വൈസ് ചാന്‍സലര്‍ വിവാദവും കുഞ്ഞാലിക്കുട്ടിയുടെ ഉപദേശവും 

ഒന്നു വിളിച്ചു പറഞ്ഞാല്‍ പോരെ? അല്ലെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നില്ലേ?'
വൈസ് ചാന്‍സലര്‍ വിവാദവും കുഞ്ഞാലിക്കുട്ടിയുടെ ഉപദേശവും 

'അയ്യയ്യയ്യേ, ഇതീ തെരുവിന് തന്നെ മോശമായിപ്പോയി.' സകല ഭാവഹാവാദികളോടും കൂടി കുതിരവട്ടം പപ്പു 
പറയുമ്പോള്‍ കേള്‍ക്കുന്ന നമുക്കും തോന്നും മോശമായിപ്പോയെന്ന്. 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു'വെന്ന രസികന്‍ ചിത്രത്തിലാണ് അനശ്വര നടന്‍ പപ്പുവിന്റെ കഥാപാത്രം പരിക്ഷീണനായ ഒരു വൃദ്ധകഥാപാത്രത്തോട് തിക്കുറിശി  എന്ന മട്ടില്‍ തെരുവിനെ അഭിസംബോധന ചെയ്ത് ഈ ഡയലോഗ് പറയുന്നത്. കേള്‍ക്കുന്നവര്‍ക്ക് രോഷവും പരിഹാസവുമാണ്. തിക്കുറിശ്ശിയുടെ കഥാപാത്രത്തിന് മാത്രം ചിരിയും രോഷവും വരുന്നില്ല.  

വര്‍ഷങ്ങള്‍ക്കിപ്പുറം കേരള നിയമസഭയാണ് രംഗം. ബന്ധു വിവാദത്തില്‍പ്പെട്ട അന്നത്തെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചത്തിന് തൊട്ടുപിന്നാലെ, ജയരാജന്റെ രാജിക്ക് വേണ്ടിയും ബന്ധുനിയമന വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടും, പ്രതിപക്ഷം സംസ്ഥാനം മുഴുവന്‍ പ്രക്ഷോഭം നടത്തുകയായിരുന്നു. രാജിവച്ച്  ദിവസങ്ങള്‍ക്കകം നിയമസഭയിലെത്തിയ ജയരാജന്‍ പരിക്ഷീണനായിരുന്നു. 

'നമ്മള്‍ ഒക്കെയും മനുഷ്യരല്ലേ? ഒരു പക്ഷെ അദ്ദേഹത്തിന് പരിചയക്കുറവുണ്ടാകാം, എന്നാലും ഏതെങ്കിലും ഒരു മന്ത്രി നിയമന ഉത്തരവ് സ്വന്തം ലെറ്റര്‍ പാഡില്‍ എഴുതിക്കൊടുക്കുമോ? ഒന്നു വിളിച്ചു പറഞ്ഞാല്‍ പോരെ? അല്ലെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതിയായിരുന്നില്ലേ?' ഏതാണ്ട് ഇത്തരത്തിലാണ് ഉപദേശം നീണ്ടുപോയത്. കേട്ടിരുന്ന ഭരണപ്രതിപക്ഷ അംഗങ്ങളും മുഖ്യമന്ത്രിയും വരെ ചിരിച്ചുപോയി. ഇ പി ജയരാജന് മാത്രം ചിരി വന്നില്ല. 

2016 ഒക്ടോബര് 17ന് അന്ന് പ്രതിപക്ഷ ഉപനേതാവായിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞ വാക്കുകളാണിവ. സ്വജനപക്ഷപാതാരോപണത്തില്‍ കസേര നഷ്ടപ്പെട്ട ഇ പി ജയരാജനോടായിരുന്നു ഉപേദശം. ജയരാജന്റെ രാജിക്കായി നിയമസഭയിലും പുറത്തും പ്രതിപക്ഷം കൊടുംകാറ്റുയര്‍ത്തിയിരുന്നു. ജയരാജനോട് മനസ്സ് കൊണ്ട് അനുതപിച്ച് കൊണ്ടാകണം സാമാന്യം ഭരണ പരിചയമുള്ള കുഞ്ഞാലിക്കുട്ടി ഈ ഉപദേശം നല്‍കിയത്. 

ഇത് വീണ്ടും ഓര്‍ക്കാന്‍ കാരണം ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ വിവാദമാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിക്കും ഏതാനും ചില മന്ത്രിമാര്‍ക്കും ഒഴിച്ചാല്‍ മറ്റു മന്ത്രിമാര്‍ക്ക് ഭരണ പരിചയം കുറവാണ്. അതുകൊണ്ടുതന്നെ ഭരണപരമായ നടപടിക്രമങ്ങളെക്കുറിച്ചും അതിന് പാലിക്കേണ്ട പ്രോട്ടോകോളിനെക്കുറിച്ചും പലരും ഏറെക്കുറെ അജ്ഞരുമാണ്.  ഇക്കാര്യത്തില്‍ അവരെ സഹായിക്കുകയും വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യേണ്ട ഉദ്യോഗസ്ഥ തലത്തിലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അല്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയ കത്തും അതിനെത്തുടര്‍ന്നുള്ള വിവാദങ്ങളും ഉണ്ടാകുമായിരുന്നില്ല. ഭരണ പരിചയമില്ലായ്മക്കൊപ്പം ജാഗ്രതക്കുറവും സംഭവിച്ചാല്‍ എന്താകുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ ആറു മാസത്തിനുള്ളില്‍ തന്നെ ഇ പി ജയരാജന്‍ പാഠം കാണിച്ചു തന്നിട്ടുണ്ട്. ഒരുപക്ഷേ ഇടതുപക്ഷത്തെ പുതുതലമുറ മന്ത്രിമാര്‍ അതില്‍ നിന്ന് ഇനിയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടില്ല എന്നു കരുതണം. 

വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ തീരുമാനങ്ങളും രാഷ്ട്രീയ നിയമനങ്ങളും നടക്കുന്നത് കേരളത്തില്‍ ഇത് ആദ്യമായല്ല. ചിലപ്പോഴെങ്കിലും അവയൊക്കെ വിവാദവുമായിട്ടുണ്ട്. എന്നാല്‍ ഒരു ഫെഡറല്‍ സംവിധാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ഗവര്‍ണറും സംസ്ഥാന ഭരണകൂടവും ഇത്ര പരസ്യമായി ഏറ്റുമുട്ടലില്‍ വരുന്നത് കേരളത്തില്‍ ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കും. 

ഉന്നത വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത് എന്നതില്‍ തര്‍ക്കമില്ല. വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചക്ക് അത് കാരണമാകരുത്. സിപിഎമ്മിന്റെയും സിപിഐയുടെയും പ്രതിനിധികളെ കുത്തി നിറയ്ക്കാന്‍ ഉള്ളതല്ല സര്‍വകലാശാലകള്‍. ഇതിലൊന്നും ആര്‍ക്കും ഒരു തര്‍ക്കവുമില്ല. അതേസമയം ഗവര്‍ണര്‍ പദവി രാഷ്ട്രീയമായ പരിഗണനകള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അപ്പുറമാണ്. അത് ഒരു രാഷ്ട്രീയ പ്രതിനിധി എന്ന നിലക്ക് ഉപയോഗിക്കാനുള്ളതല്ല. പരസ്യമായ ചെളി വാരിയെറിയല്‍ ഒഴിവാക്കേണ്ടത് തന്നെയാണ്.  

ഒരു ജനാധിപത്യ സംവിധാനത്തില്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിനാണ്- ഭരണാധിപന്‍ കേന്ദ്രത്തിലെ നരേന്ദ്രമോദിയോ കേരളത്തിലെ  പിണറായി വിജയനോ ആയിക്കൊള്ളട്ടെ-  മുന്‍ഗണന. കേളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ഇടതുപക്ഷ സര്‍ക്കാരിനെയും പിണറായി വിജയനെയുമാണ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയല്ല. അത് മറക്കരുത്!

സില്‍വര്‍ ലൈന്‍ കേരളത്തിനു ചേരുമോ?

എ കെ ആന്റണി ജിമ്മില്‍ നിന്ന് തുടങ്ങിയതാണ് കേരളത്തിന്റെ വികസനം. ഞെട്ടണ്ട. അതാണ് വികസന പരിപ്രേക്ഷ്യത്തെക്കുറിച്ചുള്ള വലതുപക്ഷ ഭാഷ്യം 

സമീപഭാവിയില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവന്നത് 2003ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ  നേതൃത്വത്തില്‍ നടത്തിയ ജിം അഥവാ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റാണെന്നാണ് വലതുപക്ഷം ധരിച്ചുവശായി ഇരിക്കുന്നത്. അന്ന് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആണെങ്കില്‍ കേരളത്തിന് 26,000 കോടിയുടെ നിക്ഷേപമാണ് ജിം കൊണ്ടുവന്നത്.

അതിനുശേഷവും കോടികളുടെ കണക്കുകള്‍ കേരളം പല തവണ കേട്ടു. പുറത്ത് വന്ന കണക്കുകള്‍ പ്രകാരമാണെങ്കില്‍ 2012ല്‍ എമര്‍ജിങ് കേരളയിലൂടെ ഉമ്മന്‍ചാണ്ടിയും  അടുത്തിടെ അസെന്റ് കേരള 2020 ലൂടെ പിണറായി വിജയനും ലക്ഷക്കണക്കിന്  കോടികളുടെ നിക്ഷേപമാണ് കൊണ്ടുവന്നത്. ഈ കോടികളൊക്കെ എവിടെ എന്ന് ചോദിക്കരുത്. 

കേരളം കണ്ട ഏറ്റവും വലിയ തമാശയായി മാറുകയാണ് വികസനവും പരിസ്ഥിതിയും. എല്ലാ മുഖ്യ പദ്ധതികളും വികസനത്തിന് ഭാഗമായി അവതരിക്കപ്പെടുകയും പരിസ്ഥിതി സംരക്ഷണം പിന്നിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന ദയനീയമായ അവസ്ഥയാണ് കേരളത്തിലിപ്പോള്‍. 

വികസനം കൊണ്ടുവരുമെന്ന് പ്രതീക്ഷ നല്‍കി വരുന്ന പല ബൃഹത് പദ്ധതികളും അമ്പേ പരാജയപ്പെടുകയാണ്. ഈ  പദ്ധതികളെ ഉള്‍ക്കൊള്ളാനുള്ള പാരിസ്ഥിതിക സന്തുലനം സംസ്ഥാനത്തിനുണ്ടോ എന്ന് പലപ്പോഴും ചിന്തിക്കാറില്ല.

സില്‍വര്‍ ലൈന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അതിവേഗ റെയില്‍പാതക്ക്  ഇതേ ഗതി വരുമോ എന്ന് കാത്തിരുന്നു കാണാം. ഇന്നത്തെക്കാലത്ത് യാത്രയ്ക്ക് ഏറ്റവും ആവശ്യമാണ് മുന്തിയ യാത്രാ സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും. അതേസമയം അത് കേരളത്തിന് ഉള്‍ക്കൊള്ളാനാകുമോയെന് കൂടി ചിന്തിക്കണം. മഹാ പ്രളയങ്ങളുടെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ വെമ്പുന്ന, മഹാമാരിയുടെ പിടിയില്‍പ്പെട്ടുഴലുന്ന സംസ്ഥാനത്തിന് ഉള്‍ക്കൊള്ളാനാകുന്നതാണോ  എന്നുകൂടി ചിന്തിക്കണം.  

പിണറായി ഭരണത്തിന്‍ കീഴില്‍, സിപിഎം അതിവേഗ റയില്‍പാതയെ കണ്ണടച്ച് പിന്തുണയ്ക്കുമ്പോള്‍ വ്യത്യസ്തമായ സ്വരമുയരുന്നത് സിപിഐല്‍ നിന്നാണ്. ജനങ്ങളുടെ ഉയരുന്ന ആശങ്കകള്‍ കണക്കിലെടുക്കാത്ത, പരിസ്ഥിതിബോധം പുലര്‍ത്താതെ മുന്നോട്ടുപോകാനാകില്ലെന്ന് സിപിഐ തിരിച്ചറിയുന്നുവെന്നത് സ്വാഗതാര്‍ഹമാണ്.  

ഒരു കാലത്ത് പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അമ്പേ തള്ളിക്കളഞ്ഞ വലതുപക്ഷം ആണ് ഇപ്പോള്‍ പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നത് എന്നാണ് പ്രധാന.തമാശ. തനിക്ക് ശേഷം പ്രളയം മട്ടില്‍ എല്ലാ വികസന പദ്ധതികളും പ്രതിപക്ഷം കണ്ണടച്ച്  എത്തിക്കുന്നത് ശരിയല്ല. അതേസമയം വികസനമെന്ന ഓമനപ്പേരില്‍ പരിസ്ഥിതിയെ കൂസാതെ മുന്നോട്ടു പോകുന്നത് ഒട്ടും അഭിലഷണീയവുമല്ല. 

പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ അതിവേഗപാതയെ കണ്ണടച്ച് എതിര്‍ത്തിരുന്നവരാണ് ഇപ്പോള്‍ അതിവേഗ റെയില്‍പാതയെക്കുറിച്ച് സംസാരിക്കുന്നതെന്നത് ഒരു തമാശ. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ സംസ്ഥാനത്തിന് വികസനം വേണ്ടേയെന്നും വികസനത്തിന് ചലനാത്മകമായ ഒരു യാത്രാ സംവിധാനം വേണ്ടേയെന്നും ചോദിച്ചവരാണ് ഇപ്പോള്‍ എതിര്‍ക്കുന്നത് എന്നത് മറ്റൊരു തമാശ. ഭരണത്തിലിരിക്കുമ്പോള്‍ വികസനവും പ്രതിപക്ഷത്തിരിക്കുമ്പോള്‍ പരിസ്ഥിതിയും രാഷ്ട്രീയ പോരാട്ടത്തിനുള്ള ചട്ടുകമായി മാറരുത്. ഇതിനിടയില്‍ സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്നവരുടെ മനോവേദനയും രോദനവും എന്നാണിവര്‍ കാണുക?  
    
ഒരുപക്ഷേ പരിസ്ഥിതി സൗഹൃദ വികസനമാതൃകകള്‍ ഇവര്‍ക്ക് അത്രയേറെ അപരിചിതമായത് കൊണ്ടാകാം. എന്തായാലും സില്‍വര്‍ ലൈനിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങളും വാഗ്വാദങ്ങളും, നിങ്ങള്‍ വികസനത്തിന് അനുകൂലമോ പ്രതികൂലമോ എന്ന ചോദ്യവും കുറച്ചൊന്നുമല്ല നമ്മെ അമ്പരപ്പിക്കുന്നത്. 

രാഷ്ട്രീയമെന്നാല്‍ ജനങ്ങളോടുള്ള പ്രതിബദ്ധതയും സത്യസന്ധതയുമാണെന്ന് എന്നാണ് ഇവര്‍ മനസ്സിലാക്കുക? ആരാണ് ഇവര്‍ക്ക് പറഞ്ഞു കൊടുക്കുക? പുരോഗന ആശയങ്ങളും വികസന പദ്ധതികളും വരുമ്പോള്‍ പാര്‍ട്ടിയെക്കൂസാതെ സ്വന്തം നിലപാട് വ്യക്തമാക്കുന്ന ശശി തരൂരിനെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു നമ്മുടെ പല രാഷ്ട്രീയക്കാരും. 

രാഷ്ട്രീയ പക്ഷം വലതോ ഇടതോ ആയിക്കൊള്ളട്ടെ നിലപാടുകളാണ് പ്രധാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com