ജനങ്ങൾ നിരാശരാണ് സഖാവെ

'ചിരിക്കുന്ന അധികാര ഗർവ്വാണ് ' വീണാ ജോർജ്ജിന്
മുഖ്യമന്ത്രി പിണറായി  വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും/ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും/ഫയല്‍

'താൻപോരിമ', 'തന്നിഷ്ടം' - എന്നിവ വ്യക്തികളുടെ ഗർവ്വുമായി ബന്ധപ്പെട്ട് പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ്. അധികാരത്തിലിരിക്കുന്നവർക്ക് 'പൗരന്മാർ 'ഒരു അധിക ബാധ്യത പോലെയാവുന്നത് പല സന്ദർഭങ്ങളിലും മറ നീക്കി പുറത്തു വരുന്നതാണ്.ഒരു പ്രശ്നത്തെ എങ്ങനെ ലളിതമാക്കി, പൗരന്മാർക്ക് ആശ്വാസകരമാവുന്ന വിധത്തിൽ അവതരിപ്പിക്കാമെന്നതിനു പകരം, എല്ലാം എങ്ങനെ സങ്കീർണമാക്കി അവതരിപ്പിക്കാം എന്നതാണ് ഇതിനകം, തമാശയായി തീർന്ന 'വിദഗ്ദ്ധ സമിതിയുടെ 'പല നിർദ്ദേശങ്ങളും. ഏതെങ്കിലും മേഖലയിൽ വിദഗ്ദ്ധരായവരും ഇപ്പോൾ  തല കുനിച്ചു നടക്കേണ്ട അവസ്ഥയിലാണ്. വിദഗ്ദ്ധർ എന്നു കേട്ടാൽ നാട്ടുകാർ ഓടിച്ചിട്ടു തല്ലുന്ന അവസ്ഥ വിദൂരമല്ല.

ആരോഗ്യ മന്ത്രി വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങൾ നിയമ സഭയിൽ അവതരിപ്പിച്ചതിലൂടെ യഥാർഥത്തിൽ തടിയൂരിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കണ്ണൂർ ജില്ലക്കാരനായതു കൊണ്ട് ഫലിതങ്ങൾ പെട്ടെന്ന് മനസ്സിലാകുന്ന ആളാണ്.ഈ നിർദ്ദേശങ്ങൾ അവതരിപ്പിച്ചാൽ ട്രോളുകളുടെ മുഖ്യ കേന്ദ്രം താനാകുമെന്ന് അദ്ദേഹത്തിനറിയാമായിരിന്നിരിക്കണം. എത്രയോ കാലങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അനുഭവപരിചയമുണ്ടല്ലൊ.

ഒരു തരത്തിൽ, പൗരന്മാരെ വമ്പിച്ച ഭൂരിപക്ഷത്തിൽ തോൽപിച്ചു കൊണ്ടിരിക്കുകയാണ് ഉദ്യോഗസ്ഥ കേരളം. കടലാസിൽ അതുമിതും എഴുതി പിടിപ്പിച്ച് ,അധികാരത്തിൻ്റെ ഭ്രാന്തമായ ഉന്മാദങ്ങളിലൂടെ കടന്നു പോകുന്ന ഉദ്യോഗസ്ഥരാണ് ജനങ്ങൾക്കും സ്റ്റേറ്റിനുമിടയിൽ ഗുരുതരമായ തടസ്സമായി നിൽക്കുന്നത്.

ഏറ്റവും പ്രാധാനമായ പല പ്രശ്നങ്ങളിലൊന്നു പറയാം. ഹോട്ടലിൽ ഇരുന്ന് തിന്നു കൂടാ, പുറത്ത് നിന്നു കൊണ്ടു തിന്നാം. കാറിലിരുന്നും  തിന്നാം. ഇതിനെയൊക്കെ എന്താണ് പറയേണ്ടത് സർ?  തെരുവോരങ്ങൾ പേപ്പർ ഗ്ലാസുകളും ഭക്ഷണ ഉച്ഛിഷ്ടങ്ങളും കൊണ്ട് നിറയുകയാണ്. മാധ്യമ പ്രവർത്തകയെ ആരോഗ്യമന്ത്രിയാക്കിയാൽ ജനങ്ങൾ ഇങ്ങനെയൊരു ദുരിതപർവ്വം താണ്ടേണ്ടി വരുമെന്ന് കരുതിയതല്ല. 'ചിരിക്കുന്ന അധികാര ഗർവ്വാണ് ' വീണാ ജോർജ്ജിന്. നാടൻ പാട്ടിലുള്ളത് പോലെ 'നേന്ത്രപ്പഴം കൊണ്ട് എങ്ങനെ മുറിവേൽപിക്കാം' എന്ന ഗവേഷണത്തിലാണ് ആരോഗ്യമന്ത്രിയും വിദഗ്ദ്ധ സമിതിയും . അവരുടെ മുഖത്തു നോക്കി 'നിങ്ങളുടെ തീരുമാനങ്ങൾ ഭയങ്കര ബോറാണ് ' എന്ന് ആദ്യമേ തുറന്നു പറഞ്ഞില്ലെങ്കിൽ ,നാം വലിയ വില കൊടുക്കേണ്ടി വരും.

ജനങ്ങളെ ഏതെങ്കിലും തരത്തിൽ 'പേടിപ്പിച്ചു' നിർത്തുന്ന തീരുമാനങ്ങളാണ് ഉത്തരവുകളായി ഇറങ്ങുന്നത്. ജനങ്ങൾ ഏതാണ്ട് മടുത്തിരിക്കയാണ്. ഞങ്ങൾ തിരഞ്ഞെടുത്തത് ഇതിനു വേണ്ടിയല്ല, ഇതല്ല, ഇതല്ല ഞങ്ങൾ ആഗ്രഹിച്ച സർക്കാർ ....എന്ന് നിശബ്ദമായി പറയുന്നുണ്ട്. അധികാരത്തിൻ്റെ ജനവിരുദ്ധത പാർട്ടിയാണ് തിരുത്തേണ്ടത്.നിർഭാഗ്യവശാൽ, അതും സംഭവിക്കുന്നില്ല. പാർട്ടി അനുയായികൾ എന്നു പറയുന്നത്, ' അനുസരിക്കാൻ വിധേയരായ തൊമ്മിമാരുടെ 'സംഘമാണ് എന്നൊന്നും പറയാനാവില്ലെങ്കിലും, ഇടതുപക്ഷത്തിൻ്റെ ശരിയായ മേൽനോട്ടം പല കാര്യങ്ങളിലും പതിയേണ്ടതുണ്ട്. 

ലോകസഞ്ചാരം നടത്തിയ ചില സുഹൃത്തുക്കളിൽ നിന്ന് നേരിട്ടറിയാൻ സാധിച്ചത്, ' മുതലാളിത്ത രാജ്യ 'ങ്ങൾ എന്നു വിശേഷിപ്പിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പലതും  പൗരസ്വാതന്ത്ര്യത്തെ ഏറെ വിലമതിക്കുന്ന രാജ്യങ്ങളാണ് എന്നാണ്.ജനങ്ങൾക്ക് വേണ്ടത് അവർ നൽകുന്നു. ഇവിടെയാവട്ടെ, ജനങ്ങളുടെ മൗലികമായ എല്ലാ അവകാശങ്ങളും 'പിടിച്ചു 'വെക്കുന്നു. ഉദ്യോഗസ്ഥരുടെ ഔദാര്യത്തിന് കാത്തു നിൽക്കുന്ന ,ഒരു ആശ്രിത സമൂഹമായി നാം മാറിയിരിക്കുന്നു. വമ്പിച്ച അധികാര പ്രയോഗങ്ങൾ കൊണ്ട് പല ജന വിരുദ്ധ തീരുമാനങ്ങളും ഒളിച്ചു കടത്തുന്നുമുണ്ട്.

ഇതൊക്കെ ആരോട് പറയാനാണ്? നിസ്സഹായവസ്ഥകൾ, തുടർച്ചയായ കബളിപ്പിക്കലുകൾ - ജനങ്ങൾ നിരാശരാണ്, സഖാവെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com