'അതുകൊണ്ടാണ് മുസ്ലിങ്ങള്‍ മാത്രം കേന്ദ്ര ഭരണകൂടത്തിനു അസ്വീകാര്യരായി തീരുന്നത്'

'അതുകൊണ്ടാണ് മുസ്ലിങ്ങള്‍ മാത്രം കേന്ദ്ര ഭരണകൂടത്തിനു അസ്വീകാര്യരായി തീരുന്നത്'

ഹിന്ദുക്കളെ ഒരു വംശമായി കണ്ട സവര്‍ക്കറുടെ വീക്ഷണപ്രകാരം മുസ്ലിങ്ങളുടേയും ക്രൈസ്തവരുടേയും പിതൃഭൂമി ഇന്ത്യയായിരുന്നാല്‍ത്തന്നെയും അവരെ ഹിന്ദുക്കളായി കാണാന്‍ പറ്റില്ല

നധികൃത കുടിയേറ്റക്കാരില്‍ ഒരു വിഭാഗം സ്വീകാര്യരാവുകയും മറ്റൊരു വിഭാഗം അസ്വീകാര്യരാവുകയും ചെയ്യുന്ന വിചിത്ര ദൃശ്യത്തിനാണ് വര്‍ത്തമാന ഭാരതം സാക്ഷിയാകുന്നത്. 2019 ഡിസംബറിലെ പൗരത്വ (ഭേദഗതി) നിയമമനുസരിച്ച് മുസ്ലിമിതര അനധികൃത കുടിയേറ്റക്കാരെ കേന്ദ്രസര്‍ക്കാര്‍ സ്വീകാര്യരായ കുടിയേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മുസ്ലിങ്ങളായ അനധികൃത കുടിയേറ്റക്കാര്‍ അസ്വീകാര്യരുടെ ലിസ്റ്റിലാണ് ചേര്‍ക്കപ്പെട്ടത്. അവര്‍ക്ക് 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന മുദ്ര നല്‍കപ്പെടുകയും ചെയ്തിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ മതാടിസ്ഥാനത്തില്‍ ഇത്തരമൊരു വിഭജനം അനുപേക്ഷണീയമാണെന്ന സൂചന ബി.ജെ.പി കാല്‍നൂറ്റാണ്ട് മുന്‍പേ നല്‍കിയിരുന്നതാണ്. രാജ്യത്ത് ലക്ഷക്കണക്കില്‍ അനധികൃത മുസ്ലിം ബംഗ്ലാദേശികളുണ്ടെന്നും അവരെ പുറന്തള്ളണമെന്നുമുള്ള  ആവശ്യം ബാബറി മസ്ജിദ് ധ്വംസനാനന്തരം 1993 ജനുവരിയില്‍ ആ പാര്‍ട്ടി ഉയര്‍ത്തുകയുണ്ടായി. പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 2014 ഏപ്രില്‍ 20-ന് പശ്ചിമ ബംഗാളില്‍ ചെയ്ത പ്രസംഗത്തില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന നരേന്ദ്ര മോദി പ്രഖ്യാപിച്ചത് ഇപ്രകാരം: ''എഴുതിവെച്ചോളൂ. മെയ് 16-നുശേഷം (മോദി തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായ ശേഷം) ബംഗ്ലാദേശികളെ മുഴുവന്‍ ഞാന്‍ ഇവിടെനിന്നു കെട്ടുകെട്ടിക്കും.''

വിഭജനാനന്തരം ഇന്ത്യയിലേയ്ക്ക് കുടിയേറിയവരില്‍ മഹാഭൂരിപക്ഷവും പൂര്‍വ്വ പാകിസ്താനികളായിരുന്ന  ബംഗ്ലാദേശികളാണ്. അവരുടെ എണ്ണം സംബന്ധിച്ച് വിവിധ രേഖകള്‍ നല്‍കുന്നത് വ്യത്യസ്ത കണക്കുകളത്രേ. ഒരു രേഖയനുസരിച്ച് ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം ഒന്നരക്കോടി വരും. 2001-ലെ സെന്‍സസ് പ്രകാരമാവട്ടെ, ഇന്ത്യയിലേയ്ക്കു വന്ന മൊത്തം കുടിയേറ്റക്കാര്‍ 51 ലക്ഷമാണ്. അതില്‍ ബംഗ്ലാദേശികള്‍ 30 ലക്ഷത്തോളമുണ്ടാവും. ബി.എസ്.എഫിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരുന്ന പി.കെ. മിശ്ര 2014-ല്‍ അവതരിപ്പിച്ച കണക്കില്‍ പറയുന്നത് രണ്ടു കോടിക്കു മുകളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഇന്ത്യയിലുണ്ടെന്നാണ്.

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ ജനസംഖ്യാ കണക്ക് അവിടെയിരിക്കട്ടെ. നമുക്കു നോക്കേണ്ടത് മതനിരപേക്ഷതാധിഷ്ഠിത ഭരണഘടന അംഗീകരിച്ച ഇന്ത്യയില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് അനധികൃത കുടിയേറ്റക്കാരെ അമുസ്ലിം മുസ്ലിം എന്നിങ്ങനെ വേര്‍തിരിക്കുന്നത് എന്നാണ്. മതിയായ രേഖകളില്ലാതെ ഇന്ത്യയില്‍ കുടിയേറിത്താമസിക്കുന്നവരില്‍ ഒരു വിഭാഗം മാത്രം ആട്ടിപ്പുറത്താക്കപ്പെടേണ്ടവരാണെന്ന യുക്തിയുടെ പൊരുളെന്ത്?

കേന്ദ്രഭരണകൂടം ഉപയോഗിക്കുന്ന കണ്ണടയുടെ സ്വഭാവത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിടപ്പുണ്ട്. ഭാരതീയ ജനതപ്പാര്‍ട്ടി കാര്യങ്ങളെ നോക്കിക്കാണുന്നത് ഹിന്ദുത്വാ പ്രത്യയശാസ്ത്രത്തിന്റെ കണ്ണടവെച്ചാണ്. വിനായക ദാമോദര്‍ സവര്‍കറാണ് 'ഹിന്ദുത്വ' എന്ന പദനിര്‍മ്മിതി നടത്തിയത്. 1923-ല്‍ ആ പേരില്‍ സവര്‍കര്‍ ഒരു ലഘുലേഖ എഴുതി. 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്നായിരുന്നു ലഘുലേഖയുടെ പൂര്‍ണ്ണശീര്‍ഷകം. പില്‍ക്കാലത്ത് ഹിന്ദു ദേശീയതയുടെ പ്രബല പ്രത്യയശാസ്ത്രമായി അതു മാറി.

സമകാലിക ഇന്ത്യയില്‍ സംഘ്പരിവാറിനകത്ത് വിവിധ സംഘടനകളുണ്ട്. ആര്‍.എസ്.എസ് അതിന്റെ സാംസ്‌കാരിക ഹസ്തമാണെങ്കില്‍ ബി.ജെ.പി അതിന്റെ രാഷ്ട്രീയ ഹസ്തമാണ്. സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം) സംഘ്പരിവാറിന്റെ സാമ്പത്തികമുഖമായും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അതിന്റെ ലോകസമിതിയായും പ്രവര്‍ത്തിക്കുന്നു. അവയെല്ലാം ഹിന്ദുത്വാ പ്രത്യയശാസ്ത്രച്ചരടിനാല്‍ ബന്ധിതമാണ്. സവര്‍കര്‍ തുടക്കമിട്ട ആ പ്രത്യയശാസ്ത്രത്തെ പില്‍ക്കാലത്ത് വികസിപ്പിച്ചത് മാധവ സദാശിവ ഗോള്‍വല്‍ക്കറത്രേ.

പൗരത്വ ഭേദഗതിയും വംശീയതയും

റൊമീള ഥാപ്പറെപ്പോലുള്ള ചരിത്രഗവേഷകര്‍ നിരീക്ഷിക്കുന്നത് ഹിന്ദുമഹാസഭയുടേയും രാഷ്ട്രീയ സ്വയം സേവസംഘത്തിന്റേയും പ്രാരംഭകാല നേതാക്കള്‍ ഹിന്ദുത്വ എന്ന സങ്കല്പം ഉയര്‍ത്തിക്കാട്ടാന്‍ മിനക്കെട്ടതിനു പിന്നില്‍ ചരിത്രപരമായ കാരണമുണ്ടെന്നാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം വരെ 'ഹിന്ദു' ആരാണെന്നതിനെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ആര്‍ക്കുമില്ലായിരുന്നു. ഹിന്ദു എന്നതിനു കൃത്യമായ നിര്‍വ്വചനം നിലവിലുണ്ടായിരുന്നില്ല. ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ധാക്കയില്‍ 1906-ല്‍ ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് രൂപവല്‍ക്കരിക്കപ്പെടുകയും അതിനോടുള്ള പ്രതികരണം എന്ന നിലയില്‍ 'ഹിന്ദുക്കളുടെ പരിരക്ഷ' ഉറപ്പാക്കാന്‍ 1915-ല്‍ ഹിന്ദുമഹാസഭ നിലവില്‍ വരികയും ചെയ്തു. തുടര്‍ന്നാണ് ഹിന്ദുമഹാസഭയുടെ അധ്യക്ഷപദവിയിലിരുന്ന വി.ഡി. സവര്‍കര്‍ 'ഹിന്ദുത്വ: ആരാണ് ഹിന്ദു?' എന്ന ലഘുലേഖ തയ്യാറാക്കിയത്. മുസ്ലിം എന്നതിനു നേരത്തേ നിര്‍വ്വചനമുണ്ട്. എന്നാല്‍, പരസ്പരം ഒഴിച്ചുനിര്‍ത്തുന്ന അനേകം ജാതികളും ഉപജാതികളുമായി വിഘടിച്ചു നില്‍ക്കുന്ന ഹിന്ദുക്കളെ ഒരു സമുദായം എന്ന നിലയില്‍ അവതരിപ്പിക്കാന്‍ അത്തരമൊരു നിര്‍വ്വചനമുണ്ടായിരുന്നില്ല.

ഈ പോരായ്മയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി സവര്‍കര്‍ ഇങ്ങനെ പറഞ്ഞു: ''ചരിത്രത്തിന്റെ പ്രഭാതത്തില്‍ ഇന്ത്യയില്‍ താമസമുറപ്പിച്ച ആര്യന്മാര്‍, ഇപ്പോള്‍ ഹിന്ദുക്കള്‍ എന്നറിയപ്പെടുന്ന ഒരു രാഷ്ട്രമായി അന്നേ രൂപപ്പെട്ടിരുന്നു... ഹിന്ദുത്വം മൂന്നു സ്തംഭങ്ങളില്‍ നിലകൊള്ളുന്നു: ഭൂമിശാസ്ത്രപരമായ ഏകത, വംശീയ സവിശേഷത, പൊതുസംസ്‌കാരം എന്നിവയാണവ.'' ഇന്ത്യയെ ഒരേസമയം പിതൃഭൂമിയും പുണ്യഭൂമിയുമായി വീക്ഷിക്കുക എന്നതാണ് ഹിന്ദുത്വത്തിന്റെ ഉള്‍ക്കാമ്പെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല, ഹിന്ദുക്കള്‍ ഒരേ ഉത്ഭവവും ഒരേ രക്തവുമുള്ള ഒരു വംശം (race) ആണെന്നു കൂടി സവര്‍കര്‍ പറഞ്ഞുവെച്ചു. 'ഹിന്ദുത്വ'യില്‍ അദ്ദേഹം എഴുതി: ''വേദകാല പിതാക്കന്മാരായ സിന്ധുനദീതടവാസികളില്‍നിന്നു രൂപംകൊണ്ട പ്രബലവംശത്തിന്റെ രക്തമാണ് ഹിന്ദുക്കളുടെ സിരകളില്‍ പ്രവഹിക്കുന്നത്.''
ഹിന്ദുക്കളെ ഒരു വംശമായി കണ്ട സവര്‍ക്കറുടെ വീക്ഷണപ്രകാരം മുസ്ലിങ്ങളുടേയും ക്രൈസ്തവരുടേയും പിതൃഭൂമി ഇന്ത്യയായിരുന്നാല്‍ത്തന്നെയും അവരെ ഹിന്ദുക്കളായി കാണാന്‍ പറ്റില്ല. കാരണം, അവരുടെ പുണ്യഭൂമി ഇന്ത്യയ്ക്ക് വെളിയിലാണ്. ഗോള്‍വല്‍കര്‍ മറ്റൊരു തരത്തില്‍ ഇതേ ആശയം മുന്നോട്ടുവെച്ചു. അദ്ദേഹം വ്യക്തമാക്കി: ''ഹിന്ദുക്കള്‍ പൊതു ആചാരങ്ങളും പൊതുഭാഷയും മഹത്വത്തിന്റേയും ദുരന്തത്തിന്റേയും പൊതുസ്മൃതിയും ഒരേ സംസ്‌കാരത്തിനു കീഴിലുള്ള പൊതു ആവിര്‍ഭാവവുമുള്ള ജനവിഭാഗമാണ്.'' സവര്‍കര്‍ എന്നപോലെ ഗോള്‍വല്‍ക്കറും തങ്ങള്‍ ഹിന്ദുക്കള്‍ എന്നു നിര്‍വ്വചിക്കുന്ന ജനസഞ്ചയത്തിനു വെളിയിലുള്ളവരെയെല്ലാം 'അപരര്‍' എന്ന ഗണത്തില്‍പ്പെടുത്തി. ഇന്ത്യയുടെ സ്വാഭാവിക അവകാശികള്‍ ഹിന്ദുക്കളാണെന്നും അഹിന്ദുക്കള്‍ അതല്ലെന്നും അവര്‍ തറപ്പിച്ചു പറഞ്ഞു.

അഹിന്ദുക്കളുടെമേല്‍ ചാര്‍ത്തപ്പെട്ട ഈ അപരത്വമാണ് ഹിന്ദുത്വവാദികളെ 'ശുദ്ധീകരണത്തിന്റെ രാഷ്ട്രീയ'ത്തിലേയ്ക്കും 'അഖണ്ഡ ഭാരതത്തിന്റെ രാഷ്ട്രീയ'ത്തിലേയ്ക്കും നയിക്കുന്നത്. ഇന്ത്യയെ പുണ്യഭൂമിയായി കാണാത്തവരുടെ സംസ്‌കാരത്തില്‍നിന്നു അഖണ്ഡ ഭാരത സംസ്‌കാരത്തിന്റെ പരിശുദ്ധി വീണ്ടെടുക്കണം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കാഴ്ചപ്പാടില്‍ വര്‍ത്തമാനകാല ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഉള്‍പ്പെടുന്നതാണ് അഖണ്ഡ ഭാരതം. അഫ്ഗാനിസ്ഥാനും നേപ്പാളും മ്യാന്‍മറും ശ്രീലങ്കയും ടിബറ്റുമൊക്കെ അഖണ്ഡ ഭാരതത്തിന്റെ അംശങ്ങളായി വീക്ഷിക്കുന്ന രീതിയും പരിവാര്‍ സംഘടനകള്‍ക്കിടയിലുണ്ട്.

അഖണ്ഡഭാരതം എന്ന ലക്ഷ്യം സഫലീകരിക്കണമെങ്കില്‍ അവിഭജിത ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥലി ഹിന്ദുവംശത്തിന്റേയും സംസ്‌കാരത്തിന്റേയും ചട്ടക്കൂടുകള്‍ക്കു പുറത്തുള്ള അഹിന്ദു വംശത്തില്‍നിന്നും അതിന്റെ സംസ്‌കാരത്തില്‍നിന്നും മുക്തമാക്കപ്പെടേണ്ടിയിരിക്കുന്നു. കാരണം, 'അപരര്‍' രാഷ്ട്രത്തിന്റെ പവിത്രതയും പരിശുദ്ധിയും നശിപ്പിക്കുന്നവരാണ്. അവരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ടു മാത്രമേ ഭാരതത്തിന്റെ വംശീയ വിശുദ്ധിയും സാമൂഹിക, സാംസ്‌കാരിക ഏകത്വവും പരിരക്ഷിക്കാനാവൂ. സവര്‍കറും ഗോല്‍വര്‍ക്കറും പ്രസരിപ്പിച്ച പ്രസ്തുത ആശയത്തിന്റെ പ്രയോഗവല്‍ക്കരണത്തിലേയ്ക്കുള്ള പ്രഥമ കാല്‍വെയ്പാണ് പൗരത്വ നിയമത്തില്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി.

സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം ആദ്യം നീക്കം ചെയ്യപ്പെടേണ്ട അപരര്‍ മുസ്ലിം കുടിയേറ്റക്കാരാണ്. തങ്ങള്‍ ഉന്നമിടുന്ന വംശീയവും സാംസ്‌കാരികവുമായ ശുദ്ധീകരണത്തിലേയ്ക്ക് പൗരത്വ നിയമ ഭേദഗതിയിലൂടെയും ദേശീയ പൗരത്വ പട്ടികയിലൂടെയും പതുക്കെപ്പതുക്കെ സഞ്ചരിക്കാമെന്ന് മോദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരില്‍ മുസ്ലിങ്ങള്‍ മാത്രം കേന്ദ്രഭരണകൂടത്തിനു അസ്വീകാര്യരായിത്തീരുന്നത്. മുസ്ലിങ്ങള്‍ക്ക് വംശീയവും സാംസ്‌കാരികവും മതപരവുമായ അന്യത്വം കല്പിച്ച് അവരെ 'രാജ്യത്തിന്റെ സാമൂഹിക, സാംസ്‌കാരിക ഘടനയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന നുഴഞ്ഞുകയറ്റക്കാരായി' ചാപ്പകുത്തുന്നതിന്റെ യുക്തിയും അതുതന്നെ. ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത ബഹുസ്വരതയുടെ ഇടം അനുക്രമം ചുരുക്കി സവര്‍കര്‍ - ഗോള്‍വല്‍കര്‍ ദ്വയം വിഭാവനം ചെയ്ത ഏകാധിഷ്ഠിത 'ശുദ്ധ ഹിന്ദു രാഷ്ട്രം' എന്ന സങ്കല്പം പ്രാവര്‍ത്തികമാക്കാം എന്ന മോഹമത്രേ, അന്തിമവിശകലനത്തില്‍, ഭരണകര്‍ത്താക്കളെ നയിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com