ഓര്‍ക്കുക, താടിയില്‍ തൂങ്ങിക്കിടക്കുന്ന മുഖാവരണം ഒരുപക്ഷേ, നമ്മെ കൊറോണയ്ക്ക് ഒറ്റുകൊടുക്കുകയാവാം

ഓര്‍ക്കുക, താടിയില്‍ തൂങ്ങിക്കിടക്കുന്ന മുഖാവരണം ഒരുപക്ഷേ, നമ്മെ കൊറോണയ്ക്ക് ഒറ്റുകൊടുക്കുകയാവാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊതുകിനെ ഓടിക്കുക, ഈച്ചയെ ആട്ടുക തുടങ്ങിയ 'അവശ്യ സര്‍വീസുകള്‍'ക്കല്ലാതെ സ്വന്തം മുഖത്തു തൊടുന്ന ജീവി മനുഷ്യനോളം വേറെ ഏതുണ്ട്? മനുഷ്യനും പരിണാമത്തില്‍ മനുഷ്യനോട് അടുത്തു നില്‍ക്കുന്ന ചില കുരങ്ങുകള്‍ക്കും മാത്രമുള്ള സ്വഭാവ സവിശേഷതയേ്രത അത്. മനുഷ്യന്‍ എന്തുകൊണ്ട് രോഗങ്ങള്‍ക്കു കൂടുതലായി അടിപ്പെടുന്നു എന്ന ചോദ്യത്തിന് വൈദ്യശാസ്ത്രത്തിന്റെ പക്കലുള്ള ഒരുത്തരം അതാവണം. രോഗകാരികളായ സൂക്ഷ്മജീവികളെ, വൈറസുകളെയും ബാക്ടീരിയകളെയും മറ്റും, മനുഷ്യന്‍ പരിസരങ്ങളില്‍നിന്നു കൈകള്‍ വഴി മുഖത്തെത്തിക്കുന്നു; വായും മൂക്കും കണ്ണുകളുമാണല്ലോ അവയുടെ 'ഗേറ്റ് വേ'കള്‍!

കോവിഡ് മഹാമാരിയായി പടര്‍ന്നപ്പോള്‍ മനുഷ്യനു പുതിയ ശുദ്ധിശീലങ്ങള്‍ നിര്‍ദേശിക്കപ്പെട്ടപ്പോഴാണ് മനുഷ്യന്റെ കൈകള്‍ വീണ്ടും ചര്‍ച്ചകളിലേക്കു വന്നത്. കൈകള്‍ കഴുകുക, കൈകള്‍ കഴുകുക എന്നാണ് ലോകാരോഗ്യ സംഘടന നമ്മോടു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം ആ കൈകളെ നമ്മള്‍ മുഖത്തേക്കു കൊണ്ടുവരിക തന്നെ ചെയ്യും! മനുഷ്യന്‍ ഒരു ദിവസം എത്രവട്ടം കൈകള്‍ കൊണ്ടു മുഖത്തു തൊടുന്നു എന്നതിന് അവിശ്വസനീയം എന്നു തോന്നുന്ന കണക്കുകളുണ്ട്. ബിബിസി ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്, ഓസ്‌ട്രേലിയയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ പഠനം കണ്ടെത്തിയത്, മണിക്കൂറില്‍ 23 വട്ടം അവര്‍ മുഖത്തു തൊടുന്നുവെന്നാണ്. ഓര്‍ക്കുക, മെഡിക്കല്‍ വിദ്യാര്‍ഥികളാണ്, സൂക്ഷ്മജീവികളെക്കുറിച്ചും അവയുടെ പോക്കുവരവുകളെക്കുറിച്ചും നല്ല ധാരണയുള്ളവര്‍. സ്വാഭാവികമായും മറ്റുള്ളവര്‍ കൂടുതല്‍ വട്ടം മുഖം തൊട്ടുനോക്കുന്നുണ്ടാവണം.

എന്തിനാണ് മനുഷ്യര്‍ ഇങ്ങനെ മുഖത്തു തൊടുന്നത്? കാരണങ്ങള്‍ പലതാവാം. സഭാകമ്പമുള്ളവര്‍ മുഖം ചൊറിയുന്നതുപോലെയോ ടെന്‍ഷന്‍ മാറ്റാന്‍ നെറ്റി തിരുമ്മുന്നതു പോലെയോ നേരിട്ടുള്ള പ്രതികരണങ്ങള്‍ ആവണമെന്നില്ല, എല്ലായ്‌പോഴും അത്. വികാരങ്ങളെ ശാന്തമാക്കി നിര്‍ത്തുന്നതിനുള്ള ബാക്ക് എന്‍ഡ് പ്രവര്‍ത്തനമാവാം ഈ തൊട്ടുതലോടല്‍ എന്നാണ് ബിഹേവിയറല്‍ പഠനങ്ങളുടെ ഒരു മതം. ശരീരം ശരീരത്തെ തൊടുമ്പോള്‍ ഓക്‌സിടോസിന്‍ ഉത്പാദിപ്പിക്കുകയും അതു നമ്മെ ശാന്തമാക്കുകയും ചെയ്യുമത്രെ! കൈകളെ മുഖത്തുനിന്നും വേര്‍പെടുത്തല്‍ അത്ര എളുപ്പമല്ലെന്നു സാരം.

മുഖത്തേക്കു നീണ്ടുവരുന്ന കൈകളെ നിയന്ത്രിക്കാന്‍ മുഖാവരണത്തിനാവുമോ? കോവിഡ് പ്രതിരോധത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ചോദ്യങ്ങളിലൊന്ന് ഇതാണ്. ഇന്ത്യയടക്കം അന്‍പതിലേറെ ലോകരാജ്യങ്ങളാണ് പൊതു ഇടങ്ങളില്‍ മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുള്ളത്. കേരളത്തിലാണെങ്കില്‍ ഇതു നടപ്പാക്കാനിതാ, പൊലീസിന്റെ മാസ്‌ക് ടാസ്‌ക് ഫോഴ്‌സും രംഗത്തെത്തിക്കഴിഞ്ഞു. കോവിഡിനെ തടയുന്നതില്‍ മുഖാവരണം എത്രത്തോളം ഫലപ്രദമാണ് എന്നതിനെക്കുറിച്ച് ഇപ്പോഴും ആധികാരിക വിവരമൊന്നുമില്ല. വൈറസ് ബാധയുള്ളയാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവശകലങ്ങളെ കുറെയൊക്കെ തടയാന്‍ മുഖാവരണത്തിനാവും. പ്രതലങ്ങളില്‍നിന്നുള്ള വൈറസ് പകര്‍ച്ചയ്ക്ക് അതിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ ഒരാള്‍ക്കു വൈറസ് ബാധയില്‍നിന്നു പരിരക്ഷ നല്‍കുകയല്ല, വൈറസ് ബാധയുള്ളയാളില്‍നിന്നു മറ്റുള്ളവരെ പരിരക്ഷിക്കുകയാണ് മാസ്‌കുകളുടെ ദൗത്യം. അതായത് എന്റെ മാസ്‌ക് നിങ്ങളെയും നിങ്ങളുടെ മാക്‌സ് എന്നെയുമാണ് രക്ഷിക്കുന്നത്! പൂര്‍ണ ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നത് അതുകൊണ്ടാണ്.

വീണ്ടും ആ ചോദ്യത്തിലേക്കു വരിക. മുഖത്തേക്കു നീണ്ടുവരുന്ന കൈകളെ നിയന്ത്രിക്കാന്‍ മുഖാവരണത്തിനാവുമോ? പ്രത്യേകിച്ച് അടിസ്ഥാനമൊന്നുമില്ലാതെ മുഖാവരണം നിര്‍ബന്ധമാക്കുന്ന ഭരണകൂടങ്ങളുടെ നടപടി ചര്‍ച്ചയായപ്പോള്‍ ചില ഗവേഷകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കൈകള്‍ കൊണ്ടു മുഖം തൊടുന്നതു കുറച്ചുകൊണ്ടുവരാന്‍ മുഖാവരണതിനു കഴിയുമെന്ന് അവര്‍ പറയുന്നു. ബിബിസിയുടെ ചര്‍ച്ചയില്‍ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് സിറ്റീഫന്‍ ഗ്രിഫിനും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ വാര്‍ത്തയില്‍ ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ പോള്‍ ഹണ്ടറും ഉന്നയിക്കുന്നത് ഈ വാദമാണ്. ചുരുങ്ങിയ പക്ഷം നേരിട്ട് വായിലും മൂക്കിലും തൊടുന്നതു കുറയ്ക്കാനെങ്കിലും മാസ്‌കിനാവുമെന്ന് പോള്‍ ഹണ്ടര്‍ പറയുന്നു.

മാസ്‌ക് ധരിക്കുക എന്നാല്‍ മാസ്‌ക് ധരിക്കുക എന്നു തന്നെയാവണം ഈ ഗവേഷകര്‍ അര്‍ഥമാക്കിയിട്ടുണ്ടാവുക. മാസ്‌ക് പാതി ധരിക്കുക എന്നത് അവരുടെ മുന്നിലുള്ള സാധ്യതയേയല്ല. ഇനി നമ്മള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയ ഇന്ത്യയില്‍, മാസ്‌ക് ഇല്ലാത്തവരെ പിടിക്കാന്‍ പൊലീസ് ഇറങ്ങുന്ന കേരളത്തില്‍ ചുറ്റുപാടുകളിലേക്കു നോക്കുക. മാസ്‌ക് നിര്‍ബന്ധമാണെന്നു പ്രഖ്യാപിച്ച ഭരണാധികാരികള്‍ മുതല്‍ മാസ്‌ക് ഇല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വരെ മിക്കവരും പാതി മാസ്‌കുമായാണ് നില്‍പ്പ്. രാഷ്ട്രീയക്കാര്‍ മാസ്‌ക് പാതി വലിച്ചു താഴ്ത്തി ചാനലുകള്‍ക്കു ബൈറ്റ് കൊടുക്കുന്നതും വീണ്ടും വലിച്ചുകയറ്റുന്നതുമെല്ലാം ഏതാണ്ട് പതിവു ദൃശ്യങ്ങള്‍ ആയിട്ടുണ്ട്. സമസ്ത മേഖലയിലും ഏതാണ്ട്  ഇതുതന്നെയാണ് സ്ഥിതി. മാസ്‌ക് വച്ചവര്‍ ഇടയ്ക്കിടെ തൊട്ട് അതവിടെത്തന്നെയില്ലേയെന്ന് ഉറപ്പിക്കുന്നുമുണ്ട്! മാസ്‌ക് ശരിയാക്കാന്‍ മണിക്കുറില്‍ രണ്ടു തവണ എന്നു കൂട്ടിയാല്‍ പോലും ഇപ്പോള്‍ നമ്മള്‍ കൈകള്‍ മുഖത്തു തൊടുന്നതിന്റെ എണ്ണം ഇരുപത്തിയഞ്ചായിക്കാണണം!! അതായത്, വൈറസ് ഉള്ള, രോഗാണുവാല്‍ മലിനമാക്കപ്പെട്ട പ്രതലത്തില്‍ കൈകള്‍ കൊണ്ടു സ്പര്‍ശിച്ചിട്ടുണ്ടെങ്കില്‍ മാസ്‌ക് 'വച്ച'തിന്റെ പേരില്‍ നിങ്ങളുടെ രോഗസാധ്യത കൂടിയെന്നര്‍ഥം.

ഫാള്‍സ് പ്രൊട്ടക്ഷന്‍. ലോകാരോഗ്യ സംഘടന അങ്ങനെ വിശേഷിപ്പിക്കുന്നുണ്ട്, മുഖാവരണത്തെ. മുഖാവരണം ധരിക്കുന്നതോടെ തെറ്റായ ഒരു സുരക്ഷിതത്വ ബോധം നമ്മെ പിടികൂടുമെന്നും കൈകള്‍ ശുചിയാക്കുക ഉള്‍പ്പെടെയുള്ള, കൂടുതല്‍ പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യങ്ങളില്‍ ഉദാസീനത വരുത്തുമെന്നുമെന്നുമാണ് ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നത്. ചുറ്റുപാടും കാണുന്നത് ഏതാണ്ട് അതൊക്കെത്തന്നെയാണ്. മാസ്‌ക് ശരിയായി ധരിക്കുക, ഊരിമാറ്റേണ്ടി വന്നാല്‍ വള്ളികളില്‍ മാത്രം പിടിക്കുക, ഒരു കാരണവശാലും മുന്‍ഭാഗത്ത് സ്പര്‍ശിക്കാതിരിക്കുക തുടങ്ങി അവശ്യം പാലിക്കേണ്ട കാര്യങ്ങളില്‍ ഉപേക്ഷ വരുത്തിയാല്‍ മുഖാവരണം വിപരീത ഫലം ഉണ്ടാക്കാനാണിട. ഓര്‍ക്കുക, താടിയില്‍ തൂങ്ങിക്കിടക്കുന്ന മുഖാവരണം ഒരുപക്ഷേ, നമ്മെ കൊറോണയ്ക്ക് ഒറ്റുകൊടുക്കുകയാവാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com