'തൂ മാഛി ഹെ ന...!!'- പുസ്തകത്തിന്റെ കവർ കിട്ടിയ ദിവസം  മുഖത്തോടു ചേർത്തു പിടിച്ച് കരഞ്ഞു

"ഓരോ ചുവടിലും കരുതലും  സംരക്ഷണവുമായി  ഒപ്പം ചേരുന്ന സ്നേഹം കൂടെയുണ്ടായിട്ടും ഞാനെന്തിനാണ് പഴയ ഓർമയുടെ ചില്ലുതറഞ്ഞ വേദനയിൽ പിടയുന്നത്"  
'തൂ മാഛി ഹെ ന...!!'- പുസ്തകത്തിന്റെ കവർ കിട്ടിയ ദിവസം  മുഖത്തോടു ചേർത്തു പിടിച്ച് കരഞ്ഞു

ഴുത്തുകാരായ സുഹൃത്തുക്കളുടെ  
പുസ്തകങ്ങൾ ഇറങ്ങുമ്പോൾ ചിലരൊക്കെ  കവറുകൾ  അയച്ചു തരാറുണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്നവയും അല്ലാത്തവയും ഉണ്ടാവും അതിൽ.. 
എന്നാൽ ഒരു പുസ്തകത്തിന്റെ കവർ കിട്ടിയ ദിവസം  മുഖത്തോടു ചേർത്തു പിടിച്ച് കരഞ്ഞു പോയത്  ഇത്രയും കാലത്തെ വായനക്കിടയിൽ   ഒരിക്കലേ ഉണ്ടായിട്ടുള്ളു ;അത് ഈയിടെ പുറത്തിറങ്ങിയ ഗീത ബക്ഷിയുടെ 'തായി' എന്ന പുസ്തകത്തിന്റേതാണ്. 
'തായി' യിലേക്ക്‌  ഇറങ്ങി ചെല്ലുന്നവരാരും കരയാതെ കയറിപ്പോരില്ലെന്ന് ഉറപ്പാണെങ്കിലും  - കവർ കണ്ടപ്പോഴേ വിതുമ്പിയ  
റെക്കോർഡ് എനിക്ക് മാത്രം അവകാശപ്പെട്ടതായിരിക്കാം. 
എന്റെ ഉള്ളിൽ ഉറഞ്ഞു കിടക്കുന്നതും, 
എന്നാൽ മറ്റാരെയും  ഒരുപക്ഷേ അത്രമേൽ 'ടച്ച്'  ചെയ്യാത്തതുമായൊരു  കാര്യം ആ കവറിൽ ഉണ്ട് എന്നത് തന്നെയാണ് അതിന് കാരണം-ചേച്ചിയുടെ ഒക്കത്ത് ചാടിക്കേറി ഇരിക്കുന്ന കുഞ്ഞനിയത്തിയുടെ ചിത്രം..!(എത്ര ഉള്ളിലേക്കെടുത്താലും മതിവരാത്തൊരു വികാരമാണ് അത്തരം ഫോട്ടോകൾ /സീനുകൾ എനിക്ക് തരാറുള്ളത്  )
'തായി 'എന്ന പുസ്തകത്തിന് ഇതിനേക്കാൾ  യോജിച്ചൊരു  കവർ വേറെ എതാണുണ്ടാവുക.. !!

"ഓരോ ചുവടിലും കരുതലും  സംരക്ഷണവുമായി  ഒപ്പം ചേരുന്ന സ്നേഹം കൂടെയുണ്ടായിട്ടും ഞാനെന്തിനാണ് പഴയ ഓർമയുടെ ചില്ലുതറഞ്ഞ വേദനയിൽ പിടയുന്നത്"  എന്ന്  പുസ്തകത്തിന്റെ ആദ്യ ഭാഗത്തു ഗീത ബക്ഷി സ്വയം ചോദിക്കുന്നുണ്ട്..  (എത്രയോ തവണ ഞാൻ എന്നോട്  ചോദിച്ചിട്ടുള്ള  അതേ  ചോദ്യം..! )
എത്രയൊക്കെ പകരം വെച്ചാലും 
ആരൊക്കെ കൂടെയുണ്ടായാലും  
പകരമാകാത്ത ചില ബന്ധങ്ങളുണ്ടെന്ന്
ഇത്ര ഹൃദയ സ്പർശിയായി മുമ്പ്  ഒരാളും  പറഞ്ഞു കാണില്ല -കാരണം 
ഇങ്ങനെ 'തായി'യെ സ്നേഹിച്ചൊരു അനിയത്തി വേറെ ഉണ്ടാവാൻ വഴിയില്ലല്ലോ.. 

എപ്പോഴും ചിരിച്ച മുഖവുമായി 
മാത്രം പ്രത്യക്ഷപ്പെടുന്ന ഗീത ബക്ഷിയെന്ന സീനിയർ  ജേർണലിസ്റ്റിന്റെ, ഉള്ളിൽ ഇരമ്പുന്ന  കടൽ പുറത്തു നിന്നു നോക്കുന്നവർക്ക്‌  ഒരിക്കലും കാണാൻ   കഴിയിഞ്ഞെന്നു വരില്ല .. ഹൃദയങ്ങൾ പരസ്പ്പരം ഒട്ടിച്ചു വച്ചിട്ടും  വിധി വൈപരീത്യം  കൊണ്ട്  വേർപിരിയേണ്ടി വന്ന രണ്ടു സഹോദരിമാർക്കിടയിൽ വെറും വായനക്കാരായി നമുക്ക്‌  കയറി ഇറങ്ങിപ്പോരാമായിരുന്നു- എഴുതിയത് ഗീത ബക്ഷിയെന്ന  'തായി'യുടെ അനിയത്തി അല്ലായിരുന്നെങ്കിൽ..
ഒരച്ഛന്റെ മക്കളെങ്കിലും  ഒരമ്മയുടെ വയറ്റിൽ പിറക്കാത്ത 'തായി'യെ (മറാത്തിയിൽ സഹോദരി ) 
ഹൃദയം കൊണ്ട് പ്രസവിച്ചൊരു അനിയത്തിയാണ് ഈ ഓർമകൾ എഴുതിയത് എന്നത് കൊണ്ടുതന്നെ 
ഹൃദയം കൊണ്ടല്ലാതെ ഈ കൃതി ആർക്കും വായിച്ചു തീർക്കാനാവില്ല.. 

'തായി' നിങ്ങൾ വായിക്കാൻ തുടങ്ങിയെങ്കിൽ, ഈ ലോകത്തിൽ  ഒരു ചേച്ചിയെ അത്രമേൽ സ്നേഹിച്ചൊരു അനിയത്തിയുടെ വരികളിലൂടെ -
അല്ല ജീവിതത്തിലൂടെയാണ്  കടന്നുപോകുന്നത് എന്ന്  നിങ്ങൾ അനുഭവിച്ചറിയും.എത്രയൊക്കെ പരസ്പരം കൊരുത്തു വച്ചിട്ടും  
പന്ത്രണ്ടാം വയസിൽ വിധി തന്നിൽ നിന്ന്  പറിച്ചെടുത്ത്  കാണാമറയത്തെങ്ങോ ഒളിപ്പിച്ച സഹോദരിയെ  32വർഷങ്ങൾക്കിപ്പുറം, സ്മിത ബക്ഷി എന്ന ഒരു പേരുമാത്രം കൈയിൽ പിടിച്ച്  അന്ന്വേഷിച്ചിറങ്ങുന്ന ഗീത ബക്ഷിക്കും ഭർത്താവ് അഡ്വ:രവീന്ദ്ര ബാബുവിനുമൊപ്പം  നമ്മളും അറിയാതെ ഇറങ്ങിപ്പുറപ്പെടുന്നതും,  വല്ലാതെ നിരാശപ്പെട്ട്  അവർ തിരച്ചിൽ 
നിർത്തിക്കളയുമോ എന്ന അവസ്ഥയിലെത്തുമ്പോൾ  
'യു ക്യാൻ -യു പ്രോസീഡ്'  എന്ന് അവരുടെ ചെവിയിൽ  മന്ത്രിച്ച്  
അവരെ പ്രോത്സാഹിപ്പിച്ചതും  എന്തുകൊണ്ടായിരുന്നു എന്ന്  വിതുമ്പലോടെ ഈ പുസ്തകം  വായിച്ചു തീരുമ്പോൾ നമ്മുടെ മനസ്സ് പറയും , ഇത്  ഒരു സാധാരണ സഹോദര  
ബന്ധം ആയിരുന്നില്ലല്ലോ എന്ന്.. 

നേരിൽ കാണുമ്പോൾ ചോദിക്കാൻ എടുത്തു വച്ച ചോദ്യങ്ങളെല്ലാം ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ,  തായി തിരിച്ചു ചോദിക്കുമ്പോൾ  ഉത്തരം മുട്ടി ഇരിക്കുന്ന ഗീതാ ബേട്ടിയോട്    
'മറുപടി കൊടുക്കൂ, എല്ലാം മനസ്സിൽ കുറിച്ചു വച്ചതല്ലേ'   എന്ന് പിന്നിൽ 
നിന്ന് നമ്മൾ തോണ്ടി ഓർമിപ്പിക്കുന്നതും, വേർപിരിഞ്ഞു   ഒരുപാട് വർഷങ്ങൾക്കു ശേഷം ഗീത ബക്ഷിയെത്തേടിയെത്തിയ ഗ്രീറ്റിംഗ് കാർഡിൽ എന്തുകൊണ്ട് തായി അഡ്രസ് എഴുതിയില്ല' എന്നും  മുമ്പൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ അവളുടെ  വിവരം അന്ന്വേഷിക്കാൻ വിടുകയും, അയാളോട്  തായിയെ കുറിച്ച്  ഒന്നും പറയരുത് എന്ന്  ചട്ടം കെട്ടിയതും എന്തിനായിരുന്നു എന്നും ഗ്രന്ഥകർത്താവിനെ മറികടന്ന്   
മുമ്പിൽ കേറി നിന്ന് നമ്മൾ ചോദിച്ചു പോകുന്നതുമൊക്കെ, വായനക്കാരെ തന്നിലേക്ക്   പരകായപ്രവേശം നടത്താൻ ഗീതാ ബക്ഷിയെന്ന എഴുത്തുകാരിക്ക് കഴിഞ്ഞു എന്നതിന്റെ തെളിവുതന്നെയാണ്.. 

തന്നെ തനിച്ചാക്കി തായി പോയെന്നറിയുന്ന നിമിഷത്തെ  
മരവിപ്പിൽ നിന്ന്,  മനസ്സിനെ വീണ്ടെടുക്കാനെന്നവണ്ണം 
ഗീത ബക്ഷി മകളോട്  ചൂടുള്ള ചായ ആവശ്യപ്പെട്ട് അത് സാവധാനം കുടിക്കുമ്പോൾ ;
'മോളുടെ കല്യാണത്തിന് നമുക്ക്‌ ഷിഫോണിൽ തിളങ്ങാം' എന്ന് പറഞ്ഞുറപ്പിച്ച് ഇറങ്ങിയ നേരം  കൊടുത്തു തീരാത്ത  ഉമ്മകളുടെ ബാക്കി  നൽകാൻ എന്തേ തായിയുടെ ഗീതാബേട്ടിക്ക് അവസാനമായൊരു അവസരം നൽകിയില്ല -എന്ന്  പുസ്തകം അടച്ചു വച്ച് വിതുമ്പുകയായിരിക്കും 
വായനക്കാർ..അതേ, " ഒഴുകിപ്പോകുന്ന നൊമ്പരങ്ങളെക്കാൾ പൊള്ളലാണ് ഉള്ളിൽ ഉറഞ്ഞു അഗ്നിശിലയാകുന്ന ഓർമ്മകൾക്ക്. അടുത്തു ചെന്നാൽ മനസ്സ് കരിഞ്ഞടർന്നു പോകുന്ന ജ്വാലകളുടെ ഉറവിടമാണവിടം.."
(പേജ് 93)

കിടത്തിയാൽ കണ്ണടച്ചുറങ്ങുന്ന പാവയും, പപ്പയുടെയും  തായിയുടെയും വേർപാടുകളും  പപ്പയുടെ 
അനന്തരാവകാശം നിഷേധിച്ചവരോട്
നിയമയുദ്ധം നടത്തി  തറവാട് തിരിച്ചു പിടിച്ച്, ഒന്നിച്ചു നിലവിളക്ക് കൊളുത്തണമെന്ന ഈ സഹോദരിമാരുടെ 
നടക്കാതെപോയ സ്വപ്നവുമെല്ലാം വായനക്കു ശേഷവും  ഉള്ളിൽ  ഒരു നീറ്റലായി അവശേഷിക്കുന്നത്  
'തൂ  മാഛി ഹെ ന'( നീ എന്റെതല്ലേ ) എന്ന്  നമ്മൾ ഈ പുസ്തകത്തെ ചേർത്തു പിടിച്ചതു കൊണ്ടു തന്നെയാണ് !

സുഹ്‌റ പടിപ്പുര 

പുസ്തകം :തായി (ഓർമ്മകൾ )
രചയിതാവ് :ഗീത ബക്ഷി 
പ്രസാധകർ :മലയാള മനോരമ (കോട്ടയം) 
വില :140/-

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com