താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്? ജോയ് മാത്യുവിന് ഒരു തുറന്ന കത്ത്

താങ്കളെ ആ ലിസ്റ്റില്‍ ആദ്യ പേരായി കണ്ടപ്പോള്‍ നിരാശ തോന്നി
ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌
ജോയ് മാത്യു/ഫെയ്‌സ്ബുക്ക്‌

തീര്‍ച്ചയായും ഞാന്‍ താങ്കളെ 'ജോയിയേട്ടന്‍ ' എന്നാണ് വിളിക്കാറ്. എന്നാല്‍, ഒരു തുറന്ന കത്തുമായി താങ്കള്‍ക്ക് മുന്നില്‍ സന്നിഹിതാവുന്ന ഈ സന്ദര്‍ഭര്‍ഭത്തില്‍ സംബോധനയ്ക്ക് ഔപചാരികതയുടെ ഒരു മേലുടുപ്പ് അണിയിക്കുന്നു. പരിചയപ്പെട്ട നിമിഷം മുതല്‍ സ്‌നേഹത്തിന്റെ തുടര്‍ച്ചകള്‍ എല്ലാ വിധത്തിലും അനുഭവിപ്പിച്ച ആള്‍ എന്ന നിലയില്‍, താങ്കളിലെ വ്യക്തിയേയും കലാകാരനെയും എനിക്കിഷ്ടമാണ്. എന്റെ മക്കള്‍ ഫോണിലൂടെ ചാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന അങ്കിള്‍ കൂടിയാണ്, താങ്കള്‍.


ഞാന്‍ മേല്‍ എഴുതിയതില്‍, യാദൃച്ഛികമായി കടന്നുവന്ന ഒരു വരിയുടെ കാവ്യാത്മകതയില്‍ആത്മരതിയോടെ വീണു പോവുകയാണ്. 'സ്‌നേഹത്തിന്റെ തുടര്‍ച്ചകള്‍' എന്ന വരിയാണത്. എല്‍.ഡി.എഫിന്റെ തുടര്‍ ഭരണം എന്നത് ജനങ്ങളുടെ ഇച്ഛ പോലെ സംഭവിക്കട്ടെ. നമ്മുടെ രാഷ്ട്രീയ ഭാവിയെ നാം തീരുമാനിക്കുന്ന ജനാധിപത്യ സന്ദര്‍ഭമാണ് തിരഞ്ഞെടുപ്പുകള്‍. എങ്കിലും, അത് എപ്പോഴും പൗരന്മാരുടെ തുല്യനീതിയെ ഒരു കാലത്തും ഒരുപോലെ പരിഗണിച്ചിരുന്നില്ല എന്ന ചരിത്ര പാഠങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒരു ടേണിങ്ങ് പോയിന്റിലെത്തി തിരിഞ്ഞു നോക്കുമ്പോള്‍, ഭരണകൂടം പൗരന്മാരെ പരാജയപ്പെടുത്തിയ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കണ്ടെത്താം. 'ഭരണകൂടത്താല്‍ അനാഥമാക്കപ്പെട്ട ജനത' എന്ന് പറയാവുന്ന വിധം എണ്ണക്കൂടുതലുണ്ട് അത്തരം ഉദാഹരണങ്ങള്‍ക്ക്. വേദനിപ്പിക്കുന്ന തിരസ്‌കാരങ്ങളുടെ, നിലവിളികളുടെ അപരത്വ നിര്‍മ്മിതിയുടെ, വംശവെറിയുടെ  ഇരുണ്ടതും ഭയാനകവുമായ ചിത്രങ്ങള്‍. വാന്‍ഗോഗിന്റെ ' നിലവിളി ' എന്ന ചിത്രം ഓര്‍ക്കുകയാണ്.


പ്രിയപ്പെട്ട ജോയ് മാത്യു,


പിണറായി വിജയന്‍ മുഖ്യമന്ത്രിയായ കഴിഞ്ഞ അഞ്ച് ഇടതുപക്ഷ ഭരണകൂട വര്‍ഷങ്ങള്‍, പല നിലയ്ക്കും രാഷ്ട്രീയ കാരണങ്ങളാല്‍ വിയോജിപ്പുണ്ട്. അത് 'ഇടതുപക്ഷ 'ത്തിന്റെ സമാന്തരമായ രാഷ്ട്രീയ ധാരകള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു എന്ന രാഷ്ട്രീയ വിമര്‍ശനമുണ്ട്. പൊലീസ് ഇടപെടലുകള്‍ മാതൃകാപരമാകാമായിരുന്നു, എന്ന വിമര്‍ശനമുണ്ട്. ഉപദേശികളുടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വമ്പന്‍ പരാജയമാണ് എന്ന് ഉറപ്പിച്ചു പറയുന്നതില്‍ ഒരു 'കണ്ണൂര്‍ക്കാരന്‍' എന്ന നിലയില്‍ എനിക്ക് ഒട്ടും ഭയമില്ല. കാരണം, സ്വന്തം നിലയില്‍ തന്നെ പിണറായി രാഷ്ട്രീയമായി തിരിച്ചറിവുള്ള ആളും അത് പ്രകാശിപ്പിക്കാനുള്ള വാക്കുകള്‍ ഉള്ള ആളുമാണ്. ചിലരില്‍ നിന്ന് 'ഉപദേശം തേടാം' എന്ന വ്യക്തിഗത തീരുമാനത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, ആ തിരഞ്ഞെടുപ്പ് ശരിയായില്ല എന്ന വിമര്‍ശനമാണ് മുന്നില്‍ നില്‍ക്കുന്നത്. ജനങ്ങള്‍ സ്തംഭിച്ചു നില്‍ക്കുന്ന ദിവസങ്ങളില്‍ അദ്ദേഹം മുന്നില്‍ നിന്നു. എങ്കിലും ആ സായാഹ്ന പത്ര സമ്മേളനങ്ങളില്‍ ഒരു നായക നിര്‍മ്മിതിയുടെ അംശം ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന വിമര്‍ശനം ആ സന്ദര്‍ഭത്തില്‍ തന്നെ ഉന്നയിച്ചിട്ടുണ്ട്. ഈ വിമര്‍ശനങ്ങളെല്ലാം നിലനില്‍ക്കേ തന്നെ, പിണറായി വീണ്ടും അധികാരത്തില്‍ വരണമെന്ന് മലയാളി പൗരന്‍ എന്ന നിലയില്‍ ഞാനടക്കം പലരും ആഗ്രഹിക്കുന്നുണ്ട്. അധികാരത്തിന്റെ തുടര്‍ച്ച സ്‌നേഹത്തിന്റെ തുടര്‍ച്ച കൂടിയാണ്. ഇടതുപക്ഷം വാഗ്ദാനം ചെയ്യുന്ന 'പട്ടിണിയില്ലാത്ത വീട് ' എന്ന സ്വപ്നം ഈ സര്‍ക്കാര്‍ ഏറെ ഫലപ്രദമായി നിറവേറ്റിയിട്ടുണ്ട്. റോഡിലും പാലത്തിലും മാത്രമല്ല, 'തലച്ചോറിലാണ്വികസനം നടക്കേണ്ടത്' എന്നതിനാല്‍, 'പൊതു വിദ്യാലയങ്ങള്‍ ' ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. മതേതരത്വത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള കരുതലും കാവലും ഈ സര്‍ക്കാറില്‍ പ്രകടമായി തന്നെ ഉയര്‍ന്നും വേറിട്ടും നിന്നു. അതിലപ്പുറം, സ്വന്തം മകള്‍ക്ക് ഒരു മുസ്ലിം കമ്മ്യൂണിസ്റ്റിനെ വരനായി തിരഞ്ഞെടുക്കുക എന്നത്, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ശക്തവും സത്യസന്ധവുമായ രാഷ്ട്രീയ തീരുമാനമാണ്. അത്തരമൊരു തീരുമാനമെടുക്കാന്‍ പിണറായി വിജയനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. അങ്ങനെ മതനിരപേക്ഷ രാഷ്ടീയത്തിന്റെ ഉയര്‍ന്ന പ്രതീകമായി പിണറായി വിജയന്‍. പെന്‍ഷന്‍ ഓരോ വീട്ടിലും മുടക്കമില്ലാതെ അര്‍ഹരുടെ കയ്യിലെത്തിച്ചു. നിരന്തരമായി യാത്ര ചെയ്യുന്ന താങ്കള്‍ക്കറിയാം, തിരുവനന്തപുരത്ത് നിന്ന് ഒരു ഗോട്ടി റോഡിലിട്ടാല്‍ അത് മഞ്ചേശ്വരം വരെ എത്തും വിധം, നല്ല റോഡുകള്‍. കാര്‍ഷിക സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഇത്രയും ആത്മവിശ്വാസം പ്രകടിപ്പിച്ചഭരണകൂടം മുമ്പുണ്ടായിരുന്നോ എന്നു സംശയമാണ്.


'ജനാധിപത്യ സംരക്ഷണ 'ത്തിന്റെ പേരില്‍ മറ്റു പലരോടൊപ്പം താങ്കളുടെ പേര് ഇന്ന് ഞാന്‍ കണ്ടു. അതില്‍ ചിലരെങ്കിലും 'ജ്ഞാന ജന്മി'ത്തത്തില്‍ അഭിരമിക്കുന്നവരാണ്. മറ്റു ചിലര്‍ മുഖ്യ ധാരാ ഇടതു പക്ഷത്തോട് വൈരാഗ്യബുദ്ധി പ്രകടിപ്പിക്കുന്നവര്‍. അവരായിരുന്നു, അവര്‍ക്കു വേണ്ടി മൈക്കുകളില്‍ ദീര്‍ഘകാലം സംസാരിച്ചിരുന്നത്. പുതിയ ചിലര്‍ മൈക്കുകള്‍ക്ക് മുന്നില്‍ വന്നു നിന്നപ്പോള്‍, അവര്‍ വേദി വിട്ടിറങ്ങി.


'ജനകീയ സാംസ്‌കാരിക വേദി ', 'ബോധി , മികച്ച ബദല്‍ നാടകങ്ങള്‍, സിനിമകള്‍, മാനുഷിക കൂട്ടായ്മകള്‍ ഇതിലെല്ലാം പ്രചോദിപ്പിക്കുന്ന വിധത്തില്‍ മുന്നില്‍ നിന്ന താങ്കളെ ആ ലിസ്റ്റില്‍ ആദ്യ പേരായി കണ്ടപ്പോള്‍ നിരാശ തോന്നി. സംരക്ഷിക്കേപ്പെടേണ്ട ജനാധിപത്യ തകര്‍ച്ച ഇവിടെയുള്ളതായി കരുതുന്നില്ല. അവര്‍ സംസാരിക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയല്ല എന്ന ഉറപ്പുണ്ട്. ജനങ്ങളോടൊപ്പം നില്‍ക്കുന്നത്, ഇടതു പക്ഷമാണ്. ഇടതു പക്ഷത്തോടൊപ്പം, ചേരൂ.


താങ്കള്‍ എനിക്കു സമ്മാനമായി നല്‍കിയ ക്യൂബന്‍ ചുരുട്ട്, പുസ്തകങ്ങള്‍ക്കിടയില്‍, അപൂര്‍വ്വമായ സ്‌നഹത്തിന്റെ ഓര്‍മയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.


സ്‌നേഹപൂര്‍വ്വം,

താഹ മാടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com