അറിയുമോ, ഖലീഫയുടെ മകള്‍ പര്‍ദ്ദ ധരിച്ചിരുന്നില്ല

ആധുനിക സാമൂഹിക ചിന്തകളോട് ഇണങ്ങുന്നതായാലും അല്ലെങ്കിലും തങ്ങളുടെ നിലപാട് സുന്നി സംഘടനകള്‍ വെട്ടിത്തുറന്നു പറയും.
അറിയുമോ, ഖലീഫയുടെ മകള്‍ പര്‍ദ്ദ ധരിച്ചിരുന്നില്ല

കേരളത്തിലെ മുസ്ലിം സംഘടനകളില്‍ രണ്ടു തരമുണ്ട്-പുരോഗമന നാട്യമില്ലാത്തവയും അതുള്ളവയും. സുന്നി സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കാന്തപുരം മുസ്ല്യാരുടെ കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയും പുരോഗമന നാട്യമില്ലാത്തവയാണ്. നാട്യം കലശലായുള്ള സംഘടന ജമാഅത്തെ ഇസ്ലാമിയത്രേ.

ആധുനിക സാമൂഹിക ചിന്തകളോട് ഇണങ്ങുന്നതായാലും അല്ലെങ്കിലും തങ്ങളുടെ നിലപാട് സുന്നി സംഘടനകള്‍ വെട്ടിത്തുറന്നു പറയും. ബഹുഭാര്യത്വമായാലും മുത്തലാഖായാലും പര്‍ദ്ദയായാലും മറ്റേതു വിഷയമായാലും തങ്ങള്‍ പണ്ടുപണ്ടേ പറഞ്ഞുപോരുന്ന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണ് പൊതുവെ അവരുടെ രീതി. പുരോഗമനം നടിക്കുന്ന സംഘടനകളുടെ ശൈലി വേറെയാണ്. അവ വളഞ്ഞ വഴിയിലൂടെ യാഥാസ്ഥിതികത്വം ഉറപ്പിക്കാനാണ് ശ്രമിക്കുക.

മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് മാനേജ്‌മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിനോടുള്ള പ്രതികരണത്തിലാണ് ഈ നാട്യമില്ലായ്മയും നാട്യവും ഏറ്റവും ഒടുവില്‍ വെളിച്ചത്തു വന്നത്. ഇരു സുന്നി സംഘടനകളും സര്‍ക്കുലറിനെതിരെ വളച്ചുകെട്ടൊട്ടുമില്ലാതെ ആഞ്ഞടിച്ചു. മതവിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ മതസംഘടനയല്ലാത്ത എം.ഇ.എസ്സിന് അവകാശമില്ലെന്നും മുഖവസ്ത്രം (നിഖാബ്) പ്രവാചകകാലം മുതലുള്ള പെണ്‍വസ്ത്രരീതിയാണെന്നുമാണ്  സമസ്തയുടെ അമരക്കാരന്‍ തറപ്പിച്ചു പറഞ്ഞത്. കാന്തപുരം സുന്നിഗ്രൂപ്പും അതേ തീക്ഷ്ണതയില്‍ അതേ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. തങ്ങളുടെ വീക്ഷണങ്ങളുടെ മുഖത്ത് ആവരണങ്ങളൊന്നുമില്ലാതെയാണ്  ഇരുവിഭാഗവും മുഖവസ്ത്രനിഷ്ഠയ്ക്കു വേണ്ടി കളത്തിലിറങ്ങിയത്.

പുരോഗമന നാട്യത്തില്‍ നിര്‍വൃതി കണ്ടെത്തുന്ന ജമാഅത്തെ ഇസ്ലാമിയാകട്ടെ, എം.ഇ.എസ്സിന്റെ സര്‍ക്കുലര്‍ വന്നപ്പോള്‍ ശരിക്കും അങ്കലാപ്പിലായി. കാരണം, അവരുടെ പരമാചാര്യനായ മൗദൂദി എഴുതിയ 'പര്‍ദ്ദ' എന്ന പുസ്തകത്തില്‍ മുഹമ്മദ് നബിയുടെ കാലംതൊട്ടെ മുസ്ലിം സ്ത്രീകള്‍ നിഖാബ് (മുഖവസ്ത്രം) അണിഞ്ഞിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. (See Maududi, Parsah and the status of Woman in Islam, Markazi Maktaba Islami Publishes, New Delhi, 2013, p-252). സ്ത്രീകള്‍ വീടിനു പുറത്തു പോകുമ്പോള്‍ മുഖമടക്കമുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന വസ്ത്രം സദാചാര സംരക്ഷണത്തിനു അനുപേക്ഷ്യമാണെന്നു സ്ഥാപക ഗുരുവര്യന്‍ വ്യക്തമാക്കിയിരിക്കേ, എം.ഇ.എസ്സിന്റെ സര്‍ക്കുലറിനെ എതിര്‍ക്കാതിരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കു കഴിയില്ല. അതേസമയം അവര്‍ക്ക് പുരോഗമന നാട്യത്തിന്റെ മേലങ്കി അഴിഞ്ഞുവീഴാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. അതിനാല്‍ സുന്നി സംഘടനകളുടേതില്‍നിന്നു വ്യത്യസ്തമായ പദവിന്യാസത്തെ ആശ്രയിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. മുഖാവരണമിടുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും എം.ഇ.എസ് അതിന്റെ നിലപാട് തിരുത്തണമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായമെന്നുമായിരുന്നു സംഘടനയുടെ പ്രതികരണം. മൗദൂദി എന്ന മുള്ളിനും തങ്ങളുടെ പുരോഗമന നാട്യമെന്ന ഇലയ്ക്കും പോറലേല്‍ക്കാതിരിക്കാനുള്ള വാഗ്മെയ് വഴക്കത്തില്‍ അഭയം തേടുകയായിരുന്നു മൗദൂദിസ്റ്റുകള്‍. പക്ഷേ, സംഗതി പാളി. സുന്നി സംഘടനക്കാരെപ്പോലെത്തന്നെ  ജമാഅത്തെ ഇസ്ലാമിക്കാരും മുഖാവരണ വിഷയത്തില്‍ കടുത്ത യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരുമാണെന്ന സന്ദേശമാണ് പൊതുസമൂഹത്തിനു ലഭിച്ചത്.

ഇസ്ലാം സ്ത്രീകള്‍ക്കു നിര്‍ദ്ദേശിക്കുന്ന ഉത്തമ വേഷം മുഖാവരണത്തോടു കൂടിയ പര്‍ദ്ദയാണെന്ന കാര്യത്തില്‍ സംസ്ഥാനത്തെ സുന്നി സംഘടനകളും ജമാഅത്തും യോജിക്കുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും ഭിന്നാഭിപ്രായം ജമാഅത്തെ ഇസ്ലാമിക്കാര്‍ക്കുണ്ടായിരുന്നെങ്കില്‍  മുഖമറയോടു കൂടിയ പര്‍ദ്ദ പാടില്ല എന്ന എം.ഇ.എസ് നിബന്ധനയ്‌ക്കെതിരെ അവര്‍ രംഗത്തു വരുമായിരുന്നില്ല. സുന്നികളും മൗദൂദിസ്റ്റുകളും ഒരുപോലെ ആവശ്യപ്പെടുന്ന നിഖാബിന് (മുഖവസ്ത്രത്തിന്), പക്ഷേ, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പിന്തുണയോ പിന്‍ബലമോ ഉണ്ടോ? ഇസ്ലാം മതത്തിന്റെ ആധാരരേഖകളായ ഖുര്‍ആനും ഹദീസുകളും സൂക്ഷ്മമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്തുകൊണ്ട് ആ മതത്തിന്റെ സ്ത്രീപക്ഷ വായന നിര്‍വ്വഹിച്ച മൊറോക്കോക്കാരിയായ പ്രൊഫ. ഫാത്തിമ മെര്‍നിസി (1940-2015) വ്യക്തമാക്കുന്നത് പര്‍ദ്ദയ്ക്കും നിഖാബിനും ഇസ്ലാമില്‍ സ്ഥാനമില്ലെന്നാണ്.

പില്‍ക്കാലത്ത് പര്‍ദ്ദയും നിഖാബുമെല്ലാമായി അറിയപ്പെട്ട വസ്ത്രധാരണ രീതി ഖുര്‍ആനിലെ 33-ാം അധ്യായത്തില്‍ 53-ാം സൂക്തത്തില്‍ വരുന്ന 'ഹിജാബ്' എന്ന പദപ്രയോഗത്തില്‍നിന്നുണ്ടായതാണ്. ആ പദമാകട്ടെ, മറ (curtain) എന്ന അര്‍ത്ഥത്തിലാണ് ഖുര്‍ആനില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. പുരുഷനും സ്ത്രീക്കുമിടയിലുള്ള മറയായിട്ടല്ല, പുരുഷനും പുരുഷനുമിടയ്ക്കുള്ള മറയായിട്ടാണ് ഹിജാബ് എന്ന വാക്ക് മേല്‍ സൂക്തത്തില്‍ പ്രയോഗിക്കപ്പെട്ടത് എന്നു മെര്‍നിസി വിശദീകരിക്കുന്നു. പ്രവാചകനും സൈനബയുമായുള്ള വിവാഹം കഴിഞ്ഞുള്ള രാത്രിയില്‍ പ്രവാചകന്റെ കിടപ്പുമുറിയുടെ കതകിനടുത്തേയ്ക്കു വന്ന അനസ് ഇബ്നു മാലിക് എന്ന അനുചരനും പ്രവാചകനുമിടയിലുള്ള മറയെ സൂചിപ്പിക്കാനാണ് ആ പദം പ്രയോഗിക്കപ്പെട്ടതെന്ന് ഫാത്തിമ മെര്‍നിസി വ്യക്തമാക്കിയതു കാണാം. (See Fatima Mernissi, Women and Islam, 1991, pp-86-87). പ്രവാചകന്റെ കിടപ്പുമുറിയിലേക്കു മറ്റൊരു പുരുഷന്റെ ദൃഷ്ടി പതിയുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന  സന്ദേശം നല്‍കിയ സൂക്തമത്രേ പെണ്‍ശരീരത്തിന്റെ സമ്പൂര്‍ണ്ണാവരണത്തിനുള്ള ന്യായവും യുക്തിയുമായി പില്‍ക്കാലത്തു പരിണമിച്ചത്.

മെര്‍നിസിയുടെ വീക്ഷണത്തോട് വിയോജിക്കുന്നവരുണ്ടാവാം. പക്ഷേ, പര്‍ദ്ദ ഇസ്ലാം നിര്‍ദ്ദേശിക്കുന്ന വേഷവിധാനമല്ല എന്നു കരുതുന്നവര്‍ വേറെയും ധാരാളമുണ്ട് എന്ന വസ്തുത വിസ്മരിച്ചുകൂടാ. ഇമാം അബു ഹനീഫയെപ്പോലുള്ളവര്‍  അക്കൂട്ടത്തില്‍പ്പെടുന്നു. സ്ത്രീകള്‍ മുഖവും കൈകളും കൈത്തണ്ടകളും പാദങ്ങളും മറയ്‌ക്കേണ്ടതില്ലെന്നും വീടിനു വെളിയില്‍ അവര്‍ക്കെവിടെയും ജോലി ചെയ്യാമെന്നും  ചൂണ്ടിക്കാട്ടിയവരാണവര്‍. നബിയുടെ കാലത്തോ ഇസ്ലാമിന്റെ ആദ്യ നാളുകളിലോ പര്‍ദ്ദയെന്ന വസ്ത്രമേ ഉണ്ടായിരുന്നില്ല. മുസ്ലിം സ്ത്രീകള്‍ മുഖം മറച്ചുള്ള പര്‍ദ്ദ ധരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന മൗലവിമാരും മുസ്ല്യാര്‍മാരും അവര്‍ക്കുവേണ്ടി കണ്ഠക്ഷോഭം നടത്തുന്നവരും അസ്മ എന്ന യുവതിയുടെ ജീവിതത്തിലേക്ക് കണ്ണയക്കുന്നത് നന്നായിരിക്കും. ഇസ്ലാമിലെ ഒന്നാം ഖലീഫ അബൂബക്കറിന്റെ മകളായിരുന്നു അസ്മ. ആ ചെറുപ്പക്കാരി മദീനയില്‍നിന്നു ഒന്‍പതു നാഴിക അകലെയുള്ള കൃഷിഭൂമിയിലാണ് ജോലി ചെയ്തിരുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കാവശ്യമായ തീറ്റ സ്വന്തം തലയില്‍ പേറിക്കൊണ്ടുവരികയായിരുന്നു അസ്മയുടെ രീതി. കണ്ണു മാത്രം പുറത്തു കാണുന്ന നിഖാബോ ശരീരത്തെയാകമാനം പൊതിയുന്ന പര്‍ദ്ദയോ ഒന്നും ഖലീഫയുടെ മകള്‍ അണിഞ്ഞിരുന്നില്ല (See Irfan Ahmad, Religion as  Critique, 2018, p-167). മുഹമ്മദ് നബിക്കു ശേഷം ഭരണകര്‍ത്തൃത്വം  ഏറ്റെടുത്ത അബൂബക്കര്‍ സ്വപുത്രിയെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബ്ബന്ധിച്ചിരുന്നുമില്ല.

പിന്നെ എവിടെനിന്നാണ് ഈ വേഷവിധാനം കടന്നുവന്നത്? സമ്പന്ന കുടുംബങ്ങളില്‍പ്പെട്ടവരും ഉപജീവനത്തിനു കായികാധ്വാനത്തില്‍ ഏര്‍പ്പെടേണ്ടതില്ലാത്തവരുമായ സ്ത്രീകളുടെ വരേണ്യതയുടേയും സാമൂഹിക പദവിയുടേയും ചിഹ്നമായാണ് ചില മുസ്ലിം സമൂഹങ്ങളില്‍ പര്‍ദ്ദ പതുക്കെപ്പതുക്കെ പ്രചരിച്ചു തുടങ്ങിയത്. ഇസ്ലാം മതത്തിന്റെ ചിഹ്നമായിരുന്നില്ല, മറിച്ച് വരേണ്യതയുടെ അടയാളമായിരുന്നു പ്രാരംഭ ദശയില്‍ പര്‍ദ്ദ. മെയ്യനങ്ങി തൊഴിലെടുത്തു ജീവിക്കുന്ന മുസ്ലിം സ്ത്രീകള്‍ ആ വേഷമണിഞ്ഞിരുന്നില്ലെന്നു മാത്രമല്ല, അവരതു ധരിക്കണമെന്ന ധാരണ പഴയകാലത്ത് ഉണ്ടായിരുന്നുപോലുമില്ല. കാലമേറെ ചെന്ന ശേഷമാണ് പുരുഷ മതവ്യാഖ്യാതാക്കള്‍ സ്ത്രീകളെ 'വീടിനകത്തെ രാജ്ഞി'കളാക്കുകയും അവര്‍ക്കുമേല്‍ ആപാദമസ്തക വസ്ത്രം മതവിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്പിക്കാന്‍ തുടങ്ങുകയും ചെയ്തത്.

ആണ്‍കോയ്മാ മൂല്യങ്ങളിലൂന്നുന്ന സദാചാരബോധത്തില്‍നിന്നു കിളിര്‍ത്തു പൊങ്ങിയ പര്‍ദ്ദയെ മതവിശ്വാസത്തിന്റെ പേരിലാണ് മുസ്ലിം സംഘടനകള്‍ ഇപ്പോള്‍ പൊക്കിപ്പിടിക്കുന്നത്. യഥാര്‍ത്ഥ വിശ്വാസിനിയും സ്വര്‍ഗ്ഗാവകാശിയുമാകണമെങ്കില്‍ പെണ്ണ് സ്വശരീരം പര്‍ദ്ദയില്‍ പൊതിഞ്ഞേ മതിയാവൂ എന്ന് ഇസ്ലാമിക സംഘടനകളുടെ കടിഞ്ഞാണ്‍ പിടിക്കുന്ന പുരുഷ നേതൃത്വവും അവര്‍ പറയുന്നതത്രയും തൊണ്ട തൊടാതെ വിഴുങ്ങിശീലിച്ച മുസ്ലിം സ്ത്രീ കൂട്ടായ്മകളും ശഠിക്കുന്നു. ആറും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെപ്പോലും പര്‍ദ്ദയ്ക്കുള്ളില്‍ തളയ്ക്കുന്നിടത്ത് എത്തിയിട്ടുണ്ട് കാര്യങ്ങള്‍.

മതവിശ്വാസത്തിന്റെ പേരില്‍ മുഖാവരണ സഹിതമുള്ള പര്‍ദ്ദയ്ക്കുവേണ്ടി ഘോരവാദങ്ങള്‍ മുഴക്കുന്നവര്‍ പക്ഷേ, ഇസ്ലാം വിലക്കിയ കരിഞ്ചന്ത, കള്ളക്കച്ചവടം, പൂഴ്ത്തിവെയ്പ്, കൊള്ളലാഭം, കള്ളപ്പണമിടപാട്, ഹവാല, പൊതുധനവെട്ടിപ്പ്, അനധികൃത സ്വര്‍ണ്ണക്കടത്ത്, നികുതിവെട്ടിപ്പ്, കോഴ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇസ്ലാം മതവിശ്വാസികള്‍ വ്യാപൃതരാകുമ്പോള്‍ ഒരക്ഷരം ഉരിയാടാറില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖപടം ധരിച്ചുവരാന്‍ മുസ്ലിം പെണ്‍വിദ്യാര്‍ത്ഥികള്‍ക്കു  സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന സുന്നി സംഘടനകളോ ജമാഅത്തെ ഇസ്ലാമിയോ മറ്റേതെങ്കിലും മുസ്ലിം പ്രസ്ഥാനങ്ങളോ അധ്യാപക-അനധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും മുസ്ലിം മാനേജ്‌മെന്റുകള്‍ ലക്ഷക്കണക്കില്‍ രൂപ കോഴ വാങ്ങുന്നതിനെതിരെ ചെറുവിരലനക്കാന്‍ മുന്നോട്ടു വന്ന ചരിത്രമില്ല. പര്‍ദ്ദ നിഷേധം അനിസ്ലാമികമായി കാണുന്നവര്‍ കോഴയടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തീര്‍ത്തും ഇസ്ലാമികമായി കാണുന്നു!

മതവിശ്വാസ സ്വാതന്ത്ര്യത്തിനു പുറമെ മുഖാവരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നു കൂടി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമിയാവട്ടെ, മറ്റൊരു മഹാകാപട്യത്തില്‍ക്കൂടി ഏര്‍പ്പെടുന്നു. ആ സംഘടനയുടെ കീഴിലുള്ള കുറേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവിടങ്ങളിലെല്ലാം മുസ്ലിം പെണ്‍കുട്ടികള്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കണമെന്ന കര്‍ശന നിയമവുമുണ്ട്. ഏതെങ്കിലും മുസ്ലിം പെണ്‍കുട്ടി തലമുടി മറയ്ക്കാതേയോ ഫുള്‍സ്ലീവ് വസ്ത്രമണിയാതേയോ മുന്‍കൈയും പാദവുമൊഴികെയുള്ള ഭാഗങ്ങള്‍ ആവൃതമാക്കാതേയോ ക്ലാസ്സില്‍ വരുന്നത് അവരനുവദിക്കുന്നില്ല. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നു വാദിക്കുന്നവര്‍ സ്വന്തം സ്ഥാപനങ്ങളില്‍ ആ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കെ, മറ്റിടങ്ങളില്‍ അതു വേണമെന്നു നിലപാടെടുക്കുന്നത്, മിതമായി പറഞ്ഞാല്‍ പരിഹാസ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com