ശ്രീധരന്‍ പ്രധാനമന്ത്രിയും മോദി കേരള മുഖ്യമന്ത്രിയും ആയാല്‍ എന്താണു തെറ്റ്?; റ്റിജെഎസ്‌ ജോര്‍ജ് എഴുതുന്നു

ബുദ്ധിയുണ്ടെന്ന് നമ്മള്‍ കരുതിയ ഒരു മനുഷ്യന്റെ ബുദ്ധിയില്ലായ്മ
ഇ ശ്രീധരന്‍, നരേന്ദ്ര മോദി/ഫയല്‍
ഇ ശ്രീധരന്‍, നരേന്ദ്ര മോദി/ഫയല്‍

ശ്രീധരന്‍ എന്നു പറഞ്ഞാല്‍ ആ ശ്രീധരനല്ല എന്ന കാര്യം മലയാളിയായ മലയാളികള്‍ക്കെല്ലാം അറിയാം. അഥവാ, അറിയാമായിരുന്നു. ഇപ്പോള്‍ ഒരു ചെറിയ സംശയം. ഇ. ശ്രീധരനാണോ പെട്ടെന്ന് ആ ശ്രീധരനായി അവതരിച്ചിരിക്കുന്നത്? സര്‍ക്കസ് ടെന്റില്‍ കരണംമറിച്ചില്‍ വിദഗ്ദ്ധര്‍ കാണിക്കുന്ന അത്ഭുതപ്രകടനമാണ് അദ്ദേഹം പെട്ടെന്ന് നമുക്കു കാണിച്ചുതന്നിരിക്കുന്നത്. എന്തേ, പെട്ടെന്ന് ഈ കോലാഹലം? 

രാഷ്ട്രീയാതീതനായ ഒരു ടെക്നോളജി വിദഗ്ദ്ധന്‍ എന്ന നിലയിലാണ് ശ്രീധരന്‍ ഒരു ആരാധനാപുരുഷനായത്. എല്ലാവര്‍ക്കും ലഭ്യമാകാത്ത ആദരവ് പുള്ളിക്കാരനെ തേടി എത്തിയതും അതേ കാരണത്താലാണ്. അങ്ങനെയൊരു മഹദ്വ്യക്തി പെട്ടെന്ന് രാഷ്ട്രീയക്കാരനായി അവതരിച്ചതിന്റെ ഗുട്ടന്‍സ് എന്താണ്? അവിടെ തീരുന്നില്ല അത്ഭുതം. കേരളത്തില്‍ അധികാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറുന്ന കോണ്‍ഗ്രസ്സിനേയും സിപി.എമ്മിനേയും തീര്‍ത്തും അവഗണിച്ച് മേല്‍വിലാസത്തിനായി നട്ടംതിരിയുന്ന ബി.ജെ.പിയിലാണ് രംഗപ്രവേശം നടത്തിയത്. ഒപ്പം, മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഒരു സമ്മതം മൂളലും. 
ആ മൂളല്‍ കേട്ടപ്പോഴാണ് ആളൊരു തമാശക്കാരനാണല്ലോ എന്നു തോന്നിയത്. കേരളത്തില്‍ ഒരു മേ.വി. പോലുമില്ലാതെ നട്ടംതിരിയുന്ന ബി.ജെ.പിയില്‍നിന്നുകൊണ്ട് മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍ എന്നു പറയുന്നത് തമാശയല്ലെങ്കില്‍ പിന്നെന്താണ്? 

ശ്രീധരനദ്യേം ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെന്നല്ല പ്രധാനമന്ത്രി എന്നായിരിക്കണം. ഇത്ര വലിയ കഴിവുകളുള്ള ആള്‍ക്കു യോജിച്ചത് പ്രധാനമന്ത്രി സ്ഥാനമാണല്ലൊ. അതിനുള്ള വഴിയും ബി.ജെ.പി തന്നെ. അതു മനസ്സില്‍ വച്ചുകൊണ്ടായിരിക്കാം ബി.ജെ.പിയെ തെരഞ്ഞെടുത്തത്. നരേന്ദ്ര മോദി ഇതു മനസ്സിലാക്കി ഇ.ശ്രീ.യെ ഡല്‍ഹിയിലേക്കു വിളിക്കേണ്ടതാണ്. ശ്രീധരന്‍ പ്രധാനമന്ത്രിയും മോദി കേരളത്തിന്റെ മുഖ്യമന്ത്രിയും ആയാല്‍ എന്താണു തെറ്റ്? 

ഇത്ര വലിയ സാധ്യതകളുള്ള, ഒരേസമയം എന്‍ജിനീയറും നയതന്ത്രവിദഗ്ദ്ധനും ദീര്‍ഘദൃഷ്ടി നിപുണനുമായ മഹാത്മാവ് വെറും മുഖ്യമന്ത്രിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചത് കേരളത്തോടുള്ള ദാക്ഷിണ്യമനോഭാവംകൊണ്ടു മാത്രമായിരിക്കണം. അതു സ്വീകരിച്ച്, എല്ലാം അദ്ദേഹത്തിനു സമര്‍പ്പിച്ച് സായൂജ്യം കണ്ടെത്താനുള്ള താഴ്മ മലയാളികള്‍ക്ക് ഉണ്ടാകേണ്ടതാണ്. 

അവനവന്റെ സ്ഥാനത്തിരുന്ന് അവനവന്റെ മാന്യത സംരക്ഷിക്കുന്നവന്‍ മാന്യന്‍ എന്നു പഴമക്കാര്‍ പറയാറുണ്ട്. അവനവന്റെ സ്ഥാനത്തിരുന്നപ്പോള്‍ ശ്രീധരന് പൊതുജനം നല്‍കിയ ബഹുമാനം ലോകം കണ്ടതാണ്. രാഷ്ട്രീയക്കാരോടുള്ള ബഹുമാനമില്ലായ്മയും കണ്ടു. കഴിവുകള്‍കൊണ്ടുമാത്രം നേടിയെടുക്കുന്ന പൊതുജനസമ്മതം ഒരു സുപ്രഭാതത്തില്‍ തള്ളിമാറ്റി രാഷ്ട്രീയത്തിന്റെ ചെളിക്കുണ്ടിലേക്കിറങ്ങാന്‍ ശ്രീധരനെ പ്രേരിപ്പിച്ചത് എന്താണ്? മന്ത്രിക്കസേരയ്ക്ക് അത്ര വലിയ കാന്തികശക്തിയുണ്ടോ?

മറ്റെല്ലാ പാര്‍ട്ടികളിലെന്നപോലെ ബി.ജെ.പിയിലും നേതാക്കന്മാര്‍ അധികാരമോഹികളാണെന്ന സത്യം ശ്രീധരനും മനസ്സിലാക്കിയിരിക്കണം. ബി.ജെ.പിയിലെ സ്ഥിരതാമസക്കാര്‍ അവരുടെ മോഹത്തെ മാറ്റിനിര്‍ത്തി മുഖ്യമന്ത്രിപദം പുതിയാപ്ലയ്ക്കു നല്‍കുമെന്നു വിശ്വസിക്കത്തക്ക മൗഢ്യത ശ്രീധരനുണ്ടെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെന്തിന് ഈ മലക്കം മറിച്ചില്‍? ഉള്ള മാന്യത കളഞ്ഞ് ഒന്നും കിട്ടാനില്ലാത്ത കളിക്കിറങ്ങിയത് 24 മാറ്റിന്റെ മണ്ടത്തരം. ബുദ്ധിയുണ്ടെന്ന് നമ്മള്‍ കരുതിയ ഒരു മനുഷ്യന്റെ ബുദ്ധിയില്ലായ്മ.
(റ്റിജെഎസ് ജോര്‍ജ് എഴുതിയ ലേഖനം പുതിയ ലക്കം മലയാളം വാരികയില്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com