കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങളേ, നിങ്ങളുടെ ഉള്ളിലുണ്ട്, താലിബാന്‍

മുസ്ലിം സ്ത്രീകള്‍ 'ഹിജാബ് ' ധരിച്ചാല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിലെ മുസ്ലിം പ്രസ്ഥാനങ്ങളുടെ ഉള്ളില്‍ ഒരു ' താലിബാനു 'ണ്ട്. 'മുസ്ലിം പ്രസ്ഥാന പുരുഷന്‍', മിക്കവാറും ( തീര്‍ച്ചയായും വളരെയധികം എണ്ണക്കൂടുതലുണ്ട് ഈ ' മിക്കവാറും ' എന്ന കള്ളിക്ക് ) ഉളളില്‍ താലിബാനെ താലോലിക്കുന്നു. 'ഇല്ല, ഞാന്‍ താലിബാനെ അംഗീകരിക്കുന്നില്ല 'എന്ന് ഉറപ്പിച്ചു പറയുന്ന 'മുസ്ലിം പ്രസ്ഥാന പുരുഷന്‍'ന്മാരുടെ എണ്ണം ഏറെയൊന്നുമുണ്ടാവില്ല. സ്ത്രീക്ക് ഇസ്ലാമില്‍ നല്‍കുന്ന 'വിശിഷ്ടമായ സ്ഥാനത്തെക്കുറിച്ച് 'വാചാലരാവുന്ന ഇവരില്‍ പലരും, ' മതമൗലികവാദിയും സ്ത്രീ വിരുദ്ധനുമായ ' ഒരു പുരുഷ ഇസ്ലാമിസ്റ്റായിരിക്കും. വളരെ ബാലിശമാണ്, ഇവരുടെ ന്യായീകരണങ്ങള്‍:

ഒന്ന്: അവിടെ സ്ത്രീ സ്വാതന്ത്ര്യമുണ്ട്. 'ഹിജാബ്' ധരിക്കുന്നതാണോ പ്രശ്‌നം? മുസ്ലിം സ്ത്രീകള്‍ 'ഹിജാബ് ' ധരിച്ചാല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നം?

പ്രശ്‌നം: 'ഹിജാബ് 'സ്ത്രീകളുടെ ചോയ്‌സ് അല്ല. പുരുഷന്മാരുടെ ഭരണകൂടം അത് അടിച്ചേല്‍പിക്കുന്നു. മുഖം 'മറയ്ക്കുക ' എന്നത്, ''കണ്ണടച്ചിരുട്ടാക്കുക ' എന്നതിന് തുല്യമാണ്. നിങ്ങള്‍, മതപുരുഷന്‍, സ്ത്രീകളെ 'ഇരുട്ടില്‍ ' തന്നെ നിര്‍ത്തുന്നു. 'ബുര്‍ഖ ' സ്ത്രീയുടെ ആത്മ ബോധത്തിന്റെ പ്രകാശനങ്ങള്‍ ഇഷ്ടപ്പെടാത്തവരുടെ ഒന്നാന്തരം തിരഞ്ഞെടുപ്പാണ്.' സ്ത്രീകള്‍ക്കെന്തിനാ കണ്ണുകള്‍ ?' എന്ന് ചോദിക്കാത്തത് ഈ മുസ്ലിം മതമൗലികവാദികള്‍ ചരിത്രത്തോട് കാണിക്കുന്ന വലിയ 'ഔദാര്യ'മാണ് എന്ന് തോന്നും, അവരുടെ ന്യായീകരണം കേട്ടാല്‍.

രണ്ട്: പാട്ട് പാടരുത്, സിനിമ കാണരുത്.

ഇതൊന്നും മുസ്ലിംകള്‍ക്ക് 'ഹലാല്‍ ' ആയ കാര്യങ്ങളല്ലല്ലൊ.. നിങ്ങള്‍ക്കെന്താ പ്രശ്‌നം?

പ്രശ്‌നം: സംഗീതാത്മകമാണ് ഓരോ സൂക്ഷ്മ ചലനവും. സംഗീതം ജീവിതത്തെ ഏറ്റവും മനോഹരമാക്കുന്ന വ്യക്തിഗത അനുഭവമാണ്. പാട്ട് കേള്‍ക്കുമ്പോള്‍, ആ നിമിഷങ്ങളില്‍ ,നാം ജനാധിപത്യത്തെ അനുഭവിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ പാടുന്നത് മറ്റൊരാള്‍ കേള്‍ക്കുന്നതില്‍ ഒരു 'ഹാര്‍മണി'യുണ്ട്. സംഗീതമില്ലെങ്കില്‍ ,' സംഗീത നിരോധിത മേഖല 'യിലാണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ , സംഗത്യമുള്ള 'തൊന്നും അവിടെയില്ല. 'പറയേണ്ടതെന്തെന്ന് ' തീരുമാനിക്കപ്പെട്ട പോലെ, 'കേള്‍ക്കേണ്ടതെന്തെ'ന്നും അവിടെ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. യഥാര്‍ഥത്തില്‍ ,വായും ചെവിയും തുറന്ന നിലയില്‍ സൃഷ്ടിച്ച ദൈവം പാടാനും കേള്‍ക്കാനും തന്നെയാണവ സൃഷ്ടിച്ചത്. സിനിമയില്ലെങ്കില്‍, കാഴ്ചയുടെ ജനാധിപത്യ ലോകമാണ് അവിടങ്ങളില്‍ സ്തംഭിച്ചു നില്‍ക്കുന്നത്.

മൂന്ന്: അമേരിക്ക ലോക പൊലീസ് ചമയുന്നത് നിങ്ങള്‍ കാണുന്നില്ലേ? ഉത്തര കൊറിയയിലും ചൈനയിലും ചെറിയ രാജ്യമായ മ്യാന്‍മറിലും നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധതയേക്കാള്‍ വലുതല്ല, ഇസ്ലാമിക മൗലിക വാദം. 'ഇസ്ലാം' എന്ന് കേള്‍ക്കുന്നതും താടി വെച്ച മനുഷ്യരെ കാണുന്നതുമാണോ നിങ്ങളുടെ പ്രശ്‌നം?

പ്രശ്‌നം: ലോകത്തുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം അമേരിക്കയാണ് എന്ന് പറയാവുന്ന ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ ചരിത്രത്തിന് മുന്നിലുണ്ട് എന്നത് സത്യമാണ്. എങ്കിലും, ചില കുഴപ്പങ്ങള്‍ക്കെങ്കിലും അമേരിക്കയെ വെറുതെ വിടേണ്ടതുണ്ട്. മതം ഒരു ഭ്രാന്തായി മാറുന്നത് അമേരിക്കയുടെ കുഴപ്പം കൊണ്ടല്ല. 'ആയിരത്തൊന്നു രാവുകള്‍' വായിച്ച് രസത്തേരിലേറിയ ഒരാളും ഇസ്ലാം എന്ന് കേള്‍ക്കുമ്പോള്‍ ദൂരെ സംഭീതമായി മാറി നില്‍ക്കില്ല.'ഹസ്ബീ റബ്ബീ ജല്ലള്ളാ... ' എന്ന താരാട്ട് കേട്ടു വളര്‍ന്ന ഒരു കുട്ടിക്ക്, ഇസ്ലാമിനോട് പ്രത്യേകിച്ചൊരു വിരോധം തോന്നുകയുമില്ല.


നാല്:: ഒരു ജനത ആഗ്രഹിച്ച ഭരണകൂടത്തെയല്ലെ ജനങ്ങള്‍ക്ക് കിട്ടുന്നത്. രക്തച്ചൊരിച്ചിലില്ലാതെ അധികാരക്കൈമാറ്റം നടന്നില്ലെ? ഇന്ത്യക്ക് ഹിന്ദു രാജ്യമാകാമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ഒരു മുസ്ലിം രാജ്യമാകുന്നതില്‍ എന്താ പ്രശ്‌നം?


പ്രശ്‌നം: ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് എന്ന അവതരണ രീതി കൊണ്ട് താലിബാന്‍ മതഭീകരതയെ ബാലന്‍സിങ്ങ് ചെയ്യുന്ന ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇന്ത്യ അതിന്റെ ജനാധിപത്യപരമായ ഉള്ളടക്കത്തെ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ ജനാധിപത്യപരമായ തുറസ്സുകള്‍ക്ക് ഇടിവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും, വെളിച്ചം പൂര്‍ണ്ണമായും കെട്ടുപോയ ഇരുണ്ട രാജ്യമല്ല. ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം സ്ത്രീക്ക് മറ്റെവിടെ ജീവിക്കുന്ന മുസ്ലിം സ്ത്രീയേക്കാളും സ്വാതന്ത്ര്യമുണ്ട്. ഈ സ്വതന്ത്ര്യം മതം നല്‍കിയ സ്വാതന്ത്ര്യമല്ല. ആധുനികമായ രാഷ്ട്രീയ / ജീവിത / തൊഴില്‍ ജീവിതത്തില്‍ നിന്ന് നാം വ്യക്തികളോടൊപ്പം തുന്നിച്ചേര്‍ത്ത സ്വാതന്ത്ര്യമാണ്. അതു കൊണ്ട് താലിബാനെ എതിര്‍ക്കേണ്ട സമയത്ത് ,' അതുമിതും ഒന്നല്ലേ' എന്ന തെറ്റിദ്ധാരണയുണ്ടാക്കരുത്.

അതു കൊണ്ട് ,ജമാഅത്തെ ഇസ്ലാമിയിയിലെയും മുസ്ലിം ലീഗിലെയും എസ്.ഡി.പി.ഐയിലേയും മറ്റു മത പുരുഷ പ്രസ്ഥാനങ്ങളിലെയും യുവ സ്‌നേഹിതന്മാരോട് പറയാനുള്ളത്, നിങ്ങള്‍ക്കുള്ളിലെ സ്ത്രീ വിരുദ്ധനായ 'ആ ആണ്‍ ചിരി 'ചരിത്രത്തെ കണ്ണടച്ച് ഇരുട്ടാക്കുന്ന ചിരിയാണ്. മുസ്ലിം സ്ത്രീകളെ നിങ്ങള്‍ ഇവിടെ പരിഗണിക്കുന്നത്, നിങ്ങളുടെ മതം മാത്രമല്ല ഇവിടെയുള്ളത് എന്നതുകൊണ്ടു മാത്രമാണ്.മുസ്ലിം ലീഗിലെന്തിനാ സ്ത്രീകള്‍? എന്ന സന്ദേഹത്തിന്റെ മുനമ്പിലാണ് നാമിപ്പോള്‍. ഇത്തിരി വട്ടത്തില്‍ മാത്രം അധികാരം കൈയാളുന്ന മുസ്ലിം ലീഗിന് പോലും മുസ്ലിം സ്ത്രീകളോടുള്ള സമീപനം തന്നെ കണ്ടില്ലേ?

അല്ലെങ്കിലും എന്തിനാ സ്ത്രീകള്‍ സംസാരിക്കുന്നത്? പുരുഷന്മാരുള്ളപ്പോള്‍ സ്ത്രീകള്‍ സംസാരിക്കുകയോ? ഒരുമ്പെട്ടവള്‍! ഇങ്ങനെ ജനാധിപത്യത്തെ, തുല്യതാ ബോധത്തെ ,സ്വാതന്ത്ര്യത്തെ ഭയക്കുകയും നിരോധിക്കുകയും ചെയ്യുമ്പോള്‍ താലിബാനുകള്‍ ഉണ്ടാവുന്നു. എന്നിട്ടും ഇസ്ലാം സ്ത്രീകളോട് ഔദാര്യം കാണിച്ചു എന്ന വര്‍ത്തമാനവുമായി വരരുതേ, പ്ലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com