ആരാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു? റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

രാഹുല്‍ ഗാന്ധിയില്‍ ഊര്‍ജമുണ്ട്, എന്നാല്‍ ഭാവനയില്ല, അദ്ദേഹം ഏകനുമാണ്
ആരാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു? റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

കോണ്‍ഗ്രസിനും ബിജെപിക്കും ഒരുകാര്യം പൊതുവായുണ്ട്, രണ്ടിനേയും നയിക്കുന്നത് 'സൂപ്പര്‍മാനാ'ണ്. എന്നാല്‍ ബിജെപിയുടെ സൂപ്പര്‍മാന് ഉപസേനാനികളുടെ കൂട്ടം കൂടെയുണ്ട്. അതൊരു സംഘ ശക്തിയാണ്. കോണ്‍ഗ്രസിന്റെ സൂപ്പര്‍മാനാകട്ടെ ഏകാകിയായ കാവല്‍ഭടനും. അതൊരു മോശം യുദ്ധതന്ത്രമാണ്. 

മറ്റാരും പ്രയോഗിക്കാത്തത്ര യുദ്ധശക്തിയാണ് നരേന്ദ്രമോദി എടുത്തുപയോഗിക്കുന്നത്. എന്നിട്ടും ആക്രമണോത്സുകമായ പ്രസംഗങ്ങളുമായി രാജ്യ വ്യാപകമായിത്തന്നെ അമിത് ഷാ മോദിക്കൊപ്പമുണ്ട്, തമിഴ്‌നാടിനെപ്പോലെയുള്ള അന്യദേശങ്ങളില്‍പ്പോലും പിയൂഷ് ഗോയല്‍ കൂടെയുണ്ട്, ശ്രദ്ധ പിടിച്ചുപറ്റുവിധം ശബ്ദമുയര്‍ത്തി നിതിന്‍ ഗഡ്കരിയും അരുണ്‍ ജയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങുമുണ്ട്, പിന്നിലായി സുഷമാ സ്വരാജ് വരുന്നുണ്ട്. ഗണനീയമായ ഫലമുണ്ടാക്കുന്നതിന് ഗണനീയമായ ഒരു സംഘം.

കോണ്‍ഗ്രസ് പക്ഷത്തേക്കു നോക്കുക. ഒറ്റയാളുടെ വാദ്യഘോഷമാണ് അവിടെ നാം കേള്‍ക്കുക. ബംഗളൂരുവില്‍ സംരംഭകരുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി. ഇറ്റാനഗറില്‍ പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി. ഗാന്ധിനഗറിലെ വന്‍ റാലിയില്‍ രാഹുല്‍ ഗാന്ധി. ചെന്നൈയിലെ വനിതാ കോളജില്‍ ജനകീയനായി രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ സബാല്‍ഗഢിലെ പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി. ഗുവാഹതിയില്‍, കന്യാകുമാരിയില്‍, ഗുല്‍ബര്‍ഗയില്‍, കൊച്ചിയില്‍ എവിടെയെല്ലാമാണോ കോണ്‍ഗ്രസുള്ളത് അവിടെയെല്ലാം രാഹുല്‍ ഗാന്ധി. മറ്റൊരാളുമില്ലേ കോണ്‍ഗ്രസ് നിരയില്‍ കരുത്തരായി?

ചെറുപ്പക്കാരും കാര്യങ്ങള്‍ സ്പഷ്ടമായി പ്രകടിപ്പിക്കാന്‍ കഴിവുമുള്ള സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും മിലിന്ദ് ദേവ്‌റയുമുണ്ട് അവിടെ. ദിഗ്‌വിജയ് സിങ്ങിനെയും കമല്‍ നാഥിനെയും ഉമ്മന്‍ ചാണ്ടിയെയും പോലുള്ള പഴയ പടക്കുതിരകളുണ്ട്. യുവത്വവും തേജസുമുള്ള ആരെയും നമ്മള്‍ക്കവിടെ കാണാനോ കേള്‍ക്കാനോ ആവുന്നില്ല. പ്രായവും പരിചയവുമുള്ളവരെക്കുറിച്ചാവട്ടെ, കേള്‍ക്കുന്നത് പ്രാമുഖ്യത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത തമ്മിലയിടിയിലും. മുഴുവന്‍ ഊര്‍ജവും ഒറ്റ ലക്ഷ്യത്തിലേക്കു കേന്ദ്രീകരിക്കേണ്ട സമയത്ത് കോണ്‍ഗ്രസ് എല്ലാം ഒരൊറ്റ വ്യക്തിക്കു വിട്ടിരിക്കുകയാണ്. ഇക്കണ്ട നാശമൊക്കെയുണ്ടാക്കിയിട്ടും കുടുംബ വാഴ്ച തന്നെയാണോ അവിടെ നടക്കുന്നത്? 

ഒരുപാടിടങ്ങളില്‍ നിഷ്ഫലം തന്നെയാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്ര പോലെയുള്ള പ്രധാനമായ ഒരു സംസ്ഥാനത്ത് ആ പാര്‍ട്ടിയുടെ നേതൃത്വം ആര്‍ക്കെന്നു ചോദിച്ചുനോക്കൂ. ചിലര്‍ പറയും സഞ്ജയ് നിരുപം ആണെന്ന്. ചിലര്‍ അശോക് ചവാന്റെ പേരു പറയും. നിരുപം ആണെങ്കില്‍ മിലിന്ദ് ദേവ്‌റയുമായി നിരന്തര യുദ്ധത്തിലാണ്. ദേവ്‌റയുടെ ജനകീയതയും ശേഷിയും ഭീഷണിയായി അയാള്‍ കരുതുന്നുണ്ടാവാം. പ്രകാശ് അംബേദകറുടേതോ രാജു ഷെട്ടിയുടെതോ പോലുള്ള, ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ സംഘങ്ങളെയൊന്നും ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസിന് ആവുന്നില്ല എന്നതില്‍ അതിശയിക്കാനൊന്നുമില്ല.

ഡല്‍ഹിയാണ് കോണ്‍ഗ്രസിനെ തുറന്നുകാട്ടുന്ന മറ്റൊരിടം. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മറ്റു പാര്‍ട്ടികളുടെ സഖ്യം കൂടിയേ തീരൂവെന്നു മനസിലാക്കാന്‍ സാമാന്യ ബുദ്ധി മതി. ഡല്‍ഹിയില്‍ അത് ആംആദ്മി പാര്‍ട്ടിയാണ്. പ്രധാനപ്പെട്ട പല കോണ്‍ഗ്രസുകാരും സഖ്യത്തിന് അനുകൂലമായിരുന്നു, എന്നാല്‍ ഇന്നലെകളിലെ നേതാവായ ഷീലാ ദീക്ഷിത് മിനിഞ്ഞാന്നത്തെ ആശയങ്ങളുമായി വന്നു. ഫലം, നേട്ടം ബിജെപിക്ക്. 

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിഗഢിലും അടുത്തിടെയുണ്ടായ വിജയം നേതൃത്വത്തെ ഉഷാറാക്കേണ്ടതാണ്. അങ്ങനെയൊന്നും നമ്മള്‍ അവിടെ കാണുന്നില്ല. വയസന്‍ പടയുടെ സമ്മര്‍ദത്തിനു വഴങ്ങിയല്ല, മറിച്ച് പുതിയ കാലത്തിന്റെ ആവശ്യമറിഞ്ഞായിരുന്നു അവിടങ്ങളില്‍ മുഖ്യമന്ത്രിമാരെ തീരുമാനിച്ചിരുന്നതെങ്കില്‍ മറിച്ചാവുമായിരുന്നില്ലേ സ്ഥിതി? സ്വന്തം ഇച്ഛ നടപ്പാക്കാനും നേതൃത്വത്തില്‍ പുതു രക്തത്തെ കൊണ്ടുവരാനുമുള്ള കരുത്ത് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു കാണുന്നില്ല. 

നിരന്തരമായ ഗ്രൂപ്പു പോര് മറ്റെവിടത്തേക്കാളും നിരാശയുണ്ടാക്കുന്നത് കേരളത്തിലാണ്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, എകെ ആന്റണി, വിഎം സുധീരന്‍ ഇങ്ങനെ നേതാക്കള്‍ ഒരുപാടാണ് ഇവിടെ. 'എ', 'ഐ' എന്നിങ്ങനെ കോണ്‍ഗ്രസ് ഔദ്യോഗികമായും പരസ്യമായും രണ്ടു ഗ്രൂപ്പുകളായി ഭിന്നിച്ചുനില്‍ക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പോരിനേക്കാള്‍ മാരകമാണ് എ, ഐ ഗ്രൂപ്പു പോര്. യുവാക്കളെ നേതൃത്വത്തിലേക്കു വരാന്‍ അനുവദിക്കുകയേയില്ല. വാസ്തവത്തില്‍ യുവാക്കളില്‍ മികച്ച, ആധുനിക കാലത്തിനു യോജിച്ച നേതാക്കളുണ്ട്, അവരെ നേതൃത്വത്തിലേക്കു വരാന്‍ അനുവദിച്ചാല്‍ പാര്‍ട്ടിയും സംസ്ഥാനവും വേഗത്തിലുള്ള പുരോഗതിയിലേക്കു നീങ്ങുമെന്നതു തീര്‍ച്ചയാണ്. 'ഞാനും പിന്നെ ഞാനും' എന്ന സംസ്‌കാരത്തില്‍ ഇതൊന്നും നടക്കില്ലെന്നു മാത്രം.

കഴിഞ്ഞയാഴ്ച മുതിര്‍ന്ന നേതാവ് കെവി തോമസ് പാര്‍ട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ഈ സംസ്‌കാരത്തിന്റെ ഭീകരമായ മുഖമാണ് പുറത്തുകണ്ടത്. അദ്ദേഹം പ്രതീക്ഷിച്ച ടിക്കറ്റ് പാര്‍ട്ടി ഹൈബി ഈഡനു കൊടുത്തു. കെവി തോമസിന് 72 വയസു പ്രായമുണ്ട്, ഹൈബി ഈഡന് അതിന്റെ പകുതിയേ ഉള്ളൂ- 36. തോമസാണെങ്കില്‍ ദീര്‍ഘകാലം എംഎല്‍എ ആയിരുന്നു, ദീര്‍ഘകാലം എംപി ആയിരുന്നു, കേരളത്തില്‍ മന്ത്രിയായിരുന്നു, കേന്ദ്രത്തില്‍ മന്ത്രിയായിരുന്നു, പാര്‍ട്ടിക്ക് അകത്തും പുറത്തും ഒട്ടേറെ പദവികളിലുണ്ടായിരുന്നു. എന്നിട്ടും ഒരു യുവാവിനു വേണ്ടി ഒഴിഞ്ഞുകൊടുക്കാന്‍ തയാറല്ല. അവസാനം പുതിയ എന്തൊക്കെയോ വാഗ്ദാനം ചെയ്താണ് പാര്‍ട്ടി അദ്ദേഹത്തെ ശാന്തനാക്കിയത്. 

ബിജെപിയിലും ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇല്ലെന്നല്ല. എന്നാല്‍ മുന്‍നിര നേതാക്കള്‍ ശുഷ്‌കാന്തിയോടെ പ്രചാരണം നടത്തി അതിനെ മുന്നിലെത്തിക്കുന്നു. അവരുടെ പ്രചാരണ ശൈലയില്‍ ഊര്‍ജവും ഭാവനയുമുണ്ട്. രാഹുല്‍ ഗാന്ധിയില്‍ ഊര്‍ജമുണ്ട്, എന്നാല്‍ ഭാവനയില്ല, അദ്ദേഹം ഏകനുമാണ്. കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു കോണ്‍ഗ്രസ് തന്നെയാണ്.

(ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com