വാസ്തു: അവിശ്വാസിയുടെ അതിര്‍നരമ്പുകള്‍

''താങ്കള്‍ വാസ്തുവില്‍ വിശ്വസിക്കുന്നുണ്ടോ?'' ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. 
വാസ്തു: അവിശ്വാസിയുടെ അതിര്‍നരമ്പുകള്‍

''താങ്കള്‍ വാസ്തുവില്‍ വിശ്വസിക്കുന്നുണ്ടോ?'' ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്. 
ഇല്ലെന്ന് പറയാനാണ് തോന്നാറെങ്കിലും മറിച്ചുമുണ്ട് ചില അനുഭവങ്ങള്‍. യുക്തിവാദിയല്ലെങ്കിലും അന്ധവിശ്വാസിയല്ല ഞാന്‍. മാത്രമല്ല, ഈ മഹാപ്രപഞ്ചത്തില്‍ നടക്കുന്നതെല്ലാം കേവലം യുക്തികൊണ്ട് അളന്നിടണമെന്ന് വാശിപിടിക്കുന്നതുതന്നെ യുക്തിഭദ്രമല്ലെന്നാണ്  എനിക്ക് തോന്നാറ്. ശാസ്ത്രം ഇത്രയേറെ വികസിച്ചു കഴിഞ്ഞിട്ടും, നമ്മുടെ കൊച്ചുബുദ്ധികൊണ്ട് അളക്കാന്‍ കഴിയുന്നതിനപ്പുറമായി എന്തൊക്കെയോ ചിലത് ഈ പ്രപഞ്ചത്തില്‍ നടക്കുന്നുണ്ടെന്ന വിശ്വാസം എനിക്കുണ്ട്. ഒരു കഥാകാരനെന്ന നിലയില്‍ പ്രത്യേകിച്ചും. കുറച്ചൊക്കെ ഊഹിക്കാനും സ്വപ്നം കാണാനുമുള്ള കഴിവില്ലെങ്കില്‍ ജീവിതം തന്നെ എന്തു വിരസമായിരിക്കും?
പണ്ടത്തെ കാലത്ത് നാട്ടിന്‍പുറങ്ങളില്‍ പുതിയൊരു വീട് പണിയുമ്പോഴോ അല്ലെങ്കില്‍ ഉള്ളതിന് രൂപമാറ്റം വരുത്തുമ്പോഴോ ഏതെങ്കിലും മൂത്താശാരിയാണ് പ്ലാന്‍ തയ്യാറാക്കാറ്. അവര്‍ തച്ചുശാസ്ത്രമനുസരിച്ചുള്ള ചില കോല്‍ക്കണക്കുകള്‍ പറയുകയും ചെയ്യും. പുരയുടെ മൊത്തം ചുറ്റ്, പ്രധാന മുറികളുടെ സ്ഥാനം എന്നിവയൊക്കെ അടയാളപ്പെടുത്താന്‍ അവര്‍ക്ക് ചില പഴഞ്ചിട്ടകളുണ്ടായിരുന്നു.  പിന്നെ അടുക്കള, കിണര്‍, ജനാലകള്‍ തുടങ്ങിയവയുടെ സ്ഥാനവും അവര്‍ ചൂണ്ടിക്കാട്ടാറുണ്ട്. അതില്‍നിന്ന് ഒരു നെല്ലിടപോലും മാറ്റാന്‍ അവര്‍ കൂട്ടുനില്‍ക്കാറുമില്ല. പിന്നീട് കാലം മാറിയപ്പോള്‍, പ്ലാന്‍ വരയ്ക്കുന്ന പണി എന്‍ജിനീയര്‍മാരുടേതായി. പക്ഷേ, ഏത് വലിയ എന്‍ജിനീയര്‍ വരച്ചതാണെങ്കിലും അതുകഴിഞ്ഞ് ഒരു വാസ്തുവിദഗ്ദ്ധന്റെ അഭിപ്രായം കൂടി തേടണമെന്ന് വിശ്വസിക്കുന്നവരാണ് പലരും. ഇങ്ങനെ പ്രാചീന വാസ്തുശാസ്ത്രത്തിലെ കണക്കുകള്‍ വച്ച് അവര്‍ എന്തെങ്കിലും മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചാല്‍ വീട്ടുടമസ്ഥന്‍ കുഴങ്ങിയതുതന്നെ. പിന്നീട് എന്തെങ്കിലും നല്ല വാക്കുകള്‍ പറഞ്ഞ് എന്‍ജിനീയറെക്കൊണ്ട് പ്ലാന്‍ മാറ്റിക്കുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ പില്‍ക്കാലത്ത് ആ വീട്ടില്‍ ഉണ്ടായേക്കാവുന്ന ഏത് കൊച്ചു കൊച്ചു അനര്‍ത്ഥങ്ങള്‍ക്കും കാരണം ഒന്നു മാത്രമായി ചുരുങ്ങും.

അരക്ഷിതാബോധം വല്ലാതെ അലട്ടുമ്പോഴാണ് പലരും അന്ധവിശ്വാസങ്ങളിലേക്ക് വഴുതിപ്പോകുന്നതെന്നത് സത്യമാണ്. ഇതില്‍ ജ്യോതിഷവും പൂജാദികര്‍മ്മങ്ങളും മന്ത്രവാദവുമെല്ലാം കടന്നുവരും. ഇക്കാലത്ത്  വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ പെരുകിവരുന്നതും ഇക്കാരണം കൊണ്ടുതന്നെ. അങ്ങനെ അങ്ങേയറ്റം പുരോഗമനവാദികളെന്ന് അഭിമാനിക്കുന്ന ചില മലയാളികള്‍ തന്നെയും വീട് പണിയുമ്പോള്‍ ആശാരിയേയോ വാസ്തുവിദഗ്ദ്ധനേയോ തേടിപ്പോകാറുണ്ട്. വീട്ടുകാരിയുടെ നിര്‍ബന്ധമാണെന്ന ഒഴികഴിവ് പറയുകയും ചെയ്യും. പ്രസിദ്ധമായ ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ അടക്കം ചില എന്‍ജിനീയറിംഗ് കോളേജുകളിലും ഇപ്പോള്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാസ്തുശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ടത്രെ. വാസ്തുശാസ്ത്രം ഒരു ശാസ്ത്രമാണെന്ന് സമ്മതിക്കാന്‍ പലര്‍ക്കും മടിയാണെങ്കിലും പഴയ തച്ചുശാസ്ത്രമനുസരിച്ച് പണിത പുരാതന തറവാട്ടുവീടുകളിലെ താമസം കൂടുതല്‍ സുഖകരമായിരുന്നെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും കാറ്റിന്റെ പ്രവാഹമനുസരിച്ചുള്ള വാതിലുകളുടേയും ജനാലകളുടേയും സ്ഥാനവും മറ്റും പ്രധാനമാണ്. വൈദ്യുതിയില്ലാതിരുന്ന കാലത്ത് ഇങ്ങനെയാണല്ലോ നമ്മളൊക്കെ അത്തരം വീടുകളില്‍ കഴിഞ്ഞുകൂടിയിരുന്നത്. 
എന്തായാലും, ഒരുകാലത്ത് നാം വിശ്വസിക്കാന്‍ മടിച്ചിരുന്ന പലതും ഇന്ന് പുതിയ കെട്ടിലും മട്ടിലും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. വാസ്തുവിദ്യയ്ക്ക് മുന്‍പൊന്നുമില്ലാത്ത തരത്തില്‍ മാദ്ധ്യമശ്രദ്ധ കിട്ടാന്‍ തുടങ്ങിയതോടെ എന്തും ഏതും കണ്ണടച്ചു വിശ്വസിക്കാന്‍ തയ്യാറായിരിക്കുന്ന ആധുനിക സമൂഹം ഈ പുത്തന്‍ തരംഗത്തേയും എതിരേല്‍ക്കാന്‍ തിരക്കുകൂട്ടുകയാണ്. ഇവയ്ക്ക് പുറകിലുള്ള താല്പര്യങ്ങള്‍ എന്തൊക്കെയായാലും പരമ്പരാഗതമായ മറ്റു ശാസ്ത്രങ്ങളേയും പോലെ അവിദഗ്ദ്ധമായ കരങ്ങളില്‍ ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

വേദേതിഹാസകാലം തൊട്ടേ അംഗീകരിക്കപ്പെട്ടിരുന്ന ഒന്നാണ് വാസ്തുശാസ്ത്രം.  ആദ്യത്തെ അംഗീകൃത ആര്‍ക്കിടെക്റ്റായി അറിയപ്പെടുന്ന സാക്ഷാല്‍ മയന്‍ തന്നെ വാസ്തുശാസ്ത്രത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നാണ് സങ്കല്പം. അടിസ്ഥാനപരമായി നോക്കിയാല്‍ ചരിത്രാതീത കാലം തൊട്ടേ മനുഷ്യന്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നുവെന്നു കാണാം. ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടേയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ ഓരോ തരത്തില്‍ പ്രകൃതിയുടെ ഭാവപ്പകര്‍ച്ചകളുമായി  ബന്ധപ്പെട്ടിരിക്കെ പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന  ആവാസവ്യവസ്ഥയില്‍നിന്നു സാദ്ധ്യമാകുന്ന സന്തുലനവും അതിലൂടെ കിട്ടുന്ന ഊര്‍ജ്ജവും ചൈതന്യവുമെല്ലാം  എക്കാലത്തും പ്രകൃതിയുടെ വരദാനങ്ങളായിരുന്നു. പഞ്ചഭൂതങ്ങള്‍ മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ഏറെ ബോധവാനായിരുന്ന മനുഷ്യന്‍ അവയെ ഇണക്കാനും പ്രീതിപ്പെടുത്താനും ശ്രമിച്ചിരുന്നത് സ്വാഭാവികമായിരുന്നു.
അത്തരമൊരു ചുറ്റുപാടിലാവണം തങ്ങളുടെ പാര്‍പ്പിടവും പണിയിടങ്ങളുമെല്ലാം പ്രകൃതിശക്തികളോട് ഇണങ്ങുന്നവയായിരിക്കണമെന്ന സാമാന്യചിന്ത രൂപംകൊള്ളുന്നത്.  ഇത് പ്രകൃതിയുടെ ഭാവവിശേഷങ്ങളനുസരിച്ചുള്ള പാര്‍പ്പിടങ്ങള്‍ ഒരുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. മണ്ണിനെ ഉണര്‍ത്താനും കൃഷിയിറക്കാനും വിളവെടുക്കാനുമെല്ലാം പ്രകൃതി കനിയാതെ വയ്യെന്ന കാണുന്ന കൃഷിക്കാരന്‍ താന്‍ പ്രകൃതിയുടെ അടിമ മാത്രമാണെന്ന് തിരിച്ചറിയുന്നു. ഇതില്‍ നിന്നെല്ലാമായിരിക്കണം വാസ്തുശാസ്ത്രം ഇന്നു കാണുന്ന രൂപത്തിലേക്ക്  പരിണമിക്കുന്നത്. എന്തായാലും, ഇന്ന് വാസ്തുശാസ്ത്രം ഒരു സാങ്കേതികവിദ്യയെന്ന നിലയില്‍ വിദേശങ്ങളില്‍ വരെ പഠിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ, ദൈവങ്ങളും ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും  പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്  ഈ രംഗത്തും ഒരുപാട് പുതിയ വേഷങ്ങള്‍ അവതരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

അതിരിക്കട്ടെ. ഇതെല്ലാം വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം.  പക്ഷേ, ഇവിടെ എന്റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍  കുറിച്ചിടണമെന്ന് തോന്നി. ഇതേപ്പറ്റി വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പൊരിക്കല്‍ എഴുതിയിട്ടുണ്ടെങ്കിലും പുതിയ വായനക്കാരെക്കൂടി മുന്‍പില്‍ കണ്ടുകൊണ്ട് ആവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നി. 

പണ്ടുമുതലേ വാസ്തുവിലും അതു സംബന്ധമായ പ്രയോഗങ്ങളിലും ഉറച്ചു വിശ്വസിച്ചിരുന്നവരാണ് മറ്റു തെന്നിന്ത്യന്‍ സംസ്ഥാനക്കാര്‍, പ്രത്യേകിച്ചും അത്രയേറെ സുരക്ഷിതമല്ലാത്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. സാധാരണ കച്ചവടക്കാര്‍, വലിയ ഏറ്റയിറക്കമുള്ള നിക്ഷേപക കമ്പോളങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സിനിമാക്കാര്‍... ഇങ്ങനെ 'റിസ്‌ക്' കൂടുതലുള്ള മേഖലകളില്‍ ഇടപെടുന്നവര്‍ എപ്പോഴും മുന്‍വരിയില്‍ തന്നെ കാണും. ഇന്നും ദേവാലയങ്ങളിലെ കാണിക്കവഞ്ചിയില്‍ വീഴുന്നതിന്റെ വലിയൊരു ശതമാനവും ഇക്കൂട്ടരുടേത് തന്നെ.
 ഞാന്‍ ചെന്നൈയിലെ ഒരു പൊതുമേഖലാ ബാങ്കിലെ വിദേശനാണയവകുപ്പിന്റെ തലവനായി ജോലിചെയ്യുന്ന കാലം. സാമാന്യം വലിയ ആ  ഓഫീസിലെ  ജീവനക്കാര്‍ തമിഴന്മാരും തെലുങ്കന്മാരും മാത്രമായിരുന്നു. ഒറ്റ മലയാളിപോലുമില്ലായിരുന്നുവെന്ന് ചുരുക്കം. ഞാന്‍ ജോലിയില്‍ ചേര്‍ന്നു അധിക ദിവസം കഴിയുന്നതിനും മുന്‍പു തന്നെ എനിക്ക് മുന്‍പ് ആ കസേരയില്‍ ഇരുന്നവരുടെ ചില  അനുഭവകഥകള്‍ കേള്‍ക്കാന്‍ തുടങ്ങി. അങ്ങനെ പലപ്പോഴായി കിട്ടിയ വിവരങ്ങള്‍ ചേര്‍ത്തുവയ്ക്കുമ്പോള്‍ ഏതാണ്ടിങ്ങനെ:

വിദേശബാങ്കുകളോട് കിടപിടിക്കാവുന്ന  രീതിയില്‍ ആ വകുപ്പിനെ ആധുനികവല്‍ക്കരിച്ചത് മഹാരാഷ്ട്രക്കാരനായ 'എ' എന്ന ഉദ്യോഗസ്ഥനായിരുന്നു. കാലത്തെ കടന്നുചിന്തിക്കാന്‍ കെല്‍പ്പുള്ള അതിപ്രഗല്‍ഭനായ അദ്ദേഹത്തിന്  ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആ വകുപ്പിനെ രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ   ഒരു ശ്രദ്ധാകേന്ദ്രമാക്കി മാറ്റാന്‍ കഴിഞ്ഞു. അതുകൊണ്ടു തന്നെ വിദേശവിനിമയരംഗവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന എല്ലാ ചര്‍ച്ചാവേദികളിലും അദ്ദേഹത്തിന് എന്നുമൊരു പ്രത്യേക കസേരയുണ്ടായിരുന്നു. ഇത്തരം സവിശേഷമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് അദ്ദേഹം മാനേജ്‌മെന്റിനും പ്രിയപ്പെട്ടവനായിരുന്നു.  പക്ഷേ, എന്തു കൊണ്ടാണെന്നറിയില്ല, പിന്നീട് ഏതോ ഘട്ടത്തില്‍ അദ്ദേഹത്തിന് മാനേജ്‌മെന്റുമായി തെല്ലൊന്ന് ഇടയേണ്ടിവന്നു. ഒരുപക്ഷേ, താന്‍ അര്‍ഹിക്കുന്ന സ്ഥാനം സ്ഥാപനത്തില്‍ കിട്ടുന്നില്ലെന്ന ബോധ്യമോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള 'ഈഗോ' പ്രശ്‌നമോ ആയിരിക്കാം അതിനു കാരണം. എന്തായാലും പെട്ടെന്നൊരു ദിവസം അദ്ദേഹം രാജിക്കത്ത്  എഴുതിക്കൊടുത്തപ്പോള്‍ ആ വകുപ്പ് അനാഥമായതായി പലരും കരുതി. ആദ്യമൊന്ന് അന്തിച്ചു പോയെങ്കിലും, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ  കസേരയില്‍ ആരും അനിവാര്യമല്ലെന്ന പൊതുതത്ത്വമനുസരിച്ച്  ആ സ്ഥാനം ഏറ്റെടുക്കാന്‍ സാമാന്യം പ്രാപ്തിയുള്ള തെലുങ്കനായ 'ബി' എത്തിയതോടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍  ഓഫീസിന്റെ പ്രവര്‍ത്തനം  വീണ്ടും പഴയ നിലയിലായി. മാത്രമല്ല,  മുന്‍പിന്‍ നോക്കാതെ എടുത്തുചാടിയ 'എ'യാകട്ടെ, മറ്റിടങ്ങളില്‍  അര്‍ഹിക്കുന്ന സ്ഥാനം കിട്ടാതെ താനേ  മറവിയിലേക്ക് വീണുപോകുകയും ചെയ്തു. 

'ബി'യുടെ പ്രവര്‍ത്തനം വലിയ കുഴപ്പമില്ലാതെ പോയിക്കൊണ്ടിരിക്കെയാണ്, പൊടുന്നനെ അദ്ദേഹം വലിയൊരു കാറപകടത്തില്‍ പെടുന്നത്. നന്നെ വെളുപ്പിന് വിമാനത്താവളത്തിലേക്ക് പോയിക്കൊണ്ടിരുന്ന കാര്‍ എതിരെ വന്ന  ട്രക്കുമായി കൂട്ടിയിടിച്ചപ്പോള്‍ ആകെ തകര്‍ന്നു പോയ വണ്ടിയില്‍നിന്ന് എല്ലുകളാകെ നുറുങ്ങി ബോധമറ്റ നിലയില്‍ ആശുപത്രിയിലെത്തിക്കുമ്പോള്‍ അദ്ദേഹം രക്ഷപ്പെടുമെന്നുതന്നെ ആരും കരുതിയതല്ല. പക്ഷേ, മെഡിക്കല്‍ സയന്‍സ് കാട്ടിയ അത്ഭുതംകൊണ്ടോ, അതോ ആയുസ്സിന്റെ ബലംകൊണ്ടോ വലിയ അംഗഭംഗങ്ങളോടെ ബി ഒരുവിധത്തില്‍ രക്ഷപ്പെട്ടു. പിന്നീട് ഏതാണ്ട് ആറേഴ്  മാസത്തോളം അദ്ദേഹം കട്ടിലില്‍ തന്നെയായിരുന്നു. പിന്നീട് ഓഫീസില്‍ വരാന്‍ തുടങ്ങിയത് തന്നെ ഊന്നുവടികളുടെ സഹായത്തോടെയായിരുന്നു.
എയ്ക്കും ബിക്കും തുടര്‍ച്ചയായി നേരിടേണ്ടിവന്ന അത്യാഹിതങ്ങള്‍ സ്വാഭാവികമായും ഓഫീസില്‍ ചര്‍ച്ചാവിഷയമായി. ഈ സംഭവങ്ങളെ വെറും യാദൃച്ഛികമെന്ന നിലയില്‍ തള്ളിക്കളയാന്‍ ഓഫീസിലെ ചില പാരമ്പര്യവാദികള്‍ തയ്യാറായിരുന്നില്ല. അവരുടെ നോട്ടത്തില്‍ ആ കെട്ടിടത്തിനകത്ത് എന്തൊക്കെയോ ലക്ഷണപ്പിശകുകളുണ്ടെന്ന കാര്യം സംശയമില്ലായിരുന്നു. അതിനിടയില്‍ ആരൊക്കെയോ നടത്തിയ ചില അന്വേഷണങ്ങളുടെ ഒടുവില്‍ ആ കെട്ടിടം നില്‍ക്കുന്ന സ്ഥലം മുന്‍പൊരു മുനിസിപ്പല്‍ ശ്മശാനമായിരുന്നെന്ന് കണ്ടെത്തി. അതോടെ അവരുടെ ചിന്തകള്‍ കാട് കയറുകയായി. 

ആ ചുറ്റുപാടുകളിലാണ് തീരെ കിടപ്പിലായ ബിക്ക് പകരം 'സി' വന്ന് ചുമതലയേല്‍ക്കുന്നത്. ഏറെക്കാലമായി പഞ്ചാബിലെ ഒരു സഹോദരസ്ഥാപനത്തില്‍ ജോലി ചെയ്ത്  മടുത്ത്, ഏറെ കഷ്ടപ്പെട്ട് ഒരുവിധത്തില്‍ ഇങ്ങോട്ട് ഒരു ഡെപ്യൂട്ടേഷന്‍ തരപ്പെടുത്തിയ ചെന്നൈക്കാരന്‍. എന്റെ ബാച്ച്‌മേറ്റും സുഹൃത്തും തനി സാത്വികനുമായ ഒരു തമിഴ് ബ്രാഹ്മണന്‍. അയാളുടെ ഭരണകാലം ഏതാണ്ട് രണ്ടു വര്‍ഷത്തിലേറെ വലിയ കുഴപ്പമില്ലാതെ പോയെങ്കിലും ഒടുവില്‍ വിധി അയാളോടും വലിയ ക്രൂരത കാട്ടി. അയാളോട് വളരെയേറെ അടുപ്പമുണ്ടായിരുന്ന, മിടുക്കിയായ ഏക മകള്‍ യാതൊരു തൊഴിലുമില്ലാത്ത ഒരു താഴ്ന്ന ജാതിക്കാരനുമായി പ്രണയത്തിലായത് സ്വാഭാവികമായും ആ യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിനു താങ്ങാനായില്ല. റേഡിയോയിലും, പൊതുവേദികളിലും സംഗീതപരിപാടികളുമായി നിറഞ്ഞുനിന്നിരുന്ന ആ സുന്ദരിയായ പെണ്‍കുട്ടി ഏതോ കുരുക്കില്‍ വീണതാണെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അവളുടെ  മനസ്സ് മാറ്റാനുള്ള ബന്ധുക്കളുടെ എല്ലാ ശ്രമങ്ങളും പാഴായപ്പോള്‍, വീട്ടില്‍നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്യ്രം കൂടി അവള്‍ക്ക് നിഷേധിക്കപ്പെട്ടു. തുടര്‍ന്നുള്ള ഒച്ചപ്പാടുകളുടെ നടുവില്‍ ഒരു ദിവസം പെണ്‍കുട്ടി സ്വന്തം മുറിയില്‍  തൂങ്ങിമരിച്ചതോടെ അവരുടെ ദുരന്തം തുടരുകയായി. ഒരുപക്ഷേ, തനിക്ക് തടയാമായിരുന്ന അത്യാഹിതമായിരുന്നു അതെന്ന കുറ്റബോധം അലട്ടാന്‍ തുടങ്ങിയപ്പോള്‍ കുറേ നാളത്തേക്ക് ഏതാണ്ട് സമനില തെറ്റിയ നിലയിലായി സി. 
അതിനിടയിലാണ് ഓര്‍ക്കാപ്പുറത്ത് രണ്ടാമത്തെ അടി വീഴുന്നത്. കാലാവധി തീരാറായ ഡെപ്യൂട്ടേഷന്‍ കുറച്ചുകൂടി നീട്ടിക്കിട്ടാനുള്ള  എല്ലാ ശ്രമങ്ങളും പാഴായപ്പോള്‍ പഞ്ചാബിലേക്ക് ഉടനെ തിരിച്ചുചെല്ലണമെന്ന ഉത്തരവ് വന്നു. അതും പഞ്ചാബില്‍ തീവ്രവാദികളുടെ ഭീഷണി കത്തിനിന്നിരുന്ന കാലത്ത്. ആകെ തകര്‍ന്നുപോയ സി ക്കും കുടുംബത്തിനും ചെന്നൈ വിട്ടു പഞ്ചാബിലേക്ക് പോകാന്‍ പറ്റിയ ചുറ്റുപാടായിരുന്നില്ല അന്ന്. മറ്റു വഴികളൊന്നും കാണാത്തതുകൊണ്ട് ഒടുവില്‍ ജോലി രാജിവെച്ച് ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ ശമ്പളത്തില്‍ ചേരേണ്ടിവന്നു അയാള്‍ക്ക്. 
അങ്ങനെ നാലാമനായ 'ഡി'യുടെ രൂപത്തിലാണ് ഞാന്‍ ചെന്നൈയിലെ ആ ഓഫീസില്‍ എത്തിപ്പെടുന്നത്. കാര്യങ്ങള്‍ നന്നായി പോയിക്കൊണ്ടിരിക്കെയാണ്, പെട്ടെന്ന് വലിയൊരു അത്യാഹിതത്തില്‍ ഞാനും പെടുന്നത്. അകാലത്തില്‍ പിടികൂടിയ ചിക്കന്‍പോക്സ് എന്നെ വല്ലാതെ തളര്‍ത്തി. സാധാരണനിലയില്‍ നിശ്ചിത ദിവസങ്ങള്‍ കഴിഞ്ഞ്  വിട്ടുപോകേണ്ട ആ പകര്‍ച്ചവ്യാധി വിടാതെ കൂടിയെന്നു മാത്രമല്ല, ഒരു ദിവസം വൈകിട്ട് ഞാന്‍ വല്ലാതെ ഛര്‍ദ്ദിക്കാനും തുടങ്ങി. തളര്‍ച്ച വല്ലാതെയായപ്പോള്‍ അടുത്തുതന്നെയുള്ള, പരിചയമുള്ള ഒരു ആശുപത്രിയില്‍നിന്ന് ഗ്ലൂക്കോസ് കുപ്പികളും അത് തൂക്കിയിടാനുള്ള  സ്റ്റാന്‍ഡുമായി ഒരു നഴ്‌സിനെ പറഞ്ഞയച്ചെങ്കിലും അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. പരിചയക്കുറവുകൊണ്ടോ ഡ്യൂട്ടി കഴിഞ്ഞ് പോകാനുള്ള തിരക്കു കൊണ്ടോ അവര്‍ ഞരമ്പിലേക്ക് ഗ്ലൂക്കോസ് കയറ്റുന്നതിന്റെ വേഗം കൂട്ടിയത് ആരും ശ്രദ്ധിച്ചില്ല. തന്റെ ജോലി കഴിഞ്ഞ് അവര്‍ പോകുകയും ചെയ്തു. വല്ലാതെ ചൂടു പിടിച്ച ശരീരത്തിലേക്ക്  തണുത്ത ഗ്ലൂക്കോസ് അതിവേഗം കയറ്റിയതുകൊണ്ടോ എന്തോ, എനിക്ക് കലശലായ 'ഫിറ്റ്‌സ്'  വരികയും ബോധം നഷ്ടപ്പെട്ട നിലയില്‍ ഞാന്‍ കട്ടിലില്‍നിന്ന് താഴെ വീഴുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ എന്റെ ഭാര്യ വല്ലാതെ പകച്ചുപോയ നിമിഷം. എന്റെ പ്രായമായ അമ്മ തന്റെ ഏക സന്താനം ബോധംകെട്ടു കിടക്കുന്നത്  കണ്ടു നില്‍ക്കാനാകാതെ പൂജാമുറിയില്‍ കയറി  കതകടച്ചിരിക്കുകയായിരുന്നുവെന്ന് പിന്നീടറിഞ്ഞു. 

പിന്നീട് അടുത്ത ഫ്‌ലാറ്റിലുള്ളവരുടെ സഹായത്തോടെ എന്നെ അവിടത്തെ പ്രസിദ്ധമായ ഒരു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപ്പോഴും അബോധാവസ്ഥയിലായിരുന്നു ഞാന്‍. അതങ്ങനെ രണ്ടു ദിവസങ്ങളോളം നീണ്ടുപോയി. വിദഗ്ദ്ധന്മാരായ പല ഡോക്ടര്‍മാരും എന്നെ പരിശോധിച്ചു നോക്കിയിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും ആ അജ്ഞാതരോഗത്തിന്റെ ശരിയായ കാരണം കണ്ടെത്താനായില്ല. വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കാന്‍ അവര്‍ പറഞ്ഞതനുസരിച്ച് ദൂരെ പഠിക്കുന്ന രണ്ടു മക്കളും ഓടിയെത്തി. ഞാന്‍ അത്യാസന്നനിലയിലാണെന്ന് ബാങ്കിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സിലേക്കും സന്ദേശം പോയി... ഇതിനിടയില്‍, അവിടെ അക്കാലത്ത് പകര്‍ച്ചവ്യാധികള്‍ക്കായുള്ള പ്രത്യേക 'ക്വാറന്റൈന്‍' വാര്‍ഡുകളില്ലാതിരുന്നതുകൊണ്ട് അടുത്ത വാര്‍ഡുകളിലുള്ളവര്‍ പരാതിയുമായെത്തി. അങ്ങനെ മെഡിക്കല്‍ കോളേജുകാര്‍ പുറത്താക്കിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ സ്ട്രെച്ചറില്‍ ആശുപത്രി വരാന്തയില്‍ ഒരു അഗതിയെപ്പോലെ ഏറെ നേരം ഞാന്‍ കിടന്നുവത്രെ. ബദല്‍ സംവിധാനമൊരുക്കാനായി ഓടി നടക്കുകയായിരുന്നു കൂട്ടുകാര്‍.
ഒടുവില്‍ ഞങ്ങളുടെ ഫ്‌ലാറ്റിന്റെ അങ്കണത്തിലേക്കു തന്നെ മടങ്ങേണ്ടിവന്നു. അപ്പോള്‍ ഒരൊറ്റ വഴിയേ ചങ്ങാതിമാരുടെ മുന്‍പില്‍ ഉണ്ടായിരുന്നുള്ളൂ. പകര്‍ച്ചവ്യാധി രോഗികള്‍ക്കു മാത്രമായുള്ള തോണ്ടിയാര്‍പ്പെറ്റിലെ സര്‍ക്കാര്‍  ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അത് കേട്ടപാടേ അവിടെ കൂടിയിരുന്ന സ്ത്രീകള്‍ കരഞ്ഞുപോയത്രെ. കാരണം, അക്കാലത്ത് തോണ്ടിയാര്‍പ്പെറ്റിലേക്ക് പോകുന്നവര്‍ ഒരിക്കലും തിരിച്ചുവരാറില്ലത്രെ. (25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യമാണ്) പകര്‍ച്ചവ്യാധിയില്‍ മരിക്കുന്നവരെ അവിടെത്തന്നെ അടക്കം ചെയ്യുകയായിരുന്നത്രെ പതിവ്.  

അവര്‍ പറഞ്ഞത് ഏറെക്കുറെ ശരിയായേക്കാമെന്ന തരത്തില്‍ പേടിപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു കാടും പടലും പിടിച്ച ആ ചുറ്റുപാടുകളില്‍ അന്നുണ്ടായിരുന്നതെന്ന് എന്റെ ഭാര്യ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വൃത്തിഹീനമായ വാര്‍ഡില്‍, പേടിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ തന്റെ ജീവിതത്തില്‍ പിന്നീടൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കുറേ ദിവസങ്ങളാണ് അവരവിടെ തള്ളിനീക്കിയത്. ഇതിനിടയില്‍ ഒരു മഹാത്ഭുതം പോലെ എനിക്ക് ബോധം തെളിഞ്ഞിരുന്നു. അന്നത്തെ അപകടത്തിനുശേഷം ഓര്‍മ്മയ്ക്ക് യാതൊരു കുഴപ്പമുണ്ടായില്ലെങ്കിലും തോളെല്ല് ഒടിഞ്ഞ് വലതുകൈ തൂങ്ങിയിരുന്നു. ഒരിക്കലും കൈ ഉയര്‍ത്താ നാവാത്ത അവസ്ഥ. തൊലിക്കകത്ത് ചോര ഒലിച്ചിറങ്ങി ഒരു തരം കരിക്കട്ട നിറമായിരുന്നു വലതുകൈയ്ക്ക്. അങ്ങനെ ഒരുവിധത്തില്‍ ജീവന്‍ രക്ഷപ്പെടുത്തി വീണ്ടും ഫ്‌ലാറ്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇതൊരു രണ്ടാം ജന്മം തന്നെയെന്ന് പറയാന്‍ മടിച്ചില്ല അയല്‍വാസികളും, സഹപ്രവര്‍ത്തകരും. അപ്പോഴാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കൈ മലര്‍ത്തിയപ്പോള്‍ അവരെല്ലാം എഴുതിത്തള്ളിക്കഴിഞ്ഞിരുന്നുവെന്നും മരണത്തിന്റെ വായില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഞാനെന്നും തിരിച്ചറിഞ്ഞത്. എന്നെങ്കിലും ഞാന്‍ തിരിച്ചു വരുമോ, വന്നാല്‍ത്തന്നെയും 'നോര്‍മലായൊരു' ജീവിതം സാദ്ധ്യമാകുമോ എന്നൊക്കെ എന്റെ കുടുംബം വരെ  സംശയിച്ചുപോയ കാലഘട്ടം. ആ നാളുകള്‍ മുഴുവനും രാപ്പകല്‍ വ്യത്യാസമില്ലാതെ ഊഴം വച്ച് ആശുപത്രിയില്‍ കാവല്‍ നിന്നിരുന്നത് എന്റെ സഹപ്രവര്‍ത്തകരായ തമിഴരും തെലുങ്കരുമായിരുന്നുവെന്നത് പറയാതെ വയ്യ. അവരില്‍ വളരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാക്കള്‍ വരെയുണ്ടായിരുന്നു.

പിന്നീട് വിജയാ ആശുപത്രിയിലെ ഓര്‍ത്തോ സെക്ഷനില്‍ കുറേ  നാളുകള്‍. പ്രസിദ്ധനായ ഡോക്ടര്‍ മോഹന്‍ദാസാണ് എന്നെ ചികിത്സിച്ചിരുന്നത്. എം.ജി.ആറിന്റേയും വീരപ്പന്റേയും തകര്‍ന്ന എല്ലുകള്‍ വരെ ശരിയാക്കിയ വിദഗ്ദ്ധന്‍. ചിക്കന്‍പോക്സ് കഴിഞ്ഞു അവശനായ അവസ്ഥയില്‍ ഒരു ഓപ്പറേഷന്‍ അസാദ്ധ്യമെന്ന് വിധിയെഴുതിയ അദ്ദേഹം ചിരിച്ചുകൊണ്ട് തമാശയായി ചോദിച്ചത് ആരെയെങ്കിലും കൈ ഉയര്‍ത്തി തല്ലാന്‍ ഉദ്ദേശ്യമുണ്ടോ എന്നായിരുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ അല്പം വൈകല്യത്തോടെ ഇങ്ങനെ തന്നെ ഇരിക്കുന്നതാവും ഭേദമെന്ന്  ഉപദേശിച്ചു. കണിശമായ ഫിസിയോതെറാപ്പിയിലൂടെ കൈ കുറച്ചൊക്കെ ഉയര്‍ത്താനാകുമെന്ന് മാത്രം. അങ്ങനെ അന്ന് ഉറച്ചുപോയ തോളെല്ല് പിന്നീട് വെട്ടിപ്പൊളിച്ച് ശരിയാക്കാന്‍ ഞാനൊട്ട് മെനക്കെട്ടതുമില്ല.

പിന്നീട്, ചെറിയൊരു വികലാംഗനായി തിരിച്ചെത്തിയപ്പോള്‍ ഓഫീസിലെ പലര്‍ക്കും അറിയേണ്ടിയിരുന്നത് ഇനി എഴുതാന്‍ പറ്റുമോ എന്നായിരുന്നു. അതുകഴിഞ്ഞ് വീണ്ടും ഒട്ടേറെ നോവലുകളും കഥകളും എനിക്ക് എഴുതാനായെന്ന് അറിയുമ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനായേക്കില്ല. എന്തായാലും, പിന്നീട് ഓഫീസിലെ സഹപ്രവര്‍ത്തകരുടെ മനോഭാവം ആകെ മാറിയത് ഞാന്‍ ശ്രദ്ധിച്ചു. ആ ഓഫീസിന്റെ മുന്‍കാല ചരിത്രങ്ങള്‍ അന്ധവിശ്വാസിയല്ലാത്ത എന്നെ കാര്യമായി അലട്ടുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാവാം, ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്നവര്‍ ഒറ്റയ്ക്കും കൂട്ടായും എന്നെ ഉപദേശിക്കാനെത്തിയത്. ഇത്തരം കാര്യങ്ങളില്‍ മലയാളികള്‍ക്ക് പൊതുവെയുള്ള വിശ്വാസക്കുറവും  ഔദ്ധത്യവും ഞങ്ങള്‍ക്കു മനസ്സിലാകുമെങ്കിലും ഇത് കളിക്കേണ്ട കാര്യമല്ല, അവര്‍ ഉപദേശിച്ചു. സാറിന്റേയും മുന്‍പേ പോയവരുടേയും അവസ്ഥകള്‍ തൊട്ടടുത്ത് നിന്നു കണ്ടവരാണ് ഞങ്ങള്‍, അവര്‍ പറഞ്ഞു. എന്തായാലും ഒരു വാസ്തുവിദഗ്ദ്ധനെ കൊണ്ടുവന്ന് നോക്കിക്കാതെ വയ്യ. മാത്രമല്ല, അയാള്‍ പറയുന്ന കര്‍മ്മങ്ങളും ചെയ്യേണ്ടിവരും. 

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ കര്‍മ്മങ്ങള്‍ ചെയ്യുക! എന്നിലെ മലയാളിവീര്യം ഉണര്‍ന്നു. എനിക്ക്  ഇത്തരം കാര്യങ്ങളില്‍ വിശ്വാസമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഏല്‍ക്കുന്ന മട്ട് കണ്ടില്ല. മാത്രമല്ല, അയാള്‍ ആ വാടകക്കെട്ടിടത്തില്‍ കാര്യമായ വല്ല മാറ്റങ്ങളും വരുത്തണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമാണോ? ഒടുവില്‍ അവര്‍ അവരുടെ കൈയിലുള്ള വജ്രായുധം തന്നെ ഉപയോഗിച്ചു. സാറ് ഇതിന് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ തന്നെ പിരിവെടുത്ത് ആരെയെങ്കിലും കൊണ്ടു വന്ന് നോക്കിക്കും, പിന്നീടുള്ള കാര്യങ്ങള്‍ അപ്പോള്‍ നോക്കാം. കാരണം, ഒരു നാള്‍ ഇത് ഞങ്ങളേയും പിടികൂടില്ലെന്ന് എന്താണുറപ്പ്? ഞങ്ങള്‍ക്കുമുണ്ട് കുടുംബങ്ങള്‍.   
അവിടെ ഞാന്‍ തോറ്റു. ഇത്തരം  കാര്യങ്ങളില്‍ വലിയ വിശ്വാസമുള്ള തമിഴന്മാരും തെലുങ്കന്മാരും തങ്ങളുടെ നിലപാടില്‍നിന്ന് തീരെ മാറില്ലെന്ന് ഉറപ്പായപ്പോള്‍ ഞാന്‍ ചെറിയൊരു വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി. അങ്ങനെ ഞാന്‍ ഉപദേശത്തിനായി സുഹൃത്തായ പ്രശസ്ത സിനിമാ സംവിധായകന്‍ കെ.എസ്. സേതുമാധവനെ സമീപിച്ചു. അക്കാലത്ത് 'കൈവഴികള്‍' എന്ന എന്റെ നോവല്ലയെ അടിസ്ഥാനമാക്കി എന്‍.എഫ്.ഡി.സിയുടെ ബാനറില്‍ ഒരു സിനിമ ചെയ്യാന്‍ സേതുമാധവന്‍ തീരുമാനിച്ചിരുന്നു. അതിന്റെ തിരക്കഥ ഞാന്‍ തന്നെയാണ് തയ്യാറാക്കിയത്. അത് സംബന്ധിച്ച് ഞാനും അദ്ദേഹവും കൂടി ഒരുപാട് സമയം ചെലവഴിച്ചിരുന്നു. ക്യാമറാമാന്‍ എ. വിന്‍സെന്റ് ചെയര്‍മാനായ കമ്മിറ്റിക്ക് തിരക്കഥ വളരെ ഇഷ്ടപ്പെട്ടുവെങ്കിലും ആ സ്ഥാപനത്തിലെ ചില പ്രശ്‌നങ്ങളാല്‍ പദ്ധതി മുന്നോട്ടുപോയില്ല. എന്റെ പാഴായിപ്പോയ ചില നല്ല സിനിമാസംരംഭങ്ങളില്‍ ഒന്നുകൂടി. 
എന്തായാലും, അദ്ദേഹം കോടമ്പാക്കത്തെ സിനിമാക്കാരുടെ വിശ്വസ്തനായ ഒരാളെ ഏര്‍പ്പാട് ചെയ്തുതരാമെന്ന് പറഞ്ഞു. വലിയ തിരക്കുള്ള ഒരാളാണെങ്കിലും അദ്ദേഹം വിളിച്ചാല്‍ വരാതിരിക്കില്ലെന്ന് ഉറപ്പായിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി ആ വാസ്തുകാരന്‍ യാതൊന്നും അറിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ ഒരു ദിവസം അയാള്‍ വന്നു. ആദ്യം കയറിയ എന്റെ ഫ്‌ലാറ്റില്‍ യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞെങ്കിലും, ഓഫീസ് കെട്ടിടത്തിനകത്ത് അയാള്‍ ഏറെ നേരം ചുറ്റിനടക്കുന്നത് കണ്ടു. പിന്നീട് അവിടെ വലിയൊരു അപകടം പതിയിരിക്കുന്നുവെന്ന് അയാള്‍ തറപ്പിച്ചു പറഞ്ഞു. ഇവിടെ ഇതിനകം വലിയൊരു അഗ്‌നിബാധയുണ്ടാകാത്തത് തന്നെ അത്ഭുതമാണ്, അയാള്‍ പറഞ്ഞു. കാരണം, യു.പി.എസിന്റെ ബാറ്ററികള്‍ വച്ചിരിക്കുന്നത് അഗ്‌നികോണിലാണ്. അതുപോലെ തന്നെ എന്റെ ക്യാബിന്റെ വാതില്‍ തുറക്കുന്നതും നാശത്തിന്റെ ദിശയിലേക്കു തന്നെ. ചുരുക്കത്തില്‍ ഞങ്ങള്‍ പേടിച്ചതു പോലെ വലിയ മാറ്റങ്ങളൊന്നും വേണ്ട. ആ ബാറ്ററികള്‍ അവിടന്ന് മാറ്റണം; ക്യാബിന്റെ വാതില്‍ വേറൊരു വശത്തേക്കുമാക്കണം. കാര്യമായ പണച്ചെലവില്ലാതെ എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍. അയാളും തുച്ഛമായൊരു പ്രതിഫലമേ വാങ്ങിയുള്ളൂ. 
ഇക്കാര്യത്തില്‍ യാതൊരു സാക്ഷ്യപ്പെടുത്തലിലും എനിക്ക് താല്പര്യമില്ല. വേണ്ടവര്‍ക്ക് വിശ്വസിക്കാം, അല്ലാത്തവര്‍ക്ക് പുച്ഛത്തോടെ തള്ളിക്കളയാം. പക്ഷേ, ഈ ചെറിയ മാറ്റങ്ങളൊക്കെ വരുത്തിയതിനു ശേഷം പിന്നീടവിടെ യാതൊരു കുഴപ്പവും എനിക്കോ എന്റെ പിന്‍ഗാമികള്‍ക്കോ ഉണ്ടായില്ലെന്നത് നേരാണ്.

(അനുബന്ധം: വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് നന്നെ നേര്‍ത്തതാകാറുണ്ട് ചില സന്ദര്‍ഭങ്ങളില്‍. സ്വന്തം വീട്ടില്‍ ഒരു കുട്ടി പാമ്പുകടിയേറ്റ് അത്യാസന്ന നിലയിലായിരിക്കുമ്പോള്‍ മറ്റൊരു ഗത്യന്തരവുമില്ലാതെ, വളരെ ദൂരെയിരുന്ന് ഫോണ്‍  വഴി വിഷമിറക്കുമെന്ന് അവകാശപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ട, അങ്ങേയറ്റം പുരോഗമനവാദിയായ  ഒരു രാഷ്ട്രീയ നേതാവിനെപ്പറ്റി കേട്ടിട്ടുണ്ട്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com