'രജിസ്റ്ററില്‍ ജോസഫ് എന്നതിനു പകരം ഞാന്‍ ജോര്‍ജുകുട്ടി' എന്നെഴുതി' ; പ്രൊഫ. ടിജെ ജോസഫിന്റെ ആത്മകഥയില്‍നിന്ന് ഒരധ്യായം

'രജിസ്റ്ററില്‍ ജോസഫ് എന്നതിനു പകരം ഞാന്‍ ജോര്‍ജുകുട്ടി' എന്നെഴുതി' ; പ്രൊഫ. ടിജെ ജോസഫിന്റെ ഓര്‍മക്കുറിപ്പില്‍നിന്ന് ഒരധ്യായം
'രജിസ്റ്ററില്‍ ജോസഫ് എന്നതിനു പകരം ഞാന്‍ ജോര്‍ജുകുട്ടി' എന്നെഴുതി' ; പ്രൊഫ. ടിജെ ജോസഫിന്റെ ആത്മകഥയില്‍നിന്ന് ഒരധ്യായം


ലയാളിക്കു വേദനയോടെയും കുറ്റബോധത്തോടെയുമല്ലാതെ ഓര്‍ക്കാനാവാത്ത പേരാണ് പ്രൊഫ. ടിജെ ജോസഫിന്റേത്. ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് മതതീവ്രവാദികളുടെ ആക്രമണത്തിനിരയായ അധ്യാപകന്‍. ജീവിതത്തിലുടനീളം തനിക്കു നേരെ നടന്ന അതിക്രമത്തിന്റെ നിഴലാല്‍ പിന്തുടരപ്പെട്ടയാള്‍. പൊള്ളലോടെയല്ലാതെ മനസ്സാക്ഷിയുള്ള ഒരാള്‍ക്കും വായിച്ചുതീര്‍ക്കാനാവില്ല, പ്രൊഫ. ടിജെ ജോസഫിന്റെ ജീവിത കഥ. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച അറ്റുപോകാത്ത ഓര്‍മകള്‍ എന്ന പുസ്തകത്തില്‍നിന്ന് ഒരു അധ്യായം.

ജോര്‍ജ്കുട്ടി എന്ന നോവലിസ്റ്റ്

എങ്ങോട്ടാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് എനിക്കൊരു ചിന്തയും ഇല്ലാതിരുന്നുവെന്നു പറഞ്ഞാല്‍ ശരിയാവില്ല. വൈപ്പിന്‍ ദ്വീപിലെ മുളവുകാടുപ്രദേശത്തോ മറ്റേതെങ്കിലും തുരുത്തിലോ എന്ന ആശയം ജോയ്‌സി നിരുത്സാഹപ്പെടുത്തിയപ്പോള്‍തന്നെ മനസ്സില്‍ തെളിഞ്ഞ ഒരു സ്ഥലം പാലക്കാടാണ്. അങ്ങോട്ടുതന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷമാണ് മറ്റുസ്ഥലങ്ങളെക്കുറിച്ച് ജോയ്‌സിയുമായി ചര്‍ച്ച നടത്തിയത്. എന്തുകൊണ്ട് പാലക്കാട് മനസ്സില്‍ വന്നുവെന്നുള്ളത് വഴിയേ പറയാം. എന്തുകൊണ്ട് പാലക്കാടിനെക്കുറിച്ച് ഒരക്ഷരവും ജോയ്‌സിയോട് മിണ്ടിയില്ല എന്നാണെങ്കില്‍ ജോയ്‌സിയെക്കുറിച്ച് അവനറിയാമായിരുന്നതുപോലെ എനിക്കും അറിയാമായിരുന്നതുകൊണ്ടാണ്. പോലീസെങ്ങാനും അവനെ ചോദ്യംചെയ്താല്‍ അവന്‍ എല്ലാം പറഞ്ഞു പോകുമെന്നുള്ളത് എനിക്കും നല്ല ഉറപ്പായിരുന്നു. ഞാന്‍ പോകുന്നത് അവന്‍ ഏര്‍പ്പാടാക്കിത്തരുന്ന സ്ഥലത്തേക്കല്ലെങ്കില്‍ അവനൊരു സൂചനപോലും കൊടുക്കരുതെന്ന് അതിനാല്‍ത്തന്നെ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.

ഏതുകാര്യം ചെയ്താലും അത് പരമാവധി കുറ്റമറ്റതാക്കാന്‍ യത്‌നിക്കണമെന്ന ഒരു മനോഭാവം എനിക്ക് എപ്പോഴുമുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ജീവിതത്തിലാദ്യമായി ഒളിവിലാകുകയാണ്. ഈ ബസ്‌സ്‌റ്റോപ്പില്‍ ഞാന്‍ നില്‍പ്പുണ്ട് എന്നറിയുന്ന രണ്ടാമതൊരാള്‍ ജോയ്‌സി മാത്രമാണ്. എന്റെ ഒളിജീവിതത്തിലെ ഒരു പഴുത് ഇപ്പോള്‍ അവനാണ്. അവനെയും എന്റെ മനസ്സ് സംശയദൃഷ്ടിയോടെ വീക്ഷിച്ചുതുടങ്ങി. അവന്‍ പോകുന്നത് ഞാന്‍ കണ്ടതാണെങ്കിലും സഹജമായ കൗതുകം ഹേതുവായി എവിടെയെങ്കിലും മാറിനിന്ന് ഞാന്‍ ഏതു ദിക്കിലേക്കാണ് പോകുന്നതെന്ന് അവന്‍ മനസ്സിലാക്കിയാലോ? അതേതായാലും വേണ്ട. തെക്കോട്ട്, അതായത്, ഫോര്‍ട്ടുകൊച്ചി ഭാഗത്തേക്കുള്ള ഒരു ബസില്‍ കയറി മിനിമം ചാര്‍ജില്‍ ടിക്കറ്റെടുത്ത് രണ്ടു സ്‌റ്റോപ്പായപ്പോള്‍ ഞാന്‍ ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെ ബസ്‌റ്റോപ്പില്‍നിന്ന് വടക്കോട്ട്, അതായത് ആലുവയ്ക്കുള്ള ബസില്‍കയറി ടിക്കറ്റെടുത്തു. ശത്രുക്കളില്‍നിന്നും രക്ഷനേടാന്‍ ഒട്ടകപ്പക്ഷി മണലില്‍ തലപൂഴ്ത്തിവെക്കുന്നതുപോലെ, ബസ്സില്‍ ഇരിക്കുന്നവരും നില്‍ക്കുന്നവരുമായ യാത്രക്കാരില്‍നിന്നും എന്നെ ഒളിപ്പിക്കാന്‍ പുറത്തേക്കുനോക്കിനിന്നുകൊണ്ടാണ് എന്റെ യാത്ര. ഓരോ സ്‌റ്റോപ്പിലും ആളുകള്‍ ഇറങ്ങി സമീപത്ത് സീറ്റുകള്‍ ഒഴിഞ്ഞാലും അതൊന്നും അറിയാത്തഭാവത്തില്‍ പുറത്തേക്കു നോക്കിക്കൊണ്ടുതന്നെ ഞാന്‍ നിന്നു. അങ്ങനെ നോക്കുമ്പോള്‍ ഇടപ്പള്ളിഭാഗത്ത് ഹൈവേയിലേക്ക് തുറക്കുന്ന പോക്കറ്റ്‌റോഡുകളില്‍ പലതിലും പോലീസ് ജീപ്പുകള്‍ കിടക്കുന്നത് എന്റെ കണ്ണില്‍ പ്പെട്ടു. ഫിലിപ്പിന്റെ വീട്ടിലായിരുന്നപ്പോഴുള്ള എന്റെ മൊബൈല്‍ ഫോണിന്റെ അസ്തിത്വമാണ് ഇടപ്പള്ളി ഭാഗത്തേക്ക് പോലീസിനെ കൊണ്ടുവന്നെത്തിച്ചതെന്ന് ഞാന്‍ ഊഹിച്ചു. ഏതായാലും പോലീസിന്റെ മുമ്പിലൂടെ അവരെ വെട്ടിച്ചുകടന്നുകളയുന്ന പിടികിട്ടാപ്പുള്ളികള്‍ക്കുണ്ടാകുന്ന ആത്മഹര്‍ഷത്തിന്റെ ചെറിയൊരളവ് അനുഭവിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.

ആലുവയില്‍നിന്ന് അങ്കമാലി. അവിടെനിന്നും തൃശ്ശൂര്‍. ബസ് യാത്രയ്ക്കിടയിലെ കാറ്റടിച്ചും വേനല്‍ച്ചൂടുകൊണ്ടും ദാഹം ഒരു തളര്‍ച്ചപോലെയാണ് അനുഭവപ്പെട്ടത്. ചുണ്ടുകളും നാവും വരണ്ടിരിക്കുന്നു. എന്തെങ്കിലും വാങ്ങിക്കുടിച്ചിട്ടുമതി ഇനിയുള്ള യാത്ര എന്നുവിചാരിച്ചുകൊണ്ടാണ് തൃശ്ശൂര്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങിയത്. പക്ഷേ, അപ്പോഴേക്കും അതാ പാലക്കാട്ടേക്കുള്ള ഒരു ബസ്സ് സ്റ്റാര്‍ട്ടുചെയ്ത് നിര്‍ത്തിയിരിക്കുന്നു. ഞാന്‍ വാച്ചില്‍ നോക്കി. സമയം ആറുമണി. ഈ ബസ്സ് പോയാല്‍ അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞുമാത്രമേ പാലക്കാട്ടേക്കുള്ള ബസ് ഉണ്ടാവുകയുള്ളു. ദാഹവും ക്ഷീണവും മറന്ന് ഞാന്‍ നീങ്ങിത്തുടങ്ങിയ ബസില്‍ ഓടിച്ചെന്ന് കയറി. ഭാഗ്യം; ഇരിക്കാന്‍ സീറ്റുണ്ട്. ഇതുവരെയുള്ള യാത്ര പകുതിയില്‍ കൂടുതല്‍ നിന്നിട്ടായിരുന്നു. രണ്ടുപേര്‍ക്കായിട്ടുള്ള ഒരു സീറ്റില്‍ ഞാന്‍ വിശാലമായിട്ടിരുന്നു. കണ്ടക്ടര്‍ അടുത്തുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു: ഒരു പാലക്കാട്.

പാലക്കാട് എത്തിയപ്പോള്‍ സന്ധ്യകഴിഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്റില്‍നിന്ന് പുറത്തുകടന്ന ഞാന്‍ ആദ്യം തെരഞ്ഞത് ഏതെങ്കിലും ഹോട്ടലാണ്. തൊട്ടടുത്ത് എതിര്‍വശത്ത് അതാ, 'ഇന്‍ഡ്യന്‍ കോഫിഹൗസ്'. അവിടെ ചെന്നുകയറുമ്പോള്‍ ഒരു വേഴാമ്പലിന്റെ തൃഷ്ണയായിരുന്നു. കൈയും മുഖവും കഴുകിവന്ന് വെയിറ്റര്‍ ഒഴിച്ചുവെച്ചിരുന്ന വെള്ളം ഒറ്റവലിക്ക് അകത്താക്കി. ഓര്‍ഡര്‍ വാങ്ങാന്‍ കാത്തുനിന്ന വെയിറ്ററോട് സംസാരിക്കാനുള്ള ശ്വാസം അല്പനേരത്തേക്ക് അന്നനാളത്തിലെവിടെയോ കുരുങ്ങിനിന്നു.
''രണ്ടു ചപ്പാത്തിയും ഒരു വെജിറ്റബിള്‍ കറിയും.'' ഒരു തരത്തിലാണ് പറഞ്ഞൊപ്പിച്ചത്.
വെയിറ്റര്‍ മടങ്ങിയപ്പോള്‍ ജഗ്ഗിലിരുന്ന വെള്ളം രണ്ടുമൂന്നു ഗ്ലാസ്സുകൂടി അകത്താക്കി.

ഭക്ഷണം കൊണ്ടുവന്നപ്പോഴേക്കും കഴിക്കാനുള്ള താത്പര്യമൊക്കെ പോയിരുന്നു. വയര്‍ ആകെപ്പാടെ പെരുത്തിരിക്കുന്നു. മൂന്നുനാലു ഗ്ലാസ്സ് വെള്ളം ആര്‍ത്തിപിടിച്ച് ഒറ്റയടിക്ക് കുടിച്ചതിനാലാവും.
ഒന്നും കഴിക്കാതിരുന്നാല്‍ പറ്റില്ലല്ലോ. വിഷമിച്ചാണെങ്കിലും കുറേ സമയം എടുത്ത് പാത്രത്തിലുണ്ടായിരുന്നതൊക്കെ തിന്നുതീര്‍ത്തു.
ബില്ലുമായി വന്ന വെയ്റ്ററോട് ഞാന്‍ ചോദിച്ചു:
 ''അധികം മുറിവാടക ഇല്ലാത്ത ലോഡ്ജ് ഇവിടെ ഏതാണുള്ളത്?''
''സിതാര ഗസ്റ്റ്ഹൗസ് എന്നൊരു ലോഡ്ജുണ്ട്. അവിടെ താരതമ്യേന വാടക കുറവാണ്.'' തിരക്കിനിടയില്‍ വെയിറ്റര്‍ പറഞ്ഞു.
''അടുത്താണോ?'' ഞാന്‍ വീണ്ടും ചോദിച്ചു.
''അരക്കിലോമീറ്റര്‍ പോകണം.'' വെയിറ്റര്‍ അടുത്ത ടേബിളിലെ ബില്ലുകൊടുക്കാനായി തിരിഞ്ഞു.
''മുറിയെങ്ങനെ? ഒരുവിധം സൗകര്യമൊക്കെ ഉണ്ടോ?''
''മുറിയൊക്കെ കൊള്ളാം, പക്ഷേ, ഭക്ഷണം കഴിക്കണമെങ്കില്‍ അടുത്ത് ഹോട്ടലുകളില്ല.'' അയാള്‍ അങ്ങനെ പറഞ്ഞുകൊണ്ട് അടുത്ത ടേബിളിലേക്കു പോയി. ഞാന്‍ കൗണ്ടറില്‍ വന്നു ബില്ലു പേ ചെയ്ത് ബാഗ് എടുത്തപ്പോള്‍ വെയിറ്റര്‍ ഓടിയിട്ടെന്നവണ്ണം എന്റെ അടുക്കല്‍ വന്നു.
''ദേ, ആ വഴിക്കുപോയാല്‍ മതി.'' അയാള്‍ കൈ ചൂണ്ടി എന്നിട്ട് വഴിപറഞ്ഞുതന്നു.
അപരിചിതനായ എന്നോട് തന്റെ ജോലിത്തിരക്കിനിടയിലും അയാള്‍ കാണിച്ച ഔദാര്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം പാലക്കാട്ടുകാര്‍ അങ്ങനെയാണെന്ന് എനിക്കറിയാം. അവരുടെ സൗഹൃദവും സേവനസന്നദ്ധതയും നന്മയും മുന്‍പും ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

സിനിമസീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മുമ്പ് ഞാന്‍ പാലക്കാട്ട് വന്നിട്ടുള്ളത്. പാലക്കാട്ടും നെന്മാറയുമുള്ള ടൂറിസ്റ്റ് ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്. ചിറ്റൂര്‍ താലൂക്കില്‍ കൊല്ലങ്കോട്, പനങ്ങാട്ടിരി എന്നിവിടങ്ങളിലെ കളങ്ങളിലും പരന്ന പാറകളിലും തദ്ദേശവാസികളായ സുഹൃത്തുക്കളോടൊപ്പം ആകാശഗോളങ്ങളെ നോക്കികൊണ്ടും കരിമ്പനപ്പട്ടകളില്‍ കാറ്റുപിടിക്കുമ്പോഴുള്ള സംഗീതം ആസ്വദിച്ചുകൊണ്ടും പലവട്ടം അന്തിയുറങ്ങിയിട്ടുണ്ട്.
ഒരിക്കല്‍ പാലക്കാട്ടെ ഒരിടത്തരം ഹോട്ടലില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ ഞാന്‍ കയറി. ഓര്‍ഡര്‍ ചെയ്‌തെത്തിയ നെയ്‌റോസ്റ്റ് അല്പം കൂടുതല്‍ മൊരിഞ്ഞതായിരുന്നു. നേര്‍ത്ത കരിചുവ അനുഭവപ്പെട്ട ഏതാനും ഭാഗം ഞാന്‍ ബാക്കിവെച്ചത് മാനേജരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍തന്നെ വെയിറ്ററെ വിളിച്ച് വേറൊന്ന് എനിക്കു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. നെയ്‌റോസ്റ്റിന്റെ എണ്‍പതുശതമാനം നല്ലതായിരുന്നതുകൊണ്ടും എനിക്ക് ആവശ്യത്തിനായി എന്നതുകൊണ്ടും വേറൊന്ന് വേണ്ടായെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. കൈ കഴുകിവന്നപ്പോള്‍ ഞാന്‍ കുടിച്ച ചായയുടെ ബില്ലുമാത്രം തന്നു. നെയ്‌റോസ്റ്റിന്റെ വിലവാങ്ങാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും മാനേജര്‍ കൂട്ടാക്കിയില്ല. ഇത്തരം സവിശേഷാനുഭവങ്ങള്‍ ധാരാളം.
പാലക്കാട്ടുകാരുടെ മനോഗുണം മാത്രമായിരുന്നില്ല ഒളിജീവിതത്തിന് അവിടം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കേരളത്തിലെ മറ്റുനഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് അവിടെ കുറവാണെന്ന ഒരു ധാരണയും എനിക്കുണ്ടായിരുന്നു. പോക്കറ്റിന്റെ കനക്കുറവും പാലക്കാട്ടേക്ക് എന്നെ എത്തിച്ചതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു.

ഇന്‍ഡ്യന്‍ കോഫിഹൗസിലെ വെയിറ്റര്‍ പറഞ്ഞുതന്ന വഴിയിലൂടെ അതായത് മഞ്ഞക്കുളം മുസ്‌ലിം പള്ളി പിന്നിട്ട് മറ്റൊരു റോഡിലെത്തി വീണ്ടും നടന്ന് സിതാര ടൂറിസ്റ്റ്‌ഹോമിന്റെ അങ്കണത്തിലെത്തി. 'സിതാര മഹല്‍' എന്നുപേരായ കല്യാണമണ്ഡപവും കടന്ന് കേരളസമാജം ആയുര്‍വേദ ആശുപത്രിയുടെ മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന സിതാര ടൂറിസ്റ്റ്‌ഹോമിന്റെ റിസപ്ഷന്‍ കൗണ്ടറില്‍ ഞാന്‍ എത്തിനിന്നു.
ഭാഗ്യം, അവിടെ മുറിയുണ്ട്. ടി.വി. ഉള്ളതിന് ഇരുന്നൂറ്റി നാല്പത്. ഇല്ലാത്തതിന് ഇരുന്നൂറ്. ഇതൊക്കെ ചോദിച്ചറിയുന്നതിനിടയില്‍ കൗണ്ടറിലെ ആള്‍ എന്നോടു ചോദിച്ചു.
''ഇതിനുമുന്‍പ് ഇവിടെ താമസിച്ചിട്ടുള്ള ആളല്ലേ സാറ്?''
''അതേ.'' 'സത്യവാന്‍' ആകാനൊന്നും ഞാന്‍ മെനക്കെട്ടില്ല. മുമ്പെങ്ങോ അവിടെ താമസിച്ച ഒരാളുടെ രൂപസാദൃശ്യം എന്നില്‍ കണ്ടിട്ടാവാം അയാള്‍ അങ്ങനെ ചോദിച്ചത്. അയാളുടെ തെറ്റിദ്ധാരണയില്‍ എനിക്ക് ഈ സന്ദര്‍ഭത്തില്‍ എന്തു വിരോധം?
രജിസ്റ്ററില്‍ പേരിന്റെ ആദ്യാക്ഷരം 'ജോ' എന്നെഴുതിയപ്പോള്‍ എന്നിലെ ആള്‍മാറാട്ടക്കാരന്‍ പെട്ടെന്ന് കടിഞ്ഞാണിട്ടു. എന്നിട്ട് 'ജോസഫ്' എന്നതിനുപകരം 'ജോര്‍ജുകുട്ടി' എന്ന് എന്നെക്കൊണ്ട് ആ കശ്മലന്‍ എഴുതിപ്പിച്ചു. അപ്രകാരം ഇടുക്കിജില്ലയിലെ ഒരു ഉള്‍നാടന്‍ഗ്രാമത്തില്‍ നിന്ന് പാലക്കാട് പശ്ചാത്തലമാക്കി നോവലെഴുതാന്‍ വന്ന ജോര്‍ജുകുട്ടിയായി നെറ്റിയില്‍ കുറിവരച്ച അറുപതു കഴിഞ്ഞ റൂം ബോയിയോ ടൊപ്പം 102ാം നമ്പര്‍ മുറിയിലേക്ക് ഉല്ലാസവാനായിട്ടെന്നവണ്ണം ഞാന്‍ പ്രവേശിച്ചു.
മുറി എനിക്ക് ഇഷ്ടപ്പെട്ടു. ബാത്‌റൂം വൃത്തിയുള്ളതുതന്നെ. ടി.വിയും ഇന്റര്‍ഫോണ്‍ കണക്ഷനുമുണ്ട്. ഇരുന്നൂറ്റി നാല്പതു രൂപയ്ക്ക് ഇതു ധാരാളം.

റൂംബോയ് ആയിവന്ന കാരണവര്‍ ഒരു ജഗ്ഗില്‍ വെള്ളവും ഒരു ഗ്ലാസ്സും കൊണ്ടുവന്നുവെച്ചു. അയാളോട് പേരുചോദിക്കാനൊന്നും അപ്പോള്‍ തോന്നിയില്ല.
ടി.വി. ഓണ്‍ചെയ്ത് വാര്‍ത്താചാനലുകള്‍ പരതി. 'ചോദ്യപ്പേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് തൊടുപുഴയില്‍ നിരോധനാജ്ഞ' എന്ന് ഫഌഷ് ന്യൂസ്. ടി.വി. ഓഫ്‌ചെയ്ത് കുളിക്കാന്‍ കയറി. കുളി കഴിഞ്ഞതോടെ ശരീരവും മനസ്സും ഒന്നു ഫ്രഷായതുപോലെ.
പക്ഷേ, അപ്പോഴേക്കും പുതുമഴയേറ്റ മണ്ണില്‍ വിത്തുകള്‍ എന്നപോലെ ആകുലചിന്തകള്‍ എന്നില്‍ മുളപൊട്ടിത്തുടങ്ങി.
കയ്യാമം വെക്കാനായി പോലീസോ വകവരുത്താനായി മതഭ്രാന്തരോ ഏതുനിമിഷവും ഇവിടേക്ക് ഇരച്ചുകയറാം എന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതൊന്നും എന്നെ ആകുലപ്പെടുത്തിയില്ല. എന്റെ ഭാര്യയെയും മക്കളെയും കുറിച്ചായിരുന്നു എന്റെ ആധിമുഴുവന്‍. സുനാമിപോലെ നിനച്ചിരിക്കാതെ വന്ന ദുരന്തം അവരെ എങ്ങനെയൊക്കെയാവും ബാധിച്ചിരിക്കുക? താന്‍ പറഞ്ഞമാതിരി അവര്‍ ഏതെങ്കിലും അദ്ധ്യാ
പകസുഹൃത്തുക്കളുടെ വീട്ടിലേക്ക് പോയിക്കാണുമോ? അതോ വീട്ടില്‍ ത്തന്നെ ആയിരിക്കുമോ? പോലീസ് നിരീക്ഷണത്തിലുള്ള വീട്ടില്‍ അവര്‍ എങ്ങനെ മനസ്സമാധാനത്തോടെ കഴിയും? ഞാന്‍ എവിടെയാണെന്നറിയാതെ വിഷമിക്കുകയും എന്നെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയും ചെയ്യില്ലേ? ഭാര്യ സലോമിക്കും മകന്‍ മിഥുനും ഞാന്‍ ചെയ്ത കുറ്റം എന്താണെന്ന് നിശ്ചയമുണ്ട്. പക്ഷേ, ഹോസ്റ്റലില്‍ താമസിക്കുന്ന മകള്‍ ആമിക്ക് യാതൊന്നും അറിഞ്ഞുകൂടാ. മറ്റുള്ള ഉറവിടങ്ങളില്‍നിന്നുകിട്ടുന്ന വാര്‍ത്തകള്‍ അവളെ എത്രമാത്രം പേടിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്നുണ്ടാകാം? എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.

(പ്രൊഫ.ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ നിന്ന്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com