പത്രപ്രവര്‍ത്തനത്തിലെ ആറാമിന്ദ്രിയം; എസ് ജയചന്ദ്രന്‍ നായര്‍ എഴുതുന്നു

രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ കാണാനും മനുഷ്യനെ സ്‌നേഹിക്കാനും സാധിച്ച പത്രാധിപര്‍ ആയിരുന്നു എംഎസ് മണി, സഹപ്രവര്‍ത്തകനായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു 
എംഎസ് മണി
എംഎസ് മണി

രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ കാണാനും മനുഷ്യനെ സ്‌നേഹിക്കാനും സാധിച്ച പത്രാധിപര്‍ ആയിരുന്നു എംഎസ് മണി, സഹപ്രവര്‍ത്തകനായിരുന്ന എസ് ജയചന്ദ്രന്‍ നായര്‍ ഓര്‍ക്കുന്നു.

മകാലിക ജീവിതത്തില്‍ പത്രപ്രവര്‍ത്തനത്തിനും പത്രപ്രവര്‍ത്തകനും സൃഷ്ടിപരമായ പങ്കുണ്ടെന്നത് വെറുമൊരു സങ്കല്പമല്ലെന്നും മറിച്ച് അത് യാഥാര്‍ത്ഥ്യമാണെന്നും തെളിയിക്കുന്നതാണ് എം.എസ്. മണിയുടെ പത്രപ്രവര്‍ത്തന ജീവിതം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍, അതു പകരുന്ന നിറവ്യത്യാസങ്ങള്‍, സത്യത്തില്‍നിന്ന് അകന്നുപോവുകയോ സത്യത്തെ മറച്ചുവെക്കുകയോ ചെയ്യുന്ന സമീപനങ്ങള്‍. പത്രപ്രവര്‍ത്തനത്തെ കഥയാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. സാധാരണമായി പറയാറുള്ളതാണ് മനുഷ്യന്റേയും അതുവഴി സമൂഹത്തിന്റേയും നേര്‍ക്ക് ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍പ്പണമാണ് പത്രപ്രവര്‍ത്തനമെന്ന്. അപ്പോള്‍ മാത്രമേ അതിനു ഉണ്മയുടെ ഉപ്പുരസം ഉണ്ടാകാറുള്ളൂ. ആ സങ്കല്പം, ഒരു പരിധിവരെ എം.എസ്. മണിക്ക് പത്രപ്രവര്‍ത്തന ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായിരുന്നു.

ഏതാണ്ട് രണ്ട് രണ്ടര ദശകങ്ങള്‍ അദ്ദേഹവുമായി ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച എനിക്കു തിരിഞ്ഞുനോക്കുമ്പോള്‍, നടന്നുവന്ന വഴികള്‍, കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങള്‍ അവിശ്വസനീയമായി തോന്നാറുണ്ട്. മുന്‍കൂറായി തീരുമാനിച്ചതായിരുന്നില്ല അതൊന്നും. ആകസ്മികങ്ങളെന്നു കരുതാവുന്ന അത്തരം അവസരങ്ങള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. ഉയര്‍ന്നുനില്‍ക്കുകയും നിമിഷനേരമാത്രയില്‍ ഉപ്പുതൂണുപോലെ ഇല്ലാതാവുകയും ചെയ്തിരുന്ന സംഭവങ്ങള്‍. ഒരുപക്ഷേ, എന്നെയെന്നപോലെ, അദ്ദേഹത്തേയും വിനീതനാക്കിയ വിനയംമൂലം അധികാരത്തിന്റെ ആര്‍ഭാടങ്ങളെ നിസ്സാരങ്ങളാക്കി നിരാകരിക്കാന്‍ പ്രാപ്തി നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് അതൊക്കെ തോല്‍വിയുടേയോ നിരാശയുടേയോ ഫലമായി ഉണ്ടായതാണെന്നു തോന്നാം, സത്യം അതല്ല. നിരാസനത്തിന്റെ വഴികള്‍ ബോധപൂര്‍വ്വം സ്വീകരിക്കുകയാണ് ചെയ്തത്. ആത്മകഥയ്ക്ക് പ്രലോഭനത്തിന്റെ നിറച്ചാര്‍ത്തുണ്ടാക്കാനല്ല ഇങ്ങനെ എഴുതുന്നത്. ''മറ്റുള്ളവരുടെ വിയര്‍പ്പിന്റെ ഫലമാണ് എന്റെ ആന്തരികവും ബാഹ്യവുമായ ജീവിതമെന്ന്, ഒരു ദിവസം നൂറുവട്ടമെങ്കിലും ഞാന്‍ ഓര്‍മ്മിക്കാറുള്ളതാണ്, അങ്ങനെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അവര്‍ നല്‍കിയതെല്ലാം മടക്കിനല്‍കാന്‍ എനിക്ക് കഠിനമായി അദ്ധ്വാനിക്കേണ്ടിയിരിക്കുന്നു.'' ഐന്‍സ്റ്റീനിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കാന്‍ കാരണം എം.എസ്. മണിയുടെ പത്രപ്രവര്‍ത്തന ജീവിതമെന്ന അതവിശാലതയില്‍ കത്തുകയും അണയുകയും ചെയ്യുന്ന ചെറുതും വലുതുമായ ദീപരേഖകള്‍ നോക്കിനില്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.

ഭാവിയിലേയ്ക്കുള്ള യാത്രാപഥം 

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ഭാവി യാത്രയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്രാപഥം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകന്മാരുടെ വലിയൊരു നിരയില്‍പ്പെട്ട ജീവിതമാണ് അദ്ദേഹത്തിന്റേത്. സി.വി. കുഞ്ഞുരാമന്‍, കെ. ദാമോദരന്‍, സി. കേശവന്‍, കെ. ബാലകൃഷ്ണന്‍, കെ. സുകുമാരന്‍. ആ നിരയില്‍ അംഗമായെത്തുന്നതിനായി കോളേജ് വിദ്യാഭ്യാസ കാലത്തു തുടക്കം കുറിച്ച അദ്ദേഹം അനുഭവ പരിപ്രേക്ഷ്യത്തിന്റെ അതിരുകള്‍ വിപുലമാക്കാനായി ഡല്‍ഹിയിലേയ്ക്ക് നിയോഗിക്കപ്പെട്ടു. മറ്റൊരു സര്‍വ്വകലാശാലയ്ക്കും നല്‍കാനാവാത്ത അറിവ് അവിടെ അദ്ദേഹത്തിനു കിട്ടി. എ.കെ.ജിയെപ്പോലുള്ള മഹാരഥന്മാരുടെ സ്‌നേഹവാത്സല്യം സമ്പാദിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പത്രപ്രവര്‍ത്തന മേഖലയിലും സാഹിത്യരംഗത്തും ഉയര്‍ന്നുനിന്ന മികച്ച ഒന്നാന്തരം വ്യക്തികള്‍-ഒ.വി. വിജയനും വി.കെ. മാധവന്‍കുട്ടിയും എം.പി. നാരായണപിള്ളയും നരേന്ദ്രനും അവരില്‍ ചിലര്‍ മാത്രം. അദ്ദേഹത്തിന്റെ സ്‌നേഹവൃത്തത്തെ വലുതാക്കി. ''ഈശ്വരന്റെ ഛായ നിറഞ്ഞതാണ് വ്യക്തിയുടെ അന്തസ്സെന്നും അതുവഴി പവിത്രമാകുന്നത് മനുഷ്യജീവിതമെന്നും'' ചിന്തകനായ ജൊനാഥന്‍ സാക്‌സിന്റെ നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുന്നതായിരുന്നു എം.എസ്. മണിയുടെ ഡല്‍ഹി ജീവിതകാലം. മനുഷ്യത്വത്തിന്റെ മങ്ങാത്ത വെളിച്ചം ആ ജീവിതത്തെ സമ്പന്നമാക്കിയത്, പില്‍ക്കാല പ്രവര്‍ത്തനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ കാണാനും മനുഷ്യനെ സ്‌നേഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. കേരളകൗമുദി ദിനപത്രത്തിന്റെ എഡിറ്ററായപ്പോള്‍ തുടങ്ങിയതാണ്, ആ സ്‌നേഹസാഗരം കരകവിഞ്ഞൊഴുകാന്‍ തുടങ്ങുന്നത്.

മന്ദാകിനി അമ്മയും അജിതയും 

കേരളത്തെ ഞെട്ടിച്ചുണര്‍ത്തിയ നക്‌സലൈറ്റ് കാലമാണ് ഈ പശ്ചാത്തലത്തില്‍ ഞാനോര്‍ക്കുന്നത്. മകള്‍ അജിതയെ സന്ദര്‍ശിക്കാനായി പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലില്‍ പോകവേ, മന്ദാകിനി അമ്മയോട് അവരുടെ യാത്രയ്ക്ക് സൗകര്യം ഉണ്ടാക്കിക്കൊടുത്ത എം.എസ്. മണിയെപ്പറ്റി ഞാന്‍ ആരാഞ്ഞിരുന്നു. മന്ദാകിനി അമ്മയേയോ കുന്നിക്കല്‍ നാരായണനേയോ മകള്‍ അജിതയുമായോ ബന്ധമില്ലായിരുന്നുയെന്നു തന്നെയല്ല, അവര്‍ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയ വിശ്വാസത്തെ എം.എസ്. മണിയും അദ്ദേഹത്തിന്റെ ദിനപത്രവും ചോദ്യം ചെയ്തതിനു പുറമേ, സഹജീവി സംഹാരത്തിലൂടെ നേടുന്നത് ചുടലയിലെ നിശ്ശബ്ദതയാണെന്നു വ്യക്തമായിരുന്നു. എന്നിട്ടും, രാത്രി മുഴുവന്‍ ട്രെയിനില്‍ യാത്രചെയ്ത് പുലര്‍ച്ചയോടെ തിരുവനന്തപുരത്തെത്തുന്ന മന്ദാകിനി അമ്മയെ റെയില്‍വേ സ്റ്റേഷനില്‍നിന്നു സ്വീകരിച്ച് വീട്ടില്‍ കൊണ്ടുവന്ന് പ്രഭാതകൃത്യങ്ങള്‍ക്കുശേഷം പൂജപ്പുരയില്‍ പോകാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതിന് എം.എസ്. മണിയെ പ്രേരിപ്പിച്ച ഘടകമെന്തായിരുന്നു? തികച്ചും വ്യക്തിഗതമായ കൃത്യം മാത്രമായിരുന്നു അത്. താരതമ്യേന തിരക്കേറിയ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ച നിരവധി യാദൃച്ഛികതകളില്‍ ഒന്നു മാത്രമായിരുന്നോ ഈ പ്രവൃത്തി? കത്തുവഴിയാണ് എം.എസ്. മണിയുമായി ആ അമ്മ പരിചയപ്പെട്ടത്. തന്റെ സ്വകാര്യമായ ഇഷ്ടാനിഷ്ടങ്ങള്‍, നിരാധാരയായ ആ അമ്മയ്ക്കു നേരെ സഹായത്തിന്റെ ചില്ല നീട്ടാന്‍ അദ്ദേഹത്തിനു തടസ്സമായില്ല. നക്‌സലൈറ്റുകളുമായി ബന്ധപ്പെടുന്നതുപോലും ദേശദ്രോഹമായി കണ്ടിരുന്ന സാഹചര്യത്തില്‍ മന്ദാകിനി അമ്മയെ സഹായിക്കാന്‍ അദ്ദേഹം മുതിര്‍ന്നതിനെയല്ലേ മനുഷ്യസ്‌നേഹമെന്നും മനുഷ്യത്വമെന്നും വിശേഷിപ്പിക്കേണ്ടത്. മനുഷ്യത്വം അക്ഷരങ്ങളിലേയ്ക്ക് പിന്‍വാങ്ങിയ വര്‍ത്തമാനകാലത്ത് എം.എസ്. മണിയുടെ ആ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ വേറെയെന്തെങ്കിലും വാക്കുണ്ടോയെന്ന് എനിക്കറിയില്ല.

പുല്‍പ്പള്ളി സംഭവത്തെപ്പറ്റി നിറംപിടിപ്പിച്ച കഥകള്‍ മെനഞ്ഞെടുക്കുന്നതിനായി മാധ്യമങ്ങള്‍ മത്സരിച്ചിരുന്ന ആ ഘട്ടത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണവും പ്രായപൂര്‍ത്തിയാകാത്ത അജിതയോടുള്ള പൊലീസിന്റെ വൃത്തികെട്ട പെരുമാറ്റവും വസ്തുനിഷ്ഠമായി പ്രതിപാദിക്കാനും പിന്നീട് ചോരപൊടിയുന്ന അജിതയുടെ സ്മരണകള്‍ പ്രസിദ്ധീകരിക്കാനും എം.എസ്. മണി തയ്യാറായിയെന്നിടത്താണ്, ഒരു പത്രപ്രവര്‍ത്തകന്‍ സമൂഹത്തിന്റെ സാക്ഷിയാകുന്നത്.

അക്കാലത്താണ്, എം. ശിവറാം (ബര്‍മ്മീസ് പ്രസിഡന്റായിരുന്ന ഓങ്‌സാനെ വെടിവെച്ചുകൊന്ന് നടന്ന പട്ടാള വിപ്ലവ വിവരം റംഗൂണില്‍ റായിട്ടര്‍ ലേഖകനായിരുന്ന ശിവറാമായിരുന്നു ആദ്യം ലോകത്തെ അറിയിക്കുന്നത്) തിരുവനന്തപുരത്ത് സ്ഥിരം പാര്‍പ്പാക്കിയത്. സജീവ പത്രപ്രവര്‍ത്തനത്തോട് വിടപറഞ്ഞു വാര്‍ദ്ധക്യത്തിന്റെ ശീതളിമയില്‍ വിശ്രമിക്കാനെത്തിയതായിരുന്നു അദ്ദേഹം, നക്‌സലൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയായി സി.ഐ.എയുടെ കറുത്ത കരങ്ങള്‍ കണ്ടത്. അതേപ്പറ്റി അദ്ദേഹം എഴുതിയ ലേഖനപരമ്പര കേരള കൗമുദിയില്‍ പ്രസിദ്ധീകരിക്കുക വഴി പല വീക്ഷണങ്ങളിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നത് നിജസ്ഥിതി തിരിച്ചറിയാന്‍ സഹായകമാകുമെന്ന് എം.എസ്. മണി കരുതി.

തിരിഞ്ഞുനോക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യം തോന്നുന്ന മറ്റൊരു സംഭവമായിരുന്നു വി.കെ. കൃഷ്ണമേനോന്റെ ലോക്സഭാ തെരഞ്ഞെടുപ്പു മത്സരം. ഉറക്കമില്ലാത്ത ദിനരാത്രങ്ങളിലൂടെ താന്‍കൂടി നിര്‍മ്മിച്ചുയര്‍ത്തിയ സ്വാതന്ത്ര്യത്തിന്റെ മഹാമാളികയെന്നു വിശേഷിപ്പിക്കാവുന്ന കോണ്‍ഗ്രസ്സില്‍നിന്നു പുറത്തുപോകാന്‍ നിര്‍ബ്ബന്ധിതനായ വി.കെ. കൃഷ്ണമേനോന്‍ തിരുവനന്തപുരം ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം അഭയാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും അദ്ദേഹത്തെ സഹായിക്കാന്‍ തയ്യാറായില്ല. തിരുവനന്തപുരം നിവാസികള്‍ക്ക് കൃഷ്ണമേനോന്‍ വെറുമൊരു പേരായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ തുണയ്ക്കാന്‍, പിന്താങ്ങാന്‍, ഇരുകാലുകളില്‍ ഉറച്ചുനില്‍ക്കാന്‍ കേരള കൗമുദിയും എം.എസ്. മണിയും മുന്നോട്ടു വന്നത്. അപ്പോള്‍ ആരും കരുതിക്കാണില്ല, അതൊരു ചരിത്രമാകുമെന്ന്. കൃഷ്ണമേനോന്റെ മത്സരത്തിന്റെ പ്രചരണഭാരം പരിപൂര്‍ണ്ണമായി എം.എസ്. മണി ഏറ്റെടുത്തു. തന്റെ ദിനപത്രത്തിലൂടെ ആ മഹാമനുഷ്യനെ തിരുവനന്തപുരത്തുകാരുടെ ഡ്രായിംഗ് റൂമിലെ സാന്നിദ്ധ്യമാക്കി. രാഷ്ട്രീയവും സാമൂഹ്യവുമായ മേഖലകളില്‍ ഒരു പത്രത്തിനു രചനാത്മകമായി ഇടപെടാന്‍ എങ്ങനെ സാധിക്കുമെന്നതിന്റെ വാചാലമായ പ്രഖ്യാപനമായിരുന്നു ആ തെരഞ്ഞെടുപ്പു മത്സരവിജയം. അതിനു കാരണക്കാരനായത് താന്‍ ആയിരുന്നുവെന്ന് ഒരിക്കലും എം.എസ്. മണി അവകാശപ്പെട്ടില്ല.

ഡല്‍ഹി ജീവിതകാലം അദ്ദേഹത്തിനു നല്‍കിയ അനുഭവങ്ങളായിരിക്കാം അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിതത്തെ കുടുസ്സുകളില്‍ ഒതുക്കാതെ വിശാലതയിലെത്തിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു അദ്ദേഹമെപ്പോഴും.

എ.കെ.ജിയും അമരാവതിയിലെ സത്യാഗ്രഹവും മറ്റൊരു സംഭവമായിരുന്നു. ആ പ്രക്ഷോഭണത്തിന്റെ 'തല്‍ക്ഷണ പ്രക്ഷേപണ'മായിരുന്നു അക്കാലത്ത് കേരള കൗമുദി നടത്തിയിരുന്നത്. വ്യക്തിപരമായ നിലയില്‍ അതില്‍ എം.എസ്. മണി ഇടപെട്ടു. ഒടുവില്‍ ഫാദര്‍ വടക്കന്‍ മധ്യസ്ഥനാകുന്നതില്‍വരെ എത്തിയതായിരുന്നു അദ്ദേഹത്തിന്റെ പങ്കാളിത്തം. താന്‍ കാണുന്നതും കേള്‍ക്കുന്നതും സത്യസന്ധമായി വായനക്കാരനിലെത്തിക്കുകയെന്ന വിശ്വാസം, ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം കൈവിട്ടില്ല. സഹപ്രവര്‍ത്തകരിലും ആ വിശ്വാസത്തിന്റെ വേരുകള്‍ പടര്‍ത്താന്‍ എം.എസ്. മണിക്കു സാധിക്കുകയുണ്ടായി. മറ്റു ദിനപത്രങ്ങളില്‍നിന്ന് കേരളകൗമുദിയെ വ്യത്യസ്തമാക്കിയത് സത്യത്തോടുള്ള അയവില്ലാത്ത സമര്‍പ്പണമായിരുന്നു. അതിനാധാരമായത് പത്രാധിപര്‍ കെ. സുകുമാരനായിരുന്നു. ക്ലേശങ്ങളും ദുര്‍ഘടങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിശ്ചയദാര്‍ഢ്യതയോടെ അവയെ അഭിമുഖീകരിച്ച് അതിജീവനം സാധ്യമായത് പ്രലോഭനങ്ങളെ നിരാകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിഴലില്‍ കുറച്ചുകാലം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ അവിസ്മരണീയ നാളുകളായിരുന്നു. അച്ഛനെ പിന്തുടര്‍ന്ന് പത്രാധിപരാകുമ്പോള്‍ താന്‍ ഏറ്റെടുക്കുന്നത് സാഹസികമെന്നതിനേക്കാള്‍ ഭാരം നിറഞ്ഞ ആ പാരമ്പര്യമാണെന്നും അതിനു പോറലേല്‍ക്കാതെ ശ്രദ്ധിക്കേണ്ടത് തന്റെ മാത്രമല്ല, മഹത്തായ ആ സ്ഥാപനത്തിന്റെ നിലനില്പിനു അത്യാവശ്യമാണെന്ന് എം.എസ്. മണിക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഒന്നാംകിട ദിനപത്രമാക്കുന്നതിനു പുറമെ, കേരള കൗമുദിയെ പ്രചാരത്തില്‍ മുന്‍പനാക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.

തിരുവനന്തപുരത്തുകാരുടെ ദിനപത്രമായിരുന്നു കേരള കൗമുദി. അതിലൂടെയായിരുന്നു കേരളത്തേയും ഇന്ത്യയേയും വായനക്കാര്‍ പരിചയപ്പെട്ടത്. ഒരു എഡിഷന്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ ദിനപത്രങ്ങള്‍. തിരുവനന്തപുരത്തുനിന്നു കേരള കൗമുദി, കോട്ടയത്തുനിന്നു മലയാള മനോരമയും കോഴിക്കോട്ടുനിന്ന് മാതൃഭൂമിയും. പ്രമുഖങ്ങളായ ഈ പത്രങ്ങള്‍ തമ്മിലായിരുന്നു മത്സരം. തിരുവനന്തപുരം അതിര്‍ത്തിയില്‍ കേരള കൗമുദി ഉയര്‍ത്തിയ കോട്ടയില്‍ ചെറിയൊരു വിള്ളലുണ്ടാക്കാന്‍പോലും മറ്റു ദിനപത്രങ്ങള്‍ക്കു സാധിച്ചില്ല. ആയിടയ്ക്ക് കേരള കൗമുദിയുടെ സര്‍ക്കുലേഷന്‍ ഒരു ലക്ഷം കടന്നു. എഡിറ്ററായ എം.എസ്. മണിയുടെ പ്രവര്‍ത്തനത്തിലെ സുവര്‍ണ്ണ നിമിഷമായിരുന്നു, ഒരു ലക്ഷമെന്ന 'ബാരിയര്‍ ഭേദിച്ച്' കയറിയത്. ഒരു മൈല്‍ നാല് മിനിട്ടുകൊണ്ട് ഓടി റെക്കോര്‍ഡ് സ്ഥാപിച്ച റോജര്‍ ബാനിസ്റ്ററെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു, എം.എസ്. മണിയുടെ നേട്ടം. ഒരു ലക്ഷം പ്രതികള്‍ അച്ചടിച്ച ആ ദിവസം ഞങ്ങള്‍ ആഘോഷത്തില്‍ മുങ്ങി. അതുപോലെ മറ്റു ആഴ്ചപ്പതിപ്പുകളെ പിന്നിലാക്കി കലാകൗമുദി തൊണ്ണൂറായിരം കോപ്പികളുടെ പ്രചാരം കൈവരിച്ചതും പലപ്പോഴും ഞാനോര്‍ക്കുമായിരുന്നു.

കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാതെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയും തലസ്ഥാനമായ ഡല്‍ഹിയിലേയും വാര്‍ത്തകള്‍ക്കു പുറമെ സാര്‍വ്വദേശീയരംഗത്തെ ചലനങ്ങള്‍ വായനക്കാരനിലെത്തിക്കാനും കേരള കൗമുദി സവിശേഷ താല്പര്യം പ്രദര്‍ശിപ്പിച്ചു, വെള്ളക്കാരനും കറുത്തവനും തവിട്ടു നിറക്കാരനും തമ്മിലുള്ള വ്യത്യാസവും അകല്‍ച്ചയും വാര്‍ത്തകള്‍ക്കില്ലെന്ന വിശ്വാസപ്രമാണമായിരുന്നു ആ ദിനപത്രത്തിന്റേത്.

ഈഴവാദി പിന്നാക്ക സമുദായങ്ങളുടെ അന്തസ്സും അവകാശവും കാപ്പാറ്റുകയാണ് ദിനപത്രത്തിന്റെ ധര്‍മ്മമെന്ന വിശ്വാസത്തില്‍നിന്ന് അതിന്റെ സ്ഥാപക പത്രാധിപരായ കെ. സുകുമാരന്‍ അണുകിട വ്യതിചലിച്ചിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം ശ്രീനാരായണീയനായിരുന്നു. ഇതിനു രസകരമായ ഒരു ഉപകഥയുണ്ട്. ഗുരുദേവനുമായി നിരന്തരമായി സംഭാഷണത്തിലേര്‍പ്പെട്ടിരുന്ന സി.വി. കുഞ്ഞുരാമനുമായി ബന്ധപ്പെട്ടതാണ് ആ കഥ. കേരള കൗമുദി പത്രാധിപര്‍ ആയിരിക്കെത്തന്നെ അദ്ദേഹം മലയാളരാജ്യത്തിന്റെ പത്രാധിപരായിരുന്നു. ചെറുപ്പത്തില്‍ മരണമടഞ്ഞ സ്വാതന്ത്ര്യസമര നേതാവായിരുന്ന കെ.ജി. ശങ്കര്‍ തന്റെ ആശയപ്രചാരണത്തിനായി ആരംഭിച്ചതായിരുന്നു മലയാളരാജ്യം ദിനപത്രം. സ്വാതന്ത്ര്യസമരത്തിന്റെ ജിഹ്വയായി മാറിയ ആ ദിനപത്രം അദ്ദേഹത്തിന്റെ വിയോഗത്തോടെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജിഹ്വയായി. നായര്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച ആ ദിനപത്രത്തില്‍ മുഖപ്രസംഗം എഴുതിയിരുന്നത് സി.വിയായിരുന്നു. അതില്‍ താന്‍ ഉന്നയിക്കുന്ന വാദങ്ങളെ ഖണ്ഡിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന അഭിപ്രായങ്ങള്‍ തൊട്ടടുത്ത ദിവസത്തെ കേരള കൗമുദിയില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിക്കുമായിരുന്നു. അങ്ങനെയാണ് അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന സി.വിയുടെ നിരീക്ഷണം പ്രചാരത്തിലായത്. അക്കാലത്ത് കേരള കൗമുദിയുടെ ജാതിരാഷ്ട്രീയത്തെ ആക്ഷേപിച്ചുകൊണ്ട് മലയാളരാജ്യം എഴുതിയതിനു മറുപടിയായി മാനേജര്‍ ഒഴികെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലും പത്രാധിപസമിതിയിലും നായന്മാര്‍ മാത്രമാണ് ഇതെന്ന് കേരള കൗമുദി എഴുതുകയുണ്ടായി. രണ്ടു ദിനപത്രങ്ങളും ജാതിസേവ നടത്തുന്നതിന്റെ പിന്നിലുള്ള കച്ചവട താല്പര്യങ്ങള്‍ എം.എസ്. മണി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു സമുദായത്തിന്റെ പിന്നാലെ അദ്ദേഹം പോയില്ല. മന്നത്തു പത്മനാഭനും ആര്‍. ശങ്കറും മറ്റു സമുദായ നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഇ.എം.എസ്സും അച്ചുതമേനോനും ഗൗരി അമ്മയും തന്റെ സുഹൃദ്വലയത്തിലെത്തിയതുപോലെ സി.കെ. ഗോവിന്ദന്‍ നായരും എ.കെ. ആന്റണിയും കെ.കെ. വിശ്വനാഥനും അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു.

പുരോഗമനാശയങ്ങളോട് വിശേഷിച്ച് ഇടതുപക്ഷ ചിന്താഗതിയോട് ആദരവുനിറഞ്ഞ ആഭിമുഖ്യം എം.എസ്. മണി എക്കാലവും പുലര്‍ത്തിയിരുന്നു. സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി ജീവിതകാലത്തിന്റെ തുടര്‍ച്ചയായി ഇടതുപക്ഷ രാഷ്ട്രീയത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചു. അതുകൊണ്ടുതന്നെ പലപ്പോഴും വലതുപക്ഷ ചിന്താഗതിക്കാരായ കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ കേരള കൗമുദി നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അപ്പോഴും എല്ലാത്തരം രാഷ്ട്രീയ വിശ്വാസികളുമായി മൈത്രി പുലര്‍ത്താന്‍ എം.എസ്. മണിക്കു സാധിച്ചത്, ഹൃദയവിശാലതയോടൊപ്പം ഏതുതരം അഭിപ്രായങ്ങളേയും വീക്ഷണങ്ങളേയും സ്വീകരിക്കാനുള്ള പക്വതകൊണ്ടായിരുന്നു. ഒന്നും നിരാകരിച്ചില്ല അദ്ദേഹം. തന്റെ ദിനപത്രം അതിന്റെ ദര്‍പ്പണമാകുന്നതില്‍ ശ്രദ്ധിച്ചു. വിശ്വാസം കണ്ണിലെ കൃഷ്ണമണിയായിരുന്നു എം.എസ്. മണിക്ക്.

കാട്ടുകള്ളന്മാര്‍ക്കു ശേഷം 

'പൊതു സ്വത്തപഹരണം' എന്ന പേരില്‍ കാട്ടുകൊള്ളയ്‌ക്കെതിരെ നിലപാടെടുത്ത അദ്ദേഹം അക്കാലത്ത് എത്രയെത്ര മാന്യന്മാരെയാണ് ആശങ്കയിലാക്കിയത്. പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീണു. രാജാവ് നഗ്‌നനാണെന്നു വിളിച്ചുപറയാന്‍ ധൈര്യം പ്രദര്‍ശിപ്പിച്ചതിനു പുറമെ അന്വേഷണാത്മക റിപ്പോര്‍ട്ടിംഗില്‍ തുടക്കം കുറിക്കുകയും കൊള്ളകള്‍ക്കെതിരെ തന്റെ ദിനപത്രം കണ്ണും കാതും തുറന്നിരിക്കുകയാണെന്നും ഏവരേയും ബോദ്ധ്യപ്പെടുത്തുകയുണ്ടായി.

അങ്ങനെ തന്റെ ദിനപത്രത്തെ ജനശബ്ദമോ ജനരോഷത്തിന്റെ വേദിയോ ആക്കുന്നതിനായി വ്യക്തിപരമായ ഒരുപാട് നഷ്ടങ്ങള്‍ സ്വയമേറ്റെടുത്തു. സൗഖ്യങ്ങളെ വാരിപ്പുണരുകയോ സമ്പത്തിന്റെ അതിരുകള്‍ ഇല്ലാത്ത സാമ്രാജ്യം കെട്ടിപ്പടുക്കാനോ എം.എസ്. മണി ശ്രമിച്ചില്ല. അധികാരവും അതു പ്രദാനം ചെയ്യുന്ന സുഖസൗകര്യങ്ങളും അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. അനുജന്‍ മധുസൂദനനുവേണ്ടി പത്രാധിപത്യം ഉപേക്ഷിച്ചത് അതിന്റെ തിളങ്ങുന്ന ഉദാഹരണമായിരുന്നു. വനം സ്വത്തപഹരണമെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരണം വനംവകുപ്പുമന്ത്രി അടിയോടിയുടെ കസേര അപഹരിച്ചതിനു ഫലമായി മുഖ്യമന്ത്രിയായ കരുണാകരന്റെ ക്ഷാത്രത്തിനു പാത്രമായ പശ്ചാത്തലം എം.എസ്. മണിയുടെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഭൂകമ്പ സമാനമായ ചലനങ്ങള്‍ ഉണ്ടാക്കി. കേരള കൗമുദിയുടെ അധികാരഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ അതിന്റെ പ്രത്യക്ഷങ്ങളായി. എന്‍ജിനീയറിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിഞ്ഞ മധുസൂദനന്റെ രാഷ്ട്രീയാഭിമുഖ്യം വ്യത്യസ്തമായിരുന്നു. ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രി കസേരയിലിരുത്തി അവരുടെ മകന്‍ സഞ്ജയ് ഗാന്ധി അധികാരത്തിന്റെ ചുക്കാന്‍ നിയന്ത്രിച്ചു തുടങ്ങിയതായിരുന്നു ആ കാലം. ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ നിര്‍ബ്ബന്ധിത വന്ധ്യംകരണവും നഗരങ്ങളെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി കുടിലുകളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെടുത്തി ഡല്‍ഹിയില്‍ നടന്ന തുര്‍ക്ക്മാന്‍ ഗേറ്റ് സംഭവവും സഞ്ജയ് ഗാന്ധിയുടെ യാത്രാപഥം വ്യക്തമാക്കുന്നതായിരുന്നു.

അടിയന്തരാവസ്ഥയിലേയ്ക്കായിരുന്നു അത് ചെന്നെത്തിയത്. അങ്ങനെ സ്വേച്ഛാധിപത്യത്തിന്റെ ആരാധകനായ സഞ്ജയ് ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കേരള കൗമുദിയില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതു വഴി മധുസൂദനന്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. എം.എസ്. മണിയും കേരള കൗമുദിയും പിന്തുടര്‍ന്നിരുന്ന നയങ്ങളോടുള്ള വിട്ടുപിരിയലായിരുന്നു അപ്പോള്‍ സംഭവിച്ചത്. ഫുക്കയാമ എഴുതിയതുപോലെ, ചരിത്രം അവസാനിക്കുകയായിരുന്നു അപ്പോള്‍.

കേരള കൗമുദിയില്‍നിന്നു മാറി ഒരു ആഴ്ചപ്പതിപ്പ്, കലാകൗമുദി തുടങ്ങാന്‍ തീരുമാനിച്ച എം.എസ്. മണിക്കു തികച്ചും അജ്ഞാതമായ മേഖലയായിരുന്നു. മുന്‍പ്, കേരള കൗമുദി പത്രാധിപരായിരുന്ന കാലത്ത് ഞായറാഴ്ചപ്പതിപ്പിനു 'സണ്‍ഡേ മാഗസിന്‍' എന്ന നാമകരണം ചെയ്ത് വായനക്കാരെ ആകര്‍ഷിക്കാനുള്ള വിഭവങ്ങള്‍ ഒരുക്കിയ അനുഭവമായിരുന്നു ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണ കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. പുതിയ സംരംഭത്തെപ്പറ്റി സംസാരിക്കവെ, താനുമായി സഹകരിക്കാന്‍ അദ്ദേഹം ക്ഷണിച്ചത് കലവറ കൂടാതെ സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് സാഹിത്യത്തോടുള്ള ആരാധനയായിരുന്നു. മാതൃഭൂമി വാരികയുടെ സ്ഥിരം വായനക്കാരനായിരുന്നു ഞാന്‍. (ഉറൂബിന്റെ ഉമ്മാച്ചു അച്ചടിച്ചു വന്നിരുന്ന മാതൃഭൂമി കാത്തു പുളിമൂട്ടിലുള്ള ഭാസ്‌കരന്‍ നായരുടെ കടയില്‍ കാത്തുനിന്ന കാലം ഞാന്‍ ഓര്‍മ്മിക്കാറുണ്ടായിരുന്നു) ഒരു ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഡൈനാമിക്‌സില്‍ തികഞ്ഞ അജ്ഞതയായിരുന്നുവെങ്കിലും തണുക്കുമെന്നോ മുങ്ങിപ്പോകുമെന്നോയുള്ള ഭയമൊന്നുമില്ലാതെ എടുത്തുചാടാന്‍ അദ്ദേഹം തയ്യാറായത്, ഒരുപക്ഷേ, പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തണമെന്ന അഭിലാഷമായിരിക്കാം. ഏതായാലും ഒടുവില്‍ അദ്ദേഹം വിജയിച്ചു. പുതിയ ഭൂമിയും പുതിയ ആകാശവും സ്വന്തമാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. തൈക്കാട്ടും പിന്നീട് പട്ടത്തുമുള്ള വാടകക്കെട്ടിടങ്ങളായിരുന്നു അക്കാലത്തെ ഞങ്ങളുടെ അത്താണി. എനിക്കു പുറമെ എന്‍.ആര്‍.എസ്. ബാബുവും ആഴ്ചപ്പതിപ്പിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. പേട്ടയിലുള്ള കേരള കൗമുദി പ്രസ്സില്‍ അച്ചടി. കവര്‍ച്ചിത്രം അച്ചടിക്കാന്‍ കണ്ടുപിടിച്ചത് ശിവകാശിയിലെ ഓറിയന്റ് ലിത്തോ പ്രസ്സായിരുന്നു. എല്ലാ ആഴ്ചയും ഞങ്ങള്‍, ഞാനും എം.എസ്. മണിയും ശിവകാശിയില്‍ കവര്‍ചിത്രം ഏല്പിക്കാന്‍ പോകുമായിരുന്നു. അവധികളോ വിശ്രമമോ ഇല്ലാത്ത ദിവസങ്ങള്‍. കാമ്പും കഴമ്പുമുള്ള ഒരു പ്രസിദ്ധീകരണം. അതിനെ ഇടതുരാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍പോലും മടികാണിച്ചില്ല. അങ്ങനെ പതുക്കെപ്പതുക്കെ കലാകൗമുദി മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍. ഒ.വി. വിജയന്റെ, ഇത്തിരി നേരമ്പോക്ക് എം.ടിയുടെ രണ്ടാമൂഴത്തിന്റെ പ്രസിദ്ധീകരണത്തോടെ കലാകൗമുദിയുടെ ഭാരതപ്പുഴ കടന്നു മലബാറിലെത്തി.

കലാകൗമുദിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പ്രസിദ്ധീകരണങ്ങള്‍, കഥാമാസികയും ഫോട്ടോ മാഗസിനും ട്രയല്‍ ആഴ്ചപ്പതിപ്പും ആരംഭിച്ചു. സമാന്തര സിനിമയുടെ പ്രാതിനിധ്യം ഏറ്റെടുത്ത ഫിലിം മാഗസിന്‍ അക്കാലത്ത് ചലച്ചിത്രപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. ആ പ്രസിദ്ധീകരണവുമായി ബന്ധപ്പെടുത്തി, സത്യജിത് റേയ്ക്ക് സ്വീകരണം നല്‍കിയ സംഭവം അക്കാലത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 'ടൈം' മാഗസിന്റെ ഫോര്‍മാറ്റിലായിരുന്നു, എം.പി. നാരായണപിള്ളയെ പത്രാധിപരാക്കി ട്രയല്‍ ആഴ്ചപ്പതിപ്പ് തുടങ്ങിയത്. പ്രസാദ് ലക്ഷ്മണനും അശോക് കുമാറും നാരായണ ഭട്ടതിരിയും നാണപ്പന്റെ സംഘാംഗങ്ങളായി. സി.ആര്‍. കേശവന്‍ വൈദ്യരുടേയും മംഗളം വര്‍ഗ്ഗീസിന്റേയും ജീവചരിത്രം പ്രതിപാദിച്ച് വായനക്കാരുടെ ശ്രദ്ധയിലേയ്ക്കുയര്‍ന്ന ട്രയലിന്റെ പതനം ചര്‍ച്ചാവിഷയമായതാണ്. എം.പി. വീരേന്ദ്ര കുമാറിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചത് അദ്ദേഹത്തെ ക്ഷുഭിതനാക്കി. അക്കാര്യം എം.എസ്. മണിയെ അദ്ദേഹം അറിയിച്ച സാഹചര്യത്തില്‍ നാണപ്പന്‍ പത്രാധിപ സ്ഥാനം ഒഴിഞ്ഞ് ബോംബെയിലേയ്ക്കു മടങ്ങി.

വാടകക്കെട്ടിടങ്ങള്‍ വിട്ട് പേട്ടയിലെ കേരള കൗമുദി കാമ്പസ്സില്‍ എം.എസ്. മണി മടങ്ങിവന്നത്, ദിനപത്രത്തിന്റെ പത്രാധിപസ്ഥാനം ഏറ്റെടുക്കാനായിരുന്നു. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കിയ കോടതി വ്യവഹാരങ്ങള്‍ മഹത്തായ ആ സ്ഥാപനത്തിനെ ആഴത്തില്‍ മുറിവേല്പിച്ചിരുന്നു. സംശയത്തിന്റേയും പകയുടേയും അന്തരീക്ഷം, പരസ്പരമുള്ള വിശ്വാസത്തിന്റെ സ്ഥാനത്ത് ആശങ്കകള്‍. അവയൊക്കെ അതിജീവിക്കാന്‍ എം.എസ്. മണിക്കു സാധിച്ചു. ഒരല്പം ചാണക്യസൂത്രം പ്രയോഗിച്ചിരുന്നുവെങ്കില്‍, ഇടയ്ക്കുണ്ടായ വൈഷമ്യങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നാല്‍, സഹോദരങ്ങളെ തോല്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മറിച്ച് സ്വയം തോല്‍വി ഏറ്റുവാങ്ങാനാണ് എം.എസ്. മണി ഇഷ്ടപ്പെട്ടത്.

ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് ആറാമിന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം പത്രപ്രവര്‍ത്തനമായിരുന്നു. ഹോചിമിന്റെ മരണവാര്‍ത്ത അര്‍ദ്ധരാത്രി രണ്ടുമണിക്ക് സ്റ്റോപ്പ് പ്രസ്സായി അച്ചടിച്ചതും ബാംഗ്ലൂരിലെ ലാല്‍ബാഗില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനം രണ്ടായി പിളര്‍ന്ന് ഇന്ദിരാ കോണ്‍ഗ്രസ്സ് രൂപംകൊണ്ട വാര്‍ത്ത ആദ്യമായി വായനക്കാരനെ അറിയിക്കുന്നതില്‍ പ്രദര്‍ശിപ്പിച്ച ചടുലതയും ഒരു പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് അദ്ദേഹം ഒരിക്കലും ഉറങ്ങിയതേയില്ലെന്നു വിളിച്ചോതുന്ന സംഭവങ്ങളായിരുന്നു.

വൈശ്രവണത്വം, അദ്ദേഹത്തിന്റെ സ്വഭാവ പ്രത്യേകതയാണ്. എം.എസ്. മണിയുടെ നേര്‍ക്കു കൈനീട്ടിയ ആരും വെറുംകയ്യോടെ മടങ്ങിയിട്ടേയില്ല. ഒപ്പം സ്വാര്‍ത്ഥത തീണ്ടാതെ മറ്റുള്ളവരെ സഹായിക്കുന്നതില്‍ കൃതാര്‍ത്ഥനാകുകയെന്ന സ്വഭാവസവിശേഷത അദ്ദേഹവുമായി ഇടപെട്ടിട്ടുള്ള ഏവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുദ്ധമത ചിന്തകനായ മാത്യു റെക്കാര്‍ഡ് എഴുതിയ 'അള്‍ട്രൂയിസം' എന്ന ഗ്രന്ഥമാണ് ഈ പശ്ചാത്തലത്തില്‍ ഞാനോര്‍ക്കുന്നത്. വ്യക്തിപരമായി നഷ്ടം ഉറപ്പാണെങ്കിലും അന്യര്‍ക്കു നന്മ വരുന്നതെന്തും ചെയ്യുകയെന്ന മനുഷ്യഗുണത്തിന്റെ സൈദ്ധാന്തികത ചര്‍ച്ച ചെയ്യുന്നതാണ് ആ ഗ്രന്ഥം. അതു വായിച്ചപ്പോള്‍ ലേഖകന്റെ മനസ്സില്‍ തെളിഞ്ഞുവന്നത് എം.എസ്. മണിയുടെ വ്യക്തിത്വമാണ്. അള്‍ട്രൂയിസ്റ്റിക്ക് എന്നു വിശേഷിപ്പിക്കാവുന്ന വൈഭവങ്ങള്‍കൊണ്ടു സമ്പന്നമായ ഒരു ജീവിതം. ആള്‍ക്കൂട്ടത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്നതാണ് ആ വ്യക്തിത്വം.

(എംഎസ് മണിക്ക് സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചപ്പോള്‍ എഴുതിയ ലേഖനം)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com