മനുഷ്യനായ നൗഷാദിനെ അവര്‍ മതമനുഷ്യനാക്കി: ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു

By ഹമീദ് ചേന്നമംഗലൂര്‍   |   Published: 01st September 2019 04:26 PM  |  

Last Updated: 02nd September 2019 08:53 AM  |   A+A-   |  

 

1970-കളുടെ മധ്യം. ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായി എ.കെ. ആന്റണി വെട്ടിത്തിളങ്ങുന്ന കാലം. സത്യസന്ധതയും അഴിമതിവിരുദ്ധതയും ആ യുവരാഷ്ട്രീയ നേതാവിനെ മറ്റുപല നേതാക്കളില്‍നിന്നും വേറിട്ടുനിര്‍ത്തി. ആ കാലയളവില്‍ ഈ ലേഖകന്‍ കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് വകുപ്പില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ നാല് അധ്യാപകര്‍ ഒരു കൊച്ചു വാടകവീട്ടിലായിരുന്നു താമസം.

എന്റെ സഹതാമസക്കാരായ മൂന്നുപേരും അറബിവകുപ്പില്‍ അധ്യാപകരായിരുന്നു. സമുദായം വഴി ഞങ്ങള്‍ നാലാളുകളും മുസ്ലിങ്ങള്‍. ഒരു ദിവസം ഞങ്ങളുടെ സംസാരം ആന്റണിയില്‍ ചെന്നെത്തി. നേരും നെറിയുമുള്ള നേതാവെന്ന നിലയില്‍ ആന്റണിയെ പ്രകീര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ പരസ്പരം മത്സരിക്കുക തന്നെ ചെയ്തു. ''ഇതാ രാഷ്ട്രീയക്കാര്‍ക്ക് ഒരുത്തമ മാതൃക'' എന്നു ഞങ്ങള്‍ അദ്ദേഹത്തെ മുക്തകണ്ഠം വാഴ്ത്തി. ആ സംസാരത്തിനിടയില്‍ അറബി അധ്യാപകരില്‍ ഒരാളില്‍നിന്ന് ഒരു പ്രത്യേക നിരീക്ഷണം പുറത്തുവന്നു. അതിങ്ങനെ: ''ആന്റണി വാസ്തവത്തില്‍ മുസ്ലിമായി ജനിക്കേണ്ട ആളായിരുന്നു.''

സുഹൃത്ത് ഉദ്ദേശിച്ചത് എന്തെന്നു വ്യക്തം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സത്യസന്ധനും നീതിമാനും ആദര്‍ശധീരനുമൊക്കെയാവാന്‍ മുസ്ലിമിന് (ഇസ്ലാം മതവിശ്വാസിക്ക്) മാത്രമേ സാധിക്കൂ. ക്രൈസ്തവനോ ഹിന്ദുവിനോ ഇസ്ലാമേതരമായ മറ്റേതെങ്കിലും മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കോ അത്തരം ഗുണവിശേഷങ്ങളുണ്ടാവുക സാധ്യമല്ല; കാരണം ഇസ്ലാം മാത്രമാണ് മനുഷ്യരില്‍ നന്മയുല്പാദിപ്പിക്കുന്ന ഒരേയൊരു സത്യമതം.
അതിസങ്കുചിതമായ സ്വമതശ്രേഷ്ഠബോധത്തില്‍നിന്ന് ഉറവയെടുക്കുന്നതാണ് മുകളില്‍ പരാമര്‍ശിച്ചതുപോലുള്ള നിരീക്ഷണങ്ങള്‍. അതിരുവിട്ട സ്വമതാഹങ്കാരം അപരമതങ്ങളെ അധമ മതങ്ങളായി കാണുന്നതിലേക്ക് നയിക്കും. സ്വന്തം മതത്തിന്റേതു മാത്രമാണ് നേര്‍വഴി എന്ന ചിന്ത ചെന്നെത്തുക മറ്റു മതങ്ങളുടെ വഴി പൊയ്വഴിയാണ് എന്നിടത്താണ്. ഈ നേര്‍വഴി/പൊയ്വഴി ദ്വന്ദ്വമാണ്, ആന്റണി മുസ്ലിം സമുദായത്തില്‍ ജനിക്കേണ്ടയാളായിരുന്നു എന്ന് അഭിപ്രായപ്പെടാന്‍ എന്റെ സഹപ്രവര്‍ത്തകനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ഈ സംഭവം ഇവിടെ ഓര്‍ക്കാന്‍ പ്രത്യേക കാരണമുണ്ട്. എറണാകുളം ബ്രോഡ്വേയില്‍ വഴിയോര വസ്ത്രക്കച്ചവടത്തിലേര്‍പ്പെട്ട്  ഉപജീവനം നടത്തുന്ന പി.എം. നൗഷാദ് തന്റെ കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളത്രയും പ്രളയക്കെടുതികളനുഭവിക്കുന്നവര്‍ക്ക്  വിട്ടുനല്‍കുക എന്ന സല്‍ക്കര്‍മ്മം ചെയ്തു. അന്യാദൃശം എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മനുഷ്യപ്പറ്റാണ് ഉദാരമനസ്‌കനായ ആ ചെറുകിട കച്ചവടക്കാരന്‍ പ്രകടിപ്പിച്ചത്. 'എംപതി' എന്ന് ഇംഗ്ലീഷില്‍ പറയുന്ന ആ വികാരമുണ്ടല്ലോ, അതാണ് നൗഷാദിനെ നയിച്ചതെന്നു പറയാം. മനസ്സലിവും ഹൃദയാലുത്വവും സമൃദ്ധമായുള്ള ആ വഴിയോര വ്യപാരി ഉദാത്ത മാനവികതയുടെ സമുജ്ജ്വല മാതൃകയായി മാറുകയായിരുന്നു.

വിഷയത്തെ അമ്മട്ടില്‍ കാണുന്നതിനു പകരം സ്വമതശ്രേഷ്ഠവാദികളായ ചിലര്‍ നൗഷാദിന്റെ കരുണാര്‍ദ്രതയ്ക്കുമേല്‍ മതത്തിന്റെ മുദ്ര ചാര്‍ത്താന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇറങ്ങിപ്പുറപ്പെട്ടത് കാണാന്‍ കഴിഞ്ഞു. ഇസ്ലാം പഠിപ്പിച്ച ത്യാഗമനസ്ഥിതിയാണ് താന്‍ പെരുന്നാള്‍-ഓണം വില്പനയ്ക്കുവെച്ച തുണിത്തരങ്ങള്‍ മുഴുവന്‍ സംഭാവന ചെയ്യാന്‍ നൗഷാദിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു അവരുടെ 'കണ്ടെത്തല്‍.' ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത അനുസ്മരിക്കുന്ന ബലിപെരുന്നാളിനോടടുത്തുള്ള ദിവസമാണ് സംഭവം നടന്നത് എന്നത് സ്വമതാഹങ്കാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. നൗഷാദ് എന്ന മനുഷ്യനെ രായ്ക്കുരാമാനം മതമനുഷ്യനായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു  അവര്‍.

സ്വമതാഹങ്കാരം

നൗഷാദ് മുസ്ലിം സമുദായാംഗമല്ല എന്നിരിക്കട്ടെ; അയാള്‍ ഇസ്ലാം മതത്തെക്കുറിച്ച് പഠിച്ചിട്ടില്ല എന്നും വിചാരിക്കുക; അയാള്‍ നിരീശ്വരവാദിയാണെന്നും കരുതുക. എന്നിരുന്നാലും അയാള്‍ പ്രളയബാധിതര്‍ക്ക് താന്‍ നല്‍കിയതെന്തോ അത് അരപ്പണത്തൂക്കം പോലും കുറയാതെ നല്‍കുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ആ നല്ല മനുഷ്യന്‍ സഹജീവി സ്‌നേഹത്താല്‍ പ്രചോദിതനായാണ് പ്രവര്‍ത്തിച്ചത്. അയാള്‍ക്കുമേല്‍ അനാവശ്യമായി മതത്തിന്റെ മേലങ്കി പുതപ്പിക്കുന്നവര്‍ ഒരു കാര്യം കാണാതിരിക്കുന്നു. നൗഷാദ് മുസ്ലിം സമുദായാംഗം മാത്രമല്ല, സി.ഐ.ടി.യുക്കാരന്‍ കൂടിയാണ് എന്നതാണത്. സി.പി.എം നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനയില്‍ അംഗമായതുകൊണ്ടാണ് നൗഷാദ് അത്യുദാര മനസ്‌കനായതെന്ന അവകാശവാദം സി.ഐ.ടി.യുക്കാര്‍ ഉന്നയിച്ചില്ല. അനുകമ്പയിലും ആര്‍ദ്രതയിലും സ്‌നേഹത്തിലുമൊക്കെ വൈയക്തിക ഭിന്നത അനിഷേധ്യ യാഥാര്‍ത്ഥ്യമാണെന്നു സി.ഐ.ടി.യുക്കാര്‍ക്ക് അറിയാവുന്നതുകൊണ്ടാണ് അവര്‍ അത്തരം 'സ്വമതാഹങ്കാര' പ്രകടനത്തിനു പോകാതിരുന്നത്.

തൊട്ടതിനും പിടിച്ചതിനുമൊക്കെ മതച്ഛായ നല്‍കാന്‍ ചാടിപ്പുറപ്പെടുന്നവര്‍ നൗഷാദിനെപ്പോലെ ഹൃദയവിശാലതയുള്ളവര്‍ മറ്റു സമുദായങ്ങളിലുമുണ്ടെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയദുരന്തവേളയില്‍ വിഷ്ണു എന്ന ഹിന്ദു മതവിശ്വാസി തന്റെ കൈവശമുള്ളത് വാരിക്കോരി ദുരിതാശ്വാസ പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു. പേരാമ്പ്രക്കാരിയായ ലിസി എന്ന ചെരുപ്പുകുത്തി കഴിഞ്ഞ കുറിയെന്നപോലെ ഇക്കുറിയും തന്റെ സമ്പാദ്യത്തില്‍നിന്നു അന്നന്നു എടുത്തുവെച്ചുണ്ടാക്കിയ പതിനായിരം രൂപ ദുരിതബാധിതര്‍ക്ക് നല്‍കുകയുണ്ടായി. ആ രണ്ടുപേരുടേയും മതത്തില്‍പ്പെട്ട ആരും തങ്ങളുടെ മതത്തിന്റെ മഹത്വമാണ് വിഷ്ണുവിന്റേയോ ലിസിയുടേയോ ഹൃദയാലുത്വത്തിനു പിന്നിലുള്ളതെന്ന് അവകാശപ്പെടുകയുണ്ടായില്ല.

മുസ്ലിമായി ജനിക്കേണ്ട വ്യക്തിയായിരുന്നു എ.കെ. ആന്റണി എന്നു പറഞ്ഞ അധ്യാപക സുഹൃത്തിനെപ്പോലെയും പി.എം. നൗഷാദിന്റെ ഉദാരതയ്ക്ക് പിന്നില്‍ ഇസ്ലാം മതവിശ്വാസമാണെന്നു കണ്ടെത്തുന്ന വിദ്വാന്മാരേയും പോലുള്ളവര്‍ അനിതരസാധാരണമായ മനുഷ്യസ്‌നേഹവും ത്യാഗോജ്ജ്വലതയും പ്രകടിപ്പിച്ച അമുസ്ലിങ്ങള്‍ ചരിത്രത്തില്‍ പലരുണ്ടെന്നത് ഓര്‍മ്മയില്‍ വെക്കണം. ഫാദര്‍ ഡാമിയന്‍ മുസ്ലിമായിരുന്നില്ല. 19-ാം നൂറ്റാണ്ടില്‍ ജീവിച്ച, ക്രിസ്തുമത വിശ്വാസിയായ, ബെല്‍ജിയത്തുകാരനായ ആ വൈദികന്‍ കുഷ്ഠരോഗത്തിനു മരുന്നില്ലാത്ത കാലത്ത് കുഷ്ഠരോഗികളോട് കാണിച്ച അനുകമ്പയ്ക്കും അലിവിനും അതിരുകളില്ലായിരുന്നു. സഹവൈദികരെല്ലാം വിലക്കിയിട്ടും ആ പുരോഹിതന്‍ സ്വജീവന്‍ തൃണവല്‍ഗണിച്ച്, കുഷ്ഠരോഗികളെ പരിചരിച്ച്, ഒടുവില്‍ കുഷ്ഠരോഗം പിടിപെട്ട് മരിച്ചു! മൃതിയാണ് തന്റെ ആസന്ന വിധി എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഫാദര്‍ ഡാമിയന്‍ കുഷ്ഠം ബാധിച്ചവരെ പരിചരിക്കാന്‍ മൊളോക്കായ് ദ്വീപിലേയ്ക്ക് പോയത്. ഏതെങ്കിലും മതമല്ല, മനസ്സിലെ വറ്റാത്ത സ്‌നേഹത്തെളിനീരായിരുന്നു ഡാമിയനെ പ്രചോദിപ്പിച്ച ഘടകം.

ഇനി നമ്മുടെ മഹാത്മാഗാന്ധിയിലേക്ക് നോക്കൂ. താന്‍ സനാതന ഹിന്ദുവാണെന്നു പ്രഖ്യാപിച്ച അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യപ്പുലരിയുടെ ഘട്ടത്തില്‍, ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി സ്വന്തം രക്ഷപോലും കണക്കിലെടുക്കാതെ വര്‍ഗ്ഗീയ കലാപഭൂമിയില്‍ മാനവ സൗഹാര്‍ദ്ദത്തിന്റെ മന്ത്രവുമായി ഓടിനടക്കുകയായിരുന്നു. തന്റെ ജീവന്‍ ഏതു നിമിഷവും അപകടപ്പെടാമെന്നറിഞ്ഞുകൊണ്ടുതന്നെ. ഒടുവില്‍ അതു സംഭവിക്കുക തന്നെ ചെയ്തു. സ്വമതത്തില്‍പ്പെട്ട മതഗര്‍വ്വിഷ്ടന്റെ വെടിയുതിര്‍പ്പിന് ഗാന്ധി വിധേയനായി. തന്റെ പ്രാണനല്ല, മുസ്ലിം-ഹിന്ദു സാഹോദര്യമാണ് വലുതെന്ന മഹത്തായ ആദര്‍ശത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയെ മുന്നോട്ടു നയിച്ചത് മതസങ്കുചിതത്വങ്ങളെ അതിവര്‍ത്തിക്കുന്ന മാനവസ്‌നേഹമായിരുന്നു.

നമ്മുടെ സംസ്ഥാനത്തുമുണ്ട് ഉദാഹരണങ്ങള്‍. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് ഉദ്‌ബോധിപ്പിച്ച സഹോദരന്‍ അയ്യപ്പന്‍ 1917-ല്‍ പുലയരെ പങ്കെടുപ്പിച്ച് മിശ്രഭോജനം നടത്താന്‍ മുന്നോട്ടു വന്നത് മതപ്രചോദിതനായിട്ടല്ല. സര്‍വ്വ മതങ്ങളേയും നിരാകരിച്ച അദ്ദേഹം വ്യത്യസ്ത മതങ്ങളില്‍പ്പെട്ട പ്രമുഖര്‍ അറച്ചുനില്‍ക്കേയാണ് കീഴ്ജാതിക്കാര്‍ എന്നു മുദ്രകുത്തപ്പെട്ടവര്‍ക്ക് അന്തസ്സും അഭിമാനവും പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്. നിരീശ്വരനായ അയ്യപ്പനെ നയിച്ചത് മനുഷ്യസമത്വബോധവും ആദര്‍ശധീരവുമായിരുന്നു.

എന്തിനേയും ഏതിനേയും സ്വമതഗര്‍വ്വിന്റെ ചട്ടക്കൂടില്‍ നിര്‍ത്തി വിശകലനം ചെയ്യുന്നവര്‍ യുവാല്‍ നോഹ് ഹരാരിയുടെ 'Sapiens: A Brief History of Humankind' എന്ന പുസ്തകം വായിക്കുന്നത് നന്നായിരിക്കും. മൂന്നു സുപ്രധാന വിപ്ലവങ്ങളാണ് ചരിത്രത്തിന്റെ ഗതി രൂപപ്പെടുത്തിയതെന്നു ഹരാരി നിരീക്ഷിക്കുന്നു.

തിരിച്ചറിയല്‍ വിപ്ലവം (Cognitive Revolution), കാര്‍ഷിക വിപ്ലവം, ശാസ്ത്രവിപ്ലവം എന്നിവയാണവ. തിരിച്ചറിയല്‍ വിപ്ലവം ആരംഭിക്കുന്നത് 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതുവരെ മനുഷ്യര്‍ക്ക് മൃഗഭാഷയേക്കാള്‍ വികസിച്ച ഭാഷയൊന്നുമില്ലായിരുന്നു. 'സൂക്ഷിക്കുക, സിംഹം!' എന്നതുപോലുള്ള പരിമിത വിനിമയം നടത്താനുള്ള ഭാഷയേ തിരിച്ചറിയല്‍ വിപ്ലവത്തിനു മുന്‍പുണ്ടായിരുന്നുള്ളൂ. തിരിച്ചറിയല്‍ സാധ്യമായപ്പോള്‍ മനുഷ്യര്‍ 'സിംഹം നമ്മുടെ ഗോത്രത്തിന്റെ രക്ഷകദേവന്‍ ആണെന്നു പറയാവുന്നിടത്തേയ്ക്ക് വളര്‍ന്നു. ലെജന്‍ഡുകളും മിത്തുകളും ദൈവങ്ങളും മതങ്ങളുമെല്ലാം പ്രത്യക്ഷപ്പെട്ടത് തിരിച്ചറിയല്‍ വിപ്ലവത്തോടെയാണെന്നു ഹരാരി പറയുന്നു. പഴയ കാലത്തില്ലാത്ത ദൈവവും മതവുമൊക്കെ പില്‍ക്കാലത്ത് മനുഷ്യരുണ്ടാക്കിയതാണെന്നു തിരിച്ചറിഞ്ഞാല്‍ സ്വമതശ്രേഷ്ഠബോധത്തിന്റെ നിരര്‍ത്ഥകത എളുപ്പത്തില്‍ ഗ്രഹിക്കാനാവും. മനുഷ്യനായ നൗഷാദിനെ മതമനുഷ്യനാക്കേണ്ട ആവശ്യം പിന്നെയുണ്ടാവില്ല തന്നെ.