറ്റക്കാര്‍ ഗോളടിക്കാന്‍ മറന്നപ്പോള്‍, ആദ്യകപ്പില്‍ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വി താരവും ഗോളിയുമായിരുന്ന ഡേവിഡ് ജെയിംസെന്ന കോച്ചിന് സ്വന്തം ഗോള്‍വലയം കാക്കാനുമായില്ല. നടുവില്‍ നില്‍ക്കുന്ന കൂട്ടരുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. എന്തായാലും, കളികള്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്നപ്പോള്‍, കാണികള്‍ കൈയൊഴിഞ്ഞപ്പോള്‍, സ്റ്റേഡിയത്തില്‍ മഞ്ഞക്കുപ്പായങ്ങള്‍ കുറഞ്ഞുവന്നു. മലപ്പുറവും കൊച്ചിയുമായുള്ള ദൂരം കൂടിയപ്പോള്‍ അവിടന്നിങ്ങോട്ട് വണ്ടികളും ഓടാതായി. നയിച്ചുണ്ടാക്കുന്ന കാശിന്റെ വില നന്നായറിയാവുന്നവരായിരുന്നു അവര്‍. അങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ ചുമരിലെ മുന്‍കോച്ചുകളുടെ പടങ്ങളുടെ ഇടയില്‍ പതിയെ ചെന്നു കയറി ഡേവിഡ് ജെയിംസെന്ന ആ പഴയ ഇംഗ്ലീഷ് ഗോളിയും.  

ജോസ് മൗറിഞ്ഞോ
ജോസ് മൗറിഞ്ഞോ


എന്തായാലും, ഡേവിഡ് ജെയിംസിന്റെ പ്രധാന തന്ത്രമായിരുന്ന കുറിയ പാസ്സുകള്‍ക്ക് പകരമുള്ള ലോങ്ങ്‌ബോളുകള്‍ തീരെ ഏല്‍ക്കാതായപ്പോള്‍, അതായിരിക്കാം ബ്ലാസ്റ്റേഴ്സിന്റെ ഇക്കുറിയത്തെ മോശം പ്രകടനത്തിനു കാരണമെന്ന് എല്ലാവരും വിധിയെഴുതിയപ്പോള്‍ പകരം വന്ന പോര്‍ച്ചുഗീസുകാരനായ കോച്ച്, പ്രൊഫസറെന്ന ഓമനപ്പേരുള്ള നീലോ വിന്‍ഗാദയ്ക്ക് കളിയുടെ ശൈലിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. പണ്ട് പ്രഗല്‍ഭരായ പോര്‍ച്ചുഗീസ് ടീമിനെ പരിശീലിപ്പിച്ച പരിചയവുമുണ്ടല്ലോ അങ്ങോര്‍ക്ക്. എന്തായാലും, ചെന്നൈയ്‌ക്കെതിരായ കളിയില്‍ ആ തന്ത്രം ഏറെക്കുറെ ഫലിക്കുകയും ചെയ്തു. മനോഹരമായ ഷോര്‍ട്ട് പാസ്സുകളിലൂടെയും 'പൊസഷന്‍ ഫുട്‌ബോളി'ലൂടെയും കളം നിറഞ്ഞു കളിച്ചു ജയിച്ച ബ്ലാസ്റ്റേഴ്സ് അല്പം കൂടി മുന്നോട്ട് പോയേക്കുമെന്ന് തോന്നിച്ചെങ്കിലും ചെന്നൈയല്ല, മിടുക്കരായ ഗോവയെന്ന് അടുത്ത മാച്ചില്‍ തെളിയിക്കപ്പെട്ടു. കോച്ചുകള്‍ ആരായാലും ടീമിന്റെ ഘടനയിലെ അടിസ്ഥാന ദൗര്‍ബ്ബല്യം പരിഹരിക്കാന്‍ അവര്‍ക്കാവില്ലല്ലോ. അങ്ങനെ വരയ്ക്കപ്പുറത്തുനിന്ന് കോച്ചുകള്‍ ഞെളിപിരി കൊള്ളുന്നതും കൈയാംഗ്യങ്ങള്‍ കാട്ടി പലതും വിളിച്ചു കൂവുന്നതും നാം എത്രയോ തവണ കണ്ടിരിക്കുന്നു. എന്തായാലും, ഈ സീസണ്‍ തീരാറായി. അടുത്ത സീസണിനു മുന്‍പ് ടീമില്‍ കാര്യമായ അഴിച്ചുപണി നടത്താതെ മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായിരിക്കുന്നു. അതായത് മദ്ധ്യനിരയും മൊത്തം ഡിഫന്‍സും ശക്തിപ്പെടുത്തിയേ പറ്റൂ. 

ഡേവിഡ് ജെയിംസിനു പണി പോയ അതേ സമയത്തു തന്നെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ജോസ് മൗറിഞ്ഞോവിനേയും മാറ്റിയത്. ഈ സീസണിലെ ടീമിന്റെ മോശം കളിയോടൊപ്പം മൗറിഞ്ഞോയും ടീമിലെ ലോകകപ്പ് സൂപ്പര്‍ താരമായ ഫ്രെഞ്ചുകാരന്‍ പോള്‍ പോഗ്ബയുമായുള്ള ഉരസലും കാരണമായെന്നു കേള്‍ക്കുന്നു. എത്രയായാലും, ഇംഗ്ലീഷുകാരന്റെ പൊന്നോമന ടീമുകളിലൊന്നാണ് യുണൈറ്റഡ്. 1999-ല്‍ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പ് നടന്നുകൊണ്ടിരുന്നപ്പോള്‍, അവിടത്തെ എല്ലാ മാധ്യമങ്ങളെല്ലാം ആഘോഷിച്ചിരുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എഫ്.എ. കപ്പ് വിജയമായിരുന്നു. അന്ന് ഗാംഗുലിയും ദ്രാവിഡും കൂടി മുന്നൂറ് റണ്ണിന്റെ റെക്കോര്‍ഡുണ്ടാക്കിയപ്പോള്‍, അതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്ന് ലണ്ടനില്‍ ഉണ്ടായിരുന്ന ഞാന്‍ ഹോട്ടലിലെ പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും തെരഞ്ഞു കൊണ്ടിരുന്നത് ഓര്‍മ്മയുണ്ട്. പക്ഷേ, കപ്പും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള യുണൈറ്റഡിന്റെ റോഡ് ഷോ ആയിരുന്നു അന്ന് മാധ്യമങ്ങളിലെ മുഖ്യ ആകര്‍ഷണം.   

ഡേവിഡ് ജെയിംസ്
ഡേവിഡ് ജെയിംസ്

ടീമിലെ സൂപ്പര്‍ താരങ്ങളും കോച്ചും തമ്മിലുള്ള ഉടക്കുകള്‍ മിക്കപ്പോഴും കോച്ചിന്റെ ജോലി കളയാറാണ് പതിവ്. കാരണം, ഏതു കളിയിലും ഏതു ടീമിലും ചില വമ്പന്‍ താരങ്ങളും കുറേ സാദാ കളിക്കാരുമുണ്ടാകും. അതുകൊണ്ടുതന്നെ സ്വന്തം തൊപ്പി രക്ഷിക്കാനായി പല  കോച്ചുകളും ഇത്തരം വമ്പന്മാരുടെ 'കിങ്ങ് സൈസ് ഈഗോ'കളെ തൃപ്തിപ്പെടുത്തി നിറുത്താന്‍ ശ്രദ്ധിക്കാറുമുണ്ട്. പിന്നെ ഇന്ത്യന്‍ ക്രിക്കറ്റു കളിക്കാര്‍ക്കാണെങ്കില്‍ പണ്ടു മുതലേ വിദേശ കോച്ചുകളോടാണ് പ്രിയമെന്നത് പ്രസിദ്ധമാണ്. കാരണം, തങ്ങള്‍ക്കു മുന്‍പ് കളിച്ചുപോന്ന സീനിയര്‍ ഇന്ത്യന്‍ കളിക്കാരെ കോച്ചുകളായി ബഹുമാനിക്കാന്‍ ഇത്തിരി പ്രയാസമാണ് ടീമിലെ ചെറുപ്പക്കാര്‍ക്ക്. അല്ലെങ്കില്‍, അവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരാകണം. കോച്ചായി വന്ന മുന്‍ ആസ്ട്രേലിയന്‍ കളിക്കാരനായിരുന്ന ഗ്രെഗ്ചാപ്പല്‍ കുറച്ച് കടുപ്പക്കാരനായിരുന്നു. മൂപ്പരുടെ ഹെഡ്മാസ്റ്റര്‍ ചട്ടങ്ങള്‍ തീരെ സഹിക്കാനായില്ല പല സീനിയര്‍മാര്‍ക്കും. പ്രത്യേകിച്ചും സൂപ്പര്‍ താരമായിരുന്ന വീരേന്ദ്ര സേവാഗിന്. പരിശീലനച്ചിട്ടകളില്‍ മാത്രമല്ല, മാച്ചുകള്‍ നടക്കുമ്പോള്‍ കളിക്കാര്‍ എങ്ങനെ പെരുമാറണം, എന്തു കഴിക്കണം, എന്തു കഴിക്കാന്‍ പാടില്ല തുടങ്ങിയ കാര്യങ്ങളില്‍ വരെ കണിശമായ ചിട്ടയായിരുന്നു ഏഡ്മാഷ്‌ക്ക്. അങ്ങനെ ഈഗോകളുടെ ഏറ്റുമുട്ടലില്‍ പൊതുവെ സൗമ്യനായ ടെന്‍ഡുല്‍ക്കറെ വരെ എളുപ്പത്തില്‍ പിണക്കാനായി അങ്ങോര്‍ക്ക്. കോച്ചിനെതിരായി ബോര്‍ഡിന് ഇ-മെയില്‍ അയക്കാന്‍ കൂടി തയ്യാറായി സച്ചിന്‍. കൂടാതെ, കഴിയുമെങ്കില്‍ എന്നെ ടീമില്‍നിന്ന് പുറത്താക്ക് എന്ന് വീരു കൂടി വെല്ലുവിളിച്ചപ്പോള്‍, അവസാനം പുറത്തുപോയത് ചാപ്പല്‍ തന്നെയായിരുന്നു. അതുപോലെ അടുത്തകാലത്ത് കളിയറിയാ വുന്നവനും തികഞ്ഞ മാന്യനുമായ അനില്‍ കുംബ്ലെയെ തെറിപ്പിച്ച് രവിശാസ്ത്രിയെ കോച്ചാക്കിയത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിടിവാശിയായിരുന്നുവത്രെ. കാരണം, കണിശക്കാരനായ കുംബ്ലയേക്കാള്‍ ഒത്തുപോകാന്‍ എളുപ്പം ശാസ്ത്രികളോടാണ്. അതുപോലെ സ്ത്രീകളുടെ ക്രിക്കറ്റിന്റെ  ലോകകപ്പ് ഫൈനലില്‍  നല്ല ഫോമിലായിരുന്ന മുന്‍ ക്യാപ്റ്റന്‍ മിതാലിരാജിനെ പുറത്തിരുത്തിയത് കോച്ച് രമേഷ് പവാറിന്റെ വാശിയായിരുന്നു. എന്നിട്ട് ഇന്ത്യ കപ്പ് കൈവിടുകയും ചെയ്തു. പിന്നീട് ബോര്‍ഡ് പവാറിനെ പുറത്താക്കിയെങ്കിലും നടക്കേണ്ടത് നടന്നുകഴിഞ്ഞിരുന്നു.  

ഇത്തരം പിടിവലികളില്‍ കളിയെ നിയന്ത്രിക്കുന്ന ബോര്‍ഡുകള്‍ക്കും അവര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റിക്കും താരമൂല്യമുള്ളവരുടെ ചില ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് നീങ്ങേണ്ടി വരാറുണ്ട്; ചിലപ്പോള്‍ മറിച്ചും.  വളരെ പണ്ട്, അറുപതുകളില്‍, ഒരു പ്രത്യേക കളിക്കാരന്‍ ടീമില്‍ വേണമെന്നു നിര്‍ബ്ബന്ധിച്ചതിന്റെ പേരില്‍ പ്രഗല്‍ഭനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ പോളി ഉമ്രിഗറിന് സ്ഥാനമൊഴിയേണ്ടിവന്നത് ഓര്‍മ്മവരുന്നു. മാത്രമല്ല, പിന്നീടൊരിക്കലും അദ്ദേഹത്തിനു ക്യാപ്റ്റനാകാന്‍ കഴിഞ്ഞതുമില്ല. അങ്ങനെ പലവിധ അടിയൊഴുക്കുകളും കുതികാല്‍ വെട്ടുകളും പതിവായ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്ര കാലമെങ്കിലും പരുക്കേല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് മഹേന്ദ്രസിങ്ങ് ധോണിക്കു മാത്രമാണെന്ന് തോന്നിപ്പോകുന്നു. കാരണം, കളിമിടുക്കിനും താരമൂല്യത്തിനും പുറമെ നല്ല നയചാതുരിയുമുണ്ടായിരുന്നു ധോണിക്ക്.
ഒന്നും വേണ്ടാ, നമ്മുടെ പി.ടി. ഉഷയുടെ കാര്യം തന്നെയെടുക്കാം. ജന്മസിദ്ധമായ പ്രതിഭയുള്ള ഉഷ മെഡലുകള്‍ വാരിക്കൂട്ടിക്കൊണ്ടിരുന്നപ്പോള്‍ എക്കാലവും അവരുടെ കൈത്താങ്ങായിരുന്ന കോച്ച് നമ്പ്യാരെ മറന്ന്, വിദേശത്ത് പരിശീലിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് കുറേക്കൂടി ഉയരങ്ങളിലെത്തി ഒളിംപിക് സ്വര്‍ണ്ണമെഡല്‍ വരെ നേടാമായിരുന്നുവെന്ന് പറഞ്ഞവര്‍ ഏറെയായിരുന്നു. മാത്രമല്ല, ഉഷയ്‌ക്കെതിരേയും ഉണ്ടായിരുന്നു വടക്കന്മാരായ ചില അസൂയക്കാര്‍... നമ്മുടെ മിക്ക സ്പോര്‍ട്ട്‌സ് ബോര്‍ഡുകളും ചില സമ്മര്‍ദ്ദഗ്രൂപ്പുകള്‍ എക്കാലത്തും കൈയടക്കി വെച്ചിരുന്നു. അങ്ങനെ ഹോക്കി അടക്കിവാണിരുന്നത് ചില പഞ്ചാബികളായിരുന്നെങ്കില്‍ ഫുട്‌ബോള്‍ ബംഗാളിയായിരുന്ന മുന്‍ഷിയുടെ കൈയിലും. ടെന്നീസില്‍ ഒരു ഖന്നയുടേയും വോളിബോളില്‍ ഒരു ചക്രവര്‍ത്തിയുടേയും പേരു കേട്ട് മടുത്തിരുന്നു. കാലം ചെയ്യുന്നതിനു മുന്‍പ് തന്റെ സ്ഥാനം കുടുംബത്തിലുള്ള ആര്‍ക്കെങ്കിലും കൊടുക്കാന്‍ നോക്കിയ ചില വിരുതന്മാരും ഉണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ വന്‍ താപ്പാനകളായ സുരേഷ് കല്‍മാഡിയേയും എന്‍. ശ്രീനിവാസനേയും മറക്കാന്‍ വയ്യ. അതിനിടയില്‍ സ്വന്തം മികവുകൊണ്ടു മാത്രമാണ് അത്ലറ്റിക്സില്‍ ഉഷ, ഷൈനി, അഞ്ജു തുടങ്ങിയവര്‍ക്കും അതുപോലെ ഹോക്കിയില്‍ ശ്രീജേഷിനും പിടിച്ചുനില്‍ക്കാനായത്.  കളിമികവും പോരാട്ടവീര്യവും വേണ്ടത്രയുണ്ടെങ്കിലും, നിര്‍ണ്ണായക ഘട്ടത്തില്‍ പിന്താങ്ങാന്‍ ആളില്ലാതെ പോയതുകൊണ്ടു പാവം ശ്രീശാന്തിനു വളരെ നേരത്തെ രംഗത്തുനിന്ന് പിന്‍വാങ്ങേണ്ടിവന്നത് മറക്കാനാവില്ല. 


ബാഡ്മിന്റനില്‍ കോച്ച് പുല്ലേലി ഗോപീചന്ദിനോട് പിണങ്ങിയ ശേഷം മുന്‍ ചാമ്പ്യന്‍ സൈന നേഹ്വാള് പുറകോട്ട് പോയെന്ന് മാത്രമല്ല, ആ വേക്കന്‍സിയില്‍ മുന്നോട്ട് കയറിയ പുസര്‍ല സിന്ധു ലോകതാരത്തിന്റെ കസേരയില്‍ കയറിക്കൂടുകയും ചെയ്തു. 
ആസ്ട്രേലിയയിലെ ടെസ്റ്റുകളില്‍ തോറ്റുകൊണ്ടിരുന്നപ്പോള്‍ കല്ലുകള്‍ വന്നിരുന്നത് മാനേജര്‍ ശാസ്ത്രികളുടേയും കപ്പിത്താന്‍ വിരാടന്റേയും നേരെയായിരുന്നു. കളിയില്‍ ജയവും തോല്‍വിയും സാധാരണമാണ്;  തണുപ്പിച്ച കൂടുകളിലിരുന്ന് കളി പറയുന്നവര്‍ക്കും ഗാലറികളിലിരുന്ന്  കളി കാണുന്നവര്‍ക്കും പലതും പറയാം; പക്ഷേ  കളിക്കുന്നവര്‍ക്കറിയാം വിദേശത്തെ ചില ഇണക്കമില്ലാത്ത പിച്ചുകളില്‍ കളിക്കുന്നവരുടെ പാട് എന്നൊക്കെ ഒടുവില്‍ ക്ഷോഭത്തോടെ തിരിച്ചു പറയേണ്ടിവന്നു ശാസ്ത്രികള്‍ക്ക്. അല്ലെങ്കിലും, അതങ്ങനെയാണ് പല കളികളിലും. കളിക്കുന്നവരെക്കാള്‍ കളിയറിയുന്നത് കളി കാണുന്നവര്‍ക്കാണ്. ചോദിക്കാതെ തന്നെ ഉപദേശങ്ങള്‍ നിര്‍ബാധം വാരി വിതറാനുള്ള വലിയ മനസ്സുമുണ്ടവര്‍ക്ക്. 

അങ്ങനെ എന്തൊക്കെ വിദ്യകളാണ് ഗോളടിക്കാനായി കളിക്കളത്തിലോടി ഇടം വലം പന്തടിച്ച് വിയര്‍ക്കുന്ന സി.കെ. വിനീതിനോടും പന്ത് തടുക്കാന്‍ വിഷമിക്കുന്ന ജിങ്കനോടും അവര്‍ പറഞ്ഞുകൊടുത്തിരുന്നത്! അത് കേള്‍ക്കുമ്പോള്‍ മഞ്ഞക്കുപ്പായമില്ലാത്ത നമുക്കും തോന്നിപ്പോകും, ഇത്ര വിവരമില്ലാത്തവരെയാണല്ലോ വലിയ വില കൊടുത്ത് ടീമിലെടുത്തതെന്ന്. എന്തായാലും, മെല്‍ബോണിലെ മൂന്നാം കളി തകര്‍ത്തു ജയിച്ച വീരവിരാടന് ഭള്ള് പറഞ്ഞവരുടെ വായ എളുപ്പത്തില്‍ അടപ്പിക്കാന്‍ കഴിഞ്ഞെങ്കിലും  മഞ്ഞക്കുപ്പായക്കാരോട് അങ്ങനെ പറയാനുള്ള ഭാഗ്യം കിട്ടിയില്ല പണി പോയ ഡേവിഡിന്. കാരണം, തോറ്റു തോറ്റു താഴോട്ട് പോകുകയായിരുന്നല്ലോ ടീം.
കൂട്ടത്തില്‍, മുതലിറക്കുന്നവര്‍ക്ക്, അത് ബോര്‍ഡുകളായാലും മുതലാളിമാരായാലും തങ്ങളുടെ ചെലവുകളെപ്പറ്റി ചിലതൊക്കെ പറയാനുമുണ്ടാകും. പണ്ടൊക്കെ ക്രിക്കറ്റ് ടീമുകള്‍ക്കൊപ്പം മൂന്നോ നാലോ പേരാണ് വിദേശത്ത് പോകാറ്. ഒരു മാനേജര്‍, ഒരു കോച്ച്, ഒരു കണക്കപ്പിള്ള. കൂടി വന്നാല്‍ ഒരു ഉഴിച്ചില്‍ക്കാരനും. അത്രതന്നെ. ഇന്ന് കാശ് മുറ്റിയപ്പോള്‍ കളിരീതികള്‍ മാറി. കളിക്കാരോടൊപ്പം വലിയൊരു സംഘവുമുണ്ടാവും സഹായികളായി കൂടെ. ഒരുപാട് കളങ്ങള്‍ കണ്ട കളിക്കാര്‍ക്ക് പന്തടിക്കുന്നത് പറഞ്ഞുകൊടുക്കാന്‍ ഒരാള്‍, പന്തെറിയുന്നതും പന്ത് പെറുക്കുന്നതും പറഞ്ഞുകൊടുക്കാന്‍ വെവ്വേറെ ചിലര്‍. മിക്കവരും മേലാളന്മാരുടെ പ്രിയപ്പെട്ടവരും ശിങ്കിടികളും. കൂട്ടത്തില്‍ ഫിസിയോകളും ഉഴിച്ചില്‍കാരുമായി വലിയൊരു സെറ്റും കാണും. ഇടതുകൈയും കാലും ഉഴിയുന്നവന് വലതുവശത്തെപ്പറ്റി ഒന്നുമറിയില്ല. കാരണം, അയാള്‍ ഇടംകൈയനാണല്ലോ. അതുപോലെ തിരിച്ചു. കോട്ടക്കലെ പിള്ളേര്‍ ഉഷാറായി ചെയ്യുന്ന വേലകള്‍ ചെയ്യാനായി ഇപ്പോള്‍ വെള്ളക്കാര്‍ തന്നെ വേണം. അല്ലെങ്കിലും ഇന്ത്യക്കാരുടെ ശരീരശാസ്ത്രത്തെപ്പറ്റി ഏറ്റവുമറിയുന്നത് വെള്ളക്കാര്‍ക്കല്ലേ? എത്ര നൂറ്റാണ്ടുകളാണ് അവര് നമ്മുടെ ശരീരങ്ങളെ കീഴടക്കിവച്ചത്?
ശരിയാണ്. ഇത്തരം കാര്യങ്ങളിലെ പ്രധാന പ്രശ്‌നം ശരിതെറ്റുകള്‍ ഇവിടെ കൂടിക്കുഴഞ്ഞു കിടക്കുന്നുവെന്നതാണ്. എല്ലാവരും പറയുന്നതില്‍ കുറേ തെറ്റുകളും കുറേ ശരികളുമുണ്ട്. മീഡിയ പ്രളയങ്ങള്‍ക്കിടയില്‍ ഇതിലെ നെല്ലും പതിരും തെരഞ്ഞെടുക്കുന്നത് അസാദ്ധ്യം തന്നെ. 
    
(മറുവെട്ട്:  അടുത്ത സീസണ് മുന്‍പായെങ്കിലും ബ്ലാസ്റ്റേഴ്സ് ഒരു ന്യൂമറോളജിസ്റ്റിനെ കാണുന്നത് നന്നായിരിക്കും. പേരില്‍ ഒരു എല്ലോ പല്ലോ മറ്റോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താല്‍ സംഗതി ഒരുപക്ഷേ, ഏറ്റെന്നു വരാം. ചിലപ്പോള്‍ ആ മഞ്ഞനിറമായിരിക്കും ചേരാത്തത്. ഇതൊന്നും നോക്കാതെ, വലിയ കാശ് കൊടുത്ത് വിദേശത്തു നിന്ന് കോച്ചിനേയും കളിക്കാരേയും വിലയ്‌ക്കെടുത്തിട്ടോ ടീമിനെ തായ്ലണ്ടില്‍ പരിശീലിപ്പിച്ചിട്ടോ കാര്യമില്ല. ശേഷം വെള്ളിത്തിരയില്‍!)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com