'അത് കാണിക്കാമോ?', 'ഏത്?''; 'അത്.'

നരഭോജി ഇമോജികൾ " പെൺകുട്ടികളുടെ ജീവനെടുക്കുമ്പോൾ- താഹ മാടായി എഴുതുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോക് ഡൗൺ കാലത്ത്  വാട്സാപ്പിലൂടെ പരിചയപ്പെട്ട  പെൺകുട്ടിക്ക് കൃത്യം മൂന്നാം ദിവസം തന്നെ ആ ചോദ്യം ചെറുപ്പക്കാരനിൽ നിന്ന് എറിഞ്ഞു കിട്ടി:

'അത് കാണിക്കാമോ?'

'ഏത്?''

'അത്.'

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം  'അത് ' എന്നത് 'അമൂർത്തമായ തൻ്റെ ശരീരമാണ്.ക്യുബിക്സ് പോലെ പുരുഷൻ തിരിച്ചു മറിച്ചു കളിക്കാൻ ആഗ്രഹിക്കുന്ന തൻ്റെ ശരീരം.

'അത് എന്തായാലും ഫോണിലൂടെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'


ചപലനായ , പൊട്ടിത്തെറിക്കാൻ നിൽക്കുന്ന ലിംഗ വെപ്രാളത്തിൽ അതേ ചോദ്യം വീണ്ടും അവൻ ആവർത്തിച്ചു: 'മനസ്സിനേക്കാൾ വലുതാണോ, അത്? നാം പരസ്പരം മനസ്സ് പകുത്തല്ലൊ. അത്രയും വിശുദ്ധി മരിച്ച് ചീയുന്ന ഈ ശരീരത്തിനുണ്ടോ?'


അവൾ പറഞ്ഞ മറുപടി ഇത്രയുമായിരുന്നു :സോപ്പുകളുടെ പരസ്യത്തിൽ  സ്ത്രീ ശരീരമല്ലെ കാണിക്കുന്നത്? നിങ്ങള് ഈ പറഞ്ഞ വിശുദ്ധമായ മനസ്സൊന്നമല്ലല്ലൊ... '


' ദേഷ്യം 'പിടിക്കുന്ന ചുവന്ന മുഖമുള്ള ഇമോജി അയച്ച് അവൾ ആ ''ലിംഗിതനെ ' ബ്ലോക്ക് ചെയ്തു.


ഈ കഥ പറഞ്ഞ കൂട്ടുകാരിക്ക് മറ്റൊരു ദുരനുഭവം മുന്നേയുണ്ടായിരുന്നു. വാട്സാപിൽ ലൈവായി സംസാരിക്കുന്നതിൻ്റെ സ്ക്രീൻ ഷോട്ട് എടുത്ത് ,'മാന്യനായ  സുഹൃത്ത്' ചില ചങ്ങാതിമാർക്ക് ഷെയർ ചെയ്തു. അവൾ 'അമാന്യനെന്നു 'കരുതിയ ഒരു സുഹൃത്തിന് കൂടി ആ സ്ക്രീൻ ഷോട്ട് കിട്ടി. അൽപം കാഷ്വലായ വസ്ത്രം, മുലയിടുക്കുള്ളിൽ ഇത്തിരി വെളിച്ചം ... അതിൽ കൂടുതലൊന്നുമില്ല. എന്നിട്ടും, ഒരു സ്ത്രീയുടെ ശരീരം ഇങ്ങനെ 'ഇരുട്ടിലും വെളിച്ചത്തി'ലുമായി ചങ്ങാതിമാർക്ക് ഫോർവേർഡ് ചെയ്യുന്ന ആ വൃത്തികെട്ട ബോധത്തിൻ്റെ പേരാണ്, ' പഞ്ചാര മാമൻ'. ശരിക്കും ഇങ്ങനെത്തന്നെയാണോ പറയേണ്ടത് എന്നറിയില്ല.' കോഴി" എന്ന് മറ്റു പലരും ഇവരെ വിളിക്കാറുണ്ട്‌.'അമാന്യനായ ' സുഹൃത്ത്  പെൺകുട്ടിക്ക് മുന്നറിയിപ്പു നൽകി: മാന്യന്മാരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അവരോട് വാട്സാപ്പിൽ ലൈവായി സംസാരിക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കൂ... '


പരിചയപ്പെട്ടുവെങ്കിലും ,ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾക്ക് ' തൻ്റെ നഗ്നശരീരം ' പാർസൽ ചെയ്യുമ്പോൾ ആ പെൺകുട്ടി പ്രണയത്തെ ശബ്ദം കൊണ്ടും വാക്കു കൊണ്ടും വിശ്വസിക്കുന്നു. ഇരുട്ടിൽ സംസാരിക്കുമ്പോൾ, ചാറ്റ് ചെയ്യുമ്പോൾ വാക്കുകൾ 'നെഞ്ചിൽ തന്നെ 'യാണ് കൊളുത്തിപ്പിടിക്കുന്നത്. തനിച്ചിരിക്കുമ്പോൾ പെൺകുട്ടികളിലേക്ക് ചാടി വീഴുന്ന ഇമോജികൾ ചിലപ്പോൾ നരഭോജികൾ കൂടിയാണ്.പി.കുഞ്ഞിരാമൻ നായർ എഴുതിയത് പോലെ, സിംഹത്തെ മുഖം കണ്ടാലറിയാം.പക്ഷെ, മുഖം കൊണ്ടു മാത്രം 'മനുഷ്യത്വ 'മുള്ളവരെ തിരിച്ചറിയാനാവില്ല. 65 വയസ്സുകാരൻ ബന്ധുവായ ചെറുപ്പക്കാരൻ്റെ ഫോട്ടോ ഡി പി ആയി ഇട്ടപ്പോൾ, ഈ കാലത്ത് ഏറ്റവും അനായാസം ചെയ്യാവുന്ന 'ആൾമാറാ' ട്ടത്തിന് ഇരയായി ഇപ്പോൾ വാർത്തകളിൽ നിറയുന്ന ആത്മഹത്യ ചെയ്ത പെൺകുട്ടി. അവൾക്ക്, അവളുടെ ശരീരത്തേക്കാൾ അമൂല്യമായി മറ്റൊന്നും ഈ ഭൂമിയിൽ ഉണ്ടായിരിക്കാനുമിടയില്ല. ശരീരം ശരിക്കും അത്ര പ്രധാനമാണ്. എന്നിട്ടും, എത്ര പെൺകുട്ടികളാണ് ' നരഭോജി' ഇമോജികൾക്കിരയാവുന്നത്!


ഇതിനേക്കാൾ മോശപ്പെട്ട കാലത്ത് പോലും പെൺകുട്ടികൾ ഈ വിധം വഞ്ചിതരായിട്ടുണ്ടാവില്ല. അതായത്, 'കാണാത്ത ഒരാൾക്ക് ' കത്തെഴുതിയിട്ടുണ്ടാവാം, സ്റ്റുഡിയോ വിൽ ചെന്ന് തൻ്റെ നഗ്ന ശരീരത്തിൻ്റെ ചിത്രമെടുത്ത് കാമുകന് അയച്ചുകൊടുത്ത് വഞ്ചിതരായവർ ഏറെയില്ല.എം.മുകുന്ദൻ എഴുതിയ 'ഫോട്ടോ ' എന്ന കഥയാണ്, നെഞ്ചുപിളർക്കുന്ന ഒരനുഭവമായി ആ നിലയിൽ ഉള്ളത്. അവിടെയും ശരീരം, നഗ്നമാണ്.


ഒരു  പെൺകുട്ടിയെ പരിചയപ്പെടുമ്പോൾ, സംശയമില്ല, കൃത്വം മൂന്നാം ദിവസം അവൾ ചില ചോദ്യങ്ങൾ ' പഞ്ചാര മാമൻ'മാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്:

ഒന്ന്: 'അത് ' കാണിച്ചു തരുമോ?

രണ്ട്: 'നിനക്കെന്നോട് പ്രണയമില്ലെങ്കിലും എനിക്ക് നിന്നോടുണ്ട്. ' അതിനു 'വേണ്ടിയല്ല പ്രണയം.( ചുമ്മാ ഒരു നമ്പർ ഇറക്കുകയാണ് )

മൂന്ന്: രാത്രി എല്ലാവരും ഉറങ്ങുമ്പോൾ വിളിക്കണേ.സംസാരിക്കുമ്പോൾ അതൊന്ന് ഇത്തിരി ...


ഇത്തരം അപൂർവ്വമായ വിളികൾ, പെൺകുട്ടികളുടെ ഭാഗത്തു നിന്നുമുണ്ടാവാറുണ്ട്. പക്ഷെ, നഗ്നശരീരം കണ്ടു എന്ന കാരണത്താൽ ആണുങ്ങൾ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത വളരെ കുറവാണ്. തൻ്റെ നഗ്നത കൂടുതൽ വൈറലാകുമ്പോൾ അതിൽ അഭിരമിക്കാനാണ് സാദ്ധ്യത.


അതു കൊണ്ട്, ശരീരം പോസ്റ്റുമ്പോൾ, ചുരുങ്ങിയ പക്ഷം അപ്പുറം ഒരു നരഭോജി ഇമോജിയല്ല എന്ന് പെൺകുട്ടികൾ ഉറപ്പു വരുത്തേണ്ടതുണ്ട്. ഉമ്മ വെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നേരിട്ടു കണ്ടു തന്നെ ഉമ്മ വെക്കൂ ,സമ്മതത്തോടെ. അപ്പോഴും ആ വൃത്തികെട്ടവൻ്റെ പോക്കറ്റിൽ ഒളിക്യാമറയുണ്ടോ എന്ന് ഉറപ്പു വരുത്തുന്നത് നന്നായിരിക്കും. കാരണം, ഇത് കേരളമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com