ഒരു വിക്കറ്റിന് എട്ടണ തരും, എറിയാമോ? 

By പിആര്‍ ഷിജു  |   Published: 03rd December 2021 11:53 AM  |  

Last Updated: 03rd December 2021 02:01 PM  |   A+A-   |  

palwankar baloo


'ഈ ഹിന്ദുക്കള്‍ എന്ത് വിഡ്ഢികളാണ്?'
ജെജി ഗ്രെയ്ഗിന്റെ ഈ ചോദ്യമാണ് ഒരര്‍ഥത്തില്‍ ബാലുവിന് ടീമിലേക്ക് വഴി തുറന്നത്. പൂന യൂറോപ്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്നു, ഗ്രെയ്ഗ്. ബാലു അവരുടെ നെറ്റ്‌സിലെ സഹായിയും.

അന്നൊക്കെ, എന്നുവച്ചാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും, അങ്ങനെയായിരുന്നു ഇന്ത്യയിലെ ക്രിക്കറ്റ്. യൂറോപ്യന്‍മാര്‍ക്ക് ഒരു ടീം, ഹിന്ദുക്കള്‍ക്ക് വേറൊരു ടീം, പാഴ്‌സികള്‍ക്ക് മറ്റൊരു ടീം.  യൂറോപ്യന്‍മാര്‍ക്ക് നെറ്റ്‌സില്‍ പന്തെറിഞ്ഞു കൊടുക്കുന്ന കൊള്ളാവുന്ന ഒരു ഹിന്ദുവുണ്ട് എന്നത്, പൂനയിലെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ കാലം. ഹിന്ദു ടീമില്‍ അയാളുണ്ടെങ്കില്‍ യൂറോപ്യന്‍മാര്‍ക്കെതിരെ നല്ലൊരു ആയുധമാവുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു. അതു പക്ഷേ അത്ര എളുപ്പമല്ല, കാരണം അയാള്‍ ഒരു ചെരുപ്പുകുത്തിയാണ്. മേല്‍ജാതിക്കാരെ സംബന്ധിച്ചിടത്തോളം തീണ്ടാപ്പാടകലെ നില്‍ക്കേണ്ടയാള്‍. തെലുങ്കരും മറാത്തികളുമാണ് ഹിന്ദു ടീമില്‍ അധികവും. എങ്ങനെയും യൂറോപ്യന്‍മാരെ തോല്‍പ്പിക്കണമെന്നും അതിന് ചെരുപ്പുകുത്തിയെങ്കില്‍ ചെരുപ്പുകുത്തി എന്നുമായിരുന്നു തെലുങ്കരുടെ നിലപാട്. മറാത്താ ബ്രാഹ്മണര്‍ പക്ഷേ, ഇതിനെ കണ്ണും പൂട്ടി എതിര്‍ത്തു. ചെരുപ്പുകുത്തിക്കൊപ്പം ഒരേ മൈതാനത്ത് കളിക്കുക, അവന്‍ തൊട്ട പന്തില്‍ തൊടുക. അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു, അത്.

ചര്‍ച്ചകള്‍ ഇങ്ങനെ മുന്നേറുമ്പോഴാണ് ഗ്രെയ്ഗ് ബോംബിട്ടത്. 'ഈ ഹിന്ദുക്കള്‍ എന്തു വിഡ്ഢികളാണ്? ബാലുവിനെ പോലെ ഒരു കളിക്കാരനെ മാറ്റി നിര്‍ത്തുകയോ?' പത്രത്തില്‍ ഗ്രെയ്ഗിന്റെ അഭിമുഖം വന്നതോടെ ചര്‍ച്ചകള്‍ പിന്നെയും കൊഴുത്തു. ഒടുവില്‍ മറാത്താ ബ്രാഹ്മണര്‍ വഴങ്ങി; ബാലുവിനൊപ്പം കളിക്കാം. പക്ഷേ ഒരു കണ്ടീഷനുണ്ട്. കളിക്കുമ്പോള്‍ മാത്രമേയുള്ളു ഈ സഹജീവനം. കളിക്കളത്തിനു പുറത്ത് ഡ്രസിങ് റൂമില്‍, പവലിയനില്‍, മെസ്സില്‍ എവിടെയും ഉണ്ടാവരുത്, ബാലു. പല്‍വാങ്കര്‍ ബാലുവിന്റെ ക്രിക്കറ്റ് ജീവിതം തുടങ്ങുന്നത് അങ്ങനെയാണ്. ആദ്യത്തെ ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്റര്‍- ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പറയുന്ന 'എ കോര്‍ണര്‍ ഒഫ് എ ഫോറിന്‍ ഫീല്‍ഡി'ല്‍ രാമചന്ദ്ര ഗുഹ ബാലുവിനെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്.

ബ്രിട്ടീഷ് ആയുധ ഡെപ്പോയില്‍ ജോലിക്കായാണ്, കൊങ്കണിലെ ധര്‍വാഡില്‍ നിന്ന് ബാലുവിന്റെ അച്ഛന്‍ പൂനയില്‍ എത്തിയത്. വെടിക്കോപ്പുകളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മേല്‍ജാതിക്കാര്‍ ആ ജോലിക്കു വരില്ല. മൃഗങ്ങളുടെ തോല്‍ കൈകാര്യം ചെയ്യുന്ന ചമാറുകള്‍ക്ക് എളുപ്പം കിട്ടുന്ന ജോലികളില്‍ ഒന്നായിരുന്നു അത്. പൂനയില്‍ ബാലുവിന്റെ വിദ്യാഭ്യാസമൊന്നും അധികം മുന്നോട്ടു പോയില്ല. പിന്നാക്ക ജാതിക്കാര്‍ക്കിടയില്‍ അതൊരു പതിവല്ലായിരുന്നു. ചെറുപ്പത്തില്‍ തന്നെ എന്തെങ്കിലും ജോലി കണ്ടെത്തുക. കുടുംബത്തിന് ചെറിയൊരു കൈത്താങ്ങാവുക. ആ അന്വേഷണമാണ് ബാലുവിനെ ക്രിക്കറ്റില്‍ എത്തിച്ചത്.

പാഴ്‌സി ക്രിക്കറ്റ് ക്ലബിലായിരുന്നു തുടക്കം. പിച്ച് റോള്‍ ചെയ്യുക, ഔട്ട് ഫീല്‍ഡ് വൃത്തിയാക്കുക, കളിക്കാര്‍ക്ക് വെള്ളം കൊണ്ടു കൊടുക്കുക ഇതൊക്കെയായിരുന്നു പണി. മാസം മൂന്നു രൂപ കിട്ടും. ഇതോടൊപ്പം നെറ്റ്‌സില്‍ ബാറ്റര്‍മാര്‍ക്ക് പന്തെറിഞ്ഞു കൊടുക്കുക എന്ന പണി കൂടി ബാലുവിന്റേതായി. നെറ്റ്‌സില്‍ പന്തെറിയാനൊന്നും അന്ന് കളിക്കാര്‍ അധികമൊന്നും വരില്ല. ക്രിക്കറ്റ് ഏതാണ്ട് പൂര്‍ണമായും ബാറ്റര്‍മാരുടേതായിരുന്നു, നാട്ടുരാജാക്കന്‍മാരായിരുന്നു പലയിടത്തും അതിന്റെ രക്ഷാധികാരികള്‍. ബാറ്റിങ്ങില്‍ തന്റെ ഊഴം വരുമ്പോള്‍ കൊട്ടാരത്തില്‍ നിന്നിറങ്ങുകയും പുറത്താവുമ്പോള്‍ നേരെ പല്ലക്കില്‍ കയറി തിരിച്ചു പോവുകയും ചെയ്യുന്ന കശ്മീര്‍ രാജാവിനെക്കുറിച്ച് രാം ഗുഹ എഴുതുന്നുണ്ട്.

അധികം വൈകാതെ ബാലു യൂറോപ്യന്‍ ക്ലബിലേക്കു മാറി. ഒരു രൂപയുടെ ശമ്പള വര്‍ധനയായിരുന്നു, ആകര്‍ഷണം. പണിയെല്ലാം പഴയതു തന്നെ, പന്തെറിയുന്നത് ഒഴിച്ച്. നെറ്റ്‌സില്‍ ആളൊഴിയുമ്പോള്‍ മനോഹരമായ കൃത്യതയോടെ സ്പിന്‍ ബോള്‍ എറിയുന്ന 'ഹെല്‍പ്പറെ' ശ്രദ്ധിച്ചത് ട്രോസ് എന്ന കളിക്കാരനാണ്. അതോടെ ബാലു യൂറോപ്യന്‍മാരുടേയും പ്രാക്ടീസിങ് ബാളര്‍ ആയി. ബൗളിങ്ങില്‍ ബാലുവിന്റെ മാന്ത്രികത പെട്ടെന്നു തന്നെ അവര്‍ തിരിച്ചറിഞ്ഞു, പ്രത്യേകിച്ചും ക്യാപ്റ്റന്‍ ഗ്രെയ്ഗ്. മറ്റുള്ളവര്‍ പരിശീലനത്തിന് എത്തുംമുമ്പ് ഗ്രൗണ്ടിലെത്തി ഗ്രെയ്ഗ് ബാലുവിനെക്കൊണ്ട് പന്തെറിയിച്ചു. ബാലുവിന്റെ പന്തു നേരിട്ടുള്ള പരിശീലനം ഇന്ത്യന്‍ പിച്ചുകളില്‍ തന്റെ ബാറ്റിങ്ങിനെ ഏറെ മെച്ചപെടുത്തും എന്നുറപ്പായിരുന്നു, യൂറോപ്യന്‍ ടീമിന്റെ നായകന്. ഒരു തവണ തന്നെ പുറത്താക്കിയാല്‍ എട്ട് അണ- അതായിരുന്നു ഗ്രെയ്ഗ് ബാലുവിന് മുന്നില്‍ വച്ച ഓഫര്‍. പല മാസങ്ങളിലും ബാലു അങ്ങനെ ശമ്പളത്തേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കി. ഈ അനുഭവത്തില്‍ നിന്നാണ് ബാലുവിനെക്കുറിച്ചുള്ള ഗ്രെയ്ഗിന്റെ അഭിപ്രായം രൂപപ്പെട്ടത്.

പൂന ഹിന്ദു ക്ലബില്‍ ഗംഭീരമായിരുന്നു ബാലുവിന്റെ പ്രകടനം. ഓരോ കളിയിലും ബാലു വിക്കറ്റുകള്‍ കൊയ്തു കൂട്ടി. പുതിയ ബൗളറുടെ മികവില്‍ ഹിന്ദു ടീം ഗ്രെയ്ഗിന്റെ യൂറോപ്യന്‍ പടയെ തോല്‍പ്പിച്ചു. പൂനയില്‍ മാത്രമല്ല, സമീപ പട്ടണങ്ങളിലേക്കും അവരുടെ ജൈത്രയാത്ര നീണ്ടു. സത്താറയിലെ വെള്ളക്കാരുടെ ജിംഖാന ബാലുവിന്റെ സ്പിന്നിനെ മറികടക്കാന്‍ ഉറച്ച പിച്ചൊരുക്കി. ഏഴു വിക്കറ്റാണ് ആ കളിയില്‍ ബാലു എറിഞ്ഞു വീഴ്ത്തിയത്. വിജയ ശില്‍പ്പിയെ ആനപ്പുറത്തേറ്റി നഗര പ്രദക്ഷിണം നടത്തിയാണത്രെ, ആരാധകര്‍ ഹിന്ദുക്കളുടെ ജയം ആഘോഷിച്ചത്. ലോക്കല്‍ ഹീറോ ആയി മാറിയ കളിക്കാരനെ മഹാദേവ് ഗോവിന്ദ് റാനഡെയും പിന്നീട് ബാല ഗംഗാധര തിലകനും ആദരിച്ചതായി പറയുന്നു, മറാത്തയില്‍ എഴുതിയ ബാലുവിന്റെ ഒരേയൊരു ജീവചരിത്രത്തില്‍. ബി ആര്‍ അംബേദ്കര്‍ ചില ആദ്യകാല രചനകളില്‍ ബാലുവിനെ പരാമര്‍ശിച്ചിട്ടുണ്ടെന്ന് രാം ഗുഹ പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബാലുവിനെ ടീമിലെടുക്കുന്നതിന് മറാത്താ ബ്രഹ്മണര്‍ മുന്നോട്ടുവച്ച ആ വ്യവസ്ഥ അങ്ങനെ തന്നെ നിന്നു. കളിക്കിടയിലെ ചായ സമയത്ത് ടീം അംഗങ്ങള്‍ പോര്‍സലിന്‍ കോപ്പകളില്‍ ചായ കുടിച്ചപ്പോള്‍ ബാലുവിന് കിട്ടിയത് മണ്‍ കപ്പുകള്‍. ഒഴിഞ്ഞു മാറി ദൂരെ ഒരിടത്തു നിന്നു വേണമായിരുന്നു, ടീമിലെ സ്റ്റാര്‍ ബൗളര്‍ ചായ കുടിക്കാന്‍. കളിക്കിടെ മുഖം കഴുകണമെങ്കില്‍ അയിത്ത ജാതിയില്‍പ്പെട്ട പരിചാരകന്‍ ഔട്ട് ഫീല്‍ഡിന്റെ ഒരു മൂലയില്‍ വച്ച് കെറ്റിലില്‍ വെള്ളം പകര്‍ന്നു നല്‍കും. മെസില്‍ ബാലുവിന് പ്രത്യേക പാത്രങ്ങളും പ്രത്യേക മേശയുമുണ്ടായിരുന്നു. 

പൂന വിട്ട് ബോംബെ ഹിന്ദു ജിംഖാനയില്‍ എത്തിയതോടെ ബാലുവിന്റെ ലോകം കുറേക്കൂടി വലുതായി. ബോംബെ ആയിരുന്നു, ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലസ്ഥാനം. യൂറോപ്യന്‍മാരും പാഴ്‌സികളും ഹിന്ദുക്കളും മുസ്ലിംകളും നേര്‍ക്കുനേര്‍ പോരടിച്ച ബോംബെ ക്രിക്കറ്റ് കാര്‍ണിവല്‍ ശരിക്കും ഉത്സവം തന്നെയായിരുന്നു. ഏതു കൗണ്ടി മത്സരത്തേക്കാളും ശബ്ദഘോഷത്തോടെയാണ് ബോംബെ ജിംഖാനയിലെ കളികള്‍ നടന്നിരുന്നതെന്ന് സാക്ഷ്യപ്പെടുത്തിയത് ഇംഗ്ലീഷ് താരങ്ങള്‍ തന്നെയാണ്. പാഴ്‌സികള്‍ - അവരാണ് ക്രിക്കറ്റിനെ ആഘോഷമാക്കിയത്. സ്ത്രീകളും കുട്ടികളും വയോധികരുമെല്ലാം ഗാലറിയിലേക്ക് കൂട്ടമായെത്തി. ബ്യൂഗിളും പെരുമ്പറകളും കൊണ്ട് അവര്‍ മൈതാനത്തെ ആവേശത്തില്‍ മുക്കി. ശരാശരി ഇരുപതിനായിരം പേരാണ് ബോംബെയില്‍ അന്നു ക്ലബ് മത്സരം കാണാനെത്തിയിരുന്നത്. അവരുടെ ഹീറോയായിരുന്നു, ബാലു. ഹിന്ദു ജിംഖാനയുടെ സീനിയര്‍ താരമായിട്ടും, പല മത്സരത്തിലെയും വിജയ ശില്‍പ്പി ആയിട്ടും ബാലുവിനെ ക്യാപ്റ്റന്‍ ആക്കാത്തതിനെക്കുറിച്ച് ബോംബെ ക്രോണിക്കിള്‍ ലേഖനമെഴുതി, വായനക്കാര്‍ അതിനു പ്രതികരണവുമായി രംഗത്തെത്തി. ഒരിക്കല്‍ ബാലുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോഴുമുണ്ടായി, സമാനമായ ഇടപെടലുകള്‍. ശരിക്കും ഇന്ത്യയുടെ ആദ്യത്തെ ജനകീയ ക്രിക്കറ്റ് താരം തന്നെയായിരുന്നു ബാലു.

മൈതാനങ്ങളെ വിസ്മയിപ്പിച്ച ആ കളിക്കാലത്തിനു ശേഷം പക്ഷേ, വിസ്മൃതിയിലേക്കു വീണുപോവാനായിരുന്നു, ആദ്യത്തെ ഗ്രേറ്റ് ഇന്ത്യന്‍ ക്രിക്കറ്ററുടെ വിധി. ഇന്ത്യയ്ക്കു ദേശീയ ടീം ഉണ്ടാവുന്നതിനു മുമ്പ് കളംനിറഞ്ഞ പലരും പലവിധത്തിലും ഓര്‍ക്കപ്പെടുമ്പോള്‍ എവിടെയുമില്ല, പല്‍വാങ്കര്‍ ബാലു. മൂന്നോ നാലോ പതിറ്റാണ്ടുകള്‍ ബാലു നിറഞ്ഞു നിന്ന ബോംബെയിലോ പൂനെയിലോ പോലും, ഒരു പ്രദേശിക ടൂര്‍ണമെന്റു പോലുമില്ല, ഈ കളിക്കാരന്റെ ഓര്‍മയ്ക്കായി. കേംബ്രിഡ്ജിലും സസ്സക്‌സിലും പിന്നെ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലും കളിച്ച രഞ്ജിത് സിങ്ജിയുടെ പേരില്‍ ദേശീയ ടൂര്‍ണമെന്റ് നടക്കുന്ന നാട്ടില്‍, കളിക്കളത്തിലെ നിലയ്ക്കാത്ത കൈയടികളുടെ ചരിത്രത്തില്‍ നിന്ന് അത്രമേല്‍ സ്വാഭാവികമായി മാഞ്ഞുപോവുകയായിരുന്നു, അയാള്‍.  ജാതിയുടെ ഇന്ത്യന്‍ പിച്ചുകളില്‍ അതൊരു പുതിയ കളിയേ അല്ല.