'ബി കോം ഫസ്റ്റ് ക്ലാസ് ഒക്കെ ഉണ്ടായിട്ടും എന്താടാ ദാസാ എന്നെ ആരും ജോലിക്ക് എടുക്കാത്തത്?'

'ബി കോം ഫസ്റ്റ് കഌസ് ഒക്കെ ഉണ്ടായിട്ടും എന്താടാ ദാസാ എന്നെ ആരും ജോലിക്ക് എടുക്കാത്തത്?'
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

കോവിഡ് വ്യാപനം രൂക്ഷമായതോടെ പഠനം ഏതാണ്ട് മുഴുവനായും ഓണ്‍ലൈന്‍ ആയി മാറി. കോവിഡ് അനന്തര ലോകത്ത് ക്ലാസുകള്‍ തുറക്കുമ്പോഴും അതില്‍ നല്ലൊരു പങ്കും ഓണ്‍ലൈന്‍ തന്നെയായി തുടരുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്ലാസ് ഉള്ളിടത്തെല്ലാം ക്ലാസ് കട്ട് ചെയ്യലും ഉണ്ടല്ലോ! ഓണ്‍ലൈന്‍ ക്ലാസുകള്‍ കട്ട് ചെയ്യുമ്പോള്‍ വരാവുന്ന ചില 'പാര'കളെപ്പറ്റിയാണ് മുരളി തുമ്മാരുകുടി ഈ കുറിപ്പില്‍ പറയുന്നത്.


ഓണ്‍ലൈന്‍ ക്ലാസുകള്‍ കട്ട് ചെയ്യുമ്പോള്‍...

'ഈ ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്ന് പറയുന്നതൊക്കെ ചുമ്മാ തട്ടിപ്പാണെന്റെ മുരളി'
എന്റെ സുഹൃത്തായ കോളേജ് അധ്യാപകനാണ് പറയുന്നത് 
'കുട്ടികള്‍ ഒക്കെ ലോഗ് ഇന്‍ ചെയ്യും' എന്നിട്ട് അവിടെ ഒന്നും കാണില്ല. കളിക്കാനോ, ചാറ്റ് ചെയ്യാനോ ഒക്കെ പോകും.
ശരിയാകാം. ശങ്കര കോളേജില്‍ പഠിക്കുന്ന കാലത്ത് ഇംഗ്‌ളീഷ് കഌസ്സുകളില്‍ അധ്യാപകന്‍ അറ്റന്റന്‍ഡന്‍സ് എടുത്തുകഴിഞ്ഞാല്‍ ഉടന്‍ ക്ലാസ്സില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഒരു രീതി ഉണ്ടായിരുന്നു. ഞാന്‍ ഒക്കെ സ്ഥിരം ഇറങ്ങിപ്പോക്കുകാരാണ്. ഉന്നത വിദ്യാഭ്യാസത്തിന് ഭാഷയുടെ മാര്‍ക്ക് കൂട്ടില്ല എന്ന സര്‍ക്കാര്‍ നയത്തിന്റെ പ്രത്യാഘാതമാണ്. ജീവിതത്തില്‍ പക്ഷെ ഇംഗ്‌ളീഷിന്റെ അറിവാണ് പ്രൊഫഷന്റെ അറിവിലും കൂടുതല്‍ പ്രയോജനം ചെയ്യുക എന്ന് ആരും അന്ന് പറഞ്ഞു തന്നില്ല. 
പക്ഷെ അന്നൊക്കെ ആരാണ് ഇറങ്ങിപ്പോകുന്നത് എന്ന് അധ്യാപകര്‍ക്ക് അറിയാമായിരുന്നു. അധ്യാപകര്‍ ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ മുന്നിലൂടെ ഇറങ്ങി പോകുമ്പോള്‍ ഒരു ചളിപ്പൊക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇറങ്ങിയാലും ഉറങ്ങിയാലും അധ്യാപകര്‍ അറിയില്ല. ഇത്രയും എളുപ്പമാകുമ്പോള്‍ കുട്ടികള്‍ ഇറങ്ങിപ്പോകുന്നതില്‍ അതിശയമുണ്ടോ.
എന്റെ സുഹൃത്ത് ഇക്കാര്യം പറഞ്ഞു രണ്ടു ദിവസത്തിനകം കേരളത്തിലെ നൂറിലധികം എഞ്ചിനീയറിങ്ങ് കോളേജ് സിവില്‍ അധ്യാപകര്‍ക്ക് ഒരു പരിശീലന കഌസ് എടുക്കാന്‍ അവസരമുണ്ടായി. നൂറ്റി അമ്പതില്‍ അധികം അധ്യാപകര്‍ കഌസില്‍ ഉണ്ട്. കഌസ് തുടങ്ങി ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ എന്റെ സുഹൃത്ത് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തു.
അധ്യാപകര്‍ എത്ര പേര്‍ കഌസില്‍ ഉണ്ടെന്നറിയാന്‍ ഞാന്‍ ഒരു ചൂണ്ടയിട്ടു.
'ഈ പാലാരിവട്ടം പാലം പൊളിച്ചു കളയുന്നതിന് മുന്‍പ് ഒരു ലോഡ് ടെസ്റ്റിംഗ് നടത്തുന്നതായിരുന്നു ശരി' എന്ന് അഭിപ്രായമുള്ളവര്‍ ചാറ്‌ബോക്‌സില്‍ 'യെസ്'  എന്നും അല്ലാത്തവര്‍ 'നോ' എന്നും ഒന്ന് എഴുതണം.
ഏതൊരു സിവില്‍ എഞ്ചിനീയര്‍ക്കും ഈ വിഷയത്തില്‍ അടിസ്ഥാനമായ ഒരു സാങ്കേതിക അഭിപ്രായം ഉണ്ടാകണം.
പോരാത്തതിന് ഓരോ മലയാളിക്കും ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ അഭിപ്രായം ഉണ്ടാകും.
പക്ഷെ ലിസ്റ്റ് ഓഫ് പാര്‍ട്ടിസിപ്പന്റ്‌സ്  നൂറ്റി അന്‍പത് പേര്‍ ഉണ്ടെന്ന് കാണിക്കുന്ന കഌസില്‍ പത്തു പേര്‍ പോലും അഭിപ്രായം പറഞ്ഞില്ല.
ഞാന്‍ സത്യം നേരെ പറഞ്ഞു.
നിങ്ങള്‍ നൂറ്റി അന്‍പത് പേര്‍ ഉണ്ടെന്ന് കാണിക്കുന്നു, പത്തു പേര്‍ പോലും അഭിപ്രായം പറയുന്നില്ല, ബാക്കി ഉള്ളവര്‍ കഌസില്‍ ഉണ്ടോ എന്ന് എനിക്ക് അറിയാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല, അത് കൂടി അറിയാനാണ് ചോദിക്കുന്നത്. സത്യത്തില്‍ നിങ്ങള്‍ ഒക്കെ അവിടെ ഉണ്ടോ ?
പത്തു ചിലപ്പോള്‍ പതിനഞ്ചായിക്കാണും. തൊണ്ണൂറു ശതമാനവും മൗനമാണ്.
അവരൊക്കെ കഌസില്‍ ഉണ്ടായിരുന്നോ ? 
'പിള്ളേര്‍ക്ക് ചേര്‍ന്ന ടീച്ചേര്‍സ് തന്നെ. ഇവരെ ഇരട്ട പെറ്റതാണോ ?', എന്ന് ഞാന്‍ മനസ്സില്‍ കരുതി. 
ഏതൊരു കഌസ്സിലും കുട്ടികള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പഠിപ്പിക്കുന്നവര്‍ക്കാണ് എന്ന് നല്ല ബോധ്യം ഉള്ള ആളാണ് ഞാന്‍. 'ഞാനൊരു ബോറന്‍' എന്നൊക്കെ ചിന്തിച്ച് കഌസ് തുടര്‍ന്നെങ്കിലും എന്റെ മനസ്സ് കഌസില്‍ ഉണ്ടായിരുന്നില്ല.
കോവിഡിന് ശേഷം ഓണ്‍ലൈന്‍ കഌസ്സുകള്‍ തുടരുമോ ?. തുടര്‍ന്നാല്‍ ഇത്തരം തട്ടിപ്പ് പരിപാടികള്‍ നാട്ടു നടപ്പാകുമോ ? ഇതായിരുന്നു ഞാന്‍ ചിന്തിച്ചത്.
കോവിഡ് പോയിക്കഴിഞ്ഞും ലോകത്തുള്ള ഭൂരിപക്ഷം  ആളുകളും  ഇനി പഠിക്കാന്‍ പോകുന്നത് ഓണ്‍ലൈന്‍ ആയിത്തന്നെ ആണ്. കോളേജുകളും കഌസ്സുകളും ഒക്കെ ഉണ്ടാകും. ഓരോ സംവിധാനത്തിന്റെ ഭാഗമായി കഌസ്സുകളില്‍ പോവുകയും പരീക്ഷ എഴുതുകയും ഒക്കെ ചെയ്യും.
പക്ഷെ നമുക്ക് പഠിക്കണമെന്നും മനസ്സിലാക്കണം എന്നും ആഗ്രഹമുള്ള കാര്യങ്ങള്‍ ഒക്കെ നമ്മള്‍ പഠിക്കാന്‍ പോകുന്നത് ലോകത്തെ ഏറ്റവും നല്ല അധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ ആയിട്ടാണ്. അത് കേക്ക് ഉണ്ടാക്കുന്നതാണെങ്കിലും പാലം ഉണ്ടാക്കുന്നതാണെങ്കിലും ശരിയാണ്. സിമുലേഷന്‍ ആയി പ്രാക്ടിക്കല്‍ കൂടി വരുന്നതോടെ 'പഠിക്കലും പഠിപ്പിക്കലും' ഏതാണ്ട് പൂര്‍ണ്ണമായി ഓണ്‍ലൈനിലേക്ക് പോകും. അതിനെ പിന്തുണക്കുന്ന നിയമങ്ങള്‍ വരാന്‍ ഒക്കെ കുറച്ചു സമയം എടുക്കും.
കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി നാം ഓണ്‍ലൈനില്‍ പോകുമ്പോള്‍ ലോഗിന്‍ ചെയ്തു ചായ കുടിക്കാന്‍ പോകുന്ന പദ്ധതി ഉണ്ടാകില്ല, കാരണം ചായ കുടിച്ചാല്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാകില്ല. കേക്ക് പൊളിഞ്ഞാല്‍ പാലം പൊളിയുന്നത് പോലെ ആകില്ല. പിതൃസ്മരണ നേരിട്ട് കിട്ടും.
പക്ഷെ പാലം പണിയാനല്ല  പാലം ഉണ്ടാക്കുന്നതിനുള്ള ജോലി കിട്ടാന്‍ ഉള്ള സര്‍ട്ടിഫിക്കറ്റിനാണ് പഠിക്കുന്നത് എന്ന് വെക്കൂ. അവിടെയാണ് ഓണ്‍ ലൈന്‍ പ്ലാറ്റുഫോമുകള്‍ നമുക്ക് പണി തരാന്‍ പോകുന്നത്.
നമ്മള്‍ എന്ത് പഠിക്കുന്നു എന്ന് മാത്രമല്ല എങ്ങനെ പഠിക്കുന്നു എന്നത് കൂടി ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ അല്‍ഗോരിതങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങള്‍ ലോഗ് ഇന്‍ ചെയ്ത് മറ്റു വഴിക്കു പോയാല്‍, നിങ്ങള്‍ ഓണലൈന്‍ ആയി സമര്‍പ്പിക്കുന്ന അസൈന്മെന്റുകള്‍ കട്ട് ആന്‍ഡ് പേസ്റ്റ് ആയാല്‍ നിങ്ങള്‍ കഌസ്സിലെ മറ്റുള്ളവരോട് നന്നായി സഹകരിച്ചാല്‍, നിങ്ങള്‍ ഓരോ ക്ലസ്സിനു ശേഷവും അവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പേപ്പറുകള്‍ വായിച്ചാല്‍ അല്ലെങ്കില്‍  വായിച്ചില്ലെങ്കില്‍ ഇതൊക്കെ 'ബിഗ് ബ്രദര്‍' ശ്രദ്ധിക്കുന്നുണ്ട്. 
നാളെ നിങ്ങള്‍ക്ക് തൊഴില്‍ തരാന്‍ വേണ്ടി ആരെങ്കിലും നിങ്ങളെ പരിഗണിക്കുമ്പോള്‍ അവര്‍ നോക്കുന്നത് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റും യോഗ്യതയും മാത്രം ആവില്ല നിങ്ങളുടെ കഌസ്സിലെ സ്വഭാവവും കൂടി ആയിരിക്കും. 
'നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ എന്തെങ്കിലും ഫ്രീ ആയി കിട്ടിയാല്‍ അവിടെ നിങ്ങളാണ് ഉല്‍പ്പന്നം' ('if you're not paying for the product, you are the product') എന്ന് കേട്ടിട്ടില്ലേ. ഓണ്‍ലൈന്‍ ആയി നിങ്ങള്‍ക്ക് വിദ്യാഭ്യാസം കിട്ടുമ്പോള്‍ വാസ്തവത്തില്‍ അവര്‍ വില്‍ക്കാന്‍ പോകുന്നത് ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിങ്ങളുടെ 'തനി സ്വഭാവം' ആണ്.
'ബി കോം ഫസ്റ്റ് കഌസ്സ് ഒക്കെ ഉണ്ടായിട്ടും  എന്താടാ ദാസാ എന്നെ ആരും ജോലിക്ക് എടുക്കാത്തത്' എന്നതിന്റെ ഉത്തരം അന്വേഷിച്ച് ഇനി ആരും കണിമംഗലത്തേക്ക് വരേണ്ടതില്ല.
കാര്യങ്ങള്‍ മനസ്സിലായെങ്കില്‍ 
'ഗോ റ്റു യുവര്‍ ക്ലാസ്സസ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com