പിണറായി തുടര്‍ ഭരണം നേടും; റ്റി ജെ എസ് ജോര്‍ജ് എഴുതുന്നു

അധികാരം നിലനിര്‍ത്തുന്ന ആദ്യ കേരള മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും
പിണറായി വിജയന്‍, റ്റി ജെ എസ് ജോര്‍ജ്
പിണറായി വിജയന്‍, റ്റി ജെ എസ് ജോര്‍ജ്

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണയ്ക്കുന്നതില്‍ കീര്‍ത്തി കേട്ട നാടാണ് കേരളം. ആ പതിവ് മാറാന്‍ പോവുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് ജയിച്ച് പിണറായി വിജയന്‍ ഭരണത്തില്‍ തുടരും എന്ന് പ്രവചിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. അധികാരം നിലനിര്‍ത്തുന്ന ആദ്യ കേരള മുഖ്യമന്ത്രിയായി അദ്ദേഹം മാറും.

സംസ്ഥാനത്തിനും നല്ലത് അതു തന്നെയാണ്. ഒരു മുഖ്യമന്ത്രിക്കും ഇതുവരെ വിജയനെപ്പോലെ ശോഭിക്കാനായിട്ടില്ല. തുടക്കകാലത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവേ അല്ല ഇപ്പോള്‍ അദ്ദേഹം . എല്ലാ ജനങ്ങളുടെയും നേതാവ് , രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്തിയാണ് ഇപ്പോള്‍ പിണറായി. (യോഗി ആദിത്യ നാഥ് ആണ് മികച്ച മുഖ്യമന്ത്രി എന്നൊക്കെ , കാണുമ്പോള്‍ ചിരി വരുന്ന ചില സര്‍വേകളില്‍ കാണുന്നുണ്ട്. കഷ്ടമാണ് അദ്ദേഹത്തിന്റെ കാര്യം. നാട്ടില്‍ അടിസ്ഥാനപരമായ ക്രമസമാധാനം ഉറപ്പിക്കാന്‍ പോലും ആയിട്ടില്ല)

പിണറായി വിജയന്റെ അദ്വിതീയത ഇതിനകം തന്നെ ലോകത്തിന്റെ ശ്രദ്ധ നേടിയിട്ടുണ്ട്. റിസര്‍ച്ച് തിങ്ക് ടാങ്ക് ആയ പബ്ലിക് അഫയേഴ്‌സ് സെന്റര്‍ 2016 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുത്തത് പിണറായിയുടെ കേരളത്തെയാണ്. 2018 ല്‍ ഐക്യരാഷ്ടസഭയുടെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതെത്തി കേരളം.  സംസ്ഥാനത്തിന്റെ അനുപമമായ ചില വൈശിഷ്ട്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ ബഹുമതികള്‍.  കൂട്ടിയേറ്റത്തൊഴിലാളികള്‍ക്ക് ഗുണനിലവാരുള്ള വീട് ഉറപ്പാക്കുന്ന അപ്നാ ഘര്‍ പദ്ധതി ഒരു ഉദാഹരണം.  അന്‍പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഐ ടി പാര്‍ക്ക് പദ്ധതി മറ്റൊന്ന്. കേരളത്തിലെ പൊതു വിദ്യാലയത്തില്‍ ഇപ്പോള്‍ ഹൈടെക് ക്ലാസ് മുറികളുണ്ട്.  സാമൂഹ്യ തലത്തില്‍ ആണെങ്കില്‍, അബ്രാഹ്മണരും ദലിതരും ക്ഷേത്രങ്ങളില്‍ പൂജാരിമാരായി ജോലി ചെയ്യുന്നു.  പാര്‍ട്ടിക്കു പുറത്തും വിജയനെ അംഗീകരിക്കുന്നവര്‍ ഉണ്ടാവുന്നതില്‍ ഒരു അദ്ഭുതത്തിനും വകയില്ല. 

വിഷണ്ണനും വികാരപരവശനുമായ വിമര്‍ശകനെ പോലെയായിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ . അടുത്തിടെ കേരളത്തില്‍ വന്നപ്പോള്‍ സ്വര്‍ണം , ഡോളര്‍ കടത്ത് കേസുകളെക്കുറിച്ചും അതിന് ഇടത് സര്‍ക്കാരുമായി ഉണ്ടെന്ന് സംശയിക്കുന്ന ബന്ധത്തെക്കുറിച്ചുമൊക്കെ പ്രസംഗിച്ചു അദ്ദേഹം. കേസിലെ പ്രതി മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ചില മന്ത്രി മാര്‍ക്കും എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 

ശക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ആരോപണത്തില്‍ വിരണ്ടു പോയതിന്റെ ലക്ഷണമൊന്നും മുഖ്യമന്ത്രിയില്‍ കാണുന്നില്ല. ഷായുടെ പ്രചാരണം കേരളത്തിന് അപമാനം എന്നാണ് വിജയന്‍ വിശേഷിപ്പിച്ചത്, ഒപ്പം ചില ചോദ്യങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ' നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നിലെ പ്രധാനി അറിയപ്പെടുന്ന സംഘ പരിവാറുകാരനല്ലേ? തിരുവനന്തപുരം വിമാനത്താവളം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് കീഴലല്ലേ പ്രവര്‍ത്തിക്കുന്നത്? ബി ജെ പി അധികാരത്തില്‍ വന്ന ശേഷം ഈ വിമാനത്താവളം എങ്ങനെയാണ് സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി മാറിയത് ? അമിത് ഷാ മറുപടി പറഞ്ഞേ തീരൂ '

അമിത് ഷായില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല. പിണറായി ഉയര്‍ത്തിയ , ശരിക്കും കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരാളും മറുപടി പറഞ്ഞില്ല. 'സ്വര്‍ണക്കടത്തിന് സൗകര്യമൊരുക്കാന്‍ തിരുവനനന്തപുരം വിമാനത്താവളത്തില പല പദവിയിലും സംഘപരിവാറുകാരെ ബോധപൂര്‍വം നിയമിച്ചില്ലേ ? അന്വേഷണം സ്വന്തക്കാര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ അതിന്റെ ദിശ തിരിച്ചു വിട്ടില്ലേ ? കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ഉള്ളവരെ രാത്രിക്കു രാത്രി സ്ഥലം മാറ്റിയത് അന്വേഷണം വഴി തെറ്റിക്കാനായിരുന്നില്ലേ ? എട്ടു മാസമായിട്ടും സ്വര്‍ണം അയച്ച ആളെ ചോദ്യം ചെയ്‌തോ?' ഒരു മറുപടിയും ഉണ്ടായില്ല എന്നതില്‍ ആര്‍ക്കും അതിശയമൊന്നുമില്ല. 

അമിത് ഷായ്ക്ക് ഒരു 'കടുപ്പക്കാരന്‍ '  പ്രതിച്ഛായയാണുള്ളത് , അത് ശരിക്കും അര്‍ഹതപ്പെട്ടതുമാണ്. നിര്‍ലോഭമായ അധികാരങ്ങളുള്ളതാണ് അദ്ദേഹത്തിന്റെ പദവി. എതിരു നില്‍ക്കുന്നവര്‍ ഖേദിക്കേണ്ടിവരും എന്ന തോന്നലിനെ ബലപ്പെടുത്തുന്നതാണ് അമിത് ഷായുടെ കഴിഞ്ഞ കാലം. അതുകൊണ്ടാണ് ഒരാളും അദ്ദേഹത്തെ വെല്ലുവിളിക്കാത്തതും നേര്‍ക്കുനേര്‍ മുട്ടാത്തതും.  അതുകൊണ്ടു തന്നെയാണ് ഷാ പലപ്പോഴും ആവശ്യത്തിലധികം ആക്രമണകാരിയാവുന്നതും.  പുല്ലുവെട്ടി മതിയായ ഇടത്തും അദ്ദേഹം
ജെസിബിയെപ്പോലെ മുരളും.

കേരളം മറ്റു സംസ്ഥാനങ്ങളെപ്പോലെ അല്ലെന്ന് അദ്ദേഹം അറിയേണ്ടതായിരുന്നു , പിണറായി മറ്റു മുഖ്യമന്ത്രിമാരെപ്പോലെയല്ലെന്നും. അടിസ്ഥാനപരമായ ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍, തിരുവനന്തപുരത്ത് ഇത്ര ദയനീയമായ ഒരു തുറന്നുകാട്ടലിന് അദ്ദേഹം വിധേയനാവില്ലായിരുന്നു.  ഷാ തനിക്കൊരു എതിരാളിയേ അല്ലെന്ന് വ്യക്തമാക്കാന്‍ വിജയന് ഏതാനും വാക്കുകളേ വേണ്ടി വന്നുള്ളു , ' ആളുകളെ തട്ടിക്കൊണ്ടുപോയതിന് ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല... നിങ്ങളുടെ സംസ്‌കാരമല്ല എന്റെ സംസ്‌കാരം ' മതി. ഒരു വാക്കുപോലും അധികം വേണ്ട.

രാഷ്ട്രീയ നേതാക്കള്‍ക്ക് ഗുണകരമാവുന്ന കേസ് - സ്റ്റഡിയാണ് പിണറായി വിജയന്‍ . മറ്റ് ഏത് സംസ്ഥാനത്ത് ആണെങ്കിലും മുങ്ങിപ്പോകുമായിരുന്ന ഒരു കമ്യൂണിസ്റ്റ് .  കമ്യൂണിസത്തെ ഭയപ്പെടുന്നില്ല എന്നതുകൊണ്ട് കേരളത്തില്‍ അതിജീവിച്ച ഒരാള്‍. കമ്യൂണിസം തന്നെ കേരളത്തില്‍ മാറ്റങ്ങള്‍ക്കു വിധേയമായി , വിജയന്‍ അതിന്റെ അനിഷേധ്യ നേതാവുമായി.  അദ്ദേഹം കേരളത്തിലേക്കും ജനങ്ങളുടെ ജീവിതത്തിലേക്കും യഥാര്‍ഥവും തൊട്ടറിയാവുന്നതുമായ പുരോഗതി കൊണ്ടുവന്നു.  മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമായിരുന്നു പിണറായിയുടെ നേതൃത്വത്തെ അംഗീകരിച്ചത്.  ഇപ്പോള്‍ കേരളം മുഴുവന്‍ അദ്ദേഹത്തിനായി കൈയടിക്കുന്നു.  കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആക്രമിച്ചു കൊണ്ടേയിരിക്കുന്നു , ഒരു ഫലവും ഉണ്ടാവില്ലെന്നറിഞ്ഞു കൊണ്ടു തന്നെ.  വിജയന്‍ എല്ലാവരുടെയും അംഗീകാരം നേടിയിരിക്കുന്നു. ഭരണത്തലവനായി അദ്ദേഹം തുടരുക തന്നെ ചെയ്യും. 

(ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ പംക്തിയുടെ സ്വതന്ത്ര പരിഭാഷ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com