കംഫര്‍ട്ട് സോണിലെ സാംസ്‌കാരിക നായകര്‍: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

പുരോഗമനവാദികളായ പൊതു ബുദ്ധിജീവികളില്‍ തെരുവിലിറങ്ങാന്‍ സന്നദ്ധതയുള്ളവര്‍ ഒരു വോള്‍ക്സ്വാഗണ്‍ കാറില്‍ കൊള്ളാവുന്നത്ര പോലും വരില്ല എന്നാണ് ചോംസ്‌കി പറഞ്ഞത്.
കംഫര്‍ട്ട് സോണിലെ സാംസ്‌കാരിക നായകര്‍: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

കാസര്‍ഗോഡ് ജില്ലയില്‍ കല്യോട്ട് നടന്ന ഇരട്ടക്കൊലയില്‍ 'ഇടതു ചായ്വുള്ള'' സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കേരള സാഹിത്യ അക്കാദമിയിലേക്ക് നടത്തിയ മാര്‍ച്ചിനെക്കുറിച്ച് കേട്ടപ്പോള്‍ ഓര്‍ത്തുപോയത് നോം ചോംസ്‌കിയുടെ ഒരു നിരീക്ഷണമാണ്. പുരോഗമനവാദികളായ പൊതു ബുദ്ധിജീവികളില്‍ തെരുവിലിറങ്ങാന്‍ സന്നദ്ധതയുള്ളവര്‍ ഒരു വോള്‍ക്സ്വാഗണ്‍ കാറില്‍ കൊള്ളാവുന്നത്ര പോലും വരില്ല എന്നാണ് ചോംസ്‌കി പറഞ്ഞത്. തങ്ങളുടെ സുഖൈശ്വര്യ മേഖല(കംഫര്‍ട്ട് സോണ്‍)യിലിരുന്ന് അഭിപ്രായ പ്രകടനം നടത്തുകയെന്ന 'വ്യായാമ'ത്തില്‍ മാത്രം വ്യാപൃതരാകുന്നവരാണ് പൊതു ബുദ്ധിജീവികള്‍ എന്നോ സാംസ്‌കാരിക നായകര്‍ എന്നോ വിശേഷിപ്പിക്കപ്പെടുന്നവര്‍  എന്നത്രേ ചോംസ്‌കിയന്‍ നിരീക്ഷണത്തിന്റെ സാരം.
ഈ 'കംഫര്‍ട്ട് സോണ്‍ വ്യായാമ'ത്തിന്റെ കാര്യത്തില്‍ പൊതു ബുദ്ധിജീവികള്‍ എന്നു വ്യവഹരിക്കുന്നവര്‍ക്കിടയിലെ ഇടത്, വലത്, മധ്യവിഭാഗക്കാരെല്ലാം ഒരേ തൂവല്‍പക്ഷികളാണ്. കേരളമുള്‍പ്പെടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സമീപകാലത്ത് കടംകേറി മുടിഞ്ഞും ദാരിദ്ര്യത്തിലമര്‍ന്നും നൂറുകണക്കിന് കര്‍ഷകര്‍ ജീവനൊടുക്കുകയുണ്ടായി. ഇടതിനോടോ വലതിനോടോ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടോ കോണ്‍ഗ്രസ്സിനോടോ ബി.ജെ.പിയോടോ അനുഭാവം പുലര്‍ത്തുന്ന പൊതു ബുദ്ധിജീവികളോ സാംസ്‌കാരിക നായകരോ അവര്‍ക്കുവേണ്ടി തെരുവിലിറങ്ങുകയോ മാര്‍ച്ച് നടത്തുകയോ ചെയ്ത ചരിത്രമില്ല.

ഡല്‍ഹി യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ പ്രഖ്യാത സര്‍വ്വകലാശാലകളിലെ അക്കാദമിക്കുകളായ പൊതു ബുദ്ധിജീവികള്‍ പല പ്രശ്‌നങ്ങളില്‍ പ്രസ്താവനകളിറക്കി ബന്ധപ്പെട്ട 'ഇര'കളോട്  ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പതിവുണ്ട്. കശ്മീരും അഫ്സര്‍ ഗുരുവുമൊക്കെ കടന്നുവരുന്ന ഒരു പ്രശ്‌നത്തില്‍ സമീപ നാളുകളില്‍ ദേശീയ തലസ്ഥാനത്തെ ഒരു പ്രശസ്ത സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് നടപടി വന്നപ്പോള്‍ ഇച്ചൊന്ന ബുദ്ധിജീവികള്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും അനുകൂലമായി രംഗത്തിറങ്ങി. സംശയമില്ല, ശ്ലാഘനീയമായിരുന്നു അവരുടെ ധീരമായ ഇടപെടലുകള്‍. പക്ഷേ, 1989 തൊട്ട് കലുഷമായിത്തീര്‍ന്ന കശ്മീര്‍ താഴ്വരയില്‍ പോയി മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒരു പ്രകടനമെങ്കിലും നടത്താന്‍ ഈ സര്‍വ്വകലാശാലാ ബുദ്ധിജീവികള്‍ ഇന്നേവരെ തയ്യാറായിട്ടില്ല എന്നത് ദുഃഖസത്യമായി അവശേഷിക്കുന്നു.

ചരിത്രപരമായ കാരണങ്ങളാല്‍ സ്‌ഫോടകസ്ഥിതി കൈവരിച്ച കശ്മീര്‍ അവിടെ നില്‍ക്കട്ടെ. സാധാരണ തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന കോര്‍പ്പറേറ്റുകളുണ്ട് രാജ്യത്ത്. അവര്‍ക്കെതിരെ ശബ്ദിക്കാനും പ്രക്ഷോഭരംഗത്തിറങ്ങാനും ഏതെങ്കിലും ബ്രാന്‍ഡില്‍പ്പെട്ട പൊതു ബുദ്ധിജീവികളോ സാംസ്‌കാരിക പ്രവര്‍ത്തകരോ മുന്നോട്ട് വന്നിട്ടുണ്ടോ? ഡല്‍ഹിയില്‍ത്തന്നെയുള്ള സുസൂകി ഫാക്ടറിയില്‍ ജോലിയെടുക്കുന്ന നിരവധി ഓട്ടോമൊബൈല്‍ തൊഴിലാളികളെ ദീര്‍ഘകാലം തടവിലിട്ട സംഭവം സമീപ ഭൂതകാലത്ത് നടന്നു. ഇടത്തോ വലത്തോ ഉള്ള പൊതു ബുദ്ധിജീവികളാരും ആ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയുള്ള പ്രതിഷേധത്തില്‍ അണിചേരുകയുണ്ടായില്ല.

കംഫര്‍ട്ട് സോണില്‍ വിരാജിക്കുന്ന ബുദ്ധിജീവികളുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും ജീവിതശൈലിയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നവലിബറല്‍ സമ്പദ്വ്യവസ്ഥ സാധാരണക്കാരെ മുന്‍പില്ലാത്തവിധം ദാരിദ്ര്യത്തിലേക്കും വറുതിയിലേക്കും തള്ളി വിട്ടിട്ടുണ്ട്. എന്നാല്‍, ബുദ്ധിജീവികളില്‍ മഹാഭൂരിപക്ഷത്തിന്റേയും അവസ്ഥ അതല്ല. നവലിബറല്‍ ക്രമത്തെ പുറമേ വിമര്‍ശിക്കുമ്പോഴും അകമേ അവര്‍ ആ ജനവിരുദ്ധ സാമ്പത്തിക ക്രമത്തിന്റെ ഗുണഭോക്താക്കളാണ്. ഇത് തിരിയണമെങ്കില്‍ സാധാരണ കര്‍ഷകരുടേയും നമ്മുടെ മേത്തരം യൂണിവേഴ്സിറ്റി/ഇന്‍സ്റ്റിറ്റിയൂട്ട് ബുദ്ധിജീവികളുടേയും വരുമാനത്തിലുള്ള അമ്പരപ്പിക്കുന്ന അന്തരത്തിലേക്ക് കടന്നുചെല്ലണം.
നാലു വര്‍ഷം മുന്‍പ്, 2015-ല്‍ പ്രഭാത് പട്‌നായിക് എഴുതിയ 'Peasants and Professor's' എന്ന ലേഖനത്തില്‍ വരുമാനതലത്തിലുള്ള ഈ അന്തരത്തിലേക്ക് വിരല്‍ചൂണ്ടിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി കഴിഞ്ഞ മൂന്നു ദശാബ്ദങ്ങള്‍ക്കിടയില്‍ കര്‍ഷക ജനസാമാന്യത്തിന്റേയും യൂണിവേഴ്സിറ്റി പ്രൊഫസര്‍മാരുടേയും വരുമാനത്തിലുണ്ടായ വര്‍ദ്ധന അനാനുപാതികമാണ്. കര്‍ഷകരുടെ വരുമാനത്തില്‍ 32 മടങ്ങുമാത്രം വര്‍ദ്ധനയുണ്ടായപ്പോള്‍ സര്‍വ്വകലാശാലാ അധ്യാപകരുടെ, അടിസ്ഥാന ശമ്പളത്തില്‍ മാത്രം ഉണ്ടായത് 70 മടങ്ങ് വര്‍ദ്ധനയാണ്. അവര്‍ക്കാകട്ടെ അടിസ്ഥാന ശമ്പളത്തിനു പുറമെ ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ്, വീട്ടുവാടക, യാത്രാബത്ത, ചികിത്സാബത്ത തുടങ്ങി പലതരം അലവന്‍സുകള്‍ വേറെ ലഭിക്കുകയും ചെയ്യുന്നു.

വരേണ്യ പൊതു ബുദ്ധിജീവികള്‍ എന്നു സാംസ്‌കാരിക സാരഥികളില്‍ വന്‍ഭൂരിപക്ഷത്തിന്റേയും സാമ്പത്തിക സൗകര്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. അവര്‍ക്ക് മേയാന്‍ ആര്‍ഭാടസ്ഥലികള്‍ ധാരാളമുണ്ട്. എക്‌സ്‌ക്ലൂസീവ് ക്ലബ്ബുകളുടെ ഒരു ശൃംഖല തന്നെയുണ്ട് പൊതു ബുദ്ധിജീവികള്‍ക്ക് മേയാന്‍. വരേണ്യ യൂണിവേഴ്സിറ്റികള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും പുറമെ സര്‍ക്കാരിനാലോ ആഗോള ഫണ്ടിംഗ് ഏജന്‍സികളാലോ കോര്‍പ്പററ്റോക്രസിയാലോ നിയന്ത്രിക്കപ്പെടുന്ന അക്കാദമികളിലും ഇതര കേന്ദ്രങ്ങളിലും അവര്‍ ആമോദപൂര്‍വ്വം വിഹരിക്കുന്നു. അവിടങ്ങളിലെല്ലാം ദാരിദ്ര്യം, വംശീയത, നവ ലിബറലിസം, സാമ്രാജ്യത്വം തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചാവും ചര്‍ച്ചകള്‍. എല്ലാ ചര്‍ച്ചകള്‍ക്കും പോകുന്ന ഈ സാംസ്‌കാരിക ബുദ്ധിജീവികളുടെ യാത്രയാകട്ടെ, വിമാനങ്ങളില്‍ എക്‌സിക്യൂട്ടീവ് ക്ലാസ്സിലായിരിക്കുകയും ചെയ്യും. സമ്പന്നതയുടെ ശീതളച്ഛായയിലിരുന്നു ദാരിദ്ര്യത്തെക്കുറിച്ച്  പ്രബന്ധങ്ങളവതരിപ്പിച്ച് സമൂഹത്തെ കബളിപ്പിക്കുന്ന ഈ വംശത്തെയാണ് ദൗര്‍ഭാഗ്യവശാല്‍ പൊതുസമൂഹം സാംസ്‌കാരിക നായകരെന്നും പൊതു ബുദ്ധിജീവികളെന്നും  ഓമനപ്പേരിട്ട് വിളിക്കുന്നത്.

ഇത്തരം ബുദ്ധിജീവികളും സാംസ്‌കാരിക നായകരും കല്യോട്ടെ ഇരട്ടക്കൊലയെക്കുറിച്ച് മിണ്ടാതിരുന്നതില്‍ പ്രതിഷേധിച്ച് തൃശൂരിലെ കേരളസാഹിത്യ അക്കാദമി അങ്കണത്തിലേക്ക് വാഴപ്പിണ്ടി ജാഥ നടത്തിയ യുവ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്. ഇമ്മാതിരി സാംസ്‌കാരിക മേലാളന്മാരുടേയോ ഉന്നത രാഷ്ട്രീയ മേധാവികളുടേയോ കുട്ടികളാരും ആക്രാമക കക്ഷിരാഷ്ട്രീയത്തിലില്ല  എന്നതാണത്. സ്വന്തം മക്കളെ കക്ഷിരാഷ്ട്രീയത്തിന്റെ കശാപ്പുശാലകളിലേക്ക് അയയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന വര്‍ഗ്ഗമാണത്. ഇടതുപക്ഷത്ത് നില്‍ക്കുന്നവര്‍ വലതുപക്ഷത്തിന്റെ ഹിംസയ്‌ക്കെതിരേയും വലതുപക്ഷത്ത് നില്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ ഹിംസയ്‌ക്കെതിരേയും കണ്ഠക്ഷോഭം നടത്തും. 1984 നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഇന്ദിരാവധത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിരപരാധികളായ 2500-ല്‍പരം സിഖുകാരെ കോണ്‍ഗ്രസ്സ് കാപാലികര്‍ കൊന്നുതള്ളിയപ്പോള്‍ ആ പാര്‍ട്ടിയോട് ചേര്‍ന്നു നില്‍ക്കുന്ന ബുദ്ധിജീവി/സാംസ്‌കാരിക നായകവംശത്തില്‍പ്പെട്ട ഒരാള്‍ പോലും പ്രതികരിച്ചിരുന്നില്ല എന്നത് മറന്നുകൂടാത്തതാണ്.

കേരളത്തില്‍ സി.പി.ഐ.എമ്മിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധവും അത് സംബന്ധിച്ച കേസിന്റെ പരിണാമവും ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. 2012 മെയ് നാലിനാണ് ചന്ദ്രശേഖരന്‍ വെട്ടിനുറുക്കപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് വിധേയത്വം പുലര്‍ത്താത്ത സാംസ്‌കാരികക്കാരും ബുദ്ധിജീവികളുമെല്ലാം ടി.പിയുടെ അരുംകൊലയ്‌ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. അക്കൂട്ടത്തില്‍ കോണ്‍ഗ്രസ്സിനോടും ബി.ജെ.പിയോടും ചേര്‍ന്നുനില്‍ക്കുന്ന സാംസ്‌കാരിക നായകരുമുണ്ടായിരുന്നു. കോണ്‍ഗ്രസ്സുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന ആഭ്യന്തരമന്ത്രി പ്രസ്തുത കേസ് സത്യസന്ധമായി അന്വേഷിക്കണമെന്ന പക്ഷക്കാരനായിരുന്നു. യഥാര്‍ത്ഥ പ്രതികള്‍, അവര്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്‍പില്‍ ഹാജരാക്കപ്പെടണം എന്ന ദൃഢനിശ്ചയത്തോടെയാണ്  രാധാകൃഷ്ണന്‍ അന്നു മുന്നോട്ടു പോയത്.

പക്ഷേ, ഐക്യജനാധിപത്യ മുന്നണിഭരണത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത തിരുവഞ്ചൂരിന്റെ ഇച്ഛ നടപ്പായോ? ചന്ദ്രശേഖരനെ കൊല്ലിച്ചവരില്‍ പ്രമുഖരായ മാര്‍ക്‌സിസ്റ്റ് നേതാക്കളിലേക്ക് നിയമഹസ്തം നീളുമെന്ന ഘട്ടമെത്തിയപ്പോള്‍ എല്ലാം തകിടംമറിഞ്ഞു. വധഗൂഢാലോചന നടത്തിയ സമുന്നത സി.പി.ഐ.എം. നേതാക്കളെ രക്ഷിക്കാന്‍ അന്നു ചരടുവലിച്ചത് ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിര്‍ണ്ണായക പിടിപാടുള്ള മലയാളികളായ രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. അതിനാല്‍ 'കുഞ്ഞനന്തന്‍ ആന്‍ഡ് കമ്പനി'യില്‍ ഒതുങ്ങി പ്രതിപ്പട്ടിക. ആര്‍.എം.പി നേതാവിന്റെ ഉന്മൂലനം ആസൂത്രണം ചെയ്ത മുകള്‍ത്തട്ടിലെ മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ യാതൊരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇപ്പോള്‍ ശരത്ലാല്‍-കൃപേഷ് വധത്തില്‍ മൗനം പാലിക്കുന്ന ഇടതു ചായ്വുള്ള സാംസ്‌കാരിക നായകര്‍ക്കെതിരെ അമര്‍ഷം പ്രകടിപ്പിക്കുന്നതിന്  സാഹിത്യ അക്കാദമി വളപ്പിലേക്ക് മാര്‍ച്ച് നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ 2013-2014 കാലത്ത് ചന്ദ്രശേഖരന്‍ വധത്തിലെ പ്രമുഖ കുറ്റവാളികളെ രക്ഷിച്ചെടുത്ത സ്വന്തം നേതാക്കളുടെ ഓഫീസുകളിലേക്ക് അന്നു മാര്‍ച്ച് നടത്തേണ്ടതായിരുന്നില്ലേ? അന്നത്തെ ആഭ്യന്തരമന്ത്രിയുടെ ആര്‍ജ്ജവത്തോടുകൂടിയ നീക്കത്തിനു തടയിട്ട മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ കൊടുംവഞ്ചനയില്‍ പ്രതിഷേധിക്കാതിരുന്ന കോണ്‍ഗ്രസ്സനുകൂല സാംസ്‌കാരിക നായകരുടെ മുഖത്തു നോക്കി രണ്ടു വാക്ക് പറയാന്‍ അവരുടെ നാവുകള്‍ പൊങ്ങേണ്ടിയിരുന്നില്ലേ?
ഓര്‍ക്കുക: ഇടത്തായാലും വലത്തായാലും ചുരുക്കം ചില അപവാദങ്ങളൊഴിച്ചാല്‍, എല്ലാ സാംസ്‌കാരിക നായകരും പൊതു ബുദ്ധിജീവികളും ബന്ധപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിനീത വിധേയന്മാരും ഭാഗ്യാന്വേഷികളും മാത്രമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com