ഈ കൊടിയ വഞ്ചനയുടെ ദിനമോ ലോക ഫോട്ടോഗ്രാഫി ദിനം?

ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ ജോസഫ് നീസ്ഫര്‍ നീപ്സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ചതിയിലൂടെ തട്ടിയെടുത്ത് പ്രഖ്യാപിച്ച ദിനമാണ് ആഗസ്റ്റ് 19
ഈ കൊടിയ വഞ്ചനയുടെ ദിനമോ ലോക ഫോട്ടോഗ്രാഫി ദിനം?

'പോയന്റ് ദെ വോ ദെലാ ഫെനിത്രേ' എന്ന, ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് പിറന്നത്,  ജോസഫ് നീസ്ഫര്‍ നീപ്സ് എന്ന ഫ്രെഞ്ച് ശാസ്ത്രജ്ഞന്റെ കൈകളിലൂടെയാണ്. 1827 ജൂണിലോ ജൂലൈയിലോ ആയിരുന്നു അത്.
ജോസഫ് നീസ്ഫര്‍ നീപ്സിന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതം ഫോട്ടോഗ്രാഫിക്കുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സംഭാവനകളേയും ഫോട്ടോഗ്രാഫിക്കുവേണ്ടി നടത്തിയ പരീക്ഷണങ്ങളേയും അവഗണിച്ചുകൊണ്ട് ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിന് ഒരിക്കലും നിലനില്‍ക്കാനാകില്ല.
1819 മുതല്‍ ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട് സര്‍ ജോണ്‍ഹേഴ്സല്‍ നടത്തിയ പരീക്ഷണങ്ങളും അതിന്റെ നേട്ടങ്ങളും കൂടി കണക്കിലെടുത്താലും, ആദ്യവിജയകരമായ ഫോട്ടോഗ്രാഫിന്റെ നിര്‍മ്മാതാവായ ജോസഫ് നീസ്ഫര്‍ നീപ്സിന്റെ സ്ഥാനം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. എന്നാല്‍, ആധുനിക കാലത്ത് ഫോട്ടോഗ്രാഫിയുടെ നാളിതുവരെയുള്ള ചരിത്രത്തേയോ ഫോട്ടോഗ്രാഫിക്കുവേണ്ടി പ്രയത്‌നിച്ച വ്യക്തികളേയോ വേണ്ടത്ര അറിയുകയോ പഠിക്കുകയോ ചെയ്യാത്ത ചിലര്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും ഫോട്ടോഗ്രാഫി സംബന്ധിച്ച നിരുത്തരവാദപരമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയതായി കണ്ടു.
ആഗ്രയില്‍ ജനിച്ച് ഇപ്പോള്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓപി എന്നു വിളിപ്പേരുള്ള ഒരു ഫോട്ടോഗ്രാഫര്‍, ആഗസ്റ്റ് 19 ലോകഫോട്ടോഗ്രാഫി ദിനം എന്നു പ്രഖ്യാപിച്ചത് അതിന് ഉദാഹരണമാണ്.
ആഗസ്റ്റ് 19 ഫോട്ടോഗ്രാഫി ചരിത്രത്തിലെ കൊടിയ വഞ്ചനയുടെ ദിനമാണെന്ന് ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക്, ആദ്യ ഫോട്ടോഗ്രാഫി ചരിത്രഗ്രന്ഥത്തില്‍ പറയുന്നു (1857 'ഫോട്ടോഗ്രാഫി'). ചരിത്രബോധമില്ലാത്ത ഇത്തരം ആളുകള്‍ നടത്തുന്ന അര്‍ത്ഥശൂന്യമായ പ്രഖ്യാപനങ്ങള്‍, ഫോട്ടോഗ്രാഫിക്കുവേണ്ടി ജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചവരോടു കാണിക്കുന്ന കൊടിയ വഞ്ചനയാണ്.
ആധുനിക ലോകത്തിന്റെ ഏറ്റവും ശക്തമായ മാധ്യമമാണ് ഫോട്ടോഗ്രാഫി.  ഈ മഹത്തായ  കലയുടെ ഉപജ്ഞാതാവായ ജോസഫ് നീസ്ഫര്‍ നീപ്സിന്റെ 255-ാം ജന്മവാര്‍ഷികദിനം 2020 മാര്‍ച്ച് 7-ന് കടന്നുപോയി. കൊച്ചുകുട്ടികള്‍പോലും ഫോട്ടോഗ്രാഫറാകുന്ന ഇക്കാലത്ത്, ഫോട്ടോഗ്രാഫി കണ്ടുപിടുത്തങ്ങള്‍ക്കായി ഒരു ജീവിതകാലം മുഴുവനും ഫോട്ടോഗ്രാഫി രാസക്കൂട്ടുകളോടൊപ്പം ജീവിതം ഉരുക്കിച്ചേര്‍ത്ത ജോസഫ് നീസ്ഫര്‍ നീപ്സിന് എന്തുകൊണ്ട് ഉചിതമായ ആദരവ് ലോകം നല്‍കുന്നില്ല? ജീവിച്ചിരുന്ന കാലത്ത് അര്‍ഹമായ അംഗീകാരം ലഭിക്കാതെയാണ് അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്.

ജോസഫ് നീസ്ഫര്‍ നീപ്സ്

ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് 'വ്യു ഫ്രം വിന്‍ഡോ അറ്റ് ലേ ഗ്രാസ്' 1827 ജൂണിലോ ജൂലൈയിലോ പിറന്നു. ആദ്യ ഫോട്ടോഗ്രാഫിയുടെ പിറവിയുടെ പിന്നില്‍ ജോസഫ് നീസ്ഫര്‍ നീപ്സ് എന്ന പട്ടാളക്കാരനായ ശാസ്ത്രജ്ഞന്റെ ത്യാഗപൂര്‍ണ്ണമായ ജീവിതമുണ്ട്. നിരന്തരം ഫോട്ടോഗ്രാഫി പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ട അദ്ദേഹത്തിന്റെ ജീവിതം ആഴത്തില്‍ പഠിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് ആധുനിക ലോകത്തിന്റെ കടമയാണ്.
1765 മാര്‍ച്ച് 7-ന് ഫ്രാന്‍സിന്റെ പ്രാന്തപ്രദേശമായ ഷാലന്‍ സര്‍ സാവണില്‍ നീപ്സ് ജനിച്ചു.
ജോസഫ് നീസ്ഫര്‍ നീപ്സ് 1816-നു മുന്‍പ് തുടങ്ങിയ പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമാണ് 1827-ല്‍ പിറന്ന ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ്. 1822-ല്‍ എന്‍ഗ്രേവ് ചെയ്ത പോപ്പ് പയസ് ഏഴാമന്റെ ചിത്രം അദ്ദേഹം ഒരു കോണ്‍ടാക്റ്റ് പ്രിന്റ് അടിച്ചിരുന്നു. ഈ പ്രക്രിയയെ ജോസഫ് നീസ്ഫര്‍ 'ഹീലിയോഗ്രാഫി' എന്നാണ് വിളിച്ചത്. അതായത് സൂര്യനെക്കൊണ്ട് വരപ്പിക്കുക. അന്ന് 'ഫോട്ടോഗ്രാഫി' എന്ന വാക്ക് പ്രയോഗത്തില്‍ ഇല്ലായിരുന്നു. 1839 മാര്‍ച്ച് 14-ന് ലണ്ടനിലെ സോമര്‍സെറ്റ് ഹൗസിലുള്ള റോയല്‍ സൊസൈറ്റിയില്‍ സര്‍ ജോണ്‍ ഹേഴ്സല്‍ എന്ന ശാസ്ത്രജ്ഞനാണ് 'ഫോട്ടോഗ്രാഫി' എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്. 'നോട്ട് ഓണ്‍ ദി ആര്‍ട്ട് ഓഫ് ഫോട്ടോഗ്രാഫി' എന്ന പ്രബന്ധം അവതരിച്ചപ്പോഴാണ് 'ഫോട്ടോഗ്രാഫി' എന്ന പദം അദ്ദേഹം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത്.
1824-ല്‍ ലിത്തോഗ്രാഫിക്ക് കല്ലില്‍ ബിറ്റുമിന്‍ തയ്യാറാക്കി ക്യാമറ ഓബ്സ്‌ക്യൂറ ഉപയോഗിച്ച് ജോസഫ് നീസ്ഫര്‍ ഒരു ചിത്രമെടുത്തു. എന്നാല്‍, അത് മാഞ്ഞുപോയി. ജോസഫ് നീസ്ഫര്‍ തന്റെ സഹോദരന്‍ ക്ലോഡിന് ഒരു കത്തെഴുതി. അതില്‍ ആ ചിത്രത്തെ വിശേഷിപ്പിച്ചത് 'ചേതനയില്ലാത്ത അത്ഭുതം' എന്നാണ്. ഇങ്ങനെ ഒരു ഫോട്ടോഗ്രാഫ് പിറന്നു എന്നതിനു തെളിവായിട്ട് ഇന്ന് ആ കത്ത് മാത്രമാണ്. ആ ചിത്രം മാഞ്ഞുപോകാതെ നിലനിന്നിരുന്നുവെങ്കില്‍ ലോകത്തെ ആദ്യ ഫോട്ടോഗ്രാഫ് 1824-ല്‍ പിറന്നു എന്നു പറയാന്‍ കഴിയുമായിരുന്നു. മേല്‍പ്പറഞ്ഞ രണ്ട് വസ്തുതകളെ അടിസ്ഥാനമാക്കി പ്രശസ്ത അമേരിക്കന്‍ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ മാന്‍ റേ, ജോസഫ് നീസ്ഫറിന്റെ ജന്മഗ്രാമത്തിന്റെ സമീപം ഗ്രാസിലെ  പ്രധാന റോഡില്‍ ജനങ്ങളില്‍നിന്ന് പിരിവെടുത്ത് ഒരു പടുകൂറ്റന്‍ മാര്‍ബിള്‍ സ്മാരകം 1933-ല്‍ പണിതു. അതില്‍ ഇങ്ങനെ എഴുതി: ''നീസ്ഫര്‍ നീപ്സ് ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് 1822'' ഇതാണ് നീസ്ഫറിനു മാന്‍ റേ നല്‍കിയ ആദരാഞ്ജലി.

വിജയകരമായ ആദ്യ ഫോട്ടോഗ്രാഫ്

1825-ല്‍ ജോസഫ് നീസ്ഫര്‍ പരീക്ഷണം തുടര്‍ന്നു. തന്റെ എസ്റ്റേറ്റ് വസതിയുടെ മുകളിലത്തെ നിലയുടെ ജനാലയില്‍നിന്ന് നടുമുറ്റത്തിന്റെ ഫോട്ടോ പല പ്രാവശ്യം ക്യാമറ  ഉപയോഗിച്ച്  പകര്‍ത്തി. ജൂഡിയ ബിറ്റുമിന്‍ കോട്ടു ചെയ്ത പ്യൂട്ടര്‍ പ്ലേറ്റുകളാണ് ഉപയോഗിച്ചത്. അങ്ങനെ 1827 ജൂണിലോ ജൂലൈയിലോ ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് പിറന്നു.

ആദ്യ ഫോട്ടോഗ്രാഫ്

1827 ഡിസംബര്‍ 8-ന്, ലണ്ടനിലെ റോയല്‍ സൊസൈറ്റി ഫെല്ലോയും സസ്യശാസ്ത്രജ്ഞനുമായ ബെയര്‍ മുഖേന ആദ്യ ഫോട്ടോഗ്രാഫും അതിന്റെ കയ്യെഴുത്തുപ്രതിയും റോയല്‍ സൊസൈറ്റിയില്‍ അവതരിപ്പിച്ചു. എന്നാല്‍ ഒരു കാരണവശാലും ജോസഫ് നീസ്ഫര്‍ അതിന്റെ രഹസ്യം (ഫോര്‍മുല) വെളിപ്പെടുത്തിയില്ല. അതിനാല്‍ 1827-ല്‍ ആദ്യ ഫോട്ടോഗ്രാഫിന് ശാസ്ത്ര വിശാരദന്മാരുടെ യോഗം അംഗീകാരം നല്‍കിയില്ലെന്നു മാത്രമല്ല, യാതൊരുവിധ സ്‌കോളര്‍ഷിപ്പും അനുവദിച്ചുമില്ല. അദ്ദേഹം ഇവയെല്ലാം സസ്യശാസ്ത്രജ്ഞന്‍ ബെയറിനെ ഏല്പിച്ചിട്ട് പാരീസിലേക്കു മടങ്ങി. ജോസഫ് നീസ്ഫര്‍ പാരീസില്‍ വന്ന് വീണ്ടും പരീക്ഷണങ്ങളില്‍ മുഴുകി. ജോസഫ് നീസ്ഫര്‍ നീപ്സിന്റെ ഫോട്ടോഗ്രാഫി കണ്ടുപിടുത്തങ്ങള്‍ കേട്ടറിഞ്ഞ ലൂയിസ് ദാഗൈര്‍ എന്ന ആള്‍ അദ്ദേഹത്തോടൊപ്പം 1829-ല്‍ പത്തുവര്‍ഷത്തെ പങ്കാളിത്ത കരാര്‍ പ്രകാരം പരീക്ഷണങ്ങളില്‍ ഒപ്പം ചേര്‍ന്നു. 1833 ജൂലൈ 5-ന് പെട്ടെന്ന് പക്ഷാഘാതം വന്ന് ജോസഫ് നീസ്ഫര്‍ മരണത്തിന്റെ ഫ്രെയിമില്‍ പ്രവേശിച്ചു.
റോയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആദ്യ ഫോട്ടോഗ്രാഫിന്റെ പ്രദര്‍ശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. 1898-ല്‍ ലണ്ടനിലെ പ്രശസ്തമായ ക്രിസ്റ്റല്‍ പാലസിലാണ് അവസാനമായി പ്രദര്‍ശനം നടന്നത്. അതിനുശേഷം അരനൂറ്റാണ്ടുകാലം ആദ്യ ഫോട്ടോഗ്രാഫ് എവിടെയാണെന്ന് ലോകത്ത് ആര്‍ക്കും അറിയില്ലായിരുന്നു.

ആഗസ്റ്റ് 19 വഞ്ചനയുടെ ദിനം

ഫോട്ടോഗ്രാഫി ചരിത്രകാരനായ ഹെല്‍മുട്ട് ഗേന്‍ഷെയിം, ആദ്യ ഫോട്ടോഗ്രാഫിനായി  1947-ല്‍ അന്വേഷണം തുടങ്ങി. 1950-ല്‍ ആദ്യ ഫോട്ടോഗ്രാഫ് കണ്ടെത്തുന്നതിന്  ലണ്ടന്‍  ഒബ്സര്‍വര്‍ പത്രത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തി. അര നൂറ്റാണ്ടുകാലം ഒരു പണ്ടികശാലയ്ക്കകത്ത് ഇരുമ്പുപെട്ടിക്കുള്ളില്‍ ഇരുളിലാണ്ടുകിടന്ന ആദ്യ ഫോട്ടോഗ്രാഫ് 1952 ഫെബ്രുവരി 14-ന് ഹെല്‍മുട്ട് ഗേന്‍ഷെയിം കണ്ടെത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.
ഗേന്‍ഷെയിമിന്റെ ഗവേഷണ പ്രകാരം ആദ്യ ഫോട്ടോഗ്രാഫ് 1826-ല്‍ പിറന്നു എന്നുവേണം കരുതാന്‍. കാരണം 1826-ല്‍ ജോസഫ് നീസ്ഫര്‍ പാരീസിലെ ഒപ്റ്റീഷ്യന്റെ പക്കല്‍നിന്നും പുതിയ ലെന്‍സും പ്യൂട്ടര്‍പ്ലേറ്റുകളും വാങ്ങിയതായി കണ്ടെത്തി. അതിനാല്‍ 1826-ല്‍ത്തന്നെ ആദ്യ ഫോട്ടോ എടുത്തു എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ലോകത്തെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് ഹെല്‍മുട്ട് ഗേന്‍ഷെയിം, അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്സിറ്റിക്ക് പ്രതിഫലം ഒന്നും വാങ്ങാതെ സംഭാവന ചെയ്തു. ഇന്ന് യൂണിവേഴ്സിറ്റിയുടെ ഹാരി റാന്‍സം സെന്ററില്‍ പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധത്തില്‍ ലോകത്തിലെ ആദ്യ വിജയകരമായ ഫോട്ടോഗ്രാഫ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ജോസഫ് നീസ്ഫറിന്റെ മരണശേഷം മകന്‍ ഇസിദോര്‍ പങ്കാളിത്തക്കരാറുമായി മുന്നോട്ടുപോയി. എന്നാല്‍, ജോസഫ് നീസ്ഫറിന്റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം ലൂയിസ് ദാഗൈര്‍ സ്വന്തം പേരിലാക്കി. 'ദാഗുരെടൈപ്പ് ഫോട്ടോഗ്രാഫി പ്രോസ്സസ്' എന്നപേരില്‍ ഫ്രെഞ്ച് സയന്‍സ് അക്കാദമിയുടെ പ്രസിഡന്റും കൗശലക്കാരനായ രാഷ്ട്രീയക്കാരനുമായ ഫ്രാങ്കോയീസ് അരാഗോ മുഖേന 1839 ആഗസ്റ്റ് 19-ന് ഒരു പ്രഖ്യാപനം നടത്തി. എന്നാല്‍, മൈല്‍സ് ബെറി എന്ന പേറ്റന്റ് ഏജന്റ് മുഖേന അഞ്ച് ദിവസം മുന്‍പ്, അതായത് ആഗസ്റ്റ് 14-ന് ബ്രിട്ടനില്‍നിന്ന് ലൂയിസ് ദാഗൈര്‍ ഈ പ്രോസസ്സിന് പേറ്റന്റ് നേടിയിരുന്നു.
ആഗസ്റ്റ് 19-ന് നടന്ന പ്രഖ്യാപനത്തെ ഫോട്ടോഗ്രാഫിയുടെ ആദ്യ ചരിത്രകാരി ലേഡി എലിസബത്ത് ഈസ്റ്റ്ലേക്ക് കൊടിയ വഞ്ചന, ചതി, കുടിലതന്ത്രം എന്നെല്ലാമാണ് വിശേഷിപ്പിച്ചത്.


ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവായ ജോസഫ് നീസ്ഫര്‍ നീപ്സിന്റെ കണ്ടുപിടുത്തങ്ങളെല്ലാം കൊടിയവഞ്ചനയിലൂടെ തട്ടിയെടുത്ത് പ്രഖ്യാപിച്ച ദിനമാണ് ആഗസ്റ്റ് 19. ഉത്തരേന്ത്യക്കാരനായ ഓപി എന്നു വിളിപ്പേരുള്ള, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ ഈ ദിവസം ലോക ഫോട്ടോഗ്രാഫി ദിനമായി സ്വയം പ്രഖ്യാപിച്ചുകളഞ്ഞു. ചരിത്രവസ്തുതകള്‍ പരിശോധിക്കാതെ, ചരിത്രത്തിലെ അപമാനകരമായ ഒരു ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി ചില മാധ്യമങ്ങളും കേരളത്തിലെ ഒരു ഫോട്ടോഗ്രാഫി സംഘടനയും ആഘോഷമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. അങ്ങനെ ജോസഫ് നീസ്ഫറിനെ വീണ്ടും ഇരുളിലേക്കു തള്ളി.
ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവിനെ തിരസ്‌കരിച്ചുകൊണ്ടുള്ള വസ്തുതാവിരുദ്ധമായ ഇത്തരം നടപടികളില്‍നിന്ന് ഫോട്ടോഗ്രാഫിയുടെ ചരിത്രത്തെ സംരക്ഷിക്കേണ്ടത് ഫോട്ടോഗ്രാഫിയെ സ്‌നേഹിക്കുന്ന ഓരോരുത്തരുടേയും കടമയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com