തോമസ് മാഷിനെപ്പോലെ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടാത്ത എത്ര പേരുണ്ട്?; റ്റിജെഎസ് ജോര്‍ജ് എഴുതുന്നു

തോമസ് മാഷിനെപ്പോലെ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടാത്ത എത്ര പേരുണ്ട്?; റ്റിജെഎസ് ജോര്‍ജ് എഴുതുന്നു
റ്റിജെഎസ് ജോര്‍ജ്, കെവി തോമസ്/ഫയല്‍
റ്റിജെഎസ് ജോര്‍ജ്, കെവി തോമസ്/ഫയല്‍

നാളു കുറെ ആയി കുറുപ്പശ്ശേരി വര്‍ക്കി തോമസ് കളത്തിലിറങ്ങിയിട്ട്. ഇപ്പോ വയസ്സ് എഴുപത്തിയഞ്ച്. ഏറെ ആയാല്‍ എണ്‍പത് എന്നാണ് സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിട്ടുള്ളത്. ഏറെ എന്ന പദംകൊണ്ട് ഉദ്ദേശിച്ചത് എണ്‍പതില്‍ നാടെങ്ങും ഓടിനടന്ന് കണ്ടതെല്ലാം സ്വന്തമാക്കണമെന്ന അര്‍ത്ഥത്തിലായിരുന്നില്ല. എഴുപതു കഴിഞ്ഞാലെങ്കിലും അത്യാഗ്രഹങ്ങള്‍ ഉപേക്ഷിച്ച് ഈശ്വരനെ ധ്യാനിച്ച് നിത്യതയിലേക്ക് മനസ്സുതിരിക്കണം എന്നായിരുന്നു ഉദ്ദേശ്യം. 

പറഞ്ഞിട്ടെന്തു കാര്യം? മനുഷ്യനല്ലേ, മനസ്സല്ലേ. ആര്‍ക്ക് എന്തു സ്വാധീനമാണുള്ളത്? അത്യാഗ്രഹങ്ങള്‍ നിറഞ്ഞ മനസ്സുമായി മനുഷ്യനെ സൃഷ്ടിച്ച് ഇങ്ങോട്ടയച്ചത് പടച്ചോന്‍ തന്നെയല്ലേ? അപ്പോള്‍ പടച്ചോനല്ലേ ഈ കാണുന്ന കോപ്രാന്തങ്ങള്‍ക്കെല്ലാം കാരണക്കാരന്‍? കോടാനുകോടി ജീവജാലങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. അതില്‍ ഒരേയൊരു ജീവിക്കാണ് സ്വന്തമായി ചിന്തിക്കാനുള്ള കഴിവ്. മറ്റു ജന്തുക്കള്‍ അവര്‍ക്കുവേണ്ടി സൃഷ്ടികര്‍ത്താവ് സ്വരൂപിച്ചെടുത്ത ജീവിതങ്ങള്‍ എത്ര സുഖമായി ജീവിക്കുന്നു. ബ്രഹ്മാവ് സൃഷ്ടിക്കുന്നു. വിഷ്ണു രക്ഷിക്കുന്നു. ശിവന്‍ എല്ലാം ഉന്മൂലനം ചെയ്യുന്നു; വീണ്ടും തുടരാന്‍ വേണ്ടി. 
മനുഷ്യനു മാത്രമാണ് ആശങ്കകളും സംശയങ്ങളും. സിംഹത്തിനെപ്പോലെ, അല്ലെങ്കില്‍ ആടിനെപ്പോലെ, അല്ലെങ്കില്‍ കഴുതയെപ്പോലെയാണ് മനുഷ്യനേയും സൃഷ്ടിച്ചിരുന്നതെങ്കില്‍ വേവലാതികളൊന്നുമില്ലാതെ ജീവിതം മുന്‍പോട്ടു പോകുമായിരുന്നു. സമയം വരുമ്പോള്‍ മൃഗങ്ങള്‍ ചത്തുപോകുന്നതുപോലെ മനുഷ്യനും അപ്രത്യക്ഷമാകാമായിരുന്നു. 

പക്ഷേ, മനുഷ്യനോട് ബ്രഹ്മാവ് പെരുമാറിയത് എന്തോ പൂര്‍വ്വവിരോധമുണ്ടായിരുന്നു എന്ന മട്ടിലാണ്. മനുഷ്യന്‍ സുഖമായി ജീവിച്ചാല്‍ മാത്രം പോരാ. അവന് സ്ഥാനമാനങ്ങള്‍ വേണം. തോമസ് മാഷിനെപ്പോലെ സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടാത്ത എത്ര പേരുണ്ട്? മാഷ് ഇയ്യിടെ അല്പം അസ്വസ്ഥനായ വിവരം എല്ലാവര്‍ക്കും അറിയാമല്ലൊ. മുഖം ചുളിഞ്ഞു, പുരികങ്ങള്‍ ഉയര്‍ന്നു, കണ്ണുകള്‍ കലങ്ങി, ചെവികള്‍ അനങ്ങി, തൊണ്ട ഇടറിയോ എന്നുപോലും മനുഷ്യരാശി സംശയിച്ചു. സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ടാത്ത മാഷിന് സ്ഥാനമാനങ്ങള്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ അപകടത്തിന്റെ അടയാളങ്ങള്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുകയും കേരളം നടുങ്ങുകയും ചെയ്തത് നാമെല്ലാവരും കണ്ടു. 

ചുളിവുകള്‍ നേരെയാക്കി, പുരികങ്ങളെ സമാധാനപ്പെടുത്തി, പ്രപഞ്ചത്തെ രക്ഷിക്കാന്‍ അധികാരികള്‍ ഉടന്‍ കര്‍ത്തവ്യനിരതരായി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് പദവി സ്വീകരിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. അസാധാരണമായ ആ പദപ്രയോഗം നമ്മുടെ നാട്ടില്‍ സാധാരണമാണല്ലോ. വര്‍ക്കിംഗ് പ്രസിഡന്റ് എന്നു പറഞ്ഞാല്‍, ഇപ്പോള്‍ ഉള്ള പ്രസിഡന്റ് വര്‍ക്കു ചെയ്യുന്നില്ലെന്നും അതുകൊണ്ട് വര്‍ക്കു ചെയ്യുന്ന ഒരു പ്രസിഡന്റിനെ നിയമിക്കുന്നു എന്നുമാണല്ലോ അര്‍ത്ഥം. അടുക്കളയിലെ ഒരു സ്റ്റൗ ചിലപ്പോള്‍ വര്‍ക്കു ചെയ്യത്തില്ല. അടുത്ത സ്റ്റൗ കത്തിച്ചാണല്ലോ നാം ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്നത്. തോമസ് മാഷ് വര്‍ക്കിംഗ് പ്രസിഡന്റായതുകാരണം സ്റ്റൗ ഇനി ശരിക്കു കത്തും എന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. 

ഏതായാലും ചക്രവാളം തെളിഞ്ഞു. ഒന്നും വേണ്ടാത്ത മാഷിന് ഒരു സ്ഥാനം കിട്ടിയപ്പോള്‍ മഴക്കാറുകള്‍ ഒക്കെ മാറി. കാര്‍മേഘങ്ങള്‍ പോലെ ഉരുണ്ടുകൂടിയ മുഖം ഒറ്റനിമിഷത്തില്‍ ജ്വലിക്കുന്ന നക്ഷത്രമായി പ്രത്യക്ഷപ്പെട്ടു. മാഷ് പുതിയ മനുഷ്യനായി, പുതിയ നേതാവായി, പുതിയ ഭരണകര്‍ത്താവായി, സമൂഹത്തില്‍ പ്രമാണിയായി. മാഷ് നേരത്തെ സമൂഹത്തില്‍ പ്രമാണി ആയിരുന്നല്ലോ എന്നു ചിലര്‍ ചോദിച്ചേക്കാം. നേതൃത്വം എന്ന കടമയെക്കുറിച്ച് അറിവില്ലാത്തവരാണ് അങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. പ്രമാണിയായാല്‍, 365 ദിവസവും ആയുഷ്‌ക്കാലമത്രയും പ്രമാണിയായിരിക്കുകയും താന്‍ അങ്ങനെയാണെന്ന് ലോകം കാണുകയും അംഗീകരിക്കുകയും വേണമെന്നതാണ് അടിസ്ഥാന തത്ത്വം. അംഗീകാരത്തില്‍ വിടവുണ്ടായോ എന്നൊരു സംശയം വന്നതുകൊണ്ടാണ് മാഷിന്റെ പുരികങ്ങള്‍ ഉയര്‍ന്നത്. പെട്ടെന്ന് ഡല്‍ഹിയിലിരിക്കുന്ന ദേവിയെ വിളിച്ചു. ദേവി നല്ല വാക്കുകള്‍കൊണ്ട് ശിഷ്യന്റെ മനസ്സ് കുളിര്‍പ്പിച്ചു. ശിഷ്യന്‍ പുനര്‍ജനിച്ചു. ശിഷ്യന്‍ ഉവാച: മാഡം എന്തു പറഞ്ഞാലും ഞാന്‍ തല കുനിച്ച് അനുസരിക്കും. 
ഇന്ത്യ എന്ന ഭാരതം തലകുനിച്ച് ലജ്ജിക്കുന്ന നിമിഷം.
 

(സമകാലിക മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ എഴുതിയത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com