ഇന്റര്‍നെറ്റും മാറിപ്പോയ സ്ഥലകാല സങ്കല്പങ്ങളും: സേതു എഴുതുന്നു

4-ജിയുടെ വേഗം പോരാതെ 5-ജിക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നവര്‍. അതില്‍ കാലതാമസമുണ്ടാകുമെന്നുകേട്ട് സങ്കടപ്പെടുന്നവര്‍ 
ഇന്റര്‍നെറ്റും മാറിപ്പോയ സ്ഥലകാല സങ്കല്പങ്ങളും: സേതു എഴുതുന്നു

രേന്ദ്രമോദിജിയുടെ ഡിജിറ്റല്‍ ക്യാമറ, ഇന്റര്‍നെറ്റ് അവകാശവാദങ്ങളെ കാര്‍മേഘങ്ങള്‍ മൂടി ക്കൊണ്ടിരിക്കെ, എന്റെ റഡാര്‍ അറിയാതെ തന്നെ തിരിഞ്ഞുപോയത് കാല്‍നൂറ്റാണ്ട് മുന്‍പുള്ള കാലത്തേക്കാണ്. തൊണ്ണൂറുകളുടെ നടുവില്‍ ഞാന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലം. കൈമുദ്രകള്‍ എന്ന സാമാന്യം വലിപ്പമുള്ള നോവല്‍ എഴുതിക്കൊണ്ടിരുന്ന കാലം. ആ നോവലിന്റെ ചില ഭാഗങ്ങള്‍ക്ക് ഒരു ഭ്രമാത്മക സ്വഭാവമുണ്ടായിരുന്നതുകൊണ്ട് അത് എഴുതുന്ന സമയത്ത് എന്റെ മനസ്സിലേക്കും ചില വിഭ്രാമക ചിന്തകള്‍ കടന്നുവന്നിരുന്നുവെന്നതു നേരാണ്. ആയിടക്കാണ് സ്വിറ്റ്‌സര്‍ലന്റിലെ ഡാവോസില്‍ വര്‍ഷം തോറും നടക്കാറുള്ള ലോക സാമ്പത്തിക ഫോറത്തിലെ ഒരു സെഷനില്‍ അവതരിപ്പിക്കപ്പെട്ട ഒരു പ്രബന്ധത്തെപ്പറ്റി വായിക്കാനിടയായത്. വളരെയധികം പ്രവചനാത്മകമായ ഒരു പഠനമായിരുന്നു അത്. അന്ന് തികച്ചും ശൈശവദശയിലായിരുന്ന  സൈബര്‍സ്പേസിന്റെ ഭാവിയെക്കുറിച്ചുള്ള കുറേ ആലോചനകളായിരുന്നു അതില്‍. സ്വാഭാവികമായും, ഒട്ടേറെ സാദ്ധ്യതകളോടൊപ്പം ചില ബാദ്ധ്യതകളും അതില്‍ കടന്നുവന്നിരുന്നു. സ്വപ്നം കാണുന്നവരുടെ ലോകം കുറേക്കൂടി വിശാലമാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പഠനം.

അതില്‍ എന്റെ ശ്രദ്ധ കൂടുതല്‍ പിടിച്ചെടുത്തത് സ്ഥലകാലങ്ങളെന്ന അതിരുകളേതുമില്ലാത്ത 'വെര്‍ച്ച്വല്‍ വേള്‍ഡ്' എന്ന ആശയമാണ്. അതായത് നമുക്ക് പരിചയമുള്ള സ്ഥലകാല സങ്കല്പങ്ങള്‍ ക്കെല്ലാം അപ്പുറമായി എവിടെയോ പുതിയൊരു സ്ഥലം, കാലം. ആകാശങ്ങളിലൂടെ ചുറ്റിക്കറങ്ങുന്ന കൃത്രിമോപഗ്രഹങ്ങളുടെ കണ്ണുകള്‍  സദാ ജാഗ്രതയോടെ തുറന്നിരിക്കുമ്പോള്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുകയെന്നത് അസാദ്ധ്യമാവും. ഉയരങ്ങളില്‍ എവിടെയോ ഉള്ള ഒരു പേടകത്തില്‍ നമ്മുടെ സകല വിചാരവികാരങ്ങളും സ്വപ്നങ്ങളുമെല്ലാം അടക്കം ചെയ്തിരിക്കെ, നമുക്ക് നമ്മുടെ മേലുള്ള സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടുവെന്നു വരാം. അമേരിക്കന്‍ പ്രസിഡന്റ് തന്റെ വിശ്വസ്തന്മാരുമായി നടത്തുന്ന രഹസ്യങ്ങള്‍ ചൈനീസ് പ്രധാനമന്ത്രിക്കു ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് വന്നാല്‍? ചാര ഉപഗ്രഹങ്ങളെപ്പറ്റി മാത്രം കേട്ടു പരിചയമുള്ള നമ്മുടെ സങ്കല്പങ്ങള്‍ക്കുപോലും ചെന്നെത്താനാവാത്ത ഒരു ഇടത്തെപ്പറ്റിയാണ് അവര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നതത്രെ. രഹസ്യങ്ങളൊന്നുമില്ലാത്ത, തികച്ചും സുതാര്യമായൊരു ഏകലോകം. എന്തും സാദ്ധ്യമാണ്, ഒന്നും അസാദ്ധ്യവുമല്ല എന്നു ചുരുക്കം. ആര്‍ക്കും ആരേയും പറ്റി അറിയാം, തിരക്കാം. മനുഷ്യഭാവനയെ സ്വതന്ത്രമായി മേയാന്‍ വിട്ട ഒരു സംവാദം. പണ്ട് തികച്ചും വ്യത്യസ്തമായൊരു പശ്ചാത്തലത്തില്‍  1984 എന്ന നോവലിലൂടെ ജോര്‍ജ്ജ് ഓര്‍വെല്‍ ഏകാധി പത്യത്തിന്റെ സൂചനയായി 'നിങ്ങള്‍ നിരീക്ഷണത്തിലാണ്' എന്ന സന്ദേശം നല്‍കിയതുപോലെ. പക്ഷേ, 1949-ല്‍ ഓര്‍വെല്‍ ഭിത്തിയിലെ ടെലിവിഷന്‍ കണ്ണുകളെപ്പറ്റിയാണ് സൂചിപ്പിച്ചതെങ്കില്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും അത് ആകാശത്ത് ചുറ്റിത്തിരിയുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെ ഉഗ്രശക്തിയുള്ള കണ്ണുകളായി മാറിയെന്നു മാത്രം. 

പക്ഷേ, ഇതൊരു കിറുക്കന്റെ മദ്ധ്യാഹ്ന സ്വപ്നം പോലെ അസാദ്ധ്യമാണെങ്കിലും അത്തരം മദ്ധ്യാഹ്ന സ്വപ്നങ്ങള്‍ക്കുള്ള ചാരുതയും അതിനുണ്ടായിരുന്നു. പക്ഷേ, പിന്നീടുള്ള ആലോചനകളില്‍ ഒരു എഴുത്തുകാരനെന്ന നിലയില്‍ ഈ ചാരുത ഒരുപാട് ആശങ്കകള്‍ക്കും സന്ദേഹങ്ങള്‍ക്കും വഴിമാറി. കാരണം, സ്ഥലകാലങ്ങളെ മെരുക്കുകയെന്നത്  ഓരോ എഴുത്തുകാരനും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നിരിക്കെ ഇതുപോലെ പുതിയൊരു കല്പിതസ്ഥലത്തെ, കല്പിതകാലത്തെ എങ്ങനെ മെരുക്കാനാകും? കൂടുതല്‍ സങ്കീര്‍ണ്ണമാകില്ലേ ആ പ്രയത്‌നം? അങ്ങനെ ശാസ്ത്രത്തിന്റെ വിസ്മയകരമായ ഈ കണ്ടുപിടിത്തം ഒരു എഴുത്തുകാരനായ എന്നെ സംബന്ധിച്ചിടത്തോളം ഒരു സര്‍ഗ്ഗപരമായ അലട്ടലായി മാറിയത് അതിന്റെ ആവിര്‍ഭാവത്തോടെ ഇതേവരെ സ്ഥലകാലങ്ങളെപ്പറ്റി നമുക്കുണ്ടായിരുന്ന എല്ലാ ധാരണകളും തകിടം മറിയില്ലേ എന്നതായിരുന്നു. അതായത് എവിടെയോ ഒക്കെയായി നമുക്ക് ഊഹിക്കാന്‍  പോലും പറ്റാത്ത തരത്തിലുള്ള നിര്‍മ്മിത കാലങ്ങള്‍. പിന്നീട് കാലസങ്കല്പത്തെപ്പറ്റി ഉപനിഷത്തു കളിലും ഐന്‍സ്റ്റീന്റെ ആപേക്ഷികാ സിദ്ധാന്തത്തിലും പറഞ്ഞിട്ടുള്ളതിനെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കാനായി ചെന്നൈയിലെ കണ്ണിമാറാ ലൈബ്രറിയിലെ പുസ്തകങ്ങളുടെ സഹായം തേടിയെങ്കിലും സംശയങ്ങള്‍ കൂടിയെന്നു മാത്രം. അതോടെ ഇത്തരം കാര്യങ്ങളെല്ലാം കുറച്ചൊക്കെ അവനവന്റെ ഭാവനയ്ക്കു തന്നെ വിടുകയാവും ഭേദമെന്നു ബോദ്ധ്യമായി. പിന്നീട് ഇതൊക്കെ എഴുത്തുകാരന്റെ ഭാവനയ്ക്കുപോലും ചെന്നെത്താന്‍ കഴിയാത്ത മേഖലയിലാണെന്നു കാലം തെളിയിച്ചു കഴിഞ്ഞു. 

സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദി

അന്നൊന്നും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നടപ്പില്‍ വന്നിരുന്നില്ല. കുറേ കഴിഞ്ഞ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമഫലമായി 1995-ലോ മറ്റോ വി.എസ്.എന്‍.എല്‍ ഇത് പരിമിതമായ രീതിയില്‍ കൊണ്ടുവന്നു. ശാസ്ത്ര ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ആദ്യം ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. അത്തരമൊരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സുഹൃത്തില്‍ നിന്നാണ് ഇന്റര്‍നെറ്റിന്റെ ആദ്യ മാതൃക കാണാനും കുറച്ചൊക്കെ മനസ്സിലാക്കാനുമായത്. അങ്ങനെ അവരില്‍നിന്ന് അമേരിക്കയില്‍ അന്ന് നിലവിലുണ്ടായിരുന്ന എ.ഒ.എല്ലിനെപ്പറ്റി (അമേരിക്ക ഓണ്‍ലൈന്‍ എന്ന വെബ്‌പോര്‍ട്ടല്‍) അറിഞ്ഞു. ആദ്യം 'ഡോസി'ല്‍ ആയിരുന്ന അത് പിന്നീട് 'വിന്‍ഡോസിലും' വന്നുവത്രെ. എന്തായാലും, ഏറെക്കാലം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ശൈശവദശയില്‍ തന്നെയായിരുന്നു. പിന്നീട് വളരെ കഴിഞ്ഞാണ് ഇന്ന് കാണുന്ന ബ്രോഡ്ബ്രാന്‍ഡും വലിയ വേഗതയുള്ള 'സേര്‍ച്ച് എന്‍ജിനു'കളുമൊക്കെ വന്നത്. എന്തായാലും, ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ദീര്‍ഘകാലം ഓഫീസിലും വീട്ടിലും കംപ്യൂട്ടര്‍ ഉപയോഗിച്ചു പരിചയമുള്ള എനിക്ക്  നെറ്റിന്റെ ആദ്യകാല ഉപയോക്താക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യമായി കരുതുന്നു. പിന്നീട് ഇന്റര്‍നെറ്റ് സാധാരണക്കാരന്റെ പിടിയില്‍ പോലും ഒതുങ്ങുന്ന ഒരു സാമാന്യ സൗകര്യം പോലെയായി മാറി. 

കെ അയ്യപ്പപ്പണിക്കര്‍
കെ അയ്യപ്പപ്പണിക്കര്‍

അതു പോട്ടെ, നമുക്ക് ഡാവോസ് കാലത്തേക്ക് തന്നെ മടങ്ങിവരാം. സൈബര്‍സ്പേസിനെപ്പറ്റിയുള്ള എന്റെ ആകുലതകള്‍ സ്വാഭാവികമായും അന്ന് എഴുതിക്കൊണ്ടിരുന്ന കൈമുദ്രകള്‍ എന്ന നോവലിലെ കേന്ദ്ര കഥാപാത്രങ്ങളായ അജയന്‍, ഊര്‍മ്മിള എന്നിവരിലേക്കും പടര്‍ന്നുകയറി. പാവക്കുട്ടികളെ ഉണ്ടാക്കി അവയിലേക്ക് ജീവന്‍ ഊതിക്കയറ്റി വിദേശത്തേക്ക് കയറ്റി അയക്കുന്ന പാവ ഫാക്ടറിയിലെ ഡിസൈനറാണ് അജയന്‍. ഊര്‍മ്മിളയാണെങ്കില്‍ ഒരു കിറുക്കന്‍ പത്രാധിപരായ പാണ്ഡുരംഗ് വിനായക് സാര്‍ത്രെയുടെ  കീഴിലുള്ള പത്രമോഫീസില്‍ പ്രവര്‍ത്തിക്കുന്നവളും. ഇത്തരമൊരു അതീന്ദ്രിയമായ പരിസരത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാവാം അജയന്റേയും ഊര്‍മ്മിളയുടേയും സംസാരത്തിലും ഇടപെടലുകളിലും അവിശ്വസനീയമായ പലതും കടന്നുവന്നിരുന്നു. അജയന്റെ പാവക്കുട്ടികളാണെങ്കില്‍  വിദേശങ്ങളില്‍ പോയി അവിടെ ചില അത്ഭുതങ്ങളെല്ലാം കാണിക്കുന്നുണ്ട്. വിഭജനത്തിന്റെ മുറിവുകള്‍ ഉണങ്ങാത്ത ജര്‍മനിയിലെ ചില അശാന്തമായ കുടുംബസദസ്സുകളില്‍ ശാന്തിയും സമാധാനവും കൊണ്ടുവരുന്ന അവള്‍ ഒരു ഘട്ടത്തില്‍ ചിലര്‍ക്ക് ഒരു തരം വിഗ്രഹത്തെപ്പോലെയാകുന്നു... 2007-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് സീരിയലൈസ് ചെയ്ത ആ നോവല്‍ അടുത്ത കൊല്ലം പുസ്തകവുമായി. പിന്നീട് ഇങ്ങനെ ജീവന്‍ കിട്ടുന്ന മാലിക് എന്ന പാവക്കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സാല്‍മന്‍ റുഷ്ദി 2001-ല്‍ 'ഫ്യൂറി' എന്നൊരു നോവല്‍ എഴുതിയെന്നത് വേറൊരു ആകസ്മികത. 

ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെയാണ് തിങ്കളാഴ്ചകളിലെ ആകാശം എന്ന എന്റെ പ്രിയ പ്പെട്ട രചനകളില്‍ ഒന്നായ കഥയും പിറന്നത്.  ഇതിലും പ്രധാന കഥാപാത്രങ്ങള്‍ അജയനും ഊര്‍മ്മിളയും തന്നെയാണ്.  സ്വതന്ത്രമായൊരു  ലോകത്തില്‍ക്കൂടി സ്വച്ഛന്ദമായി വിഹരിക്കുന്നവര്‍. ഇതിനിടയില്‍ സുന്ദരിയായ ഊര്‍മ്മിളയെ ഉപഗ്രഹക്കണ്ണുകളിലൂടെ കണ്ട് ഭൂഗോളത്തിന്റെ രണ്ടു ഭാഗങ്ങളില്‍നിന്നുള്ള രണ്ടുപേര്‍ അവളെ കലശലായി കാമിക്കുന്നുണ്ട്. അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്സിറ്റിയില്‍ മന്ത്രവാദം പഠിപ്പിക്കുന്ന ജഗതലപ്രതാപന്‍ എന്ന കാപ്പിരി, പിന്നെ ജര്‍മനിയിലെ കൊളോണില്‍ ഒരു മെഡിക്കല്‍സ്റ്റോറില്‍ പണിയെടുക്കുന്ന മാര്‍ഗററ്റ് എന്ന ലെസ്ബിയന്‍... 1995-ലോ മറ്റോ എഴുത പ്പെട്ട ഈ കഥയെ മലയാളത്തിലെ ആദ്യകാല സൈബര്‍കഥകളില്‍ ഒന്നായി പലരും എടുത്തു കാട്ടിയിട്ടുണ്ട്. എന്തായാലും, പിന്നീട് എവിടെയോ വച്ച് കാണാനിടയായ ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍ ഈ കഥ തനിക്ക് നന്നെ ഇഷ്ടപ്പെട്ടുവെന്നും അത് ഭാവിയുടെ കഥയാണെന്നും പറഞ്ഞത് ഓര്‍മ്മയുണ്ട്. സാഹിത്യത്തിന്റെ മര്‍മ്മമറിയാവുന്ന, വരുംകാലം കാണാനുള്ള കണ്ണുണ്ടായിരുന്ന പണിക്കര്‍സാറിന്റെ അന്നത്തെ കണ്ടെത്തല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു.  
ഇതില്‍ അജയന്‍ ഊര്‍മ്മിളയോട് പറയുന്നതായി ചുവടെ ചേര്‍ത്തിരിക്കുന്ന ഭാഗം ഇന്ന് വീണ്ടും വായിക്കുന്നവര്‍ക്ക് അതില്‍ ചില പുതിയകാല പ്രസക്തികള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.

''ഏകലോകം- കേള്‍ക്കാന്‍ സുഖമുള്ള പ്രയോഗം തന്നെ. പക്ഷേ,  ആര്‍ക്കും നിയന്ത്രിക്കാനാവാ ത്ത, ആര്‍ക്കും കൈയെത്തിപ്പിടിക്കാവുന്ന തരത്തില്‍ പരന്നുകിടക്കുന്ന സ്പേസിലെ പീഠഭൂമിയില്‍ പുതിയ അങ്കങ്ങള്‍ക്കുള്ള ഓലകള്‍ കുറിക്കപ്പെടുമ്പോഴോ? യുദ്ധനീതിക്ക് ഒട്ടും നിരക്കാത്ത പുതിയ മുറകള്‍. ബഹിരാകാശത്തില്‍ ടെക്നോളജികള്‍ ഏറ്റുമുട്ടുമ്പോള്‍ ആദ്യം തകര്‍ക്കപ്പെടുക വിലപിടിച്ച വിവരങ്ങളുടെ ഒറ്റപ്പെട്ട ശേഖരങ്ങള്‍ തന്നെ. കാന്തശക്തികള്‍ക്ക് എളുപ്പത്തില്‍ കരിച്ചുകളയാവുന്ന താളിയോലകള്‍. ബഹിരാകാശത്തുകൂടെ, ലോകത്തിന്റെ ഒരു മൂലയില്‍നിന്നു മറ്റൊരു മൂലയിലേക്ക് എന്തും കടത്തിക്കൊണ്ടു പോകാനാകുമ്പോള്‍ പണവും വില്പനച്ചരക്കുകളും തൊട്ട് മനുഷ്യന്റെ ബുദ്ധിപരമായ അവകാശങ്ങള്‍ വരെ എല്ലാമെല്ലാം ഒരു ചുങ്കക്കാരന്റെ മുദ്രകളുമില്ലാതെ മറിഞ്ഞുമറിഞ്ഞു പോകുന്നു. നാമറിയാതെ സ്പേസിലെ യുദ്ധപ്പറമ്പില്‍ ഒരു അടഞ്ഞ പോരാട്ടം. അമേരിക്കയിലെ സ്‌കൂള്‍ കുട്ടികളുടെ മുന്‍പിലേക്ക് സൂപ്പര്‍ഹൈവേയുടെ വാതിലുകള്‍ തുറക്കുമ്പോള്‍, ചീനയില്‍ ഇന്റര്‍നെറ്റ് വഴി ആകാശത്തു നിന്ന് പൊഴിഞ്ഞുവീണേക്കാവുന്ന അശ്ലീലത്തിന്റെ തുണ്ടുകള്‍ മറച്ചുവയ്ക്കാന്‍ വഴികള്‍  തേടുന്നു...''

സത്യത്തില്‍ ഇന്ന് എന്തൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന ഭരണകൂടങ്ങള്‍ സാധാരണ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ വരെ ശേഖരിച്ചു വയ്ക്കാന്‍ തത്രപ്പെടുന്നു. നമ്മുടെ എല്ലാമറിയണം അവര്‍ക്ക്. അതില്‍ വെറും വ്യാപാര താല്പര്യങ്ങള്‍ക്കപ്പുറമായി അവരുടെ മറ്റു പല നിഗൂഢ താല്പര്യങ്ങളും കണ്ടേക്കാമെന്ന് സാമാന്യ പൗരന്മാര്‍ സംശയിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു തന്നെയാണ് ഭരണകൂടങ്ങള്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ ലോകത്തിന്റെ പല ഭാഗത്തും എതിര്‍പ്പുയരുന്നത്. മാത്രമല്ല, ഇത്തരം വിവരങ്ങള്‍ ശേഖരിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് തങ്ങള്‍ക്കു വേണ്ടത് മാത്രമെടുത്ത്, വേണ്ടാത്തത് നശിപ്പിക്കാനും കഴിഞ്ഞേക്കും. ഇന്ത്യയില്‍ തന്നെ ആധാര്‍ ആദ്യരൂപത്തില്‍ നടപ്പിലാക്കുന്നതിനെതിരെയായി നടന്ന പോരാട്ടത്തെപ്പറ്റി മറക്കാനായിട്ടില്ല.  

എന്തായാലും, ഇന്ന് ഇന്റര്‍നെറ്റ് ഒരുക്കുന്ന അപാര സാദ്ധ്യതകളേക്കാള്‍ ലോകം ചര്‍ച്ച ചെയ്യു ന്നത്  'സൈബര്‍ സുരക്ഷയെപ്പറ്റിയാണെന്നത്' ശ്രദ്ധേയമാണ്. സാധാരണ പണമിടപാടുകളിലെ  തട്ടിപ്പുകള്‍  തൊട്ട്, ഹാക്കിങ്ങടക്കം എന്തൊക്കെ കൃത്രിമങ്ങളാണ് നിത്യവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്? പൊലീസിന്റെ സൈബര്‍സെല്ലുകളില്‍ കുമിഞ്ഞുകൂടുന്ന കേസുകള്‍ നിരവധി യാണ്. പിന്നെ മൊബൈല്‍ ഫോണുകളാണെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി തീര്‍ന്നിരിക്കുന്നു. 4-ജിയുടെ വേഗം പോരാതെ 5-ജിക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നവര്‍. അതില്‍ കാലതാമസമുണ്ടാകുമെന്നുകേട്ട് സങ്കടപ്പെടുന്നവര്‍. കടലാസ്സില്ലാത്ത, കറന്‍സിയില്ലാത്ത ഒരു സുന്ദരലോകത്തെപ്പറ്റി സ്വപ്നം കാണുന്ന, ഡിജിറ്റല്‍ വിപ്ലവം ആഘോഷമാക്കുന്നവരുടെ മുന്‍പിലേക്ക് ആകാശത്തുനിന്ന് 'ആപ്പുകള്‍' പൊഴിഞ്ഞുവീഴുമ്പോള്‍ അതിനു പുറകിലുള്ള ആപ്പുകളെപ്പറ്റി ആരും വേവലാതിപ്പെടാറില്ല. അങ്ങനെ മാള്‍ ഷോപ്പിങ്ങ് സംസ്‌കാരത്തില്‍നിന്നു വഴിമാറുന്ന ചിലര്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കു തിരിയുന്നു. എല്ലാറ്റിനുമുണ്ട് ആപ്പുകള്‍. പണമിടപാടുകള്‍ എളുപ്പത്തില്‍ നടത്താമെന്ന് മാത്രമല്ല,  ചുരിദാര്‍  തൊട്ട് ചിക്കന്‍ വരെ വീട്ടിലിരുന്നു വരുത്താം. പരമസുഖം.  

വലിയൊരു സാദ്ധ്യതയായ 'സോഷ്യല്‍ മീഡിയ' ചിലപ്പോള്‍ കെണിയായി മാറുന്നതിനെപ്പറ്റിയും റിപ്പോര്‍ട്ടുകളുണ്ട്. പല ഗ്രൂപ്പുകളിലും സമ്മതമില്ലാതെ ആരെ വേണമെങ്കിലും ചേര്‍ക്കാം. കണ്ടറിഞ്ഞാല്‍ പുറത്തുകടക്കാമെന്നു മാത്രം. ഇതത്ര എളുപ്പവുമല്ല ഫേസ്ബുക്കില്‍. എന്റെ വിവരമനുസരിച്ച് മൊത്തമായി 'ബ്ലോക്ക്' ചെയ്യാന്‍ വകുപ്പില്ല താനും.  ഇതൊരു വശം.
മറുവശത്ത് വിക്കിലീക്സ് കുടത്തില്‍നിന്നു തുറന്നുവിട്ട ഭൂതം ഇന്നും ഭീമാകാരം പൂണ്ട് നില്‍ക്കുന്നതിനെപ്പറ്റി പറയാതിരിക്കാന്‍ വയ്യ. ജൂലിയന്‍ അസാഞ്ചെന്ന ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റിനെ തടവിലാക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ക്കു തല്‍ക്കാലം കഴിഞ്ഞെങ്കിലും, ഒരാള്‍ പോയാല്‍ ഭാവിയില്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ പലരും വരുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. 1971-ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണെ വീഴ്ത്തിയ കുപ്രസിദ്ധമായ 'വാട്ടര്‍ഗേറ്റ്' വിവാദം ലോക രാഷ്ട്രീയഭൂപടത്തില്‍ ഉണ്ടാക്കിയ കോളിളക്കം ചെറുതായിരുന്നില്ലെങ്കിലും അത്തരമൊരു ടേപ്പ് റിക്കോര്‍ഡറുകളൊന്നും വേണ്ടല്ലോ ഇന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍.  മാത്രമല്ല, അതിനുശേഷം വൈറ്റ്വാട്ടറില്‍നിന്നു തുടങ്ങി ഡൊണാള്‍ഡ് ട്രംപ് കാലഘട്ടത്തിലെ റഷ്യന്‍ വിവാദം വരെ എത്രയെത്ര പടക്കങ്ങള്‍ അമേരിക്കയില്‍ തന്നെ പൊട്ടിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടുന്നതില്‍ തൊട്ട് ഹിലറി ക്ലിന്റന്റെ കുപ്രസിദ്ധമായ 'ഇ-മെയില്‍' വാര്‍ത്തയില്‍ വരെ അത് എത്തിനില്‍ക്കുന്നു. ഓരോ തവണയും വിസില്‍ മുഴക്കുന്നവരുടെ അവകാശവാദം  അത് വാട്ടര്‍ഗേറ്റിനെക്കാള്‍ സ്‌തോഭജനകമാണെന്നു തന്നെ. 
ഈ പശ്ചാത്തലത്തില്‍, തെരഞ്ഞെടുപ്പെന്ന 'വെര്‍ച്ച്വല്‍ സ്പേസി'ല്‍ സ്വച്ഛന്ദമായി വിഹരിച്ചുകൊണ്ടിരിക്കുന്നയാള്‍ക്ക് തനിക്ക് അസാദ്ധ്യമായതൊന്നുമില്ലെന്ന തോന്നല്‍ ഉണ്ടായതില്‍ അത്ഭുതമില്ല. കാരണം, ചരിത്രത്തെ വരെ കീഴ്‌മേല്‍ മറിക്കാന്‍ കെല്‍പ്പുള്ള ഒരു അതി മാനുഷനാണല്ലോ അദ്ദേഹം.

(അനുബന്ധം: പുരാണേതിഹാസങ്ങള്‍ വല്ലാതെ ശരീരത്തില്‍ കയറിക്കൂടിയിട്ടുള്ളവര്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ അവയിലെ ചില ഇതിഹാസപുരുഷന്മാരെയെന്ന പോലുള്ള അമാനുഷശക്തി തനിക്കുമുണ്ടെന്നു വിശ്വസിക്കാന്‍    തുടങ്ങുന്നതില്‍ അതിശയമില്ല. പുഷ്പകവിമാനങ്ങളും ആഗ്‌നേയാസ്ത്രങ്ങളുമൊക്കെ ഉള്ളിലുറച്ചവര്‍ക്ക്  ഇതൊക്കെ വെറും നിസ്സാരം).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com